ജോര്‍ജ് മൂലേച്ചാലില്‍
എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2016
ഓരോ തിരഞ്ഞെടുപ്പും രാഷ്ട്രീയമൂല്യവിചാരത്തിനുള്ള ഓരോ അവസരമാണ്. ഓരോ
മൂല്യവിചാരവും മതവിചാരംകൂടിയാണ്. കാരണം,
മതമൂല്യങ്ങളുടെ
ഉല്പാദനവും പ്രസരണവും നിരന്തരം നടക്കുന്ന ഒരു സമുദായത്തില്‍ മാത്രമേ
മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉടലെടുക്കൂ. ശ്വാസകോശവും ഹൃദയവുംചേര്‍ന്ന് ജീവവായുവിന്റെ
ഉല്പാദനവും വിതരണവും നിരന്തരം നടത്തിയാല്‍മാത്രമേ കൈകാലുകളും ശരീരമാകെയും ഊര്‍ജ്ജസ്വലമായി
പ്രവര്‍ത്തിക്കൂ എന്നതുപോലെയാണത്. വിവിധ ജനവിഭാഗങ്ങള്‍ ചേര്‍ന്ന സമൂഹഗാത്രത്തിന്റെ
ഏകോപിതമായ പ്രവര്‍ത്തനത്തിന് മൂല്യബോധമെന്ന ഓക്‌സിജന്‍ മനുഷ്യമനസ്സുകളില്‍ സദാ ഉല്പാദിപ്പിക്കപ്പെടുകയും
വിതരണം ചെയ്യപ്പെടുകയും വേണം. ഈ ധര്‍മ്മനിര്‍വ്വഹണത്തിനായാണ് ഓരോ മതവും അതിന്റെ
സംവിധാനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മതങ്ങള്‍ ഈ ധര്‍മ്മനിര്‍വ്വഹണം
നടത്തുന്ന സമൂഹങ്ങളില്‍ മാത്രമേ, 'സമ്മതരും വിജ്ഞാനവും
ആത്മാവും നിറഞ്ഞ'വരും നിസ്വാര്‍ത്ഥരും
സേവനസന്നദ്ധരും ഉന്നതശീര്‍ഷരുമായ വ്യക്തിത്വങ്ങളും, അങ്ങനെയുള്ളവരെത്തന്നെ തങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കാന്‍ (അപ്പോ. പ്രവ. 6:3) തിരിച്ചറിവുള്ള ജനങ്ങളും ഉണ്ടാകൂ. മതധര്‍മ്മം വേണ്ടതുപോലെ
നിര്‍വ്വഹിക്കപ്പെടാത്ത സമൂഹങ്ങളില്‍, 'തങ്ങളുടെമേല്‍ അധികാരം
നടത്തുന്നവരെ ഉപകാരികളായി' (ലൂക്കാ. 22:25) തെറ്റിദ്ധരിച്ച് അങ്ങനെയുള്ളവരെ തങ്ങളെ ഭരിക്കാനായി
തിരഞ്ഞെടുക്കുന്നവരാണ് ഉണ്ടാകുക. അത് ശരിയായ രാഷ്ട്രീയബോധത്തിന്റെ അഭാവമാണെന്നും
തികഞ്ഞ അരാഷ്ട്രീയതയാണെന്നും അല്പമാലോചിച്ചാല്‍ ആര്‍ക്കും
മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പു തെളിയിക്കുന്നതും മറ്റൊന്നല്ല.
