Translate

Monday, June 20, 2016

‘പാവങ്ങ’ളിലെ മെത്രാനെപ്പോലൊരു മെത്രാന്‍!!

ഇപ്പന്‍

2016 ജൂൺ ലക്കം സത്യജ്വാലയിൽനിന്ന് 

പൂഞ്ഞാറ്റിലെ തിരഞ്ഞെടുപ്പനുഭവത്തെക്കുറിച്ച് എഴുതാനിരുന്നതാണ് ഇക്കുറി. ചൂടാറുന്നതിനുമുമ്പേ വേണമെന്ന എഡിറ്ററുടെ നിര്‍ബന്ധപൂര്‍വമായ ആജ്ഞയും ഉണ്ടായിരുന്നു. അപ്പോഴല്ലേ ഈ 'സ്റ്റോപ്പ് പ്രസ് ബ്രേക്കി ങ്ങ് ന്യൂസ്' കയറിവന്നത്. മുരിക്കന്‍ പിതാവ് ഒരു ഹൈന്ദവസഹോദരന് തന്റെ കിഡ്‌നി ദാനം ചെയ്യുന്നു!
കെ.സി.ആര്‍.എം-ന്റെ പ്രഖ്യാപിത മുഖ്യശത്രുക്കള്‍ മെത്രാന്മാരായിരിക്കണമെന്ന അഭിപ്രായക്കാരനാണു ഞാന്‍. കാരണം, അധികാരവും സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് മെത്രാന്മാരിലാണ്. മെത്രാന്‍പക്ഷപാതികളായ അച്ചന്മാരാണ് കുഞ്ഞാടുകളുടെമേല്‍ കുതിരകയറുന്നത്. ഒരു നല്ല പങ്കു വൈദികരും മെത്രാന്മാരുടെ ഏകാധിപത്യഭരണത്തില്‍ ഞെളിപിരി കൊള്ളുന്നവരാണെന്ന് ഈയിടെ ഒരു അച്ചന്‍തന്നെയാണ് എന്നോടു പറഞ്ഞത്. രൂക്ഷമായ ആക്ഷേപഹാസ്യസ്വഭാവം പുലര്‍ത്തുന്ന ഒരു മാസികയായിരിക്കണം 'സത്യജ്വാല'യെന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. 'സത്യജ്വാല'യ്ക്കു പേര് കണ്ടെത്താന്‍ കൂടിയ കമ്മറ്റിയില്‍ ഞാന്‍ നിര്‍ദ്ദേശിച്ചത് 'കളനാശിനി' എന്ന പേരാണ്. 'ആം ആദ്മി' ചൂല് ചിഹ്നമാക്കിയപ്പോള്‍ എല്ലാവരും ചിരിച്ചില്ലേ? 'ഓശാന' പണ്ഡിതന്മാരുടെയിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കില്‍, 'സത്യജ്വാല' മുറുക്കാന്‍കടകളിലും ചായക്കടകളിലും ചാരായക്കടകളിലുംവരെ  ചര്‍ച്ചചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിടങ്ങളിലൊക്കെ കുഞ്ഞാടുകള്‍ മുതലവായന്‍ തൊപ്പിയും അരപ്പട്ടയും ആടയാഭരങ്ങളും നഷ്ടപ്പെട്ട മെത്രാന്മാരെ കണ്ട് പിതാക്കന്മാര്‍ നഗ്നരാണെന്നു വിളിച്ചുകൂവി ആര്‍ ത്താര്‍ത്തു ചിരിക്കണം.
