പോപ് ഫ്രാൻസിസ് തന്റെ സഹസന്യാസികൾക്ക് അനുവദിച്ച ഒരഭിമുഖത്തിൽ നിന്ന് തിരഞ്ഞെടുത്ത വളരെ വ്യക്തിപരവും അമ്പരപ്പിക്കുന്നതുമായ ചില വിലയിരുത്തലുകൾ
"ഏഴു നേരവും ഗർഭഛിദ്രം, ജനനനിയന്ത്രണം, സ്വവർഗവിവാഹം എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനാവില്ല. അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാനും സഭയുടെ മകനാണ്, സഭയുടെ നിയമങ്ങൾ എനിക്കറിയുകയും ചയ്യാം. എന്നാൽ അവയെപ്പറ്റി നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല."
"ഞാൻ സ്വവർഗരതിക്ക് അനുകൂലമാണോ എന്നൊരാൾ കുബുദ്ധിയോടെ ചോദിച്ചു. ഞാൻ തിരിച്ചൊരു ചോദ്യമാണ് അങ്ങോട്ടിട്ടത്. 'പറയൂ, ഒരു സ്വവർഗരതനെ കാണുന്ന ദൈവത്തിന് അവന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും അവനെ ശപിച്ചു തള്ളാനുമാകുമോ?' നമ്മളെപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്."
"അധികാരപ്രവണതയോടെ പെട്ടെന്നെടുക്കാറുള്ള എന്റെ തീരുമാനങ്ങൾ എന്നെ കുഴപ്പത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. അതിയാഥാസ്ഥിതികൻ എന്ന കുറ്റപ്പെടുത്തലും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞാനൊരിക്കലും ഒരു വലതുപക്ഷക്കാരനായിരുന്നിട്ടില്ല."
"സഭയോടൊത്ത് ചിന്തിക്കുക എന്നതിനർത്ഥം അതിലെ അധികാരശ്രേണിയോടോത്ത് ചിന്തിക്കുക എന്നാണെന്ന് നാമൊരിക്കലും കരുതരുത്."
"പുനഃരുദ്ധാരകനും നിയമസിദ്ധാന്തിയുമായ ഒരു ക്രിസ്ത്യാനി എല്ലാക്കാര്യവും സുവ്യക്തവും സുരക്ഷിതവുമായിരിക്കാൻ ആഗ്രഹിക്കുന്ന പക്ഷം, അങ്ങനെയൊന്നുംതന്നെ അയാൾ കണ്ടെത്താൻ പോകുന്നില്ല."
"എന്നെപ്പറ്റിയുള്ള ഏറ്റവും കണിശമായ നിർവചനം ഞാനൊരു പാപിയാണെന്നതാണ്. ഇതൊരലങ്കാരവാക്കല്ല. ഞാനൊരു പാപിയാണ്."
"കുമ്പസാരക്കൂട് ഒരു പീഡനമുറിയല്ല. മറിച്ച്, സ്വയം നന്നാകാൻ കർത്താവിന്റെ കാരുണ്യം നമുക്കുത്തേജനം നല്കുന്ന ഒരിടമാണത്. ഉദാഹരണത്തിന്, ഞാനിങ്ങനെയാണ് ചിന്തിക്കുക: വിവാഹജീവിതം അലസിപ്പോയ, അല്ലെങ്കിൽ ഗർഭചിദ്രം നടത്തേണ്ടിവന്ന ഒരു സ്ത്രീ. അവൾ പുനർവിവാഹിതയായി നാലഞ്ച് മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. എന്നാൽ അവളുടെ ഭൂതകാലം അവളുടെ മനഃസാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പരിതപിച്ച് ക്രിസ്തീയജീവിതത്തിൽ മുന്നോട്ടുപോകാനുള്ള അവളുടെയാഗ്രഹത്തെ ഒരു കുമ്പസാരക്കാരന് കണ്ടില്ലെന്നു നടിക്കാമോ?"
"മുറിവുകളെ ഉണക്കാനും ഹൃദയങ്ങളെ ഉണർത്താനുമുള്ള കഴിവാണ് ഇന്ന് സഭക്ക് ഏറ്റവുമാവശ്യം എന്ന് ഞാൻ വ്യക്തമായി കാണുന്നു. അടുപ്പവും സമ്പർക്കവുമാണ് വേണ്ടത്. യുദ്ധക്കളത്തിലെ ഒരാതുരാലയം പോലെയാണ് സഭയിന്ന്. ഭീകരമായി മുറിവേറ്റ ഒരാളോട് അയാളുടെ രക്തത്തിലെ അമിത കൊഴുപ്പിനെയോ പഞ്ചസാരയെയോ പറ്റി അന്വേഷിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? ആദ്യം വേണ്ടത് അവന്റെ മുറിവുകൾ കരിയുക എന്നതാണ്. ബാക്കിയെല്ലാം അത് കഴിഞ്ഞ്. വൃണങ്ങളെ സുഖപ്പെടുത്തുക, വൃണങ്ങളെ സുഖപ്പെടുത്തുക."
"സഭ പലപ്പോഴും നിസ്സാര കാര്യങ്ങളിലും നിയമങ്ങളിലും കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. പരമപ്രധാനമായത് 'യേശു നിന്നെ രക്ഷിച്ചിരിക്കുന്നു' എന്ന സദ്‌വാർത്ത വിളിച്ചു പറയുകയാണ്. സഭാശുശ്രൂഷകർ എല്ലാറ്റിലുമുപരി കരുണയുടെ ശുശ്രൂഷകർ ആയിരിക്കണം."