ജനാധിപത്യമെന്നപേരില്‍ ഇന്നു ലോകമെങ്ങും നടക്കുന്ന തിരഞ്ഞെടുപ്പുകളെ
നിരീക്ഷിച്ചാല്‍, ഈ അരാഷ്ട്രീയതയാണ് എവിടെയും
പ്രതിഫലിക്കുന്നതെന്നു കാണാം. ലോകം അശാന്തിയിലേക്ക് ഒന്നിനൊന്നു
കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത മറ്റെന്താണു തെളിയിക്കുന്നത്? അഴിമതിക്കെതിരെ ജനവികാരമുണര്‍ന്നുനിന്നിരുന്നിട്ടും, പ്രചാരണങ്ങള്‍പോലും അഴിമതിയുടെ
എഴുന്നള്ളിപ്പുകളായിരുന്നെന്നു കാണാനോ അതനുസ്സരിച്ച് വോട്ടുചെയ്യാനോ കേരളത്തിലെ
ജനങ്ങള്‍ക്കു കഴിഞ്ഞില്ല. നട്ടെല്ലുള്ള ഒരു തിരഞ്ഞെടുപ്പു കമ്മീഷനായിരുന്നു
ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍, വിജയിച്ച ഒട്ടേറെ
പ്രമുഖരുടെ തിരഞ്ഞെടുപ്പ്, അനുവദിക്കപ്പെട്ട 28 ലക്ഷം രൂപയുടെ എത്രയോ മടങ്ങ് പ്രചാരണത്തിനു ചെലവഴിച്ചു
എന്ന ഒരേയൊരു കാരണംകൊണ്ടുതന്നെ, അസാധുവായി
പ്രഖ്യാപിക്കുമായിരുന്നു. ജനങ്ങള്‍ ജാഗരൂകരായിരുന്നുവെങ്കില്‍
പ്രമുഖരാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ ഒഴുക്കിയ
ഭീമമായ തുക സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷനില്‍ പരാതികളുടെ ഒരു പ്രളയംതന്നെ
ഉണ്ടാകുമായിരുന്നു. ഒന്നുമുണ്ടായില്ല. പകരം,
സ്ഥാനാര്‍ത്ഥികളുടെ
ഭീമന്‍ കട്ടൗട്ടുകളിലും സ്വയംസ്തുതിപ്പു പാരഡിഗാനങ്ങളിലും കിലോമീറ്ററുകള്‍ നീളം
വരുന്ന പോസ്റ്റര്‍ തോരണങ്ങളിലും നൂറുകണക്കിനു മോട്ടോര്‍ ബൈക്കുകളുടെ കാതടപ്പന്‍ 'ന്യൂജന്‍' റോഡുമാര്‍ച്ചുകളിലും
ആയിരക്കണക്കിനാള്‍ക്കാരെ അണിനിരത്തി ചെണ്ട-ബാന്റുമേളം സഹിതമുള്ള വഴിതടയല്‍ റോഡ്‌ഷോ
എഴുന്നള്ളിപ്പുകളിലും മതിമറന്ന്, ഈ
ഇനങ്ങളിലെല്ലാമായിരുന്നു മത്സരമെന്ന മട്ടില്‍ വോട്ടുകുത്തുകയായിരുന്നു, കേരളീയ പൊതുസമൂഹം. പതിവുപോലെ, അല്പം ഭരണവിരുദ്ധവികാരത്തിന്റെ മേമ്പൊടി ഇപ്രാവശ്യവും ചേര്‍ത്തുവെന്നുമാത്രം.
അങ്ങനെ, ഇക്കുറിയും ഇടതു-വലതു
മന്തുകാലുകള്‍ മാറിമാറി പരീക്ഷിക്കുകയെന്ന കേരളത്തിന്റെ പരമ്പരാഗത
യാന്ത്രികരാഷ്ട്രീയം ഊട്ടിയുറപ്പിക്കുകമാത്രമാണ് കേരളീയര്‍ ചെയ്തിരിക്കുന്നത്.
നഷ്ടപ്പെട്ട മൂല്യങ്ങള്‍ രാഷ്ട്രീയത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഠിനമായി
പരിശ്രമിച്ച അഡ്വ. ഇന്ദുലേഖയെപ്പോലുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളെയും, എസ്. യു. സി. ഐ.,
സമാജ്‌വാദി
പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായ
പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെയുമെല്ലാം തൂത്തെറിഞ്ഞും, മത്സരരംഗത്തുള്ള അഴിമതിരാജാക്കന്മാരെ
തോല്പിക്കാനാഹ്വാനംചെയ്ത് പ്രചണ്ഡമായ പ്രചാരണം നടത്താനിറങ്ങിയ ആം ആദ്മി പാര്‍ട്ടി
പ്രവര്‍ത്തകരെ തല്ലിച്ചതച്ചും, 'ഞങ്ങള്‍ക്ക് ഈ
അഴിമതിരാഷ്ട്രീയം മതി, ഞങ്ങളെ ഇതേ
രാജാക്കന്മാര്‍തന്നെ ഭരിച്ചാല്‍മതി, ഒരു മാറ്റത്തിനും
ഞങ്ങള്‍ തയ്യാറല്ല' എന്നുവിളിച്ചുപറയുകയായിരുന്നു
ഇത്തവണയും കേരളം. ഇന്ത്യയിലെ ജനങ്ങളെയാകെ കൂച്ചിക്കെട്ടിയ
അടിയന്തിരാവസ്ഥയ്ക്കനുകൂലമായി വോട്ടുകുത്തി അരാഷ്ട്രീയതയുടെ ഗിന്നസ്ബുക്കില്‍
പേരുചാര്‍ത്തിയ ഒരേയൊരു ജനതയാണു നാം എന്നോര്‍ക്കുക. ഇത്രമാത്രം
പ്രത്യയശാസ്ത്രത്തിമിരം ബാധിച്ച, പണ്ഡിതമ്മന്യരായ
മറ്റൊരു ജനതയും ലോകത്തുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്, ദൈവശാസ്ത്രങ്ങളില്‍ പൊതിഞ്ഞ പുരോഹിതമതങ്ങള്‍
സൃഷ്ടിക്കുന്നത് മതരാഹിത്യത്തെയാണ് എന്നതുപോലെ, പ്രത്യയശാസ്ത്രങ്ങളില്‍ പൊതിഞ്ഞ കക്ഷിരാഷ്ട്രീയം അരാഷ്ട്രീയതയെയാണു
സൃഷ്ടിക്കുന്നതെന്ന വസ്തുത മലയാളിസമൂഹം കൂടുതലായി മനസിലാക്കേണ്ടുണ്ട്. അതിന്, ദൈവശാസ്ത്രസിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രസിദ്ധാന്തങ്ങളും
തമ്മിലും മതവും രാഷ്ട്രീയവും തമ്മിലുമുള്ള അഭേദ്യബന്ധത്തെക്കുറിച്ചുകൂടി
അറിയേണ്ടതാവശ്യമാണ്.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഓരോ കാലത്തെയും
മതങ്ങളാണ് അതാതു കാലത്തെ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് എന്നു
കാണാം. അതായത്, എക്കാലത്തെ രാഷ്ട്രീയത്തെയും
അതതു കാലത്തെ മതങ്ങളുടെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ലായി പരിഗണിക്കാവുന്നതാണ്.
