Translate

Saturday, May 1, 2021

ഒരു ഗവേഷണവിഷയം

ജോസഫ് പുലിക്കുന്നേൽ 

ഒരു സമുദായമെന്ന നിലയിൽ ഏറ്റവും കൂടുതൽ കടലാസ് ഉപയോഗിക്കുന്നവർ കത്തോലിക്കരാണ്. അതുപോലെതന്നെ ഏറ്റവും കൂടുതൽ അച്ചടിശാലകൾ സ്വന്തമായുള്ളതും കത്തോലിക്കാസഭാധികാരസ്ഥാനികൾക്കാണ്. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ളതും കത്തോലിക്കർക്കാണ്. സമുദായത്തെ ഭരിക്കുന്നതിൽ ഏറ്റവും ശക്തമായ സംവിധാനവും സ്ത്രീ-പുരുഷ പടനായകന്മാരും ഉള്ളതും ഈ സമുദായത്തിനാണ്. ഏറ്റവും വലിയ സാമൂഹ്യസമ്പത്തിന്റെ ഉടമയും സഭാധികാരംതന്നെ. ഇങ്ങനെ, എല്ലാ സാമൂഹ്യസാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് യേശുവിന്റെ മുഖം സാഹിത്യത്തിൽ പ്രതിഫലിക്കുന്നില്ല എന്നത് ഒരു സാമൂഹ്യാത്ഭുതംതന്നെ! 

കത്തോലിക്കന് ക്രിസ്തുവിന്റെ മുഖം ലഭിച്ചത് വൈദികഭാഷ്യത്തിൽ നിന്നായിരുന്നു. അത് സുവിശേഷത്തിലെ ക്രിസ്തുവായിരുന്നില്ല; ഭക്തി വിഷയകമായ ഒരു ക്രിസ്തുവായിരുന്നു. ആരാധ്യനായ ഒരു ക്രിസ്തുവിന്റെ മുഖമല്ലാതെ ലോകവ്യവഹാരങ്ങളിൽ നേരിട്ടിടപെട്ട ക്രിസ്തുവിന്റെ മുഖം കത്തോലിക്കർക്ക് ലഭിച്ചില്ല. അതുകൊണ്ടാണ്, ഭക്തിസാഹിത്യം മാത്രം നമുക്കുണ്ടായത്. ഗദ്യത്തെ ശീലുകളാക്കുന്ന കവിതാരചനക്കപ്പുറത്തേക്ക് കവിഭാവനക്ക് ഉയരാൻ അസാധ്യമാകുംവിധം ഭാവനകൾക്ക് അതിർത്തിക്കല്ലിട്ടത് സാഹിത്യത്തിൽ അശിക്ഷിതരായ വൈദിക രായിരുന്നു. നമ്മുടെ എല്ലാ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെയും തലപ്പത്ത് പലപ്പോഴും സാഹിത്യഗന്ധമില്ലാത്ത പുരോഹിതരെ പ്രതിഷ്ഠിച്ചു. അവർക്ക് സാഹിത്യരചനക്കു മാർഗ്ഗനിർദ്ദേശം നൽകാനോ ദിശ നിശ്ചയിക്കാനോ ഉള്ള ചമത്കാരബോധമോ പാണ്ഡിത്യദാർഡ്യമോ ഉണ്ടായിരുന്നില്ല. ഓരോ മെത്രാസനത്തിന്റെയും, സന്യാസസന്യാസിനീ സഭകളുടെയും കൊടിയടയാളം ജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതിനുവേണ്ടി അച്ചടിച്ചിറക്കുന്നവയാണ് ഈ പ്രസിദ്ധീകരണങ്ങൾ. തന്മൂലം പ്രസിദ്ധീകരണങ്ങൾ സഭയ്ക്ക് ഒരു ചടങ്ങു മാത്രമായി.

സംസ്ഥാനത്ത് ഗസറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലൂടെ സാഹിത്യം ''പൊക്കണം'' എന്നാരെങ്കിലും പ്രതീക്ഷിക്കുമോ? സാഹിത്യഗന്ധം തൊട്ടുതീണ്ടിയിട്ടില്ലാത്ത സഭാധികാരത്തെ പ്രീണിപ്പിക്കുന്നതിനു പേനായെടുക്കുന്നവർക്ക് സർഗ്ഗസാഹിത്യരചന സാധ്യമാകുമോ എന്തോ?


No comments:

Post a Comment