Translate

Thursday, January 3, 2019

അജ്ഞതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ (2)


ആദ്യഭാഗം വായിക്കാൻ സന്ദർശിക്കുക : https://catholicreformation-kcrm.blogspot.com/2018/12/blog-post_7.html

ജെ.പി ചാലി

[Avro Manhattan, Lucien Gregoire, David Yallop എന്നീ പ്രതിഭാശാലികളുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പരമ്പര] 

വിശ്വാസം
സദസ്സിലിരുന്ന ഒരു കുട്ടിയോട് സ്റ്റേജിലേക്കു വരാന്‍ പോപ്പ് ആവശ്യപ്പെട്ടു.
''എന്താണ് നിന്റെ പേര്? ഏതു ക്ലാസ്സില്‍ പഠിക്കുന്നു?''
കുട്ടിയുടെ തോളില്‍ കൈയിട്ടുകൊണ്ട് പോപ്പ് ചോദിച്ചു
കുട്ടി പറഞ്ഞു: ''ദാനിയേല്‍; അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.''
''ദാനിയേല്‍, അടുത്തവര്‍ഷം ആറാംക്ലാസ്സിലേക്കു പോകുന്നതാണോ അഞ്ചില്‍ത്തന്നെ കഴിയുന്നതാണോ നിനക്കിഷ്ടം?''
ദാനിയേലിന്റെ മറുപടി പോപ്പിനെ ഞെട്ടിച്ചുകളഞ്ഞു.
''എനിക്ക് അഞ്ചില്‍ത്തന്നെ കഴിഞ്ഞാല്‍ മതി. ആറിലേക്കു പോയാല്‍ എന്റെ ടീച്ചറിനെ എനിക്കു നഷ്ടപ്പെടും.''
സദസ്സിനെ നോക്കി പാപ്പാ ചിരിച്ചു.
''നോക്കൂ; ഈ  കുട്ടി വളരെ വ്യത്യസ്തനാണ്. ഇവന്റെ പ്രായത്തില്‍, അഞ്ചിലായിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ആറിലായിരുന്നെങ്കിലെന്ന്; ആറിലായിരുന്നപ്പോള്‍, ഏഴിലായിരുന്നെങ്കിലെന്ന.്''
കുട്ടിയുടെനേരേ തിരിഞ്ഞ് പോപ്പ് തുടര്‍ന്നു:
''ദാനിയേല്‍, നമ്മുടെയൊക്കെ മനസ്സില്‍ പുരോഗമിക്കാന്‍ - മുന്നോട്ടുപോകാനുള്ള ത്വരയുണ്ട്. അങ്ങനെ മുന്നോട്ടു പോയെങ്കിലേ നാം സത്യം കണ്ടെത്തുകയുള്ളു. നമ്മുടെ പൂര്‍വ്വികര്‍ ജീവിതം തുടങ്ങിയത് ഗുഹകളിലാണ്. പിന്നീട് പുരോഗമിച്ച് കുടിലുകള്‍ കെട്ടി. അങ്ങനെ ഇന്ന് ആധുനിക സംവിധാനങ്ങളുള്ള അടുക്കളയും ബാത്ത് റൂമുകളുമുള്ള വീടുകളിലായി നമ്മുടെ വാസം.
ആദ്യം നമ്മുടേത് കാല്‍നടയാത്രയായിരുന്നു. പിന്നീട്, കുതിരപ്പുറത്തും കാളവണ്ടിയിലും ട്രെയിനിലും മോട്ടോര്‍ വാഹനങ്ങളിലും വിമാനങ്ങളിലും ഒക്കെയായി നമ്മുടെ യാത്ര. ഇപ്പോഴും പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു, പിന്നോട്ടു നോക്കാതെ. ഇതാണ് പുരോഗതിയുടെ നിയമം.
നമ്മുടെ അയല്‍ക്കാരനെ നമ്മെപ്പോലെതന്നെ കരുതാന്‍ തുടങ്ങിയ നമ്മുടെ പൂര്‍വ്വികര്‍ നമ്മെക്കാള്‍ സമര്‍ത്ഥരായിരുന്നെന്നത് നമ്മുടെ തെറ്റായ ധാരണയാണ്. അവര്‍ പുസ്തകത്തില്‍ കുറിച്ചുവച്ചതെല്ലാം സത്യമാണെന്ന്  നമ്മള്‍ തെറ്റിദ്ധരിക്കുന്നു. അവര്‍ക്കു പറയാനുണ്ടായിരുന്നതാണു ശരിയെന്നു നമ്മള്‍ ധരിക്കുന്നു. ഈ തെറ്റായ ധാരണ, മുന്നോട്ടുപോകേണ്ട നമ്മെ പിന്നോട്ടു വലിക്കുന്നു.
