Translate

Sunday, May 26, 2013

ഇടവേളകള്‍ നല്ലതാണ്

ഇടവേളകള്‍ നല്ലതാണ് - ചിന്തകള്‍ക്കും, വാക്കുകള്‍ക്കും. ഓര്‍ത്താല്‍ അത്ഭുതം തോന്നും; അറുപതിനായിരത്തോളം ചിന്തകള്‍, മനസ്സിലൂടെ ഒരു ദിവസം കടന്നുപോകുന്നുവെന്നുവന്നു പറയപ്പെടുന്നു; പതിനായിരം വാക്കുകള്‍ ഒരു സാധാരണ മനുഷ്യന്‍ ഒരു ദിവസം പറയുമെന്നും കണ്ടെത്തിയിരിക്കുന്നു. അതിലെത്രയെണ്ണം അവസരത്തിന് ചേരുമെന്നത് ആരും ചിന്തിക്കാറില്ല. ചിന്തകള്‍ എത്രയെണ്ണം നമ്മെ അലോസരപ്പെടുത്തുന്നുവെന്നും നാം അറിയാറില്ല.

ചിന്തകള്‍ വരട്ടെ, അത് ക്ഷണിച്ചിട്ടല്ലല്ലോ വരുന്നത്, അതുകൊണ്ട് അത് അതിന്‍റെ വഴിക്ക് പൊയ്ക്കൊള്ളും എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. എങ്കിലും ഒന്ന് രണ്ടു ചിന്തകള്‍ മനസ്സില്‍ തങ്ങിനിന്നു, ദിവസങ്ങളായി. ആദ്യത്തേത് ശ്രി. ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയിലെ ചില കുറിപ്പുകള്‍. ഒരു നല്ല വിശ്വാസിയായിരുന്നിട്ടും അദ്ദേഹത്തിനു ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു കന്യാസ്ത്രിയെ വിശുദ്ധയാക്കാനുള്ള ശ്രമത്തില്‍ മഠംകാര്‍ മന്ത്രിയായിരുന്ന ലോനപ്പന്‍ മാഷിന്റെ ബ്ലാങ്ക് ലെറ്റര്‍ പാട് കൊണ്ടുപോയി സാക്ഷ്യപത്രം എഴുതിയത് ഒരു കഥ. ആഫ്രിക്കയില്‍ വെച്ച് ദിവംഗതനായ ബിഷപ്‌ കുണ്ടുകുളത്തിന്‍റെ സ്വര്‍ണ്ണക്കുരിശിന്‍റെയും മാലയുടെയും കഥ  വേറൊന്ന്. ആഫ്രിക്കയില്‍ നിന്നും സംഭാവന കിട്ടിയ പണം എളുപ്പത്തില്‍ കൊണ്ടുവരാന്‍ ഒരു മാര്ഗ്ഗമെയുണ്ടായിരുന്നുള്ളൂ; അത് മുഴുവന്‍ സ്വര്‍ണ്ണമാക്കി ഒരു കുരിശും മാലയും പണിതു കഴുത്തിലിടുക. അദ്ദേഹം അത് ചെയ്തു, പക്ഷേ, വഴി മദ്ധ്യെ അദ്ദേഹം ഹൃദയസ്തംഭനം മൂലം ദിവംഗതനായി. അന്നത്തെ ഈ കുരിശിനും മാലയ്ക്കും സാക്ഷിയായി ഇന്ന് നാല് പേര്‍ ജീവിച്ചിരിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ കുരിശും മാലയും എവിടെ? തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും അനേകം കഥകള്‍ സഭയില്‍ ധാരാളമുള്ളതാണെങ്കിലും അദ്ദേഹത്തിനു സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഇക്കഥ എല്ലാവരെയും കൊളുത്തി വലിച്ചെന്നിരിക്കും.

ഇതിന്‍റെയെല്ലാം മുകളിലിരുന്ന എന്ട്രന്‍സ് ചിന്തകള്‍ അല്‍പ്പം താഴേക്കു പോയില്ലെന്നു പറയാനാവില്ല. റിസല്‍ട്ട് വന്നപ്പോള്‍ ജയിച്ചതും റാങ്ക് നേടിയതുമെല്ലാം, മിനക്കെട്ടിരുന്നു പഠിക്കുകയും, പ്രാര്‍ത്ഥന മറക്കാതിരിക്കുകയും ചെയ്തവര്‍, തോറ്റതോ മിനക്കെട്ടിരിന്നു പ്രാര്‍ഥിക്കുകയും പഠനം മറക്കാതിരിക്കുകയും ചെയ്തവര്‍. മനസ്സില്‍ വിശ്വസിച്ചിരുന്നത് പോലെ പ്രാര്‍ത്ഥനയിലും പള്ളി പ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്ന ഒരൊറ്റയണ്ണത്തിനെയും മുന്‍ നിരയില്‍ കണ്ടില്ല. എന്ട്രന്സ് കോച്ചിങ്ങിനു പോകാതെ വേദപാഠം പന്തണ്ടാം ക്ലാസ്സും, ഉത്ഥാന കലോത്സവവും ജെറൂസലേം ചിന്തകളുമായി നടന്നു ഭാവി തുലച്ചു പലരും. അവര്‍ക്ക് അവശേഷിച്ചിരിക്കുന്ന ജീവിത മാര്‍ഗ്ഗം സെമ്മിനാരി മാത്രം! അതല്ലേ രൂപതയുടെയും ആഗ്രഹം? എന്നാണോ ഇവര്‍ക്ക് സുബോധം കിട്ടുക?

ഈ സര്‍വ്വ സാമൂഹ്യ ചിന്തകളെയും പുറന്തള്ളി സീറ്റു പിടിച്ചടക്കി ബോബി അച്ചന്‍ വന്നു. പോകാന്‍ പറയാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ശ്രി. സാക്ക് ബോബി അച്ചന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാതിരിക്കരുതെന്ന് പറയുന്നത് ഞാന്‍ കേട്ടിരുന്നു. അന്ന് മുതല്‍ ഞാന്‍ അദ്ദേഹത്തെ അന്വേഷിക്കുന്നു. ഇന്നലെ അദ്ദേഹം ഫെയിസ് ബുക്കില്‍ വന്നു. ആ ചിത്രത്തില്‍ കണ്ട മുഖത്തെ ഭാവം എല്ലാം പറയുന്നുണ്ടായിരുന്നു. അല്‍പ്പ നേരം നിശ്ശബ്ദനായിരുന്നു ഞാനത് കേട്ടു.

ഏതാനും കമെന്റുകളും ഞാന്‍ വായിച്ചു. അതിങ്ങനെ:
'’അച്ചൻ ഒരിക്കൽ പറഞ്ഞ ആശയം എന്നെ വല്ലാതെ വേട്ടയാടുന്നു. കല്യാണം കഴിക്കാനും കഴിപ്പിക്കാനും ആയി ഒരു ജനത എന്ന്! ഇതല്ലാതെ സമൂഹം എന്നോ നാട് എന്നോ ചിന്തിക്കാൻ ആരും മെനക്കെടുന്നില്ല അത് ചെയ്യുന്നത് eccentricity ആണോ എന്ന് പോലും ഞാൻ സംശയിച്ചിരുന്ന കാലത്താണ് ഇത് കേട്ടത് .... എന്റെ confusion മാറി! കൂടുതൽ ആളുകളെ സഹായിക്കാൻ തമ്പുരാൻ അച്ചനെ കാത്തു പരിപാലിക്കട്ടെ!!”

“നാമറിയാതെ നമ്മെയെല്ലാം ആ കണ്ണിയോടു ചേർത്ത് നിറുത്തുന്ന വിശ്വപ്രതാപനെ, നമോവാകം.”
 Fr. Boby, will I be able to meet u ever??I would like to sit with u for some time, listening to ur words; just like Mary sat at the feet of the Lord. Jesus, is it possible??

