Translate

Tuesday, May 14, 2019

ബിഷപ്പ് പാംപ്ളാനി അറിയിച്ച സുവിശേഷം

ഷൈജു ആൻ്റണി. AMT, Spokes Person.
ഒരു യുവജന സംഗമത്തിൽ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ആ ബിഷപ്പ് അവരെ പഠിപ്പിച്ച പുതിയ സുവിശേഷമാണല്ലോ ഇന്ന് ചർച്ചാ വിഷയം.
കാഞ്ഞിരപ്പള്ളി രൂപതയിലെ നിഷ്കളങ്കരായ യുവജനങ്ങളെ ഇളിഭ്യരാക്കിക്കൊണ്ട് അങ്ങു നടത്തിയ പ്രസംഗം കണ്ട് ഹർഷപുളകിതനായത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വന്നത്. അനുസരണക്കേടായെങ്കിൽ അങ്ങു പൊറുക്കണം.
അങ്ങ് പ്രസംഗത്തിൽ ഉന്നയിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. "ഈ തിരുസഭ നിങ്ങളോടാരോടെങ്കിലും സഭയിലെ ഏതെങ്കിലും അച്ചൻ്റെയോ മെത്രാൻ്റെയോ കുറ്റത്തിന് മറപിടിക്കണമെന്ന്, പുകമറ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടോ?''
ഈ ചോദ്യം ശരിയായ അർത്ഥത്തിൽ ചോദിച്ചതാണെങ്കിൽ എനിക്ക് ഉത്തരമുണ്ട്. "ഉവ്വ്· എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കറിയാവുന്ന മറ്റു പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്." അറിയാനാഗ്രഹമുണ്ടെങ്കിൽ നേരിട്ട് ചോദിച്ചാൽ എവിടെ വേണമെങ്കിലും മറുപടി തരാം. എർത്തയിൽ അച്ചൻ്റെ ഇടപെടലും നായ്ക്കാംപറമ്പിലച്ചൻ്റെ വിശുദ്ധ വൽക്കരണവും ഞങ്ങൾ കണ്ടതാണ്. അത് കൂടാതെയുള്ള ഇടപെടലുകളുടെ വിശദാംശങ്ങൾ തരാൻ ഞാൻ തയ്യാറാണ്.
അങ്ങേക്ക് അറിയാനാഗ്രഹമുണ്ടെങ്കിൽ എന്നെ വിളിക്കാം. വിശദീകരണം തരാൻ ഞാൻ തയ്യാറാണ്.
അങ്ങ് ആ പ്രസംഗത്തിൽ ഉന്നയിച്ച മറ്റു പ്രധാന വസ്തുതാപരമായ പ്രഖ്യാപനങ്ങൾ ഇങ്ങിനെയാണ്.
1) ഇതിൻ്റെ പിന്നിൽ സുചിന്തിതമായ സംഘടിതമായ തീവ്രവാദ സ്വഭാവമുള്ള വ്യക്തികളുടെയും സംഘടനകളുടെയും സാമ്പത്തിക പിൻബലമുണ്ട്.
2) ഒരു വിഷയത്തെക്കുറിച്ച് കേരളത്തിലെ പ്രധാന ചാനൽ 47 ദിവസം വരെ തുടർച്ചയായി ചർച്ച നടത്തി,
3) വൻതോതിൽ പണം മുടക്കാൻ സംഘടിത ശക്തികളുണ്ട്. കൂലിക്ക് പണം മേടിച്ചാണ് നേരോടെ നിർഭയം (ഏഷ്യാനെറ്റ്) എന്ന പേരിൽ ചാനൽ ചർച്ച നടത്തുന്നത്.
അങ്ങയുടെ തന്നെ പ്രസംഗത്തിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടത് അങ്ങു നേരിട്ടു സത്യം മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമെ വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യൂ എന്നാണല്ലോ· അതു കൊണ്ടാണല്ലോ ജയന്ധർ വിഷയം അങ്ങേക്ക് അറിയില്ലെന്നും നാട്ടിലെല്ലാരുമറിയാൻ അത് സ്റ്റേജിൽ വച്ചു നടത്തിയ കലാപരിപായല്ലല്ലോയെന്നും അങ്ങ് പരിഹസിച്ചത്. (ഇത്രയേറെ ബാലിശമായ ഒരു ഭാഷ അങ്ങിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടണം എന്ന അങ്ങയുടെ സുവിശേഷം തോമാശ്ളീഹായുടെ പാരമ്പര്യത്തിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് കൂടി വച്ച് കാച്ചാതിരുന്നത് നന്നായി.) ചില സംശങ്ങൾ ചോദിക്കട്ടെ.
1) തീവ്രവാദികളുടെ സാമ്പത്തിക സഹായമുണ്ട് എന്ന് അങ്ങേക്ക് ബോധ്യമുണ്ടെങ്കിൽ എന്തു കൊണ്ടാണ് അങ്ങ് നിയമ പ്രകാരം പരാതിപ്പെടാത്തത്?
2) കേരളത്തിലെ ഏതു ചാനലാണ് 47 ദിവസം തുടർച്ചയായി ഈ വിഷയം ചർച്ച ചെയ്തത്?
3) ഏഷ്യാനെറ്റ് കൂലിക്ക് പണം മേടിച്ചതിൻ്റെ തെളിവുകൾ അങ്ങ് പുറത്ത് വിടാത്തത് എന്താണ്?
അങ്ങ് ഉത്തരം പറയില്ല എന്നറിയാം. കരണം അങ്ങ് സ്വന്തം കാര്യം സമർത്ഥിക്കാൻ എന്തു നുണയും പറയാൻ മടിയില്ലാത്തയാളാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
അങ്ങ് ഇന്നത്തെ തലമുറയെ പഠിപ്പിക്കാനാഗ്രഹിക്കുന്ന സുവിശേഷം എന്താണ്?
ബലാൽസംഘം സ്റ്റേജിൽ വച്ചു നടത്തുന്ന കലാപരിപാടിയാണെങ്കിൽ മാത്രമെ കുറ്റകരമാകൂ എന്നാണോ? അതോ ഇത്തരം കാര്യങ്ങൾ ഇനി സ്റ്റേജിൽ വച്ച് ചെയ്യണം എന്നാണോ?
സഭയിലെ തെറ്റുകൾക്കെതിരെ പ്രതികരിക്കരുത് എന്നതാണോ രണ്ടാം സുവിശേഷം?
കാര്യം സാധിക്കാൻ എന്തു നുണയും പറയാം എന്നതാണോ മൂന്നാം സുവിശേഷം?
നൂറു കണക്കിന് യുവജനങ്ങളെ മുന്നിൽ കിട്ടിയിട്ട് ഒരു ബിഷപ്പെന്ന നിലയിൽ പാലിക്കേണ്ട ഉത്തരവാദിത്വം മറന്ന് ഇത്ര ലജ്ജാകരവും ബാലിശവും വിവേകശൂന്യവുമായ ഒരു പ്രസംഗം നടത്തിയ അങ്ങയോട് എന്തു പറയാൻ.
അവിവേകം പൊറുക്കണം. പറയാതിരിക്കാനാവാത്തത് കൊണ്ട് പറഞ്ഞു പോയതാണ്.


No comments:

Post a Comment