Translate

Wednesday, June 8, 2016

ആളുകളെ ആടുകളാക്കരുത്

റവ.ഡോ.ജയിംസ് ഗുരുദാസ് - സി.എം.ഐ.

 (ലേഖകന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'സ്‌നേഹവാണി' ത്രൈമാസികത്തിന്റെ 2014 ജൂലൈ-സെപ്തംബര്‍ ലക്കത്തിലെ 'മുഖവചന'മാണ് ഈ ലേഖനം.)



മനഃശാസ്ത്രത്തിലെ ഒരു ചികിത്സാവിധിയാണ് ആവര്‍ത്തിതബോധനം (Suggestion). ഒരേ കാര്യം ആവര്‍ത്തിച്ചുപറഞ്ഞു ബോധ്യപ്പെടുത്തുക. 'പറഞ്ഞു പട്ടിയാക്കുക' എന്നു കാരണവന്മാര്‍ പറയാറില്ലേ, അതുതന്നെ. അതിന്റെ പശ്ചാത്തലകഥ അറിയാത്ത മലയാളികള്‍ അധികമുണ്ടാവില്ല. ആടിനെ വാങ്ങി വീട്ടിലേക്കു നടന്നുനീങ്ങിയ വൃദ്ധനെ കബളിപ്പിക്കാന്‍ നാലംഗ തസ്‌കരസംഘം ഒരുപായം പ്രയോഗിച്ചു. വൃദ്ധന്‍ വരുന്ന വഴിയരികില്‍ നാലുപേരും പരസ്പരം അകലെയായിനിന്ന് ഒന്നിനു പിറകെ ഒന്നായി ചോദിക്കുന്നു, 'പട്ടിയെ കൊടുക്കുമോ' എന്ന്. ആദ്യത്തെ ആളോടു തട്ടിക്കയറിയ വൃദ്ധന്‍ നാലാമത്തെയാളുടെ ചോദ്യത്തോടെ, ദൈവമേ തനിക്കമളി പറ്റിയല്ലോ എന്ന തോന്നലോടെ ആടിനെ വഴിയിലുപേക്ഷിക്കുന്നു. തസ്‌കരര്‍ ആടിനെ കൊന്നു ശാപ്പിടുകയും ചെയ്യുന്നു.
ഇടയന്മാരുടെ ആടുകള്‍
ഇന്നു വൈദികരുടെ ദൃഷ്ടിയില്‍ ആടുകളാണ് അല്‌മേനികള്‍. പാപ്പായുടെയും മെത്രാന്മാരുടെയും സ്ഥാനാരോഹണവേളയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വാക്കുകളെന്താണ്: ''വലിയ ഇടയന്‍''. സാധാരണ വൈദികര്‍ കൊച്ചിടയന്മാരാണെന്നു വ്യംഗ്യം. എങ്കിലും അവരും ഇടയര്‍തന്നെ. തങ്ങള്‍ ആടുകളാണെന്ന് അധികാരികള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അല്‌മേനികള്‍ക്ക് ബോധ്യപ്പെടുന്നു തങ്ങള്‍ ആടുകളാണെന്ന്.
ഇടയന്‍: അപ്രസക്തജല്പനം.
പുരോഹിതരെയും അല്‌മേനികളെയും ദ്യോതിപ്പിക്കാന്‍ ഇടയന്മാര്‍, ആടുകള്‍ എന്നീ രൂപകങ്ങള്‍ ഉപയോഗിക്കുന്നത് അപ്രസക്തം മാത്രമല്ല അനുചിതവും അപഹാസ്യവുമാണെന്ന് അല്പം ചിന്തിച്ചാല്‍ മനസ്സിലാകും.
യഹൂദര്‍ തങ്ങളുടെ ദൈവമായ യാഹ്വേയെ ഇടയന്‍ എന്നു വിളിച്ചു. തികച്ചും അര്‍ത്ഥവത്തായ പൂജക വചനമാണത്. സര്‍വ്വത്തെയും നയിക്കുന്ന ദൈവത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ പരിപാലിക്കപ്പെടുന്നവരും നയിക്കപ്പെടുന്നവരുമായ മനുഷ്യര്‍ ആടുകള്‍ക്കു തുല്യമാണല്ലോ.
യേശുവിന്റെ ശിഷ്യര്‍ തങ്ങളുടെ പരമഗുരുവായ യേശുവിനെ ഇടയന്‍ എന്നു വിളിച്ചു. മനസ്സിനെ ഭരിക്കുകയും നയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മഹാഗുരു തീര്‍ച്ചയായും ഇടയനു തുല്യനാണ്. യോഹന്നാന്റെ സുവിശേഷം 10-ാം അദ്ധ്യായത്തിലെ മുഖ്യപ്രമേയം ഇതാണല്ലോ. താന്‍ ഇടയനാണെന്ന് യേശു പറഞ്ഞില്ല. യേശു തങ്ങളുടെ ഇടയന്മാരാണെന്ന് ഭക്തരായ ശിഷ്യരാണ് പറഞ്ഞത്.