സഭയിലെ അഴിമതികളും പോരായ്മകളും തുറന്നു കാട്ടുന്ന അനേകം പേര്‍ ബോബി അച്ചനെ ശ്രവിക്കുന്നുവെന്നുള്ളത് വിചിത്രമായി എനിക്ക് തോന്നി. അതെന്‍റെ അറിവില്ലായ്മകൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഹൃദയം എപ്പോഴും അനാദിയായിരിക്കുന്ന സ്നേഹവുമായി പ്രണയത്തിലായിരിക്കുമ്പോള്‍, ശരീരത്തിനോ ആത്മാവിനോ മറിച്ചായിരിക്കാന്‍ ആവില്ലല്ലോ. അവയും ഹൃദയത്തിന്‍റെ പിന്നാലെ പോകും, ഒരു ബോഗിയുടെ പിന്നിലെ മറ്റൊരു ബോഗി പോലെ. ബോഗികളെ ആകര്‍ഷിക്കുന്ന നല്ല എന്‍ജിനുകളാകാനോ നല്ല എന്‍ജിനുകള്‍ക്ക് വേണ്ട പാളങ്ങള്‍ ഒരുക്കാനോ കഴിയാത്തതല്ലേ നമ്മെ വിഷമിപ്പിക്കുന്നത്?  

16 comments:

 1. ബിഷപ്പ് കുണ്ടുകുളത്തിന് ശ്രീ മറ്റപ്പള്ളി വിവരിച്ചതുപോലെ ദുഖകരമായ ഒരു കഥയുണ്ടായിരുന്നുവെന്ന് അറിയത്തില്ലായിരുന്നു. ഭവനങ്ങൾ പണിതുകൊടുക്കുന്ന പാവങ്ങളുടെ പിതാവെന്നൊക്കെ ദീപികയിൽ വായിച്ചിട്ടുണ്ട്. ഈ പാവങ്ങളുടെ പിതാവ്‌ ഞാൻ ജോലി അന്വേഷിച്ച് നടന്നകാലങ്ങളിൽ അരമനയിൽ ഒരിക്കൽ എന്നെ മുഖം കാണിക്കുവാൻ അനുവദിച്ചു. അന്ന് എൻറെ നേരെനീട്ടിയ പരിശുദ്ധമെന്നുകരുതുന്ന അദ്ദേഹത്തിന്റെ കൈകകളിലെ മോതിരത്തിൽ മുത്തിയതും ഓർക്കുന്നു. ഒരു സാരോപദേശവും. "ജോലിയൊക്കെ പുരോഹിതർക്ക് മാറ്റിവെച്ചിരിക്കുന്നതാണ്. പാലാ, കാഞ്ഞിരപ്പള്ളിയിൽനിന്ന് വരുന്നവരെ ഞങ്ങൾ പരിഗണിക്കാറില്ല". ക്രിസ്തുവിന്റെ സഭയിൽ പാലാക്കാരനും കാഞ്ഞിരപ്പള്ളിക്കാരനും തൃശൂർക്കാരനും വെവ്വേറെയാണെന്ന സത്യവും അന്നാണ് ഞാൻ യഥാർഥത്തിൽ അറിയുന്നത്. ശ്രീ മറ്റപ്പള്ളി കുട്ടികളുടെ റാങ്ക് ലഭിക്കുന്ന കഥകൾ സരസമായി വിവരിച്ചതെല്ലാം നൂറുശതമാനവും സത്യമാണ്.

  കുണ്ടുകുളത്തിന്റെ സ്വർണ്ണകുരിശുകഥയും ശരിയാകാനാണ് സാദ്ധ്യത. അന്തർദേശീയ വിലയുമായി ഇന്ത്യയിലെ സ്വർണ്ണവില അന്ന് ഇരട്ടിയിലധിമുണ്ടായിരുന്നു. ഒരു കാലത്ത് ഇവിടെ വരുന്ന അച്ചന്മാർ ആദായമായികണ്ട് കിട്ടുന്ന പണം മുഴുവൻ സ്വർണ്ണംമേടിച്ച് നാട്ടിലെത്തിക്കുമായിരുന്നു. കണക്കുകൾ ബോധിപ്പിക്കുമ്പോൾ സ്വർണ്ണവിലയുടെ ഇടലാഭം പുരോഹിതന്റെ പോക്കറ്റിലുമായിരുന്നു. ബോംബയിലെ കസ്റ്റംസ് ഉദ്യോഗസ്ഥകൂലികൾക്ക്‌ കൈമടക്ക്‌ കൊടുത്തില്ലെങ്കിൽ യാത്രക്കാരെ കുറ്റവാളികളെപ്പോലെ കാണുന്നകാലവും ഓർമ്മയിലുണ്ട്. അതിനുള്ളിലും കുപ്പായത്തിന് ബലമുണ്ടായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

  മനസ്സും ചിന്തകളും മനുഷ്യന്റെ മായാവലയത്തിലെ മാന്ത്രിക ചെപ്പടിവിദ്യകളാണ്. ആർക്കും മനസിന്റെ ലീലാവിലാസങ്ങളെപ്പറ്റി വ്യക്തമായി ഒരു വിവരണം നല്കുവാൻ സാധിക്കുമെന്നും തോന്നുന്നില്ല. മനസ് ശരീരത്തിന്റെ ഭാഗമോ, അഥവാ ശരീരം മനസിന്റെ ഭാഗമോയെന്നൊക്കെ വിവരിക്കുക അസാദ്ധ്യമാണ്. ജീവിതവും നമ്മളും ആയി ബന്ധിപ്പിക്കുന്ന എതോ മാസ്മരവിദ്യയാണ് മനസ്. ലക്ഷകണക്കിനു വിചാരങ്ങളാൽ സ്വപ്നതീർഥാടനം നടത്തുന്ന മനുഷ്യന്റെ മനസ് സകല നാഡിഞരമ്പുകളിൽക്കൂടിയും രക്തവാഹിനികളിൽക്കൂടിയും സഞ്ചരിക്കുന്നുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.

  മനസ് ഒരു അരിപ്പക്കുള്ളിലെന്നും തോന്നിപ്പോവുന്നു. കടന്നുകൂടുന്ന മനസിലെ നൂറായിരം ചിന്തകളെ അരിപ്പയിൽ അരിച്ച് പ്രശ്ന സങ്കീർണ്ണവുമായുള്ള ജീവിതവുമായി ഓരോ മനുഷ്യനും ദൈനംദിനം തുഴയണം. പരിഹാരം കാണേണ്ടവയെ വീണ്ടും ഈ അരിപ്പയിൽത്തന്നെ അരിക്കുന്നു. ചിലപ്പോൾ ഈ അരിപ്പയിൽ അരിക്കാതെ എതോ ഭൂതകാലസ്വപ്നത്തിലെക്കും നമ്മെ നയിക്കും. മനസറിയാതെ പ്രാർഥന ഉരുവിടുക, മെത്രാനെ കാണുമ്പോൾ പെട്ടെന്ന് കൈമുത്തുക, രാവിലെ എഴുന്നെല്ക്കുന്ന ഉടൻ ടീ. വി. കാണുക, ചിന്തിക്കാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, മെത്രാൻ അല്മായനെ കാണുമ്പോൾ കൈകളിലെ മോതിരവുമായി ഓടിവരുക ഇതെല്ലാം ഉറക്കത്തിൽ നടക്കുന്നതിന് തുല്യമാണ്. മനസ്സവിടെ അരിപ്പയിൽ അരിക്കാതെ ഉറങ്ങിക്കിടക്കും.