സത്യത്തില്‍, നമ്മുടെ പൂര്‍വ്വികരേക്കാള്‍ പതിന്മടങ്ങ് സമര്‍ത്ഥരാണു നമ്മള്‍. പഴയതലമുറ പോകുന്നു, പുതിയതു വരുന്നു. പൂര്‍വ്വികര്‍ ആര്‍ജിച്ച ജ്ഞാനം കൈപ്പറ്റിക്കൊ
ണ്ടാണ് പുതിയ തലമുറ മുന്നോട്ടു കുതിക്കുന്നത്.''
പോപ്പ് ചോദിച്ചു:
''ദാനിയേല്‍, സൃഷ്ടിയുടെ ആദ്യത്തെ ദിവസം ദൈവം എന്തു ചെയ്തു?''
പയ്യന്‍ സങ്കോചത്തോടെ  പോപ്പിനെ നോക്കി. ''ദൈവം വെള്ളത്തെ വിഭജിച്ചു, സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍.''
പോപ്പ് തുടര്‍ന്നു: ''രണ്ടാം ദിവസം?''
''ദൈവം വെള്ളത്തെ ഒരുമിച്ചുകൂട്ടി. അങ്ങനെ കര പ്രത്യക്ഷപ്പെട്ടു. ചെടികളും വൃക്ഷങ്ങളും പൂക്കളും ഉണ്ടായി.''
പോപ്പ് തലകുലുക്കിക്കൊണ്ട് അടുത്ത ചോദ്യത്തിലേക്കു കടന്നു:
''ദാനിയേല്‍, മൂന്നാം ദിവസം?''
''പ്രകാശം ഉണ്ടാകാന്‍വേണ്ടി, ദൈവം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആകാശത്തില്‍ തൂക്കിയിട്ടു.''
പോപ്പ് ചിരിച്ചു.
''നിനക്ക് ഒരു നല്ല ടീച്ചറുണ്ട്. അവരെ പിരിയാന്‍ നിനക്കു കഴിയാത്തതില്‍ അത്ഭുതമില്ല, എന്നാല്‍, സൃഷ്ടിയുടെ കഥ മോശ വിവരിച്ചപ്പോള്‍, ഭൂമി ഉരുണ്ടതാണെന്നും ഒരു സാങ്കല്പിക അച്ചുതണ്ടില്‍ അതു കറങ്ങുന്നുണ്ടെന്നും എല്ലാം നിയന്ത്രിക്കുന്നത് സൂര്യനാണെന്നുമുള്ള കാര്യങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നില്ല. അതുകൊണ്ടാണ്, ഭൂമി പരന്നതാണെന്നും, ഭൂമിയും അതിലെ സസ്യജാലങ്ങളും സൃഷ്ടിച്ചശേഷം ആകാശത്തില്‍ സൂര്യനെയും നക്ഷത്രങ്ങളെയും തൂക്കിയിട്ടെന്നും ദൈവം തന്നോടു പറഞ്ഞതായി മോശ വിവരിച്ചത്.
സൂര്യനാണ് സൗരയൂഥത്തെയും ഗ്രഹങ്ങളെയും നിയന്ത്രിക്കുന്നതെന്നുള്ള ജ്ഞാനം അന്ന് മോശയ്ക്കില്ലാതിരുന്നതുകൊണ്ടാണ് ഈ അബദ്ധം പറ്റിയത്. മോശ സത്യം അറിഞ്ഞിരുന്നില്ല. തന്റെ അനുയായികളോട് മോശ പറഞ്ഞത്, ആകാശത്തെയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിക്കുന്നതിനുമുമ്പേ സസ്യലതാദികളെ സൃഷ്ടിച്ചെന്ന് ദൈവം തന്നോടു പറഞ്ഞെന്നാണ്.
എന്നാല്‍, ഇന്ന് നമുക്ക് സത്യം എന്താണെന്ന് അറിയാം. സൂര്യന്റെ സഹായമില്ലാതെ ഒരു ചെടിക്കും ഭൂമിയില്‍ നിലനില്പില്ല. യഥാര്‍ത്ഥത്തില്‍, സൂര്യനില്ലെങ്കില്‍ ഭൂമിയുമില്ല.''