രാഷ്ട്രീയം പൂച്ചെങ്കില്‍ മതം അതിലും പൂച്ചായിരുന്നിരിക്കും. രാഷ്ട്രീയം
ആധിപത്യപരമെങ്കില്‍, മതങ്ങള്‍ അതിലും
ആധിപത്യപരമായിരുന്നിരിക്കും.
മതം സത്യദര്‍ശനത്തിലൂന്നുന്നതാണെങ്കില്‍ ഒരു സംഘടിതശക്തിയാകാന്‍ അതു
ശ്രമിക്കുകയില്ല. പകരം, ഒരു ധാര്‍മ്മികശക്തിയായി
നിലകൊള്ളുകയാവും അതു ചെയ്യുക. അത് ജനങ്ങളുടെ മനഃസ്ഥിതിയെ കൂടുതല്‍ ധാര്‍മ്മികമാക്കുന്നു.
ഈ സാഹചര്യത്തില്‍ രാഷ്ട്രീയവും സംഘടിതശക്തിയെ ആശ്രയിച്ചുള്ളതാവില്ല; അതു സൃഷ്ടിക്കുന്ന വ്യവസ്ഥിതി ധാര്‍മ്മികമൂല്യങ്ങളെ
ആശ്രയിച്ചുള്ളതായിരിക്കും.
മതം എപ്പോള്‍ സംഘടിതമാകുന്നുവോ, അപ്പോള്‍ സംഘടിത
കക്ഷിരാഷ്ട്രീയവും ജന്മംകൊള്ളുന്നു. മതം സംഘടിക്കുകയെന്നാല്‍, സത്യത്തെ മാറ്റിനിര്‍ത്തി, പകരം ശക്തിയെ ആശ്രയിക്കുകയെന്നാണ് അര്‍ത്ഥം. സംഘടിതകക്ഷിരാഷ്ട്രീയവും അതുതന്നെ
ചെയ്യുന്നു - ധാര്‍മ്മികമൂല്യങ്ങളെ മാറ്റിനിര്‍ത്തി അണികളുടെ സംഖ്യാബലത്തെ
ആശ്രയിക്കുന്നതായിത്തീരുന്നു, അത്. ഇവിടെ, സത്യവും നീതിയും സേവനവുമെന്ന ലക്ഷ്യങ്ങളില്‍നിന്ന്, അംഗബലം, അധികാരം, പദവി എന്ന ലക്ഷ്യങ്ങളിലേക്ക് സംഘടിതമതങ്ങളും
കക്ഷിരാഷ്ട്രീയവും വ്യതിചലിക്കുകയാണ്. തങ്ങളുടെ കൈകളിലുള്ള സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
ഉയര്‍ത്തിക്കാട്ടിയും അതിനെ സാധൂകരിക്കുന്ന ദൈവശാസ്ത്രസിദ്ധാന്തങ്ങളുണ്ടാക്കി
വിശ്വസിപ്പിച്ചും സ്വര്‍ഗ്ഗത്തിലേക്കുള്ള അനുഷ്ഠാനവഴി വെട്ടിത്തെളിച്ചുമാണ്
പൗരോഹിത്യം പിന്നില്‍ ആളെ കൂട്ടുന്നതെങ്കില്‍, തങ്ങളുടെ കൈയിലുള്ള ജനക്ഷേമത്തിന്റെ താക്കോലുകള്‍ കാട്ടിയും അതിന്റെ
പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിപ്പിച്ചും അതുമായി യാതൊരു ബന്ധവുമില്ലാത്ത
പ്രായോഗികരാഷ്ട്രീയത്തിന്റെ അടവുനയങ്ങളിലേക്ക് ആകര്‍ഷിച്ചുമാണ് രാഷ്ട്രീയകക്ഷികള്‍
ആള്‍ക്കൂട്ടശക്തികളാകുന്നത്. രണ്ടിടത്തും അധികാരമാണ്, സേവനമോ ജനങ്ങളുടെ ഐശ്വര്യമോ അല്ല ലക്ഷ്യം. അധികാരം അതില്‍ത്തന്നെ
ദുഷിപ്പാകയാല്‍ അധികാരസ്ഥാനങ്ങളും അധികാരികളും ദുഷിച്ചുകൊണ്ടേയിരിക്കും.
