Translate

Wednesday, April 22, 2020

നിശബ്ദ ഏകാകിയെ ഭയപ്പെടുന്നതാര്? എന്റെ ആത്മനിന്ദ ആരെയാണ് വിറളിപിടിപ്പിച്ചത്?


ദുഃഖവെള്ളി ലേഖനത്തില്‍ വിവാദം കാണുന്നവരോട് ഫാ.പോള്‍ തേലക്കാട്ട് ചോദിക്കുന്നു; വായിച്ചാല്‍ മനസ്സിലാക്കാത്തവര്‍ വിട്ടുകളയട്ടെയെന്ന് സെബാസ്റ്റിയന്‍ പോളും

കോട്ടയം: ഏപ്രില്‍ 10 ദുഃഖവെള്ളി ദിനത്തില്‍ ഫാ.പോള്‍ തേലക്കാട്ട് ഒരു ദിനപത്രത്തില്‍ എഴുതിയ 'നിശബ്ദ ഏകാകിയുടെ ദുഃഖവെള്ളി' എന്ന ലേഖനത്തെ വിവാദത്തിലാക്കാന്‍ ശ്രമിക്കുന്നവരെ നിശബ്ദരാക്കി വൈദികന്റെ വിശദീകരണം. 'മംഗളം ഓണ്‍ലൈനോട്' നല്‍കിയ വിശദീകരണത്തിലാണ് ഫാ.തേലക്കാട്ട് തനിക്കെതിരെ സൈബര്‍ യുദ്ധം അഴിച്ചുവിട്ടവര്‍ക്ക് മറുപടി നല്‍കുന്നത്. ആരുടെയും ആത്മാഭിമാനത്തിന്റെ പ്രശ്‌നമായിട്ടില്ല, എന്റെ ആത്മനിന്ദയായിട്ടാണ് ഞാന്‍ അതൊഴുതിയതെന്ന് ഫാ.തേലക്കാട്ട് പറയുന്നു.
''ആരുടെയും അന്തസ്സിനെ ചോദ്യ ചെയ്യാനോ ആരുടെയെങ്കിലും അന്തസ്സ് കുറവാണ് എന്നു പറയാനോ ഒന്നുമല്ല ഞാന്‍ ആ ലേഖനത്തില്‍ ശ്രമിച്ചത്. ഞാന്‍ എന്റെ അന്തസ്സിനെ തെറ്റിദ്ധരിച്ച കാര്യമാണ് പറഞ്ഞത്. അങ്ങനെയൊരു അന്തസ്സ് അന്തസ്സല്ല. അതാണ് ഞാന്‍ അതില്‍ എഴുതിയിരിക്കുന്നത്. അതൊരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമല്ല, അതൊരു ആത്മനിന്ദയായിട്ടാണ് ഞാനതില്‍ എഴുതിയിരിക്കുന്നത്.
പരാതിക്കാരന്റെ എന്ന് പറഞ്ഞ് സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഒരു മെയില്‍ വന്നുവെന്നാണ് ആലഞ്ചേരി പിതാവ് പറയുന്നത്. ആ മെയിലിനകത്ത് ഒരു കത്ത് ഉണ്ട് എന്നത് ശരിയാണ്. പക്ഷേ ആ കത്ത് ആധികാരികമല്ല. കത്തില്‍ ആരും ഒപ്പുവച്ചിട്ടില്ല. അതിനാല്‍ തന്നെ അതില്‍ സാധുതയുണ്ടെന്ന് എനിക്ക് തോന്നിയില്ല. അത് ഞാന്‍ പിതാവിനോട് പറയുകയും ചെയ്തു. പരാതിക്കാരന്‍ നൂണ്‍ഷ്യോയ്ക്ക് അയച്ച ഒരു കത്തിന്റെ കോപ്പി പിതാവിന് അയച്ചതാണ്. അതില്‍ ഒപ്പില്ല. അങ്ങനെയൊരു അജ്ഞാത കത്ത് വച്ച് വിശദീകരണം ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.
