Translate

Tuesday, January 1, 2019

ഫാ. ജോര്ജ് എട്ടുപറയിലിന്റെ ദുരൂഹമരണം - കേരളാ പോലീസ് എന്തു ചെയ്തു?

സാജന്‍ ജോസ്-USA, ഫോണ്‍: (001)4085001828

[ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ വികാരിയായിരുന്ന, മില്‍പ്പിറ്റാസിലുള്ള സാന്‍ഫ്രാന്‍സിസ്‌ക്കോ സെന്റ് തോമസ് ഇടവകയിലെ മുന്‍ അംഗമാണ് ലേഖകന്‍]

ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ ദുരൂഹമരണത്തിനിടയാക്കിയ നിരവധിയായ കാരണങ്ങളുടെ ഉള്ളുകള്ളികള്‍ തേടിയൊരു നിക്ഷ്പക്ഷാന്വേഷണം നടത്തുന്നതിലേക്കായി എന്തുനടപടികളാണ് കേരളാപോലീസ് നാളിതുവരെയെടുത്തത് എന്നറിയാന്‍ അതിയായ താല്പര്യമുണ്ട്. 'പ്രഗത്ഭരായ കേരളാപോലീസിന്റെ കുറ്റാന്വേഷണവൈദഗ്ദ്ധ്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്' എന്നതാണ് കത്തോലിക്കാസഭയുടെ സകലമാന ന്യായീകരണത്തൊഴിലാളികളുടെയും ഈ ദിവസങ്ങളിലെ 'നിലപാട്'. സത്യത്തില്‍, 'കുഴപ്പമില്ല, നല്ലോണം ഇഴഞ്ഞോളു' എന്നാണ്, കുറ്റാന്വേഷണവൈദഗ്ദ്ധ്യത്തിലെ ഈ പ്രാഗല്‍ഭ്യത്തെ ഉയര്‍ത്തിക്കാണിക്കുന്നതുവഴി കത്തോലിക്കാസഭ കേരളാപോലീസിനെ ഉത്‌ബോധിപ്പിക്കുന്നത്. ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സര്‍ക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.

 

കേരളാപോലീസിന്റെ കഴിവിനെയൊന്നും ഞാനും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എക്കാലവും രാഷ്ട്രീയനേതൃത്വങ്ങളുടെ ചൊല്‍പ്പടിക്കുനിന്ന് ഭരണക്കാര്‍ക്ക് വിടുപണിചെയ്യുകയാണ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസിന്റെ പൊതുവിലുള്ള നയം എന്നത് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയവും പിടിപാടുമുണ്ടെങ്കില്‍ 'ആഹാ', ഇതൊന്നുമില്ലെങ്കില്‍ 'ഓഹോ' എന്നതാണ് ഇന്ത്യാമഹാരാജ്യത്ത് പൊതുവില്‍ നിലനില്‍ക്കുന്ന പോലീസ് നയം. പോരാത്തതിന് സീറോ-മലബാറിലെ ഒരു പ്രബലവിഭാഗത്തിന്റെ അപ്രഖ്യാപിത ഹെഡ്ക്വാര്‍ട്ടേഴ്സായ ചങ്ങനാശ്ശേരി രൂപതതന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ നിര്‍ണ്ണായക സാഹചര്യത്തില്‍ പോലീസിന്റെ കൈയും കാലും കൂട്ടിക്കെട്ടപ്പെടുമെന്നത് പകല്‍പോലെ വ്യക്തം. പെറ്റിക്കേസുകളില്‍പ്പെട്ട് കൈയോടെ പിടിക്കപ്പെടുന്ന, ആളും അര്‍ത്ഥവുമില്ലാത്തവന് ഉടനടി അറസ്റ്റും കൂടെ നാലു തല്ലും കൊടുക്കുന്ന അതേ ഏമാന്മാര്‍, കൊലപാതക-പീഡനക്കേസ്സുകളില്‍ ആരോപണവിധേയരായ പ്രമുഖരെ ചോദ്യംചെയ്യാന്‍ കടലാസും കൊടുത്ത് അടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്സുകളില്‍ കാത്തുകെട്ടിക്കിടക്കുന്നത് നാമെല്ലാം പലയാവൃത്തി കണ്ടിട്ടുമുണ്ട്.

ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ കോവിഡ് വന്ന് മരിച്ചതല്ല. വെള്ളം കോരുമ്പോള്‍ കിണറ്റില്‍ കാല്‍ വഴുതി വീണതുമല്ല. അതിദുരൂഹമായാണ് ആ മനുഷ്യന്റെ അന്ത്യം സംഭവിച്ചത്. ആയതിനാല്‍, ബഹു. കേരളാപോലീസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്:

1. ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ ജൂണ്‍ 20 - 21 തീയതികളിലെ ഫോണ്‍ കോള്‍ ലിസ്റ്റ് സര്‍വ്വീസ് പ്രൊവൈഡറിന്റെ പക്കല്‍നിന്നും ലഭ്യമാക്കിയോ? ഇല്ലെങ്കില്‍ എന്തുകൊണ്ടതിന് കഴിഞ്ഞില്ല?

2. ഫാദര്‍ എട്ടുപറയിലിന്റെ ദുരൂഹമരണത്തിനുത്തരവാദികളായവരെ കണ്ടെത്തുന്നുന്നതിലേക്ക് കേരളാപോലീസ്സ് നാളിതുവരെ ഒരന്വേഷണസംഘത്തെ നിയമിച്ചോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഉണ്ടെങ്കില്‍ ആരാണ് കേസന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍?

3. മരണപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചങ്ങനാശ്ശേരി രൂപതാധികാരികളും ഇദ്ദേഹം ജോലിചെയ്തിരുന്ന മറ്റിടവകകളിലെ പുരോഹിതരും ഇതര 'സഭാസ്‌നേഹി'കളും ഫാദര്‍ എട്ടുപറയിലിനെ ഒരു മനോരോഗിയായി ചിത്രീകരിച്ചത് കാണാനിടയായി. മേല്‍പ്പറഞ്ഞവരില്‍ ആരെയെങ്കിലും ചോദ്യംചെയ്ത് എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നു കണ്ടെത്താന്‍ പോലീസ് പരിശ്രമിച്ചോ?

4. ജൂണ്‍ 21 ഞായാറാഴ്ച ഉച്ചതിരിഞ്ഞ് മുന്‍നിശ്ചയപ്രകാരം ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തില്‍ ഫാദര്‍ ജോര്‍ജ്ജ് എത്താതിരുന്നതിന്റെ കാരണം മരണപ്പെട്ട അച്ചനും ചങ്ങനാശേരി രൂപതാആസ്ഥാനത്തുള്ളവര്‍ക്കുംമാത്രമേ അറിയാവൂ. ഈ രണ്ടു കക്ഷികളില്‍ ഫാദര്‍ ജോര്‍ജ്ജ് ഇന്ന് ജീവിച്ചിരിപ്പില്ല. ആയതിനാല്‍, ചങ്ങനാശ്ശേരി രൂപതാധികാരികളെയോ കൂടിക്കാണാനിരുന്ന മെത്രാനെയോ കേരളാപോലീസിന് ഇതുവരെ ചോദ്യംചെയ്യാനായോ?

5. പള്ളിപ്പറമ്പിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ആശുപതിയില്‍ കഴിയുന്നവരെയോര്‍ത്ത് മനസ്താപപ്പെട്ടാണ് ഫാദര്‍ ആത്മഹത്യചെയ്തത് എന്നാണല്ലോ ചങ്ങനാശ്ശേരി രൂപത പത്രക്കുറിപ്പില്‍ പറഞ്ഞത്. പരിക്കേറ്റ പ്രസ്തുത തൊഴിലാളികളെ പോലീസ് ചോദ്യംചെയ്ത് ഫാദറുമായി ഇവര്‍ക്കുണ്ടായിരുന്ന 'ആത്മബന്ധ'ത്തെക്കുറിച്ച് അറിയാന്‍ കേരളാപോലിസ് ഇന്നുവരെ ശ്രമിച്ചോ?

