സ്ഥലം ഒരു റെയില്‍വേ പ്ലാറ്റ്ഫോം, ഉറങ്ങുന്നത് ഒരു സ്ത്രീ. ഒരു പക്ഷേ, ഇത്തരം അനേകം വഴിയോര കാഴ്ചകള്‍ നാം കണ്ടിട്ടുണ്ടാവാം. അപ്പോള്‍ ഇതിലെന്ത് പ്രത്യേകതയെന്ന് ചോദിക്കാം. ഉണ്ട്, പ്രത്യേകതകളെ ഉള്ളൂ. 2007 ലും 2008 ലും വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വാങ്ങിയ സ്ത്രീയാണിത്. ഈ അവാര്‍ഡ്, ഒരു തട്ടുകട അവാര്‍ഡ് ആണെന്ന് കരുതിയാല്‍ തെറ്റി, ഇത് കൊടുക്കുന്നത് ‘ദി ഹിന്ദു’ ഗ്രൂപ്പ് ആണ്. വിജില്‍ ഇന്ത്യയുടെ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡും ഈ സ്ത്രീക്കു കിട്ടിയിട്ടുണ്ട്. അസ്സോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ഇന്സ്ടിട്യൂട്സ് ഫോര്‍ സോഷ്യല്‍ കണ്സേണിന്‍റെ വകയാണിത്. ഇതൊന്നും കൂടാതെ അയോദ്ധ്യ രാമായണ്‍ ട്രസ്റ്റിന്‍റെ ജനനീ ജാഗ്രതീ അവാര്‍ഡ്, മലയാള മനോരമയുടെ വനിതാ അവാര്‍ഡ്, സ്വിട്സര്‍ലാന്റ് കേളി വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, കേരളത്തില്‍ നിന്നും സുരേന്ദ്രനാഥ് ട്രസ്റ്റ് അവാര്‍ഡ്, ധര്‍മ്മഭാരതി ദേശിയ അവാര്‍ഡ്, ‘ദി സ്പിരിറ്റ് ഓഫ് അസ്സീസ്സി അവാര്‍ഡ് എന്നിവയും ഈ സ്ത്രീക്കു കിട്ടിയിട്ടുണ്ട് (ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അസ്സീസ്സി സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപിച്ച ഈ അവാര്‍ഡ് ഫ്രാന്‍സിസ്കന്‍ സഭാ വിഭാഗമാണ് സമ്മാനിക്കുന്നത്). പി.കെ.എ റഹിം സ്മാരക അവാര്‍ഡും ഈ സ്ത്രീക്കു കിട്ടിയിട്ടുണ്ട്. ഈ സ്ത്രിയുടെ ജീവചരിത്രം ശ്രി. വിത്സണ്‍ ഐസക് എഴുതിയത് ഡി സി ബുക്സ് പുറത്തിറക്കിയിട്ടുമുണ്ട്.
ഹിന്ദുവും, മുസല്‍മാനും, സാമൂഹ്യ സംഘടനകളും, രാഷ്ട്രം തന്നെയും ഒരുപോലെ അംഗീകരിക്കുന്ന ഈ സ്ത്രീയുടെ ചുരുണ്ട്
കൂടിയുള്ള കിടപ്പ് കണ്ടാല്‍ ആര്‍ക്കെങ്കിലും പന്തികേട് തോന്നുന്നുണ്ടോ?
ഉണ്ടെങ്കില്‍ ക്ഷമിക്കുക, സോഷ്യോളജിയിലും, നിയമത്തിലും ബിരുദാനന്തരബിരുദം
നേടിയ സ്ത്രീയാണിത്. മദ്ധ്യ പ്രദേശിലെ ചിന്‍വാടാ
ജില്ലയില്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ കഴിഞ്ഞ 31 വര്‍ഷങ്ങളായി കഴിയുന്ന,
അവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ, അവരുടെ ജീവിതരീതി മാറ്റി മറിച്ച ഒരു
കര്‍ഷക വനിതയുമാണ് ഈ സ്ത്രീ. അവരുടെ ജീവിത കാലം മുഴുവന്‍ പകലന്തിയോളം കൂലിക്ക്
പണിയെടുക്കുകയും, സ്വയം പാകം ചെയ്യുകയും ആദിവാസികളുടെ കുടിലുകളുടെ വരാന്തയില്‍
അന്തിയുറങ്ങുകയും ചെയ്ത ഈ സ്ത്രീയെ ദയാഭായി എന്നല്ലാതെ എന്താണ് വിളിക്കുക? ഇടവേളകളില്‍
തൊട്ടടുത്ത സ്കൂളില്‍ പഠിപ്പിക്കാനും പോകും ദയാഭായി. ഇന്ന് ആ ഗോത്രം ഒരു അവസ്ഥാന്തരത്തിലൂടെയാണ് കടന്നു
പോവുന്നതെങ്കില്‍ അതിനവര്‍ ഈ സ്ത്രീയൊടു കടപ്പെട്ടിരിക്കുന്നു. പ്രസവിച്ചിട്ടില്ലെങ്കിലും
ഒരു ഗോത്രത്തിന്‍റെ അമ്മയാകാന്‍ ഈ സ്ത്രീക്കു കഴിഞ്ഞു.
