ചാക്കോ കളരിക്കൽ
സീറോ-മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ ജനുവരി 07 മുതൽ 18 വരെ നടന്ന മെത്രാൻ സിനഡിനോട് അനുബന്ധിച്ച് സഭാ തലവൻ മാർ ജോർജ് ആലഞ്ചേരി ജനുവരി 18,
2019-ൽ പ്രസിദ്ധീകരിച്ച സർക്കുലർ കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. സിനഡിൽ സംബന്ധിച്ച മെത്രാന്മാർ എല്ലാവരുടെയും നിർദേശപ്രകാരമാണ് ആ സർക്കുലർ ഇറക്കുന്നതെന്ന് അദ്ദേഹം അതിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അപ്പോൾ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാ മെത്രാന്മാരുടെയും പൊതുവായ തീരുമാനമാണെന്നതിൽ
സംശയിക്കേണ്ട കാര്യമില്ല.
അടുത്തകാലത്ത് സീറോ-മലബാർ സഭയിൽ നടന്ന പല അനഭിലഷണിയവും അരാജത്വം സൃഷ്ടിച്ചതുമായ സംഭവങ്ങളെ പരാമർശിക്കാതെ മനഃപൂർവം മറച്ചുവെച്ചുകൊണ്ട് വളരെ ഉപരിപ്ലവപരവും അത്യധികം അധികാര ദാർഷ്ട്യത്തോടെയും നീതിക്കുവേണ്ടി പോരാടുന്ന എല്ലാവരെയും കാനോൻ നിയമമെന്ന ഉമ്മാക്കി കാണിച്ച് അടിച്ചമർത്താമെന്നുള്ള തെറ്റായ ചിന്തയോടെയും എഴുതിവിട്ട ആ സർക്കുലർ സാമാന്യബുദ്ധിയുള്ള ഒരു വിശ്വാസിക്കും ഉൾക്കൊള്ളാൻ സാധിക്കുന്ന ഒന്നല്ല.
മേജർ ആർച്ച് ബിഷപ്പിൻറെ
ഭൂമി കള്ളക്കച്ചവടം, ഫ്രാങ്കോയുടെ കന്ന്യാസ്ത്രിയോടുള്ള ലൈംഗിക അതിക്രമം,
പീലിയാനിക്കലിനെപ്പോലുള്ളവരുടെ സാമ്പത്തിക വെട്ടിപ്പ്
തുടങ്ങിയ അനവധി കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാതെ സത്യത്തിനും
നീതിക്കും വേണ്ടി പോരാടിയവരെ നല്ലപാഠം പഠിപ്പിക്കുമെന്ന് താക്കീതു നൽകുന്ന ഈ
സർക്കുലർ ഇൻക്വിസിഷൻ (Inquisition) കാലത്തെ മട്ടിലും ശൈലിയിലുമാണ് എഴുതി ഇറക്കിയിരിക്കുന്നത്!
സഭാതനയരുടെ കഠിന അദ്ധ്വാനഫലമായ
എർണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ആ രൂപതയുടെ മെത്രാപ്പോലീത്തയായ മാർ ആലഞ്ചേരി
കള്ളക്കച്ചവടം നടത്തിയെങ്കിൽ ആ തിരിമാറിയെപ്പറ്റി പഠിക്കേണ്ടതും പരിഹാരം
കണ്ടെത്തേണ്ടതും റോമിലെ ഫ്രാൻസിസ് പാപ്പ നിയോഗിക്കുന്ന വ്യക്തിയാണോ?
അത് ഇന്ത്യാഗവണ്മെൻറിൻറെ നിയമപ്രകാരമല്ലേ കൈകാര്യം
ചെയ്യപ്പെടേണ്ടത്? അതുകൊണ്ട് മാനന്തോടത്ത് മെത്രാൻ സ്വീകരിച്ച നിലപാടുകൾക്കും നടപടികൾക്കും സിനഡ്
എന്തിന് പിന്തുണ നൽകുന്നുയെന്ന് മനസ്സിലാകുന്നില്ല. കൂടാതെ,
അദ്ദേഹം സ്വീകരിച്ച നിലപാടെന്ത്?
നടപടിയെന്ത്? യാതൊരു വിശദികരണവുമില്ല. മെത്രാന്മാർ നാലുപേരുംകൂടി
ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌താൽ ഒരു ക്രിമിനൽ കുറ്റം ഇല്ലാതാകുമോ?
