Translate

Saturday, May 1, 2021

സർവ്വരാജ്യ അത്മായപ്രസ്ഥാനങ്ങളേ, സംഘടിക്കുവിൻ! നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു സഭ!

 ജോർജ് മൂലേച്ചാലിൽ

എഡിറ്റോറിയൽ, സത്യജ്വാല  മെയ് 2021  

'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിലെ പ്രസിദ്ധമുദ്രാവാക്യത്തെ അനുകരിച്ചുള്ള ഈ ശീർഷകവാക്യം, ആ കമ്യൂണിസ്റ്റ് മുദ്രാവാക്യംപോലതന്നെ ഒരു പാഴ്മുദ്രാവാക്യമല്ലേയെന്ന് ആർക്കും പെട്ടെന്ന് തോന്നിയേക്കാം. മാർക്‌സിന്റെ കമ്യൂണിസ്റ്റ് മുദ്രാവാക്യം പാഴ്‌വാക്കായത്, അദ്ദേഹത്തിന്റെ ചരിത്രവിശകലനത്തിലും വർഗസമരസിദ്ധാന്തത്തിലും ദാർശനികനിലപാടിൽത്തന്നെയും അന്തർഭവിച്ചിട്ടുള്ള പാളിച്ചകളും ആന്തരികവൈരുദ്ധ്യങ്ങളും മൂലമാണെന്ന് മുമ്പെന്നത്തെയുംകാൾ ഇന്നു മനസ്സിലാക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, മനുഷ്യന്റെ മൂല്യാവബോധവും സംസ്‌കാരമാകെത്തന്നെയും രൂപംകൊള്ളുന്നത് സാമ്പത്തികഘടനകളുടെ ഉല്പന്നമായിമാത്രമാണെന്നാണ് മാർക്‌സ് സിദ്ധാന്തിച്ചത്. അതായത്, സാമ്പത്തികഘടനയാണ് അടിത്തറ; സംസ്‌കാരമെന്നത് അതിനുമേൽ പണിയപ്പെടുന്ന മേൽക്കൂരമാത്രം! ഇപ്രകാരം, മനുഷ്യനെ അടിസ്ഥാനപരമായി കേവലമൊരു സാമ്പത്തികജീവിയാക്കിക്കൊണ്ട് അവന്റെ സാംസ്‌കാരികമാനത്തെ മൗലികമായിത്തന്നെ നിരാകരിക്കുകയാണ് മാർക്‌സ് ചെയ്തത്. അതൊരു പാളിച്ച. അതേസമയം, ഇന്ത്യയിൽ എന്താണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് ബ്രിട്ടന് മാർക്‌സ് നൽകിയ നിർദ്ദേശം, 'ഇന്ത്യയിലെ പുരാതനമായ ഏഷ്യാറ്റിക് സംസ്‌കാരത്തെ തകർത്ത്, അതിന്റെ സ്ഥാനത്ത് പാശ്ചാത്യസംസ്‌കാരത്തിന് ഭൗതികമായ അടിത്തറയിടണം' എന്നതായിരുന്നു! (കാണുക, പവനൻ തർജമ ചെയ്ത 'ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം' by മാർക്‌സ് & എംഗൽസ്). ഒരിടത്ത്, സംസ്‌കാരത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണെന്നു പറയുന്നു! മറ്റൊരിടത്ത് പാശ്ചാത്യസംസ്‌കാരം അടിച്ചേല്പിച്ച് ഇന്ത്യയിൽ പാശ്ചാത്യസാമ്പത്തിക സംഘടനയ്ക്ക് അടിത്തറയിടണമെന്ന് പറയുന്നു! മാർക്‌സിസത്തിലെ വീക്ഷണവൈകല്യത്തിനും ആന്തരികവൈരുദ്ധ്യത്തിനും ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്? 

എന്നാൽ, സാമൂഹികമാറ്റംസംബന്ധിച്ച യേശുവിന്റെ, ''നിങ്ങൾ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കിൽ ഇവയൊക്കെയും (ലൗകികക്ഷേമവും) കൂടി നിങ്ങൾക്കു നൽകപ്പെടും'' (മത്താ. 6: 33) എന്ന പ്രബോധനവും അതിനോടു ചേർന്നുപോകുന്ന മറ്റു പഠിപ്പിക്കലുകളും യാതൊരു ന്യൂനതയുമില്ലാതെ, ഒരു ആന്തരികവൈരുദ്ധ്യവുമില്ലാതെ, സനാതനസത്യംപോലെ സത്യംസത്യമായി ഇന്നും പരിലസിക്കുന്നു. ലോകത്തിൽ എപ്പോഴൊക്കെ, എവിടെയൊക്കെ യേശുവിന്റെ പ്രാവർത്തിക ആദ്ധ്യാത്മികദർശനം പ്രവർത്തിമായിട്ടുണ്ടോ, അവിടെയൊക്കെ യേശു പറഞ്ഞതരത്തിൽ ഐശ്വര്യം നിറഞ്ഞതും പരസ്പരാനന്ദകരവുമായ സമൂഹങ്ങൾ, ദൈവരാജ്യമാതൃകകൾ, മുളപൊട്ടിവളർന്നിട്ടുണ്ട്. 

ക്രിസ്തുവിന് ഏതാണ്ട് നാലു സഹസ്രാബ്ദങ്ങൾക്കുമുമ്പ് കാർഷികവ്യവസ്ഥയിലേക്കു മനുഷ്യൻ കാലുകുത്തിയ ഇന്ത്യയിലുൾപ്പെടെ പല നാടുകളിലും ഉദയംകൊണ്ട കാർഷികവ്യവസ്ഥിതിയിലാണ് മനുഷ്യരിൽ അസ്തിത്വസംബന്ധിയായ അന്വേഷണബുദ്ധി ഉണർന്നതെന്നും ആദ്ധ്യാത്മികദർശനങ്ങൾ മുളപൊട്ടിത്തുടങ്ങിയതെന്നും മൂല്യാവബോധമുള്ള ഒരു സാംസ്‌കാരികജീവിയായി അവൻ ഉയർന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ സംസ്‌കൃതിയിൽ, ഒരു വിശാലകുടുംബോധത്താലെന്നവണ്ണം, ഗ്രാമീണരെല്ലാം പരസ്പരം ഹൃദയബന്ധം പുലർത്തുകയും ഒരു കൂട്ടായ്മാജീവിതവ്യവസ്ഥ, അഥവാ ഗണജീവിതസമ്പ്രദായം സ്വാഭാവികമെന്നപോലെ രൂപപ്പെടുകയും ചെയ്തിരുന്നുവത്രേ! ഉദാഹരണമായി, വടക്കേ അമേരിക്കയിലുള്ള ഇറാക്വായിലെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന കൂട്ടായ്മാജീവിതസമ്പ്രദായത്തെക്കുറിച്ച് ഫ്രെഡറിക് എംഗൽസ് ഇങ്ങനെ എഴുതുന്നു: ''ശിശുസഹജമായ ലാളിത്യം നിറഞ്ഞൊഴുകുന്ന ഈ ഗണസംവിധാനം ആശ്ചര്യകരംതന്നെയാണ്. പട്ടാളമോ പോലീസോ ഇല്ലെങ്കിലും പ്രഭുക്കന്മാരോ രാജാക്കന്മാരോ ഗവർണ്ണർമാരോ ന്യായാധിപരോ ഇല്ലെങ്കിലും, ജയിലുകളില്ലെങ്കിലും വിചാരണകളില്ലെങ്കിലും ഇവിടെ കാര്യങ്ങളെല്ലാം എത്ര സൈ്വരമായിട്ടാണ് നടക്കുന്നത്! നമ്മുടെ ഭരണക്രമത്തിലെ വ്യാപകവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുമായ നടപടികളൊന്നും അവർക്ക് ആവശ്യമില്ലതന്നെ. ബന്ധപ്പെട്ടവർ ചേർന്ന് എല്ലാ കാര്യങ്ങൾക്കും തീരുമാനമെടുക്കും'' (K Marx and F Engels, Selected Works, Vol. 3  പേജ് 266- മലയാളം ഉദ്ധരണി: സെബീനാ റാഫി, പോഞ്ഞിക്കര റാഫി എന്നിവർ ചേർന്നെഴുതിയ 'ശുക്രദശയുടെ ചരിത്രം' എന്ന ഗ്രന്ഥത്തിൽനിന്ന്; പേജ് 99).

'പ്രാചീനകമ്യൂണിസ്റ്റ് വ്യവസ്ഥിതി' എന്നു പരിചയപ്പെടുത്തി അതിനുദാഹരണമായി എംഗൽസ് എഴുതിയ ഈ ഭാഗം ഇവിടെ ഉദ്ധരിച്ചതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ആദ്യത്തേത്, ആദിമക്രൈസ്തവസമൂഹവുമായി അതിനുള്ള സാമ്യം എടുത്തു കാട്ടുക എന്നതാണ്. ''വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു; തങ്ങളുടെ സ്വത്തുക്കൾ തങ്ങളുടേതുമാത്രമാണെന്ന് ആരും അവകാശപ്പെട്ടില്ല; അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു... അവരുടെയിടയിൽ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല'' എന്നാണല്ലോ, അപ്പോ. പ്രവ. 4: 32-34 വാക്യങ്ങളിൽ ആദിമക്രൈസ്തവസമൂഹത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ ഉദ്ദേശ്യം, സാമൂഹികമാറ്റം സംബന്ധിച്ച യേശുവിന്റെ മുൻസൂചിപ്പിച്ച മാർഗ്ഗനിർദ്ദേശം, യേശുവിന് മുമ്പെന്നോ പിമ്പെന്നോ വ്യത്യാസമില്ലാതെ, ക്രൈസ്തവസമൂഹമെന്നോ ഇതരസമൂഹങ്ങളെന്നോ വ്യത്യാസമില്ലാതെ എവിടെയും എന്നും സാധ്യവും പ്രയോഗക്ഷമവുമാണെന്നും, അതിനാൽ ശാസ്ത്രീയമാണെന്നുമുള്ള സത്യം എടുത്തുകാട്ടുക എന്നതാണ്. മതമേതായാലും, മതമില്ലെങ്കിലും മനുഷ്യരിൽ സ്‌നേഹമെന്ന ആത്മീയത ഉണ്ടായാൽമതി, അവിടെ മാനുഷികമായ ഒരു നവസമൂഹം സ്വർഗ്ഗത്തിൽനിന്നെന്നപോലെ ഭൂമയിലേക്കിറങ്ങിവരും. അതായത്, ഭൗതികസമൃദ്ധിയോടുകൂടിയ സാമൂഹികനവോത്ഥാനം ആഗ്രഹിക്കുന്നെങ്കിൽ, അതിനുള്ള ആദ്ധ്യാത്മികാടിത്തറ മനുഷ്യൻ ആദ്യമേതന്നെ കെട്ടിപ്പെടുക്കണം. സമസൃഷ്ടിസ്‌നേഹവും പരാർത്ഥതാഭാവവും മനസ്സുകളിൽ നിറയണം. ഇവിടെയാണ് യേശുവിന്റെയും മറ്റ് ആദ്ധ്യാത്മാകാചാര്യന്മാരുടെയും ഊന്നൽ മാർക്‌സിന്റേതിനു നേർവിപരീതമാകുന്നത്. സാമ്പത്തികഘടനയാണ് പ്രാഥമികം എന്ന് മാർക്‌സ് പറയുമ്പോൾ, യേശുവും മറ്റാചാര്യന്മാരും പറയുന്നു, പ്രാഥമികം മനുഷ്യന്റെ ആദ്ധ്യാത്മികമനോഭാവമാണെന്ന്, മനോഘടനയാണെന്ന്. അപ്പോൾമാത്രമേ, ദൈവാജ്യത്തിന്റെയും ദൈവനീതിയുടെയും തേടലിന് യേശു ആവശ്യപ്പെടുന്നതുപോലെ, പ്രഥമപരിഗണന നൽകാൻ മനുഷ്യൻ പ്രാപ്തനാകൂ.