  അരിപ്പക്ക്‌ ചോർച്ചയുണ്ടാകുമ്പോഴാണ് വിപരീതചിന്തകൾ മനസ്സിൽ മൊട്ടിട്ടുവരുന്നത്. കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കളോട് വെറുപ്പുണ്ടാവുക സാധാരണമാണ്. മനസിനെ വേദനിപ്പിക്കുന്ന പ്രവർത്തനങ്ങളും കുഞ്ഞുങ്ങളുടെ ഭാഗത്തുനിന്നുണ്ടാവാം. ഇത് വിപരീതചിന്തകളുള്ള മനസിന്റെ ഒരു തരം ചലനങ്ങളാണ്. "എനിക്ക് അന്ന് ഭ്രാന്തൻ ചിന്താഗതികളായിരുന്നു, ഞാൻ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു" എന്നൊക്കെ ബാല്യകാലത്തിലേക്ക് ഒന്നെത്തിനോക്കിയാൽ നാം സ്വയം പറഞ്ഞുപോകും. മാനസികഭ്രാന്തില്ലെങ്കിൽ, താറുമാറായ മാതാപിതാക്കളുടെ കുടുംബമല്ലായിരുന്നുവെങ്കിൽ ഒരിക്കലും അവരുടെ മനസ് വേദനിപ്പിക്കുവാൻ നാം ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ചോരാത്ത അരിപ്പയിൽ മനസിനെ നിയന്ത്രിക്കുവാനും നമുക്കറിയാം.

  നെപ്പോളിയൻ പറഞ്ഞു, "വാളും മനസും ലോകത്തിന്റെ രണ്ട്‌ വൻശക്തികളാണ്. മനസെന്ന ശക്തി മൂർച്ചയേറിയ വാളിന്റെ ശക്തിയെ അവസാനം ഉടച്ചുതകർക്കും." ശുദ്ധമായ കുറച്ചുമനസുകളും കറപുരണ്ട കൂടുതൽ മനസുകളും മനസാകുന്ന സമുദ്രത്തിൽ ഓടിനടപ്പുണ്ട്. ലോകംതന്നെ നിയന്ത്രിക്കുന്നത്‌ നൂറായിരം മനസുകളാണ്. നല്ല ആശയങ്ങളും സത്യമായ മാനുഷിക വിചാരങ്ങളും ലോക പുരോഗതിക്ക് ആവശ്യമാണ്.

  വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞു, " ഭാവിയുടെ ശക്തമായ സാമ്രാജ്യങ്ങൾ ധർമ്മത്തിലധിഷ്ഠിതമായ മനസാകുന്ന വൻകോട്ടകൾകൊണ്ട് നിർമ്മിച്ചതായിരിക്കണം."

  ReplyDelete
 2. ക്ഷണിച്ചിട്ടല്ല ചിന്തകൾ വരുന്നത് അതുകൊണ്ട് അവ അവയുടെ വഴിക്ക് പൊയ്ക്കൊള്ളും എന്നത് അത്ര ശരിയല്ല. ചിന്തകൾ വരുന്നതും പോകുന്നതും നമ്മൾ നമ്മെപ്പറ്റി സ്വയം സ്ഥാപിച്ചെടുത്ത വ്യതിരിക്തമായ വ്യക്തിത്വത്തിനനുസരിച്ചേ ആയിരിക്കൂ. ആരാന്റെ പുള്ളിന് പൂട പറിച്ചവൻ/വൾ എന്ന രൂപം തന്നെപ്പറ്റിയുള്ളയാൾ ആരാന്റെ പുള്ളിനെപ്പറ്റിയും പുള്ളിന്റെ പൂടയെപ്പറ്റിയും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും, സംശയമില്ല. പാര പണിതുശീലിച്ചവർ പാരയെപ്പറ്റിയായിരിക്കും കൂടുതൽ ചിന്തിക്കുക. പൊതുമുതൽ കട്ടുശീലിച്ചവർ പൊതുമുതലിനെപ്പറ്റിയും, ഇനിയെന്ത് എങ്ങനെ കക്കാം എന്നും ചിന്തിച്ചുകൊണ്ടിരിക്കും. താൻ കേമൻ എന്ന ധാരണയുള്ളവർ തന്റെ കേമത്തം ഇനിയും എങ്ങനെ പുറത്തുകാണിക്കാം എന്നതിനുള്ള വഴികളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കും. ഇത്തരക്കാര് ആരും ചിന്തയെ നിയന്ത്രിക്കണം എന്നാഗ്രഹിക്കാൻ സാദ്ധ്യത കുറവാണ്.

  എന്നാൽ ചിന്തകൾ മനസ്സിനെ കലുഷിതമാക്കും എന്ന് വിശ്വസിക്കുകയും അവയെ കുറെയെങ്കിലും വരുതിക്കുനിറുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഉണ്ടെങ്കിൽ, ഒരു നല്ല ശീലം ഇങ്ങനെ വളർത്തിയെടുക്കാം. ചെയ്തുകൊണ്ടിരിക്കുന്നത് എന്തുമാകട്ടെ, അതിനിടയിൽ ഏതാനും നിമിഷത്തെ ഇടവേളകളെ കണ്ടെത്തുക. ആ ഇടവേളയിൽ അഞ്ചു തവണയെങ്കിലും ശ്വാസമെടുക്കുമ്പോഴും വിടുമ്പോഴും ഉള്ളിൽ പറയുക - ഞാൻ പ്രാണവായുവിനെ സ്വീകരിക്കുന്നു, ഞാൻ അതിനെ പുറത്തേയ്ക്കു വിടുന്നു എന്ന്. ശ്വസനത്തെപ്പറ്റിയല്ലാതെ ആ സമയത്ത് മറ്റൊന്നും ചിന്തിക്കരുത് എന്നതാണ് ലക്ഷ്യം. അഞ്ചിൽ കൂടുതൽ ആകുമ്പോഴേയ്ക്കു എന്തെങ്കിലും ചിന്ത മനസ്സിൽ കയരിക്കഴിഞ്ഞിരിക്കും. പറ്റുമ്പോഴെല്ലാം ഇതാവാർത്തിക്കുക. ചിന്തകളില്ലാത്ത ഇടവേളകളുടെ നീളം കൂട്ടിക്കൊണ്ടുവരാൻ കഴിയണം. സാവധാനം മനസ്സിന്റെമേലുള്ള ഒരപാരശക്തിയായി ഈ ശീലം പരിണമിക്കും. ഉറങ്ങാൻ കിടക്കുമ്പോഴും കുളിക്കുമ്പോഴും യാത്രയിലുമൊക്കെ ചെയ്യാവുന്ന ഒരു ലളിത വ്യായാമം. എന്നാൽ അതിന്റെ ഫലമോ അവാച്യവും. അവനവന്റെ നാഥനാകാനുള്ള ഏകവഴി ചിന്തകളെ നിയന്ത്രിക്കാൻ പഠിക്കുകയാണ്.

  ReplyDelete
  Replies

  1. ശ്രി സക്കറിയാസ് സാര്‍ സൂചിപ്പിച്ചതുപോലെ നാം ക്ഷണിച്ചാലെ ചിന്തകള്‍ അകത്തേക്ക്രൂ വരൂവെന്ന അഭിപ്രായം എനിക്കില്ല. അവിടെ ഒരു വിരുദ്ധാഭിപ്രായം ഉണ്ടായേക്കാമെന്നു കരുതാതെയുമിരുന്നില്ല. ചിന്തകള്‍ ഊര്‍ജ്ജമാണ് ഊര്‍ജ്ജത്തെ നശിപ്പിക്കാനോ സൃഷ്ടിക്കാനോ ആവുകയുമില്ല. പ്രപഞ്ചത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ള എന്തെല്ലാം ഉണ്ടായിട്ടുണ്ടോ അവയുടെ എല്ലാ ചിന്തകളും ഈ പ്രപഞ്ചത്തില്‍ ഉണ്ട്. ഓം മുതല്‍ യേശുവിന്‍റെ വാക്കുകള്‍ വരെ ഇവിടെയുണ്ട്. പക്ഷേ അവയെല്ലാം വേര്‍തിരിച്ചെടുക്കാന്‍ നമുക്ക് കഴിയണമെന്നില്ല. ചിന്തകളാകുന്ന തരംഗങ്ങളുടെ ഒരു മഹാ സമുദ്രത്തിലാണ് നാം ആയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ചിലതരം ചിന്തകള്‍ കേന്ദ്രീകരിച്ചിരിക്കും. അത്തരം സ്ഥലങ്ങളില്‍ ആയിരുന്നാല്‍ മനസ്സിനെ അത്തരം ചിന്തകള്‍ ആയിരിക്കും കൂടുതല്‍ സ്വാധീനിക്കുക. ഷാപ്പില്‍ ഇരിക്കുന്ന ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലാന്‍ തോന്നണമെന്നില്ല. പള്ളിയില്‍ ഇരുന്നു കൊണ്ട് പ്രതികാരം ചെയ്യാനും തോന്നണമെന്നില്ല.