അതുകൊണ്ടാണ് യഥാര്‍ത്ഥമതം അധികാരമുക്തമായിരിക്കും എന്നു പറയുന്നത്. ആത്മീയതയുടെ
ഉള്ളടക്കം സ്‌നേഹവും സേവനവുമാണെന്നു പ്രബോധിപ്പിക്കേണ്ട മതം ഒരു
അധികാരകേന്ദ്രമാകുകയെന്നത് അതില്‍ത്തന്നെ വിരോധാഭാസമാണല്ലോ. മതം, വെളിച്ചം പ്രസരിപ്പിക്കുന്ന ദീപസ്തംഭംപോലെ, അല്ലെങ്കില്‍ അരിമാവിനു മാര്‍ദ്ദവം നല്‍കുന്ന പുളിമാവുപോലെ
ആയിരുന്നാല്‍ മതി, അത് മനുഷ്യനെ
സത്യത്തിലേക്കു വഴിനടത്തുകയും മനുഷ്യഹൃദയങ്ങളെ ആദ്രമാക്കി ആത്മീയതനിറയ്ക്കുകയും
ചെയ്തുകൊള്ളും. അതോടെ വിഭാഗീയതകള്‍ അസ്തമിക്കുകയും കാര്യങ്ങളെ ഏകാത്മകമായി കാണാന്‍
മനുഷ്യര്‍ പ്രാപ്തരാകുകയും ചെയ്യും.
അങ്ങനെ വരുമ്പോള്‍, ഈ ദര്‍ശനത്തിന്റെതന്നെ
കര്‍മ്മമണ്ഡലമായി രാഷ്ട്രീയം മാറും. അപ്പോള്‍ അടിസ്ഥാനദര്‍ശനത്തില്‍നിന്നു
വ്യതിചലിപ്പിക്കുന്ന വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിക്കും. പരസ്പരം
തോല്പിക്കാന്‍ കച്ചകെട്ടിനില്‍ക്കുന്ന വിഭാഗീയ കക്ഷിരാഷ്ട്രീയവും അസ്തമിക്കും.
പകരം, ആഗോളമാനവികതയുടെ അടിസ്ഥാനത്തില്‍
സൗഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും ഒപ്പം, പ്രാദേശിക സ്വാശ്രിതത്വത്തിലും ആഗോള പരസ്പരാശ്രിതത്വത്തിലും പുലരുന്ന ഒരു
പ്രാദേശിക-ആഗോളകുടുംബവ്യവസ്ഥിതിക്കു രൂപംകൊടുക്കാനുള്ള നവരാഷ്ട്രീയം ഉദയംകൊള്ളും.
അത് ഗ്രാമസ്വരാജ് ആവിഷ്‌ക്കരിക്കാനുള്ള,
ദൈവരാജ്യം
സ്ഥാപിക്കാനുള്ള, യഥാര്‍ത്ഥ കമ്യൂണിസ്റ്റ്
വ്യവസ്ഥിതി കെട്ടിപ്പടുക്കാനുള്ള നവോത്ഥാനരാഷ്ട്രീയമായിരിക്കും.
ഇതൊക്കെ എന്നെങ്കിലും സംഭവിക്കുമോ, ഇതെല്ലാം വെറും
സ്വപ്നഭാവനകള്‍ മാത്രമല്ലേ എന്ന ചോദ്യത്തിന്,
മനുഷ്യന്‍
ആത്മീയമായി ഉണര്‍ന്നാല്‍ സാധിക്കും എന്നുതന്നെയാണു പറയാനുള്ളത്. അതു സാധിക്കും
എന്ന ഉറപ്പും അതു സാധിച്ചെടുക്കാനുള്ള ആഹ്വാനവുമാണ്, ''നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍
ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്‍കപ്പെടും''
(മത്താ. 6:33) എന്ന വാക്കുകളിലൂടെ യേശു മനുഷ്യകുലത്തിനു നല്‍കിയത്. ''ഇന്ത്യ അതിന്റെ സ്‌നേഹസിദ്ധാന്തം മതപരവും രാഷ്ട്രീയവുമായ
തലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍, സ്വരാജ് സ്വര്‍ഗ്ഗത്തില്‍നിന്നു താനേ ഇറങ്ങിവരുമായിരുന്നു'' ('യങ് ഇന്ത്യ' ജനുവരി 1921) എന്ന ഗാന്ധിജിയുടെ വാക്കുകളും മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ
ഒരു നവലോകത്തിന്റെ സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. 'ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും
ഓരോരുത്തര്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍
ലഭ്യമാക്കുകയുംചെയ്യുന്ന' വര്‍ഗ്ഗരഹിത
കമ്മ്യൂണിസ്റ്റ് സമൂഹത്തെപ്പറ്റി മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.