ദാനിയേലിന്റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു.: ''അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്ന രീതിയില്‍ സൃഷ്ടിയുടെ കഥ ദൈവത്തിനു വിവരിക്കാമായിരുന്നില്ലേ?''
''ദൈവം കള്ളം പറയണമായിരുന്നോ, ദാനിയേല്‍?''
പയ്യന്‍ നിശ്ശബ്ദനായി.
''ദൈവത്തിനു കള്ളം പറയേണ്ട ആവശ്യമില്ലായിരുന്നു. സത്യം അറിയിക്കുക എന്നതായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. പ്രപഞ്ചരഹസ്യം വെളിപ്പെടുത്തിക്കൊടുക്കുകയും അങ്ങനെ  മോശയ്ക്കു ദൈവം സത്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ അവന്‍ സത്യദൈവമാണെന്നു വ്യക്തമാകുമായിരുന്നു.
അതോടെ ഒരു വലിയ പ്രപഞ്ചരഹസ്യവും  വെളിവാക്കപ്പെടുമായിരുന്നു. സൂര്യന്‍ എന്നും രാവിലെ എങ്ങനെയാണു കിഴക്കുദിക്കുന്നതെന്നും. എന്നും വൈകുന്നേരം പടിഞ്ഞാറ് എങ്ങനെ അസ്തമിക്കുന്നെന്നും. പിന്നെയും അതെങ്ങനെ കിഴക്ക് എത്തിച്ചേരുന്നെന്നും.
ഈ സത്യം വെളിപ്പെടുത്തണമെന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മോശയ്ക്കില്ലായിരുന്നു.
മോശ ജനങ്ങളെ ധരിപ്പിച്ചത്, താന്‍ ദൈവത്തോട് സംസാരിച്ചെന്നാണ്. വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി കൈവശപ്പെടുത്താന്‍ മോശ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതു കൈവശപ്പെടുത്തിയാല്‍, ദൈവം യഹൂദര്‍ക്കു നല്‍കിയ സ്ഥലമാണതെന്ന് ഭാവിതലമുറ കരുതിക്കൊള്ളുമെന്നായിരുന്നു മോശയുടെ തന്ത്രം. അതുകൊണ്ട് കള്ളം പറയുന്നതിന് മോശയ്ക്കു വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.
ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കണം. അത് എന്നെന്നും മനസ്സില്‍ സൂക്ഷിക്കുകയുംവേണം.''
പോപ്പ് സദസ്സിനെ അഭിവീക്ഷിച്ചു. എന്നിട്ട്, ഉറച്ച ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി:
''നമുക്ക് ബുദ്ധിയും യുക്തിയും തന്ന ദൈവംതന്നെ അതിന്റെ ഉപയോഗം മറികടക്കാന്‍ നമ്മെ പ്രേരിപ്പിക്കുമെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സത്യം പറയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരു ദൈവം കള്ളം പറഞ്ഞെന്നു നമുക്കു വേണമെങ്കില്‍ വിശ്വസിക്കാം. അതുപോലതന്നെ, കള്ളംപറയണമെന്നുതന്നെ തീരുമാനിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ സത്യം പറഞ്ഞെന്നും വിശ്വസിക്കാം.