അവിടുത്തെ
ഊഷര ഭൂമികള്‍ ജൈവകൃഷിയിലൂടെ അവര്‍ ഫല ഭൂയിഷ്ടമാക്കി, പാവങ്ങളെ ജന്മികളുടെ
ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു, ആദിവാസികള്‍ക്ക് വേണ്ടി
ഒരു സ്കൂള്‍ തന്നെ അവര്‍ തുടങ്ങി. ഒരുപാട് കടമ്പകള്‍ക്കു ശേഷം അവസാമത് സര്‍ക്കാര്‍
ഏറ്റെടുത്തു. വികസനത്തോടുള്ള സര്‍ക്കാരിന്‍റെ ഈ മനോഭാവം ആയിരിക്കണം ഒരു സര്‍ക്കാര്‍
അവാര്‍ഡും സ്വീകരിക്കില്ലെന്നു അവര്‍ പ്രഖ്യാപിക്കാനുള്ള കാരണവും. ഹിന്ദു യൂത്ത്
കൌണ്‍സില്‍ അവരെ വിശേഷിപ്പിച്ചത് ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിക്ഷ്യയെന്നാണ്.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍
ഒരു മഠത്തിന്‍റെ വേലി ചാടി തെരുവിലൂടെ തെക്കും വടക്കും നടന്ന, പത്തു
മുപ്പതു വര്‍ഷമായി കുമ്പസ്സാരവുമില്ല, കുര്ബാനയുമില്ല, പള്ളിയുമില്ല,
പട്ടക്കാരനുമില്ലാതെ നടന്ന ഒരു കിറുക്കിയെ യഥാര്‍ത്ഥ ക്രിസ്ത്യാനിയെന്ന്
വിളിക്കാന്‍ ഒരു ക്രിസ്ത്യാനിക്ക് നാവു പൊങ്ങണമെന്നില്ല. അതുകൊണ്ടാവാം കപ്യാര്‍ക്ക്
പോലും വിശിഷ്ട സേവന അവാര്‍ഡു കൊടുക്കുന്ന കത്തോലിക്കാ സഭക്ക് ദയാഭായിയെ
പരിഗണിക്കാന്‍ കഴിയാതെ പോയത്. പക്ഷേ അവര്‍ക്ക് ആശക്ക് വകയുണ്ട്; പാലാ രൂപതയിലെ
പൂവരണി ഇടവകയിലെ പുല്ലാട്ട് മാത്യുവിന്‍റെ മകള്‍ മേഴ്സി മാത്യു ആയി അവര്‍
തിരിച്ചുവരണം, കഴിഞ്ഞതെല്ലാം പറഞ്ഞ്, ഒരു മുഴുവന്‍ കുമ്പസ്സാരവും ചെയ്യണം.
ദയാഭായിയെ പാലായുടെ രണ്ടാം പുണ്യവതിയായും, പാലായെ വിശുദ്ധകളുടെ നാടായും
പ്രഖ്യാപിക്കാന്‍ രൂപതയ്ക്ക് കഴിയുമെന്ന് ജീവിച്ചിരിക്കുന്ന ദയാഭായിയെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.
രൂപതക്കാരോടും എനിക്കൊരു കാര്യം ഓര്‍മ്മിപ്പിക്കാനുണ്ട്, വടക്കേ ഇന്ത്യയിലെ പല
സെമ്മിനാരികളിലും ഈ അഴിഞ്ഞാട്ടക്കാരത്തി ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്,
വേണമെങ്കില്‍ കേരളത്തിലും ഒന്ന് ശ്രമിക്കാം.