പുതിയ നിയമത്തില്‍ യേശുവിന്റേതായി 62-ഓളം പൂജകനാമങ്ങള്‍ (Predicates)കാണാം. ഇവയെല്ലാം യേശുവിന്റെ ഭക്തരായ ശിഷ്യര്‍ പ്രയോഗിച്ചവയാണ്. യേശുവിനെ സംബന്ധിച്ച് അവരുടെ സ്‌നേഹനിര്‍ഭരമായ പ്രഘോഷണം (Kerygma) ആണ് ഇതെല്ലാം. ആദ്യം അവര്‍ യേശുവിനെ മിശിഹാ എന്നു വിളിച്ചു. ആ ഭക്തര്‍ മിശിഹായെ അവസാനം ദൈവത്തിന്റെ വചനമെന്നും ഏകപുത്രനെന്നും വിളിച്ചു. 5-ാം നൂറ്റാണ്ടുവരെ യേശുവിന്റെ പേരില്‍ എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. മര്‍ക്കോസിന്റെ സുവിശേഷം 16:9-20 വരെയുള്ള ഭാഗങ്ങള്‍ എ.ഡി. 5-ാം നൂറ്റാണ്ടില്‍ എഴുതിച്ചേര്‍ത്തതാണെന്ന സത്യം ഏതെങ്കിലും ബൈബിള്‍ പണ്ഡിതനു നിഷേധിക്കാന്‍ കഴിയുമോ? എ.ഡി. 100-നും 110-നുമിടയില്‍ രചിക്കപ്പെട്ട യോഹന്നാന്റെ സുവിശേഷത്തിലെ 'ഇടയന്‍', 'ആട്' മുതലായ പദങ്ങള്‍ക്കു നിത്യസത്യത്തിന്റെ പദവി കല്പിക്കുന്ന പുരോഹിതര്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കുന്നതു കൊള്ളാം. കാലഹരണപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു ബുദ്ധിശൂന്യതതന്നെയാണ്.
സാമാന്യബുദ്ധിയുള്ള ഏതെങ്കിലും മനുഷ്യന്‍ ഇന്നു പുരോഹിതരെ ഇടയന്മാരും അല്‌മേനികളെ ആടുകളുമായി അവതരിപ്പിക്കുമോ? ഇടയന്‍ മനുഷ്യനല്ലേ, ആടുകള്‍ മൃഗങ്ങളും. മനുഷ്യന്റെ നിര്‍വ്വചനം 'ചിന്തിക്കുന്ന മൃഗം (rational animal, ലത്തീനില്‍ animal rationale) എന്നാണ്. മൃഗത്തിനു ചിന്താശക്തിയില്ലല്ലോ. മനുഷ്യനാകുന്ന ഇടയന്‍ മൃഗങ്ങളാകുന്ന ആടുകളെ നയിക്കുന്നു. ആടുകള്‍ക്കുവേണ്ടി ചിന്തിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും ഇടയന്‍. ആടുകള്‍ ആ തീരുമാനങ്ങളനുസരിച്ച് നടക്കുകയും തീറ്റ തിന്നുകയും ചെയ്യുന്നു. ഇടയന്‍ ആടുകളെ പോറ്റുന്നതിന്റെ ഉദ്ദേശ്യമെന്താണ്: കറക്കുക, ചെമ്മരിയാടുകളാണെങ്കില്‍ രോമം കത്രിക്കുക; കോലാടുകളാണെങ്കിലും ചെമ്മരിയാടുകളാണെങ്കിലും അവസാനം അവയെ കൊന്നു തിന്നുക, അല്ലെങ്കില്‍ കൊല്ലാന്‍ കൊടുത്തു കാശുണ്ടാക്കുക.
പാലസ്തീനായില്‍ 'മലമൂഢന്മാര്‍' എന്നു പണക്കാരും പണ്ഡിതരും വിളിച്ചിരുന്ന ദരിദ്രരും മര്‍ദ്ദിതരും ചൂഷിതരുമായിരുന്ന ദൈവമക്കളുടെ വിമോചനത്തിനുവേണ്ടി സ്വജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചതുനിമിത്തം ക്രൂശിക്കപ്പെട്ട യേശുവിനെ അനുസ്മരിച്ച് ശിഷ്യര്‍ പറഞ്ഞു, ''നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു' എന്ന്. ഇന്നത്തെ എത്ര പുരോഹിതന്മാരെപ്പറ്റി പറയാനാകും, അവര്‍ ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവനര്‍പ്പിക്കുന്നുവെന്ന്? അവരില്‍ കുറേപ്പേരെങ്കിലും അല്‌മേനികളെ ആടുകളായി കണക്കാക്കി അവര്‍ക്കുവേണ്ടി തീരുമാനമെടുക്കുന്നു, അവരുടെ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സഭയെ സംബന്ധിച്ച ആധികാരിക പ്രമാണരേഖ'യ്ക്ക്, പ്രത്യേകിച്ചു രണ്ടാം അദ്ധ്യായത്തിന്, പുല്ലുവിലപോലും കല്പിക്കാത്തവരാണ് ഈ പുരോഹിതഗര്‍വ്വിഷ്ഠര്‍.