ഈ പ്രാപ്തി നേടിയെടുക്കുകയെന്നതാണ്, അവനവനിൽനിന്ന് അപരനിലേക്കു മനസ്സുകളെ വിടർത്തുകയെന്നതാണ്, പരാർത്ഥതാഭാവത്തിലേക്കു മാനസാന്തരപ്പെടുക എന്നതാണ് ഒരു പുതിയ ലോകം കാംക്ഷിക്കുന്ന എല്ലാ മതസ്ഥരുടെയും അടിസ്ഥാനപരമായ കടമ. എന്നാൽ ദൈവരാജ്യത്തിന്റെ, 'വസുധൈവകുടുംബകം' എന്ന വിശ്വകുടുംബസങ്കല്പത്തിന്റെ ഈ സുവിശേഷം ഏറ്റവും വ്യക്തതയോടെ പ്രത്യക്ഷമായി പറഞ്ഞതും, അതു ലോകമെങ്ങും പ്രഘോഷിക്കണം എന്നു കല്പിച്ചതും യേശുവാണ് എന്നതുകൊണ്ട് അതിനുള്ള ഉത്തരവാദിത്വം ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവർക്കാണെന്നും പറയണം. അതിന്, സഭാസംവിധാനം ഈ കൃത്യനിർവ്വഹണത്തിനുള്ള ഉപകരണമാകുകയേ വേണ്ടൂ. 

ഇവിടെയാണ് ഇന്നത്തെ ക്രൈസ്തവർക്കുമുമ്പിൽ ഏറ്റവും വലിയ പ്രതിസന്ധി പ്രത്യക്ഷമാകുന്നത്. അതായത്, ഈ ദിശയിൽ ഒരിഞ്ചു നീങ്ങാൻപോലും നിലവിലുള്ള ഒരു ക്രൈസ്തവസഭയും വിശ്വാസികളെ അനുവദിക്കില്ല എന്നതാണത്. കാരണം, എല്ലാ ക്രൈസ്തവസഭകളും ഇന്ന് പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലാണ്. മാത്രമല്ല, 'നിങ്ങളുടെയിടയിൽ അധികാരികളുണ്ടായിരിക്കരുത്' എന്നു കല്പിച്ച യേശുവിന്റെ പേരിലുള്ള ഓരോ സഭയുമിന്ന് ഓരോ അധികാരസാമ്രാജ്യമാണ്. അധികാരഭരണം ഭൗതികതയായതിനാൽ അവയെല്ലാം യഥാർത്ഥത്തിൽ കേവലം ഭൗതികസ്ഥാപനങ്ങളുമാണ്. 'രാജകീയപുരോഹിതഗണ'മെന്നും 'വിശുദ്ധജനത'യെന്നും 'ദൈവത്തിന്റെ സ്വന്തം ജന'മെന്നും പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ച ക്രൈസ്തവവിശ്വാസികളെ, ശുശ്രൂഷാപൗരോഹിത്യമെന്നു സ്വയം വിശേഷിപ്പിച്ചു കടന്നുവന്ന അനുഷ്ഠാനപൗരോഹിത്യം അടിമജനമാക്കിയിരിക്കുന്നു. ''ജീവനുള്ള കല്ലുകൾപോലെ നിങ്ങൾ സ്വയം ഒരു ആദ്ധ്യാത്മികഭവനമായി പരിണയപ്പെടുക'' (പത്രോ.2:5) എന്ന പത്രോസ് ശ്ലീഹായുടെ ആഹ്വാനം അപ്രസക്തമാക്കുംവിധം, ഈ പൗരോഹിത്യം അവരിലെ ആദ്ധ്യാത്മികജീവൻ ചോർത്തിക്കളഞ്ഞിരിക്കുന്നു. സഭയിൽ സ്‌നേഹത്തിന് ഒഴുക്കാനാകാത്ത തരത്തിൽ, ഏറ്റക്കുറച്ചിലുകളുള്ള അധികാരപദവികളുടെ മതിലുകൾ കെട്ടിയുയർത്തിരിക്കുന്നു. യേശുവിന്റെ ഒരേയൊരു സ്‌നേഹനിയമത്തിനുപകരം, ആയിരക്കണക്കിന് പുരോഹിതനിയമങ്ങൾകൊണ്ട്, 613 നിയമങ്ങളുമായി നിലകൊണ്ടിരുന്ന യഹൂദപൗരോഹിത്യത്തെ അതിശയിച്ചിരിക്കുന്നു, ഇന്നത്തെ ക്രൈസ്തവസഭകൾ. പിതാവായ ദൈവത്തിലും പിതാവിലായിരിക്കുന്ന തന്നിലും വിശ്വസിച്ചാൽമതി എന്നുപറഞ്ഞ യേശുവിന്റെ സഭകളിൽ ഇന്നൊന്നു ജീവിച്ചുപോകാൻ, അന്ധമായ നിരവധി 'വിശ്വാസസത്യ'ങ്ങളിലും പുരോഹിതസൃഷ്ടമായ അനവധി ദൈവശാസ്ത്രസിദ്ധാന്തങ്ങളിലുംകൂടി  വിശ്വസിക്കേണ്ടിവന്നിരിക്കുന്നു, ക്രൈസ്തവർക്ക്. മാത്രമല്ല, ശ്രേണീബദ്ധമായ അധികാരപൗരോഹിത്യത്തെയും ദൈവകല്പിതമെന്ന് വിശ്വസിച്ച് അനുസരിക്കേണ്ടിവന്നിരിക്കുന്നു, അവർക്ക്! 

ദൈവരാജ്യസംസ്ഥാപനമെന്ന യേശുവിന്റെ അത്യുദാത്ത സാമൂഹികലക്ഷ്യം മറച്ചുവച്ച്, യേശുവിനെ ദൈവമായി ആരാധിച്ചാൽ ലഭ്യമാകുന്ന ഒരു സ്വർഗ്ഗം സൃഷ്ടിക്കുകയാണ് പൗരോഹിത്യം ചെയ്തത്. തുടർന്ന് തങ്ങൾ സ്ഥാപിച്ചിട്ടുള്ള കൂദാശകളിലൂടെയും ആരാധനക്രമങ്ങളിലൂടെയും അവിടെയെത്താം എന്നു വ്യാമോഹിപ്പിച്ച് സ്വകാര്യസ്വർഗ്ഗമെന്ന സ്വാർത്ഥലക്ഷ്യത്തിലേക്ക് ജനങ്ങളെ ആകർഷിച്ചടുപ്പിക്കുന്നു. യഥാർത്ഥത്തിൽ ഇവിടെ സ്വാർത്ഥതയ്ക്ക് മതസാധൂകരണം ലഭിക്കുകകൂടിയാണ്. അങ്ങനെ, യേശുവിന്റെ ഒരു ഉപദേശവും പാലിക്കാതെയും, ആരെയും സ്‌നേഹിക്കുകയോ സേവിക്കുകയോ ചെയ്യാതെയും, നീതിക്കുവേണ്ടി അല്പംപോലും പാടുപീഡകൾ സഹിക്കാതെയും മനുഷ്യന് സർഗ്ഗം ലഭ്യമാക്കുന്ന ഒരു സംവിധാനമായി തഴച്ചുവളർന്നു, സഭ. യേശു പഠിപ്പിച്ച പ്രമാണതത്വങ്ങളും ഉപദേശിച്ച ദൈവരാജ്യമൂല്യങ്ങളും കാണിച്ച ജീവിതമാതൃകകളും ഈ സഭകളിൽ വിസ്മൃതമാക്കുകയും, പകരം റോമൻ സാമ്രാജ്യത്തിന്റെ അധികാരഘടനയോടുകൂടിയ ഒരു ഭൗതികസാമ്രാജ്യം യേശുവിന്റെ നാമത്തിൽ കെട്ടിപ്പടുക്കുകയുമാണ് പൗരോഹിത്യം ചെയ്തത്. അങ്ങനെ ശുശ്രൂഷാപൗരോഹിത്യം എന്നുപറഞ്ഞ് കയറിക്കൂടിയവർ വൈകാതെതന്നെ, യാതൊരു മറയുംകൂടാതെ സാമ്രാജ്യാധികാരചിഹ്നങ്ങളായ ചെങ്കോലും കിരീടവും മറ്റു രാജകീയവേഷവിധാനങ്ങളുമണിഞ്ഞ്, തങ്ങൾ അധികാരികൾതന്നെയാണെന്നും വിശ്വാസികൾ തങ്ങൾക്കധീനരായിരിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. ചുരുക്കത്തിൽ, ദൈവരാജ്യമാതൃകയിൽ രൂപംകൊണ്ട ആദിമസഭയെ പൗരോഹിത്യം ശീർഷാസനത്തിൽ നിർത്തിയിരിക്കുകയാണ്. അതിന്റെ അസ്വസ്ഥകളാണിന്ന് പല തട്ടുകളിൽ വിശ്വാസിസമൂഹവും സഭയാകെത്തന്നെയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

അക്രൈസ്തവമായ ഈ സഭാസാഹചര്യത്തെ തിരിച്ചാക്കിക്കൊണ്ടേ സഭയെ ക്രൈസ്തവമാക്കാനാവൂ. അതായത് യേശുവിന്റെ ഉപദേശസാരത്തെ, മൂല്യസംഹിതയെ സഭയിൽ തിരികെ കൊണ്ടുവന്നേ ഒക്കൂ. അതിനുള്ള പ്രാപ്തി  മറ്റേതു ക്രൈസ്തവസമൂഹത്തെയുംകാൾ ഇന്ത്യൻ ക്രൈസ്തവർക്കുണ്ട്. അതിനു കാരണം, അവർ ക്രൈസ്തവരാണ് എന്നതല്ല, ഇന്ത്യാക്കാരാണ് എന്നതാണ്; ഇന്ത്യയുടെ ആദ്ധ്യാത്മികപൈതൃകത്തിന്റെ പാരമ്പര്യരേണുക്കൾ (DNA)  ഇവിടുത്തെ ക്രൈസ്തവരും സംവഹിക്കുന്നു എന്നതാണ്. ഇന്ത്യയുടെ സവിശേഷതയെക്കുറിച്ച് ഓഷോ രജനീഷ് ഇങ്ങനെ പറയുന്നു: ''ഒരുപക്ഷേ, ഇന്ത്യമാത്രമാണ് അവബോധത്തിന്റെ പരിണാമത്തെക്കുറിച്ച് അഗാധമായ അന്വേഷണത്തിൽ മുഴുകിയത്, അതിലല്ലാതെ മറ്റൊന്നിലുംതന്നെ താത്പര്യം കാണിക്കാതിരുന്ന ഒരേയൊരു രാജ്യം... അത് ഈ രാജ്യത്തിനുചുറ്റും അതിഭീമമായ ഒരു ഊർജമണ്ഡലത്തെ സൃഷ്ടിച്ചിരിക്കുന്നു. അത് ഈ നാട്ടിലുടനീളമുണ്ട്. നിങ്ങൾ തയ്യാറാകുകയേ വേണ്ടൂ'' (ഇന്ത്യ എൻ പ്രിയങ്കരി- പേജ്:22). 

