By Andrea Tornielli
The Pope has broken yet another point of Vatican protocol by bowing when he met Queen Rania of Jordan.
(പരി.ഫ്രാൻസിസ് പാപ്പായെ പറ്റി അന്ദ്രേയ തോർണിയെല്ലി ലാ സ്റ്റാമ്പാ എന്ന പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)::::---
പരിഭാഷകന്റെ കുറിപ്പ്: ഫ്രാൻസിസ് പാപ്പായ്ക്ക് മുൻപ് കത്തോലിക്കാ സഭയുടെ മാത്രമല്ല ഔപചാരികതകളുടെ കൂടി ആഗോള തലസ്ഥാനമായിരുന്നു വത്തിക്കാൻ കൊട്ടാരം. മാർപാപ്പായെ സന്ദർശിക്കുവാനെത്തുന്ന കർദിനാളന്മാരും മെത്രാന്മാരും ഉൾപടെ ആരും അദ്ദേഹത്തെ അപ്രതീക്ഷിതമായി ഒരു ഇടനാഴിയിലോ പടിവാതിലിലോ കണ്ടെത്തുകയില്ല. പാപ്പാ കടന്നുപോകാനുദ്ദേശിക്കുന്ന ഇടനാഴികൾ മിനിറ്റുകൾ മുന്നേ വിജനമായിരിക്കും. സന്ദർശകർ മുൻകൂട്ടി എത്തി നിർദ്ദേശിക്കപ്പെട്ട ശാലകളിൽ പാപ്പായെ കാത്തിരിക്കും. പാപ്പാ എത്തുന്നതിനു മുന്നായി യൂണിഫോം ധരിച്ച രണ്ട് സ്വിസ് ഗാഡുകൾ പാപ്പായ്ക്കായി ഉദ്ദേശിച്ചിരിക്കുന്ന വെളുത്ത സിംഹാസനത്തിന് ഇരുവശത്തും സാധാരണ ഔപചാരിക വേഷം ധരിച്ച മറ്റുരണ്ടുപേർ ശാലയുടെ വാതിലിലും നിലയുറപ്പിക്കും. സന്ദർശകരുടെ എണ്ണത്തിനനുസരിച്ച് സുരക്ഷാസൈനികരെ സാധാരണ ഔപചാരിക വേഷത്തിൽ ശാലയിൽ നിയോഗിച്ചിരിക്കും. പാപ്പായുടെ സെക്രട്ടറിമാരായ മോൺസിഞ്ഞോർമാരും ഒരു പ്രധാന സേവകനും – മജോർദോമോ എന്ന് വിളിക്കപ്പെടുന്ന ഗണം– പാപ്പായെ എപ്പോഴും അനുഗമിക്കുന്നുണ്ടാവും. സാഹചര്യത്തിനനുസരിച്ച് സുരക്ഷാ ഭടന്മാരോ, റോമൻ കൂരിയായിലെ ഉയർന്ന അംഗങ്ങളോ പാപ്പായ്ക്ക് അകമ്പടി പാലിക്കും. മുൻകൂട്ടി എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉൾപടെ സന്ദർഭത്തിൽ പാപ്പായ്ക്ക് ആവശ്യമുള്ള സർവസാധനങ്ങളും ഈ അകമ്പടി സംഘത്തിലെ അംഗങ്ങൾ കൊണ്ടുവന്ന്,യഥാസമയം പാപ്പായെ ഏല്പിക്കുകയാണു ചെയ്യുക. ഉപചാരങ്ങൾക്ക് അനുവദിച്ചിട്ടുള്ള സമയം അവസാനിച്ചാൽ പാപ്പാ സന്ദർശകശാലയും അതിനടുത്തുള്ള ഇടനാഴികളും കടന്നു പോകുന്നതുവരെ സന്ദർശകർ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കണം എന്ന് നിഷ്കർഷ ഉണ്ട്.പാപ്പായോടൊപ്പം ഒരു നേരം ആഹാരം കഴിക്കുന്നത് ക്ഷണിക്കപ്പെട്ട പ്രധാനവ്യക്തികൾക്ക് മാത്രം കിട്ടുന്ന അപൂർവ ബഹുമതി ആയിരുന്നു കഴിഞ്ഞ കുറേ നൂറ്റാണ്ടുകളിൽ )