വേറൊരു കൂട്ടം പുരോഹിതര്‍ കറവക്കാരാണ്; അവര്‍ ആടുകളെ ഇടിച്ചുകറക്കുന്നു, അതായത്, താങ്ങാനാവാത്ത നിര്‍ബന്ധിതപ്പിരിവു നടത്തുന്നു. രോമം കത്രിക്കുന്നവരും കുറവല്ല. മനോഹരമായ ചെമ്മരിയാടിന്റെ രോമം കത്രിച്ചുകളഞ്ഞാല്‍ എത്ര വികൃതമായിരിക്കും അതിന്റെ രൂപം! സ്വന്തം അഹന്തയെയും ദുരഭിമാനത്തെയും പൂജിക്കാന്‍വേണ്ടി അല്‌മേനികളുടെ അന്തസ്സും ആത്മാഭിമാനവും നശിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വൈദികര്‍ 'ആടു'കളുടെ രോമം കത്രിക്കുന്നവര്‍തന്നെയാണ്. ആടുകളെ ശാരീരികമായി കൊല്ലുന്നില്ലെങ്കിലും മാനസികമായി കൊല്ലുന്ന ഇടയവൈദികരുമുണ്ട്. സ്വര്‍ഗ്ഗമാകുന്ന തളിരിലയിളക്കി മുമ്പേ നടന്നും, നരകമാകുന്ന വടികൊണ്ട് പിന്നില്‍ നിന്നടിച്ചും 'ആടു'കളെ നയിക്കുന്നവരാണ് ബഹുഭൂരിപക്ഷം 'ഇടയ'വൈദികരും. പരമപിതാവായ ദൈവത്തിനു സ്വയം സമര്‍പ്പിച്ചും പരര്‍ക്കുവേണ്ടി സ്വന്തം ജീവിതം ചെലവഴിച്ചും ജീവിച്ച്,''പിതാവേ അങ്ങയുടെ തൃക്കരങ്ങളില്‍ എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു'' എന്നു പ്രാര്‍ത്ഥിച്ച് സന്തോഷത്തോടെ മരിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കുന്ന ആദ്ധ്യാത്മിക ഗുരുക്കന്മാരെ ആരും ആദരിക്കും. എന്നാല്‍ നിങ്ങള്‍ ആടുകളാണെന്ന് ആയിരം വട്ടം ആവര്‍ത്തിച്ചു പറഞ്ഞു സാധാരണ വിശ്വാസികളെ മാനസികമായി അടിമകളാക്കുന്ന മതസ്വേച്ഛാധിപതികള്‍ക്കു യാതൊരുവിധ ഭാവിയുമില്ല. അതുപോലെതന്നെ, ആവര്‍ത്തിത ബോധനംവഴി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അല്പസത്യങ്ങളും അതിവിശുദ്ധസത്യങ്ങളാക്കി മനുഷ്യമസ്തിഷ്‌കത്തില്‍ അടിച്ചുകയറ്റാന്‍ തത്രപ്പെടുന്ന മതഭീകരര്‍ക്കും ഭാവിയില്ല.
ഇടയവിജ്ഞാനീയത്തിന്റെ പാഠാന്തരങ്ങള്‍
'ഇടയശാസ്ത്ര'ത്തെ അല്‌മേനികളുടെ മനസ്സില്‍ അടിച്ചുകയറ്റുവാന്‍ പുരോഹിതര്‍ പ്രയോഗിക്കുന്ന ചെപ്പടി വിദ്യകള്‍ പലതുണ്ട്.
അതിലൊന്നാണ് 'പുരോഹിതന്‍ മറ്റൊരു ക്രിസ്തു' (Sacerdos alter Christos) എന്ന സൂത്രവാക്യത്തിന്റെ ഉരുവിടല്‍. പുരോഹിതപട്ടം നല്കുന്ന വേളയില്‍ മിക്ക മെത്രാന്മാരും ആവര്‍ത്തിക്കുന്ന ഒരു സൂത്രവാക്യമാണിത്. അല്‌മേനികളില്‍ ക്രിസ്തു ഉണ്ടോ, ഉണ്ടെങ്കില്‍ ഏതളവില്‍, എത്ര ശതമാനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമല്ലേ?
