Translate

Wednesday, May 8, 2019

പിണറായി സർക്കാർ ഇടയലേഖനങ്ങളെയൊക്കെനേരിട്ട് ചർച്ച് നിയമവുമായി മുന്നോട്ട് പോകുമോ?

https://www.marunadanmalayali.com/feature/essay/article-regarding-church-act-by-rejeesh-palavila-139229

ചർച്ച് നിയമത്തിന്റെ കരട്ബിൽ സമർപ്പിച്ചുകൊണ്ട് ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ പറഞ്ഞത് ഇത് നടപ്പാക്കാൻ 'ഭീരുത്വം' തടസ്സമാകരുത് എന്നായിരുന്നു; ന്യൂനപക്ഷവേട്ട,സഭയെ തകർക്കാനുള്ള ഗൂഢശ്രമം തുടങ്ങിയ വിലാപങ്ങളുമായി വെള്ളക്കുപ്പായങ്ങൾ ആൾക്കൂട്ടങ്ങളെ അണിനിരത്തിയപ്പോൾ ഇടതും വലതുമൊക്കെ ഭയന്നുവിറച്ചു; വീണ്ടും ഒരു പതിറ്റാണ്ടിനുശേഷം ചർച്ച് നിയമം ചർച്ചയാകുന്നു; പിണറായി സർക്കാർ ഇടയലേഖനങ്ങളെയൊക്കെനേരിട്ട് ചർച്ച് നിയമവുമായി മുന്നോട്ട് പോകുമോ?രജീഷ് പാലവിള എഴുതുന്നു...
February 28, 2019 | 09:25 AM IST | Permalink

ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ബില്ല് അഥവാ ചർച്ച് നിയമം കേരളത്തിൽ എപ്പോഴൊക്കെ ചർച്ചയ്ക്ക് വന്നിട്ടുണ്ടോ അപ്പോഴൊക്കെ കേരളത്തിലെ ഇടവകകളിലും പൗരോഹിത്യ സാമ്രാജ്യങ്ങളിലും കോളിളക്കങ്ങൾ ഉണ്ടാകും.ഇടയലേഖനങ്ങൾ എഴുതിയും ഒരുകൂട്ടം വിശ്വാസികളെ തെരുവിലിറക്കിയും സഭാപിതാക്കന്മാർ സർക്കാരുകളെ വിരട്ടും.ന്യൂനപക്ഷങ്ങളെ വേട്ടയാടൽ,സഭാ സ്വത്തുക്കൾ ചൂഷണം ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രം,സഭയെ തകർക്കാനുള്ള സർക്കാരിന്റെ നിഗൂഢശ്രമം, ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേർക്കുള്ള കടന്നുകയറ്റം നിരീശ്വരവാദം അടിച്ചേൽപ്പിക്കൽ തുടങ്ങി കേരളത്തിന് ചിരപരിചിതങ്ങളായ ഒരുപിടി മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കാം!വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ചീട്ടെടുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾ ഇത്തരം വിരട്ടലുകൾക്ക്മുന്നിൽ പകച്ചുനിൽക്കുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്ത ചരിത്രമാണ് ചർച്ച് നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത്. വിദ്യാഭ്യാസപരിഷ്‌കാരങ്ങൾ ,സ്വാശ്രയ കോളേജ് ഫീസ് ചർച്ചകൾ, എയിഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾ തുടങ്ങി അങ്ങനെ എന്തുവരുമ്പോഴും ഇങ്ങനെ ന്യൂനപക്ഷ ഇരവാദങ്ങൾ അതിന്റെ വിശ്വരൂപമെടുക്കുന്നത് കാണാം.1958ൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിമോചന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു പ്രൊഫസർ.ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്ല് എന്നത് ഇവിടെ ഓർക്കേണ്ടതാണ്.അദ്ധ്യാപകനിയമനങ്ങൾക്ക് കർശനവ്യവസ്ഥകളും ഏകീകരണങ്ങളും സർക്കാർ നിയന്ത്രണങ്ങളും നിർദ്ദേശിച്ച ബില്ലിനെതിരെ സമുദായ സംഘടനകളും സഭാനേതൃത്വങ്ങളും ആഞ്ഞടിക്കുകയും വിശ്വാസവും മതവും ചേർത്ത് പ്രശ്‌നവൽക്കരിക്കുകയും ചെയ്തിരുന്നു.വിദ്യാഭ്യാസബില് നടപ്പാക്കപ്പെട്ടാൽ സ്‌കൂളുകളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടി വരുമെന്നൊക്കെയായിരുന്നു അക്കാലത്തെ കുപ്രചരണങ്ങൾ.കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കും വളർച്ചയ്ക്കും സ്വകാര്യ-എയിഡഡ് മേഖലകൾ നൽകിയ സ്തുത്യർഹവുമായ സംഭാവനകൾ മാത്രമല്ല ന്യൂനപക്ഷാവകാശങ്ങൾ പറഞ്ഞും സമുദായസമവാക്യങ്ങൾ സൃഷ്ടിച്ചും വിദ്യാഭ്യാസക്കച്ചവടത്തിന്റെ എല്ലാ സാധ്യതകളും ഇന്നും നിലനിർത്തുന്നതിൽ ഇവർപുലർത്തുന്ന ശുഷ്‌കാന്തിയും ഓർക്കേണ്ടതാണ്!ഏതായാലും ചർച്ച് നിയമത്തിന്റെ കാര്യത്തിലും പൂച്ചയ്ക്കാര് മണികെട്ടുമെന്നാണ് കാലാകാലങ്ങളായി കേരളം ചോദിക്കുന്നത്.
സമീപകാലത്ത് സഭയുമായി ബന്ധപ്പെട്ടുണ്ടായ സ്വത്തുതർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചർച്ച് നിയമം നടപ്പാക്കണം എന്ന ആവിശ്യം വീണ്ടും ശക്തമായതും അതിന്റെ കരട് രൂപീകരിക്കാൻ ഇടത് സർക്കാർ നിയമക്കമ്മീഷനെ ചുമതലപ്പെടുത്തുന്നതും.മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യ മന്ത്രി എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെടി തോമസ് ചെയർമാനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് കരട് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പതിവുപോലെ സഭാനേതൃത്വങ്ങൾ അസ്വസ്ഥമായിരിക്കുകയാണ്. നടപ്പാക്കപ്പെടാൻ തയ്യാറാക്കുന്ന ചർച്ച് നിയമത്തിനെതിരെ 2019 മാർച്ച് മൂന്നിന് കേരളത്തിലെ ഇടവകകളിൽ കരിദിനം ആചരിക്കുമെന്ന് ചില ക്രൈസ്തവ സംഘടനകൾ ഇതിനോടകം ആഹ്വാനം ചെയ്തിരിക്കുന്നു.പലയിടത്തും സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗങ്ങളും സമരങ്ങളും തുടങ്ങിക്കഴിഞ്ഞു.ചർച്ച് നിയമം സഭയുടെ അധികാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള സർക്കാരിന്റെ കൈകടത്തലാണ് എന്നതാണ് ആത്യന്തികമായി ഉയർന്നുകേൾക്കുന്ന വാദം.ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്നോ വസ്തുതകൾ പരിശോധിക്കാനോ തയ്യാറാകാതെ കേവലം ഇരവാദത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിൽ ഒരുകൂട്ടം വിശ്വാസികൾ സഭാപിതാക്കന്മാരുടെ ചക്കരവാക്കുകളിൽ മയങ്ങി കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്നു എന്നതാണ് അപ്രിയസത്യം!