കാരണം എന്റെ ലേഖനം ഒരു സറ്റയറാണ്. ഡിസ്‌ക്രിപ്റ്റീവ് സ്‌റ്റേറ്റ്‌മെന്റ് അല്ല. ഇതാണ് എനിക്ക് പറയാനുള്ളത്. ഒരു ആത്മനിന്ദാപരമായ ആക്ഷേപഹാസ്യം കലര്‍ന്ന ഒരു പ്രസ്താവനയാണ് ഞാന്‍ എഴുതിയത്. ഉദാഹരണമായി പറഞ്ഞാല്‍, കുഞ്ചന്‍ നമ്പ്യാരുടെ ഒരു പ്രയോഗമുണ്ട്.''ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം''. ആ വാചകം കുഞ്ചന്‍ നമ്പ്യാര്‍ പണത്തിന്റെ ആര്‍ത്തിക്കാരനാണെന്ന് പറയാന്‍ ഉപയോഗിച്ചാല്‍ എന്തു ചെയ്യും ? അത്രയേയുള്ളു അതിനകത്തുള്ള കാര്യം. അത് ചിലര്‍ മനസ്സിലാക്കിയതില്‍ വന്ന പിശകാണെന്നാണ് എനിക്കു തോന്നിയത്.
Fr. Paul Thelakkad
ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് നൂണ്‍ഷ്യോ ആവശ്യപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ നൂണ്‍ഷ്യോയ്ക്ക് എഴുതിയ കത്ത് ആരെങ്കിലും പരിശോധിക്കണമെന്നൂം ആവശ്യപ്പെടണം. അതും ഉണ്ടായിട്ടില്ല. പിന്നെ എന്താണ് ഈ പറയുന്നത്. നൂണ്‍ഷ്യോക്ക് കൊടുത്തുവെന്ന് പറയപ്പെടുന്ന ഒരു കത്ത് ഞാന്‍ വായിച്ചു. ഈ കത്ത് ആരെങ്കിലും ഒപ്പുവയ്ക്കുന്ന കത്ത് ആകണ്ടെ ? ആരും ഒപ്പുപോലും വയ്കാത്ത കത്ത് എങ്ങനെ പരിഗണിക്കപ്പെടും ? ഞാന്‍ എഴുതിയ കാര്യത്തെ കുറിച്ച് ആര്‍ക്കെങ്കിലും മനസ്സിലായില്ലെങ്കില്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കണം. അത്രമാത്രം.
മാത്രമല്ല, ഇതു സംബന്ധമായി എന്റെ കയ്യില്‍ കിട്ടിയ ഒരു ലെറ്റര്‍ അല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രണ്ടിന്റെയും ലെറ്റര്‍ ഹെഡ് വ്യത്യസ്തമാണ്. രണ്ടിലും ആരും ഒപ്പിട്ടിട്ടുമില്ല. അങ്ങനെ ഒരു അജ്ഞാത, ഒപ്പുവയ്ക്കാത്ത ഒരു കത്ത് കിട്ടി എന്നു കേട്ട് ആലഞ്ചേരി പിതാവ് വെകിളി കൊള്ളേണ്ട കാര്യമൊന്നുമില്ല. ഒരു അധികാരിക്ക് ഒരു പരാതി കിട്ടിയാല്‍ അതില്‍ പരാതിക്കാരനാരാണെന്ന് നോക്കണം. അത് നോക്കിയോ എന്നെനിക്ക് ഉറപ്പില്ല. നോക്കിയെങ്കില്‍ ഇത്തരത്തില്‍ കുഴപ്പങ്ങള്‍ വരില്ലായിരുന്നു.
ഇത് ശരിക്കും ആലഞ്ചേരി പിതാവ് കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നോ എന്ന ചോദ്യത്തിന് 'വിഷയമല്ല' എന്നായിരുന്നു ഫാ.തേലക്കാട്ടിന്റെ മറുപടി. അപ്പോള്‍, വിഷയമല്ലാത്ത ഒരു കാര്യം വിഷയമാക്കാന്‍ ശ്രമിച്ചു. അതിനാല്‍ ഞാന്‍ പിതാവിനോട് തന്നെ ചോദിച്ചു, പിതാവേ, എന്തിനെ കുറിച്ചാണ് പരാതി പറയുന്നത്. പരാതിയുണ്ടോ എന്നു ഞാന്‍ ചോദിച്ചു. പിന്നെ ഈ കാര്യത്തില്‍ ഇത്രയ്ക്ക് ബഹളമുണ്ടാക്കേണ്ട കാര്യമുണ്ടോ? ഫാ.പോള്‍ തേലക്കാട്ട് ചോദിക്കുന്നു.