അതുസംബന്ധമായി എല്ലാവരും വാപൊത്തി ഇരുന്നുകൊള്ളണം എന്നാണ്
സിനഡിൻറെ നിർദേശം പോലും! സഭാതനയരുടെ ഒരു ഗതികേടേ! കോടികൾ കൊണ്ടുപോയി
തുലച്ചവരുതന്നെ മറ്റുള്ളവർ വായടച്ച് ഇരുന്നുകൊള്ളണമെന്ന് നിർദ്ദേശിക്കുകയും
ചെയ്യുന്നു. എന്താ,
അച്ചന്മാരും അല്മേനികളും ആടിമകാളാണെന്നാണോ മെത്രാന്മാർ കരുതുന്നത്?
സഭയിൽ അച്ചടക്ക
രാഹിത്യം ആര്, എന്തിന്
ഉണ്ടാക്കിയെന്ന് മെത്രാൻസംഘം വിലയിരുത്തണമായിരുന്നു. ഒന്നാമതായി,
എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു കള്ളക്കച്ചവടം നടത്തിയ
സഭാതലവനായ മാർ ആലഞ്ചേരിയാണ് ആദ്യം അച്ചടക്കലംഘനം നടത്തിയത്. കാനോൻ നിയമത്തെത്തനെ
ആധാരമാക്കി അതിനെ ചോദ്യം ചെയ്തവർ എങ്ങനെ അച്ചടക്കലംഘകരാകും?
വെട്ടിപ്പും തട്ടിപ്പും കാണിച്ചിട്ട് അത് ന്യായീകരിക്കാൻ
പൗലോസ് അപ്പോസ്തലനെ കൂട്ടുപിടിച്ച് "അരാജകത്വത്തിൻറെ അരൂപിയെപ്പറ്റി"
പ്രസംഗിക്കാൻ ഈ മെത്രാന്മാർക്ക് നാണമില്ലേ? പരിശുദ്ധാത്മാവിൻറെ അഭിഷേകവും നിത്യാരാധന നടത്തിയ
കാര്യവുമെല്ലാം സർക്കുലറിൽ പരാമർശിക്കുന്നത് സഭാധികാരികളുടെ വൃത്തികേടുകളെ
പുതപ്പിട്ടുമൂടാൻ ഉപയോഗിച്ചിരുന്ന പഴഞ്ചൻ ഭക്തിപ്രകടനമാണെന്ന് അരിയാഹാരം
കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇന്നത്തെ മനുഷ്യർ വിദ്യാസമ്പന്നരാണ്. ഭൂമി
കച്ചവടത്തിൽ മാർ ആലഞ്ചേരിക്ക് തെറ്റുപറ്റിയെങ്കിൽ അന്തസായി അത് ഏറ്റുപറഞ്ഞ് സഭയോട്
ക്ഷമ പറയണം. തെറ്റ് ആർക്കും സംഭവിക്കാം. തെറ്റിനെ ക്ഷമിക്കാനുള്ള വലിയ മനസ്സ്
സീറോ-മലബാർ വിശ്വാസികൾക്കുണ്ടെന്നാണ് എൻറെ വിശ്വാസം. മറിച്ച്,
സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാനുള്ള പ്രവണത അഹങ്കാരത്തിൻറെ
തള്ളൽകൊണ്ടാണ് ഉണ്ടാകുന്നത്.
എറണാകുളം-അങ്കമാലി
അതിരൂപതയ്ക്ക് സീറോ-മലബാർ സഭയിലുള്ള ശ്രേഷ്ഠപദവി എല്ലാവർക്കും അറിവുള്ളതാണ്.
മെത്രാൻസിനഡിൻറെ പ്രത്യേക അനുസ്‌മരണം അതിന് ആവശ്യമില്ല. ആ അതിരൂപതയെ
കടത്തിലാക്കിയതിൻറെ കാരണവും അതിന് കാരണക്കാരനായ വ്യക്തിയുടെമേൽ സിനഡ് എന്തു നടപടിയുമാണ്
സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസികൾക്ക് അറിയേണ്ടത്. വിശ്വാസികളുടെ കണ്ണിൽ
പൊടിയിടാനുള്ള ശ്രമം നിർത്തി കാര്യത്തിലേക്ക് കടന്ന് മെത്രാന്മാരെ നിങ്ങൾ സത്യം
പറയുവിൻ. സഭയിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും
റോബിനും പീലിയാനിക്കലിനും മറ്റും നിങ്ങൾ എന്ത് ശിക്ഷണ നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന് എന്നെപ്പോലുള്ള സാധാരണ വിശ്വാസികൾക്ക് അറിയാൻ
ആഗ്രഹമുണ്ട്. സഭയിൽ നടമാടുന്ന കൊള്ളരുതായ്മകളെയും പകൽ കൊള്ളകളെയും വെളിച്ചത്ത്
കൊണ്ടുവരുന്ന മാധ്യമങ്ങളെയും സംഘടനകളെയും സഭാവിരുദ്ധ ഗ്രൂപ്പുകളാക്കി മുദ്രകുത്തി
അറബിക്കടലിൽ തള്ളാമെന്ന് മെത്രാന്മാർ ചിന്തിക്കുന്നത് വെറും ബാലിശമല്ലേ?