ഇതിനുപുറമേ, ക്രൈസ്തവസഭകളുടെ ഇന്നത്തെ അപചയത്തിന് സമാനമെന്നു പറയാവുന്ന ഒരു മഹാപ്രതിസന്ധിഘട്ടത്തെ ഇന്ത്യൻ മനസ്സ് വിജയകരമായി തരണം ചെയ്ത ഒരു അനുഭവപശ്ചാത്തലവും ഈ സംസ്‌കൃതിക്കുണ്ട്. യജ്ഞങ്ങളും യാഗങ്ങളും അതിലൂടെ കൈവരുന്ന പ്രമാണിത്തവും ലക്ഷ്യംവച്ച് വൈദികബ്രാഹ്‌മണർ 'ബ്രാഹ്‌മണങ്ങൾ' എന്ന പേരിൽ ഇന്ത്യയുടെ ആദ്ധ്യാത്മകദർശനങ്ങളായ വേദങ്ങൾക്ക്, അവയെ വളച്ചൊടിച്ചും അക്ഷരാർത്ഥത്തിലെടുത്തും വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും പുരാണകഥകളാക്കി അവതരിപ്പിക്കുകയും ചെയ്ത് മൃഗങ്ങളെ ബലികഴിച്ചുള്ള യാഗങ്ങളിലേക്കും യജ്ഞങ്ങളിലേക്കും ജനങ്ങളെ ആകർഷിച്ച ഒരു ബ്രാഹ്‌മണകാലഘട്ടം വേദകാലത്തെത്തുടർന്ന് ഇന്ത്യയിലുണ്ടായി. ''ഗാന്ധാരംമുതൽ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റവും കലുഷിതമായിരുന്നു'' എന്നാണ് ഡോ.സുകുമാർ ആഴീക്കോട് ഈ കാലഘട്ടത്തെപ്പറ്റി എഴുതിയിരിക്കുന്നത് (തത്ത്വമസി - 12-ാം പതിപ്പ്, പേജ് 80). ഈ അവസ്ഥയിൽനിന്നാണ് ഉപനിഷത്തുകളിലൂടെ വേദസാരത്തെ തിരിച്ചുപിടിക്കാൻ ഭാരതസംസ്‌കാരത്തിന് കഴിഞ്ഞത്. സുകുമാർ അഴീക്കോട് എഴുതുന്നു: ''ഉപനിഷത്ത് എന്ന ഈ നവപ്രസ്ഥാനം അന്നത്തെ ചിന്താമേഖലയെയും സമൂഹത്തിലെ ആചാരമണ്ഡലത്തെയും നടുക്കംകൊള്ളിച്ചത്, അന്ന് ഭാരതീയ ജീവിത്തിൽ വേരുറച്ചുപോയ യജ്ഞപ്രസ്ഥാനത്തിനെതിരെ ഋഷികൾ തങ്ങളുടെ ഹിരണ്യസൂക്തങ്ങളെക്കൊണ്ട് ആഞ്ഞടിച്ചപ്പോഴായിരുന്നു'' (പേജ് 107). 

ആചാര്യന്മാരിലൂടെ പുരോഹിതജന്യമായ വികലതകളെ തിരുത്തി മതത്തെയും സമൂഹത്തെയും ശുദ്ധീകരിച്ച് മുന്നോട്ടുപോകാനുള്ള ആർജ്ജവവും ആന്തരികോർജ്ജവും ഇന്ത്യൻ സംസ്‌കാരത്തിന് എന്നുമുണ്ടായിട്ടുണ്ട് എന്നോർക്കുക. അതുകൊണ്ടാണല്ലോ, ജാതിവ്യവസ്ഥയും തീണ്ടലും തൊടീലുമായി വീണ്ടുമിവിടെ ബ്രാഹ്‌മണകാലം ശക്തമാവുകയും, 'ബ്രഹ്‌മസ്വ'മെന്നപേരിൽ മുഴുവൻ ക്ഷേത്രസ്വത്തും കൈക്കലാക്കി ഭൂസുരന്മാരും തിരുമേനിമാരുമായി കേരളത്തിൽ വാണരുളുകയും ചെയ്ത നമ്പൂതിരിബ്രാഹ്‌മണർക്കൊക്കെ ഇന്ന് വെറും പൂജാരിമാരായി ജീവിക്കേണ്ടിവന്നത്. 

ഇത്രയും പറഞ്ഞത്, പ്രബലമായ ഊർജസ്വലത പുറമേക്കു കാണാനില്ലെങ്കിലും, ഇന്ത്യൻ സംസ്‌കൃതിക്ക് ആന്തരികമയൊരു പുനരുജ്ജീവനശക്തി സഹജമായുണ്ട് എന്ന് എടുത്തുകാണിക്കാനാണ്; അതേ സാംസ്‌കാരിപൈതൃമുള്ളവരെന്ന നിലയിൽ, അതേ പുനരുജ്ജീവനശേഷിയുമായാണ് ഇവിടുത്തെ ക്രൈസ്തവരും പിറവികൊള്ളുന്നതെന്ന് ഓർമ്മിപ്പിക്കാനാണ്. ഈ ശേഷി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നപക്ഷം, അപചയം സംബന്ധിച്ച ഇവിടുത്തെ സഭകളെ പുനരുജ്ജീവിപ്പിക്കാൻപോരുന്ന, യേശുവിന്റെ ഉപദേശസാരത്തെ തിരിച്ചുപിടിക്കാൻപോരുന്ന, ഒരു 'ക്രൈസ്തവ ഉപനിഷത്ത് പ്രസ്ഥാന'ത്തിന് തുടക്കം കുറിക്കാൻ ഇന്ത്യൻ ക്രൈസ്തവർക്ക്, പ്രത്യേകിച്ച കേരളക്രൈസ്തവർക്ക്, അതിലും പ്രത്യേകിച്ച് കേരളകത്തോലിക്കർക്ക് സാധിക്കുകതന്നെ ചെയ്യും. 

അതിനനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വ്യത്യസ്ത ഊന്നലുകളോടുകൂടിയാണെങ്കലും, സഭാനവീകരണം ലക്ഷ്യമാക്കിയും പുരോഹിതചൂഷണങ്ങൾക്കെതിരായും പ്രവർത്തിക്കുന്ന മലയാളികത്തോലിക്കരുടെ ഒട്ടേറെ പ്രസ്ഥാനങ്ങൾ കേരളത്തിലും സംസ്ഥാനത്തിനു പുറത്ത് ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്ത് അനേകരാജ്യങ്ങളിലുമുണ്ട്. പ്രത്യേകിച്ച്, ഒരു സീറോ-മലബാർ സാമ്രാജ്യം കെട്ടിപ്പടുക്കാനും സാമ്പത്തികചൂഷണത്തിനുവേണ്ടിയും, സീറോ-മലബാർ വിശ്വാസികൾ എത്തിച്ചേർന്നിട്ടുള്ള ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകൾ സ്ഥാപിച്ചുസ്ഥാപിച്ചു 'മുന്നേറിക്കൊണ്ടിരിക്കുന്ന' ഇന്നത്തെ സാഹചര്യത്തിൽ, സീറോ-മലബാർ വിശ്വാസികൾക്കിടയിൽ അത്തരം സ്വതന്ത്രവിശ്വാസിപ്രസ്ഥാനങ്ങൾ വർദ്ധിച്ചുവരികയുമാണ്. ഈ രംഗത്ത് കൂടിവരുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളെ ശ്രദ്ധിച്ചാൽത്തന്നെ ഈ വസ്തുത മനസ്സിലാക്കാനാവും. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വങ്ങളെ അന്വേഷിച്ചുകണ്ടെത്തി അവയുടെ ഒരു ഏകോപനവേദി ഉണ്ടാക്കുകയെന്നതാണ്, അനുകൂലമായ സാഹചര്യമൊരുക്കാൻ നാം ആദ്യമായി ചെയ്യേണ്ടത്. 

സ്വതന്ത്ര അത്മായപ്രസ്ഥാനങ്ങളുടെ ഒരു ഏകോപനസമിതി എപ്പോൾവേണമെങ്കിലും സംഘടിപ്പിക്കാവുന്ന തരത്തിൽ, കേരളത്തിലെ അറിയപ്പെടുന്ന നവീകരണപ്രസ്ഥാനങ്ങളും അവയുടെ കൂട്ടായ്മകളായ 'അഖിലകേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ' (AKCAAC), 'ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ' (JCC), ‘JSL ആഗോളകൂട്ടായ്മ' എന്നിവയുടെ നേതൃത്വങ്ങൾ പരസ്പര ഐക്യത്തിലാണ്. കാഴ്ചപ്പാടിലും ഊന്നലിലും വ്യത്യസ്തതപുലർത്തുന്നുണ്ടെങ്കിലും, കർദ്ദിനാൾ ആലഞ്ചേരിയെ ഒരു കോണിലേക്കു തള്ളിയൊതുക്കി കൽദായഫാസിസത്തിൽനിന്ന് സഭയെ താല്ക്കാലികമായെങ്കിലും രക്ഷിക്കാൻ നേതൃത്വം കൊടുത്ത എറണാകുളത്തെ അത്മായമുന്നേറ്റവും 'അതിരൂപതാ സുതാര്യപ്രസ്ഥാന'വും, ആ ഒറ്റക്കാര്യംകാണ്ടുതന്നെ, മറ്റെല്ലാ പ്രസ്ഥാനങ്ങൾക്കും അഭിമതരുമാണിന്ന്. അത്മായശാക്തീകരണത്തിന് ഒരു ഏകോപനസമിതിക്കായി ശ്രമമുണ്ടായാൽ ആൾബലമുള്ള അവരും ഉറപ്പായും ഒപ്പമുണ്ടാവും. 

അതുകൊണ്ട്, കേരളത്തിനുവെളിയിലുള്ള സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെയും അവയുടെ നേതൃത്വങ്ങളെയും കണ്ടെത്തി ബന്ധപ്പെടുകയെന്നതാണ് ഇപ്പോൾ അവശ്യം ആവശ്യമായിരിക്കുന്നത്. അതെങ്ങനെ സാധ്യമാക്കാമെന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടിയിരിക്കുന്നു, നാം. 

അതു സാധ്യമായാൽ, ലോകത്തുള്ള സകല സ്വതന്ത്ര സഭാപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയുള്ള  നേതൃതലസമ്മേളനങ്ങൾ ഓൺലൈനിൽ നടത്തി, എല്ലാവർക്കും സൗകര്യപ്രദമായ ഒരു സമയത്ത് കേരളത്തിൽ ഒരു പ്രതിനിധിസമ്മേളനം നടത്താനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാകും. ക്രമേണ, വിശ്വാസിസമൂഹത്തെ തരിമ്പും പ്രതിനിധീകരിക്കാത്ത മെത്രാൻസിനഡിനെ അപ്രസക്തമാക്കുംവിധം 'അത്മായസിനഡു'കൾ കൂടാനും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുവാനും, അവ നടപ്പാക്കാൻ മെത്രാൻസമിതിയോടാവശ്യപ്പെടാനുമുള്ള ശക്തി ഈ ആഗോളകൂട്ടായ്മയ്ക്കുണ്ടാകും. അതോടെ, വിശ്വാസികളുടെ പൗരോഹിത്യത്തോടുള്ള ഭയപ്പാടുകളകലുകയും കൂടുതൽകൂടുതൽ പേർ ഈ അത്മായശാക്തീകരണനീക്കത്തോട് അനുഭാവം പുലർത്തി മുന്നോട്ടുവരികയും ചെയ്യും.  