ആലോചിച്ചുനോക്കിയാല്‍, ഓരോ മനുഷ്യന്റെയും
ജന്മലക്ഷ്യംതന്നെ ഇത്തരമൊരു സ്വര്‍ഗ്ഗസൃഷ്ടി ഈ ലോകത്തില്‍ നടത്താന്‍ ആവതു
പരിശ്രമിക്കുകയും അതില്‍ ആനന്ദം കൊള്ളുകയുമെന്നതാണെന്നു കാണാനാവും. അതുകൊണ്ട്, മാനുഷികമായ ഒരു നവലോകസാധ്യതയെക്കുറിച്ചു പറയുമ്പോള്‍, ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്കോ കോണ്‍ഗ്രസുകാരനോ
കമ്യൂണിസ്റ്റുകാരനോ, അതൊരു ഉട്ടോപ്യന്‍
സ്വപ്നമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലതന്നെ. അവഗണിക്കുന്നപക്ഷം, ഏതെല്ലാം മത-രാഷ്ട്രീയ ലേബലുകളിലറിയപ്പെടുന്നവരായാലും അവര്‍, പാശ്ചാത്യ 'ക്രിസ്തുമതം' ജന്മംകൊടുത്തതും മുതലാളിത്തമെന്നറിയപ്പെടുന്നതുമായ ഇന്നത്തെ
വ്യാവസായിക-കമ്പോളവ്യവസ്ഥിതിയെ, മാമോന്‍ വ്യവസ്ഥിതിയെ, പരോക്ഷമായിട്ടെങ്കിലും അംഗീകരിക്കുന്നവരോ തികച്ചും നിസംഗരായ
അരാഷ്ട്രീയവാദികളോ ആണെന്നു പറയേണ്ടിവരും. ദൗര്‍ഭാഗ്യവശാല്‍, പുരോഗമനപരമെന്നു വിശ്വസിക്കപ്പെടുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികളുള്‍പ്പെടെ
കേരളത്തിലെ എല്ലാ മുഖ്യധാരാരാഷ്ട്രീയകക്ഷികളും അവയുടെ അണികളും ഇന്ന് ഈ
വിഭാഗത്തിലാണുള്ളത്.
അതുകൊണ്ടാണ്, മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ
ഒരു രാഷ്ട്രീയത്തെപ്പറ്റി അലറിപ്പറഞ്ഞാലും,
ഇന്നത്തെ
ശക്തിരാഷ്ട്രീയ കോലാഹലങ്ങളില്‍പ്പെട്ട് അതെല്ലാം മുങ്ങിപ്പോകുന്ന ദുരവസ്ഥ നിലനില്‍ക്കുന്നത്; അതെല്ലാം മരുഭൂമിയില്‍ വിളിച്ചു പറയുന്നവരുടെ ശബ്ദമെന്നപോലെ
അമര്‍ന്നടങ്ങുന്നതായി തോന്നപ്പെടുന്നത്. എങ്കിലും, പ്രവാചകര്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും; കേള്‍ക്കാന്‍ കാതുള്ളവരെത്തേടി ആ ശബ്ദവീചികള്‍
എട്ടുദിക്കുകളിലേക്കും പാഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും നല്ലമണ്ണില്‍ എന്നെങ്കിലും
പതിക്കുമെന്ന പ്രത്യാശയോടെ വിതക്കാര്‍ വിത്തു വിതച്ചു കൊണ്ടേയിരിക്കും...
കൂരിരുട്ടില്‍ രജതരേഖകള്‍ വരയ്ക്കുകയെന്നത് പ്രവാചകധര്‍മ്മമാണ്. അവ പലപ്പോഴും
ഒന്നു മിന്നിത്തെളിഞ്ഞു മാഞ്ഞുപോകുമെങ്കിലും വെളിച്ചം എന്ന ഒന്നുണ്ട് എന്ന ബോധം
മനുഷ്യരില്‍ ഇടയ്ക്കിടെ ഉണര്‍ത്താന്‍ അതുതകുന്നു. അല്ലെങ്കില്‍, തങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന ഇരുട്ടാണ് വെളിച്ചമെന്ന
അബദ്ധധാരണയില്‍ ജനങ്ങള്‍ ഉറച്ചുപോകും. മനുഷ്യന്റെ സമഗ്രമായ ജീവിതദര്‍ശനത്തെ
മറയ്ക്കുന്ന പുരോഹിതദൈവശാസ്ത്രങ്ങളും കക്ഷിരാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുമാണ്
മനുഷ്യന്റെ കാഴ്ചയെ മറച്ചു നില്‍ക്കുന്ന ഇന്നത്തെ ഇരുട്ട്. കട്ടിയാര്‍ന്ന ഈ ഇരുള്‍ക്കണ്ണടകള്‍
എടുത്തുമാറ്റാന്‍ മനുഷ്യര്‍ തയ്യാറായാല്‍ മാത്രംമതി, അവര്‍ക്ക് മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും തെളിവാര്‍ന്ന കാഴ്ച
ലഭിക്കാന്‍.
