റെജി ഞള്ളാനി
'മകളെ മാനസികമായി പീഡിപ്പിച്ച മതാധികാരികള്‍ക്കെതിരെ പിതാവ്' (http://almayasabdam.blogspot.in/2013/09/blog-post_293.html) എന്ന തലക്കെട്ടില്‍ വന്ന റിപ്പോര്‍ട്ടിന്മേല്‍ ക്രിയാത്മകമായ പ്രതികരണം നല്‍കിയതിന് ബഹുമാന്യരായ
സഖറിയാസ് നെടുങ്കനാല്‍, ചാക്കോ കളരിക്കല്‍, ജോസഫ് മറ്റപ്പള്ളില്‍, തെരേസാ മനയത്ത്,
ജോര്‍ജ്ജ് മൂലേച്ചാലില്‍ , ജോസഫ് മാത്യു എന്നിവര്‍ക്ക് നന്ദി പറയുന്നു. പ്രതികരണങ്ങളുടെ ഉള്ളടക്കം
മനസ്സിലാക്കിയപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ അവ്യക്തമായിപ്പോയി
എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നതു ക്ഷമിക്കുവാന്‍ അപേക്ഷിക്കുന്നു. പുരാതന കത്തോലിക്ക പാരമ്പര്യമാണ് എന്റെ കുടുംബത്തിന്റെത്. ധാരാളം മിഷനറിമാരായ വൈദികരെയും സന്യസ്തരെയും സംഭാവന ചെയ്തിട്ടുള്ള കുടുംബം. ഞാന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വന്തം നിലയിലുള്ള കാര്‍ഷിക ഗവേഷണങ്ങളിലാണ്. ഇതിനോടകം 8 പുതിയ കണ്ടുപിടുത്തങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 12 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ സംസ്ഥാന, ദേശീയ ശാസ്ത്രസമ്മേളനങ്ങിളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2 ദേശീയ അവാര്‍ഡും, സംസ്ഥാന സംഘടനാ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് നാളിതുവരെ ഒരു രൂപപോലും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെങ്കിലും രാജ്യത്ത് 90 ശതമാനം ഏലംകര്‍ഷകരും ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്റെ വീട്ടുപേരില്‍ അറിയപ്പെടുന്ന, ഞാന്‍ വികസിപ്പിച്ചെടുത്ത ഞള്ളാനി ഏലവും, പുത്തന്‍ നടീല്‍ രീതികളുമാണ്.
എന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം
പ്രേരകശക്തിയും സ്വാധീനവും ഉത്തേജനവും എന്റെ പിതാവ് ജോസഫും, മാതാവ്
ബ്രിജീത്തയുമായിരുന്നു. കുടിയേറ്റകര്‍ഷകരായിരുന്ന എന്റെ മാതാപിതാക്കളുടെ
വിവരിക്കാന്‍ കഴിയാത്ത വേദനയുടെയും പട്ടിണിയുടെയും ത്യാഗത്തിന്റെയും ഫലമാണ് എന്റെ
ജീവിതവിജയം. ഈ സംഭാവനകളിലൂടെ നാട്ടിലെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 2000 കോടി
രൂപക്ക്‌മേല്‍ വാര്‍ഷികവരുമാനം ലഭിക്കുന്നു, അതു വഴി രാജ്യത്തിനും. ഗവേഷണ പ്രവര്‍ത്തനങ്ങളെല്ലാം
നടക്കുന്നത് എന്റെ തുച്ഛവരുമാനത്തില്‍നിന്നാണ്.