ഉച്ചതിരിഞ്ഞ് നാലുമണിക്ക്, റോമിലെ അപരാഹ്നോഷ്ണം ഏറ്റവും ശക്തമാകുന്ന സമയത്ത്, യുണിഫോം ധരിച്ച രണ്ട് സ്വിസ് ഭടന്മാരും വത്തിക്കാൻ നഗര സുരക്ഷാവിഭാഗത്തിലെ ഒരു ഭടനും സാന്താമാർത്താ ഭവനത്തിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നു. വത്തിക്കാനിലെ ഉദ്യോഗസ്ഥരായ, മെത്രാന്മാരും മോൺസിഞ്ഞോർമാരും അൽമായരും ഉൾപെടുന്ന, ഏകദേശം നാല്പതുപേരോടൊപ്പം മാർപാപ്പ സ്ഥിരതാമസമാക്കിയിരിക്കുന്നത് ആ ഭവനത്തിലാണ്. ഗൃഹനാഥൻ സ്ഥലത്തുണ്ട് എന്നാണ് ഭടന്മാരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്.
വെള്ളയും മഞ്ഞയും കലർന്ന, ഔദ്യോഗിക മുദ്രയുള്ള പേപ്പൽ പതാക, അത്രയൊന്നും അറിയപ്പെടാത്ത, ലളിതമായ ചതുരാകൃതിയിൽ പണികഴിപ്പിച്ച ആ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു മുറിയുടെ ജനലിൽ നിന്ന് നിശ്ചലമായി തൂങ്ങിക്കിടക്കുന്നു. പാപ്പായുടെ മുറികളാണവിടെ. (ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ, കോൺക്ലേവുകളിൽ പങ്കെടുക്കാൻ എത്തുന്ന കർദ്ദിനാളന്മാർക്ക് ഉചിതമായ വാസസ്ഥലം നൽകുവാൻ വേണ്ടി ജോൺ പോൾ മാർപ്പാപ്പ പണിയിച്ചതാണാ കെട്ടിടം.) [ഈ ലേഖനത്തിൽ പരാമർശിക്കുന്ന]സന്ദർശകൻ, തിരിച്ചറിയൽ രേഖകൾ സുരക്ഷാ ഓഫീസർമാരെ കാണിച്ചതിനുശേഷം,അർദ്ധവർത്തുളാകൃതിയുള്ള പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുന്നത് ആഡംബരങ്ങളൊന്നുമില്ലാത്ത, അല്പം തണുപ്പുതോന്നുന്ന ഒരു സ്വീകരണശാലയിലേക്കാണ്. അവിടെ ഉയർന്ന മേശയ്ക്ക് പിന്നിൽ പുകയില നിറമുള്ള മേൽക്കുപ്പായം ധരിച്ച പൗരസ്ത്യ ദേശത്തുനിന്നുള്ളയാൾ എന്ന് തോന്നിക്കുന്ന ഒരാൾ ഇരിപ്പുണ്ട്. എല്ലാം നിശ്ശബ്ദമാണ്. വേനൽ സാന്താ മാർത്തയിലും വരവറിയിച്ചിരിക്കുന്നു(ഉച്ചയ്ക്കുള്ള വിശ്രമസമയം നീണ്ടതാണെന്ന് സൂചന-പരിഭാഷകൻ).