6. സംഭവദിവസം 10.59 -ന് ഓഫാക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയപരിശോധന നടത്തി ശനിയും ഞായറും പള്ളിമുറിയിലും പരിസരങ്ങളിലുമെത്തിയവരുടെ വിവരശേഖരണം നടത്തുകയും അതിന്മേല്‍ അന്വേഷണം നടത്തുകയും ചെയ്‌തോ?

7. ഫാദര്‍ എട്ടുപറയില്‍ ഉപയോഗിച്ചിരുന്നത് ഐഫോണോ, അതോ ആന്‍ഡ്രോയ്ഡ് ഓ.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഫോണോ എന്ന് മനസ്സിലാക്കിയോ? കൂടുതല്‍ ഇടപെടലുകളും ഡാറ്റാ കോളിലോ മെസേജുകളിലൂടെയോ നടക്കുന്ന ഇക്കാലത്ത് ഫോണ്‍ തുറന്ന് പരിശോധിക്കുക എന്നത് അനിവാര്യമാണ്. കേരളാപോലീസ് ഫാദര്‍ എട്ടുപറയിലിന്റെ സെല്‍ ഫോണ്‍ തുറന്ന് പരിശോധിച്ചോ?

8. ഫാദര്‍ എട്ടുപറയില്‍ മുന്‍പ് ജോലിചെയ്തിരുന്ന ഇടവകകളിലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്നോ കുടുംബാംഗങ്ങളില്‍നിന്നോ മരണംവരെയുള്ള അദ്ദേഹത്തിന്റെ മാനസികവ്യാപാരങ്ങള്‍ സംബന്ധിയായി അന്വേഷണം നടത്തുകയോ തെളിവെടുക്കലുണ്ടാവുകയോ ചെയ്‌തോ?

9. ഫാദര്‍ എട്ടുപറയിലും ചങ്ങനാശ്ശേരി രൂപതയുംതമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ അടുത്തകാലത്ത് നടത്തിയിരുന്നോ എന്ന് കേരളാപോലീസ് നാളിതുവരെ പരിശോധിച്ച് കണ്ടെത്തിയോ?

10. എന്തുകൊണ്ടാണ് കേരളാപോലിസ് ഫാദര്‍ എട്ടുപറയിലിന്റെ ദുരൂഹമരണത്തെക്കുറിച്ചും അതിന്മേല്‍ ഏതെങ്കിലുമൊരുതരം അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പുരോഗതിയെക്കുറിച്ചും കേരളസമൂഹത്തോട് വെളിപ്പെടുത്താതിരിക്കുന്നത്? 

ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍ ആത്മഹത്യ ചെയ്തതാവാം, അല്ലെങ്കില്‍ ആരെങ്കിലുമദ്ദേഹത്തെ കൊലപ്പെടുത്തിയതാവാം. രണ്ടായാലും മറ്റൊരാളുടെയോ ഒരു പ്രസ്ഥാനത്തിന്റെതന്നെയോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകള്‍ ഈ ദുരൂഹമരണത്തില്‍ നിശ്ചയമായുമുണ്ട്. മരണപ്പെട്ടവന് നീതി ലഭിക്കണം, ജീവിച്ചിരിക്കുന്നവര്‍ക്കത് കാണാനാവണം. നീതി നടപ്പാക്കുന്നുവെന്ന് അടിയന്തിരമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. അത് കേരളാപോലീസിന്റെ ഉത്തരവാദിത്വമാണ്.

No comments:

Post a Comment