Translate

Saturday, September 14, 2013

ബെനഡിക്ടച്ചന്റെ പേരിലുള്ള മുതല്‍മുടക്കുകള്‍

അതിരമ്പുഴയുടെ വിലാപം : II
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 

ഇടവകക്കാരുടെ പണം ദുര്‍വിനിയോഗം ചെയ്ത ഒരു പാഴ്‌വേല ആയിരുന്നു. ഫാ. ബനഡികട് ഓണങ്കുളത്തിനെ വിശുദ്ധനാക്കാന്‍ നടത്തിയ മാമാങ്കങ്ങളും അച്ചനുവേണ്ടിയുള്ള കപ്പേളപ്പള്ളി നിര്‍മ്മാണവും. അതിരമ്പുഴ പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കി പള്ളിക്കുവരുമാനം ഉണ്ടാക്കി തരാമെന്നു മാണിയച്ചന്‍ പറഞ്ഞത് ശുദ്ധ കളവാണ്. ഒരു പള്ളി തീര്‍ത്ഥാടന കേന്ദ്രമായാല്‍ നേര്‍ച്ച വരവിന്റെ മുഴുവന്‍ അവകാശിയും രൂപത ആയിതീരുന്നു. ഭരണങ്ങാനം പള്ളിയുടെ നേര്‍ച്ചപ്പെട്ടികള്‍ തുറന്നു പണം തുത്തുവാരി, ചാക്കില്‍ കെട്ടി കൊണ്ടുപോകുന്നത് പാലാ രൂപത നിയോഗിക്കുന്ന വൈദികരാണ്. പള്ളികൈക്കാരന്മാര്‍ക്കു അതു എണ്ണി തിട്ടപ്പെടുത്താന്‍ പോലും അവകാശമില്ല.
ഫാ. ബനഡിക്ടിനെ വിശുദ്ധനാക്കാന്‍ മാണിയച്ചനെ പ്രേരിപ്പിച്ചതില്‍ മറ്റു ചില ചരടുവേലികള്‍ ഉണ്ടോ എന്നു സംശയിക്കുന്നു. കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മകന്‍ ജോയി മോന്‍ ഫാ. ബനഡിക്ടിന്റെ മകനെന്നു അന്നു നിലവിലുണ്ടായിരുന്ന ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഇതിന്റേയും പ്രോസിക്കൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകളുടേയും പിന്‍ബലത്തില്‍ കൊല്ലം സെഷ്യന്‍സ് കോടതി ജോയിമോന്റെ പിതാവ് ഫാ. ബനഡികട് എന്നു വിധിച്ചു. വിധിയുടെ ഈ ഭാഗം ഹൈക്കോടതി അസ്ഥിരപ്പെട്ടത്തിയില്ല. കൊലപാതകത്തിന്റെ തെളിവുകള്‍ അവിശ്വസനീയം എന്നുമാത്രമേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ.
സെഷ്യന്‍സ് ജഡ്ജിയുടെ വിധിയിലെ ഹൈക്കോടതി അസ്തിരപ്പെടുത്താത്ത ഭാഗം അനുസരിച്ചു മറിയക്കുട്ടിയുടെ മകന്‍ ജോയി മോനാണ്, ഓണങ്കുളം കുടുംബസ്വത്തി
ന്റെ നേര്‍ പകുതി അവകാശി. ബാക്കി പകുതിക്കു മാത്രമേ അച്ചന്റെ അനുജന്‍ ഔസേപ്പച്ചനു അവകാശമുള്ളൂ. ഈ അവകാശം ഉന്നയിക്കപ്പെടാതിരിക്കാന്‍ ജോയി മോന്റെ പിതൃത്വം മറ്റാരുടെ എങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ടതു ഔസേപ്പച്ചന്റെയും മക്കളുടെയും ആവശ്യമായി തീര്‍ന്നു. അവരുടെ സ്വാധീനം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുണ്ടാകും.

