യോഗാചാര്യ എന്‍. പി. ആന്റണി
ആദ്യഭാഗം ഈ ലിങ്കില്‍നിന്ന് വായിക്കാം:
https://almayasabdam.blogspot.com/2018/12/blog-post_13.html
https://almayasabdam.blogspot.com/2018/12/blog-post_13.html
പുസ്തകം വാങ്ങാന്‍
ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : 9495780269
ഒന്നും രണ്ടും പടികള്‍ ശരിയായി മനസ്സിലാക്കാതെയും
ശീലിക്കാതെയും നേരെ മൂന്നാമത്തെ പടിയിലേയ്ക്ക് ചാടിക്കയറുന്നവരാണ് ഇന്നു
കാണുന്നത്. അവര്‍ മൂന്നാമത്തെ പടിയില്‍
മാത്രം ഇരിക്കുന്നവരാണ് അവര്‍ക്ക് ഒരു പടി മാത്രം മതി. അവര്‍ മുകളിലെ പടികളിലേക്ക് നോക്കാനോ താഴെയുള്ള
പടിയിലേക്ക് നോക്കാനോ തയ്യാറല്ല. എന്നാല്‍
ആസനങ്ങള്‍ കഴിഞ്ഞുള്ള മേലോട്ടുള്ള പടികളാണ് ആത്മീയ ഉണര്‍വിലേക്കുള്ള പടികള്‍. ഈ
പടികളിലൂടെ കടന്നുപോകുമ്പോഴാണ് ലോകത്തിലേക്കു വന്ന എല്ലാ പ്രവാചകരും, സത്യാന്വേഷികളും
യേശുദേവനും പറഞ്ഞ സന്ദേശങ്ങളുടെ പൊരുള്‍ ശരിയായി മനസ്സിലാവുകയുള്ളു.
''അങ്ങനെയെങ്കില്‍ ക്രിസ്ത്യാനി യോഗ പരിശീലിക്കരുത് എന്നു പറയുന്നതെന്തിനാണ്?''
അങ്ങനെ പറയുന്നുണ്ടോ? എനിക്ക്
തോന്നുന്നില്ല. സത്യം അറിയുവാന്‍
ആഗ്രഹിക്കുന്നവര്‍ അങ്ങിനെ പറയുമെന്ന് കരുതുന്നില്ല.
''സൂര്യനമസ്‌കാരം ക്രിസ്ത്യാനികള്‍ ശീലിക്കരുത്രെ. പ്രത്യേകിച്ച് അതിലെ മന്ത്രങ്ങള്‍ ചൊല്ലുന്നത് പാപമാണത്രേ.''
വസ്തുതകള്‍ ശരിയായി മനസ്സിലാക്കുകയോ പഠിക്കുകയോ
ചെയ്യാത്തതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്. പണ്ട് സത്യങ്ങള്‍ പറഞ്ഞ ശാസ്ത്രജ്ഞന്മാരെ
സഭാധികാരികള്‍ വകവരുത്തിയിട്ടുണ്ട്. അവര്‍ സത്യം തിരിച്ചറിയാന്‍ വൈകിപ്പോയി. ഇന്ന്
സത്യം തിരിച്ചറിഞ്ഞ സഭാധികാരികള്‍ അതിന് മാപ്പു പറയുന്നുണ്ട്.
അവിദ്യയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് യോഗശാസ്ത്രം
പറയുന്നത് എത്ര ശരിയാണ്!
''അവിദ്യ എന്നാല്‍ എന്താണ്?''
അജ്ഞതയെ അഥവാ അറിവില്ലായ്മയെ (ignorance) യാണ് അവിദ്യ എന്നു
പറയുന്നത്. അറിവ് ആനന്ദമാണ്; അജ്ഞത ദു:ഖമാണ്. ഒരു വ്യക്തി നേടേണ്ടത്
ആനന്ദമാണ്. ആനന്ദം അറിവിലൂടെ മാത്രമേ ലഭിക്കുകയുള്ളു. അറിവ് സത്യമാണ്. സത്യം
അറിയുമ്പോഴേ നാം അസത്യത്തില്‍നിന്നു സ്വതന്ത്രരാകൂ. ബൈബിളിലൂടെ യേശുദേവന്‍ നമ്മോട്
പറയുന്നത് സത്യം അറിഞ്ഞ് സ്വതന്ത്രരാകാനാണ്. അങ്ങനെയെങ്കില്‍ നാം സത്യം അറിയുകയും
സ്വതന്ത്രരാവുകയും വേണ്ടേ?
''വേണം. തീര്‍ച്ചയായും വേണം.''
എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഏകനായ ഈശ്വരനിലേയ്ക്ക്
നയിക്കുന്നതാണെന്നതില്‍ ആര്‍ക്കും തന്നെ സംശയം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതിലെ പരമമായ സത്യം അറിയാതെ അനേകം കുഴപ്പങ്ങള്‍ക്കും
ശത്രുതയ്ക്കും വഴിവെക്കുന്നു. എന്റേത്
മാത്രം ശരി. നിങ്ങളുടേത് തെറ്റ് എന്നു
പറഞ്ഞ് നാം മല്‍സരിക്കുന്നു. ഇതിന് കാരണം
നേരത്തെ പറഞ്ഞ അവിദ്യയാണ്.
ലളിതാസഹസ്രനാമത്തില്‍ ആയിരം മന്ത്രങ്ങളെക്കൊണ്ട് ദേവിയെ
സ്തുതിക്കുന്നുണ്ട്. ക്രൈസ്തവരുടെ
മാതാവിന്റെ ലുത്തിനിയയില്‍ അനേകം മന്ത്രങ്ങള്‍ക്കൊണ്ട് മാതാവിനെ സ്തുതിക്കുന്നു.
സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇതെല്ലാം ഒരേ സത്യത്തിലേക്ക്
നയിക്കുന്നതാണെന്ന് കാണാന്‍ കഴിയും.
എന്നാല്‍ മതവിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ രണ്ടും രണ്ടായി തോന്നും.
''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?
''വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പൂര്‍ണമായും വായിച്ചിട്ടില്ല എന്നു പറയുന്നതാണ് ശരി.''
അവിടെയാണ് നമ്മുടെ കുഴപ്പം. ക്രിസ്തുമതത്തില്‍
വിശ്വസിക്കുന്ന ഒരാള്‍ എന്തായാലും ബൈബിള്‍ വായിക്കുകയും പഠിക്കുകയും വേണം. നിങ്ങള്‍
ഒരു സത്യാന്വേഷിയാണെങ്കില്‍ എല്ലാ മതങ്ങളും പറയുന്നത് എന്താണ് എന്നു പഠിക്കണം.
ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നാമധ്യായം 2-ാം വാക്യം
പറയുന്നത് ഇപ്രകാരമാണ്. 'ദൈവത്തിന്റെ
ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു'
'ഓം നമോ നാരായണ' എന്നത് ഹൈന്ദവരുടെ
ഒരു മന്ത്രമായിട്ടാണ് നാം ഇന്ന് കാണുന്നത്. 'ഓം', അ ഉ അം എന്നീ മൂന്നു സ്വരങ്ങള്‍
ചേര്‍ന്ന ഒരു പ്രതീകമാണ്. ആ സ്വരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ നമ്മുടെ വായുടെ സ്ഥിതി
എങ്ങനെയാണെന്ന് നോക്കുക. 'അ' എന്നു പറയുമ്പോള്‍ വായ് മുഴുവന്‍ തുറന്നിരിക്കുന്നു.
ഉണര്‍ന്നിരിക്കുന്ന അവസ്ഥയുടെ പ്രതീകമാണത്. 'ഉ' എന്നു പറയുമ്പോള്‍ വായ് പകുതിയേ
തുറന്നിട്ടുള്ളു. അത് സ്വപ്നത്തിന്റെ പ്രതീകമാണ്. 'അം' എന്നു പറയുമ്പോള്‍ വായ്
മുഴുവന്‍ അടഞ്ഞിരിക്കുന്നു. ഉറക്കത്തിന്റെ പ്രതീകം. ഉറങ്ങുമ്പോള്‍ ലോകമേ ഇല്ല എന്ന
അനുഭവമാണ്. എന്നാല്‍ ഉണര്‍ന്നാല്‍ ഒരു വിത്തില്‍നിന്ന് ഒരു മരം ഉണ്ടാകുന്നതുപോലെ
നമ്മുടെ ഓര്‍മയില്‍നിന്ന് പഴയ അനുഭവങ്ങളെല്ലാം ഉണര്‍ന്നുവരും. ഓം എന്ന്
ഉച്ചരിച്ചുകഴിഞ്ഞാലുള്ള നിശ്ശബ്ദത മേല്പറഞ്ഞ മൂന്നു ബോധാവസ്ഥകള്‍ക്കും ഇടം
നല്കുന്ന ശുദ്ധബോധത്തിന്റെ പ്രതീകമാണ്.
നമ്മുടെ അനുഭവങ്ങളെല്ലാം ബോധത്തിന്റെ ഈ നാലവസ്ഥകളില്‍
ഒതുങ്ങും. 'ഓം' എന്ന സ്വരം സൃഷ്ടിയിലെ ആദ്യ മന്ത്രമായ പ്രണവമാണ് എന്നു പറയുമ്പോള്‍
നമ്മുടെ അനുഭവത്തിലെ ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും സമാധിയും പ്രതീകാത്മകമായി
ഒതുക്കാവുന്ന ഒരു മന്ത്രമാണത് എന്നു മനസ്സിലാക്കണം. മന്ത്രം എന്നതിന് മനനം ചെയ്ത്
മനസ്സിലാക്കേണ്ടത് എന്നാണര്‍ഥം.
