Translate

Wednesday, September 25, 2013

പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തിക സംവിധാനത്തിന്‍റെ കേന്ദ്രം: മാര്‍പാപ്പ

23 സെപ്തംബര്‍ 2013, കാല്യരി
മനുഷ്യനു മേല്‍ പണത്തെ പ്രതിഷ്ഠിക്കുന്ന സാമ്പത്തിക സംവിധാനത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രൂക്ഷ വിമര്‍ശനം. സെപ്തംബര്‍ 22ാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ ദ്വീപായ സാര്‍ദീഞ്യയിലെ കാല്യരിയിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ, ദ്വീപിലെ ‘യെന്നെ’ മൈതാനത്ത് നടത്തിയ പ്രഭാഷണത്തിലാണ് പണത്തെ ദൈവത്തിന്‍റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനെതിരേ ആഞ്ഞടിച്ചത്. പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തിക സംവിധാനത്തിന്‍റെ കേന്ദ്രമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. മനുഷ്യാന്തസിന് ക്ഷതമേല്‍പ്പിക്കുന്ന തൊഴിലില്ലായ്മയ്ക്കെതിരേയും മാര്‍പാപ്പ ശബ്ദമുയര്‍ത്തി. മൈതാനത്ത് തിങ്ങിക്കൂടിയിരുന്ന തൊഴിലാളികളും, വ്യവസായികളും, തൊഴില്‍ രഹിതരുമായ ഇരുപതിനായിരത്തിലേറെപേര്‍ നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് മാര്‍പാപ്പയുടെ വാക്കുകള്‍ സ്വീകരിച്ചത്. 

മുന്‍കൂട്ടി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ച്, സംസാരിച്ചു തുടങ്ങിയ മാര്‍പാപ്പ ഇറ്റലിയില്‍ താന്‍ നടത്തിയ ആദ്യ രണ്ടു സന്ദര്‍ശനങ്ങളും ദ്വീപുകളിലേക്കാണെന്ന പ്രത്യേകത ചൂണ്ടിക്കാട്ടി. റോമാ രൂപതയ്ക്കു പുറത്ത്, ഇറ്റലിയ്ക്കുള്ളില്‍ നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണ് സാര്‍ദേഞ്യാ ദ്വീപ് സന്ദര്‍ശനം. ആദ്യ സന്ദര്‍ശനവും ഒരു ദ്വീപിലേക്കായിരുന്നു, ലാമ്പെദൂസ ദ്വീപിലേക്ക്. അഭയാര്‍ത്ഥികളുടെ സഹനവും വേദനയും, കഷ്ടപ്പാടുകള്‍ക്കു നടുവിലും അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സന്നദ്ധരായ ഒരു ജനതയേയുമാണ് താന്‍ അവിടെ കണ്ടത്. ഇവിടെ, കാല്യരിയിലും വേദനയും സഹനവും കാണുന്നുണ്ടെന്ന് പറഞ്ഞ മാര്‍പാപ്പ തൊഴിലില്ലായ്മ എന്ന വേദനാജനകമായ യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. തൊഴിലില്ലാതെ വിഷമിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അന്വേഷിച്ച് അര്‍ജന്‍റീനയിലേക്ക് കുടിയേറിയ തന്‍റെ കുടുംബത്തിനു നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് അവരോട് പങ്കുവയ്ച്ചു. എത്ര പ്രതികൂലമായ സാഹചര്യമാണെങ്കിലും പ്രതീക്ഷ കൈവെടിയരുതെന്ന് ജനങ്ങളോടഭ്യര്‍ത്ഥിച്ച മാര്‍പാപ്പ തന്നോടൊത്തു പ്രാര്‍ത്ഥിക്കാനും അവരെ ക്ഷണിച്ചു. ലളിതവും മനോഹരവുമായ ഒരു സ്വയം പ്രേരിത പ്രാര്‍ത്ഥന മാര്‍പാപ്പയ്ക്കൊപ്പം ഏറ്റുചൊല്ലിയ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

മാര്‍പാപ്പയുടെ വാക്കുകളും പ്രാര്‍ത്ഥനയും തങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുവെന്ന് മൈതാനത്തു സമ്മേളിച്ചിരുന്നവര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഹൃദയത്തിന്‍റെ ഭാഷയിലാണ് മാര്‍പാപ്പ സംസാരിച്ചത്. മാര്‍പാപ്പ പരാമര്‍ശിച്ച അര്‍ജന്‍റീനായിലെ അനുഭവം ഇന്ന് തങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ അവസ്ഥ ശരിക്കും മനസിലാക്കിയ മാര്‍പാപ്പയോട് നിസീമമായ കൃതജ്ഞതയും അവര്‍ അറിയിച്ചു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ

താഴെ ക്ലിക്ക് ചെയ്ത്  കൂടുതല്‍ വത്തിക്കാന്‍ വാര്‍ത്തകളും മാര്‍പ്പാപ്പായുടെ ലേഖനങ്ങളും വായിക്കാം:

http://ml.radiovaticana.va/index.asp

No comments:

Post a Comment