ഇങ്ങനെ കേരളസഭയെന്ന ആദ്ധ്യാത്മികമരുഭൂമിക്കുമേൽ ആത്മീയതയുടെ മഴപെയ്യിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും യേശുശിഷ്യർ ജലധൂളികളായെത്തി ആകാശത്ത് മേഘപാളികൾ തീർക്കുമ്പോൾ, അതിനുള്ളിൽനിന്നുതന്നെ ആദ്ധ്യാത്മികതയുടെ മിന്നൽപ്പിണരുകൾ പായിച്ചും ഇടിമുഴക്കങ്ങളുയർത്തിയും പ്രവാചകന്മാരും, യേശുവിന്റെ ഉപദേശസാരം ആലിപ്പഴങ്ങളായുതിർത്ത് ആചാര്യഗുരുക്കന്മാരും പ്രത്യക്ഷപ്പെടും. ഒപ്പം സംഭവിക്കുന്ന ആത്മീയതയുടെ പെരുമഴപ്രളയത്തിൽ രണ്ടു കാര്യങ്ങൾ സംഭവിക്കും. ഒന്ന്, സഭാ മരുഭൂമികൾ നനഞ്ഞു കുതിർന്ന് ആർദ്രമാവുകയും അവിടങ്ങളിൽ മൂല്യങ്ങളുടെ ഓയസ്സിസുകൾ ഉണ്ടായിവരികയും ചെയ്യും. രണ്ടാമതായി, ആ പ്രളയക്കുത്തൊഴുക്കിൽ 'ക്രൈസ്തവബ്രാഹ്‌മണ'ങ്ങളും യാഗബലികളും എല്ലാത്തരം യാന്ത്രികാനുഷ്ഠാനങ്ങളും കടപുഴകി ഒഴുകിപ്പോകും. അതോടെ, 'ക്രൈസ്തവ ഉപനിഷത്ത്' ദർശനത്തിന്റെയും  മാനുഷികമൂല്യങ്ങളുടെയും പച്ചപ്പിൽ സ്വർഗ്ഗസമാനമായ ഒരു മാനുഷികജീവിതവ്യവസ്ഥ മുളപൊട്ടിവളരുകയും ചെയ്യും. 

ഇന്ത്യയിൽ ഇതു സാധ്യമാണ്. മറ്റെല്ലായിടത്തും പുരോഹിതക്രിസ്തുമതം അസ്തമിച്ചതോടെ യേശുദർശനത്തിന്റെ സാധ്യതയും അസ്തമിക്കുകയാണു ചെയ്തത്. എന്നാൽ ഒരിക്കലും കെടാത്ത ആദ്ധ്യാത്മികനെരിപ്പോടു സൂക്ഷിക്കുന്ന ഇന്ത്യയിൽ യേശുവിന്റെ ആത്മീയദർശനം കെട്ടടങ്ങുകയില്ല. നെരിപ്പോട് ഊതിയുണർത്താൻ ആളുണ്ടായാൽമതി. ലോകത്തിനുതന്നെ വെളിച്ചംപകരാൻപോന്ന ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പ്രകാശധാര ഇവിടെനിന്നു പ്രസരിച്ചുകൊള്ളും.  

ഒരു ഗവേഷണവിഷയം

ജോസഫ് പുലിക്കുന്നേൽ 

ഒരു സമുദായമെന്ന നിലയിൽ ഏറ്റവും കൂടുതൽ കടലാസ് ഉപയോഗിക്കുന്നവർ കത്തോലിക്കരാണ്. അതുപോലെതന്നെ ഏറ്റവും കൂടുതൽ അച്ചടിശാലകൾ സ്വന്തമായുള്ളതും കത്തോലിക്കാസഭാധികാരസ്ഥാനികൾക്കാണ്. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ളതും കത്തോലിക്കർക്കാണ്. സമുദായത്തെ ഭരിക്കുന്നതിൽ ഏറ്റവും ശക്തമായ സംവിധാനവും സ്ത്രീ-പുരുഷ പടനായകന്മാരും ഉള്ളതും ഈ സമുദായത്തിനാണ്. ഏറ്റവും വലിയ സാമൂഹ്യസമ്പത്തിന്റെ ഉടമയും സഭാധികാരംതന്നെ. ഇങ്ങനെ, എല്ലാ സാമൂഹ്യസാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് യേശുവിന്റെ മുഖം സാഹിത്യത്തിൽ പ്രതിഫലിക്കുന്നില്ല എന്നത് ഒരു സാമൂഹ്യാത്ഭുതംതന്നെ! 

കത്തോലിക്കന് ക്രിസ്തുവിന്റെ മുഖം ലഭിച്ചത് വൈദികഭാഷ്യത്തിൽ നിന്നായിരുന്നു. അത് സുവിശേഷത്തിലെ ക്രിസ്തുവായിരുന്നില്ല; ഭക്തി വിഷയകമായ ഒരു ക്രിസ്തുവായിരുന്നു. ആരാധ്യനായ ഒരു ക്രിസ്തുവിന്റെ മുഖമല്ലാതെ ലോകവ്യവഹാരങ്ങളിൽ നേരിട്ടിടപെട്ട ക്രിസ്തുവിന്റെ മുഖം കത്തോലിക്കർക്ക് ലഭിച്ചില്ല. അതുകൊണ്ടാണ്, ഭക്തിസാഹിത്യം മാത്രം നമുക്കുണ്ടായത്. ഗദ്യത്തെ ശീലുകളാക്കുന്ന കവിതാരചനക്കപ്പുറത്തേക്ക് കവിഭാവനക്ക് ഉയരാൻ അസാധ്യമാകുംവിധം ഭാവനകൾക്ക് അതിർത്തിക്കല്ലിട്ടത് സാഹിത്യത്തിൽ അശിക്ഷിതരായ വൈദിക രായിരുന്നു. നമ്മുടെ എല്ലാ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെയും തലപ്പത്ത് പലപ്പോഴും സാഹിത്യഗന്ധമില്ലാത്ത പുരോഹിതരെ പ്രതിഷ്ഠിച്ചു. അവർക്ക് സാഹിത്യരചനക്കു മാർഗ്ഗനിർദ്ദേശം നൽകാനോ ദിശ നിശ്ചയിക്കാനോ ഉള്ള ചമത്കാരബോധമോ പാണ്ഡിത്യദാർഡ്യമോ ഉണ്ടായിരുന്നില്ല. ഓരോ മെത്രാസനത്തിന്റെയും, സന്യാസസന്യാസിനീ സഭകളുടെയും കൊടിയടയാളം ജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതിനുവേണ്ടി അച്ചടിച്ചിറക്കുന്നവയാണ് ഈ പ്രസിദ്ധീകരണങ്ങൾ. തന്മൂലം പ്രസിദ്ധീകരണങ്ങൾ സഭയ്ക്ക് ഒരു ചടങ്ങു മാത്രമായി.

സംസ്ഥാനത്ത് ഗസറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലൂടെ സാഹിത്യം ''പൊക്കണം'' എന്നാരെങ്കിലും പ്രതീക്ഷിക്കുമോ? സാഹിത്യഗന്ധം തൊട്ടുതീണ്ടിയിട്ടില്ലാത്ത സഭാധികാരത്തെ പ്രീണിപ്പിക്കുന്നതിനു പേനായെടുക്കുന്നവർക്ക് സർഗ്ഗസാഹിത്യരചന സാധ്യമാകുമോ എന്തോ?


Wednesday, March 24, 2021

സോപ്പും സോപ്പുപെട്ടിയും!

ജോസഫ് മറ്റപ്പള്ളി, ഫോൺ: 9495875338

ആളാണെങ്കിലും ആനയാണെങ്കിലും ചത്തുകഴിഞ്ഞാൽപ്പിന്നെ ഒന്നേ ചെയ്യാനുള്ളൂ, ആത്മത്തിനൊത്ത ശുശ്രൂഷകളെല്ലാം ചെയ്ത് എവിടെയെങ്കിലും സംസ്‌കരിക്കുക. അതെ, നാമിനി സീറോ- മലബാർസഭയോടും അതേ ചെയ്യാനുള്ളൂ.

''എടാ, തെണ്ടീ!''- ഇതു ഞാൻ നിങ്ങളെയാരെയും വിളിച്ചതല്ല, ആരാധ്യനായി ഒരു നാൾ കരുതപ്പെട്ടിരുന്ന നായ്ക്കൻപറമ്പിലച്ചനെ ഒരു കത്തോലിക്കൻ ഫെയിസ് ബുക്കിലൂടെ വിളിച്ചതാണ്! അതു കേട്ടു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. സിസ്റ്റർ റ്റീനാ ചോദിക്കുന്നത്, 'അടച്ചുകെട്ടുള്ള മഠത്തിനകത്തെ അടുക്കളയിൽക്കയറി വെള്ളം കുടിക്കാൻ ഫ്രിഡ്ജ് തുറന്ന അഭയ പുറത്തു കള്ളനെക്കണ്ട് ഭയന്ന് അകത്തേക്ക് ഓടുന്നതിനുപകരം, കതകുതുറന്നു പുറത്തേക്കോടി കിണറ്റിൽ വീഴുമോ'യെന്നാണ്! പുറത്തുള്ള കള്ളനെ കണ്ടുപേടിച്ച് അഭയ പുറത്തേക്കോടി എന്ന ഈ സിദ്ധാന്തം പൊക്കിപ്പിടിച്ച നായ്ക്കൻപറമ്പനെ, ആ മനുഷ്യൻ ഇത്രയുംമാത്രമേ വിളിച്ചുള്ളുവല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു. ഫാ. ജോസ് വള്ളിക്കാട്ട് എന്ന പ്രഗത്ഭനായ പ്രഭാഷകൻ സഭാധികാരികൾക്കെഴുതി, 'പ്രസ്തുത സന്ദേശത്തിന്റെ സാധുത, സത്യാവസ്ഥ എന്നിവ പരിശോധിച്ച് വിശ്വാസിസമൂഹത്തിന് ശരിയായ ദൈവശാസ്ത്രദർശനം നൽകാൻ വിനീതമായി അഭ്യർത്ഥിക്കുന്നു' എന്ന്. സ്വന്തം കൂട്ടത്തിൽപ്പെട്ട ഒരു വിൻസെൻഷ്യൻ വൈദികൻ പറഞ്ഞത്, 'നിപ്പാ ഒഴിവാക്കിയത് ഞാനാണെ'ന്നും, 'ഫ്രാങ്കോ മെത്രാൻ രക്തസാക്ഷിയാണെ'ന്നും നായ്ക്കൻപറമ്പിലച്ചൻ പ്രഖ്യാപിച്ചപ്പോഴൊക്കെ അപമാനിക്കപ്പെട്ടത് സഭാ സമൂഹമാണെന്നാണ്. ഒരാൾ ധന്യനാണെന്നും രക്തസാക്ഷിയാണെന്നും വിശുദ്ധനാണെന്നുമൊക്കെ പ്രഖ്യാപിക്കാനല്ലേ വത്തിക്കാനിൽ മാർപാപ്പായിരിക്കുന്നത്?  

കുറേക്കാലം മുമ്പ് ഇദ്ദേഹം ഒരു വലിയ കരിസ്മാറ്റിക് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. തുറന്ന ഗ്രൗണ്ട്  ആയിരുന്നെങ്കിലും പന്തലിട്ടിരുന്നു. പെട്ടെന്ന് ആകാശം ഇരുണ്ടു, വലിയ ഒരു മഴയുടെ ഇരമ്പലും കേട്ടു; ഉടൻ വന്നു  പ്രഖ്യാപനം. 'കണ്ണടച്ചോളിൻ, ആഞ്ഞു പിടിച്ചോളിൻ ....അല്ലേലൂജാ, അല്ലേലൂജാ. പാട്ടുകമ്പനിയും ഇരുന്നൂറു കട്ടക്കൊരുമിച്ചിട്ടു പിടിച്ചു. ഒരു നനവ് പോലെ തോന്നിയപ്പോൾ പലരും കണ്ണ് തുറന്നു. പന്തലുംകൊണ്ട് കാറ്റും പോയി, ഓടിക്കയറാൻ അടുത്തെങ്ങും ഒരിടവും ഉണ്ടായിരുന്നുമില്ല. ഇയാളിത്തിരി നനയട്ടെന്ന് പരി.ആത്മാവ് കരുതിയിരിക്കണം. ഇത്രയും കാലം മനുഷ്യരെ പറ്റിച്ചിരുന്ന ഈ നായ്ക്കൻപറമ്പനെ ഭൂമിയോളം താഴ്ത്താൻ പരി. ആത്മാവ് തീരുമാനിച്ചിട്ടുണ്ടായിരിക്കണം - ഉറപ്പ്!