ജോയി മോന്റെ പിതൃത്വം ഒരു മുതലാളിയുടെ തലയില്‍ കെട്ടിവച്ചതായും മറിയക്കുട്ടിയുടെ അടുത്ത ഗര്‍ഭം ഒരു ഡോക്ടര്‍ അലസിപ്പിച്ചപ്പോള്‍ മറിയക്കുട്ടി മരണപ്പെട്ടതായും ഉള്ള ഒരു തിരക്കഥ നിര്‍മ്മിച്ചതു, മുണ്ടക്കയത്തുള്ള ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ നേതാവു ബന്നിയാണെന്നു അദ്ദേഹം തന്നെ അന്വേഷണസംഘത്തോടു പറഞ്ഞതാണ്. അദ്ദേഹത്തിനു അങ്ങനെ ഒരു വെളിപാടുണ്ടായി പോലും.
തളര്‍വാതം പിടിപെട്ടു ബുദ്ധിമന്ദിച്ച ബനഡികട്ച്ചന്‍ ജോയി മോനെ കാണണമെന്നും അവന്‍ തന്റെ മകനാണെന്നും അച്ചന്റെ പിതൃസ്വത്തു അവനു കൊടുക്കണമെന്നും പറയാന്‍ തുടങ്ങി. ബനഡികട്ച്ചനില്‍ മറ്റൊരു ധാരണ സൃഷ്ടിക്കാന്‍ അച്ചന്റെ അനുജന്‍ ഔസേപ്പച്ചന്റെ മകളുടെ ഭര്‍ത്താവു ബാബുവിന്റെ ആവശ്യപ്രകാരമായിരിക്കാം പ്രാര്‍ത്ഥനക്കാരന്‍ ബന്നിയുടെ തിരക്കഥയിലെ കഥാപാത്രങ്ങള്‍ അച്ചന്റെ മുമ്പില്‍ ആനയിക്കപ്പെട്ടത്. ഡോക്ടറുടെ ഭാര്യയും മക്കളും ക്ഷമ ചോദിക്കാന്‍ ബനഡികട്ച്ചന്റെ അടുക്കല്‍ വന്നപ്പോള്‍ അച്ചന്റെ അനുജന്‍ ഔസേപ്പച്ചന്റെ മകളും ഭര്‍ത്താവു ബാബുവും അവിടെയുണ്ടായിരുന്നു.(അഗ്നി ശുദ്ധി പി. 76) ഇവര്‍ വീണ്ടും മുന്നറിയിപ്പോടുകൂടി വന്നപ്പോള്‍ പത്രപ്രവര്‍ത്തകനായിരുന്ന ഫാ. ജോര്‍ജ്ജു പെരുഞ്ചേരിമണ്ണില്‍ സാക്ഷിയായി ഉണ്ടായിരുന്നു. അച്ചനോടു സംസാരിക്കുന്ന ഭാഗം എന്തുകൊണ്ടു അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയില്ല. അല്ലെങ്കില്‍ എടുത്ത ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ പൂച്ചുതെളിയും എന്ന കാരണം കൊണ്ട് അതു നശിപ്പിച്ചു.
മറിയക്കുട്ടി മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നില്ലെന്നും മൃതദേഹം കിടന്നിരുന്നിടത്തു വച്ചു തന്നെയാണു അവള്‍ കൊല്ലപ്പെട്ടതെന്നും ദേഹത്തി
ല്‍ ഏല്പിക്കപ്പെട്ട മുറിവുകള്‍ എല്ലാം ജീവനുള്ളപ്പോള്‍ ഏല്‍പ്പിക്കപ്പെട്ടവയെന്നും(All the injuries were antemortem) പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ പ്രതിഭാഗം വക്കീലന്മാര്‍ തുനിഞ്ഞിട്ടില്ല. മറിയക്കുട്ടിയുടെ അമ്മയും മകളും സഹോദരങ്ങളും മറിയക്കുട്ടി ഗര്‍ഭിണി ആയിരുന്നു എന്നു പറഞ്ഞിട്ടില്ല. ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം വക്കീല്‍ ഇത്തരം ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല. ഇത്തരം ഒരു ചോദ്യം മറിയക്കുട്ടിയുടെ സഹോദരന്‍ ചാക്കോച്ചനോടു അന്വേഷണസംഘം ചോദിക്കുകയും ഇല്ല എന്നുത്തരം കിട്ടുകയും ചെയ്തിട്ടുള്ളതാണ്.