സമൂഹത്തിലേക്കുള്ള സംഭാവനകള്‍ വലുതെങ്കിലും സാമ്പത്തികമായി വളരെ ദരിദ്രമായ കുടുംബമാണ് എന്റെത്. 8 ലക്ഷത്തിലധികം രൂപ കടബാദ്ധ്യതയിലാണ് ഞാനിപ്പോള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്റെ പ്രിയസഹധര്‍മ്മിണിക്ക് നാലും കുട്ടികള്‍ക്ക് രണ്ടും മെയിന്‍ ഓപ്പറേഷനുകള്‍ വേണ്ടിവന്നു. ഒരാണ്‍കുട്ടി ഉണ്ടായിരുന്നത് രോഗബാധിതനായി ഞങ്ങളെ വേര്‍പെട്ട് ദൈവസന്നിധിയിലേക്ക് പോയി. അമ്മയ്ക്കും മകള്‍ക്കും ഉടന്‍ തന്നെ ഓരോ മെയിന്‍ സര്‍ജറികള്‍ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്റെയും ആരോഗ്യനില തൃപ്തികരമല്ല. ഇത്രയെല്ലാം പ്രതികൂല സാഹചര്യത്തിലാണ് പണക്കൊതിമൂത്ത വൈദികരില്‍നിന്നും കന്യാസ്ത്രീകളില്‍നിന്നും കഠിനമായ പ്രയാസവും ക്രൂരതയും ഭീഷണിയും അനുഭവിക്കേണ്ടി വരുന്നത്.
മെത്രാന്‍മാരും വൈദികരും നേതൃത്വം നല്‍കിയ ഇന്‍ഫാം എന്ന കര്‍ഷകസംഘടനയുടെ ദേശീയ ചെയര്‍മാനായിരുന്ന ഫാ. മാത്യു വടക്കേമുറി എന്റെ വീട്ടില്‍ വന്ന് ക്ഷണിച്ചതിന്‍പ്രകാരം ഞാന്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങുകയും ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ദേശീയസമിതിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. വടക്കേമുറി അച്ചന്റെ നേതൃത്വത്തില്‍ വളരെയധികം പദ്ധതികള്‍ക്ക് തുടക്കമിട്ടു. (ഇന്ന് അതില്‍ ഒന്നുപോലും നിലനില്‍ക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളെ വിരട്ടാന്‍ കര്‍ഷകരുടെപേരില്‍ രൂപീകരിച്ച, സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ജാരസംഘടനയായിരുന്നു ഇന്‍ഫാം എന്ന് പിന്നീടാണ് എല്ലാവര്‍ക്കും ബോദ്ധ്യമായത്.) ഇതില്‍ ഒരു പദ്ധതിയായിരുന്നു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം. ഡല്‍ഹി M N E S വഴി ലഭിക്കേണ്ട സബ്‌സിഡി തുക ചില സാഹചര്യകാരണങ്ങളാല്‍ തടസ്സപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് പണം നല്‍കുന്നതിന് ആറ് മാസത്തെ അവധിപറഞ്ഞ് എന്നെകൊണ്ട് കട്ടപ്പന ടീച്ചേഴ്‌സ് സൊസൈറ്റിയില്‍ നിന്നും 3 ലക്ഷം രൂപ ലോണ്‍ എടുപ്പിച്ച് ഈ പണവുമായി അച്ചന്‍ പോവുകയും പിന്നീട് ലോണ്‍ തുകയും അതിന്റെ പലിശയും, പലിശയുടെ പലിശയുമായി 7 ലക്ഷത്തോളം രൂപ ഞാന്‍ ബാങ്കില്‍ അടക്കേണ്ടതായും വന്നു. ഇതില്‍ ഒരു രൂപാ പോലും അച്ചന്‍ എനിക്കു തന്നില്ല. എന്നെപോലെ മറ്റ് പലരില്‍ നിന്നും ആളുകളെ കബളിപ്പിച്ച് അച്ചന്‍ വന്‍തുകകള്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് പിന്നീടാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. 7 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നുള്ള കിട്ടാനുള്ള പണം കിട്ടികഴിഞ്ഞു എന്ന് അറിഞ്ഞ് പണത്തിനായി അച്ചനെ സമീപിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പണം ഉടന്‍ തന്നെ തിരികെ നല്‍കാമെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. 13-07-2012 ല്‍ പണം തിരികെ ആവശ്യപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാ സഭാകോടതിയില്‍ ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിനിടയില്‍ വടക്കേമുറിയച്ചന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. അച്ചന്‍ മരിച്ചുപോയതിനാല്‍ രൂപതയ്ക്ക് എന്റെ പണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വടക്കേമുറിയച്ചന്റെ പേരിലുള്ള എസ്.ഡി.എ സ്ഥാപനത്തിന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കളും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് രൂപതയാണ്. ഈ സംഭവം എന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറതന്നെ നശിപ്പിച്ചു.