അത്രമേല്‍ മെത്രാന്‍ശത്രുവായ എന്നെക്കൊണ്ട് ഇങ്ങനെയൊരു ലേഖനം എഴുതിക്കാന്‍ സാധിച്ചു എന്നതാണ് മുരിക്കന്‍ പിതാവിന്റെ വിജയം. ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചത് മുരിക്കന്‍ പിതാവിനുമാത്രമാണ്. അദ്ദേഹം സ്വന്തം ശരീരംതന്നെ ദാനംചെയ്ത് മാതൃക കാട്ടിയിരിക്കുന്നു. ബാക്കിയുള്ളവരൊക്കെ ആരാന്റെ പന്തലിലും കലവറയിലും കയറി തങ്ങളുടെ കാരുണ്യം വിളമ്പുന്നവരാണ്. എന്റെ വീട്ടിലും വന്നിരുന്നു കുറെ വിശുദ്ധ ഗുണ്ടകള്‍, കാരുണ്യവര്‍ഷം പ്രമാണിച്ചു നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് പിരിവു ചോദിച്ച്. പള്ളി പള്ളിയുടെ വരുമാനംകൊണ്ടു കാരുണ്യം വര്‍ഷിച്ചാല്‍ മതിയെന്നും എന്റെ പോക്കറ്റിലെ കാശുകൊണ്ട് ഞാന്‍ കാരുണ്യം വര്‍ഷിച്ചുകൊള്ളാമെന്നും പറഞ്ഞ് ഞാനവരെ മടക്കി.
തന്റെ പ്രചോദനം ഫ്രാന്‍സീസ് പാപ്പായാണെന്ന് മുരിക്കന്‍ പിതാവ് പറഞ്ഞത് ദൂരവ്യാപകമായ ധ്വനികള്‍ ഉള്‍ക്കൊള്ളുന്നു. എന്തായാലും ഈ അവയവദാനംകൊണ്ട് മുരിക്കന്‍ പിതാവു ചാടിയത് ഒരു ഹനുമാന്‍ ചാട്ടമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികളുടെ മനസ്സില്‍ അദ്ദേഹം ഇനി ഫ്രാന്‍സീസ് പാപ്പായുടെ തൊട്ടടുത്ത സ്ഥാനത്തായിരിക്കും. കേരളത്തിലേക്കു വന്നാല്‍, മേജര്‍ ആര്‍ച്ചുബിഷപ്പുപോലും ഈ ദീര്‍ഘകായനുമുമ്പില്‍ വെറും പിഗ്മിയായിരിക്കും. 
അതാണു ബഹുജനമനഃശാസ്ത്രം. ബഹുജനങ്ങള്‍ തേനീച്ചകളെപ്പോലെയാണ്. റാണിക്കു ചുറ്റും ആയിരിക്കും അവ. മറ്റു മെത്രാന്മാര്‍ ഇനി ശ്രമിച്ചാല്‍ത്തന്നെ അവര്‍ക്കു വിട്ടില്‍ച്ചാട്ടം
കൊണ്ടും തവളച്ചാട്ടം കൊണ്ടും തൃപ്തിപ്പെടേണ്ടിവരും. പ്രഭാതത്തിലെ സമുദ്രവന്ദനത്തിന്റെ ഭാഗമായി ബാലി ഏഴു സമുദ്രങ്ങളും ചാടിക്കടക്കുമായിരുന്നു. മുരിക്കന്‍ പിതാവിന് ഇനി ബാലിച്ചാട്ടപരമ്പരതന്നെ നടത്താം. അന്ധവിശ്വാസികളായ വിധവകളെവരെ സാമ്പത്തികമായി ചൂഷണംചെയ്ത് ആഡംബരക്കാറുകളില്‍ വിലസുന്ന, അറത്ത കൈയ്ക്കുപ്പുതേക്കാത്ത മെത്രാന്മാര്‍ക്ക് ഇനി വിശ്വാസികളുടെ മനസ്സില്‍ കൃമികളുടെ സ്ഥാനമായിരിക്കും. വ്യക്തമാക്കാം. മുരിക്കന്‍ പിതാവ് ഇനി നിശ്ശബ്ദമായി സ്വയം വിശദീകരിക്കുന്ന ഒരു വിമര്‍ശനവ്യക്തിത്വമായി മാറുകയാണ്.
