Translate

Thursday, May 9, 2019

വ്യാജരേഖ വന്നവഴി തെളിവുസഹിതം വ്യക്തമാക്കി ഫാ.തേലക്കാടിന്റെ മൊഴി

http://www.mangalam.com/news/detail/306248-latest-news-fake-document-case-frpaul-thelekkattu-gives-evidence-to-police.html

കൂടുതല്‍ രേഖകള്‍ പോലീസിന് കൈമാറി; വൈദികനെ മനഃപൂര്‍വ്വം കേസിലേക്ക് വലിച്ചിഴച്ചത് സാമാന്യനീതിയുടെ ലംഘനമെന്ന് വൈദിക സമിതിപരാതിക്ക് കാരണമായി സിനഡ് ഉയര്‍ത്തികാണിക്കുന്ന രേഖകള്‍ കൂടാതെ നിരവധി രേഖകള്‍ ഫാ.തേലക്കാട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായാണ് വിവരം.

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട് പോലീസിനു മുമ്പാകെ മൊഴി നല്‍കി. രണ്ടു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന മൊഴിയെടുപ്പില്‍ വ്യാജരേഖ തനിക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് വൈദികന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡി.വൈ.എസ്.പിയെ അറിയിച്ചു.
തനിക്ക് ഇമെയില്‍ വഴി ലഭിച്ച രേഖകളുടെ പകര്‍പ്പ് തന്റെ മേലധികാരിയായ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നാണ് വൈദികന്‍ മൊഴിനല്‍കിയതെന്നാണ് സൂചന. ഏതൊക്കെ ഇമെയില്‍ ഐഡികളില്‍ നിന്നാണ് രേഖകള്‍ വന്നതെന്ന് തെളിവു സഹിതം കൈമാറിയിട്ടുണ്ട്.
അതേസമയം, പരാതിക്ക് കാരണമായി സിനഡ് ഉയര്‍ത്തികാണിക്കുന്ന രേഖകള്‍ കൂടാതെ നിരവധി രേഖകള്‍ ഫാ.തേലക്കാട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായാണ് വിവരം. വൈദികന്‍ ബിഷപ് മനത്തോടത്തിന് കൈമാറിയത് 25 ഓളം രേഖകള്‍ അടങ്ങിയ ഫയല്‍ ആയിരുന്നു. ഇതില്‍ രണ്ടോ മുന്നോ പേജുകള്‍ മാത്രമാണ് സിനഡ് പരാതിക്ക് കാരണമായി ഉയര്‍ത്തികാട്ടിയത്. എന്നാല്‍ ഈ രേഖകള്‍ മുഴുവനും അയച്ചുനല്‍കിയത് ആരാണെന്നും ഫാ.തേലക്കാട് വ്യക്തമാക്കിയെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചു. മൊഴിയെടുപ്പ് സൗഹാര്‍ദ്ദപരമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, സഭയിലെ മുതിര്‍ന്ന വൈദികനായ ഫാ.പോള്‍ തേലക്കാട്ടിനെ നിയമനടപടിയിലേക്ക് വലിച്ചിഴച്ച സിനഡിന്റെ നടപടിയെ വിമര്‍ശിച്ച് വൈദിക സമിതിയും രംഗത്തെത്തി. ഒരു വൈദികനെതിരെ ആരോപണം ഉയര്‍ന്നാല്‍ സഭാ നേതൃത്വം ആദ്യം ആ വൈദികനെ വിളിച്ച് വിശദീകരണം തേടുകയാണ് ചെയ്യുന്നത്. ആ സാമാന്യനീതി ഇവിടെ ഫാ.തേലക്കാട്ടിന് ലഭിച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രേഖകള്‍ അയച്ചുനല്‍കിയത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കുമായിരുന്നു. അവര്‍ക്കെതിരെ അന്വേഷണം നടത്തിയാല്‍ ഈ രേഖകളുടെ ഉറവിടം കണ്ടെത്തുകയും ചെയ്യാമായിരുന്നു.

എന്നാല്‍ ഫാ.തേലക്കാട്ടിനെയും ബിഷപ് ജേക്കബ് മനത്തോടത്തിനെയും മനഃപൂര്‍വ്വം കുടുക്കാന്‍ നടത്തിയ സംവിധാനമായി കേസ് മാറിപ്പോയി എന്ന ആക്ഷേപമാണ് വൈദികര്‍ ഉയര്‍ത്തുന്നത്. ഫാ.തേലക്കാട്ടിനോട് വിശദീകരണം തേടാതെ നേരിട്ട് പോലീസ് കേസിലേക്ക് പോയതില്‍ അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ വലിയ അമര്‍ഷമാണ് ഉയരുന്നത്.

No comments:

Post a Comment