Translate

Friday, June 10, 2016

ആത്മയോഗ് ജ്ഞാനനടപടികള്‍

എസ്.ജെ അനന്ത്

2016 മെയ് ലക്കം സത്യജ്വാലയില്‍നിന്ന്


ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബൈബിള്‍ ഉപമയുണ്ട് - ധൂര്‍ത്തപുത്രന്റെ കഥ.
അര്‍ഥവത്തായ ഒരു ആത്മോപദേശമാണത്. സായൂജ്യത്തിലേക്കുള്ള എട്ടുപടികള്‍ അതിലുണ്ട്. തന്റെ ഉണ്മ ആത്മാവാണെന്നും ആത്മാവ് പ്രകാശമാണെന്നും, ഞാന്‍ പ്രകാശത്തിലാകയാല്‍, ആ പ്രകാശം എന്നിലാകയാല്‍ ഞാന്‍ പ്രകാശമാണെന്നും അറിയാതെ പ്രകാശത്തിനു പുറംതിരിഞ്ഞപ്പോള്‍ മുമ്പില്‍കണ്ട നിഴലിന്റെ ഇരുട്ടില്‍ അകപ്പെട്ട് ആന്തരികഅസ്വസ്ഥതയിലും അസന്തുഷ്ടിയിലും കഴിയുന്ന ആളിന്റെ മാനസിക അവസ്ഥയാണ് ധൂര്‍ത്തപുത്ര കഥ.
പ്രകാശത്തിനു പുറംതിരിഞ്ഞ് നടന്നുനീങ്ങിയപ്പോള്‍ നിഴലിനു നീളവും വ്യാസവും വര്‍ദ്ധിച്ച് ആകെ അന്ധകാരമായി. അങ്ങനെ ചെന്നകപ്പെട്ടത് കുരീരുട്ടില്‍ അഥവാ ചെളിക്കുണ്ടില്‍. ഇനി തിരികെ തന്റെ സഹജാവസ്ഥയെ പ്രാപിക്കാന്‍ എട്ടുപടികള്‍ കയറണം.
1. അറിയുക
ഒരുനാള്‍ ധൂര്‍ത്തപുത്രനു ബോധോദയമുണ്ടായി. അതായത്, താന്‍ ഇവിടെ ഇങ്ങനെ കിടന്നു നരകിക്കേണ്ടവനല്ലെന്നും, തന്റെ സഹജാവസ്ഥയിലേക്കൊന്നു തിരിഞ്ഞാല്‍ മതിയെന്നും.
ഞാന്‍ പിതാവിന്റെ ഭവനത്തില്‍ പിതാവുമൊത്ത് പ്രകാശത്തില്‍, പ്രകാശമായി, കഴിഞ്ഞവനാണ്. ഞാനാണ് അവിടംവിട്ട് തലതിരിഞ്ഞു നടന്നതും ഇവിടിങ്ങനെ ആയതും. അവന്‍ പിടഞ്ഞെണീറ്റു.
2. അഭിമുഖമാകുക (തിരിയുക)
തന്റെ സ്വാതന്ത്ര്യത്തിനു നേരെ അവന്‍ തിരിഞ്ഞ നിമിഷം നിഴല്‍ പിന്നിലായി; വന്ന ഇടവും പ്രകാശവും അതാ അങ്ങകലെ! ഇപ്പോള്‍ ഞാന്‍ ഇങ്ങിവിടെ, പ്രകാശം
അങ്ങവിടെ. ഇതാണ് ദ്വൈതാവസ്ഥ. ഇപ്പോഴും എന്റെ പിന്നില്‍ നീണ്ട നിഴല്‍ ഉണ്ട്. വെളിച്ചത്തില്‍നിന്ന് വളരെ അകലം ആയതിനാല്‍ നിഴലിനു നീളവും കൂടുതലാണ്. ഇനി ആ കൂരിരുട്ടിലേക്കു തിരിയുന്ന പ്രശ്‌നമില്ല. എനിക്ക്  ഇവിടം വിടണം.
3. അകലുക
കൂരിരുട്ടില്‍നിന്ന് അഥവാ ചെളിക്കുഴിയില്‍നിന്ന്, കര കയറണം. കുഴിയില്‍നിന്ന് അകന്നാലും, ചേറിന്റെ മണവും നിറവും എന്നില്‍ അവശേഷിക്കും. അതെല്ലാം കഴുകി വൃത്തി വരുത്തിവേണം പ്രകാശത്തിലേക്ക് അടുക്കാന്‍. പരമാനന്ദത്തിന്റെ കൊടുമുടി കയറാന്‍ ഒരുങ്ങുന്നവര്‍ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റിവേണം അതിനൊരുമ്പെടാന്‍ എന്ന് ആചാര്യന്മാരെല്ലാം പറഞ്ഞുവച്ചിട്ടുണ്ട്.
4. അടുക്കുക