സ്വർഗ്ഗമെന്നു പറയുന്നതുതന്നെ നിത്യതയിലാണ്, നിത്യത എന്ന് പറയുന്നത് സ്ഥല-കാലാതീതവുമാണ്. അവിടെ പോയി കുർബാന കണ്ടവനെ എന്ത് വിളിക്കണം? പ്രായത്തെക്കരുതി നമുക്ക് ക്ഷമിക്കാം. ശുദ്ധീകരണസ്ഥലത്തിന്റെ ആളാണദ്ദേഹം. പുതിയ പഠനങ്ങളനുസരിച്ച്  ശുദ്ധീകരണസ്ഥലംതന്നെ പണയത്തിലാണ്. ദൈവം സ്‌നേഹമാണ്, അനന്തസ്‌നേഹമാണ്, ആ സ്‌നേഹം വ്യവസ്ഥാതീതവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ? ഇല്ല; പക്ഷേ, അതേ വായിൽ ദൈവം ശിക്ഷിക്കുകയും ചെയ്യുമെന്ന് പറഞ്ഞാലോ? വന്ദ്യപുരോഹിതരേ, നിങ്ങൾ പറയുന്ന ഫ്രയിമിലല്ല ദൈവം നിൽക്കുന്നതെന്ന് എന്തുകൊണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? തുടക്കത്തിൽ കത്തോലിക്കനുമാത്രമേ രക്ഷയുള്ളൂവെന്നു പറഞ്ഞു നടന്ന മഞ്ഞാക്കലച്ചനും നായ്ക്കൻപറമ്പനുമൊക്കെ എന്താണിപ്പോൾ ചുവട് മാറ്റിയത്?

ഒരു കാലത്ത്, റിട്ടയേർഡ് ജഡ്ജിമാരും പോലീസുകാരുമൊക്കെ സഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഉപദേശകരായുണ്ട് എന്ന് പറഞ്ഞപ്പോഴും, വരാൻ പോകുന്നതും വന്നുകൊണ്ടിരിക്കുന്നതുമൊക്കെ ഇതൊക്കെത്തന്നെയാണെന്ന് ഊഹിച്ചിരുന്നു. ഇതാ ഒരു ജഡ്ജിതന്നെയാണ്, സാക്ഷാൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന സിറിയക്ക് ജോസഫ് അഭയാക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചത്. കർദ്ദിനാളിന്റെ പേരിലുള്ള കേസ് പിൻവലിക്കാൻ അഡ്വ. പോളച്ചൻ പുതുപ്പാറയോട് അദ്ദേഹം ആവശ്യപ്പെട്ടെന്ന് പോളച്ചൻ പുതുപ്പാറതന്നെ പറയുന്നു. ഇതേ ജഡ്ജിതന്നെയാണ് ഇക്കേസിലെ നാർക്കോ അനാലിസിസ് റിപ്പോർട്ട് നേരിട്ട് ലാബറട്ടറിയിൽ പോയി പരിശോധിച്ചതായി കഥയുള്ളത്. ഇതിന്റെയിടക്കാണ്, വേറൊരു ജഡ്ജി ഇക്കേസിൽ സാക്ഷിപറഞ്ഞ ഫോട്ടോഗ്രാഫർക്ക് പ്രായം കുറവായിരുന്നുവെന്നും വിധിയെഴുതിയ ജഡ്ജിക്കു ഭയങ്കര തെറ്റുപറ്റിയെന്നുമൊക്കെ പറഞ്ഞിരിക്കുന്നത്! ഈ ജഡ്ജിമാരെല്ലാം  വിശ്വാസം പറയ്ക്കു കീഴെ വെക്കാനുള്ളതല്ലെന്ന് കരുതുന്നവരായിരിക്കണം!

ഞാൻ വീണ്ടും എഴുതുന്നു, ഫാ. ജിജോ കുര്യൻ എഴുതിയതുപോലെ, ശിക്ഷിക്കപ്പെട്ടവരൊന്നും ആയിരുന്നിരിക്കണമെന്നില്ല കൃത്യമായും അഭയയെ കൊന്നത്?  പക്ഷേ, കൊന്നതാരെന്നും അതെങ്ങനെയായിരുന്നെന്നും അവർക്കറിയാം - ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. പോലിസിൽ വിവരം അറിയിക്കാൻ 'നടന്നു പോയ' കന്യാസ്ത്രീമാർക്കും ഈ വിവരം അറിയാം. ആത്മഹത്യചെയ്ത പോലിസുകാരനും ഈ വിവരം അറിയാം. രാജിവച്ചു പോയ സി ബി ഐ ഉദ്യോഗസ്ഥനും ഉറപ്പാണ്, ഇതു കൊലപാതകമായിരുന്നുവെന്ന്. എന്തിനു കോട്ടൂർ പിറ്റേന്നുതന്നെ ഗൾഫിനു മുങ്ങി? ആ മനുഷ്യനെ നാട്ടിലെത്തിക്കാൻ നിയമനടപടി വേണ്ടിവന്നില്ലേ? ആരെയാണദ്ദേഹം പേടിച്ചത്? എന്തിനു സെഫി ഹൈമെനോപ്‌ളാസ്റ്റി ചെയ്തു? എന്തിന് ഇത്രമാത്രം പണം ഈ കേസൊതുക്കാൻവേണ്ടി ആരോ ചെലവു ചെയ്തു?  അന്നുമുതൽ വേറൊരു ഉന്നതന്റെ പേര് ഇതുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു. ആ ഉന്നതനെ രക്ഷിക്കാൻ സഭാധികാരികൾക്കു കഴിഞ്ഞിട്ടുണ്ടാവണം. ആ ലൈനിലെങ്കിലും സഭ രക്ഷപ്പെട്ടല്ലോയെന്ന് ഓർത്തിരിക്കുമ്പോഴാണ്, മറ്റൊരു ഉന്നതനെ ദൈവം ഉരുട്ടിയിട്ടത് - പാവം  ഫ്രാങ്കോ!

ആത്മാർത്ഥതയുടെ ഒരംശംപോലും ഇല്ലാത്ത മെത്രാന്മാർ. ഒരിക്കൽ ഷംഷാബാദ് മെത്രാൻ പറഞ്ഞത്, 'ശരിയായി ജീവിക്കാൻ കഴിവില്ലാത്ത അഭിഷിക്തർ സ്ഥാനംവിട്ട് ഒഴിഞ്ഞുപോകണമെന്ന് ഹൃദയം തൊട്ട് ഞാൻ അഭ്യർത്ഥിക്കുന്നു'വെന്നാണ്. സിസ്റ്റർ ജസ്മിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മടിക്കുന്ന ആ ലോലഹൃദയമാണ്, ഒരു കുഞ്ഞിനെ അനാഥാലയത്തിൽ തള്ളിയ പുണ്യവാനെ സ്വന്തം രൂപതയിൽ ധ്യാനഗുരുവാക്കിയത്! ഇന്നു ഹൃദയത്തിൽ തട്ടി വിശ്വാസികൾ ചോദിക്കുന്നു, ഇറങ്ങിപ്പോയിക്കൂടെ കള്ളപ്പുരോഹിതരേയെന്ന്!

കരിസ്മാറ്റിക് കത്തിക്കയറിയ കാലത്ത് കണ്ണിലൂടെ രക്തം കിനിഞ്ഞിരുന്ന കലണ്ടറുകളും, സുഗന്ധം പരത്തിയിരുന്ന രൂപങ്ങളും, എണ്ണയൊഴുകിക്കൊണ്ടിരുന്ന തിരിക്കാലുകളുമൊക്കെ ഇന്നെവിടെയാണോ? അവരൊക്കെ ഇനി കാണാൻ പോകുന്നത്, ഉള്ളിൽ വെളിച്ചം കയറിയ വിശ്വാസികളെയായിരിക്കും. 'അഭയാ കലണ്ട'റിനു രണ്ട് പ്രാവശ്യം റീപ്രിന്റ് വേണ്ടിവന്നുവെന്നു കേൾക്കുമ്പോൾ, അതിന്റെ  ആഴവും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കും മുമ്പിൽ നേർച്ചപ്പെട്ടിയുമായി വെച്ചിരിക്കുന്ന മദ്ധ്യസ്ഥന്മാരെക്കാളും കൂടുതലാരാധകർ ഇന്നുള്ളത്, സോപ്പിനും സോപ്പു പെട്ടിക്കുമാണെന്നോർക്കുന്നത് നല്ലത്.


Tuesday, March 16, 2021

കർദ്ദിനാൾമാരും മെത്രാന്മാരും ക്രൈസ്തവരുടെ പ്രതിനിധികളോ ?

സത്യജ്വാല മാർച്ച് 2021 എഡിറ്റോറിയൽ

രാഷ്ട്രീയനേതാക്കന്മാരുടെ കണ്ണുകളിൽ കർദ്ദിനാൾമാരും മെത്രാന്മാരും ഏറ്റവും വിലപിടിപ്പുള്ളവരായിത്തീരുന്ന കാഴ്ച ഓരോ ഇലക്ഷൻ അടുക്കുമ്പോഴും നാം കാണാറുണ്ട്. മോതിരംമുത്തൽമുതൽ സാഷ്ടാംഗപ്രണാമംവരെ നടത്തി ജനപ്രതിനിധികളായ കക്ഷിനേതാക്കൾ തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങൾക്കുമുമ്പിൽ സ്വയം വിലയിടിച്ച് അവഹേളിതരാകുന്ന പരമ്പരാഗത കപടരാഷ്ട്രീയ കലാപരിപാടി അവസാനിപ്പിക്കണമെ ചിന്ത ഇതുവരെ ഒരു രാഷ്ട്രീയകക്ഷിക്കും ഉണ്ടായിട്ടില്ല എന്നത് നമ്മുടെ ജനാധിപത്യ സങ്കല്പത്തെത്തന്നെ കളങ്കിതമാക്കുന്നു. വന്നുവന്ന്, രാജ്യത്തിന്റെ പ്രധാനമന്ത്രിവരെ മതരാഷ്ട്രീയ ദല്ലാളന്മാരെ ക്ഷണിച്ചുവരുത്തി ആദരിച്ച് അവരുമായി രാഷ്ട്രീയചർച്ചയ്ക്ക് ഒരുങ്ങുകയാണ്!