നമോ എന്നതിന് നമിക്കുന്നു എന്നര്‍ഥം. നാരായണന്‍ എന്നാല്‍
നാരം + അയനം (നാരം = ജലം, അയനം
= ചലിക്കുക.) അപ്പോള്‍ നമോ നാരായണ എന്നതിന്റെ അര്‍ഥം ജലത്തില്‍
ചലിച്ചുകൊണ്ടിരിക്കുന്ന ചൈതന്യത്തെ നമസ്‌കരിക്കുന്നു എന്നാണ്.
ഖുറാനില്‍ പറയുന്നു.''വകാന അര്‍ശുഹു അലന്‍ മാ അ്
''. ഇതിന്റെ അര്‍ഥം
ഈശ്വരന്റെ സിംഹാസനം വെള്ളത്തിന്‍മീതെ ആകുന്നു എന്നാണ്. ജലത്തില്‍ ഈശ്വരചൈതന്യം നിലനില്‍ക്കുന്നുവെന്ന്
മൂന്ന് മതങ്ങളും പറയുന്നു.
ഇതുപോലെതന്നെയാണ് മന്ത്രങ്ങളും. അടിസ്ഥാനപരമായി ഒരേ പൊരുളിലേക്കാണ് അവ
ചെല്ലുന്നത്.
സൂര്യന്‍ സൃഷ്ടിയാണെങ്കിലും അതിലെ മന്ത്രങ്ങള്‍
സൃഷ്ടാവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.
അതിനാല്‍ സൂര്യനെ കീര്‍ത്തിക്കുന്ന മന്ത്രങ്ങള്‍ ചൊല്ലി എന്നതുകൊണ്ട് പാപം
ബാധിക്കും എന്ന് കരുതേണ്ടതില്ല.
ഞാന്‍ ചിത്രകല പഠിച്ചിരുന്ന കാലത്തെ ഒരു അനുഭവം പറയാം. എന്റെ
നാട്ടിലെ കാര്‍മല്‍ വെല്‍ഫെയര്‍ സെന്ററിന്റെ ഡയറക്ടറച്ചന്‍ വിദേശത്തേക്ക്
അയയ്ക്കാന്‍ പുല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള മാറ്റില്‍ കഥകളിയുടെ ചിത്രങ്ങള്‍
വരയ്ക്കാന്‍ എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അവ
വരച്ച് പെയിന്റ് ചെയ്ത് മുറ്റത്ത് ഉണങ്ങുവാന്‍ നിരത്തി ഇട്ടു. ഇത് കണ്ട് എന്റെ അപ്പന്‍ എന്നോട് 'ആര്‍ക്കാടാ
ഈ കഥകളിയുടെ ചിത്രങ്ങള്‍' എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു. ''നമ്മുടെ പള്ളീലെ അച്ചന്
വേണ്ടിയാണ്.''
അപ്പോള്‍ അപ്പന്‍ പറഞ്ഞ മറുപടി എന്നെ
ഞെട്ടിപ്പിക്കുന്നതായിരുന്നു.
'ഞങ്ങളുടെ കുട്ടിക്കാലത്ത് കഥകളി ക്രിസ്ത്യാനികള്‍
കാണുന്നത് പാപമായിരുന്നു. കണ്ടാല്‍ കുമ്പസാരിക്കുമ്പോള്‍ പറയണമായിരുന്നു.
പ്രായശ്ചിത്തമായി കുരിശുപിടിച്ചുവരെ കുര്‍ബ്ബാന കാണിച്ചിരുന്നു. കാലം പോയ പോക്കേ.....ഇപ്പോള്‍ അച്ചന്‍
നിന്നെക്കൊണ്ട് ഇത് വരപ്പിക്കുന്നു.'
എന്റെ അപ്പന്‍ ഇതു പറഞ്ഞപ്പോള്‍ അജ്ഞതയില്‍ കഴിഞ്ഞിരുന്ന ആ
പഴയകാലസമൂഹത്തെ ഓര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവിദ്യയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും
കാരണമായി വര്‍ത്തിക്കുന്നതെന്ന് യോഗശാസ്ത്രം പറയുന്നത് എത്ര ശരിയാണ്.
''അങ്ങനെയെങ്കില്‍ സര്യനമസ്‌ക്കാരം ചെയ്യാമല്ലോ?''
എന്താ ഇത്ര സംശയം? ധൈര്യപൂര്‍വം ചെയ്യാം.
മന്ത്രങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അതും ചൊല്ലാം. നിങ്ങളുടെ
വിശ്വാസം നിങ്ങളെ രക്ഷിക്കും.
(തുടരും)
No comments:
Post a Comment