Translate

Monday, September 23, 2013

ഇരുപതു നൂറ്റാണ്ടു കഴിഞ്ഞിട്ടും -- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

(ഓശാനയുടെ 1975 നവംബര്‍, ഡിസംബര്‍ ലക്കങ്ങളില്‍നിന്ന്)

ഓശാന മാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തുകൊണ്ട് യശഃശരീരനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നടത്തിയ, 40 വര്‍ഷത്തോളമായിട്ടും പ്രസക്തി തീരാത്തൊരു പ്രസംഗമാണ്  താഴെ കൊടുക്കുന്നത്. 

( പ്രസംഗം)

ഈ മാസികയുടെ ഔപചാരികമായ പ്രകാശനത്തിന് ഞാന്‍ ഉണ്ടായിരിക്കണമെന്ന് എന്റെ സ്‌നേഹിതന്‍ മിസ്റ്റര്‍ ജോസഫ് പറഞ്ഞു നിര്‍ബന്ധിച്ചു. അപ്പോള്‍ ഞാന്‍ വന്നു. ഞങ്ങളൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ച ആളുകളാണ്. എന്നാലും ഞാനിപ്പോള്‍ പിന്നോക്കം പോയി. വര്‍ക്കി അത്ര പിന്നോക്കം പോയിട്ടില്ലായെന്നാണ് എന്റെ വിശ്വാസം. ഏതായാലും പാലായില്‍വച്ച് ഓശാന എന്ന പേരില്‍ ഇറങ്ങുന്ന പുതിയ മാസികയുടെ ഔപചാരികമായ പ്രകാശനം നടത്താന്‍ നിശ്ചയിച്ചതില്‍ ഔചിത്യം ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പാലായില്‍വച്ചു നടക്കുമെന്നു പ്രതീക്ഷിക്കുക വയ്യ. പക്ഷേ പാലായും നമ്മുടെ രാജ്യത്തെ പുതിയ പുതുമയുള്ള പുരോഗതിയില്‍ ഭാഗഭാക്കായിട്ടുള്ള ഒരു പ്രദേശമാണല്ലോ. സ്വാഭാവികമായിട്ടും പാലായിലും മാറ്റങ്ങള്‍ ഉണ്ടാകും. അതിന്റെ ഒരു തെളിവാണ് ഈ മാസികയുടെ പ്രകാശനം ഇവിടെ വച്ചു നടത്താന്‍ തീരുമാനിച്ചത്. എപ്രകാരം നടത്തും എന്നെനിക്കറിഞ്ഞുകൂടാ. ഈ മാതിരി പ്രസ്ഥാനങ്ങളുടെ ആയുസ്സ് വളരെ കഷ്ടിച്ചാണെന്നാണ് വയ്പ്. എന്നാലും ഇടയ്ക്കിടെ ഈ മാതിരിയുള്ള ഉദ്യമങ്ങള്‍ നടന്നിട്ടുണ്ട്. കുറെ കാലം കഴിഞ്ഞ്, വീണ്ടും ആ മാതിരിയുള്ള പരിശ്രമങ്ങള്‍ വരുന്നു.  പണ്ടത്തെക്കാലമല്ല. ഇന്ന് ആളുകള്‍ക്ക് കുറെക്കൂടി ബോധം വന്നിട്ടുണ്ട്. കാര്യങ്ങളൊക്കെ കുറച്ചറിയാം. ആ സ്ഥിതിയ്ക്ക് പണ്ടത്തെ അനുഭവമല്ല ഓശാനയ്ക്ക് ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാം.

എന്താണ് ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യമെന്ന് മി.ജോസഫ് തന്നെ നിങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. പിന്നെ ഒന്നോ രണ്ടോ ലക്കം വായിക്കുമ്പോള്‍ കാര്യം മനസ്സിലാവുമല്ലോ.

