സിസ്റ്റര്‍ ആനി ജെയ്‌സ് CMC
(സത്യജ്വാല 2016 മെയ് ലക്കത്തില്‍നിന്ന്)
[‘Forum of Religious for Justice and Peace’ എന്ന പുരോഗമനാശയക്കാരായ സന്ന്യസ്തരുടെ പ്രസ്ഥാനം 2016 ഫെബ്രുവരി 19 മുതല്‍ 22 വരെ നടത്തിയ ദേശീയ കണ്‍വെന്‍ഷനില്‍ ഞാറയ്ക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ആനി ജെയ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ മലയാളരൂപം. സ്വന്തം തര്‍ജമ - എഡിറ്റര്‍]
ഞങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ഭാഗമായി നിലകൊണ്ട അഡ്വ. ജോസ് ജോസഫ് ഞാറയ്ക്കല്‍ വിഷയത്തെപ്പറ്റിയും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെപ്പറ്റിയും, ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് വക സ്ഥലവും സ്‌കൂളും കൈയടക്കാന്‍ എങ്ങനെയൊക്കെയാണ് മെത്രാന്മാരും പുരോഹിതരും സര്‍വ്വവിധ കുതന്ത്രങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തിയത് എന്നതിനെപ്പറ്റിയും, കൂടാതെ, രാജ്യത്തിന്റെ ആദരണീയമായ കോടതികളിലൂടെ എങ്ങനെയാണ് നീതി പുനഃസ്ഥാപിക്കപ്പെട്ടതെന്നതിനെപ്പറ്റിയുമുള്ള കാര്യങ്ങള്‍ നിങ്ങളുടെ മുമ്പില്‍ ചുരുക്കമായി അവതരിപ്പിച്ചുകഴിഞ്ഞു. (അഡ്വ. ജോസ് ജോസഫിന്റെ പ്രഭാഷണം അടുത്ത ലക്കത്തില്‍ - എഡിറ്റര്‍, സത്യജ്വാല ).ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ഉടമസ്ഥത വീണ്ടെടുക്കുന്നതിനായി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തെ ആദ്യമൊക്കെ അവരുടെ മേലധികാരികള്‍ പിന്തുണച്ചിരുന്നു. എന്നാല്‍, മെത്രാന്മാരും പുരോഹിതരും ചെലുത്തിയ സമ്മര്‍ദ്ദംമൂലം പിന്നീടവര്‍ ഈ ക്‌ന്യാസ്ത്രീകളെ ഉപേക്ഷിച്ചുവെന്നു മാത്രമല്ല, സാധ്യമായ എല്ലാ രീതികളിലും അവരെ പീഡിപ്പിക്കാനും അവരുടെ മനസ്സിടിക്കാനും സഭാധികാരികളുമായി കൈകോര്‍ക്കുകയും ചെയ്തു. മെത്രാന്മാരും വൈദികരും സി.എം.സി. സഭയുടെ മേലധികാരികളും സ്വീകരിച്ച മനുഷ്യത്വഹീനമായ ചില നടപടികളെ ഇവിടെ പരാമര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. അത് അവരെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയല്ല; മറിച്ച്, ആദ്ധ്യാത്മികതയുടെ പിടിയില്‍പ്പോലും പീഡനവും ഞെരുക്കലും എങ്ങനെയൊക്കെ സംഭവിക്കാമെന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുക മാത്രമാണു ലക്ഷ്യം.
1. ഇടവകപ്പള്ളിയില്‍ ഈ കന്യാസ്ത്രീകള്‍ക്ക് പള്ളിവികാരി പ്രവേശനം നിഷേധിച്ചിരുന്നു. അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ അവര്‍ പോയപ്പോള്‍ ബിഷപ്പ് ചക്യത്ത് അതിന്റെ പേരില്‍ സുപ്പീരിയറെ ശകാരിക്കുകയും ചെയ്തു.