സാധന, സ്വാദ്ധ്യായം, തപസ്സ്, സമര്‍പ്പണം എന്നിവയിലൂടെ സത്യത്തോട്/വെളിച്ചത്തോട് അടുക്കുക എന്നതാണ് അടുത്ത പടി. ഇവിടെയാണ് പ്രലോഭനങ്ങളും പ്രതികൂല സാഹചര്യങ്ങളും നമ്മെ പുറകോട്ടു വലിക്കുക. ഇവിടെയാണ് പൗലോസാചാര്യന്റെ വാക്കുകള്‍ ഓര്‍ക്കേണ്ടത്: 'നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍, വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവിന്‍, പൗരുഷവും കരുത്തുമുള്ളവരായിരിക്കുവിന്‍....' (യല മഹലൃ,േ യല ളശൃാ ശി ളമശവേ, യല യൃമ്‌ല, യല േെൃീിഴ...) ഇവിടെ സാധനയ്ക്ക് വളരെ പ്രസക്തിയുണ്ട്. സാദ്ധ്യമായ ഒന്നിനെ സാധിക്കാന്‍വേണ്ടി സാധകര്‍ ചെയ്യുന്ന പ്രവൃത്തിയാണ് സാധന. അതായത്, ഉല്‍ഭവസ്ഥാനത്തേക്കു തിരികെ നടക്കുന്നതിന് സത്യാന്വേഷിക്ക് ഒരു സഞ്ചാരസഹായി. തങ്ങളില്‍ത്തന്നെയുള്ള ശക്തിവിശേഷങ്ങളെ പരിശീലനത്താല്‍ ഉജ്ജ്വലിപ്പിക്കലിന് (ഹെബ്രാ. 5:14) ഈ അവസ്ഥയില്‍ ഒത്തിരി പ്രാധാന്യമുണ്ട്.
5. അരികിലാകുക
പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് ലക്ഷ്യസ്ഥാനത്തിനരികെ എത്തിയാല്‍ രക്ഷപ്പെട്ടു എന്നു പറയാം. മഹത്‌ജ്യോതിയില്‍നിന്ന് അകന്നുപോയത് എന്റെ മനസ്സാണ്. മഹത് ജ്യോതി എന്നെ അകറ്റി മാറ്റിയതല്ല. അതിനാല്‍ എന്റെ തിരിച്ചുവരവില്‍ യാതൊരു ഭാവഭേദവുമില്ലാതെ എന്നെ ഉള്‍ക്കൊള്ളുന്നതാണ് ആ മഹത്ശക്തി. ധൂര്‍ത്തപുത്രന്റെ കഥയിലെ പിതാവ് പുത്രനെ അത്യാഹ്ലാദത്തോടെ വാരിപ്പുണര്‍ന്ന് വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയതുപോലെ മഹത്‌ജ്യോതിയിലേക്കു ഞാന്‍ പ്രവേശിക്കുന്നു. ഇപ്പോള്‍ ഞാന്‍ പ്രകാശവലയത്തിനുള്ളിലാണ്. ഞാന്‍ പിതാവിന്നരികെ, പിതാവ് എന്റെ അരികെ. ഇതല്ലേ വിശിഷ്ടാദ്വൈതാവസ്ഥ?
6. അകത്താകുക
ഇനി ഞാനൊന്നുമറിയേണ്ട. പിതാവ് എന്നെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോകും. ചുരുക്കത്തില്‍, ഞാന്‍ എന്റെ സഹജാവസ്ഥയെ പുല്‍കുന്നു. ഇതാണ് പരമാനന്ദാവസ്ഥ. ഇപ്പോള്‍ ഞാന്‍ പ്രകാശത്തിനുള്ളില്‍, പ്രകാശം എനിക്കു ചുറ്റിലും. ഇപ്പോള്‍ മുന്നിലും പിന്നിലും നിഴലില്ല.
7. അതാകുക
സമ്പൂര്‍ണ്ണ വിമോചനത്തിന്റെ സുഖ സുന്ദരാവസ്ഥ!
ഇനി ഞാനും പ്രകാശവും ഒന്നാകുന്നു. പിതാവിനോട് എനിക്ക് യാതൊന്നും ചോദിക്കേണ്ടതില്ല. ഞാനും പിതാവും ഒന്ന്. ഈ ഒരവസ്ഥയെക്കുറിച്ച് സെന്റ് പോള്‍ പറഞ്ഞു: ഇത് കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
8. അതേകുക
ഞാന്‍ പ്രകാശത്തിലായാല്‍/ഞാന്‍പ്രകാശമായാല്‍, എന്നില്‍നിന്നു പ്രവഹിക്കുന്നതും പ്രകാശം ദൈവവും ഞാനും ഒന്നാകുന്ന ഒരവസ്ഥയില്‍ സ്‌നേഹം, ദയ, ക്ഷമ, വിശ്വസ്തത, സന്തോഷം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം എന്നീ പുണ്യങ്ങളുടെ വിളഭൂമിയായി മാറും, എന്റെ ജീവിതം.

ചുരുക്കത്തില്‍, ദൈവമനുഷ്യന്‍ ഐക്യം, പരമസത്യത്തിലേക്ക് ഒരു മടക്കയാത്ര, കേന്ദ്രത്തിലേക്ക് ഒരു കടന്നുചെല്ലലും കണ്ടുമുട്ടലും - അതാണ് ആത്മയോഗ്.   

No comments:

Post a Comment