ദയാഭായി
പറയുന്നു, വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ മഠത്തില്‍ ചേര്‍ന്നതെന്ന്. എന്തുകൊണ്ടിവിടെ
സമസ്ത മേഖലകളിലും അസമത്വം നിലനില്‍ക്കുന്നുവെന്ന അവരുടെ ചോദ്യത്തിന് മറുപടി അവര്‍ക്ക്
കിട്ടിയില്ല; നിത്യാരാധനകള്‍ക്കും, എണ്ണിച്ചുട്ട അപ്പം പോലെ ചെയ്യുന്ന സാമൂഹ്യ
സേവനത്തിനുമൊന്നും അവരെ തൃപ്തിപ്പെടുത്താനായില്ല. അവസാനം അരുതാത്തത് അവര്‍ ചെയ്തു. മദര്‍
തെരെസ്സായെപ്പോലെ അവരും വിശാലമായ ലോകത്തേക്കിറങ്ങി; കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ച
വീട്ടുകാരെയും അവര്‍ ഉപേക്ഷിച്ചു. മദര്‍ തെരെസ്സാ പ്രാര്‍ഥനക്ക് വേണ്ടി പ്രത്യേക സമയം കണ്ടെത്തിയിരുന്നെങ്കില്‍ ദയാഭായിക്ക് ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയായിരുന്നു.
ആദ്യം
ചെന്നെത്തിയ ഗ്രാമത്തില്, ഒരു കുടിലിന്‍റെ കോണില്‍ കഴിച്ചു കൂട്ടേണ്ടി വന്നു
ആദ്യ നാളുകളിലവര്‍ക്ക്. അവരെ തോട്ടുകൂടാത്തവളായി അവര്‍ കരുതി. പിന്നെ പിന്നെ അവരെ അവര്‍ക്കാവശ്യമായി
വന്നു; ആദ്യത്തെ സേവനമാകട്ടെ ബാങ്കുകളില്‍ നിന്ന് വന്ന റിക്കവറി നോട്ടിസുകള്‍
വായിച്ചു കൊടുക്കയെന്നതായിരുന്നുവെന്നത് മറ്റൊരു
സത്യം. ചാണകം മെഴുകി, ഓല മേഞ്ഞുള്ള ഒരു കൂരയായിരുന്നു ഏറെക്കാലം അവര്‍ക്ക്
സ്വന്തമായിട്ടുണ്ടായിരുന്നത്. കൂട്ടിനുണ്ടായിരുന്ന പട്ടി അവരെ ഒരിക്കലും
ചതിച്ചിട്ടില്ല. മദ്ധ്യപ്രദേശിലെ ഈ ചിന്ത്വാരാ ജില്ലയില്‍ തന്നെ വരണമെന്ന് മേഴ്സി
മാത്യൂ ഒരിക്കലും ആഗ്രഹിച്ചതല്ല. കൈയിലുണ്ടായിരുന്ന പണത്തിന് ട്രെയിനില്‍ അവിടെ
വരെ എത്താനെ കഴിയുമായിരുന്നുള്ളൂ. പിന്നെ നടന്നു, 25കിലോ മീറ്റര്‍. അങ്ങിനെയാണ്
ആദ്യം ബറൂള്‍ ഗ്രാമത്തിലെത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം പിതാവ്
മരിച്ചപ്പോള്‍ വില്‍പത്രപ്രകാരം മാറ്റിവെച്ചിരുന്ന കുറെ പണം അവര്‍ക്ക് വാങ്ങേണ്ടി
വന്നു, പക്ഷേ അവര്‍ മടങ്ങിയത് മദ്ധ്യപ്രദേശിന്‍റെ മദ്ധ്യപ്രദേശിലേക്ക്
തന്നെ. ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്ടില്‍ ദൈവത്തെ തേടിയെത്തിയ മേഴ്സി മാത്യൂ
ദയാഭായി ആയ കഥ 'ഒറ്റയാള്‍' എന്ന ഡോക്കുമെന്‍റെറിയില്‍ കാണാം (സംവിധാനം - സിനി ജേക്കബ്
ബെഞ്ചമിന്‍).