ഈ ഇരുള്‍ക്കണ്ണടകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ മുഖ്യധാരാമതങ്ങള്‍ക്കും
മുഖ്യധാരാരാഷ്ട്രീയകക്ഷികള്‍ക്കും വിധേയരായി അതേ മുഖ്യധാരകളില്‍ ഒഴുകുന്നവരാണ്
ജനങ്ങളും എന്നതിനാല്‍, അതഴിച്ചുമാറ്റൂ എന്ന
ആഹ്വാനത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നു പ്രത്യക്ഷമായ സ്വീകാര്യത വളരെ
കുറഞ്ഞിരിക്കും എന്ന് ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. അതുകൊണ്ട്, ഈ രംഗങ്ങളിലേക്കിറങ്ങുന്നവര്‍ പെട്ടെന്നൊരു വിജയം മുന്നില്‍
കാണുന്നവരല്ല. അവരെ സംബന്ധിച്ച് പ്രസക്തമായ നവീനാശയങ്ങളുടെ വിത്തുകള്‍
ജനഹൃദയങ്ങളില്‍ വിതയ്ക്കുക എന്ന ലക്ഷ്യമേയുള്ളൂ. ഇലക്ഷനിലാകുമ്പോള്‍
മത-രാഷ്ട്രീയഗുണ്ടകളുടെ കല്ലേറുകൊള്ളാതെ നിന്ന് എത്ര പ്രസംഗങ്ങള്‍ വേണമെങ്കിലും
നടത്താമല്ലോ. അതുകൊണ്ട് അതവസരമാക്കുന്നുവെന്നുമാത്രം. ഇപ്പോഴല്ലെങ്കില്‍ പിന്നീട്
അതു ഫലം കൊയ്തുകൊള്ളും എന്നവര്‍ക്കറിയാം.
അനീതിയും അക്രമവും അഴിമതിയും നിറഞ്ഞ ഇന്നത്തെ കേരളരാഷ്ട്രീയരംഗം ഒരു
ശുദ്ധീകരണപ്രക്രിയക്കു വിധേയമാകേണ്ടതുണ്ട് എന്നു ചിന്തിക്കുന്ന കഴിവും സ്വഭാവശുദ്ധിയുമുള്ള
എത്രയെങ്കിലും പ്രബുദ്ധ വ്യക്തികള്‍ കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഉണ്ടാകും.
എന്നാല്‍, നിലവിലുള്ള
കക്ഷിരാഷ്ട്രീയസംവിധാനത്തില്‍ അവര്‍ക്കൊന്നുംതന്നെ തിരഞ്ഞെടുപ്പുപ്രക്രിയയില്‍
ഫലപ്രദമായി ഇടപെടാനോ ഭാഗഭാക്കാകാനോ കഴിയുന്നില്ല. ഇന്നത്തെ തിരഞ്ഞെടുപ്പു
സമ്പ്രദായം അതില്‍ത്തന്നെ അനീതിനിറഞ്ഞതും കക്ഷിരാഷ്ട്രീയപക്ഷപാതിത്വമുള്ളതുമാണ്
എന്നതാണിതിനു കാരണം. അധികാരശക്തിയും പണശക്തിയുമുള്ള പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ, നിസ്വരായ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍
മത്സരിക്കാനിറങ്ങുന്നതിനെ, മല്ലന്മാരും
പട്ടിണിക്കോലങ്ങളും തമ്മില്‍ ഗുസ്തിയില്‍ മത്സരിക്കുന്നതിനോടാണ് ഉപമിക്കാവുന്നത്.