ഇടയവിജ്ഞാനീയത്തെ തന്ത്രപൂര്‍വ്വം പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ വി. ഫ്രാന്‍സീസ് അസ്സീസിയെയും കൂട്ടുപിടിക്കാറുണ്ട്. വൈദികപട്ടം സ്വീകരിക്കാന്‍ കൂട്ടാക്കാതെ ആജീവനാന്തം സാധാരണ സന്യാസിയായി ജീവിച്ച അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ, ''ഞാന്‍ ഒരു പുരോഹിതനെയും മാലാഖയെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം പുരോഹിതനു സ്തുതിചൊല്ലും എന്ന്!'' പോരേ, ഇതില്‍പരം എന്തു മഹത്വം വേണം പുരോഹിതന്? ചിറകില്ലാത്ത മാലാഖ!
ഇടയവിജ്ഞാനീയം പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞും വിതരണം ചെയ്യാറുണ്ട്. സീറോ-മലബാര്‍ സഭയിലെ ഏലിയാ സ്ലീവാ, മൂശ കാലങ്ങളിലെ ഒരു പ്രാര്‍ത്ഥന നോക്കൂ: ''പ്രമാണങ്ങളെയും പ്രവാചകന്മാരെയും സമാദരിക്കുകയും എല്ലാ നിയമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്ത മിശിഹായേ, ഞങ്ങളുടെ മേലധികാരികളില്‍ നിന്നെ ദര്‍ശിക്കുവാനും അവരുടെ ആജ്ഞകളനുസരിക്കുവാനും ഞങ്ങളെ ശക്തരാക്കണമെന്ന് നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.''
ഇവിടെ രണ്ടു ചോദ്യമുദിക്കുന്നു. ഒന്ന്: യേശു എങ്ങനെയാണു നിയമങ്ങള്‍ (കൃത്യമായി പറഞ്ഞാല്‍ യഹൂദരുടെ തോറാ) പൂര്‍ത്തിയാക്കിയത്? ഒറ്റ ഉത്തരമേയുള്ളൂ; 'സ്‌നേഹിക്കുക' എന്ന ഏക നിയമംകൊണ്ട്.' തോറയിലെ നിയമങ്ങളുള്‍പ്പെടെ യഹൂദര്‍ക്കുണ്ടായിരുന്ന 613 നിയമങ്ങളെയും സ്‌നേഹത്തിന്റെ ഏകനിയമംകൊണ്ട് അവിടുന്ന് അസാധുവാക്കി; അങ്ങനെ അവയെ പൂര്‍ത്തിയാക്കി. മതാധികാരികളെയും മതപണ്ഡിതന്മാരെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടും തന്റേടപൂര്‍വ്വം ധിക്കരിച്ചുകൊണ്ടുമല്ലേ അവിടുത്തെ പിതാവായ ദൈവത്തിന്റെ ആജ്ഞ നിവൃത്തിച്ചത്? ആര്‍ക്കെങ്കിലും സംശയമുണ്ടോ? യഹൂദക്രൈസ്തവര്‍ക്കുവേണ്ടി സുവിശേഷം രചിച്ച മത്തായിയെ യേശുവിന്റെ മുമ്പില്‍ നിറുത്തി അവിടുത്തെ സുന്ദരമുഖം മറയ്ക്കുന്നതു നീതിയാണോ?
രണ്ടാമത്തെ ചോദ്യം: അല്‌മേനികള്‍ മേലധികാരികളില്‍ യേശുവിനെ ദര്‍ശിച്ച് അവരുടെ ആജ്ഞകളനുസരിക്കാന്‍ കടപ്പെട്ടവരെങ്കില്‍, അവരില്‍ യേശുവിനെ ദര്‍ശിക്കാന്‍ മേലധികാരികള്‍ക്കു കടമയില്ലേ? ഏറ്റം ചെറിയവരില്‍ ഒരാളോടു കാണിക്കുന്ന അവഹേളനം യേശുവിനോടുതന്നെ കാണിക്കുന്ന അവഹേളനമല്ലേ? അല്‌മേനികള്‍ ദൈവമക്കളല്ലേ? ദൈവമക്കള്‍ എന്ന പദവിയും ദൈവമക്കള്‍ക്കു ചേര്‍ന്ന സ്വാതന്ത്ര്യവും അവരുടെ ജന്മാവകാശമല്ലേ?
പത്രോസ് എന്ന പാവം 'വലിയ ഇടയ'നെയും ഇവിടെ അനുസ്മരിക്കുന്നതുകൊള്ളാം. പൗലോസ് എന്ന 'ആടി'നെ അനുസരിക്കാനുള്ള നന്മയും വിനയവും അദ്ദേഹത്തിനുണ്ടായിരുന്നല്ലോ (ഗലാ. 2:11-14).