തന്നെയല്ല,അവിടെ താമസിക്കുന്നവർക്കറിയാം ഏതെങ്കിലും ഒരു വാതിൽ പൊടുന്നനെ തുറന്ന്,അല്ലെങ്കിൽ മുന്നിൽ തുറക്കുന്ന ലിഫ്റ്റിൽ നിന്ന്, അല്ലെങ്കിൽ ഭക്ഷണശാലയിൽ നിന്ന്, അതുമല്ലെങ്കിൽ സന്ദർശകരെ സ്വീകരിക്കുന്ന ചെറുമുറികളിൽനിന്ന്—പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ മാർപാപ്പ പ്രത്യക്ഷപ്പെട്ടേക്കാമെന്ന്. [വേനൽക്കാലമാണെങ്കിലും]അലക്ഷ്യമായി വസ്ത്രം ധരിച്ച് ആരും മുറിക്കുപുറത്തിറങ്ങാതായിരിക്കുന്നു.
ഉള്ളിൽ,സന്ദർശക ശാലയിൽ സാധാരണ ഔപചാരിക വേഷം ധരിച്ച മറ്റൊരു സ്വിസ് ഭടനും ഒരു നഗരസുരക്ഷാ ഭടനും ഉണ്ട്. [ഈ ലേഖനത്തിൽ പരാമർശിക്കുന്ന] സന്ദർശകനെ അവർ പച്ച കുഷനുകൾ ഇട്ട കസേരകൾ ഉള്ള മറ്റൊരു മുറിയിലേക്ക് ആനയിച്ചിരുത്തി. അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ, സെക്രട്ടറിയും മജോർദോമോയും ഇല്ലാതെ,അകമ്പടിയ്ക്ക് ആരുമില്ലാതെ, മാർപാപ്പാ മുറിയിലേക്ക് കയറി വന്നു. ഒരു കവറിൽ സന്ദർശകർക്ക് സമ്മാനിക്കാനുള്ള ജപമാലകൾ മാർപാപ്പ കയ്യിൽ പിടിച്ചിരുന്നു. സംഭാഷണത്തിനൊടുവിൽ ആ സന്ദർശകനെ മാർപാപ്പ തന്നെ പുറത്തേക്കുള്ള പടിക്കെട്ട് വരെ അനുഗമിച്ചു.വത്തിക്കാന്റെ ജീവിതത്തിൽ വന്ന മാറ്റത്തെ ഇതിലും നന്നായി വരച്ചുകാട്ടുന്ന മറ്റൊരു രംഗം ചിന്തിക്കാനാവില്ല.
ഒരു ആധുനിക ഹോട്ടലിനും ഒരു വഴിയമ്പലത്തിനും ഇടയിൽ എന്തോ ഒന്ന്, അതാണ് സാന്ത മാർത്താ ഭവനത്തെക്കുറിച്ച് പറയാനാവുക. അരമനകളെക്കുറിച്ച് നമുക്കുള്ള, പ്രത്യേകിച്ചും നവോത്ഥാന കലാവിദ്യയുടെ ആഭിജാത്യം നിറഞ്ഞുനിൽക്കുന്ന അപ്പസ്തോലിക അരമനയെക്കുറിച്ച് നമുക്കറിയാവുന്ന, ആശയങ്ങളുമായി അല്പം പോലും ഈ ഭവനം പൊരുത്തപ്പെടുന്നില്ല. അർജന്റീനക്കാരനായ ഈ മാർപാപ്പ കൊണ്ടുവന്ന നവീനതകളിലൂടെ, പൂർവികാചാരങ്ങൾ വിട്ട് ചെറിയകാര്യങ്ങളിലും വലിയകാര്യങ്ങളിലും വരുത്തിയ മാറ്റങ്ങളിലൂടെയും അവയുടെ അർത്ഥങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ഈ ഭവനത്തിൽ നിന്നുതന്നെ തുടങ്ങേണ്ടി വരുന്നു.