പ്രസ്തുത ലേഖനത്തിലെ വിവാദമാക്കപ്പെട്ട ഭാഗം ഇങ്ങനെയായിരുന്നു. ''ദുഃഖവെള്ളിയാഴ്ചയാണ്. എല്ലാ ക്രിസ്ത്യാനിയും പള്ളിയില്‍ പോകുന്ന ദിനമാണ്. എല്ലാ പളളികളും അടച്ചിടാന്‍ മാര്‍പാപ്പ മുതല്‍ മെത്രാന്മാര്‍വരെ കല്പനയിറക്കി. ഞായറാഴ്ച കുര്‍ബാന കണ്ടില്ലെങ്കില്‍ നരകത്തില്‍ പോകും എന്നു ഞാനും പഠിപ്പിച്ചു. വെളളിയാഴ്ച ലത്തീന്‍കാര്‍ ഇറച്ചികഴിച്ചാലും നമ്മള്‍ സുറിയാനിക്കാര്‍ കുറച്ചുകൂടി അന്തസ്സുള്ളവര്‍ കഴിക്കരുത്, നരകത്തില്‍ പോകും എന്നും പഠിപ്പിച്ചു. കുമ്പസാരിക്കുന്നത് വൈദികനോട് തന്നെ വേണമെന്ന കാര്യത്തിലും രണ്ട് പക്ഷമുണ്ടായില്ല. ഈ നിയമങ്ങളെല്ലാം പിന്‍വലിക്കാന്‍ കാരണമെന്താ? വൈറസ് തന്നെ. അചഞ്ചലം, കേവലം എന്നൊക്കെ ഇവയെ കരുതിയിരുന്നവര്‍ തന്നെ എല്ലാം മാറ്റി. എന്തുകൊണ്ട്? 'സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല' എന്ന് പഠിപ്പിച്ചവനെ നാം മനസ്സിലാക്കിയോ? മനുഷ്യനാണ് കേവലം. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടി മാറ്റം എന്ന് പഠിപ്പിക്കാന്‍ ഒരു വൈറസ് വേണ്ടിവന്നു.''
Fr. Paul Thelakkad
ഇതുവരെ സുറിയാനി കത്തോലിക്കാ സഭ അചലഞ്ചലമായി വിശ്വസിച്ചുപോന്നിരുന്ന പലതും വലിയ ആഴ്ചയില്‍ തന്നെ കോവിഡ് 19 എന്ന മഹാമാരി മാറ്റിമറിച്ചു എന്നായിരുന്നു ഫാ.തേലക്കാട്ട് ഈ ലേഖനത്തിലൂടെ പറഞ്ഞുവച്ചത്. കോവിഡിനെ പേടിച്ച് മുറിയില്‍ അടച്ച് ലോകജനതയോടൊപ്പം എഴുപത് കഴിഞ്ഞ വയോധികനായ ഞാനും ഏകാകിയായിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം തുടങ്ങുന്നത് തന്നെ. ദുഃഖവെള്ളി ദിനത്തില്‍ ഏകാകിയായിരിക്കുന്ന തന്റെ ചിന്തകളാണ് അദ്ദേഹം പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതും.
എന്നാല്‍ ഈ ലേഖനത്തെ ഫാ.തേലക്കാട്ടിനെതിരായ ആയുധമാക്കി മാറ്റാന്‍ ദുഃഖവെള്ളി ദിനത്തില്‍ തന്നെ ഈ വൈദികന്‍ കൂടി ഭാഗമായ സഭയില്‍ നിന്നും നീക്കം തുടങ്ങി എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട മുതിര്‍ന്ന വൈദികര്‍ പറയുന്നു. അന്നു മുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഫാ.തേലക്കാട്ട് ആദ്യമൊക്കെ അത് കാര്യമാക്കിയിരുന്നില്ല. കളങ്കിത വ്യക്തിത്വങ്ങള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ സ്ഥിരമായി അധിക്ഷേപങ്ങള്‍ ചൊരിയുന്ന ഇക്കൂട്ടര്‍ അതിന്റെ ഭാഗമായി നടത്തുന്ന നീക്കമാണെന്ന് അദ്ദേഹവും ഒപ്പമുള്ള വൈദികരും കരുതിയെന്ന് അവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന സംഭവങ്ങളാണ് ഫാ.തേലക്കാട്ടിനെ മാത്രം ലക്ഷ്യമിട്ട് ഉന്നത ആശീര്‍വാദത്തോടെയുള്ള നീക്കമാണെന്ന തിരിച്ചറിവ് ലഭിച്ചതായി അദ്ദേഹത്തിന് ഒപ്പമുള്ള വൈദികര്‍ പറയുന്നത്.
