Translate

Thursday, May 16, 2019

സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്തയ്ക്ക് പിന്നിലാര്?

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

ഫാ. തേലക്കാട്ടിന്റെ കൈവശമുള്ളത് മുഴുവന്‍ വ്യാജരേഖകള്‍ അല്ലെന്നും ഇത് ക്രിസ്തീയ സഭകളിലെ പല വമ്പന്‍മാരുടെയും കള്ളത്തരങ്ങള്‍ പൊളിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ചെന്ന കേസ് സഭയിലെ ഉന്നതന്മാരെ കുടുക്കുന്ന തലത്തിലേക്ക് മുറുകുന്നു. കെസിബിസി മുന്‍ വക്താവും സത്യദീപം ഇംഗ്ലീഷ് മാസികയുടെ ചീഫ് എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്നായിരുന്നു കേസ്. കര്‍ദിനാളിനെതിരേ ചമച്ച വ്യാജരേഖകള്‍ ഫാ. തേലക്കാട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയും ഈ രേഖകള്‍ മനത്തോടത്ത് സിനഡ് കൂടുന്ന സമയത്ത് കര്‍ദിനാളിനെ കാണിക്കുകയും കര്‍ദിനാള്‍ ഈ രേഖകള്‍ സിനഡിന് മുന്നില്‍ വയ്ക്കുകയുമായിരുന്നു. തനിക്കെതിരെയുള്ള വ്യാജരേഖകളാണെന്ന കര്‍ദിനാളിന്റെ വാദം സിനഡ് അംഗീകരിക്കുകയും വ്യാജരേഖ ചമച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കിയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത. ഇത് സഭയ്ക്കുള്ളില്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ഫാ.തേലക്കാട്ടിനെയും മനത്തോടത്തെയും പ്രതിയാക്കിയത് അറിയാതെ സംഭവിച്ച വീഴ്ച്ചയാണെന്നും ഇരുവരെയും ഒഴിവാക്കി പുതിയ എഫ് ഐ ആര്‍ ഇടാന്‍ കോടതിയെ സമീപിക്കുമെന്ന് കര്‍ദിനാളും സിറോ മലബാര്‍ സഭ അധികൃതരും വിശദീകരിച്ചെങ്കിലും കേസ് പ്രസ്തുത വൈദികരെ പ്രതികളാക്കി തന്നെയാണ് മുന്നോട്ട് പോയത്.
എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ വ്യാജരേഖ കേസ് മറ്റൊരു വഴിയിലേക്ക് മാറി. ആലുവ ഡിവൈഎസ്പി ഓഫിസില്‍ മൊഴി നല്‍കാനെത്തിയ ഫാ. പോള്‍ തേലക്കാട്ടിന്റെ കൈവശം 28 പേജുകള്‍ ഉള്ള ഫയല്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേജുകള്‍ മാത്രമായിരുന്നു കര്‍ദിനാളിനെതിരേയുള്ള വ്യാജരേഖകള്‍ എന്നു പറയുന്നത്. തനിക്ക് ഈ രേഖകള്‍ ഇ മെയില്‍ വഴി കിട്ടിയതാണന്നും താനല്ല രേഖകള്‍ ചമച്ചതെന്ന് ഇതിലൂടെ വ്യക്തമാണെന്നും ഫാ. തേലക്കാട്ട് പൊലീസിനോട് പറഞ്ഞു. മൊത്തം രേഖകള്‍ അടങ്ങിയ ഫയല്‍ തന്നെയായിരുന്നു താന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചതും. അതേ രേഖകള്‍ അഡ്മിനിസ്‌ട്രേറ്റ് കര്‍ദിനാളിന് കൈമാറിയെങ്കിലും ബാങ്ക് രേഖകള്‍ മാത്രമടങ്ങിയ പേപ്പറുകളാണ് സിനഡിനു മുന്നില്‍ കര്‍ദിനാള്‍ അവതരിപ്പിച്ചതെന്നും തേലക്കാട്ട് അറിയിച്ചു. ബാക്കി രേഖകള്‍ കൂടി പരിശോധിക്കണമെന്നും തേലക്കാട്ട് പൊലീസിനോട് പറഞ്ഞു. എന്നാല്‍ നിയമോപദേശം ചോദിച്ചശേഷം വൈദികന്റെ കൈവശമുള്ള രേഖകള്‍ പരിശോധിക്കാമെന്നു പറഞ്ഞാണ് പൊലീസ് ഫാ. പോള്‍ തേലക്കാട്ടിനെ മടക്കിയത്.
ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഫാ. തേലക്കാട്ടിന്റെ കൈവശമുള്ള മഴുവന്‍ രേഖകളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവുമായി എഎംടി (ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സ്) അടക്കമുള്ള സംഘടനയും വിശ്വാസികളും രംഗത്തു വന്നു. ഫാ. തേലക്കാട്ടിന്റെ കൈവശമുള്ളത് മുഴുവന്‍ വ്യാജരേഖകള്‍ അല്ലെന്നും ഇത് ക്രിസ്തീയ സഭകളിലെ പല വമ്പന്‍മാരുടെയും കള്ളത്തരങ്ങള്‍ പൊളിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളായിരിക്കുമെന്നും പരാതികള്‍ ഉയര്‍ന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച പൊലീസ് ഫാ.പോള്‍ തേലക്കാട്ടിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ തീരുമാനിച്ചു വൈദികനെ കാണാനെത്തി. നേരത്തെ വിളിച്ച് അനുവാദം ചോദിച്ച് രണ്ട് പൊലീസുകാര്‍ സിവില്‍ വേഷത്തിലാണ് ഫാ. തേലക്കാട്ടിന്റെ ഓഫിസില്‍ എത്തിയത്. ഇവര്‍ ഇ മെയില്‍ പരിശോധിക്കുകയും വൈദികന് കിട്ടിയ മുഴുവന്‍ രേഖകളും സ്വീകരിച്ച് മടങ്ങുകയും ചെയ്തു. ഈ രേഖകളില്‍ സമഗ്രമായ അന്വേഷണം തങ്ങള്‍ നടത്തുമെന്ന ഉറപ്പാണ് പൊലീസ് ഫാ.പോള്‍ തേലക്കാട്ടിന് കൊടുത്തത്.
ഈ രേഖകള്‍ എന്താണെന്നു വിശദീകരിക്കാന്‍ ഫാ.പോള്‍ തേലക്കാട്ട് വിസമ്മതിക്കുമ്പോഴും സിറോ മലബാര്‍ സഭ അടക്കമുള്ള ക്രിസ്തീയ സഭകളില്‍ നടക്കുന്ന അഴിമതികള്‍ ഈ രേഖകളില്‍ ഉണ്ടെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് പുറത്തു വരുന്നത് തടയാനാണ് ഫാ.പോള്‍ തേലക്കാട്ട് വ്യാജരേഖകള്‍ ചമച്ചുവെന്നൊരു കേസ് മനഃപൂര്‍വം ഉണ്ടാക്കിയതും വൈദികനെ പ്രതിയാക്കിയതെന്നുമാണ് ഈ കേന്ദ്രങ്ങള്‍ പറയുന്നത്. ബാക്കി രേഖകള്‍ പുറത്തു വന്നാല്‍ അവയും വ്യാജരേഖകളാണെന്നു വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം നടത്തിയ കളികളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. തേലക്കാട്ടിനെ പ്രതിയാക്കി പരാതി നല്‍കിയത് അറിയാതെ സംഭവിച്ച വീഴ്ച്ചയല്ലെന്നും മനഃപൂര്‍വം തന്നെ വൈദികനെ കുടുക്കിയതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് പൊലീസ് പോയതിനു പിന്നാലെ പ്രചരിച്ച വാര്‍ത്തകള്‍. ചില ചാനലുകള്‍ ഉള്‍പ്പെടെ നല്‍കിയ വാര്‍ത്ത പൊലീസ് സത്യദീപത്തിന്റെ ഓഫിസ് റെയ്ഡ് ചെയ്‌തെന്നും ഫാ. തേലക്കാട്ടിന്റെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചുകൊണ്ടുപോയെന്നുമാണ്. ഫാ. തേലക്കാട്ട് വ്യാജരേഖകള്‍ ചമച്ചെന്നു പൊലീസിന് വ്യക്തമായി എന്ന തരത്തിലായിരുന്നു ഈ വാര്‍ത്തകളുടെ സ്വഭാവം. യഥാര്‍ത്ഥത്തില്‍ ഫാ. തേലക്കാട്ട് മൊഴി നല്‍കാന്‍ എത്തിയ സമയത്ത് തന്നെ പൊലീസിന് കൈമാറാന്‍ കൊണ്ടുവന്ന രേഖകള്‍ പൊലീസ് അദ്ദേഹത്തിന്റെ ഓഫിസില്‍ എത്തി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. വൈദികന്‍ കൊണ്ടുവന്നത് പകര്‍പ്പ് രേഖകള്‍ ആയതിനാല്‍ അതിന്റെ ഒറിജിനല്‍ ഇ മെയിലില്‍ നിന്നും പരിശോധിച്ച് കണ്ടെത്താന്‍ മാത്രമാണ് അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചതും. തികച്ചും സ്വാഭാവികമായും രഹസ്യമായും നടന്നൊരു സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്നതും അതും വസ്തുതകള്‍ തെറ്റിച്ച് നല്‍കിയതും തേലക്കാട്ടിനെതിരെ നില്‍ക്കുന്ന സഭ ഉന്നതരുടെ കളിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതിനെ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയും രംഗത്തു വന്നു. വ്യാജരേഖ സംബന്ധിച്ച കേസില്‍ ലൈറ്റ് ഓഫ് ട്രൂത്ത് പത്രാധിപര്‍ റവ.ഡോ. പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്നും ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തെന്നുമുള്ള തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണന്നുമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപത പി ആര്‍ ഒ റവ.