പാവങ്ങളിലെ മെത്രാന്‍ അങ്ങനെയൊരു വ്യക്തിത്വമായിരുന്നു. യൂഗോയെപ്പോലൊരു പ്രതിഭാശാലി സഭയുടെയും മെത്രാന്മാരുടെയും വഴിപിഴച്ച പോക്കില്‍ അമര്‍ഷരോഷങ്ങള്‍കൊണ്ടു ജ്വലിച്ചിരുന്നു. പഴയ യൂറോപ്പില്‍ രാജാക്കന്മാരെപ്പോലെ മെത്രാന്മാര്‍ക്കും സൈന്യമുണ്ടായിരുന്നു. ടെലിവിഷനില്‍ കണ്ട, ആ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഒരു രാപ്പടദൃശ്യം ഓര്‍മ്മവരുന്നു. കന്യാസ്ത്രീപ്പട്ടം കൊടുത്ത രാത്രിയില്‍ പട്ടം കൊടുത്ത മെത്രാന്‍തന്നെ അതില്‍പ്പെട്ട അതിസുന്ദരിയായ ഒരു കന്യാസ്ത്രീയുമായി ഇണചേരുന്നു. ഇതൊ
ക്കെ സഭാവിരോധികളായ വിമര്‍ശകരുടെ രോഗബാധിതമായ ഭാവനാസൃഷ്ടികളാണെന്ന് എഴുതിത്തള്ളരുത്. അഹിംസയുടെ പ്രവാചകന്റെ ആശയലോകം സംരക്ഷിക്കാന്‍ സൈന്യത്തെ സംരക്ഷിക്കുന്നതാണോ ഇണചേരുന്നതാണോ വലിയ തെറ്റ്? മെത്രാന്മാര്‍ക്കു സൈന്യമുണ്ടായിരുന്നു എന്ന ചരിത്രസത്യം ആരും നിഷേധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണു വിക്ടര്‍ യൂഗോ പാവങ്ങളിലെ മെത്രാനെ സൃഷ്ടിക്കുന്നത്. ദേവദൂതനെപ്പോലൊരു മെത്രാന്‍. അദ്ദേഹം സ്വയം വിശദീകരിക്കുന്ന ഒരു വിമര്‍ശനവ്യക്തിത്വമാണ്. ആ കഥാപാത്രം പ്രസരിപ്പിച്ച ധാര്‍മ്മികോഷ്മാവിന്റെ കാഠിന്യത്തില്‍ യൂറോപ്പിലെ മെത്രാന്മാര്‍ ഈയലുകളെപ്പോലെ കത്തിയെരിഞ്ഞു. യൂറോപ്പ് പുരോഹിതമേധാവിത്വത്തില്‍നിന്നു മോചിതമായത് അങ്ങനെയാണ്. നമ്മുടെ നാട്ടിലെ
പ്പോലെ ഒരു കാലത്ത് യൂറോപ്പിലും മതവും രാഷ്ട്രീയവും സയാമീസ് ഇരട്ടകളെപ്പോലെ ആയിരുന്നു. വോള്‍ട്ടയറും യൂഗോയും ഇംഗര്‍സോളുംമറ്റും ദീര്‍ഘവീക്ഷണത്തോടെ നടത്തിയ ശസ്ത്രക്രിയാപരമ്പരകളാണ് അവയെ വേര്‍പെടുത്തിയത്.
ലോകമുതലാളിത്തവും കത്തോലിക്കാസഭയും വന്നുപെട്ട ഒരു ഗതികെട്ട പശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പായെ അധികാരത്തില്‍ അവരോധിക്കേണ്ടി വന്നതെന്ന് ഇതിനു മുമ്പു ഞാന്‍ എഴുതിയിട്ടുണ്ട്. വരം കിട്ടിയ 'നല്ല' ഭസ്മാസുരനെപ്പോലെ അദ്ദേഹം പദവി കൊടുത്തവര്‍ക്കു നേരെ തിരിഞ്ഞു മുന്നോട്ടു പോയി. സ്വന്തമായ ഒരു ആശയലോകം അദ്ദേഹം സൃഷ്ടിച്ചെടുത്തു. അതുകൊണ്ട് അദ്ദേഹത്തെ ഇനി ഉന്മൂലനംചെയ്താല്‍ കത്തോലിക്കാ മാഫിയാതന്നെ അദ്ദേഹത്തിന്റെ ആശയലോകാമാശയത്തിനുള്ളില്‍ അപ്രത്യക്ഷമാകും. സ്വന്തം അഭിപ്രായങ്ങള്‍ ഇനി കുറേശ്ശേ വെട്ടിത്തുറന്നു പറഞ്ഞുതുടങ്ങുന്നത് മുരിക്കന്‍ പിതാവിന്റെയും സുരക്ഷിതത്വത്തിന് ആവശ്യമാണെന്നാണ് എന്റെ പക്ഷം. ഫ്രാന്‍സീസ് മാര്‍പ്പാപ്പായെക്കൊണ്ട് പൊറുതിമുട്ടിയ കേരള കത്തോലിക്കാ മാഫിയായ്ക്ക് കേരളത്തിന്റെ വത്തിക്കാനായ പാലായില്‍ ഒരു ഫ്രാന്‍സീസ് മാര്‍പ്പാപ്പായേകൂടി താങ്ങാനാവില്ല. 'ഇടു കുടുക്കേ ചോറും കറീം' എന്ന വേഗത്തില്‍ ഒരു വിശുദ്ധനെ സൃഷ്ടിച്ചെടുത്താലുള്ള കച്ചവടസാദ്ധ്യത കേരളകത്തോലിക്കാ മാഫിയായെ ആരും പഠിപ്പിച്ചെടുക്കേണ്ട. അതുകൊണ്ട് ഒരു വെടിക്കു രണ്ടു പക്ഷി എന്ന് അവര്‍ ചിന്തിച്ചുകൂടായ്കയില്ല. ദൈവമേ, അവര്‍ക്കങ്ങനെയൊന്നും തോന്നാതിരിക്കട്ടെ!
