Translate

Wednesday, May 1, 2019

കെസിആർഎം നോർത് അമേരിക്കയുടെ 17-മത് ടെലികോൺഫെറൻസ്



ചാക്കോ കളരിക്കൽ

മെയ് 08, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനേഴാമത് ടെലികോൺഫെറൻസിൽ, ആ സംഘടനയുടെ പ്രസിഡൻറ് ചാക്കോ കളരിക്കൽ  “പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചർച്ച് ട്രസ്റ്റ് ബില്ലും” എന്ന വിഷയത്തെ ആസ്‌പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്.

മാർത്തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങൾ - ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം (സീറോമലബാർ സഭാ സിനഡ്)- വഴിയാണ്. (സീറോമലബാർ മെത്രാൻസിനഡല്ലാതെ തെരെഞ്ഞെടുക്കപ്പെട്ട അല്മായപ്രതിനിധികളും ഉൾപ്പെട്ട സീറോമലബാർ സഭാ സിനഡ് നാളിതുവരെയായിട്ടും രൂപീകരിച്ചിട്ടില്ല.) ദ്രാവിഡ ഗ്രാമസഭകളെ 'മൺറം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാർത്തോമാ ക്രിസ്ത്യാനി സമുദായത്തിലും പള്ളിയോഗങ്ങൾവഴി സഭാഭരണം ആരംഭിക്കാൻ മൺറഭരണരീതിയായിരിക്കാം പ്രേരകമായത്. ആ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും  തികഞ്ഞ ജനാധിപത്യ രീതിയുമായിരുന്നു. പള്ളിയുടെ ഭൗതികകാര്യങ്ങൾ മുഴുവനും പള്ളിയോഗംകൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയുടെ അനുദിനകാര്യങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയോഗം കൈക്കാരൻമാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു. നിയമാനുസൃതമായ ഒരു ട്രസ്റ്റിനുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങൾക്ക് ഉണ്ടായിരുന്നത്. വികാരി അധ്യക്ഷനായുള്ള പള്ളിയോഗതീരുമാനങ്ങളിൽ മാറ്റംവരുത്താനോ നിരാകരിക്കാനോ മെത്രാന് അധികാരം ഉണ്ടായിരുന്നില്ല. ആധ്യാത്മികശുശ്രൂഷകനായ മെത്രാൻ ഇടവകയുടെ ആഭ്യന്തരഭരണത്തിൽ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിപള്ളിഭരണസമ്പ്രദായം അനുവദിച്ചിരുന്നില്ല.

1992-ൽ പൗരസ്ത്യകാനോൻ നിയമസംഹിത സീറോമലബാർ സഭയ്ക്ക് ബാധകമാക്കിയതോടെ പള്ളികളുടെ ഭൗതികഭരണത്തിൽ കാതലായ മാറ്റം സംഭവിച്ചു. ("പൗരസ്ത്യസഭകളുടെ കാനോനകൾ സഭാജീവിതത്തിൽ" എന്ന ശീർഷകത്തിൽ അതിൻറെ മലയാളം പതിപ്പ് 'ഓറിയൻറൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.) പൗരസ്ത്യസഭകളുടെ കാനോനകളുടെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാല്‍ നിയമിതരായ മെത്രാന്മാരിലാണ് പള്ളിയുടെ സാമ്പത്തിക ഭരണത്തിൻറെ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിലാക്കാനും അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഇപ്പോൾ വികാരിയെ ഉപദേശിക്കാന്മാത്രം അവകാശമുള്ള സമതിയായി തരംതാഴ്ത്തി. കൂടാതെ പാശ്ചാത്യപള്ളിഭരണ രീതിയിലുള്ള പാരിഷ്‌കൗൺസിൽ നടപ്പിലാക്കി. പാരിഷ്‌കൗൺസിൽ അംഗങ്ങൾ പൊതുയോഗത്താലോ വാർഡ് യൂണിറ്റ് യോഗത്താലോ തെരെഞ്ഞടുക്കപ്പെട്ടവരും ഉദ്യോഗവശാൽ (ex-offocio) അംഗങ്ങളായവരും നാമനിർദേശം ചെയ്യപ്പെട്ടവരുമാണ്‌. ആ സമിതിയ്ക്ക് രൂപതാദ്ധ്യക്ഷൻറെ സംഗീകാരവും വേണം. സീറോ മലബാർ സഭയുടെ മെത്രാൻസിനഡ് രൂപം കൊടുത്തിട്ടുള്ള പ്രത്യേക നിയമവ്യവസ്ഥകളും പാലിക്കണം. എന്നുവെച്ചാൽ, ഹയരാർക്കിയാൽ നിയന്ത്രിതമായ പള്ളിപ്രതിനിധികളാണ് പള്ളിഭരണം ഇന്ന് നടത്തുന്നത്.

ഇടവകപ്പള്ളികളുടെയും രൂപതകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വത്തുഭരണകാര്യത്തിൽ വളരെയേറെ അഴിമതികൾ ഈ അടുത്തകാലത്ത് നടന്നിട്ടുണ്ട്. സഭാംഗങ്ങൾ കഠിനാധ്വാനം ചെയ്‌തുസ്വരൂപിച്ച സ്വത്തുക്കൾ നഷ്ടപ്പെട്ടുപോകുന്നതിൽ അവർ ദുഖിതരുമാണ്. ഇടവകക്കാർക്ക് അവരുടെ സ്വത്ത് കാത്തുസൂക്ഷിക്കണമെങ്കിൽ ‘ചര്‍ച്ച് ട്രസ്റ്റ് ബിൽ' പോലുള്ള സിവിൽ നിയമത്തെ ആശ്രയിക്കാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. ക്രിസ്ത്യന്‍ സമൂഹത്തിൻറെ അടിത്തറയായ ആ ബില്ല് എത്രയും വേഗം പാസായിക്കിട്ടാൻ അല്മായർ ഒന്നടങ്കം പരിശ്രമിക്കേണ്ടതാണ്.

നസ്രാണിപാരമ്പര്യങ്ങൾ, പൗരസ്ത്യകാനോൻനിയമസംഹിത, ചർച്ച് ട്രസ്റ്റ് ബിൽ എന്നി വിഷയങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ ചർച്ചയ്ക്കായി നിങ്ങൾ എല്ലാവരെയും കെസിആർഎം നോർത് അമേരിക്ക സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.                                          

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

മെയ് 08 , 2019, ബുധനാഴ്ച (May 08 , 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

No comments:

Post a Comment