   ആയിരിക്കുന്ന സ്ഥലം നിര്‍മ്മലമായ് കന്യാ പ്രദേശങ്ങളാണെങ്കില്‍ അവ ജനിപ്പിക്കുന്ന വിശ്വ ചിന്തകള്‍ വളരെ ഉന്മേഷവും ഊര്‍ജ്ജവും തരും. അത്തരം ഒരു മനസ്സിലാക്കലിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിന്തകള്‍ വരും അത് വന്നപോലെ പോകുകയും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത്. അതെ സമയം നമുക്കിഷ്ടപ്പെട്ടതായതുകൊണ്ടോ നാം വേരുക്കുന്നതായതോ ആയ ചിന്തകളെ വെറുതെ നിരീക്ഷിക്കുന്നതിനപ്പുറം വിലയിരുത്താനോ ശ്രദ്ധിക്കാനോ ശ്രമിച്ചാല്‍ അത് അവിടെയായിരിക്കുകയും കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുകയും ചെയ്യും. അതാണ്‌ അപകടം ഉണ്ടാക്കുന്നത്‌.

   'ചിന്തകൾ വരുന്നതും പോകുന്നതും നമ്മൾ നമ്മെപ്പറ്റി സ്വയം സ്ഥാപിച്ചെടുത്ത വ്യതിരിക്തമായ വ്യക്തിത്വത്തിനനുസരിച്ചേ ആയിരിക്കൂ' വെന്നു സാര്‍ പറഞ്ഞത് ചിന്തകളുടെ വേറൊരു സ്വഭാവ മാനത്തെപ്പറ്റി. രണ്ടും വിരുദ്ധമായ നിലപാടാണ് എന്ന അഭിപ്രായവും എനിക്കില്ല, ഇനി മറ്റൊരു കാഴ്ച്ചപ്പാട് വന്നാല്‍ അത് തെറ്റായിരിക്കാം എന്ന ചിന്തയും എനിക്കില്ല. സക്കറിയാസ് പറഞ്ഞത് വിശ്ദീകരിക്കുമ്പോള്‍ എല്ലാം പരസ്പര പൂരകങ്ങളാണെന്നെ തോന്നൂ താനും. ഒരു വലിയ പോസ്റ്റിനു സാദ്ധ്യതയുള്ള വിഷയമാണ് 'എങ്ങിനെ ചിന്തിക്കണം' എന്നത്.

   Delete
  2. നാം ക്ഷണിച്ചാലെ ചിന്തകള്‍ അകത്തേക്കു വരൂവെന്ന അഭിപ്രായം എനിക്കില്ല. (J. Mattappally) എനിക്കുമില്ല. മറിച്ച് ഒരഭിപ്രാം ഞാനെഴുതിയില്ല. അല്ലെങ്കിൽ എത്ര നന്നായിരുന്നു. ജീവിതം എപ്പോഴും ഒരു ധ്യാനമായി തുടരുമായിരുന്നു. മനസ്സിന്റെ സ്വഭാവം തന്നെ അതിലേയ്ക്ക് അനുവാദമില്ലാതെ ഓരോരോ ചിന്തകൾ വന്നും പോയും ഇരിക്കും എന്നതാണ്. ഇക്കാര്യം അംഗീകരിക്കുന്ന ഗുരുക്കാന്മാരാണല്ലോ , ചിന്തകളെ നിയന്തിക്കാൻ പഠിക്കണം, അല്ലെങ്കിൽ അവയ്ക്ക് വെറും സാക്ഷികളായി നിന്ന് അവയെ നിര്വീര്യമാക്കണം എന്ന് പറഞ്ഞു തന്നിട്ടുള്ളത്. ഞാൻ പറഞ്ഞത്, നമ്മുടെ സ്വഭാവരീതിയനുസരിച്ച് ചിന്തകളുടെ മട്ടും തരവും ചേർന്നുപോകും എന്ന് മാത്രമാണ്. അതിനു ഞാനൊരു ഉദാഹരണവും പറഞ്ഞു. ആരാന്റെ പുള്ളിന് പൂട പറിച്ചവൻ/വൾ എന്ന രൂപം തന്നെപ്പറ്റിയുള്ളയാൾ ആരാന്റെ പുള്ളിനെപ്പറ്റിയും പുള്ളിന്റെ പൂടയെപ്പറ്റിയും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും എന്നതായിരുന്നു അത്. ആരാന്റെ താറാവിനെ വളർത്തിയിട്ട് മുട്ടയും താറാവിറച്ചിയും കഴിച്ചുകഴിഞ്ഞും താറാവിന്റെ പപ്പെവിടെപ്പോയി എന്ന് നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നവർ ഉള്ളതുകൊണ്ടാണ് ഞാൻ ആ ഉദാഹരണം എഴുതിയത്. ചുരുക്കത്തിൽ, നിന്റെ സമ്പാദ്യമെവിടെ എന്ന് നീ കരുതുന്നുവോ, അവിടെയായിരിക്കും എപ്പോഴും നിന്റെ ചിന്തയും. ശരിയായതും അർഹമായതുമായ സമ്പാദ്യത്തിൽ മനസ്സിനെ ഉറപ്പിക്കാനാണ് ഇടവേളകൾ സഹായകരമാവേണ്ടത്.

   Delete
 3. ശ്രേയസെന്തെന്നറിയാതെ , പ്രേയസിന്റെ പുറകെ അലയുന്ന പാഴ്ജന്മപുരോഹിതർ കുപ്പായത്തിന്റെ നിറം മാറ്റി ബിഷപ്പ് ആയാലും കയ്യിളിരിപ്പതു തന്നെ ! ഞങ്ങളുടെ ഒരു കളർളോഹ പണ്ട് തന്റെ (മോശയുടെ) അംശവടിക്കുള്ളിൽ സ്വർണം അബുധാബിയിൽനിന്നും കൊണ്ടുവന്നപ്പോൾ ബോംബെ കസ്റ്റെംസ് പിടികൂടി !...ഒടുവിൽ വോട്ടുബാങ്കിനുവേണ്ടി രാഷ്ട്രീയക്കാർ ഈ പരിശുദ്ധ പിതാവിനെ ജൈലഴികളിൽനിന്നു രക്ഷിച്ചു.! പിന്നീടു ഈ കാശത്രയും ആ തിരുമനസ് അമിതപലിശക്കു പ്ര്യവറ്റ്‌ബ്ലയിടുകാർക്ക് കൊടുത്തു ..കാലം ചെയ്യാറായപ്പോൾ(കാലൻ വിളിക്കാറായപ്പോൾ )ബ്ലയിടുകാർ ചതിച്ചുപോലും !. സഭാമാസികയിൽ വന്ന വാർത്തയാണിത് !