ഇതിനിടയില്‍ കട്ടപ്പന ഇടവകയിലെ സെന്റ് ജോര്‍ജ്ജ് എച്ച്, എസ്.എസ്. കെട്ടിടനിര്‍മ്മാണത്തിന് ഒന്നരകോടിയോളം രൂപ ആയിരത്തോളം വരുന്ന ഇടവകാംഗങ്ങളില്‍ നിന്നും പിരിച്ചെടുത്തു. തൊട്ടുപിറകെ നല്ല ഗുണനിലവാരമുണ്ടായിരുന്ന കട്ടപ്പന പള്ളിയുടെ പരിസരവും നിലവിലുള്ള കല്‍കെട്ട് നടകളും ഇടിച്ചുനിരത്തി പുനര്‍നിര്‍മ്മിച്ചതിന് അരകോടിയോളം രൂപ ചെലവ് വന്നു. ചെറിയ പിരിവുകള്‍ വേറെയും. ഏതാനും മാസങ്ങള്‍ക്ക് ശേഷം 3 കോടി രൂപ ചെലവില്‍ ഒരു പാരിഷ്ഹാള്‍ നിര്‍മ്മാണവും ഇതിനായി നിര്‍ബന്ധിതപിരിവും നടത്തി. 1 ലക്ഷം രൂപയില്‍ കുറയാത്ത ഒരുതുക നിര്‍ബന്ധമായും അടക്കാന്‍ നിര്‍ദ്ദേശം കിട്ടിയെങ്കിലും നിര്‍ദ്ധനനായ എനിക്ക് അതിന് കഴിവില്ലായിരുന്നു. രൂപതയില്‍ നിന്ന് എനിക്ക് കിട്ടാനുള്ള തുക തിരികെ ചോദിച്ചതും പുതിയ തുക കൂടുതല്‍ അടക്കാന്‍ കഴിയാത്തതും വലിയ ഒരു തുക ഞാനറിയാതെ എന്റെ പേരില്‍ കുടിശിക കുറിച്ചതും സംബന്ധിച്ച് ചര്‍ച്ചയില്‍ വൈദികരും ഞാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. കട്ടപ്പന പള്ളിയുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ 2000 പേര്‍ക്കിരിക്കാവുന്ന കട്ടപ്പന ടൗണ്‍ഹാളും, സി.എസ്. ഐ ചര്‍ച്ച് ഓഡിറ്റോറിയവും, ഹില്‍സണ്‍ ഓഡിറ്റോറിയം, മര്‍ച്ചന്റ് അസോസിയേഷന്‍ ഹാള്‍ എന്നിവയുള്ളപ്പോള്‍ കോടികള്‍ മുടക്കി ഇങ്ങനെയൊരു പാരിഷ്ഹാള്‍ നാടിന് ആവശ്യമില്ലെന്ന് ഞാന്‍ തുറന്ന് പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തോട് വളരെയധികംപേര്‍ക്ക് യോജിപ്പാണെങ്കിലും പള്ളിയുടെ ഭാഗത്തുനിന്നുള്ള പലവിധ പ്രതികാര നടപടികളും ഭീഷണിയും ഭയന്ന് തുറന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. ഈ വര്‍ഷം തന്നെ പല വിഭാഗങ്ങളിലായി 30000 രൂപ ഞാന്‍ പള്ളിയിലേക്കും രൂപതയിലേക്കുമായി സംഭാവന എന്ന നിര്‍ബന്ധിതപിരിവ് നല്‍കി കഴിഞ്ഞു. ഞാന്‍ പലിശക്കെടുത്തു നല്‍കിയ തുകയാണിത്. പല പിരിവുകള്‍ക്കും രസീത് നല്‍കാറില്ല.
