ജോര്ജ് മൂലേച്ചാലില്‍ (ഫോണ്‍: 9497088904)
ഇടയലേഖനം
കത്തിച്ച KCRM പോലുള്ള 'ഈര്‍ക്കിലി സംഘടന'കളെ പരിഹസിച്ച് 'മറുനാടന്‍
മലയാളി'യില്‍ വന്ന വാര്‍ത്താക്കുറിപ്പുകണ്ടു. ദശലക്ഷങ്ങള്‍ അംഗങ്ങളായുള്ള
ഒരു സമൂഹത്തിലെ അമ്പതോ അമ്പത്തഞ്ചോ പേര്‍ മാത്രമുള്ള മെത്രാന്മാരുടെ ഒരു
ഈര്‍ക്കിലി സംഘടന ആ സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന
ഏകപക്ഷീയതീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്ന രാജകീയ
സമ്പ്രദായത്തിനെതിരെ കണ്ണടച്ചുകൊണ്ട്, അതിലെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ
നീതിബോധത്തിന്റെമാത്രം ബലത്തില്‍ സാഹസികമായി പ്രതികരിക്കാന്‍ തയ്യാറാകുന്ന
ചെറിയൊരു സംഘത്തെ (ആറു പേരായിരുന്നില്ല, 16 പേരാണുണ്ടായിരുന്നത്)
പരിഹസിക്കുന്ന 'മറുനാടന്‍ മലയാളി' അതാര്‍ജിച്ചെടുത്ത ആദര്‍ശമുഖം സ്വയം
നഷ്ടപ്പെടുത്തിയിരിക്കന്നു എന്നാണ് ആദ്യമേ പറയാന്‍ തോന്നുന്നത്.
തുടര്‍ന്നുവന്ന ചില പ്രതികരണങ്ങളില്‍നിന്ന്, നവീകരണരംഗത്തെ ചില പ്രമുഖരുടെ
മനോവീര്യം കെടുത്താനും 'മറുനാടന്‍ മലയാളി'ക്കു കഴിഞ്ഞു എന്നു
മനസ്സിലാക്കുന്നു.
'മറുനാടന്‍ മലയാളി' പരിഹസിക്കുന്ന അതേ
'ഈര്‍ക്കില്‍ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും
തുടക്കംകുറിച്ചതെന്നോര്‍ക്കുക. അന്നും പതിനഞ്ചോ പതിനാറോ പേരേ
നിരാഹാരസമരപ്പന്തലില്‍ ആദ്യം ഉണ്ടായിരുന്നുള്ളു. എങ്കിലും, കുറഞ്ഞത്
രണ്ടാഴ്ചത്തെ നിരാഹാരസമരം KCRM
പ്ലാന്‍
ചെയ്തിരുന്നു. കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തുമെന്നറിയുന് നതിനു
മുമ്പായിരുന്നു, ഈപ്ലാനിംഗ്. കന്യാസ്ത്രീകള്‍ വന്നതാണ് സമരത്തെ
വിജയിപ്പിച്ച പ്രധാനഘടകം എന്നു സമ്മതിക്കുമ്പോഴും, അതിന് അരങ്ങൊരുക്കിയത് ഈ
'ഈര്‍ക്കില്‍ സംഘടന'കളുടെ നീതിബോധവും നിശ്ചയദാര്‍ഢ്യവുമായിരുന്നു എന്ന
കാര്യം ആരും, 'മറുനാടന്‍ മലയാളി'യും, മറക്കാന്‍ പാടില്ല.
സാമൂഹികമാറ്റത്തിനായി
പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും, ഒരു കാലത്തും,
ആള്‍ക്കൂട്ടപ്രസ്ഥാനങ്ങളല്ല എന്ന വസ്തുത 'മറുനാടന്‍ മലയാളി'മാത്രമല്ല,
തങ്ങളുടെ പ്രതികരണപരിപാടിക്ക് ആള്‍ക്കാര്‍ കുറഞ്ഞുപോയല്ലോ എന്നു
പരിതപിച്ച്, രംഗത്തുനിന്നു പിന്മാറാന്‍ നോക്കുന്ന സഭാനവീകരണരംഗത്തെ
പ്രവര്‍ത്തകരും അറിഞ്ഞിരിക്കണം. യേശുവിനേക്കൂടി ഉള്‍പ്പെടുത്തിയാല്‍ വെറും
13 പേരുടെ ഒരു 'ഈര്‍ക്കിലിസംഘ'മായിരുന്നില്ലേ അദ്ദേഹത്തിന്റേതും എന്നും
ഇവിടെ ഓര്‍ക്കാം. പുളിമാവിന്റെ അളവിലല്ല വീര്യത്തിലാണു കാര്യം. സത്യബോധവും
നിശ്ചയദാര്‍ഢ്യവുമുള്ള ഒരൊറ്റയാള്‍ക്കുപോലും ലോകത്തെ
മാറ്റിമറിക്കാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അപ്പോള്‍, അത്തരം ആറു
പേരോ 16 പേരോ ഉണ്ടായാല്‍ത്തന്നെ അതു സമൂഹത്തിന് അനുഗ്രഹമാണ്.