  ReplyDelete
 4. ഒരു സുഹൃത്തിന്റെ ക്ഷണം അനുസരിച്ച് ഈ അടുത്തദിവസം മരിച്ചവരുടെ മലയാളത്തിലുള്ള ഒരു കുർബാനയിൽ ഞാൻ സംബന്ധിച്ചിരുന്നു. കുർബാനയിൽ മനസില്ലാമനസോടെ ഞാൻ പങ്കുചേർന്നത് ക്ഷണിക്കാത്ത മനസ് കാരണമോ, ഞാൻ ക്ഷണിച്ചിട്ടൊ? മനസാണ് അത്മാവെങ്കിൽ ആത്മാവിനെ സ്വന്തം നിയന്ത്രണത്തിൽ അങ്ങനെ പന്തുതട്ടുവാൻ സാധിക്കുമോ? ഇതിന് ഉത്തരം കാണുക പ്രയാസമല്ലേ?

  പള്ളി നിറച്ചും ഇരിക്കുവാൻ സൗകര്യപ്രദമായ കസേരകൾ ഉണ്ടായിട്ടും എല്ലാവരും ഒരു മണിക്കൂറോളമുള്ള കുർബാന നിന്നാണ് കണ്ടത്. എന്നെ സംബന്ധിച്ച് കുർബാന നിന്നുകാണുക അസാധ്യമായിരുന്നു. ചുറ്റും ഞാൻ നോക്കിയപ്പോൾ എല്ലാവരും ഭക്തിയോടെ എഴുന്നേറ്റു നില്ക്കുന്നു. മനസിനെ ബലമുള്ളതാക്കി മറ്റുള്ളവരെ ഗൗനിക്കാതെ കസേരയിൽ ഇരുന്നുകൊണ്ട് ഞാൻ കുർബാന കണ്ടു. ചുറ്റുമുള്ളവർ ഞാനെന്തോ തെറ്റുചെയതതുപോലെ എന്നെ നോക്കുന്നതും കണ്ടു. ബലമായി എന്റെ മനസിനെ ഞാൻ ക്ഷണിച്ചുവരുത്തിയെന്നാണ് തോന്നുന്നത്. മനശാസ്ത്രത്തിൽ ഇത് ക്ഷണിക്കപ്പെട്ട മനസ്സോ ക്ഷണിക്കപ്പെടാത്ത മനസ്സോയെന്ന് ഉത്തരം കണ്ടേക്കാം. ചുറ്റുമുള്ളവരെ നോക്കാതെ, സമൂഹത്തെ ധിക്കരിച്ച് മനസിനെ ഞാൻ നിയന്ത്രണത്തിലാക്കി എന്നെത്തന്നെ അനുസരിപ്പിച്ചില്ലേ? ഞാൻ ക്ഷണിച്ചോ ക്ഷണിക്കാതെയോ മനസ് അവിടെയെത്തിയില്ലേ?

  മനസ് ക്ഷണിച്ചുവരുത്തുന്നതോ, തനിയേ വരുന്നതോ, എപ്പോൾ, എങ്ങനെ, എന്തെല്ലാം, എന്നൊക്കെ കൃത്യമായി മനസിന്റെ ചലനങ്ങളെപ്പറ്റി ഒരു അനുമാനത്തിൽ എത്തുവാൻ സാധിക്കുമോ? മനസിന്റെ തത്ത്വശാസ്ത്രം പലതും അങ്ങനെ നമ്മോട് ചോദിക്കാറുണ്ട്. ഉപബോധമനസ്‌, ശരീരവും പുറംലോകവുമായുള്ള മാനസികവ്യാപാരം,പരസ്പരബന്ധം എന്നിങ്ങനെ തത്ത്വശാസ്ത്രത്തിന്റെ ചർച്ചാവിഷയങ്ങളാണ്.

  മനുഷ്യമനസിനെപ്പറ്റി ദൈവശാസ്ത്രജ്ഞർക്കും ഭൌതികചിന്തകർക്കും വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. ഭൌതികചിന്തകർ പറയും മനസിന്റെ പ്രവർത്തനങ്ങൾ പ്രകൃതിനിയമമാണ്. സ്വാഭാവികവുമാണ്. ദൈവശാസ്ത്രജ്ഞർ പറയും ഉപബോധമനസ് ഭൌതികമല്ല, അത് പ്രകൃതിക്കും അതീതമാണ്. ആത്മാവായ ഉപബോധമനസ് ദൈവത്തിന്റെ മനസാണ്. ഇവിടെയാണ്‌ ഭൌതികചിന്തകളും അത്മാവിനടുത്തുള്ള ചിന്തകളും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നത്

  പ്രകൃതിയോടലിഞ്ഞ് ജീവിക്കുന്നവർ പ്രകൃതി സത്യങ്ങളെയും കാണുന്നു. പ്രകൃതിയെ നാം ഗഹനമായി പഠിക്കുന്നതോടൊപ്പം മനസിനും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. ചുറ്റുമുള്ള പ്രകൃതിയാണ് മനസിനെ പൂർണ്ണതയിൽ എത്തിക്കുന്നതെന്ന് ഭൌതികശാസ്ത്രം ചിന്തിക്കുന്നു. ദൈവശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനസും ദൈവവുമായ ബന്ധവും വിവരിക്കും. ദൈവത്തിന്റെ മനസുകൊണ്ടാണ് ഒരുവന്റെ മനസ് സൃഷ്ടിച്ചതെന്നും അത്മീയാകൂട്ടാളർ വാദിക്കും.

  അദ്രുശ്യമായ മനസ് പ്രകൃതിക്കും അതീതമാണ്,മാനുഷ്യകമായ ചിന്തകൾക്കും അതീതമാണ്, മായയാണ്, ശക്തിയാണ്,ദൈവത്തിന്റെ വിസ്മയകരമായ ഒരു പ്രവർത്തന മണ്ഡലമാണ്, ഭൌതികമല്ല എന്നൊക്കെ മതം പഠിപ്പിക്കുന്നു. ഇവിടെയാണ്‌ അത്മാവെന്ന് മതം കല്പ്പിക്കുന്നു.


  ആധുനിക ശാസ്ത്ര ഗവേഷണങ്ങളിൽ മനുഷ്യൻ അജ്ഞനെങ്കിൽ മനസ് തലച്ചോറിന്റെ പ്രവർത്തനമാണെന്നും, മനസ്സെങ്ങനെ തലച്ചോറിൽ പ്രവർത്തിക്കുന്നതെന്നും മനസിലാക്കുകയില്ല. സാഹചര്യങ്ങളും അറിവുകളും പ്രകൃതിയും ചുറ്റുപാടുകളും കാലവും മനുഷ്യന്റെ മനസിന്‌ മാറ്റം വരുത്തും. മാറ്റം വരുന്ന മനസ് അത്മാവാകുന്നതെങ്ങനെയെന്ന് ഭൌതിക വാദികളിൽനിന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. ഒരുവന്റെ വ്യക്തിസ്വഭാവത്തിൽ തന്നെയും പൂർണ്ണമായും മാറ്റം സംഭവിക്കാറുണ്ട്. ഭൂതകാല ചിന്താഗതികൾ അനുസരിച്ചുള്ള ആത്മാവും ഇന്നുള്ള വ്യക്തിയിലെ ആത്മാവും തമ്മിലുള്ള പ്രവർത്തനം എങ്ങനെ വിലയിരുത്തും?

  മനസ് തലച്ചോറിന്റെ പ്രവർത്തനമെങ്കിലും കൃത്രിമമായി മനസിനെ മനുഷ്യനിൽ സൃഷ്ടിക്കുവാൻ സാധിക്കുകയില്ലെന്ന് ദൈവപഠനം നടത്തുന്നവർ വാദിക്കും. മനുഷ്യനിൽ മനസ് കൃത്രിമമായി സൃഷ്ടിച്ചാൽതന്നെയും ജീവനുള്ള മറ്റൊരു മനസ്സിന്റെ പ്രവർത്തനങ്ങളിൽനിന്നേ സാധിക്കുകയുള്ളൂ. ആത്മാവ് ജീവനുള്ള മനസ് തന്നെയായിരിക്കും.