ഇക്കാര്യത്തില്‍ ഫാ.തേലക്കാട്ടുമായി അടുത്ത ബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞത് ഇപ്രകാരമാണ്: സഹോദര സഭയിലെ വൈദികരുടെ സംഘടനയില്‍ അംഗമായ ഒരു വൈദികനാണ് നൂണ്‍ഷ്യോയ്ക്ക് കത്തയച്ചത്. അതിന്റെ ഒരു കോപ്പിയാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് വന്നത്. അതില്‍ പരാതിക്കാരന്റെ ഒപ്പ് പോലുമില്ലായിരുന്നു. എന്നാല്‍ ഇത്തരമൊരു കത്തില്‍ ഇതുവരെ നൂണ്‍ഷ്യോയില്‍ നിന്ന് ഒരു അന്വേഷണവും വന്നിട്ടില്ല. ഇത് കര്‍ദിനാളിന്റെ കയ്യില്‍ വന്നപ്പോള്‍ അദ്ദേഹം അത് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആന്റണി കരിയിലിന് കത്തായി നല്‍കുകയും അദ്ദേഹം അതിരൂപത കൂരിയയില്‍ ഉള്ള വൈദികരുമായി സംസാരിക്കുകയും ചെയ്തു. അങ്ങനെ ഫാ.തേലക്കാട്ടിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചു. വൈദികര്‍ പിരിഞ്ഞശേഷം ഏതോ കുബുദ്ധി ബിഷപിനെ ഉപദേശിച്ചു. ''മാപ്പ് പറയണമെന്നാണ് അവര്‍ പറയുന്നതെന്നും ലേഖനം വന്ന പത്രത്തില്‍കൂടി തന്നെ മാപ്പ് പറയട്ടെ'' എന്നുമായിരുന്ന ആ ഉപദേശം.
ഇതോടെ ഫാ.തേലക്കാട്ടിനെ വിളിച്ച മാര്‍ കരിയില്‍, ഒരു മാപ്പപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അധികാരികള്‍ എന്തുപറയുന്നുവോ അത് അനുസരിക്കണമെന്ന് നിശ്ചയമുള്ള ഫാ.തേലക്കാട്ട് ആ നിര്‍ദേശം ഒരു ഖേദപ്രകടനമെന്ന നിലയില്‍ പാലിക്കാന്‍ തയ്യാറായി. അതിരൂപതയിലെ തന്നെ ചില മുതിര്‍ന്ന വൈദികരുടെ ഇടപെടല്‍ മൂലം, ലേഖനം വിവാദമാക്കിയവര്‍ പ്രതീക്ഷിച്ചപോലെ പിറ്റേന്നും തുടര്‍ ദിവസങ്ങളില്‍ പോലും പത്രത്തില്‍ ഖേദപ്രകടനം വരാതിരുന്നതോടെ വിവാദം ഇളക്കിവിട്ടവര്‍ നിരാശരായി. ഫാ.തേലക്കാട്ടിനെ കുടുക്കിലാക്കാന്‍ ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞ മുതിര്‍ന്ന വൈദികര്‍ ഇതോടെ പരസ്യമായി രംഗത്തിറങ്ങി. ഈ നീക്കം വിവാദമായതറിഞ്ഞ മാര്‍ കരിയില്‍ ഫാ.തേലക്കാട്ടിന്റെ സഹോദരനും അതിരൂപതാംഗവുമായ വൈദികനെ തന്നെ നിയോഗിച്ച് ഒരു ഖേദപ്രകടനം എഴുതി വാങ്ങി. എന്നാല്‍ ഈ കത്ത് കരിയില്‍ പിതാവിന് മാത്രം നല്‍കുന്ന കത്താണെന്നും മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നും ഫാ.തേലക്കാട്ട് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഈ കത്ത് എങ്ങനെ കരിയില്‍ പിതാവില്‍ നിന്നും ചോര്‍ന്നുവെന്നാണ് വ്യക്തമാകേണ്ടത്. കത്ത് അതേപടി അയച്ചുകൊടുത്തതാണോ അതോ ഉള്ളടക്കം മറ്റാരെങ്കിലും ചോര്‍ത്തിയതാണോ എന്നാണ് അറിയേണ്ടത്- ഈ മുതിര്‍ന്ന വൈദികന്‍ പറയുന്നു.
