Translate

Friday, January 4, 2019

ദലിത് ക്രൈസ്തവര്‍ സഭയ്‌ക്കെതിരെ നിയമനടപടിയിലേക്ക്!

അഡ്വ. സി. ജെ. ജോസ് ഫോണ്‍: 729314434

(ചെയര്‍മാന്‍, ദലിത് ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ)

('സത്യജ്വാല' മാസിക - ഡിസംബർ 2018 ലക്കത്തിൽനിന്ന് )


ദ്വിമുഖ സ്വഭാവത്തോടും വളരെയധികം സങ്കീര്‍ണ്ണതകളോടുംകൂടിയതും പെട്ടെന്ന് പരിഹരിക്കപ്പെടുവാന്‍ സാധ്യമല്ലാത്തതുമായ ഒരു പ്രശ്‌നമാണ് ദലിത് ക്രൈസ്തവരുടേത്. ഒരു മതത്തിലും പെടാത്തവരും, എന്നാല്‍ ജാതിയുടെയും അടിമത്തത്തിന്റെയും പിടിയിലമര്‍ന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗത്തില്‍നിന്നു ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടവരാണ് ദലിത് ക്രൈസ്തവര്‍. ഒരു ഹൈന്ദവ പാരമ്പര്യമോ അനുഷ്ഠാനമോ ഇക്കൂട്ടര്‍ക്ക് അവകാശപ്പെടുവാനില്ല. ആയത് അടിച്ചേല്‍പ്പിക്കുവാനുമാകില്ല.
    ദലിത് ക്രൈസ്തവരുടെ ഇന്നത്തെ അവസ്ഥയിലേക്കുളള പരിണാമത്തിന്റെ നാള്‍വഴികള്‍ നിഷ്പക്ഷമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. 220 വര്‍ഷംമുമ്പ് പരാശരന്‍ എന്നയാള്‍ തഞ്ചാവൂരില്‍ വേദമാണിക്യമായി ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടതിനുശേഷം കേരളത്തില്‍ 1850 സെപ്റ്റംബര്‍ മാസം 8-ാം തീയതിയാണ് മല്ലപ്പളളിയില്‍ കൈപ്പറ്റയില്‍ ഏഴു പേര്‍ ക്രിസ്ത്യാനികളാക്കപ്പെട്ടത്. ഹാബേല്‍ എന്നായിരുന്നു അവരില്‍ പ്രമുഖന്റെ പേര്.
    ഹിന്ദുമതത്തിലേപ്പോലെതന്നെ ക്രൈസ്തവമതത്തിലും  ജാതിയും അയിത്തവും നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട കീഴാളജനതയ്ക്ക് നാമമാത്രമെങ്കിലുമായ മനുഷ്യാവകാശങ്ങള്‍ നല്‍കിപ്പോന്നു. വിമോചിക്കപ്പെട്ട അടിമകള്‍ക്ക് വഴിനടക്കുവാനുളള അവകാശവും അല്പമായ വിദ്യാഭ്യാസവും അവര്‍ നല്‍കി എന്നുളളത് ശ്രദ്ധേയമാണ്. എന്നാല്‍, ആഢ്യക്രൈസ്തവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് അതത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല.
    1936-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലൂടെ ഭരണഘടനാപരമായ ഒരു അസ്തിത്വവും ഒരു പൊതു നാമകരണവും, ഭരണഘടനാപദവിയും ഇവര്‍ക്കുണ്ടായി. ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദേശീയമായി നടന്ന സമരങ്ങളും 1932 സെപ്റ്റംബര്‍ 24-ലെ പൂനാകരാറും ഇതിന് ആക്കംകൂട്ടി. യഥാര്‍ത്ഥത്തില്‍ പൂനാ കരാറിലൂടെ ദേശീയമായി പട്ടികജാതിവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവകാശത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോള്‍ സമാനമായ ഒരു ഭരണഘടനാപരിഗണന ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട കീഴാളവിഭാഗത്തിനും ലഭിച്ചതാണ്. 1936-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലൂടെയാണ് 'ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍' എന്ന ഒരു പൊതുപേര് അവര്‍ക്കു ലഭിക്കുവാനിടയായത്.