"പുരുഷനിൽനിന്നു വ്യത്യസ്തമായാണ് സ്ത്രീയുടെ സൃഷ്ടി. അതുകൊണ്ട്, പൗരുഷാഭിമാനിയായ സ്ത്രീ (female machismo) എന്നതിലേയ്ക്കെത്തുന്ന ഒരു പരിഹാരത്തിന് ഞാനെതിരാണ്. ആധുനിക സമൂഹത്തിൽ സ്ത്രീയുടെ പങ്കിനെപ്പറ്റി പറയുമ്പോൾ പൗരുഷ സ്ത്രൈണത എന്നൊരാശയമാണ് മുന്തിനില്ക്കുന്നത്. അതേ സമയം, സ്ത്രീകളുന്നയിക്കുന്ന ആഴമുള്ള പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തീരൂ. സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമില്ലാതെ സഭക്ക് നിലനില്പില്ല."
"പദവിയും കർത്തവ്യവും തമ്മിൽ കുഴക്കരുത്. സഭയിൽ സ്ത്രീകളുടെ ധർമ്മമെന്ത് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ആഴമുള്ള ഒരു ദർശനം അതേപ്പറ്റിയുണ്ടാവണം. എല്ലാ തീരുമാനങ്ങളിലും സ്ത്രൈണമയമായ ഉൾക്കാഴ്ച്ചകളാവശ്യമാണ്. അധികാരത്തിന്റെ വിനിയോഗരംഗങ്ങളിലും സ്ത്രീയുടെ സാന്നിദ്ധ്യം ഒഴിവാക്കപ്പെടരുത്."
"കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. അത് കഴിഞ്ഞേയുള്ളൂ ഘടനാപരമായ മാറ്റങ്ങൾ. സുവിശേഷത്തിന്റെ സുശ്രൂഷകർ മനുഷ്യഹൃദയങ്ങളെ ത്വരിതപ്പെടുത്താനും ഇരുളിൽ അവർക്ക് വെളിച്ചമാകാനുമുള്ള കഴിവും സഹവർത്തിതബോധവും വികസിപ്പിച്ചെടുക്കണം."
"ദൈവജനത്തിനു വേണ്ടത് ഇടയന്മാരെയാണ്, ഗവ. ഉദ്യോഗസ്ഥരെയോ കർക്കശരായ മേധാവികളെയോ അല്ല. പ്രത്യകിച്ച് മെത്രാന്മാർ മനുഷ്യരുടെയിടയിലുള്ള ദൈവചലനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തക്ക അറിവും ക്ഷമയുമുളളവരായിരിക്കണം. ആരും പിന്നിൽ ഉപേക്ഷിക്കപ്പെടരുത്. പുതിയ വഴികൾ താണ്ടാൻ പ്രഗത്ഭരായവരെ അനുഗമിക്കാനുള്ള എളിമയും വരവും മെത്രാന്മാർക്കുണ്ടായിരിക്കണം."
"ഒരാൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നു വന്നാൽ ദൈവമവനോടൊത്ത് സന്നിഹിതനല്ല എന്നതിനുള്ള തെളിവാണത്. സ്വാർത്ഥതയോടെ മതത്തെയുപയോഗിക്കുന്ന കള്ളപ്രവാചകനാണവൻ. മോശയെപ്പോലുള്ള ദൈവജനത്തിന്റെ നായകന്മാർ എപ്പോഴും തങ്ങളുടെ ചെയ്തികളിൽ എളിമയോടെയുള്ള സംശയത്തിന്, അതായത് ദൈവഹിതത്തിന്, ഒരിടം കൊടുത്തിരുന്നു. ദൈവാശ്രിതമായ ഒരനിശ്ചിതത്ത്വം ആദ്ധ്യാത്മികചോദനയുടെ ഭാഗം തന്നെയാണ്."
"സഭയുടെ സൈദ്ധാന്തികവും ധാർമികവുമായ പഠനങ്ങൾ ഒന്നതന്നെയല്ല. ആദ്ധ്യാത്മിക ശുശ്രൂഷയും പരസ്പര ബന്ധമില്ലാത്ത എണ്ണമറ്റ സിദ്ധാന്തങ്ങളും തമ്മിൽ കെട്ടുപിണയുന്നത് ഒട്ടും ആശാസ്യമല്ല."
"ഒരു പുതിയ സമതുലിതാവസ്ഥ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സഭയുടെ ധാർമികസൗധം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയും സുവിശേഷത്തിന്റെ നറുന്മേഷവും സൗരഭ്യവും നഷപ്പെടുകയും ചെയ്യും. കർത്താവിന്റെ സുവിശേഷം ലളിതവും പ്രഭാപൂരിതവും അതേ സമയം ഗഹനവുമാണ്.... അതിന്റെ പ്രഘോഷമാണ് ധാർമികതയുടെ സ്രോതസ്സാകേണ്ടത്."
"ഏഴു നേരവും ഗർഭഛിദ്രം, ജനനനിയന്ത്രണം, സ്വവർഗവിവാഹം എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനാവില്ല. അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാനും സഭയുടെ മകനാണ്, സഭയുടെ നിയമങ്ങൾ എനിക്കറിയുകയും ചയ്യാം. എന്നാൽ അവയെപ്പറ്റി നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല."
"ഞാൻ സ്വവർഗരതിക്ക് അനുകൂലമാണോ എന്നൊരാൾ കുബുദ്ധിയോടെ ചോദിച്ചു. ഞാൻ തിരിച്ചൊരു ചോദ്യമാണ് അങ്ങോട്ടിട്ടത്. 'പറയൂ, ഒരു സ്വവർഗരതനെ കാണുന്ന ദൈവത്തിന് അവന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും അവനെ ശപിച്ചു തള്ളാനുമാകുമോ?' നമ്മളെപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്."
No comments:
Post a Comment