താന്‍ സത്യമാണു പറയുന്നതെന്ന് മോശ വിചാരിച്ചു. എന്നാല്‍, ഇന്നു നമുക്കറിയാം മോശ പറഞ്ഞത് സത്യമല്ലെന്ന്. കാരണം, അന്ന് സത്യമെന്തെന്ന് മോശ അറിഞ്ഞിരുന്നില്ല. സത്യം അറിയണമെങ്കില്‍ അസത്യത്തെ കൂട്ടുപിടിക്കരുത്. സത്യമാണെന്നു ബോധ്യമുള്ള കാര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മുമ്പോട്ടു പോകുക.
തലമുറകള്‍ മാറിമാറി വരുന്തോറും നാം സത്യത്തോടു കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിലല്ല സത്യം നിലകൊള്ളുന്നത്; ഭാവിയിലാണ്. അതു കണ്ടെത്താന്‍ സമൂഹത്തെ സഹായിക്കുകയെന്നതാണ് നിങ്ങളുടെ ജോലി.''
പോപ്പ് പയ്യനെ നോക്കി പറഞ്ഞു:
'' ദാനിയേല്‍, നിനക്കുവേണ്ടി ഞാനൊരു കഥ പറയാം.''
അമേരിക്കയില്‍ ഒരുകാലത്ത്, നീഗ്രോകള്‍ക്ക് മക്കളെ പിരിഞ്ഞ് അടിമത്തത്തില്‍ കഴിയേണ്ടിവന്നു. എന്നും പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികളായ വെള്ളക്കാര്‍ വിചാരിച്ചു, അതു ശരിയാണെന്ന്. കാരണം, അവരുടെ വിശ്വാസമനുസരിച്ച് അതു ശരിയായിരുന്നു.
അവര്‍ ഈവിധം ചിന്തിച്ചത്, അഞ്ചാം ക്ലാസ്സില്‍ത്തന്നെ കഴിയാന്‍വേണ്ടിയായിരുന്നു. കാരണം, തങ്ങളുടെ ടീച്ചര്‍ നഷ്ടപ്പെടുന്നത് അവര്‍ക്കിഷ്ടമില്ലായിരുന്നു.
അവരുടെ അഞ്ചാം  ക്ലാസ്സിലെ ടീച്ചര്‍ പഴയനിയമത്തിലെ ദൈവമായിരുന്നു. തന്റെ ഒരു പ്രമാണത്തിലൂടെ ഇതിലേറെ വ്യക്തമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അയല്‍ക്കാരന്റെ സ്വത്ത്; അതായത്, വീടും ഭാര്യയും അടിമകളും കാളയും കഴുതയും ഉള്‍പ്പെടുന്ന സ്വത്ത,് ആഗ്രഹിക്കരുത്.
അവരുടെ ദൈവത്തിനു ഉറപ്പായിരുന്നു, അടിമത്തം ശരിയാണെന്ന്. നിയമത്തില്‍ എഴുതിയിട്ടുണ്ടെന്ന ന്യായത്തില്‍, ഒരുവനെ അടിമയായി വച്ചുകൊണ്ടിരിക്കാനുള്ള മറ്റൊരുവന്റെ അവകാശം അവിടന്നു സംരക്ഷിച്ചു.
അങ്ങനെ ഒരു ദിവസം, ലിങ്കണ്‍ എന്നു പേരുള്ള ഒരു മനുഷ്യനും അതുപോലെ മറ്റു പലരും വന്ന് സംശയം പ്രകടിപ്പിച്ചു. ''ഇവിടെ എന്തോ തെറ്റുണ്ട്? നമുക്ക് ആറാം ക്ലാസ്സിലേക്കു പോകാം.'' അവിടെ അവര്‍ ഒരു പുതിയ അദ്ധ്യാപകനെ കണ്ടെത്തി. അദ്ദേഹത്തിന്റെ പേര് ക്രിസ്തു എന്നായിരുന്നു. ക്രിസ്തു അവരോടുപറഞ്ഞു, അടിമത്തം തെറ്റാണെന്ന്.
മത്തായി 9-ല്‍, നിത്യജീവന്‍ പ്രാപിക്കാന്‍  ഏതു പ്രമാണം അനുസരിച്ചു ജീവിക്കണമെന്നു ചോദിച്ചപ്പോള്‍ ക്രിസ്തു പത്താം പ്രമാണം മനപ്പൂര്‍വ്വം ഒഴിവാക്കി. ഒരാളെ അടിമയാക്കി വയ്ക്കാനുള്ള അവകാശം മറ്റൊരാള്‍ക്കു നല്‍കുന്ന മോശയുടെ നിയമം തെറ്റാണെന്നു ക്രിസ്തു ഇവിടെ വ്യക്തമാക്കുകയായിരുന്നു.