വണക്കമാസം

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തു  കത്തോലിക്കസഭയെയും, അതിന്റെ മുഖ്യപ്രവര്‍ത്തകരായിട്ടുള്ള ചില അച്ചന്മാരെയും പുരോഹിതന്മാരെയും, പിന്നെ അവരുടെയും മീതെയുള്ള  മെത്രാന്മാര്‍, പിന്നെ മെത്രാപ്പോലീത്താമാര്‍ ഇവരെ സംബന്ധിച്ചൊക്കെയും എന്നെപ്പോലുള്ള കുട്ടികള്‍ക്ക് അന്നുണ്ടായിരുന്ന കാഴ്ചപ്പാട് ഞാനോര്‍ക്കുകയാണ്. തിരിഞ്ഞു നിന്ന് എന്തെങ്കിലും അഭിപ്രായം പറയാവുന്ന രംഗമല്ലിത്. മെത്രാന്മാരെപ്പറ്റിയോ, മെത്രാപ്പോലീത്താമാരെപ്പറ്റിയോ, അച്ചനെപ്പറ്റിയോ, പള്ളിയെപ്പറ്റിയോ ഒരക്ഷരം പറയാന്‍പറ്റില്ല; പറഞ്ഞാല്‍ പിന്നെ തീര്‍ന്നു! പിന്നെ ആ ആള്‍ക്ക് നില്ക്കക്കള്ളിയില്ല! എനിക്കൊരനുഭവമുണ്ടായി. ഞാന്‍കുട്ടിക്കാലത്തെ അനുഭവം പറയുകയാണ്. ഏഴാംക്ലാസ്സിലോ എട്ടാംക്ലാസ്സിലോ പഠിക്കുന്നകാലം. വണക്കമാസം എന്നു പറയുന്ന പുസ്തകം പലരും വായിച്ചിട്ടുണ്ടാകും. എന്റെ വീട്ടിലും വായിക്കാറുണ്ട്. മൂന്നാലു ദിവസം വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഇത് ഈ സ്‌പെയിന്‍കാര്‍ അച്ചന്മാര്‍ ഉണ്ടാക്കിയ കഥകളാണ്. ഇതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഞാന്‍ ഒന്നു രണ്ടു ആളുകളോട് സംസാരിച്ച കൂട്ടത്തില്‍ പറഞ്ഞുപോയി. ''ഇതൊന്നും യഥാര്‍ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല. ഇത് സ്‌പെയിന്‍കാര്‍ അച്ചന്മാര്‍ കെട്ടിച്ചമച്ച കഥകളാണ്. പ്രത്യേകിച്ച് വരാപ്പുഴക്കാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് ഇമ്മാതിരിയുള്ള കഥകള്‍ക്ക് പ്രചാരം കൊടുക്കുകയുമുണ്ടായി.'' എന്തിന്, രണ്ടാഴ്ച തികഞ്ഞപ്പോള്‍ പള്ളിയിലെ വികാരിയച്ചന്‍ എന്നെ വിളിച്ച് താക്കീതു ചെയ്തു. ''തന്റെ വീട്ടുപേര് എന്താണ്? എത്ര വയസ്സായി? താന്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്? താന്‍ ഇന്നയിന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നു കേട്ടല്ലോ.'' ഞാന്‍ പറഞ്ഞു. ''വായിച്ചപ്പോള്‍ അത്ര വിശ്വാസമായിട്ട് തോന്നിയില്ല.'' അപ്പോള്‍ വികാരിയച്ചന്‍ തട്ടിക്കയറി. ''ഇത് നിശ്ചയിക്കാന്‍ താനാരാ?'' അക്കാലത്ത് മറിച്ചു പറഞ്ഞാല്‍ പിന്നെ രക്ഷയില്ല.  ഞാന്‍ സമാധാനമായിട്ട് അദ്ദേഹം പറഞ്ഞത് കേട്ടു തിരിച്ചുപോന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ അപ്പനെ വിളിച്ച് താക്കീതു ചെയ്തു. ''തന്റെ മകനുണ്ടല്ലോ, അയാള്‍ നേരെ ചൊവ്വേയുള്ള വഴിക്കല്ലാ പോകുന്നത്. വണക്കമാസ പുസ്തകത്തിലെ കഥകളെല്ലാം അബദ്ധമാണെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്ന ആളാണ്. അവനെ വിളിച്ച് താക്കീതു ചെയ്ത് വീട്ടില്‍ കൊണ്ടു പോകണം.'' അപ്പന് ഇതിനെക്കുറിച്ചൊന്നും ഒരെതിരുമില്ല. ''എടാ വികാരിയച്ചന്‍ നിന്നെ വിളിച്ചെന്തോ പറഞ്ഞെന്ന് കേട്ടല്ലോ.'' ''അങ്ങേര് അങ്ങനെയൊക്കെ പറയും'' ''അങ്ങേര് അങ്ങനെ പറയുമെന്നു വച്ചാല്‍  വികാരിയച്ചനല്ലേടാ. അങ്ങേര് പറയുന്നത് കേള്‍ക്കാതൊക്കുമോ.'' ''കേള്‍ക്കും, ഞാന്‍ കേള്‍ക്കും.'' ''എന്നിട്ടോ?'' ''ഒന്നും ചെയ്തില്ല'' എന്നു പറഞ്ഞ് ഞാന്‍ തല്‍ക്കാലം ഒഴിഞ്ഞുമാറി. കുറെക്കഴിഞ്ഞ് കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ അച്ചന്‍ തട്ടിക്കയറി. ഭയങ്കരമായി തട്ടിക്കയറി. ഈ വണക്കമാസ പുസ്തകത്തെക്കുറിച്ചാണ് തട്ടിക്കയറ്റം. കേട്ടു, എല്ലാം കേട്ടു. ഈ സംഭവം ഞാനോര്‍ക്കുകയാണ്.