തത്ത്വത്തിൽ, ഇന്ത്യ ഒരു മതേതര-ജനാധിപത്യരാഷ്ട്രമാണ്. മതേതരം എന്നു പറയുമ്പോൾ, ഏതെങ്കിലും മതത്തിനോ മതസമൂഹത്തിനോ പ്രത്യേക പ്രാമുഖ്യമോ അവഗണനയോ ഉണ്ടാവില്ല എന്ന് ഉറപ്പുനൽകുന്ന വ്യവസ്ഥയായിരിക്കണം, അത്. എന്നാൽ, മതത്തിന്റെ അടിസ്ഥാനത്തിലറിയപ്പെടുന്ന വിവിധ സമുദായങ്ങൾ അധിവസിക്കുന്ന ഒരു ബഹുമതസമൂഹത്തിൽ, എല്ലാ വിഭാഗക്കാർക്കും തുല്യ അവസരവും പ്രാതിനിധ്യവും ലഭിക്കാതെപോകുന്ന സാഹചര്യമുണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ ഓരോ സമൂഹത്തെയും പ്രതിനിധീകരിക്കുന്ന സമുദായനേതൃത്വങ്ങളുമായി ചർച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള നീക്കുപോക്കുകളും ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, കേരളത്തിലെ നായർസമുദായത്തെ പ്രതിനിധീകരിക്കുന്ന എൻ.എസ്.എസ്. നേതൃത്വവുമായും ഈഴവസമുദായത്തെ പ്രതിനിധീകരിക്കുന്ന എസ്.എൻ.ഡി.പി. നേതൃത്വവുമായുമൊക്കെ ഭരണകൂടത്തിനും രാഷ്ട്രീയകക്ഷികൾക്കും ഓരോ കാര്യങ്ങളിൽ ചർച്ചനടത്തേണ്ടിവരും. അതിൽ അപാകത ചൂണ്ടിക്കാണിക്കാൻ കഴിയാത്തത്, പ്രസ്ഥാനങ്ങളുടെ നേതാക്കൾ സമുദായാംഗങ്ങളാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നതുകൊണ്ടാണ്. സമുദായങ്ങൾ  തിരഞ്ഞെടുത്തു എന്നതിനാൽ അവർക്ക് സമുദായത്തെ പ്രതിനിധീകരിക്കാൻ അവകാശമുണ്ട്.

എന്നാൽ, ക്രൈസ്തവസഭാമേലധ്യക്ഷന്മാർക്ക്, പ്രത്യേകിച്ച് കത്തോലിക്കാസഭയിലെ മെത്രാന്മാർക്കും, കർദ്ദിനാളന്മാർക്കും സമുദായത്തെ പ്രതിനിധീകരിക്കുന്നതിനുള്ള യോഗ്യതയോ അവകാശമോ അശേഷമില്ലെന്ന് ഉറപ്പിച്ചു പറയാനാവും. കാരണം, അവരാരും കത്തോലിക്കാസമുദായാംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവരല്ല. പൗരോഹിത്യശ്രേണിയിലുള്ള ഒരാളുടെപോലും തിരഞ്ഞെടുപ്പിൽ കത്തോലിക്കാസമൂഹത്തിന് യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം.  മെത്രാന്മാരെയും കർദ്ദിനാൾമാരെയും തിരഞ്ഞെടുത്ത് നിയോഗിക്കുന്നത്, ക്രൈസ്തവസമൂഹം തിരഞ്ഞെടുക്കാത്ത മെത്രാൻസമിതിയുടെ ശിപാർശപ്രകാരം, വത്തിക്കാൻ എന്ന മതരാഷ്ട്രത്തിന്റെ അധിപനായ മാർപാപ്പയാണ്. അവരെ നിയോഗിക്കുന്നത് കത്തോലിക്കാസമുദായത്തിന്റെ പ്രതിനിധികളായിട്ടല്ലതാനും; മറിച്ച്, കത്തോലിക്കാസഭയുടെ പഠിപ്പിക്കലുകൾപ്രകാരം രൂപതകളിലെയും വിവിധ റീത്തുകളിലെയും വിശ്വാസിസമൂഹത്തെ ആധ്യാത്മികതയിലും സന്മാർഗ്ഗത്തിലും നയിക്കാനാണ്. അല്ലെങ്കിൽത്തന്നെ, കത്തോലിക്കരുടെ ആധ്യാത്മികപരമാദ്ധ്യക്ഷൻ എന്നതിലുപരി, വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ ഭരണാധികാരികൂടിയായ മാർപാപ്പയ്ക്കെങ്ങനെ, മറ്റൊരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെമേൽ തന്റെ പ്രതിനിധികളുടെ സാമൂഹികനേതൃത്വം അടിച്ചേൽപ്പിക്കാനാകും? അങ്ങനെ സംഭവിക്കുന്നുവെങ്കിൽ, അതിനെ വിദേശരാഷ്ട്രീയ ഇടപെടലായല്ലാതെ വേറെ ഏതു വിധത്തിലാണ് കാണാൻ സാധിക്കുക?

ഇക്കാര്യങ്ങളിൽ ഏറ്റവും ജാഗ്രത പുലർത്തേണ്ട ഇന്ത്യയിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളാണ് ഇവിടത്തെ കർദ്ദിനാൾമാരെയും മെത്രാന്മാരെയും കത്തോലിക്കാസമുദായത്തിന്റെ പ്രതിനിധികളും നേതാക്കന്മാരുമായി കാണുന്നത് എന്നോർക്കുക. അതുപോലെതന്നെ, കേവലം ആധ്യാത്മികഉപദേഷ്ടാക്കളായാണ് തങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായി അറിയാവുന്ന സഭാമേലദ്ധ്യക്ഷന്മാരാണ് സമുദായത്തിന്റെ നേതാക്കളായി സ്വയം അവരോധിക്കുന്നത് എന്നും കാണുക. കാണേണ്ട മറ്റൊരു വിരോധാഭാസം, വിദ്യാഭ്യാസനിലവാരത്തിലും ലോകപരിചയത്തിലും ഏറ്റവും മുന്നിൽനിൽക്കുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, തങ്ങളുടെ സാമുദായികനേതൃത്വം തികച്ചും അനധികൃതമായി തങ്ങളുടെ മതമേലധ്യക്ഷന്മാർ കവർന്നെടുത്തിരിക്കുന്നു എന്ന തിരിച്ചറിവ് ഇന്നുവരെ ഉണ്ടായിട്ടില്ല എന്നതാണ്. അതേസമയം, വടക്കേന്ത്യൻ ഗ്രാമങ്ങളിൽ  ഇന്നും പുലരുന്ന ജന്മിത്വവ്യവസ്ഥയെക്കുറിച്ചും, ജന്മികൾ ഗ്രാമസമൂഹങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന അവസ്ഥയെക്കുറിച്ചും, അവർ നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെയോർത്ത് ജനതകളോടു സഹതപിക്കാനും അവരെ പരിഹസിക്കാനും, അതിലൂടെ തങ്ങളുടെ ഔന്നത്യം സ്ഥാപിക്കാനും ഏറ്റം  മിടുക്കരുമാണവർ! എന്നാൽ, തങ്ങളെ  ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും നേതാക്കളും കാണുന്നത്, ഇവിടുത്തെ മെത്രാൻജന്മിമാരുടെ കുടിയാന്മാരും ആജ്ഞാനുവർത്തികളുമെന്ന നിലയിൽ അവരെക്കാളും പരിഹാസ്യരും വിലകെട്ടവരുമായിട്ടാണെന്ന യാഥാർത്ഥ്യം ഇവിടുത്തെ ക്രൈസ്തവസമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

ചുരുക്കത്തിൽ മൂന്നു തലങ്ങളിലും, അതായത് രാഷ്ട്രീയനേതൃതലത്തിലും ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ തലത്തിലും  ക്രൈസ്തവസമുദായത്തിന്റെ  തലത്തിലും ഇക്കാര്യത്തിൽ ഇന്നു പുലരുന്നത് തികഞ്ഞ അന്ധതയാണ്. അന്ധത നമ്മളെയും നമ്മുടെ രാജ്യത്തെയും തള്ളിയിടാൻ പോകുന്നത്, ചരിത്രത്തിൽ മനുഷ്യകുലം മറികടന്ന പുരോഹിതജന്മിത്വത്തിന്റെ പടുകുഴിയിലേക്കായിരിക്കും എന്നു കാണാൻ വലിയ ദീർഘദർശിത്വമൊന്നും ആവശ്യമില്ല.

ഇന്ത്യയിലെ ക്രൈസ്തവരുടെയിടയിൽ, വിശിഷ്യാ കത്തോലിക്കരുടെയിടയിൽ, തങ്ങളുടേതായ ഒരു സാമൂഹികനേതൃനിര ഉരുത്തിരിഞ്ഞുവരാനുള്ള എല്ലാ വഴികളും, എല്ലാ സാധ്യതകളും, അനധികൃതമായി നിലനിന്നുപോരുന്ന പുരോഹിതനേതൃത്വംമൂലം അടഞ്ഞുപോയിരിക്കുകയാണ് എന്ന വസ്തുത നാം തെളിഞ്ഞു കാണേണ്ടതുണ്ട്. പരമാവധി അനുവദിക്കപ്പെടുക, 'കത്തോലിക്കാ കോൺഗ്രസ്' നേതൃത്വംപോലെയോ 'ഇൻഫാം' നേതൃത്വംപോലെയോ ഉള്ളൂ തങ്ങളുടെ അധീശത്വം അംഗീകരിക്കുന്ന എറാൻമൂളി നേതാക്കളെമാത്രമാണ്. അതായത്, രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും ഇനി ധൈര്യപ്പെട്ടാൽതന്നെയും ക്രൈസ്തവസമൂഹത്തെ പ്രതിനിധീകരിക്കുന്നവരുടേതായി അവർക്കു ബന്ധപ്പെടാൻ മറ്റൊരു അംഗീകൃതനേതൃത്വം അവർക്കുമുമ്പിൽ  നിലവിലില്ല എന്ന അവസ്ഥയാണുള്ളത്.

 ഇവിടത്തെ ക്രൈസ്തവസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും സമൂഹത്തിന് ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ ഒരു നേതൃത്വമില്ല എന്നതാണ്.  നാം സ്വയം  പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ, ദുരവസ്ഥയുടെ കാര്യ-കാരണങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കാതെ നമ്മുടെ സമൂഹം അകപ്പെട്ടിരിക്കുന്ന നേതൃത്വശൂന്യതയെന്ന, അഥവാ മെത്രാൻജന്മിത്വമെന്ന ഇന്നത്തെ ദുരവസ്ഥയെ ദൂരീകരിക്കാൻ സാധ്യമല്ലതന്നെ.

സഭയും സമുദായവും രണ്ടു കാര്യങ്ങൾ

സഭയെയും സമുദായത്തെയും വേർതിരിച്ചുകാണാൻ കഴിഞ്ഞാൽമാത്രമേ, ഇവിടുത്തെ ക്രൈസ്തവസമുദായത്തിലെ നേതൃത്വശൂന്യതയുടെ വേരുകൾ കണ്ടെത്താൻ കഴിയൂ. സഭയെന്നാൽ ആദ്ധ്യാത്മിക കൂട്ടായ്മയാണ്. സമുദായമെന്നാൽ ഭൗതികജീവിതതലത്തിലുള്ള സാമൂഹികകൂട്ടായ്മയും. ആദ്ധ്യാത്മികകൂട്ടായ്മയെ പരിപോഷിപ്പിക്കാൻ ആദ്ധ്യാത്മികനേതൃത്വം, അഥവാ ആദ്ധ്യാത്മികാചാര്യന്മാർ ഉണ്ടായിരിക്കണം. പ്രഘോഷിക്കണമെന്ന് യേശു പറഞ്ഞ സ്നേഹത്തിലധിഷ്ഠിതമായ ദൈവരാജ്യമൂല്യങ്ങൾ മനുഷ്യഹൃദയങ്ങളിൽ സന്നിവേശിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ദൗത്യം. അതേസമയം, സഭയെന്ന ആദ്ധ്യാത്മിക കൂട്ടായ്മയ്ക്ക് മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സാമൂഹികജീവിതവുമുണ്ട്. അതു കെട്ടിപ്പടുക്കുകയും അംഗങ്ങൾ തമ്മിലുള്ള ബന്ധം ഉത്തരോത്തരം സ്നേഹ-സേവനസാന്ദ്രമാക്കുകയും മറ്റു സമുദായങ്ങളിലേക്ക് അതു പകരുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവസമുദായത്തിലെ സാമൂഹികനേതൃത്വത്തിന്റെ ചുമതല. തങ്ങൾ ആധ്യാത്മികനേതൃത്വംമാത്രമേ ഏറ്റെടുക്കുകയുള്ളുവെന്നു പ്രസ്താവിച്ചു സമുദായകാര്യങ്ങൾക്ക് നേതൃത്വംകൊടുക്കാൻ, 'നിങ്ങളിലെ മികവുറ്റവരെ നിങ്ങളിൽനിന്നു നിങ്ങൾതന്നെ തിരഞ്ഞെടുക്കാൻ' ആവശ്യപ്പെട്ടു 12 ശ്ലീഹന്മാർ ഒന്നിച്ചുചേർന്നു നടത്തിയ നയപ്രഖ്യാപനത്തിന്റെ അർത്ഥവും മറ്റൊന്നല്ല. അതിൻപ്രകാരം ആദിമസഭയിൽ സമുദായനടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നേതൃത്വം പൂർണമായും വിശ്വാസിസമൂഹത്തിനായിരുന്നുതാനും.