ഫ്രാന്‍സീസ് പാപ്പായുടെ കാര്യത്തിലെന്ന
പോലെ മുരിക്കന്‍ പിതാവും, ഗതികെട്ട ഒരു സാഹചര്യത്തിലാണ്  പാലാ രൂപതയില്‍ അവരോധിതനായതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. 40 വര്‍ഷംകൊണ്ട് പുലിക്കുന്നന്‍ സൃഷ്ടിച്ചെടുത്ത ആശയലോകം കേരളത്തെ 'ആക്രമിച്ചു' തുടങ്ങിയിരിക്കുന്നു. പുലിക്കുന്നന്റെ ദീപശിഖ ആയിരക്കണക്കിനു പുലിക്കുട്ടികള്‍ ഏറ്റുവാങ്ങാന്‍ ഓങ്ങിനില്‍ക്കുന്നു. പാലാ രൂപതയെ വ്യത്യസ്തമാക്കുന്നത്, ഇവിടെ കത്തോലിക്കാ മാഫിയായ്‌ക്കെതിരെ സമരം ചെയ്തു ജയിലില്‍ കയറാന്‍ കൊതിക്കുന്നവരില്‍ പെണ്‍കുട്ടികളും ഉണ്ടെന്നതാണ്. ഈ ഗതികേടിനെ മറികടക്കുക എന്നതാണ് മുരിക്കന്‍ പിതാവിന്റെ സഭാചരിത്രപരമായ ദൗത്യം. അജ്ഞതയെ ഗര്‍ഭംധരിച്ച് അപരാധത്തെ പ്രസവിക്കുന്ന, അറത്ത കൈയ്ക്കുപ്പുതേ ക്കാത്ത മെത്രാന്മാര്‍ക്ക് ഇനി പാലായില്‍ വാഴാനാവില്ലെന്ന് കത്തോലിക്കാമാഫിയായ്ക്കു നന്നായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് മുരിക്കന്‍ പിതാവും കെ.സി.ആര്‍.എം-ന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണെന്ന് ഞാന്‍ അഭിമാനപുരസ്സരം അവകാശപ്പെടുന്നു.
ഫ്രാന്‍സീസ് പാപ്പായെപ്പോലെ ബുദ്ധിമാനാണ് മുരിക്കന്‍ പിതാവും. കത്തോലിക്കാസഭയില്‍ പോപ്പിനു മാത്രമേ അഭിപ്രായസ്വാതന്ത്ര്യമുള്ളൂ. പോപ്പിനെ നിശ്ശബ്ദമാക്കണമെങ്കില്‍ കൊല്ലണം. തന്റെ സുരക്ഷ എങ്ങനെ അദ്ദേഹം ഉറപ്പാക്കിയെന്നു നമ്മള്‍ കണ്ടു. മെത്രാന്‍ വായില്‍ തോന്നുന്നതു വിളിച്ചുപറഞ്ഞുതുടങ്ങിയാല്‍ പെരുവഴിയിലിറങ്ങേണ്ടിവരും. അതാണു കത്തോലിക്കാ ഹയരാര്‍ക്കി സംവിധാനം. അതിനെ മറികടക്കുകയാണ് ഈ ബുദ്ധിമാന്‍ തന്റെ ശരീരദാനം കൊണ്ടുചെയ്തത്.