കുമ്പസാരക്കൂട്

കുമ്പസാരം എത്രയോ നൂറ്റാണ്ടായി പ്രവര്‍ത്തിച്ച് വരുന്നതാണെന്ന് നമുക്കറിയാം. എന്റെ ചെറുപ്പത്തില്‍, എന്റെ കുട്ടിക്കാലത്ത്, എന്നെ വിളിച്ച് താക്കീതുചെയ്തത് കുമ്പസാരക്കൂട്ടിലൂടെയാണ്. എന്തിന്? വണക്കമാസപുസ്തകത്തിലെ കള്ളക്കഥകളെപ്പറ്റി പറഞ്ഞതിന്. ഞാന്‍ ചോദിക്കുകയാണ്, നൂറ്റാണ്ടുകളായിട്ടും, ഈ കുമ്പസാരക്കൂടുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിച്ച് കഴിഞ്ഞിട്ടും, ഈ രാജ്യത്ത് കള്ളക്കടത്ത് നടത്തുകയും ഇന്‍കംടാക്‌സ് വെട്ടിക്കുകയും, ആളുകളെ പറ്റിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമുണ്ടല്ലോ, ഈ പ്രസ്ഥാനത്തിനെതിരായി കുമ്പസാരക്കൂടുകള്‍ വഴി എന്തു ചെയ്യുന്നുവെന്നാണ് എന്റെ ചോദ്യം? വ്യഭിചാരം ചെയ്യുന്നതിനെതിരായിട്ട് ചോദിക്കുകയാണെങ്കില്‍ വളരെ അപകടമുള്ള കാര്യമാണെന്നു പറയും. ഇതു പറയുന്ന അച്ചന്മാരും ചിലപ്പോള്‍ അതു ചെയ്തിട്ടുണ്ടാകാം. അതു വേറെ കാര്യം. എന്തെങ്കിലുമാകട്ടെ ഈ വക കാര്യങ്ങളെ സംബന്ധിച്ച്, സ്ത്രീകളെ നോക്കിക്കൂടാ, അവരെപ്പറ്റി വിചാരിച്ചുകൂടാ അങ്ങനെയുള്ള കാര്യം-അമ്മാതിരിയുള്ള പാപങ്ങള്‍ക്കെതിരായി ശക്തിയായ പ്രചാരവേല ചെയ്യുക എന്നത് അച്ചന്മാരുടെ ഒരു പതിവാണ്. കുമ്പസാരക്കൂടുകള്‍ ഉപയോഗിക്കുന്നതുകൊണ്ട്  പിന്നെ കളവു പറഞ്ഞെന്നോ തെറ്റുചെയ്തുവെന്നോ പറയും. ഈ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം  ഏറ്റവും വലിയ പ്രശ്‌നം  കുറെ ആളുകള്‍ തട്ടിപ്പും വെട്ടിപ്പുമായിട്ട് നടക്കുകയാണ്, മനുഷ്യരെ ചൂഷണം ചെയ്യുകയാണ്, എന്നതാണ്. നേരെമറിച്ച് ഭൂരിപക്ഷം ആളുകളും, കോടിക്കണക്കിന്ന് ആളുകളും പട്ടിണിക്കിടന്ന് കഷ്ടപ്പെട്ട് പോവുന്നുണ്ട്. ഇതിന്റെ അടിസ്ഥാനകാരണമെന്താണ്? ഈ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും ചിന്തിക്കാനുണ്ടോ? ഉണ്ടെങ്കില്‍ എന്ത് മാറ്റമാണ്് ഈ സാമ്പത്തിക വ്യവസ്ഥയ്ക്ക് വരുത്തേണ്ടത്? സര്‍ക്കാര്‍ വരുത്തേണ്ടത് വേറെ കാര്യം. അവരു വരുത്തുകയാണെങ്കില്‍ പിന്നെ ഇതു വേണ്ടല്ലോ.