1599-ലെ ഉദയംപേരൂർ സുന്നഹദോസുവരെ കേരളസഭയിലും അതേ രീതിയായിരുന്നു പുലർന്നുപോന്നിരുന്നത് എന്ന് ചരിത്രകാരന്മാർ സാക്ഷിക്കുന്നു. ഉദാഹരണത്തിന്, റവ. ഡോ. ജോസ് കുറിയേടത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''സമുദായത്തിന്റെ ഭൗതികഭരണകാര്യങ്ങളിൽ മെത്രാന്മാർ ഉൾപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാർ ഏതാണ്ട് ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നത്, വളരെ വിരളവും അസാധാരണവുമായ സന്ദർഭങ്ങളിലൊഴികെ, മെത്രാന്മാർ ഒരിക്കലും, അത്തരം അധികാരപ്രയോഗങ്ങൾ നടത്തിയിട്ടില്ല എന്നാണ്. സമുദായത്തിന്റെ സാമൂഹിക-ഭൗതികകാര്യങ്ങളിൽ ഭരണനിർവഹണം നടത്തിയിരുന്നത് സാധാരണഗതിയിൽ ജാതിക്കുകർത്തവ്യനും പള്ളിയോഗവുമായിരുന്നു'' (Authority in the Catholic Community in Kerala, പേജ് 86-സ്വന്തം തർജമ) വിഖ്യാത സഭാചരിത്രകാരനായ റവ. ഡോ. സേവ്യർ കൂടപ്പുഴയും  ഇതേകാര്യം ഇങ്ങനെ എഴുതിയിരിക്കുന്നു: ''മെത്രാൻ ആത്മീയകാര്യങ്ങളിൽമാത്രം ശ്രദ്ധിക്കുകയെന്നതായിരുന്നു മലബാറിലെ രീതി. നസ്രാണികളുടെ ആർച്ച് ഡീക്കനായിരുന്നു സാമ്പത്തികവും സാമൂഹികവും സാമുദായികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും നടത്തിപ്പോന്നത്. മെത്രാന്റെയും ആർച്ച് ഡീക്കന്റെയും അധികാരമണ്ഡലങ്ങൾ രണ്ടായിരുന്നു'' (ഭാരതസഭാചരിത്രം, പേജ് 337). ചുരുക്കത്തിൽ, പുതിയനിയമത്തിൽ പരാമർശിച്ചിട്ടുള്ള ആദിമസഭാസമ്പ്രദായത്തിലും, പതിനാറു നൂറ്റാണ്ടുകാലം നിലനിന്ന കേരളസഭാസമ്പ്രദായത്തിലും സഭയുടെ ആദ്ധ്യാത്മികനേതൃത്വവും സാമൂഹികനേതൃത്വവും രണ്ടായിരുന്നു. ബൈബിൾ പരാമർശിതമായ ആദിമസഭയിൽ സഭാസമ്പ്രദായത്തിന് പീഡനങ്ങൾമൂലവും, പിന്നീടത് റോമൻ സാമ്രാജ്യമതമായി അംഗീകരിക്കപ്പെട്ടതുമൂലവും സ്വാഭാവികമായ വളർച്ചയും വികാസവുമുണ്ടായില്ല. എന്നുമാത്രമല്ല, അത് റോമൻ സാമ്രാജ്യത്വമൂശയിൽ ഉടച്ചുവാർക്കപ്പെടുകയുംചെയ്തു. എന്നാൽ, കേരളസഭയിൽ ആദിമസഭാസമ്പ്രദായം കൃത്യമായ രൂപ-ഭാവങ്ങളോടെ വളർന്നു വികസിക്കുകയാണുണ്ടായത്. 'മാർത്തോമ്മയുടെ മാർഗ്ഗവും വഴിപാടും' എന്നറിയപ്പെടുന്ന സഭാസമ്പ്രദായത്തെ  കുഴിച്ചുമൂടാൻ സമീപകാലത്ത് നേതൃത്വംകൊടുത്ത മാർ ജോസഫ് പൗവ്വത്തിലിനുപോലും അതിനെ തള്ളിപ്പറയാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം അതേക്കുറിച്ച് റോമിൽപോയി പ്രസംഗിച്ചതിങ്ങനെയാണ്: ''അവരുടെ (കേരളക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തിന്റെ ആകെത്തുക, 'മാർത്തോമ്മയുടെ നിയമം' (മാർത്തോമ്മായുടെ മാർഗ്ഗം) എന്ന പദസമുച്ചയത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയിൽ പ്രത്യേകം പ്രകടമാകുന്ന മുഴുവൻ ക്രൈസ്തവപൈതൃകവും അതിൽ അന്തർലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്കാരമാണ് മാർത്തോമ്മായുടെ മാർഗ്ഗം'' ('Acts of the Synod of Bishops of the Syro-Malabar Church,'പേജ് 71, സ്വന്തം തർജമ). സഭാസമ്പ്രദായത്തിന് സുവിശേഷവുമായുള്ള ഗാഢബന്ധത്തെ തന്റെ Ecclesial Identity of the Thomas Christians' എന്ന പുസ്തകത്തിൽ കൂടപ്പുഴയച്ചൻ ഇങ്ങനെ സ്ഥാപിക്കുന്നു: ''പുതിയനിയമപശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനു വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ. പ്രവ. 6:1-6 വാക്യങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടുള്ളതായിരുന്നു. അപ്പോസ്തലന്മാർ  നൽകിയ മുൻഗണനയ്ക്കുള്ള ഉത്തമമാതൃകയാണ് നാമിവിടെ കാണുന്നത്'' (പേജ് 74-സ്വന്തം തർജമ). ഇതേ മാതൃക അനുകരിച്ച് ജസ്റ്റീസ് കൃഷ്ണയ്യർ കമ്മീഷൻ ക്രോഡീകരിച്ച് ഗവൺമെന്റിനു നൽകിയിട്ടുള്ള 'ചർച്ച് ആക്ടി'നെതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്ന തൃശ്ശൂർ രൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  മെത്രാൻ സിംഹാസനത്തിന് അർഹനായതുതന്നെ, 'Law of Thomas' എന്ന കേരള സഭാസമ്പ്രദായത്തെക്കുറിച്ചു പഠനപ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിക്കൊണ്ടാണ് എന്നോർക്കുക.  'The Juridical Sources of the Syro-Malabar Church' എന്ന  പഠനഗ്രന്ഥത്തിൽ, ''ഒരു ക്രിസ്ത്യൻ ശിക്ഷണക്രമം എന്ന നിലയിൽ മാർത്തോമ്മായുടെ നിയമം ക്രിസ്തുവിലും ക്രിസ്തുവിന്റെ പ്രബോധനങ്ങളിലും അടിസ്ഥാനമിട്ടിട്ടുള്ളതാണ്'' (The Law of Thomas, as a Christian discipline, is founded on Christ and his teachings') എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്!

അങ്ങനെ സഭാചരിത്രകാരന്മാരായ വൈദികരും സഭാധ്യക്ഷന്മാരായ മെത്രാന്മാരുമെല്ലാം സഭയുടെ ആദ്ധ്യാത്മികനേതൃത്വത്തെയും സാമൂഹികനേതൃത്വത്തെയും വേർതിരിച്ചുനിറുത്തിയിരുന്ന കേരളസഭയുടെ ശ്ലൈഹികപാരമ്പര്യമായ മാർത്തോമ്മയുടെ നിയമത്തെ 'ദീപസ്തംഭം മഹാശ്ചര്യം' എന്നു വാഴ്ത്തിപ്പാടുന്നതിൽ  മുമ്പന്മാരും, തങ്ങൾക്കത് അധികാരവും പണവും പദവിയും നൽകില്ല എന്നതിനാൽ, അതംഗീകരിച്ചു നടപ്പാക്കുന്നതിനെതിരെ മുഖംതിരിഞ്ഞു നിൽക്കുന്നവരുമായിരിക്കുന്നു! വിദേശിമെത്രാന്മാർക്കുപകരം സ്വദേശി മെത്രാന്മാരെ കിട്ടിയതോടെ എല്ലാം ശരിയായി എന്നു കരുതിവശായി ഉറങ്ങിപ്പോയ കേരള കത്തോലിക്കാസമൂഹം ഉറക്കമുണർന്നപ്പോൾ കാണുന്നത്, സ്വന്തം പൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ് റോമൻ സായിപ്പിനെ അപ്പനായി കാണുന്ന തങ്ങളുടെ മെത്രാന്മാരെയാണ്! കേരളക്രൈസ്തവരുടെ കാലം തെളിയിച്ച 'കാനോൻനിയമ'മായ മാർത്തോമ്മയുടെ നിയമത്തെ, അധികാരമെന്ന മുപ്പതു വെള്ളിക്കാശിനുവേണ്ടി ഒറ്റിക്കൊടുത്ത് റോമൻ കാനോൻ നിയമമെന്ന കുരിശിൽ തറയ്ക്കാൻ കൂട്ടുനിന്നവരാണ് നമ്മുടെ സകല മെത്രാന്മാരും.

ഇതുമൂലമുണ്ടായ കെടുതിയായിട്ടാണ്, കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ, വിശിഷ്യാ ഇവിടുത്തെ കത്തോലിക്കാ സമുദായത്തിന്റെ തനതു നേതൃത്വമില്ലാത്ത അവസ്ഥയെ കാണേണ്ടത്. പുരോഹിതാധികാര ശ്രേണിയുടെ അത്യുന്നതസ്ഥാനി,  അതേ അധികാരശ്രേണിയിൽനിന്ന്, അതേ അധികാരശ്രേണിക്കുവേണ്ടി തിരഞ്ഞെടുത്ത്, വിശ്വാസികൾക്കുവേണ്ടിയെന്ന വ്യാജേന ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരക്കടിഞ്ഞാണുകളുമായി സഭാസമൂഹത്തിലേക്ക് അയയ്ക്കുന്നവരാണ് ഫലത്തിൽ ഇന്നത്തെ മെത്രാന്മാർ. അവരുടെയോ സഭാപുരോഹിതന്മാരുടെപോലുമോ തിരഞ്ഞെടുപ്പിൽ യാതൊരു പങ്കാളിത്തവും ഇവിടുത്തെ ക്രൈസ്തവപൗരന്മാർക്കില്ലാത്ത സാഹചര്യത്തിൽ, നേതൃത്വത്തെ അംഗീകരിക്കേണ്ട യാതൊരു ബാധ്യതയും ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനുണ്ടാകാൻ പാടില്ലാത്തതാണ്. 'പ്രാതിനിധ്യമില്ലാത്ത നികുതിപിരിവ് അംഗീകാരയോഗ്യമല്ല' (No taxation without representation) എന്നതുപോലെതന്നെയുള്ള ഒരു ജനാധിപത്യതത്ത്വമാണ്, 'ജനങ്ങൾ തിരഞ്ഞെടുക്കാത്ത നേതൃത്വം അംഗീകാരയോഗ്യമല്ല' എന്നതും.