  ഗവേഷകർ ഉണർന്നിരിക്കുന്നവന്റെ മനസിലെ പ്രവർത്തനങ്ങളും അപകടങ്ങളിൽകൂടി ബുദ്ധിക്ഷയം വന്നവരുടെ മനസുകളെപ്പറ്റിയും പഠനം നടത്താറുണ്ട്‌. അബോധാവസ്ഥയിൽ ഉള്ളവരുടെ ആത്മാവും ബോധാവസ്ഥയിൽ ഉള്ളവരുടെ ആത്മാവും രണ്ടുതരമോയെന്നും ഭൌതികവാദികൾ ചോദിക്കാറുണ്ട്. മനസ്സെന്ന് പറയുന്നത് മായയെന്നും ബുദ്ധമതക്കാർ പറയും.

  എന്താണ് ബോധ ഉപബോധ മനസുകൾ, നമ്മുടെ ബോധമനസുകൾ ദൈവത്തിൽ നിന്നോ, ഭൗതികമായ പ്രകൃതിയിൽ നിന്നോ, മനസിനെ കൃത്രിമമായി സൃഷ്ടിക്കുവാൻ സാധിക്കുമോ, രണ്ടുതരം വ്യക്തിത്വം ഉള്ള മനസുകൾ ഒരുവനിൽ കുടികൊള്ളുന്നുണ്ടോ എന്നിങ്ങനെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടി, അന്വേഷണങ്ങളുമായി ഭൌതിക,ദൈവവാദികൾ ഒന്നുപോലെ തങ്ങളുടെ ഗവേഷണ പണിപ്പുരകളിൽ എന്നുമുണ്ട്.

  ReplyDelete
  Replies
  1. ആരെങ്കിലും എഴുന്നേറ്റാൽ എഴുന്നേല്ക്കുക,ഇരുന്നാൽ ഇരിക്കുക എന്നതൊക്കെ പള്ളിയിൽ നിതവും കാണുന്ന പരിപാടികളാണ്. അവനവന്റെ ശാരീരിക നിലയനുസരിച്ചു വേണം ഇരിക്കുകയോ നില്ക്കുകയോ ചെയ്യുക എന്നതുപോലും അറിയാനാവാത്ത പരുവത്തിൽ വിശ്വാസികൾ ആയിത്തീരുന്നു എന്നത് ഒരു തമാശ തന്നെയല്ലേ? ജോസെഫ് മാത്യു വിന് ഇരിക്കണമെന്ന് തോന്നിയതും അങ്ങനെ ചെയ്തതും സ്വാതന്ത്ര്യമുള്ളതുകൊണ്ട്. അന്യരെ നിർബന്ധമായും അനുകരിക്കണമെന്ന ശീലത്തിനടിമയായവർക്ക് അതിനുള്ള കഴിവില്ല.
   ധ്യാനത്തെപ്പറ്റി ചിന്തിച്ചിടത്ത് നമ്മൾ മനസ്സിന്റെ പ്രകൃതത്തെപ്പറ്റി ചിലതൊക്കെ ചർച്ച ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നമുക്ക് ഗുണം ചെയ്യുന്നത് മനസ്സിൽ കണ്ടെത്താനാവില്ല. കാരണം ഒന്നുകിൽ കഴിഞ്ഞവയുടെ വെറും ഓർമ്മകൾ, അല്ലെങ്കിൽ വരാൻ സാദ്ധ്യതയുള്ളതും ഇല്ലത്തതുമായവയെപ്പറ്റിയുള്ള പ്രതീക്ഷകളും ആശങ്കളും ആണ് മനസ്സ് വച്ചുപുലർത്തുന്നത്. ഇവ രണ്ടും നമ്മുടേതല്ല എന്നാ തിരിച്ചറിവാണ് അവബോധം. അവബോധമാണ് മനുഷ്യനെ അവന്റെ മഹിമയിൽ നിലനിറുത്തുന്നത്. ന്യൂറോ സയൻസും മനശാസ്ത്രവുമൊക്കെ ഒത്തിരിക്കാര്യങ്ങൾ കണ്ടുപിടിക്കും, പ്രചരിപ്പിക്കും, എന്നാൽ, ജീവിതത്തിനു വേണ്ടത് അത്തരം അറിവുകളല്ല. ശാന്തിയിലേയ്ക്കും സുരക്ഷിതത്വം തരുന്ന ആത്മവിശ്വാസത്തിലേയ്ക്കും നയിക്കാത്ത അറിവുകൾ ആര്ക്ക് വേണം?

   Delete
 5. Ee purohithan- Bobby Jose - oru aatmeeya boran aanennu enikku thonniyittundu.Tholippurathulla chila darsanika chintakal parathy parathy ara dozen pusthakam ezhuthiyittulla aal!Painkily sinima naayakante maike-up!

  ReplyDelete
  Replies
  1. ചിന്തകള്‍ ഊര്‍ജ്ജമാണ്, ഊര്‍ജ്ജത്തെ നശിപ്പിക്കാനോ സൃഷ്ടിക്കാനോ ആവുകയുമില്ല എന്നെഴുതി ശ്രീ മറ്റപ്പള്ളി സാർ.

   എന്നാലും ഊർജ്ജം നല്ലതും (positive) ചീത്തയും (negative) ഉണ്ടെന്നു പറയാറുണ്ടല്ലോ. ചീത്തയെന്നു പറയുന്നത് നല്ല ഫലം ചെയ്യാത്തത് എന്ന അർത്ഥത്തിൽ മാത്രമാണെന്ന് നമുക്കറിയാം അതായത്, വെളിച്ചമില്ലാത്തിടത്ത് ഇരുട്ടാണെന്ന് പറയുന്നത് പോലെ. ഇരുട്ട് എന്നൊരു വസ്തു ഇല്ലല്ലോ. അങ്ങനെയെങ്കിൽ, നെഗറ്റീവ് energy പ്രസരിപ്പിക്കുന്നവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചുറ്റും വെളിച്ചം കാണാൻ കണ്ണില്ലാത്തവർ എന്നയർത്ഥത്തിൽ മാത്രമാണ്.

   വെളിച്ചം കാണിച്ചുതരുന്ന ഒരാളെന്ന നിലയിലാണ് ഫാ. ബോബി ജോസിനെ ഞാൻ ബഹുമാനിക്കുന്നത്‌. വേറൊരു NILAPAD കണ്ടു. അതംഗീകരിക്കാൻ എനിക്ക് പറ്റുന്നില്ല. ഏതായാലും അദ്ദേഹം എനിക്ക് പലതിലും ഒരു വഴികാട്ടിയായി തീർന്നിട്ടുണ്ട്. മറ്റനേകർക്കും, എന്നെനിക്കറിയാം. വെളിച്ചത്തെ നിരാകരിക്കുന്നത്‌ ഇരുട്ടുണ്ടാക്കലാണ് എന്നോർകുക.