ക്രിസ്തുവിനെ മറക്കുന്നു

ഇവര്‍ ക്രിസ്തുവിന്റെ ഉപദേശമനുസരിച്ച് സാമ്പത്തികവ്യവസ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുക, നിര്‍ബന്ധിക്കുക, എന്നുള്ള കാര്യത്തിലെന്തു ചെയ്തു? നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതൊരു ചോദ്യമാണ്. ഇതെന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമാണ്. ഞാന്‍ കുമ്പസാരിച്ച കാലത്ത്, ദൈവം സഹായിച്ച് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരച്ചനും പറഞ്ഞിട്ടില്ല.  അവര്‍ക്കിതൊരു പ്രശ്‌നമല്ല. ഒരിടവകയില്‍ വികാരിയായിട്ട് വന്നുവെന്നു വച്ചാല്‍, അവര്‍ പണക്കാരുമായിട്ടും  അവരോട് ലോഹ്യമായിട്ടും ജീവിക്കുക എന്നതാണ് ഉദ്ദേശ്യം. പ്രത്യേകിച്ച് പഴയകാലത്ത് അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. ഇക്കാര്യത്തെ സംബന്ധിച്ചും, സാമ്പത്തികരംഗത്ത് വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ചും  ആരും ഒരുപദേശവും ഇതേവരെ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ അവര്‍ക്ക് അവരുടെ മേലധികാരിയില്‍നിന്ന്  ഒരുപദേശവും കിട്ടിയിട്ടുമില്ല. ആകെപ്പാടെ ചെയ്യുന്നത് ധര്‍മ്മം കൊടുക്കണം ; ആളുകള്‍ക്ക് ധര്‍മ്മം കൊടുക്കുന്നത് പോരേ  എന്ന് പറയും. ഇപ്പോള്‍ അത് കുറെ പുരോഗമിച്ചിട്ടുണ്ട്. ചില പാവങ്ങള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കണമെന്ന് പറയും. അതും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടിട്ടാണ്. ഇടവകയില്‍ പത്ത് വീട് അല്ലെങ്കില്‍ രൂപതയില്‍ ഇത്ര വീട് എന്നൊക്കെ പറയും. അതുപോലെതന്നെ സ്ത്രീധനം കൊടുത്ത് കെട്ടിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിന് ഫണ്ട് ഉണ്ടാക്കണം. ധനവന്മാരൊക്കെ അതില്‍ സഹകരിക്കണം. അങ്ങനെയുള്ള ഫണ്ടില്‍നിന്ന് രണ്ടായിരം രൂപയോ നാലായിരം രൂപയോ വീതം കൊടുത്ത് ഈ പെണ്‍കുട്ടികളെ കെട്ടിച്ചു വിടണം. ഇതാണ് ഇപ്പോള്‍ പരസ്‌നേഹപ്രധാനമായിട്ടുള്ള  വലിയ കാര്യങ്ങള്‍. ക്രിസ്തുവിന്റെ സഭയില്‍ നിന്നുകൊണ്ട് ചെയ്യുന്ന പ്രധാനകാര്യമിതാണ്. 1975 വരെ. ഇപ്പോള്‍ പത്ത് പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്ടോ, അല്ലെങ്കില്‍ രൂപതയില്‍ ആകെ അന്‍പത് വീട് ഉണ്ടാക്കിക്കൊടുത്തതുകൊണ്ടോ, പ്രശ്‌നം തീരുന്നില്ല. പ്രശ്‌നം മറ്റേതാണ്. അത് ക്രിസ്തുതന്നെ പറഞ്ഞതാണ്. ക്രിസ്തു ഉപദേശിക്കുകയും, ക്രിസ്തുവിന്റെ സഭ രൂപീകൃതമാവുകയും ചെയ്ത കാലത്ത് നിശ്ചയമായിട്ടും മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ എന്തായിരുന്നു? അടിമത്തം അവസാനിപ്പിക്കുക. ജനങ്ങളുടെയിടയില്‍ അടിമത്തം അവസാനിപ്പിക്കണം. ഒരു ലക്ഷ്യമതാണ്. മറ്റേത്, പാവങ്ങളെ ഉദ്ധരിക്കണം. ഈ പാവങ്ങളെ ഉദ്ധരിക്കുക, അവര്‍ക്ക് തൊഴില്‍ ഉണ്ടാക്കിക്കൊടുക്കുക, അവര്‍ക്ക് മാനമായി ജീവിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുക-ആ വിഷയത്തെ സംബന്ധിച്ച് ഇരുപത് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. അങ്ങനെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുകയുമില്ല.