2. മഠത്തിന്റെ ചാപ്പലിലെ കുര്‍ബാനയും മറ്റു മതാനുഷ്ഠാനങ്ങളും ഇടവകവികാരി നിര്‍ത്തല്‍ ചെയ്തു. കുര്‍ബാന ചൊല്ലാനും മറ്റു കര്‍മ്മങ്ങള്‍ക്കുമായി കന്യാസ്ത്രീകളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ വൈദികരെ വിളിക്കുന്നതിനുള്ള അനുമതിപോലും വികാരി നിഷേധിക്കുകയുണ്ടായി.
3. മഠംവക സ്ഥലത്ത് ഒരു വൃദ്ധഭവനമുണ്ടായിരുന്നു. മഠം പുതുക്കിപ്പണിയുന്നതിനായി കന്യാസ്ത്രീകള്‍ മാറ്റിവച്ചിരുന്ന സാമഗ്രികളുപയോഗിച്ച് ഇടവകയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചിരുന്ന ഒന്നായിരുന്നു അത്. അതിന്റെ ചുമതല വഹിച്ചിരുന്നത് സി.എം.സി. കന്യാസ്ത്രീകളായിരുന്നു. ഇടവകയും കന്യാസ്ത്രീകളുമായുണ്ടായിരുന്ന ബന്ധം വഷളായതിനേത്തുടര്‍ന്നൊരു ദിവസം, ഇടവക വികാരി 150-ഓളം പേരുമായി ഗേറ്റ് അതിക്രമിച്ചുകടന്ന് വൃദ്ധഭവനത്തിലെത്തുകയും അതിന്റെ താക്കോലും മറ്റ് ആധികാരികരേഖകളും നല്‍കാനാവശ്യപ്പെടുകയും ചെയ്തു. അവ നല്‍കാന്‍ അല്പം താമസം നേരിട്ടപ്പോള്‍ റെയ്‌സി റോസ് എന്ന കന്യാസ്ത്രീയെ അച്ചനോടൊപ്പമെത്തിയവര്‍ ക്രൂമായി തല്ലിച്ചതയ്ക്കുകയുണ്ടായി. തുടര്‍ന്ന്, ഇടവക വികാരി കന്യാസ്ത്രീകളില്‍നിന്നു ബലം പ്രയോഗിച്ച് താക്കോലും രേഖകളും എടുത്തുകൊണ്ടുപോകുകയും ചെയ്തു.
4. സിസ്റ്റര്‍ റെയ്‌സി റോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ കന്യാസ്ത്രീകള്‍ അന്ന് മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിനോടു പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം പ്രത്യുത്തരിച്ചത്, ''ഗജറൗളയില്‍ നടന്നതുപോലൊന്നും സംഭവിച്ചില്ലല്ലോ'' എന്നായിരുന്നു!
5. ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം കന്യാസ്ത്രീകള്‍ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിലെഴുതപ്പെട്ട നോട്ടീസുകളും പോസ്റ്ററുകളും മതിലെഴുത്തുകളും ഞാറയ്ക്കല്‍ ടൗണില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.
6. കന്യാസ്ത്രീകള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പള്ളിവികാരിയുടെ ഗുണ്ടകള്‍ ബൈക്കിലെത്തി അവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവമുണ്ടായി.
7. നീതിക്കുവേണ്ടി പോരാടിയ ഞാറയ്ക്കല്‍ കന്യാസ്ത്രീകളെ സി.എം.സി. സഭയുടെ മേലധികാരികള്‍ (Major Superiors) അനുസരണയില്ലാത്തവര്‍ എന്നു മുദ്രകുത്തുകയുണ്ടായി. മാത്രമല്ല, കന്യാസ്ത്രീകളെ അപ്രകാരം ചിത്രീകരിച്ച് മുഴുവന്‍ സി.എം.സി. സഭയ്ക്കും സര്‍ക്കുലര്‍ അയയ്ക്കുകയും, ഞാറയ്ക്കല്‍ കന്യാസ്ത്രീകളുടെ മാനസാന്തരത്തിനുവേണ്ടി പരിഹാരപ്രവൃത്തികള്‍ ചെയ്യാനും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനും ആവശ്യപ്പെടുകയും ചെയ്തു. സി.എം.സി. സഭയിലുള്ള മുഴുവന്‍പേരും, ഞാറയ്ക്കല്‍ കന്യാസ്ത്രീകളെ മഹാപാപികളെന്നവണ്ണം നോക്കിക്കാണാന്‍ ഇതിടയാക്കി.