മറിയക്കുട്ടിയുടെ ഇല്ലാത്ത ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ക്കു വൈദിക ശാപമേറ്റതായും കാലക്കേടുണ്ടായതായും ഉള്ള കെട്ടുകഥകള്‍ക്കു നാട്ടില്‍ പ്രചാരം കിട്ടിയിട്ടുണ്ട്. 

കാലക്കേടുണ്ടാകണമെങ്കില്‍ ബനഡികട്ച്ചനെ തൂക്കി കൊല്ലാന്‍ വിധിച്ച കൊല്ലം സെഷ്യല്‍സ് ജഡ്ജി കുഞ്ഞുരാമന്‍ വൈദ്യര്‍ക്കായിരിക്കണമല്ലോ. ബനഡികട്ച്ചനെ രക്ഷപെടുത്താന്‍ വന്‍ പിരിവുനടത്തി സ്വരൂപിച്ച പണത്തിന്റെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ സത്യസന്ധമായി വിധിച്ച കുഞ്ഞുരാമന്‍ വൈദ്യരെ ദൈവം സമൃദ്ധിയായി അനുഗ്രച്ചു. മരിക്കുന്നിടം വരെ അദ്ദേഹം ആരോഗ്യവാനായിരുന്നു. മി. ഭരത് ഭൂഷന്‍ ഐ.എ.എസ് (ഇപ്പോഴത്തെ കേരളാ ചീഫ് സെക്രട്ടറി) അമേരിക്കയിലുള്ള പ്രസിദ്ധനായ ഡോക്ടര്‍ ജെ. കെ. റാം എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. ഈ വിവരം 'അഗ്നിശുദ്ധി' ഗ്രന്ഥത്തിന്റെ 139 - ാം പേജിലുണ്ട്. അതു 'വിമല'യില്‍ പ്രസിദ്ധപ്പെടുത്താതെ മാണിയച്ചന്‍ മറച്ചു പിടിച്ചു.