എങ്കില്‍പ്പിന്നെ എന്തിനു മത്സരിക്കാനിറങ്ങുന്നു എന്നാണ് ചോദ്യമെങ്കില്‍, ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയിലുള്ള അവകാശവും
കടമയും നിര്‍വ്വഹിക്കാന്‍ എന്നാണുത്തരം. രാഷ്ട്രകാര്യങ്ങള്‍ രാഷ്ട്രീയമല്ലന്മാരുടെ
തന്നിഷ്ടത്തിനു വിട്ടുകൊടുക്കുന്നത് അപകടകരമാണ് എന്ന തിരിച്ചറിവിന്റെ ഉള്‍ത്തള്ളലില്‍, സാഹസികത കൈമുതലാക്കിയാണ് സംശുദ്ധരാഷ്ട്രീയത്തിന്റെ
സന്ദേശവാഹകരാകാന്‍ ചിലര്‍ കഷ്ട-നഷ്ടങ്ങള്‍ സഹിച്ച് സ്വതന്ത്രരായി ഇലക്ഷനില്‍
മത്സരിക്കാന്‍ തയ്യാറാകുന്നത്. പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കില്ലാത്ത വളരെയേറെ
കടമ്പകള്‍ കടന്നെങ്കില്‍ മാത്രമേ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദ്ദേശപത്രിക
സമര്‍പ്പിക്കാനും പ്രചാരണത്തിനാവശ്യമായ മൈക്ക് സാങ്ക്ഷനുംമറ്റും ലഭിക്കാനും
സാധിക്കൂ എന്നതാണവസ്ഥ. ഇതെല്ലാം കഴിഞ്ഞാലും പ്രചാരണത്തിന്റെ മാനദണ്ഡം
പണമൊഴുക്കാനുള്ള കഴിവാണ് എന്നു വരുന്നിടത്ത്,
എത്ര
പ്രഗത്ഭരായ സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെയും വിജയസാധ്യത മങ്ങിപ്പോകുകയാണ്.
അതുകൊണ്ടാണ്, മന്ത്രി, സുപ്രീം കോടതി ജഡ്ജി,
ലോകപ്രശസ്ത
മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നെല്ലാമുള്ള നിലകളില്‍ വിഖ്യാതനായിരുന്ന ജസ്റ്റീസ്
വി.ആര്‍. കൃഷ്ണയ്യര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്
വെറും 200-ല്‍ താഴെ വോട്ടുകൊണ്ടു
തൃപ്തിപ്പെടേണ്ടിവന്നത്.
പ്രചാരണത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യമായ അവസരം നല്‍കുകയും അതു
ഗവണ്‍മെ ന്റിന്റെ ചെലവിലാക്കുകയും ചെയ്താല്‍മാത്രമേ ഇന്ന് ഈ രംഗത്തുള്ള അസമത്വവും
അനീതിയും കുറെയെങ്കിലും ഒഴിവാക്കപ്പെടുകയുള്ളൂ. (അഡ്വ. ഇന്ദുലേഖയുടെ
തിരഞ്ഞെടുപ്പുയോഗങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതായിരുന്നു.) ഇതോടൊപ്പം
യഥാര്‍ത്ഥ മതബോധമുണര്‍ത്തി ഇന്നത്തെ മതങ്ങളിലും, യഥാര്‍ത്ഥ രാഷ്ട്രീയബോധമുണര്‍ത്തി ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികളിലുമുള്ള
ജനങ്ങളുടെ അന്ധവിശ്വാസം കുറച്ചുകൊണ്ടുവരുവാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി
നടത്താനായാല്‍, ഇപ്പോള്‍ നിരാശിതരായി
ഒതുങ്ങിക്കഴിയുന്ന സ്വഭാവഗുണവും കാഴ്ചപ്പാടും സേവനസന്നദ്ധതയുമുള്ള ധാരാളം
പ്രഗത്ഭമതികള്‍ രാഷ്ട്രീയരംഗത്തേക്കു കടന്നുവരുകയും നീതിയും ഐശ്വര്യവും നിറഞ്ഞ ഒരു
പുതിയ രാഷ്ട്രീയാന്തരീക്ഷം ഇവിടെ സംജാതമാകുകയും ചെയ്യും.
യേശുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന ആയിരങ്ങള്‍, യഹൂദപൗരോഹിത്യം യേശുവിനെ കുറ്റാരോപിതനാക്കിയതോടെ, 'അവനെ ക്രൂശിക്കുക'
എന്ന് ആര്‍ത്തുവിളിക്കുകയാണല്ലോ
ചെയ്തത്. അതുപോലെ തന്നെയാണ്, സാമൂഹികനവോത്ഥാനത്തിനിറങ്ങുന്നവരെ
എക്കാലത്തും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ ബോധ്യമുള്ളവര്‍ക്കുമാത്രമേ ഈ
രംഗത്ത് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാവൂ. യേശുവിന്റെ ആശയങ്ങള്‍ വൈകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ
ചെയ്തു എന്നതുപോലെ, ശരിയായ ദിശയിലുള്ള ഒരു
പ്രവര്‍ത്തനവും പാഴല്ല എന്ന ഉള്‍ബോധ്യവും തളരാത്ത പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
-എഡിറ്റര്‍
This comment has been removed by the author.