നാം ദൈവത്തെ അംഗീകരിച്ച് ക്രിസ്തുവിന്റെ ഉപദേശമനുസരിച്ച് ജീവിക്കേണ്ടവരാണ്. പക്ഷേ, അതൊക്കെ അംഗീകരിക്കാതെവന്നു. അടിസ്ഥാനപരമായ കാര്യം ആളുകള്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നമ്മള്‍  പ്രതീക്ഷിക്കുന്നത്. അത് ഉണ്ടായിട്ടുണ്ടോ എന്നാണ് വാസ്തവത്തില്‍ ചോദിക്കേണ്ടത്. അത് ഉണ്ടാകാതെ വേദാന്തം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? വേദാന്തം പറയുവാന്‍ നല്ല എളുപ്പമാണ്. ദരിദ്രന്മാരോടു പറയും : ''നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. നിങ്ങളൊക്കെ നല്ല മനുഷ്യരാണ്. യഥാര്‍ഥത്തില്‍ ദൈവംതമ്പുരാന്റെ നിര്‍ദേശങ്ങളനുസരിച്ചു ജീവിക്കുന്നതു നിങ്ങളാണ്. നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം കിട്ടും. സ്വര്‍ഗരാജ്യം കിട്ടുമെന്ന വാഗ്ദാനത്തേക്കാള്‍ വലിയ വാഗ്ദാനമുണ്ടോ! ആ വാഗ്ദാനത്തില്‍ ആളുകള്‍ പട്ടിണി നില്ക്കുമെന്നാണ് വിചാരിച്ചിരിക്കുന്നത്. ഇതൊക്കെ പഴയകാലത്താണ്; ഈ പട്ടിണികിടക്കുക എന്ന് പറയുന്ന ഏര്‍പ്പാടൊക്കെ. ഇന്നതൊക്കെ മാറി. ഇന്ന് മനുഷ്യര്‍ക്ക്, ഏത് ലവലിലുള്ള മനുഷ്യര്‍ക്കും അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധം വന്നിരിക്കുകയാണ്. ആ ബോധം ഉണ്ടാകരുതെന്ന് മെത്രാനോ, മെത്രാപ്പോലീത്തായോ പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റങ്ങളനുസരിച്ച് ചിലതൊക്കെ ചെയ്യാനുള്ള പ്രവണത ഉണ്ടാകും. പക്ഷേ സഭ എന്നു പറഞ്ഞാല്‍ ആഗോളവ്യാപകമാണ്. എല്ലാ രാജ്യത്തും പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ വയ്യ.

