അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച് ഉയർന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ ഒരു മാസം മുൻപ് പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ്‌പോസ്റ്റിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു :
...യുക്തിവാദികളായ എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികളുടെയും 'യുറീക്ക'യുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ഒക്കെ സ്വാധീനത്തില്‍ വളര്‍ന്നുവന്നയാളാണ് ഞാന്‍. തുടര്‍ന്ന് 1982-ല്‍ നാരായണഗുരുവിന്റെ ദര്‍ശനത്തെക്കുറിച്ച് നിത്യചൈതന്യയതിയുടെ അടുത്തിരുന്നു പഠിക്കാന്‍ ഒരു വലിയ അവസരം എനിക്കു കിട്ടി. മനസ്സിനെ ശരീരത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും ഔഷധങ്ങളിലൂടെയും മയക്കുമരുന്നുകളിലൂടെയും വൈദ്യതഷോക്കിലൂടെയും മസ്തിഷ്‌കത്തില്‍ രാസവൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ വികാര-വിചാര- ഭാവനകളോടൊപ്പം മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളും മനസ്സിലും ശരീരത്തിലുമുണ്ടാകുന്ന രോഗങ്ങളെ മാറ്റാന്‍ സഹായകമാക്കാവുന്നതല്ലേ എന്നു ഞാന്‍ അപ്പോള്‍ ചോദിച്ചു.
അതിനു മറുപടിയായി താന്‍ വളരെ വര്‍ഷം മുമ്പ് പക്ഷാഘാതംബാധിച്ച് മെഡിക്കല്‍കോളജില്‍ കിടന്നപ്പോള്‍ തന്റെ ശരീരത്തിനു ചലനശേഷി തിരിച്ചുകിട്ടാന്‍ ഇടയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതു കേട്ട സംഭവം പറയുകയാണ് അദ്ദേഹം ചെയ്തത്. കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ശേഷി എന്നൊരു പൊരി തന്റെ ബോധത്തിലുണ്ടെന്ന ഉള്‍ക്കാഴ്ചയില്‍നിന്ന് ആ പൊരി ഊതിക്കത്തിച്ച് ശരീരത്തിന്റെ മുഴുവന്‍ ചലനശേഷിയും വീണ്ടെടുത്ത സംഭവം. അത് അറിയാനിടയായതാണ് എന്റെ ശാസ്ത്രബോധത്തെ ഒരേസമയംതന്നെ ഭൗതികവും ആത്മീയവുമാക്കിയത്; ഭൗതികതയെയും ആത്മീയതയെയും സമന്വയിച്ചു ഗ്രഹിക്കാനുള്ള ശേഷി എനിക്കു തന്നത്.
കുടുംബശാന്തി ഒരു മനശ്ശാസ്ത്രസാധന, യോഗപരിചയം,വേദാന്തപരിചയം, ഭാരതീയ മനശ്ശാസ്ത്രത്തിന് ഒരാമുഖം,ഭാരതീയ മനശ്ശാസ്ത്രം മനശ്ശാസ്ത്രം ജീവിതത്തില്‍ മുതലായ ഗ്രന്ഥങ്ങളിലൂടെ നിത്യചൈതന്യയതി ആധുനികശാസ്ത്രത്തിനും അപ്പുറമുള്ളതെങ്കിലും അതിനും സമ്മതിക്കാനാവുന്ന കുറെ സത്യങ്ങള്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. .....
...'യോഗാ'യും പാരമ്പര്യചികിത്സകളുമൊക്കെ 'ഹൈന്ദവം' എന്നു പറഞ്ഞ് തിരസ്‌കരിക്കുന്നതല്ല, ശാസ്ത്രീയത. പിന്നെയോ,ഫിസിയോളജിക്കല്‍ സൈക്കോളജിക്കും ന്യൂറോളജിക്കും അപ്പുറമുള്ള, ഒരുപക്ഷേ നാനോ ന്യൂറോളജിക്കും ഗ്രഹിക്കാന്‍ കഴിയുന്നില്ലാത്ത കാരണങ്ങളെന്തെന്ന് അന്വേഷിച്ച് കാരണം വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരുംതലമുറ അതു കണ്ടെത്തും എന്ന ബോധ്യത്തോടെ വിനയാന്വിതരാകുന്നതാണ് യഥാര്‍ഥ ശാസ്ത്രീയത എന്നു ഞാന്‍ ഇന്നു കരുതുന്നു.
ലേഖനം മുഴുവൻ വായിക്കാൻ സന്ദർശിക്കുക
http://nityadarsanam.blogspot.in/2016/05/blog-post_24.html
No comments:
Post a Comment