   Delete
  2. ഈ പുരോഹിതന്‍ - ബോബി ജോസ് - ഒരു ബോറന്‍ ആണെന്ന് എനിക്കു തോന്നിയിട്ടുണ്ട് തൊലിപ്പുറത്തുള്ള ചില ദാര്‍ശനിക ചിന്തകള്‍ പരതി പരതി അര ഡസന്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആള്‍. പൈങ്കിളി സിനിമാ നായകന്റെ മേക്കപ്പ്. - 'നിലപാട്'
   അല്മായശബ്ദത്തിന്റെ ഒരു കോണ്‍ട്രിബ്യൂട്ടറായിരുന്ന 'നിലപാ'ടിന്റെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു. ആത്മീയമായ അനുഭവമെന്തെങ്കിലും ഉള്ള ഒരാള്‍ ഇങ്ങനെയൊരഭിപ്രായമെഴുതില്ല. തനിക്കനുഭവമില്ല എന്നത് അങ്ങനെ ഒരനുഭവം ആര്‍ക്കും ഉണ്ടാവില്ല എന്നു പറയാന്‍ തക്ക തെളിവല്ല. യേശുവിന്റെ ഈ നിലപാട് ഒന്നോര്‍മ്മിക്കുക: ഇത് ജാതിമത ഭേദമില്ലാതെ ആര്‍ക്കും പ്രസക്തമാണ്. ''വിധിക്കപ്പെടാതിരിക്കുവാന്‍ നിങ്ങള്‍ വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധി കൊണ്ടുതന്നെ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളന്നുകൊണ്ടിരിക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.'' (മത്തായി 7: 2)

   Delete
  3. ഒരു പോസ്റ്റ്‌ തയ്യാറാക്കുമ്പോള്‍ അതിലുള്ള കാര്യങ്ങള്‍ അങ്ങേയറ്റം ശരിയെന്നു ബോദ്ധ്യമായിട്ടാണ് സാധാരണ ഗതിയില്‍ ഞാന്‍ തയ്യാറാക്കാറുള്ളത്‌... എന്നു പറയട്ടെ. അതുകൊണ്ട് അതില്‍ തെറ്റുകള്‍ ഉണ്ടാവില്ലെന്നും അത് ആത്യന്തികമായിരിക്കുമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ബോബി ജോസ് കപ്പൂച്ചിന്‍റെ കാര്യത്തില്‍ അനുഭവസ്ഥനായ ഒരു ചെറുപ്പക്കാരന്‍റെ കൂടി അനുഭവം വിശദമായി കേള്‍ക്കാനും ഇടയായി. അല്ലെലൂജാകള്‍ ഇല്ലാതെ, നവ്യമായ ഒരു ഒരുള്‍ക്കാഴ്ചയിലേക്ക് നിശ്ശബ്ദമായി അന്വേഷകരെ നയിക്കുന്ന അദ്ദേഹം KCRM ചെയ്യുന്നതിനേക്കാള്‍ വലിയ നവീകരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അവരെപ്പോലെ ചിന്തിക്കുന്നവര്‍ സഭയില്‍ ഉള്ളതുകൊണ്ടാണ് സഭ നിലനില്‍ക്കുന്നത് തന്നെ. എനിക്കും പ്രിന്‍സിപ്പലിനും കൂടി മുപ്പതിനായിരം കിട്ടുമെന്ന് ആയിരം കൈപ്പറ്റുന്ന പിയൂണ്‍ പറഞ്ഞതുപോലെയേ ഇന്നത്തെ സഭാധികാരികള്‍ക്കു യേശുവിന്‍റെ സാന്നിദ്ധ്യത്തെപ്പറ്റി അവകാശപ്പെടാന്‍ കഴിയൂ.

   ശ്രി. ജോസിന്‍റെ സമയോചിതമായ കമെന്റും അഭിനന്ദനാര്‍ഹം. എല്ലാത്തിനെയും കാടടച്ചു വിമര്ശിക്കുകയെന്നതല്ല അത്മായാ ശബ്ദത്തിന്‍റെ ലക്‌ഷ്യം. അങ്ങിനെയെങ്കില്‍ ഞാന്‍ ഏതായാലും ഇതില്‍ സഹകരിക്കുകയുമില്ലായിരുന്നു. നല്ലതിനെ ചങ്കൂറ്റത്തോടെ സ്വീകരിക്കാനും ചീത്തയെ സധൈര്യം എതിര്‍ക്കാനും നമുക്ക് കഴിയുന്നുണ്ട്. അതാണ്‌ നാം ചെയ്യേണ്ടതും. അത്തരക്കാര്‍ കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് എനിക്കും ധൈര്യം നല്‍കുന്നു.

   നല്ലതിനെയും ചീത്തയും സക്കറിയാസ് സാര്‍ നിര്‍വ്വചിച്ചിരിക്കുന്നു. അതാണ്‌ ശരി. ഇവിടെ നല്ലതുമില്ല ചീത്തയുമില്ല ശരിയുമില്ല തെറ്റുമില്ല. എല്ലാം ആപേക്ഷികങ്ങള്‍. തന്നെ. ഒരിടത്തെ ശരി വേറൊരിടത്തു തെറ്റ്, അതുപോലെ ഒരിടത്ത് ചീത്ത വേറൊരിടത്തു നല്ലത്...ഇത് ഗീതയില്‍ മനോഹരമായി വിശ്ദീകരിച്ചിരിക്കുന്നു. ഉള്ക്കാഴ്ച്ചയിലെക്കുള്ള യാത്രയില്‍ ആദ്യം നാം പഠിക്കേണ്ടതും ഇത്തരം വസ്തുതകള്‍. തന്നെ. ബോബിയച്ചന്‍ ഇതുപോലെ തന്നെ അവസാനം വരെ ആയിരിക്കണമെന്നുമില്ല, നമ്മുടെ മെത്രാന്‍ സംഘം നന്നായിക്കൂടെന്നുമില്ല. സത്യത്തെ അതിനെല്ലാം മുകളില്‍ നാം കാണുമ്പോള്‍ ഇതെല്ലാം അപ്രസക്തമാവും. സത്യം മാത്രമേ മുമ്പില്‍ കാണുകയുമുള്ളൂ. സൈക്കിള്‍ കേറ്റം പഠിക്കുമ്പോള്‍ ദൂരെ ദൃഷ്ടിയൂന്നി പെടല്‍ ചവിട്ടുന്നതുപോലെ നാമും സത്യത്തിലേക്ക് കണ്ണും നാട്ടു കര്‍മ്മം ചെയ്യുകയെ വേണ്ടതുള്ളൂ. സത്യത്തിലേക്ക് നാം പോവുകയല്ല സത്യം നമ്മെ അങ്ങോട്ട്‌ കൊണ്ടുപോവുകയാണ്‌ എന്ന് അപ്പോള്‍ മനസ്സിലാകും.

   Delete
  4. നിലപാട് വ്യക്തമാക്കാം ,അതിൽ തെറ്റില്ല .പക്ഷേ ,"തൊലിപ്പുറത്തുള്ള ചില ദാർശനിക ചിന്തകൾ ‍ പരതി പരതി അര ഡസൻ പുസ്തകങ്ങൾ ‍ എഴുതിയിട്ടുള്ള ആൾ ‍. പൈങ്കിളി സിനിമാ നായകന്റെ മേക്കപ്പ്" എന്ന് ശ്രീ.ബോബി ജോസിനെ കുറിച്ച് വിലയിരുത്തിയ ഒരാൾക്ക് ആത്മീയ അനുഭാവമുണ്ടോ എന്നു ശ്രീ .ജോസ് ആന്റണി സാർ ശങ്കിച്ചത് തീർത്തും സംഗതമാണ് .തൊലിപ്പുറത്തല്ലാതെ മാംസത്തിലേക്കും മജ്ജയിലേക്കും നീളുന്ന ദാർശനിക സമസ്യകൾ ഉൾക്കൊണ്ട ആത്മീയ ബോറനല്ലാത്ത യോഗ്യനായ ഒരു വ്യക്തിയെ കാണിച്ചു തരാൻ 'നിലപാട്' ബാധ്യസ്ഥനാണ് .അമ്മയും അപ്പനും ബോറന്മാരായ കാലമാണിത് . താങ്കളോടെനിക്കു പരാതിയില്ല .