മരിച്ചതു നന്നായി

ഇടക്കാലത്ത് ജോണ്‍ മാര്‍പ്പാപ്പാ അധികാരത്തില്‍ വന്നു. അദ്ദേഹം പാവപ്പെട്ടവരുടെ കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലാക്കിയ ആളായിരുന്നു. അദ്ദേഹം പറഞ്ഞു: '' ഈ ലോകത്ത് നടക്കുന്ന ഏര്‍പ്പാടുകള്‍ നമ്മള്‍ ശരിക്ക് മനസ്സിലാക്കണം. ഇതൊക്കെ ഒന്ന് മാറ്റേണ്ട കാലമായി. മാത്രമല്ല, വേറെയും ക്രിസ്തീയ സഭകളൊക്കെ ഉണ്ടല്ലോ ലോകത്തില്‍. അവരുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതും തെറ്റല്ല. എല്ലാവരും ക്രിസ്തുവിനെ സ്തുതിക്കുകയല്ലേ ചെയ്യുന്നത്?  ക്രിസ്തുവിന്റെ മാര്‍ഗത്തില്‍ക്കൂടി പോയി കുറെ കാര്യങ്ങളൊക്കെ സാധിക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. ആ സഭകള്‍ തമ്മില്‍ യോജിച്ചാല്‍ തരക്കേടില്ല. മരിച്ചതിനുശേഷം അങ്ങേലോകത്തുണ്ടാകുന്ന അനുഗ്രഹങ്ങളെ സംബന്ധിച്ച് മാത്രം പഠിച്ചാല്‍ പോരാ. ഈ ഭൂമിയില്‍ മനുഷ്യര്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്നതിനെ സംബന്ധിച്ചു കൂടി കണക്കിലെടുക്കണം. പ്രശ്‌നങ്ങളൊക്കെ കണക്കിലെടുത്ത് പ്രവര്‍ത്തിക്കുവാനുള്ള ചുമതല കത്തോലിക്കാസഭയ്ക്കുണ്ട്.'' അദ്ദേഹം, സോവിയറ്റ് റഷ്യയില്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചോവിന്റെ മരുമകനെ നേരിട്ട് കാണുകയും, സംസാരിക്കുകയും ചെയ്‌തെന്ന് പരാതി ഉണ്ടായി. പക്ഷേ, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ''അയാള്‍, അയാളുടെ വിശ്വാസമനുസരിച്ച് നടന്നോട്ടെ, പക്ഷേ ആ രാജ്യത്ത് അദ്ദേഹം ചില നല്ല കാര്യങ്ങള്‍ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതൊക്കെ നമ്മള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ ആയതുകൊണ്ട് ഒരവസരം കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഞാന്‍ കണ്ടെന്നേയുള്ളൂ.'' ഇങ്ങനെ പല കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്തു. പക്ഷേ, അദ്ദേഹം പെട്ടെന്ന് മരിച്ചുപോയി. അദ്ദേഹം പ്രായമായിട്ടാണ് മരിച്ചത്. അദ്ദേഹം മരിക്കേണ്ട സമയമായപ്പോള്‍ റോമായില്‍ ഉണ്ടായിരുന്ന കര്‍ദ്ദിനാളന്മാരില്‍ കുറേപ്പേര്‍ക്ക് ''എന്തായാലുംശരി ഈ മനുഷ്യന്‍ ഇപ്പോള്‍ മരിച്ചത് നന്നായി'' എന്നായിരുന്നു ചിന്താഗതി.

പിന്തിരിപ്പത്തത്തിന്റെ ഈറ്റില്ലം

റോമന്‍ കത്തോലിക്കാസഭയെ ഇത്രകാലമായിട്ടും ഇത്രയും പിന്‍തിരിപ്പനായിട്ടുള്ള അടിസ്ഥാനത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളത് ഭാഗ്യവാന്മാരായ ഇറ്റലിയിലെ കര്‍ദ്ദിനാളന്മാരാണ്. (സാധാരണയായി ഇറ്റലിക്കാരനെയല്ലാതെ മാര്‍പ്പാപ്പായായി തെരഞ്ഞെടുക്കുകയില്ലല്ലോ?) അതിനു ചില കാരണങ്ങളുണ്ട്. വിജ്ഞാനത്തിന്റെ വെളിച്ചം ശരിക്ക് എത്തിനോക്കിയിട്ടില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. അന്യരാജ്യത്തെ ഒരാളാണ് നമ്മുടെ മാര്‍പ്പാപ്പയെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളുമുണ്ടാകും. നമ്മള്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്ന പല തത്ത്വങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കത്തോലിക്കാസഭയില്‍ ആവശ്യമായിവരേണ്ട പല മാറ്റങ്ങളുമുണ്ട്. ഒരു മാറ്റവും പാടില്ലായെന്ന് പറയാറുണ്ടെങ്കിലും, ഇപ്പോള്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