മാനസികമായ വിഷയങ്ങളെ മുൻ നിർത്തി, അപ്പസ്തോലിക അരമനയിലെ ഔപചാരികമായ ജീവിതം നൽകുന്ന ഏകാന്തതയെ അതിജീവിക്കാനാകാത്തതുകൊണ്ട്, എടുത്ത തീരുമാനമായാണ് പരിശുദ്ധ പിതാവ് സാന്താ മാർത്തയിൽ തന്നെ താമസിക്കുവാനുള്ള തന്റെ തീരുമാനത്തെ വിശദീകരിക്കുന്നത്. കിക്വേ എന്ന ഓമനപ്പേരിൽ വിളിക്കുന്ന,തന്റെ സുഹൃത്തായ, ഡൊമെനിക്കോ മാർട്ടിനെസ് എന്ന അർജന്റീനിയൻ വൈദികനെഴുതിയ കത്തിൽ പാപ്പാ എഴുതുന്നു: “ജനങ്ങൾക്ക് എന്നെ കാണാം. ഞാൻ ഒരു സാധാരണ ജീവിതം നയിക്കുന്നു. ഭക്ഷണശാലയിൽ കൂടെയുള്ള എല്ലാവരോടുമൊപ്പം ആഹാരം കഴിക്കുന്നു.” സേവകൻ കൊണ്ടുവരുന്ന കാപ്പിയല്ല, പൊതു ഇടനാഴിയിൽ വച്ചിരിക്കുന്ന, റ്റോക്കൺ ഇട്ട് ഉപയോഗിക്കാവുന്ന മെഷീനിൽ നിന്നാണ് പരിശുദ്ധപിതാവ് കാപ്പി എടുക്കുന്നത്.
സാന്താ മാർത്തായിലെ രണ്ടാം നിലയിൽ 201-ആം നമ്പർ അപ്പാർട്ട്മെന്റ് ആണ് പാപ്പാ ഉപയോഗിക്കുന്നത്. അലങ്കാരങ്ങൾ അധികമില്ലാത്ത വെളുത്ത കർട്ടനുകൾ, ഒരു മേശയും കുറച്ച് കസേരകളുമുള്ള ഒരു സ്വീകരണ മുറി, ചില്ലിട്ട പുസ്തകഷെൽഫ്, കുറച്ച്പേർഷ്യൻ പരവതാനികൾ, വളരെ നന്നായി മിനുക്കിയെടുത്ത തടികൊണ്ടുള്ള നിലം , ഇരുണ്ട തടിയിൽ പണിത വലിയൊരു കട്ടിൽ ഉള്ള ബെഡ് റൂം,ബാത്ത് റൂം. യഥാർത്ഥത്തിൽ അത് പാപ്പായ്ക്ക് അതിഥികളായി അതീവ പ്രാധാന്യമുള്ള വ്യക്തികൾ എത്തിയാൽ അവരെ സ്വീകരിക്കുന്നതിനായി കരുതിയിരുന്ന മുറി ആണ്. ഇക്കഴിഞ്ഞ മാസം റോം സന്ദർശിച്ച കോൺസ്റ്റാന്റിനോപ്പിൾ പേട്രിയാർക്ക് ഒന്നാം ബർത്തലോമെയൊയെ പോലെ.