നോക്കണേ,
ഇവരുടെ അവമതി! സോഷ്യൽ മീഡിയായെവരെ ഇവർ നിലയ്ക്ക് നിർത്തുമെന്നാണ്
വീമ്പിളക്കുന്നത്. അതുകൊണ്ടാണല്ലോ സത്യം തുറന്നു പറയുന്ന ഓൺലൈൻ പത്രങ്ങളെയും ‘നാമമാത്ര’ സംഘടനകളെയും നിലയ്ക്ക് നിർത്താൻ
നിയമനടപടിയിലേയ്ക്ക് നീങ്ങാൻ മെത്രാന്മാർ തീരുമാനിച്ചത്. പണച്ചാക്കിൻറെ പുറത്തു
കയറിയിരിക്കുന്ന ഇവർക്ക് ഓൺലൈൻ മാധ്യമങ്ങളെവരെ നിലയ്ക്കുനിർത്താൻ മോഹം കാണും. അത്
ഫാസിസ്റ്റ് ചിന്താഗതിതന്നെ. ഓൺലൈൻ പത്രങ്ങൾ നടത്തുന്നവർക്കും അല്‌മായ സംഘടനകൾക്കും
മെത്രാന്മാരുടെ അനുവാദത്തിൻറെ ആവശ്യമില്ല. ഗവൺമെൻറിൻറെ അംഗീകാരമാണ് വേണ്ടത്.
മെത്രാന്മാർ മീഡിയ കമ്മീഷനെ നിയമിച്ച് എല്ലാം ശരിയാക്കാമെന്ന് വിചാരിക്കുന്നത്
ഭോഷത്തമാണെന്ന് പറയാതിരിക്കാൻ വയ്യ. മെത്രാന്മാർക്ക് ഓശാന പാടാത്ത സംഘടനകൾ സഭാവിരുദ്ധ
സംഘടനകൾ. അത്തരം സംഘടനകളെ മെത്രാൻസിനഡ് വെറുതെയങ്ങ് തള്ളിക്കളഞ്ഞിരിക്കുന്നു.
ഫ്രാങ്കോ വിഷയത്തിൽ കേരളത്തിലെ നീതിബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായിനിന്ന് സമരം
നടത്തി. പക്ഷെ മെത്രാന്മാരുടെ അഭിപ്രായത്തിൽ ചുരുക്കം ചില വ്യക്തികളാണ് സമരത്തിന്
പിന്നിൽ. സമരം മാധ്യമസൃഷ്ടിയാണെന്നുള്ള മെത്രാന്മാരുടെ കണ്ടുപിടുത്തത്തെ
അംഗീകരിക്കുന്ന വിഡ്ഢികളാണോ വിശ്വാസികൾ? യഥാർത്ഥത്തിൽ സഭയിലെ അരാജകത്വത്തിന് ചുരുക്കം ചില
വ്യക്തികളാണ് കാരണക്കാർ. അത് മറ്റാരുമല്ല. വിശ്വാസികൾ സമാഹരിച്ച വസ്തുവകകൾ
കള്ളക്കച്ചവടം നടത്തുന്ന മെത്രാന്മാരും വൈദികരും; ലൈംഗിക അതിക്രമങ്ങൾ ചെയ്യുന്ന മെത്രാന്മാരും വൈദികരും.
ആ സത്യം മെത്രാൻസിനഡ് തിരിച്ചറിഞ്ഞ് വേണ്ട
തിരുത്തൽ നടപടികൾ സ്വീകരിച്ചാൽ സഭയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമായിരുന്നു.
കന്ന്യാസ്ത്രികളെയും വല്ലവരുടെ ഭാര്യമാരെയും പെൺമക്കളെയും കുട്ടികളെയും ലൈംഗികമായി
പീഡിപ്പിച്ചെന്ന് അറിഞ്ഞാൽ ആ കുറ്റവാളികളെ ന്യായീകരിച്ച് പിന്തുണയ്ക്കുന്ന സഭാ മേലധികാരികളുടെ
പ്രവണത നിങ്ങൾ അവസാനിപ്പിക്കുക. മെത്രാന്മാർക്കും അച്ചന്മാർക്കും ഉള്ള അമിത
അധികാരം,
അവർ അർഹിക്കാത്ത ബഹുമാനം, അധിക സമ്പത്ത് എല്ലാം എടുത്തുകളയുക.