വഴിപിഴച്ച ലക്ഷ്യം

ക്രിസ്ത്യന്‍ സോഷ്യലിസം എന്ന ഒരു ലേഖനം ബ്രിട്ടിനിലുള്ള ആരോ എഴുതിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ലേഖകന്‍ പറയുന്നത് ഈ കൊളോണിയലിസത്തിനെതിരായിട്ട് നമ്മള്‍ സംസാരിക്കുന്നുണ്ട്; എന്നാല്‍ ഓരോ രാജ്യത്തിനകത്തുള്ള കൊളോണിയലിസത്തിന് എതിരായി സമരം ചെയ്യാന്‍ ആരും തയ്യാറില്ല. വമ്പന്മാരായ ആളുകള്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുക എന്നതാണ് ഇതിന്റെ മൂലതത്ത്വം. ഇത് നമ്മുടെ രാജ്യത്തുമുണ്ട്. പല പാവപ്പെട്ട ആളുകളും ഇപ്പോള്‍ കള്ളക്കടത്തുകൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങള്‍ വന്നിട്ടും നമ്മുടെ സഭാതലവന്മാര്‍ക്ക് യാതൊരു കുലുക്കവുമില്ല. അവര്‍ക്ക് പഴയമാതിരി തിരുക്കര്‍മ്മങ്ങളൊക്കെ നടത്തണമെന്നേയുള്ളൂ. പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ഫണ്ട് ഉണ്ടാക്കുക, പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുക ഇതൊക്കെയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ സഭാതലവന്മാര്‍ക്ക് അന്തസ്സായിട്ട്, നല്ല കൊട്ടാരങ്ങളില്‍ വാഴണമെന്നേയുള്ളൂ.

കുഞ്ഞാടുകളോ കറവപ്പശുക്കളോ?

ഈ ഓശാന എന്ന മാസികയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നെനിക്കറിയില്ല. അതിന് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കുവാന്‍ കഴിയണം.  ഈ കത്തോലിക്കാ തിരുസ്സഭ എന്താണ് എന്ന ബോധം വായനക്കാരന് നല്‍കാന്‍ സാധിച്ചാല്‍ വിജയിച്ചു. ഒന്നാമത്തെക്കാര്യം എന്താണെന്നുവെച്ചാല്‍ ഈ സഭ എന്നു പറഞ്ഞാല്‍ മെത്രാപ്പോലീത്തായും, മെത്രാന്മാരും, അച്ചന്മാരും, കന്യാസ്ത്രീമാരും മാത്രമാണ്, അവിടെ അവസാനിക്കുകയായി. നേരെമറിച്ച് നമ്മളൊക്കെ സഭയില്‍പ്പെട്ട ആളുകളാണോ? ആണെങ്കില്‍ എന്തു നിലയാണ് നമുക്കുള്ളതെന്ന് ആദ്യം ചിന്തിക്കണം. ക്രിസ്തുവിന്റെ കാലത്ത് സഭയെന്ന് പറഞ്ഞാല്‍, എല്ലാ തരത്തിലുമുള്ള ആളുകളും ഉള്‍പ്പെട്ട ഒന്നായിരുന്നു. അന്ന് എല്ലാ തരത്തിലുമുള്ള ആളുകളും ഉള്‍പ്പെട്ട സഭയുടെ തീരുമാനമാണ് നടപ്പാക്കിയിരുന്നത്. ഇന്ന് അത് അല്ലല്ലോ. ഇന്ന് നമ്മള്‍ കുഞ്ഞാടുകളാണ്. എന്നുവെച്ചാല്‍ അവര്‍ പറയുന്നതൊക്കെ ചെയ്യാന്‍ വേണ്ടിയുള്ളവര്‍. പണം ആവശ്യമെന്ന് വന്നാല്‍ നമ്മള്‍ കറവപ്പശുക്കള്‍. ഇതു മാറിയിട്ട് കത്തോലിക്കസഭയുടെ പ്രമാണപ്പെട്ട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്വബോധത്തോടുകൂടി സഹകരിക്കാന്‍ അല്‍മായര്‍ക്ക് അവസരം കിട്ടണം.

