Translate

Wednesday, January 2, 2019

ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും പുസ്തകപ്രകാശനങ്ങളും



ഡിസംബര്‍ 28-ന് ഇടമറ്റം ഓശാനമൗണ്ടില്‍ വച്ചു കെ സി ആര്‍ എം നടത്തിയ അനുസ്മരണം പ്രസിഡന്റ് പ്രൊഫ പി.സി ദേവസ്യായുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് ആരംഭിച്ചു. പ്രൊഫസര്‍ ജോസഫ് വര്‍ഗീസ് (ഇപ്പന്‍) മുഖ്യപ്രഭാഷകന്‍ ആയി. പുലിക്കുന്നേല്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തെ ദീര്‍ഘകാലത്തിനുശേഷംമാത്രം വിളവെടുക്കാനാവുന്ന ചന്ദനക്കൃഷിയോടായിരുന്നു ഉപമിച്ചിരുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ അത്രയൊന്നും കാത്തിരിക്കേണ്ടാത്തവിധത്തിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സഭാധികാരികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയസമരങ്ങള്‍ ചര്‍ച്ച്ആക്ട് എന്ന അദ്ദേഹത്തിന്റെ സ്വപ്നം കൂടുതല്‍ വേഗം നടപ്പിലാക്കാന്‍ ഇടയാക്കുന്ന സ്ഥിതിയാണ് ഉളവാക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. 
തുടര്‍ന്ന് പുലിക്കുന്നേല്‍സാറിന്റെ മകള്‍ ശ്രീമതി റെനീമ അശോക് ആണ് സംസാരിച്ചത്.  ഓശാനമൗണ്ടിലുണ്ടായിരുന്ന കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ സംവിധാനം പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന്റെ വിടവാങ്ങലിന്റെ വാര്‍ഷികം ആചരിക്കുന്നത്. എന്നാല്‍  സാറിന്റെ ആശയങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായവര്‍ ഈ സ്ഥാപനങ്ങളില്‍ ഇല്ല. അതിനാല്‍ ആ ആശയങ്ങളോട് പ്രതിജ്ഞാബദ്ധരായ കെ സി ആര്‍ എം ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാനമൗണ്ട് ഏതവസരത്തിലും ഉപയോഗിക്കാവുന്നതാണെന്ന് അവര്‍ വ്യക്തമാക്കി.


ഇവിടെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്ഓഫ് ക്രിസ്റ്റ്യന്‍ സ്റ്റഡീസ് സജീവമാക്കാന്‍ ഓശാന സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ അദ്ദേഹത്തിന്റെ ആശയശിഷ്യരെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍  എളുപ്പമാകുമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ വളര്‍ന്നുപടരാന്‍ പറ്റിയ ഒരിടമായി ഓശാനമൗണ്ട് മാറുമെന്നുമാണ് ശ്രീമതി റെനീമയുടെ വാഗ്ദാനത്തോട് സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ പ്രതികരിച്ചത്.
മറിയക്കുട്ടി കൊലക്കേസ് പ്രതിയായ ഫാദര്‍ ബെനഡിക്ടിനെ ന്യായീകരിക്കാന്‍ ഫാ. എം. ജെ. കളപ്പുരയ്ക്കല്‍ രചിച്ച 'അഗ്നിശുദ്ധി' എന്ന പുസ്തകത്തിലെ തന്റെ പിതാവിനെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള തന്റെ ശ്രമത്തിന് പുലിക്കുന്നേല്‍സാര്‍ നല്കിയ വ്യക്തമായ മാര്‍ഗനിര്‍ദേശത്തെ ശ്രീ. എം. പി. ജേക്കബ് മണിമലേത്ത് നന്ദിപൂര്‍വം അനുസ്മരിച്ചു. 
സര്‍വശ്രീ ലൂക്കോസ് മാത്യു, ജോസ് ചെമ്പന്‍തൊട്ടി, ജോഷി പോള്‍, ജോയി കളരിക്കല്‍, എന്‍. ടി. പോള്‍ ശ്രീമതി വി. കെ. അന്നമ്മ മുതലായവരും ശ്രീ. പുലിക്കുന്നേലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. 


തുടര്‍ന്ന് ശ്രീ. ജെ.പി. ചാലി വിവര്‍ത്തനംചെയ്ത 'ദൈവനാമത്തില്‍' എന്ന സുപ്രസിദ്ധഗ്രന്ഥം ശ്രീ. കെ. കെ. ജോസും ശ്രീ. പി. കെ മാത്യു ഏറ്റുമാനൂരിന്റെ 'പാപ്പായുടെ പരസ്യകുമ്പസാരവും പറയാത്ത ചരിത്രസത്യങ്ങളും' എന്ന പുസ്തകം പ്രൊഫ. എം. കെ. മാത്യുവും ശ്രീ. പുലിക്കുന്നേലിനെ സമുചിതമായി സ്മരിച്ചശേഷം പരിചയപ്പെടുത്തുകയും പ്രകാശിപ്പിക്കുകയും ചെയ്തു. 

ഉച്ചയ്ക്കുശേഷം ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനംചെയ്തു. സ്വാമി അഗ്നിവേശ് സ്മാരകപ്രഭാഷണം നടത്തി. രണ്ടു പേരും പൗരോഹിത്യാധിപത്യത്തിനെതിരെ എല്ലാ മതങ്ങളിലും നവീകരണങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകതയും പുലിക്കുന്നേലിന്റെ മാതൃകയുടെ പ്രസക്തിയും ഊന്നിപ്പറഞ്ഞു. പതിനെട്ടുവയസ്സിനുമുമ്പ് ഓരോ കുട്ടിയും താന്‍ പിറന്നുവീണ കുടുംബത്തിലെ എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്നത് രാജ്യത്ത് മതമൗലികവാദങ്ങളും ഇതരമതസ്പര്‍ധയും വളര്‍ന്നുവരുന്നതിന് ഒരു മുഖ്യകാരണമാണെന്നും അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓരോ കുടുംബത്തിലും തുടങ്ങിയാലേ ഓരോ മതവിശ്വാസിയും യഥാര്‍ഥ മതാനുഭവത്തിലേക്കു നയിക്കപ്പെടുകയും യഥാര്‍ഥ മതസൗഹാര്‍ദ്ദം സമൂഹത്തില്‍ വളരുകയും ചെയ്യുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണത്തോടൊപ്പം ശ്രീ. പുലിക്കുന്നേലിന്റെ ഒരു ലേഖനസമാഹാരവും അദ്ദേഹത്തെപ്പറ്റിയുള്ള സഹപ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സ്മരണകളടങ്ങുന്ന ഒരു സ്മരണികയും പ്രസിദ്ധീകരിക്കുകയുണ്ടായി.

No comments:

Post a Comment