ഡോ.പോള്‍ കരേടന്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഫാ.തേലക്കാട്ട് നേരത്തെ ആലുവ ഡിവൈഎസ്പിക്ക് മൊഴി നല്‍കിയിരുന്നു. തന്റെ പക്കലുള്ള ഇ-മെയില്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ മുഴുവന്‍ കൈമാറാന്‍ അന്നു കൊണ്ടുപോയിരുന്നെങ്കിലും പോലീസ് അത് സ്വീകരിച്ചിരുന്നില്ല. രേഖകള്‍ സ്വീകരിക്കുന്നതിന്റെ നിയമ വശങ്ങള്‍ പഠിച്ച ശേഷം അത് വാങ്ങാമെന്നാണ് പോലീസ് അറിയിച്ചത്.കഴിഞ്ഞ ദിവസം പോലീസ് ഫാ.തേലക്കാട്ടിനെ സമീപിച്ച് ഈ രേഖകളുടെ പ്രിന്റൗട്ടുകള്‍ ഏറ്റുവാങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അതിരൂപത പി ആര്‍ ഒ വ്യക്തമാക്കി.
എഎംടിയും ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നു. വ്യാജരേഖാക്കേസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ ഫാ. പോള്‍ തേലക്കാട്ട് ഹാജരാക്കിയ 28 പേജ് രേഖകള്‍ പൊലീസ് സ്വീകരിച്ചില്ലായിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കുകയും മുഴുവന്‍ രേഖകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും എഎംടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച ഫാ. പോള്‍ തേലക്കാട്ടിന്റെ ഓഫീസിലെത്തിയ പൊലീസ് ഇ മെയില്‍ പരിശോധിച്ച് മുഴുവന്‍ രേഖകളും സ്വീകരിച്ചു. സമഗ്രമായ അന്വേഷണം നടത്താമെന്ന് ഫാ. തേലക്കാട്ടിന് ഉറപ്പ് ലഭിച്ചതായാണ് വിവരം. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ സത്യദീപത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. രേഖകള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. എഎംടി ഉന്നയിച്ചത് പ്രകാരം വ്യാജ രേഖാക്കേസില്‍ സമഗ്രമായ അന്വേഷണം നടക്കുന്നതിനെ സഭാ സ്‌നേഹികള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു; എഎംടി വക്താവ് ഷൈജു ആന്റണി പറയുന്നു.
നേരത്തെ ഫാ. ആന്റണി പൂതവേലിയിലും ഫാ. തേലക്കാട്ട് തന്നെയാണ് വ്യാജരേഖകള്‍ ചമച്ചതെന്നും തനിക്ക് അതെക്കുറിച്ച് വിവരം കിട്ടിയിരുന്നുവെന്നും പരസ്യമായി പറഞ്ഞിരുന്നു. പത്തുലക്ഷം രൂപ വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഫാ.തേലക്കാട്ടും സഭയിലെ ചില യുവവൈദികരും ചേര്‍ന്ന് 10 ലക്ഷം മുടക്കിയെന്നും ഫാ. ആന്റണി ആരോപിച്ചിരുന്നു. ഇതിനെതിരേ സിറോ മലബാര്‍ സഭ വൈദിക സമിതി രംഗത്തു വരികയും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ മാപ്പ് ചോദിച്ച് മുന്‍ വൈദിക സമിതിയംഗം കൂടിയായ ഫാ. ആന്റണി പൂതവേലില്‍ വിശദീകരണം നല്‍കുകയുമുണ്ടായി. ഫാ. ആന്റണി പൂതവേലിയുടെ വിവാദ പ്രസ്താവനയും ഇപ്പോള്‍ സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതുമെല്ലാം ഫാ. തേലക്കാട്ടിനെ മനഃപൂര്‍വം തകര്‍ക്കാന്‍ വേണ്ടിയാണെന്നും അതുവഴി അദ്ദേഹത്തിന്റെ കൈവശമുള്ള രേഖകള്‍ പുറത്തു വരുന്നത് തടായനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഈ രേഖകളില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ കര്‍ദിനാള്‍ അടക്കമുള്ള സഭ ഉന്നതന്മാര്‍ പലരും കുടുങ്ങുമെന്ന എംഎടിയുടെ വാദം സഭ വിശ്വാസികളും ശരിവയ്ക്കുന്നുണ്ട്.

No comments:

Post a Comment