ഇന്ത്യയുടെ മതേതര ഭരണഘടന മതങ്ങളുടെ ആഭ്യന്തരവും വിശ്വാസപരവുമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം സർക്കാരുകൾക്ക് നൽകുന്നില്ല.എന്നാൽ ഭരണഘടനാ ചട്ടം ഇരുപത്തിയഞ്ചിൽ സാമ്പത്തികവും ധനപരവും രാഷ്ട്രീയപരവുമായ ഇടപാടുകളെ ക്രമപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിയമപരമാക്കുന്നതിനും (Article 25 2(A)regulating or restricting any economic, financial, political or other secular activity which may be associated with religious practice;) ഭരണഘടനാ ചട്ടം ഇരുപത്തിയാറ് പ്രകാരം ആവിശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നതിന് സർക്കാരുകൾക്ക് അനുവാദമുണ്ട് (Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law)എന്നത് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു ദേവസ്വങ്ങളും സിക്ക് ഗുരുദ്വാരകളും ഇസ്ലാമിക വഖഫ് ബോർഡുകളും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്.അവിടെയൊന്നും വിശ്വാസപരമായ കാര്യങ്ങളിൽ ഭരണഘടനാവിരുദ്ധമായ യാതൊരു ഇടപെടലുകളും സർക്കാർ നടത്തുന്നില്ല എന്നിരിക്കെ ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസപരമായ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സഭയുടെ സ്വത്തുക്കൾ ഭരിക്കുന്നതിന് വിശ്വാസികളുടെ സമിതിക്ക്കൂടി അവകാശം നൽകുന്ന ചർച്ച് നിയമത്തിനെതിരെ വിശ്വാസികളുടെ ധാർമ്മിക രോഷമുണർത്തുന്ന പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ കാപട്യത്തെ ചോദ്യം ചെയ്യേണ്ട വിശ്വാസികൾ ജനാധിപത്യത്തിന്റെ ധാർമികതയെ കാനോൻ നിയമത്തിന് അടിയറവ് വയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.