രൂപതാധ്യക്ഷന്മാർക്കും
മേജർ സുപ്പീരിയർമാർക്കുമേ വിവരമൊള്ളൂയെന്ന് ആ സർക്കുലർ വായിച്ചപ്പോൾ തോന്നിപ്പോയി.
വൈദികരെയും കന്ന്യാസ്ത്രികളെയും കുട്ടികളെപ്പോലെ നോക്കിക്കാണുന്നത് ബാലിശമല്ലേ?
വഞ്ചി സ്‌ക്വയറിലെ സമരത്തിൽ എന്തുകൊണ്ട് വൈദികരും സന്ന്യസ്തരും
പൊതുജനങ്ങളും പങ്കെടുത്തുയെന്ന് മെത്രാന്മാർ സിനഡിൽ ആലോചിക്കേണ്ടതായിരുന്നു.
വൈദികരും കന്ന്യാസ്ത്രികളും എത്രയോ പ്രാവശ്യം എന്തെല്ലാം കാര്യങ്ങളിൽ
കേരളത്തിലെ പൊതുസമരങ്ങളിൽ
പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അച്ചടക്കലംഘനവും ശിക്ഷണനടപടികളും
മെത്രാന്മാർക്കെതിരായി നടന്ന സമരമായപ്പോൾ പൊന്തിവന്നിരിക്കുന്നു. മേജറും
ഫ്രാങ്കോയും റോബിനും പീലിയാനിക്കലുമൊക്കെ പുണ്യവാന്മാർ. നീതിക്കുവേണ്ടി സമരം ചെയ്‌തവർ
സഭയിലെ അച്ചടക്ക ലംഘകർ! സഭാതനയർ കാലാകാലങ്ങളായി അദ്ധ്വാനിച്ചുണ്ടാക്കിയ സഭാവസ്‌തുക്കൾ
വിറ്റു തുലച്ച മെത്രാന്മാർ വിശുദ്ധർ. അത് ചോദ്യംചെയ്‌ത വൈദികരും വിശ്വാസികളും
അച്ചടക്ക ലംഘകർ!! വെറും മെത്രാനും, കർദിനാൾ മെത്രാനും ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നത് സഭയെ
സംബന്ധിച്ചിടത്തോളം ദയനീയമല്ലേ?
"സഭാതനയർ
കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ
ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന
വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും
തള്ളിക്കളയുന്നു." അമ്പമ്പോ! ഈ പച്ചക്കള്ളം സർക്കുലറിൽ എഴുതിവിടാൻ മെത്രാൻ
സിനഡിന് നാണമില്ലാത്തത് അത്ഭുതം തന്നെ. പ്രധാനമായി രണ്ട് നുണകളാണ് ആ പ്രസ്‌താവനയിൽ
ഉള്ളത്. ഒന്ന്: ‘സഭയുടെ
വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കുന്നു’. സുപ്രീം
കോടതി ജഡ്‌ജിയും നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനുമായിരുന്ന അന്തരിച്ച ശ്രീ വി.
ആർ. കൃഷ്‌ണ അയ്യർ നിയമമാക്കാൻവേണ്ടി കെരളാഗവണ്മെൻറിന് സമർപ്പിച്ചിരിക്കുന്ന "The
Kerala Christian Church Properties And Institutions Trust Bill, 2009" എന്ന ബില്ലിൻറെ പേരുപോലും പറയാൻ മെത്രാന്മാർക്ക്
അറപ്പുതോന്നുന്നു എന്ന് വ്യക്തം. സഭയുടെ സ്വത്തുക്കൾ ഇടവകകളാലും രൂപതാകളാലും
തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ വഴി സുതാര്യമായി ഭരിക്കപ്പെടണം എന്നതാണ് ആ
ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്‌തീയ സഭകളുടെ സ്വത്തുക്കൾ ഭരിക്കാൻ ഇന്ന്
നിലവിൽ നിയമമില്ല. ആ കുറവിനെ ഗവൺമെൻറ് നിയമത്തിലൂടെ തിരുത്തണമെന്നാണ് നിയമ
പരിഷ്കരണ കമ്മീഷൻ ഗവൺമെൻറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാർതോമാ നസ്രാണി
ക്രിസ്ത്യാനികളുടെ പൂർവ പാരമ്പര്യവും പൈതൃകവുമായ പള്ളിപൊതുയോഗത്തിലൂടെ പള്ളികളുടെ
സ്വത്തുക്കൾ ഭരിക്കുന്നതിനെ പുനഃസ്ഥാപിക്കൽ മാത്രമാണ് എന്ന് ആ ബില്ലിനെ പഠിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യമാകും.