ReplyDelete"മതവും രാഷ്ട്രീയവും സംഘടിതമാകുമ്പോള്‍" എന്ന ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ [എന്റെ പ്രിയൻ] എഴുതിയ [എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2016 ] അവസാനവാചകം, ["യേശുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന ആയിരങ്ങള്‍, യഹൂദപൗരോഹിത്യം യേശുവിനെ കുറ്റാരോപിതനാക്കിയതോടെ, 'അവനെ ക്രൂശിക്കുക' എന്ന് ആര്‍ത്തുവിളിക്കുകയാണല്ലോ ചെയ്തത്. അതുപോലെ തന്നെയാണ്, സാമൂഹികനവോത്ഥാനത്തിനിറങ്ങുന്നവരെ എക്കാലത്തും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ ബോധ്യമുള്ളവര്‍ക്കുമാത്രമേ ഈ രംഗത്ത് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാവൂ. യേശുവിന്റെ ആശയങ്ങള്‍ വൈകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്തു എന്നതുപോലെ, ശരിയായ ദിശയിലുള്ള ഒരു പ്രവര്‍ത്തനവും പാഴല്ല എന്ന ഉള്‍ബോധ്യവും തളരാത്ത പ്രവര്‍ത്തനത്തിന് ആവശ്യമാണ്."] ഈ വചനം എനിക്കിന്ന് വല്യ ഉൾപ്രേരണയായി ! കുറേനാളായി എന്റെ നേരെ വധഭീഷണിയും ശകാരംവർഷങ്ങളും 'വഹട്സപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും' , ഒരു കുട്ടിമെത്രാനും അതിയാന്റെ ഒരു [ജീവിതമെന്തെന്നറിയാത്ത] ഗുണ്ടായും കൂടി അയച്ചു സന്തോഷിക്കുന്നു ,ഏദനിലെ പാതിരിപ്പാമ്പുപോലെ ! ക്രിസ്തീയത ലോകത്തിന്റെ മുഖത്തുനിന്നും തുടച്ചുമാറ്റുവാൻ ഒരുമ്പെട്ടിറങ്ങിയ കലികാല പൗരോഹിത്യത്തിനെതിരെ പേനയെടുത്തു എന്ന കുറ്റത്തിന് എന്നെ പഞ്ഞിയിൽ വയ്ക്കും എന്നുവരെ കുട്ടിമേത്രാൻ വിരട്ടി ! അതിനു മറുപടിയായി ഞാൻ ഒരു 'ഇമെയിൽ' കത്തു അതിയാനുമയച്ചു ! ദാ മിനിഞ്ഞാന്ന് സൺഡേ കുര്ബാനകഴിഞ്ഞുടൻ ഒരു കാറിത്തുപ്പലോടെ വീണ്ടും 'വഹാട്സാപ്പില് ' കേളി തുടങ്ങിയാ മെത്രാൻ ! ആ കത്തും ഞാൻ അതെഴുതിയ സാഹചര്യവും സംഭവങ്ങളും പുറകാലെ എന്നെ സ്നേഹിക്കുന്ന, വെറുക്കുന്ന നിങ്ങളെ അറിയിക്കാൻ കുരിശിതൻ എന്നിൽ കനിയട്ടെ എന്നെ കരുതട്ടെ ! 'മനുഷ്യാ നീ മണ്ണാകുന്നു' എന്നുള്ളതല്ല ശരിയെന്റെ മെത്രാൻകുട്ടീ, 'മനുഷ്യാ നീ മനസാകുന്നു' എന്നതോർത്തു mind your mind ! ഒരുവൻ, 'അവൻ ശരീരമല്ല താൻ മനസാകുന്നു' എന്നു മനനം ചെയ്തു ഉറച്ചാൽ പിന്നെ, അവനെ ആരും കൊല്ലുന്നുമില്ല അവൻ കൊല്ലപ്പെടുന്നുമില്ല എന്നതല്ലേ മെത്രാൻകുഞ്ഞെ സത്യം ? അദ്വൈതം പഠിച്ച താങ്കൾക്കെന്നെ കൊന്നുകളയും എന്നു എങ്ങിനെ ഭയപ്പെടുത്താനാകും ?സോറി അതു താങ്കൾക്ക് അറിയില്ലാത്തവിഷയം/ വിഷമിക്കേണ്ടാ,എനിക്കുമില്ല വിഷമം ! കാരണം ഞാൻ ഒരു സാദാ മെത്രാനല്ല ,പകരം എന്റെ അമ്മ പ്രാർത്ഥനയോടെ പ്രസവിച്ച ദൈവത്തിന്റെ കുഞ്ഞുമോനാ മെത്രാൻ മോനെ ,, ദൈവം ആർക്കും സല്ഭദ്ധി തരില്ല മെത്രാനെ , നാം സ്വയം വിവേകത്തെ വരിക്കണം! അതിനുള്ള വരം ലഭിക്കാൻ ഒന്നാമതായി ക്രിസ്തുവിനെ ഗുരുവും രക്ഷകനും ആയി സ്വീകരിക്കൂ പ്ളീസ്.. !
ReplyDelete