   Delete
 6. ഭാരതീയദര്‍ശനമനുസരിച്ച് ആത്മാവ് അഥവാ ബോധം മനസ്സോ ശരീരമോ അല്ല. മനസ്സും ശരീരവും ജഡമാണ്. ആത്മാവ് ചൈതന്യമാണ്. നിസ്സംഗമായ, നിര്‍വികാരമായ സാക്ഷീഭാവമാണത്. ആ സാക്ഷീഭാവത്തില്‍ ആയിരിക്കുന്നതാണ് ധ്യാനം.
  ആത്മാവെന്നും ദൈവമെന്നുമൊക്കെയുള്ള വാക്കുകളുപയോഗിക്കാതെ പ്രപഞ്ചബോധം തിരകളായിളകുന്ന ബോധസമുദ്രത്തെപ്പറ്റി എഴുതാന്‍ നാരായണഗുരു തന്റെ ചില കൃതികളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് അറിവ് എന്നാണ്.

  ReplyDelete
 7. ഗുരുസമാനനായ ഒരാളുടെമേൽ "നിലപാട്" ഒരു നിഴൽ വീഴ്ത്തിയപ്പോൾ എത്രപേരാണ് അവിടേയ്ക്ക് ഒളിവിതറാൻ ഓടിയെത്തുന്നത്! ഇതൊരു നല്ല സംവാദശൈലിയാണ്. 'സൈക്കിള്‍ കേറ്റം പഠിക്കുമ്പോള്‍ ദൂരെ ദൃഷ്ടിയൂന്നി പെടല്‍ ചവിട്ടുന്നതുപോലെ' എന്ന ചൊല്ല് എന്തെല്ലാം കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. ദൂരേയ്ക്ക് നോക്കാൻ കഴിയുക തന്നെയല്ലേ അറിവ്? ദൂരേയ്ക്ക് ചെല്ലും തോറും സാരാംശം കൂടിവരും. മുറ്റത്തെ മുല്ലക്ക് ... എന്നതും അത് തന്നെയാണ് പറയുന്നത്.

  സംസാരം ഈ ലോകത്തിന്റെ ഉപകരണമാണ്. വേദവാക്യങ്ങളും അതിൽപ്പെടും. എന്നാൽ അവയിലൂടെ വരാനിരിക്കുന്ന (ഇപ്പോൾ അടുത്തില്ലാത്ത) ലോകത്തിന്റെ നിഗൂഡതയെ മൌനം വഴി കാട്ടിത്തരികയാണ് ബോബി ജോസ് ചെയ്യുന്നത്. അന്വേഷിക്കുന്നവരെല്ലാം അത് കാണണമെന്നില്ല. പക്ഷേ, കണാനാവുന്നില്ലാത്തവർ വഴികാട്ടിയെ കല്ലെറിയരുത്. അതാണല്ലോ ജോസാന്റണിയും വേറെ വാക്കുകൾകൊണ്ട് പറഞ്ഞത്.

  "നമ്മുടെ മെത്രാന്‍ സംഘം നന്നായിക്കൂടെന്നുമില്ല. സത്യത്തെ അതിനെല്ലാം മുകളില്‍ നാം കാണുമ്പോള്‍ ഇതെല്ലാം അപ്രസക്തമാവും." (JM) ഇതാകട്ടെ അതിദീർഘവീക്ഷണമാണ്. ഇന്ന് നമ്മുടെയൊക്കെ അനുഭവം മെത്രാൻ = അസത്യം എന്നാണല്ലോ. അതിനപ്പുറത്തും സത്യം ജയിക്കുമെന്നത് നല്ല ചങ്കൂറ്റമുള്ളവർക്ക് മാത്രം പറയാൻ കഴിയുന്ന കാര്യമാണ്.

  ReplyDelete

 8. നമ്മുടെ ജീവിതശൈലിയെ നന്നായി ചിത്രീകരിക്കുന്ന ഒരു കവിത കല്പറ്റ നാരായണൻ എഴുതിയിട്ടുണ്ട്. അതിൽനിന്ന് ഏതാനും പാദങ്ങൾ. ഇത്തരം ഇടവേളകൾ അത്യാവശ്യമാണ്.

  കൈയിൽ പറ്റിയ, കഴുകിയിട്ടും
  കഴുകിയിട്ടും ഇളകാത്ത കറ
  വയറുകൊണ്ടാണ് കഴുകിയത്.
  പല തവണ ഉണ്ടപ്പോൾ
  കൈ ശുദ്ധമായി.
  ഇപ്പോൾ കറകളഞ്ഞ ഏമ്പൊക്കങ്ങൾ.

  രൂക്ഷമായ പുക ഞങ്ങൾ
  ശ്വാസകോശങ്ങൾകൊണ്ട് കഴുകി.
  ഇപ്പോൾ കമ്പനി കറയില്ലാതെ പ്രവര്ത്തിക്കുന്നു.
  ചാരിറ്റിക്കും കൊടുക്കുന്നുണ്ട്.

  ജിജ്ഞാസകൾ അവർ
  ക്ലാസ്സുമുറി ഉപയോഗിച്ച് കഴുകി.
  ഇപ്പോൾ തെല്ലുമില്ല കാലുഷ്യം.
  റോഡപകടമാല്ലാത്ത ഒരപകടവും
  ചെറുപ്പക്കാരിൽ നിന്നില്ല.

  മൃഗീയമായ മോഹങ്ങൾ
  വീട്ടാനാവാത്ത പ്രതികാരങ്ങൾ
  ഞങ്ങൾ ചലച്ചിത്രങ്ങൾകൊണ്ട് കഴുകി.
  ഇപ്പോൾ ഞങ്ങൾ തൃപ്തരാണ്.
  പരസ്പരം മിണ്ടാതെ
  നിരത്തുവക്കത്ത്, കൊടുംവെയിലിൽ
  അക്ഷോഭ്യരായി ഞങ്ങൾ ക്യൂ നില്ക്കുന്നു.
  മുമ്പാരും ഇത്ര ക്ഷമയോടെ
  സ്വന്തം ഊഴം കാത്തു നിന്നിട്ടില്ല.

  ReplyDelete
 9. "എന്നെ സ്നേഹിക്കുന്ന എഴുത്തുകൾ" എന്നു മാത്രമേ ബോബിയച്ചന്റെ പുസ്തകങ്ങളെ കുറിച്ച് എനിക്കു പറയാനുള്ളൂ .കാരണം ,സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമായാൽ എല്ലാമായി എന്നതിനപ്പുറം ഒരു വേദാന്തസാരം നിലനിൽക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നില്ല ."അറിവ് " എന്ന പദത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന എല്ലാ ദാർശനിക സമസ്യകളും , ആത്യന്തികമായി "സ്നേഹം" എന്ന മഹാസമുദ്രത്തിലേക്കുള്ള പോഷകനദികളാണ് ; ധ്യാനം അതിൽത്തന്നെ ലക്ഷ്യമല്ല , ഒരു മാർഗ്ഗമാണ് എന്നു സാരം ,ഒരുവന്റെയുള്ളിലെ സ്നേഹത്തെ തട്ടിയുണർത്താനുള്ള ഏകമായ വഴി . "RIGHT SENSES" എന്നതു പോലും ഒരാൾ അഗാധമായി സ്നേഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവാണ് " എന്നത് ഗുരുകടാക്ഷം കൊണ്ടു മാത്രം എത്തിച്ചേർന്ന ബോധസ്ഥിതിയാണ് . അങ്ങനെ , ഈ പ്രപഞ്ചം മുഴുവനുമെന്നപോലെ , ഗുരുവും ഞാനും ഏതോ അദൃശ്യമായ കണ്ണികളാൽ ബന്ധിക്കപ്പെടുന്നു ."അറിവിന്റെ പൊരുൾ"എന്നൊക്കെ നമ്മൾ വിളിക്കാൻ കൊതിക്കുന്ന ആ മഹാകാരുണ്യത്തെ‌ പ്രണമിച്ചുകൊണ്ട് ....


  ReplyDelete