ഏറെ കാലങ്ങളായി സീറോ മലബാർ സഭയിലെ കുറെ മെത്രാന്മാരും
വൈദികരും നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടത്തെ പ്രവാചക ദൃഷ്ട്യാ കണ്ടുകൊണ്ട്
തങ്ങളുടെ നിലനില്‌പിനെത്തന്നെ ബലിയർപ്പിച്ച് നടത്തുന്ന സമരത്തെ വക്രീകരിച്ചു
സഭാനിയമമെന്ന ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്ന കാലം മാറിപ്പോയെന്ന് സഭാധികാരികൾ
തിരിച്ചറിയണം. ഇത് ത്രെന്തോസ് സൂനഹദോസിന് മുമ്പുള്ള കാലമല്ല. ഇത് ഇരുപത്തൊന്നാം
നൂറ്റാണ്ടാണ്. വസ്‌തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത് സഭാധികാരമാണ്.
വിശ്വാസത്തിനോ വിശ്വാസിക്കോ എതിരായോ കോട്ടം തട്ടുന്നതോ ആയ ഒന്നും വട്ടോളിയച്ചനോ
ലൂസി സിസ്‌റ്ററോ ചെയ്തിട്ടില്ല.
ലൈംഗികാതിക്രമങ്ങളിലും സാമ്പത്തിക തിരിമറികളിലും കവർച്ചാസംസ്‌കാരത്തിലും
ഇടപെടുന്നവരെ ന്യായീകരിക്കുന്നതിൻറെ പിന്നിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്.
നസ്രാണി സമുദായത്തെ ഇല്ലാതാക്കാനുള്ള നിലപാടാണ് മെത്രാന്മാരുടെ കവർച്ചാസംസ്‌കാരം.
ഫ്രാങ്കോ മെത്രാൻറെ ലൈംഗിക അതിക്രമ വിഷയത്തിൽ പല
മെത്രാന്മാരും വിവാദ പ്രസ്‌താവനകൾ നടത്തി. ആ മെത്രാന്മാർ വേട്ടക്കാരനെ
അനുകൂലിക്കുകയും നീതിക്കുവേണ്ടി സമരം ചെയ്‌ത ഇരയെ അപമാനിക്കുകയും ഇരയുടെ കൂടെ
നിന്നവരെ വിരട്ടുകയും ചെയ്‌തത് തികച്ചും അക്രൈസ്‌തവവും അപലപനീയവുമാണ്. ഫ്രാങ്കോയ്‌ക്കെതിരെ
കന്ന്യാസ്ത്രികൾ നടത്തിയ സമരത്തിൽ പങ്കെടുത്തു - നീതിയുടെ പക്ഷത്തുനിന്നു - എന്ന ഒറ്റ കാരണത്താൽ
വട്ടോളിയച്ചനെയും ലൂസിസിസ്‌റ്ററെയും നല്ലപാഠം പഠിപ്പിക്കാനാണ് സഭാധികാരത്തിൻറെ
ഭാവമെങ്കിൽ ആ അടുപ്പിൽ ഈ കഞ്ഞി വേവുകയില്ലെന്ന് സഭാധികാരത്തെ കെ സി ആർ എം നോർത്
അമേരിക്ക ബോധ്യപ്പെടുത്തുകയാണ്. സഭാധികാരത്തിൻറെ നീതിയില്ലായ്‌മക്കെതിരായി ശബ്‌ദിക്കുന്ന
വൈദികരെയും കന്ന്യാസ്ത്രികളെയും നിശ്ശബ്ദരാക്കാനാണ് ഉദ്ദേശമെങ്കിൽ മീ ടു വിൻറെ
സുനാമിയെ നിങ്ങൾ നേരിടേണ്ടിവരുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്‌കുന്നു. ഫാദർ
വട്ടോളിയെയും ലൂസി സിസ്‌റ്ററിൻറെയും പേരിലുള്ള സഭയുടെ അച്ചടക്ക നടപടികൾ 'കത്തോലിക് ന്യൂസ് ഏജൻസി' യിൽവരെ പ്രസിദ്ധീകരിക്കുകയും അതുവഴി അവർക്ക് മാനഹാനി സംഭവിക്കുകയും
സാധാരണ വിശ്വാസികളിൽ ചിന്താക്കുഴപ്പവും ഉതപ്പും ഉണ്ടാക്കുകയും ചെയ്‌ത വലിയ
തെറ്റിന് സഭാധികാരം സമാധാനം പറയേണ്ടിവരും. അല്മായർ ഉണർന്നു കഴിഞ്ഞു. ടെലിഫോൺ
കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരും യാതന അനുഭവിക്കുന്ന കന്ന്യാസ്ത്രികൾക്കും
വൈദികർക്കും അല്മായർക്കും സർവവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
No comments:
Post a Comment