വി. ഫ്രാന്‍സിസ് അസ്സീസ്സിയുടെ ജീവിതത്തിലെ ഒരു സംഭവം എനിക്കോര്‍മ്മ
വരുന്നു. അദ്ദേഹം ദൈവത്തിന്‍റെ സ്വരം കേട്ടു, “ഫ്രാന്‍സിസ്, നീ എന്‍റെ പള്ളി
പണിയുക.” ദരിദ്രനായ ലിയോയേയും കൂട്ടി ഇടിഞ്ഞു പൊളിഞ്ഞു കിടന്ന സാന്‍ ഡോമിയാനോ
പള്ളി പുതുക്കി പണിയുകയും ചെയ്തു. എല്ലാം കഴിഞ്ഞു, അടുത്തുള്ള ഒരു ഗുഹയില്‍
വിശ്രമിച്ചുണര്‍ന്ന ഫ്രാന്‍സിസ് കൂട്ടുകാരനോട്
പറഞ്ഞ ഒരു വാചകം മറക്കാന്‍ വയ്യ. “ആ സ്വരം ഞാന്‍ വീണ്ടും കേട്ടു, ഫ്രാന്‍സിസ്,
ഫ്രാന്‍സിസ്, നീ നിന്നേ ആദ്യം ഉറപ്പിക്കുക,
ബെര്‍ണാര്‍ദോവിന്‍റെ മകനായ നിന്നെ പുതുക്കി പണിയുക.” വി. ഫ്രാന്‍സിസ്
ലിയോയോട് അടക്കം പറഞ്ഞു, “ദൈവം ഉദ്ദേശിച്ചത്, സാന്‍ ഡോമിയാനോ പള്ളി
പണിയാനായിരുന്നില്ല.” ദയാഭായിയുടെ കഥ ശ്രദ്ധാപൂര്‍വ്വം ഞാന്‍ വായിച്ചു,
ചിത്രത്തിലെ അവരുടെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു
നോക്കി, എനിക്കൊരു കാര്യം ഉറപ്പുവന്നു, വി. ഫ്രാന്‍സിസിന് പറ്റിയ അബദ്ധം
മേഴ്സി മാത്യൂവിന് പറ്റിയില്ല. ദൈവത്തിന്‍റെ
സ്വരം അവള്‍ നന്നായി കേട്ടിരിക്കണം. എങ്കിലും, വി. ഫ്രാന്‍സിസ് സൂചിപ്പിച്ച തരത്തിലുള്ള ഒരു ദൈവിക മതിഭ്രമത്തിലാവണം ദയാഭായിയുടെ ജീവിതവും.
പേരിനൊപ്പം ഏതാനും ചില അക്ഷരങ്ങള്‍
തുന്നിചേര്‍ക്കുന്നതല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം, എന്നാണ് കോട്ടയം സി.എം.എസ്. കോളജില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചതിന്‍റെ
നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശതാബ്‌ദി പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു
കൊണ്ട് അടുത്തിടെ (ഡിസംബര്‍- 6) ദയാഭായി പറഞ്ഞത്. ആയിരക്കണക്കിന് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന നമ്മുടെ കത്തോലിക്കാ സഭ ഇത് കേട്ടിരിക്കാന്‍
ഇടയില്ല, എന്താണ് ക്രൈസ്തവ ജീവിതമെന്ന് ദയാഭായി കാണിച്ചു തന്നത് കണ്ടിരിക്കാനും
ഇടയില്ല.
മറ്റപ്പള്ളിസാർ എഴുതിയതൊന്നുമല്ല എന്നെ ആഴമായി സ്പർശിച്ചത്. ആ പടം - അതെന്നെ ഗൃഹാതുരത്വത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. ഒന്നുമാവശ്യമില്ലാത്ത, എല്ലാം തികഞ്ഞ, ആ കിടപ്പ്! അത്യാവശ്യത്തിൽ കവിഞ്ഞൊന്നും കൈവശമോ ച്ചുറ്റുവട്ടത്തോ ഇല്ലാതെ ഇഷ്ടമുള്ളിടത്ത് നടക്കാനും കിടന്നുറങ്ങാനുമുള്ള ആ സ്വാതന്ത്യം. അത് ഞാനെത്ര കൊതിച്ചിട്ടുണ്ട്! അതിനു ശ്രമിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. ഈ പടം കണ്ടപ്പോൾ ഇപ്പോൾ വീണ്ടും അങ്ങനെയൊരവസ്ഥയിലേയ്ക്ക് മടങ്ങിപ്പോകാൻ കൊതി തോന്നുന്നു. ഈ ലോകത്തിലെ ഏറ്റവും ആനന്ദകരമായ ഈ ഉദാഹരണം കാണിച്ച്, ജൊസഫ്ജീ, എന്നെയിങ്ങനെ പരീക്ഷിക്കല്ലേ!
ReplyDeleteവി.ലൂകോസ് പത്തിന്റെ 25/37 വാക്യങ്ങളിൽ നിത്യജീവനെ പ്രാപിക്കുവാനുള്ള "easy way " ക്രിസ്തു, തന്നെ പരീക്ഷിക്കാൻ വന്ന നീതിശാസ്ത്രിയൊടു മൊഴിഞ്ഞത് (നല്ല സമരായന്റെ കഥ ), ക്രിസ്തീയസഭകൾ ഇനിയും പഠിച്ചിട്ടില്ല പോലും !കലികാലവൈഭവം ! ഈ മണ്ടൻ സഭകളെ കാലം പിരിച്ചുവിടും നിശ്ചയം ...ഇതിലെ ചൂഷകർ ഇതുപോലെ ഉറങ്ങും ...
ReplyDelete