ഒരു പരാതിക്കത്ത് കിട്ടിയെന്നും പറഞ്ഞ് രണ്ടു ദിവസം മുന്‍പ് കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും വിളി എത്തുമ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഫാ.തേലക്കാട്ട് തിരിച്ചറിയുന്നത്. ''ഈ ലേഖനത്തെ പ്രതി മാധ്യമങ്ങള്‍ തന്നെ നിരന്തരം വിളിക്കുന്നു.. അച്ചന്‍ എന്തായാലും മാപ്പപേക്ഷ എഴുതിക്കൊടുത്തില്ലേ.... ഇനി വിളിക്കുന്നവരോട് താന്‍ അത് പറഞ്ഞോട്ടെ'' എന്നായിരുന്നു കര്‍ദിനാളിന്റെ ഫോണ്‍ വിളിയുടെ ഉള്ളക്കം. എന്നാല്‍ താന്‍ ആര്‍ക്കും മാപ്പ് എഴുതിക്കൊടുത്തിട്ടില്ലെന്നും തന്റെ അനുവാദമില്ലാതെ കത്ത് പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും മാത്രമല്ല, തന്നോട് ആവശ്യപ്പെട്ട വ്യക്തിക്ക് മാത്രമായി നല്‍കിയ കത്താണ് അതെന്നും ഫാ.തേലക്കാട്ട് മറുപടി നല്‍കി. ഈ രീതിയില്‍ കര്‍ദിനാളിന് മറുപടി പറയാനുളള അനുവാദം താന്‍ നല്‍കില്ലെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം അദ്ദേഹം നിര്‍ത്തി.''- ഈ വൈദികന്‍ പറയുന്നു.
Fr. Paul Thelakkad

എന്നാല്‍, ഔദ്യോഗികമായി കൂരിയ പോലും ചേരാതെ, മുതിര്‍ന്ന വൈദികരുടെ അഭിപ്രായം തേടാതെ, ഫാ.തേലക്കാടില്‍ നിന്നും ഇത്തരമൊരു വിശദീകരണം എഴുതി വാങ്ങിയതില്‍ വൈദികരും അത്മായരും ഒന്നടങ്കം മാര്‍ ആന്റണി കരിയിലിനെതിരെ തിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. അരമനയിലെ വൈദികര്‍ നടത്തിയ അവലോകനത്തില്‍, ഈ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുമ്പോള്‍ നേതൃത്വം തന്നെ വഷളാക്കിയ ഈ വിഷയം അതിരൂപതയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന വിലയിരുത്തലുമുണ്ടായി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ് മാര്‍ കരിയിലും ഒപ്പമുള്ള വൈദികരും പരിതപിച്ചതായാണ് അരമനയില്‍ നിന്ന് പുറത്തുവരുന്ന വിവരം.
അതേസമയം, ഫാ.തേലക്കാട്ടിനെതിരായ നീക്കത്തെ അപലപിച്ച് സഭയിലും പൊതുസമൂഹത്തിലും ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഫാ.തേലക്കാട്ടിന്റെ ലേഖനം ഒരിക്കലും ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ താഴ്ത്തിപറയുന്നതായി തോന്നിയിട്ടില്ലെന്ന് മുന്‍ ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു. നോമ്പിനെ സംബന്ധിച്ചും ആചാരങ്ങളെ സംബന്ധിച്ചും ഈ രണ്ടു സഭകളും തമ്മില്‍ കുറച്ച് വ്യത്യാസങ്ങളുണ്ട്. ലത്തീന്‍സഭ പൊതുവേ യൂറോപ്യന്‍ രീതിയാണ് പിന്തുടരുന്നത്. സുറിയാനിക്ക് ചില വ്യത്യാസങ്ങളൊക്കെ അതില്‍ കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന് നോമ്പ് ആരംഭിക്കുന്നത് ബുധനാഴ്ചയാണ്- ആഷ് വെനസ്‌ഡേ. ലോകം മുഴുവന്‍ ബുധനാഴ്ചയാണ് നോമ്പ് ആചരിക്കുന്നത്. പക്ഷേ, കേരളത്തിലെ സുറിയാനി സഭയ്ക്ക് തിങ്കളാഴ്ചയാണ് നോമ്പ് ആരംഭം. അതിലെന്താണ് അര്‍ത്ഥമെന്ന് നമ്മുക്കറിഞ്ഞുകൂടാ.