    അങ്ങനെ പ്രസ്തുത ആക്ടിലൂടെ ഇന്‍ഡ്യന്‍ ക്രിസ്ത്യാനിയെ 'ന്യൂനപക്ഷമായി' കണക്കാക്കി ചില മേഖലകളില്‍ സംവരണം ലഭിക്കുകയുംചെയ്തു. ഇതാകുന്നു, ദലിത് ക്രൈസ്തവര്‍ക്കു ലഭിച്ച ഏറ്റവും ആദ്യത്തെ ഭരണഘടനാപദവിയും ഭരണഘടനാ അവകാശവും. ഇതു നേടിയെടുത്തതില്‍ ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എന്നു മാത്രവുമല്ല, ഈ സഭകള്‍ക്കത് അംഗീകരിക്കാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ ആംഗ്ലോ ഇന്‍ഡ്യന്‍സ്, റോമന്‍, ലാറ്റിന്‍, സിറിയന്‍ ക്രിസ്ത്യന്‍സ് എന്നീ വൈദേശികനാമങ്ങളിലറിയപ്പെടുവാന്‍ സഭയ്ക്ക് അന്നെത്തേപ്പോലെ ഇന്നും താല്‍പര്യവുമാണ്!
    വെളളക്കാരുടെ കൈകളില്‍നിന്ന് ഇന്ത്യയിലെ 'വെളളക്കാ'രുടെ  കൈകളിലേക്ക് ഇന്ത്യന്‍ ഭരണം കൈമാറിയപ്പോള്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയുന്നില്ല), ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ഭരണഘടനാനിര്‍മ്മാണസഭയില്‍ ദലിത് ക്രൈസ്തവരുടെ സവിശേഷപ്രശ്‌നം അവതരിപ്പിക്കുവാനോ സംവരണംപോലെയുളള അവകാശങ്ങള്‍ നേടിയെടുക്കുവാനോ ദലിത് ക്രൈസ്തവരെ പ്രതിനിധീകരിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
    ജാതി, അയിത്തം, തന്മൂലമുണ്ടായ സാമൂഹിക-വിദ്യാഭ്യാസപിന്നോക്കാവസ്ഥ എന്നിവയില്‍നിന്ന്  ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുളള ഒരു താത്കാലികസംവിധാനമായിരുന്നു സംവരണം. എന്നാല്‍, ഭരണഘടനാനിര്‍മ്മാണസഭയില്‍ ക്രൈസ്തവസഭയെ പ്രതിനിധീകരിച്ച സവര്‍ണ്ണക്രൈസ്തവര്‍, ക്രൈസ്തവസഭയില്‍ ജാതിയോ അയിത്തമോ തന്മൂലമുണ്ടായ പിന്നോക്കാവസ്ഥയോ ഇല്ലെന്നും,  ജാതിസംവരണം ആവശ്യമില്ലെന്നും, മതന്യൂനപക്ഷാവകാശമാണ് വേണ്ടതെന്നും വാദിച്ചു. അത് അംഗീകരിക്കപ്പെട്ടു. ഇപ്രകാരമാണ് ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 30 (1) പ്രകാരം, ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് മതന്യൂനപക്ഷാവകാശം എന്ന ഭരണഘടനാപരിരക്ഷ ലഭിച്ചത്.
    ഇങ്ങനെ, ക്രൈസ്തവ ദലിതര്‍ക്ക്  'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പേരില്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ന്യുനപക്ഷപദവി ഇല്ലാതാകുകയും തങ്ങളുടെ പൊതുപേരും പദവിയും അവകാശങ്ങളും നഷ്ടപ്പെടുകയും ചെയ്തു. ക്രൈസ്തവ സവര്‍ണ്ണസഭാനേതൃത്വം ദലിത് ക്രൈസ്തവരോടുചെയ്ത ഏറ്റവും വലിയ കൊടുംചതി ഇതായിരുന്നു. ഇതിനു മുന്‍കൈ എടുത്തത് കത്തോലിക്കാസഭയായിരുന്നു.