പുരോഹിത പ്രിന്‍സിപ്പാളന്മാര്‍

എന്റെ സ്‌നേഹിതന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ന് കത്തോലിക്കാസഭയിലെ അമ്പതോളം കോളേജുകളില്‍ പ്രിന്‍സിപ്പാളന്മാരെല്ലാം പുരോഹിതന്മാരാണ്. ഒരൊറ്റ അല്‍മായന്‍ പോലുമില്ല. അല്‍മേനിയെ വെച്ചാല്‍ കോളേജ് അധഃപതിക്കുമോ? കോളേജിന്റെ ലക്ഷ്യം നടപ്പാകാതെ വരുമോ? ഒരു ഇരുപത്തഞ്ച് വര്‍ഷംമുമ്പുവരെ കത്തോലിക്കാസഭ നടത്തുന്ന ഹൈസ്‌കൂളുകളില്‍ പോലും ഹെഡ്മാസ്റ്റര്‍മാര്‍ അച്ചന്മാരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപത് കൊല്ലമായിട്ട് പല സ്‌കൂളിലും അല്‍മേനിമാരാണ് ഹെഡ്മാസ്റ്റര്‍മാരായിട്ടുള്ളത്. ആര്‍ക്കു വേണമെങ്കിലും ഇന്ന് ഹെഡ്മാസ്റ്റര്‍ ആകാം. ഹൈസ്‌കൂള്‍ നിലനിര്‍ത്തുവാന്‍ ഈ മാറ്റം തടസ്സമല്ലായെങ്കില്‍ കോളേജുകളില്‍ പ്രിന്‍സിപ്പാളന്മാരായി എന്തുകൊണ്ട് നാട്ടുകാരെ വച്ചുകൂടാ? അന്‍പത് കൊല്ലംമുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അല്‍മേനിക്ക് വിട്ടുകൊടുത്തിരുന്നു. അതുകൊണ്ട് ഒരാപത്തും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ ഇതു സംഭവിക്കേണ്ട കാലം കഴിഞ്ഞു.

അല്‍മേനിയെ അംഗീകരിക്കുക


ഈവക സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതി ഏര്‍പ്പെടുത്തുന്ന പതിവുണ്ട്. അതില്‍, അല്‍മേനിക്കും സ്ഥാനം കൊടുക്കണം. എന്താണ് അവിടെ നടക്കുന്നതെന്ന് അവര്‍ അറി യണം. അത് എന്തുകൊണ്ട് ചെയ്തുകൂടാ? ജനാധിപത്യ യുഗത്തില്‍ ആവശ്യമായി വരേണ്ട കാര്യങ്ങളാണ്, ഇവയൊക്കെ. ഇതൊക്കെ സഭാധികാരികളെക്കൊണ്ട് ചെയ്യിക്കേണ്ട കാലം വൈകിയിരിക്കുന്നു. പാവങ്ങളെ ഉദ്ധരിക്കുക എന്ന പരിപാടി നടപ്പാക്കുകയാണെങ്കില്‍ അല്‍മേനികള്‍ അതില്‍ സഹകരിക്കണം. സഭ എന്നു പറഞ്ഞാല്‍ കന്യാസ്ത്രീകള്‍ തുടങ്ങി മാര്‍പ്പാപ്പ വരെയുള്ള ആളുകള്‍ മാത്രമേയുള്ളൂ എന്ന ധാരണ തിരുത്തണം. സാധാരണ മനുഷ്യര്‍ ഉണ്ടെങ്കിലേ സഭയുള്ളൂ. അവരുടെ നേതാക്കന്മാരായിരിക്കാതെ, സാധാരണക്കാരെ കൂട്ടുപിടിച്ച് സഭാകാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകണം. സഭാധികാരികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും അല്‍മേനികള്‍ക്ക് ബന്ധമുണ്ടാകണം. അവയില്‍ അവര്‍ക്ക് അവകാശവും വേണം. ചോദിക്കുമ്പോള്‍ പണം കൊടു ക്കുവാന്‍ മാത്രമല്ല, സ്ഥാപനം നന്നായിട്ട് നടത്തിക്കൊണ്ടുപോകുവാനുള്ള ചുമതലയും അല്‍മേനിക്കുണ്ട്. ഇങ്ങനെ പല കാര്യങ്ങളെ സംബന്ധിച്ചും മാറ്റങ്ങള്‍ വരുത്തണം. ഇങ്ങനെയുള്ള പല നല്ല അറിവുകളും, ബോധവും, സാധാരണ ജനങ്ങളില്‍ ഉളവാക്കാന്‍ ഓശാനമാസിക ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം. അത് പ്രസിദ്ധീകരിക്കുവാന്‍ മുന്‍ കൈയെടുത്ത എല്ലാവരെയും ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും മുമ്പോട്ടു വരണമെന്ന് ഞാന്‍ പ്രത്യേകിച്ച് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ആ നിലയില്‍ ഈ മാസികയുടെ പ്രകാശനം ഞാന്‍ ഔപചാരികമായി നിര്‍വഹിക്കുന്നു.

No comments:

Post a Comment