അതുപോലെതന്നെ, കുരിശിന്റെ രൂപം, കുരിശിന്റെ ആകൃതി, പുരോഹിതന്‍ വിശ്വസികള്‍ക്ക് അഭിമുഖമായി നില്‍ക്കണമോ, പിന്തിരിഞ്ഞു നില്‍ക്കണമോ ഇതൊക്കെയാണ് സുറിയാനി സഭയിലെ തര്‍ക്ക വിഷയങ്ങള്‍. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് കടന്നുപോയി. ആണ്ടു കുമ്പസാരം നടത്തിയില്ലെങ്കില്‍ പിന്നെ സഭയില്‍ അംഗമല്ല എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആണ്ടുകുമ്പസാരവുമില്ല, കുര്‍ബാനയുമില്ല, ഒന്നുമില്ലാത്ത അവസ്ഥയായി. ഈ വക കാര്യങ്ങളെയൊക്കെ മുന്‍നിര്‍ത്തിയുള്ള ഒരു സ്വയം വിമര്‍ശനമാണ് തേലക്കാട്ട് അച്ചന്‍ നടത്തിയത്. അതില്‍ ഒരു പരാമര്‍ശത്തിന്റെ പാതി അടര്‍ത്തിയെടുത്ത് അച്ചനെതിരെ ഒരു കുറ്റപത്രം തയ്യാറാക്കുന്നത് ശരിയല്ല.
ബൈബിള്‍ പുതിയ നിയമത്തിന്റെ റിയല്‍ സ്പിരിറ്റിലാണ് തേലക്കാട്ട് അച്ചന്റെ ലേഖനത്തെ വായിക്കേണ്ടത്. ബൈബിളില്‍ യേശു എപ്പോഴും അര്‍ത്ഥമില്ലാത്ത ആചാരങ്ങള്‍ക്കെതിരെ നിലകൊണ്ടയാളാണ്. 'സാബത്ത് മനുഷ്യന് വേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല' എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍. ഇതു മാത്രമേ തേലക്കാട്ട് അച്ചനും പറഞ്ഞിട്ടുള്ളൂ. അച്ചനെതിരെ ഇപ്പോള്‍ ഒരു യുദ്ധം നടക്കുന്നുണ്ടെങ്കില്‍, ഒന്ന്, സൈബര്‍ എന്നു പറയുന്നത് ആരെയും ആക്രമിക്കാവുന്ന എന്തും പറയാവുന്ന ഒരു ഇടമാണ്. രണ്ട്, ആലഞ്ചേരി പിതാവുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ പെടുത്തപ്പെട്ടയാളാണ് അച്ചന്‍. അതിന്റെ തുടര്‍ച്ചയായി കണക്കുകള്‍ തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ചത് അങ്ങേയറ്റം അപലപനീയമാണ്. അച്ചന്റെ ലേഖനത്തെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ അത് വിട്ടുകളഞ്ഞേക്കുക. അതിനപ്പുറത്തേക്ക് സൈബര്‍ ഇടത്ത് ആര്‍ക്കെതിരെയും എന്തും ചെയ്യാനും പറയാനും കഴിയുമെന്ന് പറഞ്ഞ് ഇറങ്ങുന്നവര്‍ യഥാര്‍ത്ഥ സഭാ സ്‌നേഹികളോ വിശ്വാസികളോ അല്ല- ഡോ. സെബാസ്റ്റിയന്‍ പോള്‍ പറയുന്നു.