ആധ്യാത്മികപരിവേഷം ചാർത്തി നിൽക്കുന്ന പുരോഹിതരുടെ  പ്രവൃത്തികളെയും ഇടപെടലുകളെയും ആധ്യാത്മികം, ഭൗതികം എന്ന് വേർതിരിച്ചു കാണാൻ മഹാഭൂരിപക്ഷം വിശ്വാസികൾക്കും സാധിക്കാതെ പോകുന്നതിനാൽ, അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം ആദ്ധ്യാത്മികതയുടെയും മതത്തിന്റെയും പരിധിയിൽ വരുന്നതാണെന്നുള്ള അന്ധമായ ധാരണ പരക്കെയുണ്ട് എന്നതാണ് ഇവിടുത്തെ പ്രശ്നം. അന്ധതയിലാണ് സഭാസ്ഥാപനങ്ങളുടെ നടത്തിപ്പ്, രാഷ്ട്രീയകാര്യങ്ങളിലെ ഇടപെടൽ മുതലായ സാമൂഹികകാര്യങ്ങൾപോലും പൗരോഹിത്യത്തിന്റെ കുത്തകയായിത്തീരുന്നത്. അങ്ങനെ, വിജാതീയർ എന്നു യേശു വിശേഷിപ്പിച്ച റോമാക്കാരുടെ രാജാക്കന്മാരെപ്പോലെ, കേരളസഭാപൗരന്മാരുടെമേൽ മെത്രാന്മാർ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മാത്രമല്ല തങ്ങളുടെമേൽ അധികാരം നടത്തുന്ന ഇവരെ 'ഉപകാരികൾ' എന്ന് കേരളക്രൈസ്തവർ കരുതുകയും ചെയ്യുന്നു (ലൂക്കോ.22:25). അങ്ങനെ കേരളകത്തോലിക്കാസമൂഹത്തിന്റെ അടിമത്തം പൂർണമായിരിക്കുകയാണ്. നേതൃത്വമില്ലാതാക്കപ്പെട്ട കേരളക്രൈസ്തവസമൂഹത്തിന്റെ ഭാഗധേയം മെത്രാന്മാരുടെയും കർദ്ദിനാളന്മാരുടെയും കൈകളിലമരുകയാണ്; അവരുടെ ആജ്ഞാനുവർത്തികളായ ശിങ്കിടികളെ സ്ഥാനാർത്ഥിപ്പട്ടികകളിൽ സമൂദായമറിയാതെ ഉൾപ്പെടുത്തുകയാണ്; ജഡ്ജിമാരെവരെ അവർ തീരുമാനിക്കുകയാണ്. ചുരുക്കത്തിൽ, ക്രൈസ്തവസമുദായത്തിന്റെ സാമൂഹികനേതൃത്വം കർദ്ദിനാർക്കും മെത്രാന്മാർക്കുമാണെന്നമട്ടിൽ രാഷ്ട്രീയകക്ഷികളും അവയുടെ നേതാക്കന്മാരും അവരുമായി, സമുദായത്തിലെ പ്രഗത്ഭമതികളെപ്പോലും അവഗണിച്ച്, രാഷ്ട്രീയവിലപേശലുകൾ നടത്തുകയും പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്കുപോലും രൂപംകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അങ്ങനെ സഭയിൽമാത്രമല്ല, പൊതുസമൂഹത്തിലും കേരളക്രൈസ്തവർ പുരോഹിതാധിപത്യത്തിന് വിധേയരായിരിക്കുകയാണ്.

 അത്യധികം അപകടകരമായി മുന്നോട്ടു നീങ്ങുന്ന സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങളെ ഇവിടുത്തെ ക്രൈസ്തവർ, പ്രത്യേകിച്ച് കത്തോലിക്കർ സഗൗരവം വിശകലനംചെയ്തു വിലയിരുത്തേണ്ടിയിരിക്കുന്നു.

 ഒന്നാമതായിത്തന്നെ, ഒരു വിദേശരാഷ്ട്രത്തലവനായ മാർപാപ്പയുടെ പ്രതിനിധികൾമാത്രമായ മെത്രാൻസ്ഥാനികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയെന്നാൽ അത് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കലാണ്. അതോടൊപ്പംതന്നെ, മാർപാപ്പ നൽകാത്ത ഒരധികാരം മെത്രാന്മാർ ഇന്ത്യയിൽ പ്രയോഗിക്കുകയെന്നാൽ, അത് ഒരേസമയം മാർപാപ്പയെയും ഇവിടത്തെ വിശ്വാസികളെയും വഞ്ചിക്കലാണ്. മാർപാപ്പയായി അവരോധിക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പോപ്പ് ഫ്രാൻസീസ് പറഞ്ഞിരുന്നു, താൻ മാർപാപ്പയായി തുടരുന്ന കാലത്തോളമെങ്കിലും സഭ പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുകയില്ല, എന്ന്. ഏറ്റവും അവസാനം അദ്ദേഹമെഴുതിയ എൃമലേഹഹശ ഠൗേേശ (ഏവരും സോദരർ) എന്ന ചാക്രികലേഖനത്തിലും, 'പാർട്ടിരാഷ്ട്രീയം അല്മായരുടെ മേഖലയാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അതായത്, കത്തോലിക്കാസമുദായത്തെ പ്രതിനിധീകരിച്ച് ഇവിടുത്തെ മഹാപുരോഹിതർ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ മാർപാപ്പയെ തിരസ്കരിച്ചുകൊണ്ട് ഇന്ത്യയുടെ പരമാധികാരത്തിനെതിരെ നടത്തുന്ന വിദേശമതരാഷ്ട്രീയമാണ്.

രണ്ടാമതായി, കത്തോലിക്കരുടെ ആദ്ധ്യാത്മികനേതൃത്വത്തെ അവരുടെ സാമൂഹികനേതൃത്വമായി ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ അംഗീകരിക്കുകയെന്നാൽ, ഇന്ത്യൻ  കത്തോലിക്കർക്ക് അവരുടെ തനതു നേതൃത്വത്തിനുള്ള സാധ്യതതന്നെ നിഷേധിക്കലാണ്; അതായത്, അവരുടെ സമുദായത്തിലോ പൊതുസമൂഹത്തിലോ ജനാധിപത്യപരമായി തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവസരം റെഡിമെയ്ഡ് പുരോഹിതനേതൃത്വം ഇല്ലായ്മചെയ്യുകയാണ്.

മൂന്നാമതായി, ക്രൈസ്തവപൗരോഹിത്യത്തിന്റെ രാഷ്ട്രീയ ഇടപെടൽ അപകടകരമായ ഒരു കീഴ്വഴക്കമാകുകയും, മറ്റു മതസമുദായങ്ങളിലെ പുരോഹിതവിഭാഗങ്ങളും അതനുകരിക്കാൻ ഇടയാക്കുകയും ചെയ്യും. അതു തീർച്ചയായും മതവർഗീയപാതയിലേക്ക് നമ്മുടെ രാഷ്ട്രീയത്തെ വഴിതിരിച്ചുവിടുകയും മതഭിന്നതകൾക്കും സാമുദായികകലഹങ്ങൾക്കും കലാപങ്ങൾക്കുംവരെ കാരണമാകുകയും ചെയ്യും.

ഇക്കാരണങ്ങളാൽ, താൽക്കാലികനേട്ടത്തിനുവേണ്ടി മെത്രാന്മാരെ സമുദായനേതാക്കളായി കാണുന്ന പ്രവണത രാഷ്ട്രീയകക്ഷികളും നേതാക്കളും ഉപേക്ഷിച്ചേതീരൂ. ക്രൈസ്തവരിൽനിന്നും അവരുടെ സ്വതന്ത്ര പ്രസ്ഥാനങ്ങളിൽനിന്നും അതിനുള്ള സമ്മർദ്ദം രാഷ്ട്രീയകക്ഷികളുടെമേൽ ചെലുത്തേണ്ടിയിരിക്കുന്നു. കൂടാതെ, ക്രൈസ്തവസമൂഹത്തെ വ്യാപകമായി പ്രതിനിധീകരിക്കാനുള്ള ശേഷിയിലേക്ക് സ്വതന്ത്ര അൽമായപ്രസ്ഥാനങ്ങൾ വളരേണ്ടതുമുണ്ട്. വളർന്നു വികസിച്ച് കാഴ്ചപ്പാടിലും സമീപനത്തിലും വിശാലമായിക്കൊണ്ടിരിക്കുന്ന അത്തരം പ്രസ്ഥാനങ്ങളുമായിട്ടാകട്ടെ, രാഷ്ട്രീയകക്ഷികളുടെ ചർച്ച!

ചർച്ച് ആക്ടിലൂടെ കൈവരുന്ന സമുദായനേതൃത്വം

'മാർത്തോമ്മായുടെ നിയമ'പ്രകാരമുള്ള പള്ളി ഭരണസമ്പ്രദായത്തിന്റെ കാലാനുസൃത ആവിഷ്കാരമായ 'ചർച്ച് ആക്ട്' നടപ്പിലായാൽ, അത് സഭാസ്വത്തുക്കളുടെ ഭരണനിർവ്വഹണത്തിലേക്കുമാത്രമല്ല, സമുദായത്തിന്റെ നേതൃത്വത്തിലേക്കും വിശ്വാസികളെ നയിക്കുമെന്ന് നാം കാണേണ്ടതുണ്ട്. ഇടവകതല ട്രസ്റ്റ് അസംബ്ലികൾ തിരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മിറ്റിയംഗങ്ങൾ സ്വാഭാവികമായും ഇടവകക്കാരുടെ നേതാക്കളായിക്കൂടി പരിഗണിക്കപ്പെടും. അതുപോലെതന്നെ, എല്ലാ ഇടവകകളുടെയും പ്രതിനിധികൾ ചേർന്ന രൂപതാ അസംബ്ലിയംഗങ്ങളും അവർ തിരഞ്ഞെടുക്കുന്ന രൂപതാ ട്രസ്റ്റ് കമ്മിറ്റിയംഗങ്ങളും രൂപതാസമൂഹത്തിന്റെ നേതാക്കളായിക്കൂടി രൂപതാസമൂഹത്തിന്റെ മനസ്സിൽ സ്ഥാനംപിടിക്കും. സമാനരീതിയിൽ, തിരഞ്ഞെടുക്കപ്പെടുന്ന സീറോ-മലബാർസഭാ അസംബ്ലിയംഗങ്ങളും ട്രസ്റ്റ് കമ്മിറ്റിയംഗങ്ങളും, സ്വാഭാവികമായിത്തന്നെ മൊത്തം സീറോ-മലബാർ സമൂഹത്തിന്റെ നേതാക്കന്മാരായിത്തീരും. അവരിൽനിന്ന് ഒരു തലവനെ തിരഞ്ഞെടുക്കാനുള്ള വകുപ്പുകൂടി എഴുതിച്ചേർത്താൽമതി, സീറോ-മലബാർ സഭാസമൂഹത്തിന്, 'ജാതിക്കു കർത്തവ്യൻ' എന്ന് സ്ഥാനിക്കു സമാനമായ ഒരു പൊതുനേതൃത്വവും ഉണ്ടാകും. സീറോ-മലബാർ സമുദായത്തിൽമാത്രമല്ല, സമാനമായ സാമൂഹികനേതൃത്വം, ചർച്ച് ആക്ട് നടപ്പിലായാൽ എല്ലാ സഭാസമൂഹങ്ങളിലുമുണ്ടാകും.

അതുകൊണ്ട്, ലക്ഷ്യംകൂടി മുൻനിറുത്തി ചർച്ച് ആക്ടിനായുള്ള പ്രവർത്തനങ്ങൾ അതിശക്തമാക്കേണ്ടതുണ്ട്, നാം.       -

എഡിറ്റർ