നമ്മുടെ സെക്രട്ടറി കണ്ടത്തില്‍ ജോസുചേട്ടന്‍ ക്രിസോസ്റ്റോം മെത്രാപ്പോലീത്തായെ വയോജനക്ലബ്ബ് വാര്‍ഷികം ഉദ്ഘാടനംചെയ്യാന്‍ ക്ഷണിച്ചു. സ്വാഗതം പറഞ്ഞതും അദ്ദേഹമാണ്. 'മനുഷ്യരെല്ലാം സഞ്ചരിക്കുന്ന സെപ്റ്റിക് ടാങ്കുകളാ'ണെന്നും 'അതുകൊണ്ടു താനാരെയും തിരുമേനീ എന്നു സംബോധന ചെയ്യില്ലെ'ന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. അവസാനിപ്പിച്ചത്, മനുഷ്യസ്‌നേഹിയായ മഹാത്മാവേ, അങ്ങയുടെ പാദം ഞാന്‍ തൊട്ടുവന്ദിക്കുന്നു എന്നു പറഞ്ഞ് അപ്രകാരം ചെയ്തുകൊണ്ടും. നര്‍മ്മമര്‍മ്മാണിയായ ആ  മെത്രാപ്പോലീത്താ തന്റെ മുഖ്യപ്രഭാഷണം തുടങ്ങിയത് ഇങ്ങനെയാണ്: ''ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, ഈ തൊണ്ണൂറ്റാറു വയസ്സായിട്ടും ദൈവമെന്താണ് എന്നെ തിരിച്ചുവിളിക്കാത്തതെന്ന്. ഇന്നെനിക്കു മനസ്സിലായി, ഈ സ്വാഗതപ്രസംഗം കേള്‍ക്കാനായിട്ടായിരുന്നു എന്നെ വച്ചുകൊണ്ടിരുന്നതെന്ന്.'' ഞാനും മുരിക്കന്‍ പിതാവിന്റെ പാദങ്ങള്‍ മനസ്സുകൊണ്ടു തൊട്ടുവന്ദിക്കുന്നു. അദ്ദേഹം തിരുമേനി ആയതുകൊണ്ടല്ല; ആ ഹൃദയം നിറച്ചും മനുഷ്യസ്‌നേഹമായതുകൊണ്ട്.
ഫോണ്‍: 9446561252


1 comment:

  1. "കെ.സി.ആര്‍.എം-ന്റെ പ്രഖ്യാപിത മുഖ്യശത്രുക്കള്‍ മെത്രാന്മാരായിരിക്കണമെന്ന അഭിപ്രായക്കാരനാണു ഞാന്‍." എന്ന ഇപ്പൻ സാറിന്റെ പ്രസ്താവന സാധൂകരിക്കുന്നതാണ് അദ്ദേഹത്തിൻറെ അടുത്തവചനമെന്നത് വചനം ജഡമായവനെക്കൂടി ഞെട്ടിക്കും ! "കന്യാസ്ത്രീപ്പട്ടം കൊടുത്ത രാത്രിയില്‍ പട്ടം കൊടുത്ത മെത്രാന്‍തന്നെ അതില്‍പ്പെട്ട അതിസുന്ദരിയായ ഒരു കന്യാസ്ത്രീയുമായി ഇണചേരുന്നു. " എന്ന അരമന രഹസ്യം ഇതാ അദ്ദേഹം അങ്ങാടിപ്പാട്ടാക്കി! ഈ ലേഖനം ഒരുവട്ടം എങ്കിലും വായിച്ചില്ലേൽ മലയാള ക്രിസ്ത്യനീ, നിനക്ക് നഷ്ടം തന്നെ! ക്രിസ്തുവിനെ അറിയാത്ത, ദൈവത്തെ അറിയാത്ത ഇവറ്റകളെ "തിരുമേനീ" എന്നുവിളിക്കുന്നവനെ അവസാനനാളിൽ കർത്താവെന്നാ ചെയ്യുമോ ആവൊ ?

    ReplyDelete