Translate

Wednesday, March 24, 2021

സോപ്പും സോപ്പുപെട്ടിയും!

ജോസഫ് മറ്റപ്പള്ളി, ഫോൺ: 9495875338

ആളാണെങ്കിലും ആനയാണെങ്കിലും ചത്തുകഴിഞ്ഞാൽപ്പിന്നെ ഒന്നേ ചെയ്യാനുള്ളൂ, ആത്മത്തിനൊത്ത ശുശ്രൂഷകളെല്ലാം ചെയ്ത് എവിടെയെങ്കിലും സംസ്‌കരിക്കുക. അതെ, നാമിനി സീറോ- മലബാർസഭയോടും അതേ ചെയ്യാനുള്ളൂ.

''എടാ, തെണ്ടീ!''- ഇതു ഞാൻ നിങ്ങളെയാരെയും വിളിച്ചതല്ല, ആരാധ്യനായി ഒരു നാൾ കരുതപ്പെട്ടിരുന്ന നായ്ക്കൻപറമ്പിലച്ചനെ ഒരു കത്തോലിക്കൻ ഫെയിസ് ബുക്കിലൂടെ വിളിച്ചതാണ്! അതു കേട്ടു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. സിസ്റ്റർ റ്റീനാ ചോദിക്കുന്നത്, 'അടച്ചുകെട്ടുള്ള മഠത്തിനകത്തെ അടുക്കളയിൽക്കയറി വെള്ളം കുടിക്കാൻ ഫ്രിഡ്ജ് തുറന്ന അഭയ പുറത്തു കള്ളനെക്കണ്ട് ഭയന്ന് അകത്തേക്ക് ഓടുന്നതിനുപകരം, കതകുതുറന്നു പുറത്തേക്കോടി കിണറ്റിൽ വീഴുമോ'യെന്നാണ്! പുറത്തുള്ള കള്ളനെ കണ്ടുപേടിച്ച് അഭയ പുറത്തേക്കോടി എന്ന ഈ സിദ്ധാന്തം പൊക്കിപ്പിടിച്ച നായ്ക്കൻപറമ്പനെ, ആ മനുഷ്യൻ ഇത്രയുംമാത്രമേ വിളിച്ചുള്ളുവല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു. ഫാ. ജോസ് വള്ളിക്കാട്ട് എന്ന പ്രഗത്ഭനായ പ്രഭാഷകൻ സഭാധികാരികൾക്കെഴുതി, 'പ്രസ്തുത സന്ദേശത്തിന്റെ സാധുത, സത്യാവസ്ഥ എന്നിവ പരിശോധിച്ച് വിശ്വാസിസമൂഹത്തിന് ശരിയായ ദൈവശാസ്ത്രദർശനം നൽകാൻ വിനീതമായി അഭ്യർത്ഥിക്കുന്നു' എന്ന്. സ്വന്തം കൂട്ടത്തിൽപ്പെട്ട ഒരു വിൻസെൻഷ്യൻ വൈദികൻ പറഞ്ഞത്, 'നിപ്പാ ഒഴിവാക്കിയത് ഞാനാണെ'ന്നും, 'ഫ്രാങ്കോ മെത്രാൻ രക്തസാക്ഷിയാണെ'ന്നും നായ്ക്കൻപറമ്പിലച്ചൻ പ്രഖ്യാപിച്ചപ്പോഴൊക്കെ അപമാനിക്കപ്പെട്ടത് സഭാ സമൂഹമാണെന്നാണ്. ഒരാൾ ധന്യനാണെന്നും രക്തസാക്ഷിയാണെന്നും വിശുദ്ധനാണെന്നുമൊക്കെ പ്രഖ്യാപിക്കാനല്ലേ വത്തിക്കാനിൽ മാർപാപ്പായിരിക്കുന്നത്?  

കുറേക്കാലം മുമ്പ് ഇദ്ദേഹം ഒരു വലിയ കരിസ്മാറ്റിക് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. തുറന്ന ഗ്രൗണ്ട്  ആയിരുന്നെങ്കിലും പന്തലിട്ടിരുന്നു. പെട്ടെന്ന് ആകാശം ഇരുണ്ടു, വലിയ ഒരു മഴയുടെ ഇരമ്പലും കേട്ടു; ഉടൻ വന്നു  പ്രഖ്യാപനം. 'കണ്ണടച്ചോളിൻ, ആഞ്ഞു പിടിച്ചോളിൻ ....അല്ലേലൂജാ, അല്ലേലൂജാ. പാട്ടുകമ്പനിയും ഇരുന്നൂറു കട്ടക്കൊരുമിച്ചിട്ടു പിടിച്ചു. ഒരു നനവ് പോലെ തോന്നിയപ്പോൾ പലരും കണ്ണ് തുറന്നു. പന്തലുംകൊണ്ട് കാറ്റും പോയി, ഓടിക്കയറാൻ അടുത്തെങ്ങും ഒരിടവും ഉണ്ടായിരുന്നുമില്ല. ഇയാളിത്തിരി നനയട്ടെന്ന് പരി.ആത്മാവ് കരുതിയിരിക്കണം. ഇത്രയും കാലം മനുഷ്യരെ പറ്റിച്ചിരുന്ന ഈ നായ്ക്കൻപറമ്പനെ ഭൂമിയോളം താഴ്ത്താൻ പരി. ആത്മാവ് തീരുമാനിച്ചിട്ടുണ്ടായിരിക്കണം - ഉറപ്പ്!