അധികാരത്തിന്റെയും സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും
കോട്ടക്കൊത്തളങ്ങളുയര്‍ത്തി, ലക്ഷക്കണക്കിന് പുരോഹിതഭടന്മാരെ അണിനിരത്തി,
ഭീഷണമായി നില്‍ക്കുന്ന ഒരു മതസംവിധാനത്തിനുള്ളില്‍ അതിനെതിരെ ചിന്തിക്കാനും
സാഹസികമായി പ്രതികരിക്കാനും 10-15 പേരെങ്കിലുമുണ്ടെങ്കില്‍ അതൊരു
നിസ്സാരകാര്യമല്ലതന്നെ. അതിലൊരാളും, പിന്നിലേക്കു നോക്കി അണികളില്ലല്ലോ
എന്നു പരിതപിക്കുകയല്ല; മറിച്ച് അതിലൊരാളായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.
സാഹസികത
ആവശ്യമായ ഘട്ടങ്ങളില്‍, ഓശാനപാടിയവരും പിന്മാറി 'അവനെ ക്രൂശിക്കുക' എന്ന്
ആക്രോശിക്കും. അത് ആള്‍ക്കൂട്ടമനശ്ശാസ്ത്രം. എന്നാല്‍ 'മറുനാടന്‍ മലയാളി'
പോലുള്ള ഒരു മാധ്യമം ഇത്തരം ആള്ക്കൂട്ടമനശ്ശാസ്ത്രത്തിനൊപ് പം
ചാഞ്ചാടാമോ? എങ്കില്‍, കന്യാസ്ത്രീസമരത്തെ പിന്തുണയ്ക്കാന്‍ 'മറുനാടന്‍
മലയാളി' തയ്യാറായത്, കന്യാസ്ത്രീകളും 'എസ്.ഒ.എസ് ആക്ഷന്‍ കൗണ്‍സി'ലും
ഉയര്‍ത്തിയ ചോദ്യങ്ങളിലെ ധാര്‍മ്മികനിലപാടു കണ്ടിട്ടല്ല; മറിച്ച്,
ആസമരത്തിനു ലഭിച്ച ബഹുജനപിന്തുണ കണ്ടിട്ടുമാത്രമായിരുന്നു എന്നുവരില്ലേ?
ധര്‍മ്മനിഷ്ഠര്‍ക്ക്
ഇടതും വലതും നോക്കാതെയുള്ള സ്വധര്‍മ്മനിര്‍വ്വഹണത്തിലാണ് നിഷ്ഠ.
കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം. എങ്കിലും, അടിപതറാതെ അവര്‍
മുന്നോട്ടുനീങ്ങും. അത്തരം പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ മാതൃകയായി
നിലകൊള്ളുന്നത്. സജ്ജനങ്ങള്‍ അതേറ്റെടുത്ത് വ്യാപകമാക്കുകയും ചെയ്യും.
സഭാധികൃതരുടെ അഴിമതികള്‍ക്കും അധാര്‍മ്മിതകള്‍ക്കുമെതിരെ
പ്രതികരിക്കുന്നവരുടെ കണ്ണിലെ കരടെടുക്കാനെന്ന വ്യാജേന, ശിക്ഷണനടപടികളുടെ
കുറിപ്പടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കണ്ണില്‍ക്കിടക്കുന്ന
തടികള്‍ കാണുന്നവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹവും പൊതുസമൂഹവും.
അതുകൊണ്ടുതന്നെ, ഇന്‍ക്വിസിഷന്‍ മനോഭാവത്തോടെ രൂപംകൊടുത്ത ഈ ഇടയലേഖനം
പള്ളികളില്‍ വായിച്ചുടനെ മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസിനുമുമ്പില്‍
കത്തിച്ചുചാമ്പലാക്കിയ കെ.സി.ആര്‍.എം നടപടി വിശ്വാസിസമൂഹം ഒരു മാതൃകയായി
സ്വീകരിച്ച് വ്യാപകമാക്കുകതന്നെചെയ്യും. രൂപതാ ആസ്ഥാനങ്ങളും ടൗണുകളും
കേന്ദ്രീകരിച്ച് വിശ്വാസി സമൂഹംതന്നെ ഈ ഇടയലേഖനം കത്തിക്കുന്നത് എല്ലാ
മലയാളികളും 'മറുനാടന്‍ മലയാളി'കളും കാണാന്‍ പോകുന്നതേയുള്ളു.
No comments:
Post a Comment