പുരോഹിതര്‍ക്കു പത്രോസിന്റെ കാലത്തേക്കുള്ള യാത്ര ബുദ്ധിമുട്ടെങ്കില്‍, നില്ക്കുന്നിടത്തുനിന്ന് പടിഞ്ഞാറോട്ടുനോക്കുക. അവരും ശുദ്ധവിശ്വാസികളും മാധ്യമങ്ങളും ഇപ്പോഴും വലിയ ഇടയന്‍ എന്നു വിളിക്കുന്ന ഫ്രാന്‍സീസ് പാപ്പായെ സൂക്ഷിച്ചുനോക്കുക. അദ്ദേഹത്തെ മനസ്സിലാക്കാന്‍കഴിയുന്നവരാരും ഇനിമേല്‍ ആളുകളെ ആടുകളാക്കുകയില്ല.

1 comment:

  1. "ഭൂമിയിൽ ആരേയും 'പിതാവേ' എന്ന് വിളിക്കരുത്, ഒരുവനത്രേ നിങ്ങളുടെ പിതാവ്; സ്വർഗസ്ഥൻ തന്നെ" {വി.മത്തായി 23/9} ഒരിക്കലും വായിച്ചിട്ടില്ലാത്ത, 'ആടുകളെന്ന' വിളിപ്പേര് സ്വയം ഭൂഷണമാക്കിയ ക്രിസ്താനി എന്ന ഇരുകാലിമ്രിഗത്തെ കര്ത്താവ് വീണ്ടും വരുവോളം കത്തനാര് 'ആനിമൽ റെന്റെന്സിയോടെ' കൈകാര്യം ചെയ്യട്ടെ ! "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന് മുന്കൂട്ടി നമ്മെ വിലക്കിയവനെ തെല്ലും വകവയ്ക്കാതെ {വി.മത്തായി 6/5}, കത്തനാരുടെ കാലിക്കീശയിൽനിന്നും 'സ്വര്ഗം' വ്യമോഹിക്കുന്ന ബുദ്ധികെട്ട ജന്മങ്ങളെ ഓർത്ത്‌ ആരും വിലപിക്കുകയും വേണ്ടാ ...എങ്കിലും ഈ ലേഖനം ഒരുവട്ടം വായിക്കാൻ പള്ളിയില്പോയാൽ 'പുണ്യം' കിട്ടുമെന്ന് കരുതുന്ന സകലരും വായിച്ചാൽ / മനസിലാകുമെങ്കിൽ നന്ന് !

    ReplyDelete