സ്വർഗ്ഗമെന്നു പറയുന്നതുതന്നെ നിത്യതയിലാണ്, നിത്യത എന്ന് പറയുന്നത് സ്ഥല-കാലാതീതവുമാണ്. അവിടെ പോയി കുർബാന കണ്ടവനെ എന്ത് വിളിക്കണം? പ്രായത്തെക്കരുതി നമുക്ക് ക്ഷമിക്കാം. ശുദ്ധീകരണസ്ഥലത്തിന്റെ ആളാണദ്ദേഹം. പുതിയ പഠനങ്ങളനുസരിച്ച്  ശുദ്ധീകരണസ്ഥലംതന്നെ പണയത്തിലാണ്. ദൈവം സ്‌നേഹമാണ്, അനന്തസ്‌നേഹമാണ്, ആ സ്‌നേഹം വ്യവസ്ഥാതീതവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ? ഇല്ല; പക്ഷേ, അതേ വായിൽ ദൈവം ശിക്ഷിക്കുകയും ചെയ്യുമെന്ന് പറഞ്ഞാലോ? വന്ദ്യപുരോഹിതരേ, നിങ്ങൾ പറയുന്ന ഫ്രയിമിലല്ല ദൈവം നിൽക്കുന്നതെന്ന് എന്തുകൊണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? തുടക്കത്തിൽ കത്തോലിക്കനുമാത്രമേ രക്ഷയുള്ളൂവെന്നു പറഞ്ഞു നടന്ന മഞ്ഞാക്കലച്ചനും നായ്ക്കൻപറമ്പനുമൊക്കെ എന്താണിപ്പോൾ ചുവട് മാറ്റിയത്?

ഒരു കാലത്ത്, റിട്ടയേർഡ് ജഡ്ജിമാരും പോലീസുകാരുമൊക്കെ സഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഉപദേശകരായുണ്ട് എന്ന് പറഞ്ഞപ്പോഴും, വരാൻ പോകുന്നതും വന്നുകൊണ്ടിരിക്കുന്നതുമൊക്കെ ഇതൊക്കെത്തന്നെയാണെന്ന് ഊഹിച്ചിരുന്നു. ഇതാ ഒരു ജഡ്ജിതന്നെയാണ്, സാക്ഷാൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന സിറിയക്ക് ജോസഫ് അഭയാക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചത്. കർദ്ദിനാളിന്റെ പേരിലുള്ള കേസ് പിൻവലിക്കാൻ അഡ്വ. പോളച്ചൻ പുതുപ്പാറയോട് അദ്ദേഹം ആവശ്യപ്പെട്ടെന്ന് പോളച്ചൻ പുതുപ്പാറതന്നെ പറയുന്നു. ഇതേ ജഡ്ജിതന്നെയാണ് ഇക്കേസിലെ നാർക്കോ അനാലിസിസ് റിപ്പോർട്ട് നേരിട്ട് ലാബറട്ടറിയിൽ പോയി പരിശോധിച്ചതായി കഥയുള്ളത്. ഇതിന്റെയിടക്കാണ്, വേറൊരു ജഡ്ജി ഇക്കേസിൽ സാക്ഷിപറഞ്ഞ ഫോട്ടോഗ്രാഫർക്ക് പ്രായം കുറവായിരുന്നുവെന്നും വിധിയെഴുതിയ ജഡ്ജിക്കു ഭയങ്കര തെറ്റുപറ്റിയെന്നുമൊക്കെ പറഞ്ഞിരിക്കുന്നത്! ഈ ജഡ്ജിമാരെല്ലാം  വിശ്വാസം പറയ്ക്കു കീഴെ വെക്കാനുള്ളതല്ലെന്ന് കരുതുന്നവരായിരിക്കണം!