പള്ളികളുടെ സ്വത്തിന്റെ അവകാശം പൗരോഹിത്യകരങ്ങളിൽ കേന്ദ്രീകരിക്കപ്പെടാതെ കത്തോലിക്കാ വിശ്വാസികൾക്കും ഇടവകസമിതികൾക്കും നൽകുന്ന അനിവാര്യമായ ഒരു നിയമത്തെയാണ് മതവികാരം കുത്തിയിളക്കി വിശ്വാസികളെത്തന്നെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ സഭാനേതൃത്വം എല്ലാക്കാലവും ശ്രമിച്ചുപോരുന്നത്. എന്തിനാണ് സഭാനേതൃത്വം ചർച്ച് നിയമത്തെ ഭയപ്പെടുന്നത്?അതിന്റെ ഉത്തരം സഭാ സ്വത്തുക്കളുമായി ബന്ധപ്പെട്ട വാർത്തകളിലും വിവാദങ്ങളിലുമുണ്ട്.ചർച്ച് നിയമം പ്രാബല്യത്തിൽ വന്നാൽ സഭാ സ്വത്തുക്കൾ ഭരിക്കാനുള്ള അവകാശം നിയമപ്രകാരം രജിസ്റ്റർ ചെയ്തതും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതുമായ വിശ്വാസികളുടെ ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കും.പള്ളിക്കെട്ടിടങ്ങൾ ചാപ്പലുകൾ ശവക്കോട്ട മറ്റു സ്വത്തുവകകൾ എന്നിങ്ങനെ എല്ലാം പള്ളിസ്വത്തുക്കളായി കണക്കാക്കപ്പെടുകയും അവ വാങ്ങുന്നതും വിൽക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമെല്ലാം നിയമപ്രകാരം മാത്രമാകും.സെമിനാരികൾ,സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പുരോഹിതഭവനങ്ങൾ ധ്യാനകേന്ദ്രങ്ങൾ, പ്രസിദ്ധീകരണ ശാലകൾ, മാധ്യമങ്ങൾ, കൃഷിയിടങ്ങൾ, എസ്റ്റേറ്റുകൾ, പരിശീലനകേന്ദ്രങ്ങൾ വ്യവസായ ശാലകൾ എന്നുവേണ്ട സഭയുമായി ബന്ധപ്പെട്ട എല്ലായിടവും പുരോഹിത കേന്ദ്രീകൃതമായ ഭരണത്തിൽ നിന്നും മുക്തമാകുകയും വിശ്വാസികളും പുരോഹിതന്മാരും ഉൾപ്പെടുന്ന ജനാധിപത്യരീതിയിൽ നിയമ പ്രാബല്യമുള്ള അൽമായ സമിതിയുടെ നേതൃത്വത്തിൽ വരും! ഇതൊക്കെത്തന്നെയാണ് ചർച്ച് നിയമത്തോടുള്ള പുരോഹിതനേതൃത്വങ്ങളുടെ അതൃപ്തിയും അസഹിഷ്ണുതയുമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാകും .എന്നാൽ അധികാരവികേന്ദ്രീകരണം എന്ന ജനാധിപത്യ ധാർമ്മികതയെ വിലകുറഞ്ഞ വാദങ്ങളുടെ പേരിൽ ഖണ്ഡിച്ചുകൊണ്ടാണ് വിശ്വാസികളെ മുന്നിൽ നിർത്തി ഒരുകൂട്ടം പുരോഹിതന്മാർ പൊരുതുന്നത്. 'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല പിതാവേ' എന്ന ബൈബിൾ വചനമാണ് ചർച്ച് നിയമത്തിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ആട്ടിൻപറ്റത്തെകുറിച്ചോർക്കുമ്പോൾ തോന്നുന്നതും.

യശ്ശ:ശരീരനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ നിയമവിദഗ്ധരുടെ സമിതി പത്തുവര്ഷങ്ങൾക്ക് മുൻപ് സമർപ്പിച്ച ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ബില്ല് അഥവാ ചർച്ച് നിയമത്തെയാണ് കേരളം മാറി മാറി ഭരിച്ച സർക്കാരുകൾ 'ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയിൽ' പെട്ടിയിലിട്ട് പൂട്ടിവച്ചത്.ഇത് നടപ്പാക്കാൻ 'ഭീരുത്വം' തടസ്സമാകരുത് എന്നായിരുന്നു കൃഷ്ണയ്യർ അന്ന് അധികാരികളെ ഓർമ്മപ്പെടുത്തിയത്!എന്നാൽ ഇരച്ചുവന്ന വെള്ളക്കുപ്പായങ്ങൾക്കും ഇടയലേഖനങ്ങൾക്കും മുന്നിൽ സർക്കാരുകളുടെ മുട്ടിടിച്ചു.'ന്യൂനപക്ഷ മത പരിഷ്‌കാരങ്ങൾ'മാത്രം തീക്കളിയാണ് എന്നാണ് ഓരോ സർക്കാരും പറയാതെ പറഞ്ഞു.പ്രീണനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയം വരച്ചിടുന്ന ലക്ഷ്മണരേഖ കടക്കുന്നത് ആത്മത്യപരമാണ് എന്നവർ തിരിച്ചറിഞ്ഞു.ഈ ഇരട്ടത്താപ്പ് കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ ധ്രുവീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.