വിശുദ്ധവാരത്തില്‍ കൊറോണ ലോക്കൗട്ടു കാരണം തന്റെ മുറിയില്‍ ഏകനായി, പ്രാര്‍ത്ഥനാനിരതനായി, കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ചു ധ്യാനിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കുണ്ടായ അവബോധവും, ആത്മപരിശോധനയിലൂടെ ഉണ്ടായ കുറ്റബോധവും ഏറ്റുപറയുന്നതായിട്ടാണു ഞാന്‍ ആ ലേഖനത്തെ ആദ്യം മുതലേ കണ്ടതെന്ന് ലത്തീന്‍ കത്തോലിക്കാ സഭാംഗവും കപ്പൂച്ചീന്‍ സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ.ഡോമിനിക് പത്യാല പ്രതികരിച്ചു. ഇതേ സാഹചര്യത്തില്‍ ചിലര്‍ വന്‍ ദേവാലങ്ങളില്‍ തിരക്കര്‍മ്മങ്ങള്‍ നടത്തി ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്യുന്നതിനു മാധ്യമ പ്രവര്‍ത്തകരുടെ പിന്നാലെ പോയതിനേക്കാള്‍ എത്രയോ നല്ല കാര്യമാണ് തേലക്കാട്ടച്ചന്‍ ചെയതത്.
ലൂക്കായുടെ സുവിശേഷത്തില്‍ 18, 9 - 14 ല്‍ വിവരിക്കുന്ന പ്രീശന്റേയും ചൂങ്കക്കാരന്റേയും ഉപമ എന്റെ ഓര്‍മ്മയില്‍ വന്നു. പ്രീശന്‍ ദേവാലയത്തില്‍ നിവര്‍ന്നു നിന്നു ദൈവത്തിനു നന്ദി പറഞ്ഞു ഇപ്രകാരം പ്രാര്‍ത്ഥിച്ചു,'അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ, ഈ നില്ക്കുന്ന ചുങ്കക്കാരനെപ്പോലെയുമല്ല ഞാന്‍. ആഴ്ചയില്‍ രണ്ടു ദിവസം ഞാന്‍ ഉപവസിക്കുന്നു, എല്ലാറ്റിന്റേയും ദശാംശം കൊടുക്കുന്നു.'' ചുങ്കക്കാരനാകട്ടെ ശിരസ്സുയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ മാറത്തടിച്ച്, 'ദൈവമേ, പാപിയായ എന്റെമേല്‍ കനിയണമേ ' എന്നു പ്രാര്‍ത്ഥിച്ചു.
ഞാന്‍ മനസ്സിലാക്കുന്നത്, തേലക്കാട്ടച്ചന്‍ തന്റെ ലേഖനത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്, താന്‍ ജനിച്ചു വളര്‍ന്ന സമുദായം ആ പ്രീശ മനോഭാവം വച്ചു പുലര്‍ത്തുന്നതാണെന്നും ആ സമുദായത്തിന്റെ ഭാഗമെന്ന നിലയില്‍ താനും മറ്റുള്ളവരെ പുച്ഛ ഭാവത്തില്‍ കാണുകയും തങ്ങള്‍ എന്തൊക്കെയോ ആണെന്നു ധരിക്കുകയും ഒരു പുരോഹിതനെന്ന നിലയില്‍ വിശ്വാസികളെ പഠിപ്പിക്കുകയും ചെയതിട്ടുണ്ട്. അതു തെറ്റായ്‌പ്പോയെന്ന കുറ്റബോധം എഴുപതാം വയസ്സില്‍ ലഭിച്ചത് കൊറോണമൂലം മറ്റു തിരക്കകളൊന്നുമില്ലാതെ ദൈവസന്നിധിയില്‍ ചെലവഴിച്ചപ്പോഴാണ്. അതിന്റെ ഒരു ഏറ്റുപറച്ചിലായിരുന്നു ആ ലേഖനം. അതിലെ ചില പ്രയോഗങ്ങള്‍ തെറ്റിദ്ധാരണയ്ക്കിടയാവുകയും വിവാദമാവുകയും ചെയ്തു. അത് ഒരു സമുദായത്തെ അവഹേളിക്കുവാന്‍ മന:പൂര്‍വ്വം ചെയ്തതാണെന്നു ഞാന്‍ കരുതുന്നില്ല, അതും തേലക്കാട്ടച്ചനെപ്പോലെ ആദരണീയനായ ഒരു മഹത് വ്യക്തി. ഇതേപോലെ പല വ്യക്തികളും സമ്പത്തിന്റേയും, അധികാരത്തിന്റേയും, പ്രശസ്തിയുടേയും പിന്നാലെ പോകുന്നതിനു പകരം ദൈവസന്നിധിയിലേക്കു വന്നിരുന്നെങ്കില്‍ തേലക്കാട്ടച്ചനു ലഭിച്ചതു പോലെ കുറച്ചു വെളിച്ചം കിട്ടുമായിരുന്നു.- ഫാ.ഡോമിനിക് പത്യാല ചൂണ്ടിക്കാട്ടി.