പാത്രിയർക്കീസിനെ സ്വീകരിക്കുമ്പോൾ പാപ്പാ അദ്ദേഹത്തോട് പറഞ്ഞു: ‘ക്ഷമിക്കണം, അങ്ങയുടെ മുറി ഞാൻ കൈക്കലാക്കി.’ ‘ഞാനത് സന്തോഷത്തോടെ അങ്ങേക്ക് വിട്ടുതന്നിരിക്കുന്നു’ എന്നായിരുന്നു പാത്രിയർക്കീസിന്റെ മറുപടി. മാർപാപ്പയുടെ തൊട്ടടുത്തുള്ള മുറികളിൽ രണ്ട് സെക്രട്ടറിമാരാണ്. മുൻഗാമിയിൽ നിന്ന് തുടർന്നുകിട്ടിയതാണ് ഒരാളെ – മാൾട്ടാകാരനായ ഫാദർ ആൽഫ്രെഡ് ക്സുവെരൂബ്. അർജന്റീനാക്കരനായ ഫാദർ ഫാബിയാൻ പെദാക്കിയോയെ ഫ്രാൻസിസ് മാർപാപ്പ തന്നെനിയമിച്ചതാണ്. മുൻപ് ഉണ്ടായിരുന്ന സെക്രട്ടറി മാരുടെ സ്ഥാനവലിപ്പം ഇവർക്കില്ല: അധികാരങ്ങൾ തീർച്ചയായും ഇല്ല. അർജന്റീനയിലേക്കുള്ള തന്റെ മടക്കയാത്രയ്ക്കുള്ള റ്റിക്കറ്റ് ഉപയോഗശൂന്യമായിത്തീർന്ന മാർച്ച് പതിമൂന്നിലെ തെരഞ്ഞെടുപ്പിനു ശേഷവും ഹോർഹെ മാരിയോ ബെർഗോല്യോ തന്നെത്തന്നെ കാണുന്നത് ദൈവസേവനത്തിനും അതുവഴി സഹോദരസേവനത്തിനും വിളിക്കപ്പെട്ട ഒരു പുരോഹിതനായിട്ടാണ്, രാജാധികാരം ലഭിച്ച ഒരാളായിട്ടല്ല.
അതുകൊണ്ട് സാധാരണക്കാരനായ ഈ മാർപാപ്പാ തെരഞ്ഞെടുപ്പിനു മുൻപ് തനിക്ക സാന്താമാർത്തയിൽ ലഭിച്ച 207-ആം നമ്പർ മുറിയിൽ നിന്ന് അധികമൊന്നും ദൂരത്തല്ലാത്ത ഈ താമസസ്ഥലമാണ് തെരഞ്ഞെടുത്തത്.. വത്തിക്കാനിലെ അധികാര വൃത്തങ്ങളിൽ ദി അപ്പാർട്ട്മെന്റ് എന്ന് അറിയപ്പെടുന്ന പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് മാറാൻ അദ്ദേഹം തയ്യാറായില്ല.എന്ത് വലുതാണീ അപ്പാർട്ട്മെന്റ് എന്ന അതിശയമായിരുന്നു അദ്ദേഹത്തിന്: “മുന്നൂറുപേർക്ക് താമസിക്കാൻ ഇതിൽ സ്ഥലമുണ്ടല്ലോ”എന്നായിരുന്നു ആ ഇടം ആദ്യം കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം.അത് കേവലം പ്രകടനമായിരുന്നില്ല. കർദ്ദിനാളായ ശേഷവും രണ്ടു ചെറിയമുറികൾ മാത്രമുള്ള അപ്പാർട്ട്മെന്റിൽ, സ്വന്തം കിടക്ക സ്വയം വിരിച്ചു ജീവിച്ച ഒരാളുടെ സ്വാഭാവിക പ്രതികരണമായിരുന്നു.
