Translate

Saturday, September 14, 2013

കന്യാസ്ത്രീയില്‍ നിന്നും മെല്‍വിന്റെ ഭാര്യയായത് കുറ്റം; മെല്‍വിന്‍ പാദുവയുടെ മോചനം അട്ടിമറിക്കുന്നു | keralaonlinenews.com

കണ്ണൂര്‍: സഭാവസ്ത്രം ഉപേക്ഷിച്ച് മെല്‍വിന്റെ ഭാര്യയായതിനുള്ള ശിക്ഷയാണോ മെല്‍വിന്റെ ഇരുപത്തിനാലു വര്‍ഷത്തെ ജയില്‍വാസം. ചോദിക്കുന്നത് മെല്‍വിന്‍ പാദുവയുടെ ഭാര്യ ബിയാട്രീസ് ആണ്.


ട്രെയിനില്‍വച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് കോട്ടയം ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മെല്‍വിന്‍ പാദുവ ഇരുപത്തിനാലു വര്‍ഷത്തോളമായി ഇരുമ്പഴികള്‍ക്കുള്ളിലാണ്. ക്രൂരമായ കൊലപാതകികള്‍ പോലും എട്ടും പത്തും വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇത്രയും വര്‍ഷം മെല്‍വിനെ ജയിലില്‍ കിടത്താന്‍ അധികാരികള്‍ തുനിഞ്ഞത് എന്തിനാണെന്നത് ദുരൂഹമാണ്.

ഏറ്റവുമൊടുവില്‍ ജയില്‍ ഉപദേശക സമിതി മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും മെല്‍വിന്‍ പാദുവയുടെ മോചനം സര്‍ക്കാര്‍ തലത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. മോചനം അട്ടിമറിക്കാന്‍ മനസ്സാക്ഷിയില്ലാത്ത ചില ഉന്നത ജയില്‍ അധികൃതര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയടക്കം 22 തടവുകാരെ വിട്ടയയ്ക്കാന്‍ ഈ മാസം അഞ്ചിന് ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായെങ്കിലും ഇതിനെ അട്ടിമറിക്കാനുള്ള നീക്കം ഉന്നതതലത്തില്‍ നടക്കുന്നുവെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 24 മണിക്കൂറിനുള്ളില്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുവദിച്ച രണ്ടാഴ്ചത്തെ പരോള്‍പോലും ജയില്‍ അധികൃതര്‍ കാറ്റില്‍ പറത്തി. മന്ത്രിയുടെ ഉത്തരവിന് ചവറ്റുകുട്ടയിലായിരുന്നു ഇടം. ജയില്‍ അധികൃതര്‍ അതിനെ പരസ്യമായി പുച്ഛിച്ചുതള്ളിയിട്ടും ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന മന്ത്രിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും മെല്‍വിന്റെ മോചനത്തിനായി ഏറെ പ്രവര്‍ത്തിക്കുകയും ചെയ്ത ജോസഫ് ചാവറ പറഞ്ഞു.
ഉപദേശക സമിതിയിലെ അംഗങ്ങളായ മമ്പറം ദിവാകരന്‍, കല്ലിങ്കല്‍ പത്മനാഭന്‍, ബാലകൃഷ്ണന്‍ പള്ളിക്കുന്ന് എന്നിവരും പ്രബേഷനറി ഓഫീസറും മെല്‍വിന്റെ മോചനത്തെ പിന്താങ്ങിയപ്പോള്‍ ജയില്‍ ഡി.ജി.പി. നിശബ്ദത പാലിക്കുകയായിരുന്നു. അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എതിര്‍പ്പ് രേഖപ്പെടുത്താനുള്ള വഴി തെളിച്ചതായി മെല്‍വിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
മെല്‍വിന്റെ ഭാര്യ ബിയാട്രീസ് കന്യാസ്ത്രീയായിരുന്നു. സഭാവസ്ത്രം ഉപേക്ഷിച്ചിട്ടാണ് തടവുകാരനായ മെല്‍വിനെ വിവാഹം കഴിച്ചത്. ജയില്‍ ഡിജിപിയെ രോഷം കൊള്ളിച്ചത് ഇതാണെന്ന് ബിയാട്രീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ ഭാര്യ ബിയാട്രീസ് നല്‍കിയ അപ്പീല്‍ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മുന്നില്‍ ജയില്‍ ഡി.ജി.പി. പറഞ്ഞിരുന്നു. മെല്‍വിനെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജയില്‍ അധികൃതരുടെ കൂടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും മെല്‍വിന്റെ മോചനം നീളുകയാണ്.
മെല്‍വിനെ കാരാഗൃഹത്തില്‍ വച്ചു തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളുടെ കൂട്ടആത്മഹത്യയായിരിക്കും അധികൃതര്‍ക്ക് കാണേണ്ടി വരികയെന്നും ബിയാട്രീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ചാവറയെ അറിയിച്ചിട്ടുണ്ട്.
കന്യാസ്ത്രീയില്‍ നിന്നും മെല്‍വിന്റെ ഭാര്യയായത് കുറ്റം; മെല്‍വിന്‍ പാദുവയുടെ മോചനം അട്ടിമറിക്കുന്നു | keralaonlinenews.com:

'via Blog this'

No comments:

Post a Comment