ഫാ.പോള്‍ തേലക്കാട്ട് ദുഃഖവെള്ളിയാഴ്ച്ച എഴുതിയ ഒരു ലേഖനത്തെ വിവാദത്തിലേക്ക് വലിച്ചെഴക്കുന്നത് എന്തിനു വേണ്ടി എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് അത്മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍ പ്രതികരിച്ചു. സുറിയാനിക്കാരുടെ ഇടയില്‍ പുലര്‍ത്തി വരുന്ന ക്രൈസ്തവ വിരുദ്ധമായ ഉന്നത ജാതിചിന്തയും അഹന്തയും ക്രിസ്തുവചനങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല സാബത്തു മനുഷ്യനുവേണ്ടിയാണെന്നു മനസിലാക്കി തരാന്‍ ഇപ്പോള്‍ ഒരു വൈറസ് വേണ്ടി വന്നു എന്നു സറ്റയറിക്കല്‍ ഭാഷയില്‍ എഴുതി സ്വന്തം സഭയെക്കുറിച്ചു ആത്മവിമര്‍ശനം നടത്തിയതിനെ ഭാഗികമായി അടര്‍ത്തി വിവാദമാക്കിയത് ഏറെ അത്ഭുതപ്പെടുത്തുന്നു.
ലത്തീന്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും തമ്മില്‍ എക്കാലവും അസൂയാവഹമായ ഹൃദയ ബന്ധവും സൗഹൃദവും പരസ്പര സഹകരണവും നിലനില്‍ക്കുന്നുണ്ട്. ലത്തീന്‍ സഭയിലെ പിതാക്കന്മാരും അല്‍മായരുമായി വളരെ വ്യക്തി ബന്ധം പുലര്‍ത്തുന്ന തേലക്കാട്ടച്ചന്‍ ലത്തീന്‍കാരെ അധിക്ഷേപിച്ചു ലേഖനം എഴുതി എന്ന ആരോപണം ശത്രുക്കള്‍ പോലും വിശ്വസിക്കുകയില്ല. തേലക്കാട്ടച്ചനെ പൊതു സമൂഹത്തില്‍ ആക്ഷേപിക്കുക എന്ന ഗൂഢ ലക്ഷ്യത്തിനു വേണ്ടി ചിലര്‍ കാണിക്കുന്ന തന്ത്രങ്ങള്‍ ഞങ്ങളെ വളരെ ദുഖിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്ത അതിരൂപത വൈദികരെ സമൂഹ മധ്യത്തില്‍ ഒറ്റപ്പെടുത്തി ആക്ഷേപിക്കുവാനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമം ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയിക്കുന്നു. തേലക്കാട്ടച്ചനെയും അച്ചന്റെ എഴുത്തു ശൈലിയെയും അറിയുന്നവരും ലേഖനം പൂര്‍ണ്ണമായി വായിച്ചവരും ലേഖനത്തിലെങ്ങും ലത്തീന്‍ സമുദായ അധിക്ഷേപം ഉണ്ടെന്ന് ആരോപിക്കുമെന്ന് വിശ്വസിക്കുന്നില്ല. അനാവശ്യ വിവാദമുണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയും ലത്തീന്‍ സഭയും തമ്മിലുള്ള പരമ്പരാഗതമായി നിലനില്‍ക്കുന്ന ഹൃദയ ബന്ധം ഇല്ലാതാക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നു മാത്രം മനസിലാക്കുക.- അഡ്വ.ബിനു ജോണ്‍ പറഞ്ഞു.
-ബീന സെബാസ്റ്റിയന്‍

No comments:

Post a Comment