2001 ഫെബ്രുവരി 17 ലെ മനോരമ ആഴ്ചപ്പതിപ്പില്‍ ക്ഷമ ചോദിക്കല്‍ സംഭവം നടന്നിട്ടില്ല എന്നുപറയുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയത് 'അഗ്നിശുദ്ധി'യില്‍ 115-117 പേജുകളില്‍ അതേപടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗവും വിമലയില്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നില്ലെ? മാണിയച്ചനെ പ്രിണിപ്പിക്കാന്‍ കാര്യസാദ്ധ്യത്തിനു ഉപകാരസ്മരണാപരസ്യം നല്‍കിയവര്‍ അഗ്നിശുദ്ധിയിലെ മേല്‍ പറഞ്ഞ ഭാഗങ്ങള്‍ വായിച്ചിട്ടുണ്ടോ? മറിയക്കുട്ടിയെ ഗര്‍ഭിണിയാക്കിയ മുതലാളി മണിമലേത്തു പൗലോച്ചനാണെന്നു 'അഗ്നിശുദ്ധി' 106-107 പേജുകളില്‍ പറയുന്നു. 4-ാം ക്ലാസ്സു വിദ്യാഭ്യാസം മാത്രമുള്ള പൗലോച്ചനു
2 1/2 ഏക്കര്‍ വസ്തുവെ അന്നുണ്ടായിരുന്നുള്ളൂ. ഡ്രൈവിംഗ് അറിയാത്ത ഈ മനുഷ്യനുവാഹനങ്ങള്‍ സ്വന്തമായിട്ടില്ലായിരുന്നു. അബോര്‍ഷനില്‍ കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മൃതദേഹം ജീപ്പില്‍കയറ്റി അദ്ദേഹം തനിച്ചാണ് ജീപ്പോടിച്ചു മാടത്തരുവിയില്‍ കൊട്ടിട്ടത് എന്ന് 'അഗ്നിശുദ്ധി'യുടെ ഗ്രന്ഥകര്‍ത്താവ് ഫാ. എം.ജെ കളപ്പുരയ്ക്കല്‍ പറയുന്നു(പി113-114) ഈ മനുഷ്യനെപ്പറ്റി തിരക്കേണ്ടതായിരുന്നില്ലേ.
പൗലോച്ചന്റെ മക്കളെല്ലാം വന്‍ സൗകര്യക്കാരായി സുഖമായി കഴിഞ്ഞു കൂടുന്നു. അവര്‍ക്കു യാതൊരു കാലക്കേടും ഇല്ല. ബ:മാണിയച്ചന്‍ അതിരമ്പുഴയില്‍ നിന്നും ഒരു അന്വേഷണ സംഘത്തെ അയച്ചു അന്വേഷണ വിവരം 'വിമല' യില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറുണ്ടോ? അഗ്നിശുദ്ധിയുടെ ഗ്രന്ഥകര്‍ത്താവ് കളപ്പുരയ്ക്കലച്ചന്റെ പേരില്‍ പൗലോച്ചന്റെ മകന്‍ രജിസ്‌ട്രേഡു നോട്ടീസുകള്‍ അയച്ചു. മാനഹാനിക്കു കേസു കൊടുക്കുമെന്നായപ്പോള്‍ ക്ഷമാപണപരസ്യങ്ങള്‍ കളപ്പുരക്കലച്ചന്‍ ദീപികയിലും മനോരമ പത്രത്തിലും നല്‍കി. പരസ്യച്ചിലവു അതിരമ്പുഴ പള്ളി വഹിച്ചെന്നാണ് അറിവ്.