പയ്യന്‍ പതുക്കെ പറഞ്ഞു:
''ഒരിക്കലും ഞാനിതേപ്പറ്റി ഇങ്ങനെ ചിന്തിച്ചിട്ടില്ല.''
ലിങ്കണിന്റെ രംഗപ്രവേശത്തിനുമുമ്പ് അമേരിക്കയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രശ്‌നം നൂറ്റാണ്ടുകളോളം സഭയ്ക്കുണ്ടായിരുന്നു.
 മോശയുടെ കാലത്ത് പാവപ്പെട്ട അനേകായിരം കാനായിക്കാരായ അയല്‍ക്കാരെ, കുട്ടികള്‍ സഹിതം, ഇസ്രായേല്‍ക്കാര്‍ വധിച്ചിരുന്നു. അവരുടെ വിശ്വാസം ശരിയായതുകൊണ്ട് അതില്‍ തെറ്റില്ലെന്ന് അവരും ചിന്തിച്ചു.
ക്രിസ്തുവിന്റെ കാലത്ത്, അവിവാഹിതരായ അമ്മമാരെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. അവരും വിചാരിച്ചത് അതു ശരിയാണെന്നാണ്. കാരണം, വിശ്വാസം അവരോടു പറഞ്ഞു അതു ശരിയാണെന്ന്. മദ്ധ്യകാലഘട്ടത്തില്‍ കുരിശുയുദ്ധക്കാര്‍ ലക്ഷക്കണക്കിനു മുസ്ലീമുകളെയും യഹൂദരെയും കൊന്നൊടുക്കി. തങ്ങളുടെ വിശ്വാസമനുസരിച്ച് അതും ശരിയാണെന്ന് അവര്‍ കരുതി. രണ്ടാംലോകമഹായുദ്ധത്തില്‍ നമ്മുടെ രാജ്യം ജര്‍മ്മനിയെ സഹായിച്ചു. വെള്ളക്കാരുടെ ആധിപത്യവും മറ്റു വര്‍ഗ്ഗങ്ങളുടെ നാശവുമായിരുന്നു ജര്‍മ്മനിയുടെ ലക്ഷ്യം. പക്ഷേ നമ്മുടെ വിശ്വാസം നമ്മോടു പറഞ്ഞു അതു ശരിയാണെന്ന്.
ദാനിയേല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്, നിന്റെ പ്രായത്തില്‍ എനിക്കുണ്ടായ അനുഭവമാണിത്. ഇറ്റലിയിലെ മിക്ക ഗ്രാമങ്ങളിലും ഓരോ വണ്ടിയുണ്ടായിരുന്നു. അവ എല്ലാ ദിവസവും രാവിലെ തെരുവുകള്‍ തോറും സഞ്ചരിച്ച് മരിച്ചു മരവിച്ചുകിടന്ന അനാഥക്കുട്ടികളുടെ ജഡങ്ങള്‍ ശേഖരിച്ചുകൊണ്ടുപോകും. ശീതകാലത്തെ അതിശൈത്യത്തില്‍നിന്നു സ്വയം രക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തണുത്തു മരവിച്ചു മരിച്ചുപോയ നിസ്സഹായരായ അനാഥക്കുഞ്ഞുങ്ങളുടെ ജഡങ്ങളായിരുന്നു അവ. അന്ന്, സത്യക്രിസ്ത്യാനികളായ നമ്മളൊക്കെ കരുതിയത് നമ്മള്‍ ചെയ്യുന്നത് ശരിയാണെന്നാണ്. കാരണം, നമ്മുടെ വിശ്വാസം നമ്മോടു പറഞ്ഞു അതു ശരിയാണെന്ന് കുറച്ചുകാലങ്ങള്‍ക്കുശേഷം ഇപ്പോള്‍ നമുക്കറിയാം അതു തെറ്റായിരുന്നെന്ന്; അതിക്രൂരമായ പ്രവൃത്തിയായിരുന്നു അതെന്ന്.
ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു ജനിച്ചത്. കൃത്രിമമായി ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയാണത്. കത്തോലിക്കന്‍ ആ കുട്ടിയെ വെറുക്കുന്നു, കുറ്റപ്പെടുത്തുന്നു. കാരണം, അവരുടെ വിശ്വാസം ആ കുട്ടിയെ കുറ്റപ്പെടുത്തുന്നു. അതായത് ഇന്നും വിശ്വാസത്തിന് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നില്ല.. വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന മനുഷ്യരെ ഇന്നു നമ്മള്‍ ക്രൂരമായി പീഡിപ്പിക്കുന്നു. അതു ശരിയാണെന്ന് നമ്മള്‍ വിശ്വസിക്കുകയുംചെയ്യുന്നു. ആരോ മുമ്പെന്നോ ഏതോ പുസ്തകത്തില്‍ എഴുതിവച്ചു എന്നതാണ് നമുക്കു പറയാനുള്ള ന്യായീകരണം.
ദാനിയേല്‍, നീയും പുരോഗമിക്കണം, മുന്നോട്ടുപോകണം. ഇല്ലെങ്കില്‍, സത്യം കണ്ടെത്താനുള്ള അന്വേഷണത്തില്‍ സമൂഹത്തെ സഹായിക്കാന്‍ നിനക്കു സാധിക്കാതെ വരും.
നിനക്കു പിമ്പേ വരുന്നവര്‍ക്ക് കൂടുതല്‍ നന്നായി ജീവിക്കാനുതകുന്ന ഒരു ലോകത്തിന്റെ സൃഷ്ടിയില്‍ നിനക്കും ചിലതൊക്കെ ചെയ്യാനുണ്ട്.''
ദാനിയേല്‍ പറഞ്ഞു:
''എന്തുകൊണ്ട് ഞാന്‍ ആറാം ക്ലാസ്സിലേക്കു പോകണമെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലായി.''
''അതെ, നിനക്കും ദൈവികമായ ഒരു പദ്ധതിയുണ്ട്. നീ ആറാംക്ലാസിലേക്കു പോകണം. പിന്നീട്, ഏഴിലേക്കും എട്ടിലേക്കും പോകണം. അങ്ങനെ, മുന്നോട്ട്, അടിവച്ചടിവച്ച്, തിരിഞ്ഞു നോക്കാതെ മുന്നേറണം. മുന്നേറ്റമായിരിക്കണം നിന്നെ നയിക്കുന്ന അമ്പീഷന്‍. അങ്ങനെ ലോകം മുഴുവന്‍ സത്യം ഗ്രഹിക്കുന്ന ഒരു ദിവസം വരും. ക്രിസ്തു പറഞ്ഞതുപോലെ,''നിന്നെപ്പോലെ അയല്‍ക്കാരെനെയും സ്‌നേഹിക്കുക'' എന്നത് എന്താണെന്നു മനസ്സിലാക്കി ഏവരും പരസ്പരം പെരുമാറുന്ന ഒരു ദിവസം വരും. പണ്ട് ആരോ ഫോണ്‍: 9846472868എഴുതിവച്ചെന്നു പറഞ്ഞ് പ്രവര്‍ത്തിച്ചിരുന്നതുപോലെ ആയിരിക്കില്ല.''
അദ്ദേഹം അല്പം നിറുത്തി. എന്നിട്ടു തുടര്‍ന്നു:
''ദാനിയേല്‍, ഇന്നത്തേതുപോലെ നമുക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത്, നമ്മെ വശത്താക്കാന്‍ ആരോ പുസ്തകത്തില്‍ കുറിച്ചുവച്ചതാണ് 'വിശ്വാസം'. അതല്ല സത്യം. വിശ്വാസത്തിന് തെറ്റും ശരിയും തിരിച്ചറിയുവാനുള്ള കഴിവില്ല.''
ദാനിയേല്‍ ചോദിച്ചു:
''എങ്കില്‍ തെറ്റും ശരിയും നമ്മള്‍ എങ്ങനെ തിരിച്ചറിയും?''
പാപ്പാ ചെന്നിയിലേക്കു വിരലമര്‍ത്തി.      (തുടരും)

'ദൈവനാമത്തിൽ' പ്രസിദ്ധീകരിച്ചു!

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
ഉടന്‍  പണമയയ്ക്കുന്നവര്‍ക്ക് : Rs. 300 -നു ലഭിക്കുന്നു.
  ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ് 
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575

ഫോണ്‍: 9846472868

No comments:

Post a Comment