പഠിച്ച പാഠങ്ങളും
ആര്‍ജിച്ച ഉള്‍ക്കാഴ്ചകളും
1. കഴിഞ്ഞ 8 വര്‍ഷമായി, ഞാറയ്ക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പോരാട്ടങ്ങളിലൂടെയും ദുരിതാനുഭവങ്ങളിലൂടെയും കടന്നുപോയ എനിക്ക് ഇന്നു മനസ്സിലാകുന്നത്, ഞാന്‍ ആദ്ധ്യാത്മികമായി കൂടുതല്‍ വളര്‍ന്നുവെന്നാണ്. ആദ്ധ്യാത്മികതയെക്കുറിച്ചും ശരിയായ സന്ന്യസ്തജീവിത(religious life)-ത്തെക്കുറിച്ചും കൂടുതലായ ഒരു വ്യക്തത എനിക്കു കൈവന്നു. യഥാര്‍ത്ഥ സന്ന്യസ്തജീവിതം പ്രവാചകത്വത്തിലേക്കുള്ള ഒരു വിളിയാണ്; ആദ്ധ്യാത്മികതയെന്നാല്‍ യേശു പഠിപ്പിച്ച മൂല്യങ്ങളില്‍ ജീവിക്കുകയെന്നതും.
2. ഞാനനുവഭവിച്ച പീഡനങ്ങളും ക്ലേശങ്ങളും ഭീഷണികളും അപമാനങ്ങളും ഒറ്റപ്പെടുത്തലുകളുമെല്ലാം, പ്രാര്‍ത്ഥനയുടെ കൂടുതല്‍ അഗാധമായ ഒരു തലത്തിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു. യേശുവിന്റെ കഠോരമായ അത്യദ്ധ്വാനത്തെയും പീഡകളെയും ഞാനിന്നു കൂടുതലായി മനസ്സിലാക്കുകയും അവിടുത്തോട് കൂടുതല്‍ അടുപ്പം എനിക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു വിഷയത്തില്‍ സത്യത്തിനും നീതിക്കുംവേണ്ടി ഞാനൊരു ഉറച്ച നിലപാടു സ്വീകരിക്കുകയും, അതേസമയം ആ വിഷയത്തില്‍ സഭാധികാരികള്‍ക്ക് ഒരു നിക്ഷിപ്തതാല്പര്യമുണ്ടായിരിക്കുകയും ചെയ്താല്‍ എന്റെതന്നെ മേലധികാരികള്‍ എനിക്കെതിരെ തിരിയും എന്ന്, അനേകം അനുഭവങ്ങളിലൂടെ ഞാനിന്നു മനസ്സിലാക്കുന്നു. എന്നാല്‍, തീര്‍ച്ചയായും ദൈവമെന്നെ കൂടുതലായി ശക്തിപ്പെടുത്തുമെന്നും ഞാന്‍ മനസ്സിലാക്കുന്നു.
3. ഒരു കാര്യത്തില്‍ വ്യക്തതയും ഉള്‍ബോധ്യവുമുണ്ടായിരിക്കുകയും വസ്തുതാപരമായി അതു ശരിയായിരിക്കുകയും ചെയ്യുന്നപക്ഷം, നമ്മില്‍ ഒരു ആന്തരികശക്തിയുണരും. സത്യവും നിയമവും നമ്മുടെ ഭാഗത്തെങ്കില്‍ നമുക്കുറപ്പാക്കാം, സന്ന്യാസസഭയ്ക്കുള്ളില്‍നിന്നോ സഭയ്ക്കു പുറത്തുള്ളവരില്‍നിന്നോ ഉള്ള ഏതാനും വ്യക്തികളെങ്കിലും പരസ്യമായി, അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പിന്തുണയുമായി എത്തിച്ചേരും.
No comments:
Post a Comment