    1950 ആഗസ്റ്റ് 10-ലെ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ. രാജേന്ദ്രപ്രസാദിന്റെ കുപ്രസിദ്ധമായ പട്ടികജാതി ഉത്തരവിലൂടെ, ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയപൗരാവകാശം തകര്‍ത്തെറിയപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ മൂന്നാം ഖണ്ഡിക പറയുന്നു:  'No person who professes a religion which is different from Hinduism shall be deemed to be a member of scheduled caste''. അങ്ങനെ ഭരണകൂടവും ദലിത് ക്രൈസ്തവരെ വഞ്ചിച്ചു.
    ചുരുക്കത്തില്‍, സഭയാലും ഭരണകൂടത്താലും വഞ്ചിക്കപ്പെട്ട് ചെകുത്താനും  കടലിനും  ഇടയ്ക്ക് അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമാണ് ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍.
    1950 ആഗസ്റ്റ് മാസം 28-ാം തീയതിമുതല്‍ ഇന്നുവരെ 'ദലിത് ക്രൈസ്തവരെ' പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ഭരണഘടനാവിരുദ്ധമായ ഒരൊറ്റ മുദ്രാവാക്യം ഉയര്‍ത്തി ദലിത് ക്രൈസ്തവരും ചിലപ്പോഴൊക്കെ സഭയും സമരരംഗത്തുവന്നുകൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ സഭയ്ക്കുപുറത്ത് ദലിത് ക്രൈസ്തവസംവരണസമരം ഉയര്‍ന്നുവരുന്നുവോ അപ്പോഴൊക്കെ സഭയും സമരവുമായി വരും!
    കത്തോലിക്കാസഭയില്‍, സി.ബി.സി.ഐ.-യുടെ കണക്കനുസരിച്ച് ആകെ ഒരു കോടി തൊണ്ണൂറുലക്ഷം, അംഗങ്ങളുളളതില്‍ ഒരു കോടി ഇരുപതുലക്ഷം അംഗങ്ങളും ദലിത് കത്തോലിക്കരാണ്. അങ്ങനെയെങ്കില്‍, കത്തോലിക്കാസഭയുടെ സ്വത്തുഭരണത്തില്‍ എല്ലാ മേഖകളിലും ദലിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കിയേ മതിയാകൂ.  ഈ ജനതയോട് അനീതി കാണിക്കുന്നു എന്നു മനസ്സിലാക്കിയ സഭ 'നീതിയുടെ ഞായര്‍' (ജസ്റ്റീസ് സണ്‍ഡേ) വര്‍ഷാവര്‍ഷം ആഘോഷിക്കുകയും പൊളളയായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
    C.B.C.I-യും K.C.B.C-യും സഭയുടെ എല്ലാ തലങ്ങളിലും ദലിത് ക്രൈസ്തവര്‍ക്ക് 30% പ്രാതിനിധ്യം നല്‍കാമെന്ന് പതിറ്റാണ്ടുകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അതു നടപ്പാക്കിക്കിട്ടിയാല്‍ ക്രൈസ്തവ ദലിതര്‍ തല്‍ക്കാലം സംതൃപ്തരാകും.
    ദലിത് ക്രൈസ്തവ ശാക്തീകരണത്തിനായി സി.ബി.സി.ഐ. പുറത്തിറക്കിയതും വിവിധ രൂപതകളോട് നടപ്പാക്കുവാന്‍ ആവശ്യപ്പെട്ടതുമായ നയരേഖ ഉടന്‍ നടപ്പാക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലായെങ്കില്‍, സംഘടനാപരവും നിയമപരവുമായ നടപടികളിലേക്ക് 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' നീങ്ങുകയാണ്.

No comments:

Post a Comment