മറിച്ച്,
സഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും സർക്കാരിനെ
ഏല്പ്പിക്കുകയല്ലാ ആ ബില്ലുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. പള്ളിസ്വത്തുക്കൾ
മെത്രാന്മാരുടെ പിടിയിൽനിന്നും വിശ്വാസികളിലേയ്ക്ക് മാറുന്നത് അവർക്ക് താത്പര്യമുള്ള
കാര്യമല്ല. അതുകൊണ്ടാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടി ഇങ്ങനെയൊക്കെ
പച്ചക്കള്ളം എഴുതിവിടുന്നത്. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾ ജാഗ്രത ഉള്ളവർ
ആയിരിക്കണം എന്നാണ് എൻറെ അഭിപ്രായം. രണ്ട്: ‘സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ
നടത്തുന്ന സംഘടനകളെ സിനഡ് തള്ളിക്കളയുന്നു’. എറണാകുളം-അങ്കമാലി
അതിരൂപതയിലെ വസ്തുക്കൾ കർദിനാൾ ആലഞ്ചേരി സുതാര്യതകൂടാതെ വിറ്റുതുലച്ചതിനെ ചേദ്യം
ചെയ്തതും കന്ന്യാസ്‌ത്രിയെ ഫ്രാങ്കോ ലൈംഗീകമായി പീഡിപ്പിച്ച വിഷയത്തിൽ
നീതിക്കുവേണ്ടി സമരം സംഘടിപ്പിച്ചതും സംഘടനകളുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളാണോ?
‘ദൈവത്തിൽനിന്നും കിട്ടിയ അധികാരം’കൊണ്ട് മെത്രാന്മാർക്ക് ഏതു കള്ളത്തരങ്ങളും കൊള്ളത്തരങ്ങളും
ചെയ്യാം, അല്മായരോ അല്‌മായ സംഘടനകളോ അതിനെ ചോദ്യം ചെയ്യാൻ
പാടില്ല എന്ന വ്യാജേന തട്ടിവിടുന്ന കടിച്ചാൽ പൊട്ടുകയില്ലാത്ത നുണകൾ പ്രബുദ്ധരായ
വിശ്വാസികൾ വിഴുങ്ങുമോ? തലശ്ശേരി അതിരൂപതയിലെ സഹായമെത്രാൻ മാർ ജോസഫ്
പാംബ്ളാനിയെപോലുള്ള, നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോയെന്ന് സംശയിക്കാവുന്ന, മെത്രാന്മാരും അച്ചന്മാരും 'ചർച്ച് ആക്ട്' നെപ്പറ്റി നുണപ്രചാരണത്തിന് പള്ളിപ്രസംഗങ്ങൾ
ഉപയോഗിക്കുന്നത് ദൈവജനത്തോടുള്ള ഗുരുതരമായ വിശ്വാസ വഞ്ചനയല്ലേ?
വീണ്ടും, വിശ്വാസികളെ നിങ്ങൾ ജാകരൂകരായിരിക്കുവിൻ. ദൈവവിശ്വാസമോ നീതിബോധമോ
ഇല്ലാത്ത മെത്രാന്മാർ തങ്ങളുടെ നിലനില്‌പിനും അധികാരത്തിനും സുഖജീവിതത്തിനും വേണ്ടി
ഏത് തറ നിലപാടിനും നുണപ്രചാരണത്തിനും തയ്യാറാകുമെന്ന് നാം മനസ്സിലാക്കണം.
സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന വ്യക്തികളും അവരുടെ സംഘടനകളും സഹനത്തിലൂടെ യേശുവിൻറെ ശിഷ്യരാകുമെന്നുള്ള പ്രത്യാശ നമ്മെ നയിക്കട്ടെ. കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച സഭയല്ല, യേശുവാണ് നമ്മുടെ ഗുരുവും മാർഗദർശിയും.
സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന വ്യക്തികളും അവരുടെ സംഘടനകളും സഹനത്തിലൂടെ യേശുവിൻറെ ശിഷ്യരാകുമെന്നുള്ള പ്രത്യാശ നമ്മെ നയിക്കട്ടെ. കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച സഭയല്ല, യേശുവാണ് നമ്മുടെ ഗുരുവും മാർഗദർശിയും.
No comments:
Post a Comment