വോട്ടുബാങ്ക് രാഷ്ട്രീയം അതിന്റെ പതിവ് പണിതുടങ്ങി എന്നാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചർച്ച് നിയമത്തെ എതിർത്തുകൊണ്ട് നടത്തിയ പ്രസ്താവനയിൽ നിന്നും മനസ്സിലായത്.മതങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ഒത്തുതീർപ്പുകളുടെ വിവിധ ചിത്രങ്ങൾ ഇങ്ങനെ കേരളത്തിൽ വന്നുകൊണ്ടേയിരിക്കും.മതാധിപത്യത്തെ അതിലെ പൗരോഹിത്യത്തെ തങ്ങളുടെ തലയ്ക്ക് മുകളിൽ വാഴിച്ച് ജനാധിപത്യത്തെ ഒറ്റുകൊടുക്കുകയാണ് ഇങ്ങനെ വിവിധ കക്ഷികളുടെ നേതാക്കൾ നിരന്തരം ചെയ്യുന്നത്

ചർച്ച് നിയമത്തെക്കുറിച്ച് പറയുമ്പോൾ അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേൽ എന്ന മനുഷ്യന്റെ ആദർശകലഹങ്ങൾ മറക്കാവുന്നതല്ല.ചർച്ച് നിയത്തിന്റെ വഴിയിലേക്ക് സർക്കാരുകളുടെ ശ്രദ്ധകൊണ്ടുവന്നതിൽ അദ്ദേഹം നടത്തിയ പരിശ്രമവും ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽപോലെയുള്ള പരിഷ്‌കരണവാദി സംഘനകളുടെ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്.ആറ്റാമംഗലം സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി ഇടവകയോഗം ചർച്ച് നിയമം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ചതും പുരോഹിതരിലും വിശ്വാസികളിലും ഇടവകകളിലും ചർച്ച് നിയമം കാലത്തിന്റെ ആവിശ്യമാണ് എന്ന് ബോധ്യംവന്നതിന്റെ തെളിവാണ്.എന്നിരുന്നാലും ഇക്കാര്യത്തിൽ ഇവരുടെയൊക്കെ ശബ്ദം ഒറ്റപ്പെട്ടതാണ്.ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുപോയാൽ മാത്രമേ ചർച്ച് നിയമം യാഥാർത്ഥ്യമാകുകയുള്ളൂ.വിശ്വാസികളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന അനവധി ഇടയലേഖനങ്ങൾ ചർച്ച് നിയമത്തിനെതിരെ അരമനകളിൽ തയ്യാറായികൊണ്ടിരിക്കുകയാണ്.

ശബരിമലയിലെ സുപ്രീം കോടതിവിധിയ്‌ക്കെതിരെ തെരുവുകളിലേക്ക് ഒഴുകിവന്ന ആചാരസംരക്ഷകരുടേയും കുലസ്ത്രീകളുടേയും ആൾബലം കണ്ടിട്ടും കുലുങ്ങാതെ നിന്ന പിണറായി സർക്കാർ ചർച്ച് നിയമവുമായി മുന്നോട്ടുപോകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.നവോത്ഥാനവും പരിഷ്‌കരണങ്ങളും എല്ലാ മതങ്ങൾക്കും ബാധകമാണെന്ന തിരിച്ചറിവോടെ കേരളത്തിലെ സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും പൊതുസമൂഹവും സർക്കാരിന് ഈ വിഷയത്തിൽ എല്ലാവിധ പിന്തുണയും നൽകേണ്ടതുണ്ട്. പുരുഷമേധാവിത്വത്തിൽ ക്രിസ്തുമത പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ രൂപത്തിലും ഫാസിസം ജനാധിപത്യത്തിന്റെ ധാർമ്മികതകളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് വിളിച്ചുപറയാൻ തയ്യാറാകണം.മുട്ടുവിറയ്ക്കാതെ ഇടയലേഖനങ്ങളിൽ തട്ടിവീഴാതെ ചർച്ച് നിയമവുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ സർക്കാരിന് കഴിയട്ടെ എന്നാശംസിക്കുന്നു!

No comments:

Post a Comment