മകളെ പള്ളിയധികാരികള്‍ മാനസികമായി പീഡിപ്പിച്ചതിന്റെ വിശദവിവരങ്ങള്‍
നാളെ തുടരും
കാര്ഷിക ഉൽപ്പന്നങ്ങൾക്ക് തീരെ വിലകുറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു , ഒരു കിലോ റബ്ബറിന്റെ വില വെറും 24 രൂപ ആയ കാലം. കേരളത്തിൽ ഫാമേര്സ് റിലീഫ് ഫോറം എന്ന ഒരു സ്വതന്ത്ര സംഘടന രൂപം കൊണ്ടു വളരെ വേഗം വളർന്നു . നല്ലവനായ ഒരു പുരോഹിതനും ഈ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിനു ലഭിക്കുന്ന ജനസമ്മതി സഭയിലെ വലിയ പുള്ളികൾക്ക് സഹിച്ചില്ല . റിലീഫ് ഫോറത്തിലെ മണ്ടൻ കുഞ്ഞാടുകളെ ബിശോപ്പ് ഹൌസുകളിൽ വിളിച്ചുവരുത്തി . ഇൻഫാം എന്ന അച്ചന്മാരുടെ കൃഷി സംഘടന ഒണ്ടാക്കി . ( ഒരു പയർ മണി പോലും കൈകൊണ്ട് കുഴുച്ചുവെക്കാത്ത കുർബാന തൊഴിലാളിക്ക് എന്ത് കൃഷി :) )അങ്ങനെ ഒരു അച്ഛനെ ഒതുക്കാനും സംഘടന പിളര്ത്താനും ഉണ്ടാക്കിയ ഇന്ഫാം ഒത്തിരി ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും വാങ്ങി എല്ലാവര്ക്കും ശീട്ട് കൊടുത്തു - വർഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും ഒരു രൂപ പോലും കയ്യിൽ കിട്ടിയിട്ടില്ല .
ReplyDeleteറെജി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പ്രശ്‌നം ജനകീയമായും നിയമപരമായും നേരിടേണ്ടവയാണ്. ഇന്‍ഫാമിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചതില്‍ നിന്നുണ്ടായ സാമ്പത്തികനഷ്ടംതന്നെ മുഖ്യപ്രശ്‌നമായി സമൂഹത്തിന്റെ മുന്നില്‍ വയ്ക്കണം. KCRM -ഉം JCC-യും പിന്തുണ വാഗ്ദാനം ചെയ്യണം. ഇന്‍ഫാമിന്റെ സംഘാടനത്തില്‍ സഭയോടൊത്തുനിന്ന റെജിക്കു പറ്റിയ അബദ്ധം അന്ന് അദ്ദേഹത്തോടൊപ്പം നിന്നിരുന്നവര്‍ക്കു വിശദീകരിച്ചു കൊടുക്കുന്നതിനുള്ള വേദി റജിയും സഭാനവീകരണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും ഒപ്പം നിന്ന് ഒരുക്കണം. ശ്രോതാക്കളെയെല്ലാം സഭാനവീകരണപ്രസ്ഥാനത്തോടൊപ്പം കൊണ്ടുവരണം. റെജിതന്നെ സഭാനവീകരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാകണം. റെജി ഭയപ്പെടേണ്ട. ഇപ്പോള്‍ നമ്മോടൊപ്പം മാര്‍പ്പാപ്പായുമുണ്ട്.
ReplyDeleteറജിക്കുണ്ടായ നഷ്ടം പരിഹരിക്കാനും ഇനിയും ആര്‍ക്കും ഇങ്ങനെയുള്ള അബദ്ധങ്ങള്‍ പറ്റാതിരിക്കാനും ഈ പ്രശ്‌നത്തില്‍ കേരളതത്ിലെ സഭാ നവീകരണപ്രസ്ഥാനങ്ങളും റെജിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു യോഗത്തില്‍ വിശദമായി വിവരം അവതരിപ്പിക്കുന്നതിന്റെ വീഡിയോ അയച്ചുതന്നാല്‍ ഇന്റര്‍നെറ്റിലൂടെയുള്ള അതിന്റെ പ്രചാരണം അല്മായശബ്ദം ഏറ്റെടുക്കാം. വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ചെറു സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ജനങ്ങളുടെഇടയില്‍ പ്രചാരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ റെജി അലയാതെതന്നെ കാര്യങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനാവും. സത്യജ്വാലയുടെ പ്രചാരണവും ഇതോടൊപ്പം നടത്താന്‍ കഴിഞ്ഞാല്‍ മറ്റ് അച്ചടി മാധ്യമങ്ങളില്‍നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കാം. ഒരിക്കല്‍ക്കൂടി അല്മായശബ്ദത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.