ബനഡികട്ച്ചനെ തൂക്കികൊല്ലാന്‍ വിധിച്ച ശേഷം ചങ്ങനാശ്ശേരി അരമനകോടതി ഒരു കമ്മീഷനെ നിയോഗിച്ചു അന്വേഷണം നടത്തി ഫാ. ബനഡികട് കുറ്റവാളിയെന്നു കണ്ടെത്തുകയും വൈദീകവൃത്തിക്കു മുടക്കു കല്പിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കു ശേഷവും ആ മുടക്കുനീക്കം ചെയ്യാന്‍ കാവുകാടുപിതാവു സമ്മതിച്ചില്ല. എന്നുമാത്രമല്ല ജയില്‍ വിമുക്തനായ ബനഡികട്ച്ചനു രൂപതയ്ക്കുള്ളില്‍ സ്വീകരണം നല്‍കുന്നതിനെ നിരോധിക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്ത സ്വന്തം ഇടവകപള്ളിയില്‍ കയറാന്‍ പോലും അനുവദിക്കാതിരിക്കുന്നത്. അടുത്ത ബിഷപ്പു പടിയറതിരുമേനിയാണ് വൈദികരുടെ സമ്മര്‍ദ്ദം കൊണ്ടു ഫാ. ബനഡിക്ടിന്റെറ മുടക്കു നീക്കി തമിഴ്‌നാട്ടിലെ മായം പള്ളിയുടെ വികാരിയാക്കി നിയമിച്ചത്.
മേല്‍ വിവരങ്ങളെല്ലാം ഫാ. മാണി പുതിയടം നന്നായി അറിഞ്ഞു കൊണ്ടു തന്നെയാണ് ബനഡികട്ച്ചന്റെ കല്ലറ പൊക്കി കെട്ടി അതിനുമുമ്പില്‍ അള്‍ത്താരയുണ്ടാക്കിയതും അദ്ദേഹത്തെ സഹനദാസനായി നാമകരണം ചെയ്തതും. ചോദ്യം ചെയ്യുന്ന സമയത്തു പോലീസ് ബനഡികട്ച്ചനെ നുള്ളി നോവിച്ചിട്ടില്ല എന്നു ഫാ. ബനഡികട് മംഗളം പത്രപ്രതിനിധിയോടു പറഞ്ഞതും 'മംഗളം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. വസ്തുത ഇതായിരിക്കെ പോലീസ് അച്ചനെ ഹേമദണ്ഡനങ്ങള്‍ ഏല്പിച്ചു എന്ന നുണക്കഥയാണ് 'വിമല' യില്‍ പ്രസിദ്ധീകരിച്ചത് .
നുണക്കഥകള്‍ വിമലയില്‍ പ്രസിദ്ധീകരിക്കുകയും
ബനഡിക്ടച്ചനുവേണ്ടി ഒരു പള്ളി തന്നെ നിര്‍മ്മിക്കുകയും അതിനുമുമ്പില്‍ വ്യാജവാര്‍ത്തയോടുകൂടിയ പരസ്യപലക സ്ഥാപിക്കുകയും, മാമാങ്കങ്ങള്‍ നടത്തുകയും ചെയ്ത ഫാ. മാണി പുതിയടത്തിനെതിരെ സാമ്പത്തികതട്ടിപ്പിനു കേസെടുക്കേണ്ടതാകുന്നു. ഇതിലപ്പുറമുള്ള കുറ്റകൃത്യങ്ങള്‍ 'ബിജു- സരിത'മാര്‍ ചെയ്തിട്ടില്ല. അവരും ജനത്തെ തെറ്റിധരിപ്പിച്ചു പണമുണ്ടാക്കി. മാണിയച്ചനും ജനത്തെ തെറ്റുധരിപ്പിച്ചു രൂപതയ്ക്കുവേണ്ടി പണം ഉണ്ടാക്കുന്നു. ഇതു വഞ്ചനാക്കുറ്റമാണ്. വിശ്വാസികളെ കബളിപ്പിക്കലാണ്.
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 
ഫോണ്‍: 9495212899