പുതുമകളുടെ തുടക്കം കോൺക്ലേവിൽ തന്നെ ആയിരുന്നു.തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ, പാപ്പായുടെ വെള്ള വസ്ത്രം ധരിക്കുന്നതിനു മുന്നേ, ഫ്രാൻസിസ് പാപ്പാ മുന്നോട്ട് ചെന്ന് തെരഞ്ഞെടുപ്പിൽ തന്റെ പ്രധാന ‘എതിരാളി’ ആയിരുന്ന കർദിനാൾ ആഞ്ചലോ സ്കോളയെ ആശ്ലേഷിച്ചു. പുതിയ പാപ്പായ്ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയിരുന്ന 45 ജോഡി ചുവന്ന ഷൂസുകളിലൊന്ന് തെരഞ്ഞെടുക്കാൻ വിസമ്മതിച്ചു. തന്റെ തടിച്ച് കറുത്ത ഷൂസ് തന്നെ മതി എന്നതിനു കാരണമായി പറഞ്ഞത് താല്പര്യക്കുറവല്ല, കാലിൽ ശീലിച്ച ചെരുപ്പ് തന്നെ കിടന്നാൽ നടക്കാൻ പ്രയാസമുണ്ടാവില്ല എന്നതാണ്. ചുവന്ന വെല്വെറ്റ് മേൽക്കുപ്പായവും തിളങ്ങുന്ന അംശവസ്ത്രവും വേണ്ടെന്ന് വച്ചു. നെഞ്ചിൽ ധരിക്കുന്ന കുരിശ് സ്വർണത്തിന്റേത് വേണ്ടാ എന്ന് നിഷ്കർഷിച്ചു. അകലെനിന്നേ കാണാവുന്ന 18 കാരറ്റിന്റെ സ്വർണത്തിൽ തീർത്ത തിരുവാഴിയും വേണ്ടെന്നു തീരുമാനിച്ചു. SCV 1 എന്ന സുപ്രസിദ്ധമായ നമ്പർ പ്ലേറ്റ് വച്ച അനവധി സുരക്ഷാക്രമീകരണങ്ങളുള്ള വലിയ കാർ സ്വീകരിച്ചില്ല. വത്തിക്കാനിലെ വലിയ ഔദ്യോഗിക വാഹന നിര ഇപ്പോൾ സാധാരണക്കാരനുതകുന്ന കാറുകൾ ആയി മാറിയിരിക്കുന്നു. തന്റെ യാത്രകൾക്ക് സുരക്ഷാ ഭടന്മാരുടെ അകമ്പടി വളരെ കുറച്ചു—വത്തിക്കാനുള്ളിലുള്ള ചലനങ്ങൾക്ക് അകമ്പടി തീരെ ഇല്ലാതായിരിക്കുന്നു.
മോൺസിഞ്ഞോർ മാർസിൻകസ് (വത്തിക്കാൻ ബാങ്കിലെ സാമ്പത്തികക്രമക്കേടുകളെ പ്രതി ആരോപണ വിധേയനായ അമേരിക്കൻ ആർച്ച്ബിഷപ്പ് — പരിഭാഷകൻ) ഒരിക്കൽ അലക്കുകാരികളുടെ കുഞ്ഞുഗ്രാമത്തോട് ഉപമിച്ച വത്തിക്കാൻ എന്ന ചെറിയ ലോകം ആദ്യം കണ്മുൻപിൽ നടക്കുന്നതെന്തെന്ന് മനസ്സിലാകാതെ ക്ഷമിച്ചുനിന്നു, പിന്നെ ഉൾക്കൊള്ളാൻ ശ്രമിച്ചു. ഇലക്ഷനു രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും, ക്ലെമന്റൈൻ ശാലയിൽ പാപ്പായെ അഭിനന്ദിക്കാൻ എത്തിയ കർദ്ദിനാൾമാരിൽ മിക്കവരും രത്നഖചിതമായ സ്വർണ്ണക്കുരിശുകൾ പെട്ടികളിൽ പൂട്ടിവച്ച് ഇരുമ്പിലോ വെള്ളിയിലോ തീർത്ത കുരിശുകൾ ധരിച്ചിരുന്നു.