ഞാൻ വീണ്ടും എഴുതുന്നു, ഫാ. ജിജോ കുര്യൻ എഴുതിയതുപോലെ, ശിക്ഷിക്കപ്പെട്ടവരൊന്നും ആയിരുന്നിരിക്കണമെന്നില്ല കൃത്യമായും അഭയയെ കൊന്നത്?  പക്ഷേ, കൊന്നതാരെന്നും അതെങ്ങനെയായിരുന്നെന്നും അവർക്കറിയാം - ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. പോലിസിൽ വിവരം അറിയിക്കാൻ 'നടന്നു പോയ' കന്യാസ്ത്രീമാർക്കും ഈ വിവരം അറിയാം. ആത്മഹത്യചെയ്ത പോലിസുകാരനും ഈ വിവരം അറിയാം. രാജിവച്ചു പോയ സി ബി ഐ ഉദ്യോഗസ്ഥനും ഉറപ്പാണ്, ഇതു കൊലപാതകമായിരുന്നുവെന്ന്. എന്തിനു കോട്ടൂർ പിറ്റേന്നുതന്നെ ഗൾഫിനു മുങ്ങി? ആ മനുഷ്യനെ നാട്ടിലെത്തിക്കാൻ നിയമനടപടി വേണ്ടിവന്നില്ലേ? ആരെയാണദ്ദേഹം പേടിച്ചത്? എന്തിനു സെഫി ഹൈമെനോപ്‌ളാസ്റ്റി ചെയ്തു? എന്തിന് ഇത്രമാത്രം പണം ഈ കേസൊതുക്കാൻവേണ്ടി ആരോ ചെലവു ചെയ്തു?  അന്നുമുതൽ വേറൊരു ഉന്നതന്റെ പേര് ഇതുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു. ആ ഉന്നതനെ രക്ഷിക്കാൻ സഭാധികാരികൾക്കു കഴിഞ്ഞിട്ടുണ്ടാവണം. ആ ലൈനിലെങ്കിലും സഭ രക്ഷപ്പെട്ടല്ലോയെന്ന് ഓർത്തിരിക്കുമ്പോഴാണ്, മറ്റൊരു ഉന്നതനെ ദൈവം ഉരുട്ടിയിട്ടത് - പാവം  ഫ്രാങ്കോ!

ആത്മാർത്ഥതയുടെ ഒരംശംപോലും ഇല്ലാത്ത മെത്രാന്മാർ. ഒരിക്കൽ ഷംഷാബാദ് മെത്രാൻ പറഞ്ഞത്, 'ശരിയായി ജീവിക്കാൻ കഴിവില്ലാത്ത അഭിഷിക്തർ സ്ഥാനംവിട്ട് ഒഴിഞ്ഞുപോകണമെന്ന് ഹൃദയം തൊട്ട് ഞാൻ അഭ്യർത്ഥിക്കുന്നു'വെന്നാണ്. സിസ്റ്റർ ജസ്മിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മടിക്കുന്ന ആ ലോലഹൃദയമാണ്, ഒരു കുഞ്ഞിനെ അനാഥാലയത്തിൽ തള്ളിയ പുണ്യവാനെ സ്വന്തം രൂപതയിൽ ധ്യാനഗുരുവാക്കിയത്! ഇന്നു ഹൃദയത്തിൽ തട്ടി വിശ്വാസികൾ ചോദിക്കുന്നു, ഇറങ്ങിപ്പോയിക്കൂടെ കള്ളപ്പുരോഹിതരേയെന്ന്!

കരിസ്മാറ്റിക് കത്തിക്കയറിയ കാലത്ത് കണ്ണിലൂടെ രക്തം കിനിഞ്ഞിരുന്ന കലണ്ടറുകളും, സുഗന്ധം പരത്തിയിരുന്ന രൂപങ്ങളും, എണ്ണയൊഴുകിക്കൊണ്ടിരുന്ന തിരിക്കാലുകളുമൊക്കെ ഇന്നെവിടെയാണോ? അവരൊക്കെ ഇനി കാണാൻ പോകുന്നത്, ഉള്ളിൽ വെളിച്ചം കയറിയ വിശ്വാസികളെയായിരിക്കും. 'അഭയാ കലണ്ട'റിനു രണ്ട് പ്രാവശ്യം റീപ്രിന്റ് വേണ്ടിവന്നുവെന്നു കേൾക്കുമ്പോൾ, അതിന്റെ  ആഴവും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കും മുമ്പിൽ നേർച്ചപ്പെട്ടിയുമായി വെച്ചിരിക്കുന്ന മദ്ധ്യസ്ഥന്മാരെക്കാളും കൂടുതലാരാധകർ ഇന്നുള്ളത്, സോപ്പിനും സോപ്പു പെട്ടിക്കുമാണെന്നോർക്കുന്നത് നല്ലത്.


No comments:

Post a Comment