1 comment:

  1. ഫാദർ ബനഡിക്റ്റിനെപ്പറ്റി പരസ്പരവിരുദ്ധമായി ലേഖനങ്ങളിലും യൂടുബിലും കാണുന്നു. കാവുകാട്ടുബിഷപ്പിനെ സംബന്ധിച്ച് എഴുതിയത് വാസ്തവമാണ്. അദ്ദേഹം സത്യംവിട്ട് പെരുമാറുകയില്ലായിരുന്നു. 'സഹനദാസൻ' എന്ന വിശുദ്ധനെ കുപ്പത്തൊട്ടിയിൽ കളഞ്ഞിട്ട് ഇവർക്ക് കാവുകാടനെ വിശുദ്ധപദവിയിൽ ആനയിക്കാൻ ശ്രമിക്കരുതോ?

    കാവുകാടനെകൊണ്ട് കള്ളസാക്ഷി പറയിപ്പിക്കാൻ ഒരു കൂട്ടർ പുരോഹിതർ അക്കാലത്ത് ശ്രമിച്ചിരുന്നു. സംഭവദിവസം ബെനഡിക്റ്റ് അരമനയിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷിയായി പറയുവാൻ ബിഷപ്പിനെ പ്രേരിപ്പിച്ചിട്ടും അദ്ദേഹം അന്ന് വഴങ്ങിയില്ലന്ന് അന്നത്തെ കൌമുദിപത്രം റിപ്പോർട്ട് ചെയ്തിരുന്നു. സത്യം മാത്രമെ അദ്ദേഹം പറയുകയുള്ളൂവെന്നും എഴുതിയത് അക്രൈസ്തവപത്രമായ കൌമുദിയായിരുന്നു. അന്ന് വായിച്ചത് നല്ലവണ്ണം ഞാൻ ഓർമ്മിക്കുന്നുണ്ട്. തന്മൂലം സാക്ഷിവിസ്താരത്തിൽനിന്ന് കാവുകാട്ട്ബിഷപ്പിനെ ഒഴിവാക്കുകയായിരുന്നു.

    ശ്രീ മാത്യൂവിന്റെയും പുരോഹിതരുടെയും ലേഖനത്തിൽ കുട്ടിയുടെ ഡിഎൻഎ ടെക്സ്റ്റിൽ പരസ്പരവിരുദ്ധമായി പറയുന്നു. യൂട്യൂബിൽ ഒരു അച്ചന്റെ അഭിപ്രായം കണ്ണാടിയിൽ പ്രതിഫലിച്ചത് താഴെ ലിങ്ക് ചെയ്തിട്ടുണ്ട്. 'കുട്ടി' ഡിഎൻഎ ടെക്സ്റ്റിൽ ബനഡിക്റ്റച്ചന്റെതല്ലായെന്ന് ഹൈക്കോടതി കണ്ടെത്തിയതിനാലാണ് അച്ചനെ വെറുതെ വിട്ടതെന്നാണ് ചാനലിലെ അഭിമുഖ സംഭാഷണത്തിൽ ഒരു പുരോഹിതൻ പറയുന്നത്.

    അങ്ങനെ ഒരു വിധിവാചകമോ കോടതിയിൽ ചർച്ചാവിഷയമോ അക്കാലത്ത് ഉണ്ടായിട്ടില്ല. ശ്രീ മാത്യൂ എഴുതിയിരിക്കുന്ന കുട്ടിയുടെ ഡിഎൻഎ ടെക്സ്റ്റിന്റെ കാര്യവും സത്യമല്ല. അന്നത്തെ കോടതി വിസ്താരങ്ങൾ വള്ളിപുള്ളിയില്ലാതെ കൌമുദിയിലും ദീപികയിലും ജനയുഗത്തിലും ഞാൻ വായിക്കുമായിരുന്നു. കോടതി കഴിയുവോളം കുട്ടിയെ ആരോ സ്ഥാപിതതാല്പര്യക്കാർ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. പുരോഹിതർ ഒളിപ്പിച്ചുവെച്ചിരുന്നുവെന്നും അക്കാലങ്ങളിലെ പത്രങ്ങളിൽ കുട്ടിയെവിടെയെന്നും ചർച്ചാവിഷയമായിരുന്നു. കുട്ടിയെ കൊന്നു കളഞ്ഞെന്നും സംസാരം ഉണ്ടായിരുന്നു.

    ബനഡിക്റ്റ് വിസ്താരങ്ങൾ നടന്നത് 1966 കാലങ്ങളിലായിരുന്നു. അന്നെങ്ങനെ ഡിഎൻഎ ടെക്സ്റ്റ് നടത്തും. ലോകത്തിൽ ആദ്യമായി ഡിഎൻഎ ടെക്സ്റ്റ് നടത്തിയത് 1984 ൽ ഇംഗ്ലണ്ട്- ലങ്കാഷേർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ വിക്കൊപിഡിയായിൽ വായിക്കുക. (The first DNA profiling case took place in 1984 by way of genetic finger printing. Sir Alec Jeffreys of the University of Leicester in England )

    http://en.wikipedia.org/wiki/DNA_profiling
    http://www.youtube.com/watch?v=GBjfRJ58l4A

    ReplyDelete