സാന്താമാർത്തയിൽ രണ്ട് ലിഫ്റ്റുകളാണ്. മറ്റുതാമസക്കാർ അതിലൊന്ന് പാപ്പായുടെ ഉപയോഗത്തിനായി മാറ്റിവയ്ക്കാൻ ശ്രമിക്കും. പക്ഷെ പാപ്പ പലപ്പോഴും മറ്റേ ലിഫ്റ്റിലാണ് ചെന്നുകയറുക. തങ്ങൾ കയറിയ ലിഫ്റ്റിൽ, പുറപ്പെടുന്നതിനു തൊട്ടു മുന്നേ പാപ്പ വേഗം വന്നുകയറുന്നതു കണ്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയ രണ്ടു മെത്രാന്മാർ ലിഫ്റ്റിന്റെ അരികിലേക്ക് ഒതുങ്ങി ചേർന്നുനിന്നു. “ഞാൻ കടിക്കില്ല” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പാപ്പായുടെ പ്രതികരണം! കഥകൾക്ക്, പലപ്പോഴും അതിശയോക്തി കലർന്ന കഥകൾക്ക്, ഒരു പഞ്ഞവുമില്ല. രാത്രിക്കാവലിനു നിയോഗിക്കപ്പെട്ട സ്വിസ് ഭടന് സാൻവിച്ചുമായി പാപ്പാ ഇറങ്ങിവന്നു എന്നത് ഒരു ഉദാഹരണം മാത്രം. സാന്താമാർത്തായുടെ പരിസരങ്ങളിൽ ഇറങ്ങിനടക്കാൻ പിതാവിന് ഇഷ്ടമാണ്. മാർച്ച് 16 നു ഏകദേശം 50 മീറ്റർ ദൂരെ എവിടെയോ പോകാനിറങ്ങിയപ്പോൾ വാഹനവ്യൂഹവുമായി അടുത്തുവന്നവരോട് “ഇതെന്ത് തമാശയാണ്!” എന്ന് ആർക്കും തിരിച്ചറിയാവുന്ന ഒരു അംഗവിക്ഷേപം വഴി പാപ്പാ പ്രതികരിച്ചു. അടുത്തൊരുദിവസം സാന്താമാർത്തായിൽ നിന്ന് പുറത്തുവരുമ്പോൾ ഒരു മെത്രാൻ അവിടെ കാത്തുനിൽക്കുന്നതുകണ്ടു. എന്താണിവിടെ നിൽക്കുന്നത് എന്ന് പാപ്പാ ചോദിച്ചു. എന്നെ കൊണ്ടുപോകാനുള്ളവർ ഇപ്പോൾ വരും എന്നായിരുന്നു മറുപടി. താങ്കൾക്കെന്താ നടന്നുപൊയ്ക്കൂടെ എന്ന് പാപ്പാ ചോദിച്ചത്രേ.
സാധാരണക്കാരനായ ഈ പാപ്പാ അതുകൊണ്ടുതന്നെ അസാധാരണനാവുകയാണ്. സുവിശേഷത്തിന്റെ അതിപുരാതനവും നിത്യനവീനവുമായ വാക്കുകൾ ആവർത്തിക്കുന്ന ഒരാൾ. “ഈ വാക്കുകൾ മറ്റുള്ളവരെ ആഴത്തിൽ തൊടുന്നു, കാരണം ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ആഴത്തിൽ നിന്ന് വരുന്നവയാണ്”,സഭാചരിത്ര വിദഗ്ധനായ പ്രൊഫ. അന്ദ്രേയ റിക്കാർദി പറയുന്നു.
വലിയ മുക്കുവന്‍ പറയുന്നത് ഇവിടെ വരെ എത്തുന്നില്ല. കാഞ്ഞിരപ്പള്ളിയില്‍ ഒരു പള്ളി കൂടി അടച്ചുവെന്ന് കേള്‍ക്കുന്നു. പള്ളിയെല്ലാം അടച്ചു കാഞ്ഞിരപ്പള്ളി വെറും കാഞ്ഞിര മാത്രമായി മാറിയേക്കാം. നെയ്യാട്ടുശ്ശേരി പള്ളിയില്‍ അടിയുണ്ടാക്കി പള്ളിയടപ്പിച്ച അതെ വൈദികന്‍ തന്നെയാണ് പഴയിടത്ത് കപ്യാരെ ഒന്നേ രണ്ടേ പഠിപ്പിച്ചു പള്ളി പൂട്ടിച്ചത്. ഇടവകയിലേക്ക് പറ്റാത്ത ഒരു വൈദികന്‍ കൂടി രൂപതയ്ക്ക് സ്വന്തം.
ReplyDeleteThis comment has been removed by the author.
ReplyDelete