2014 ഏപ്രിൽ
ലക്കം സത്യ ജ്വാലയിൽ പ്രസിദ്ധീകരിച്ച ശ്രീ ജോയി പോൾ പുതുശേരിയുടെ സഭാനിയമങ്ങളും
ഇന്ത്യൻ ഭരണഘടനയും എന്ന ലേഖന പരമ്പരയെ ആധാരമാക്കിയുള്ള അവലോകനമാണിത്. അദ്ദേഹത്തിൻറെ ലേഖനം താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജ് 32ൽ വായിക്കാം.
Emalayalee News paper: സഭാനിയമങ്ങളും ഇന്ത്യൻ ഭരണഘടനയും
ഇന്ത്യയുടെ
പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് വത്തിക്കാന്റെ കാനോൻനിയമത്തിന് ഇന്ത്യൻ
ഭരണഘടനയുടെമേൽ അധികാരമുണ്ടെന്ന് ശ്രീ ജോയ്പോളിന്റെ ലേഖനം
വായിച്ചാൽ തോന്നിപ്പോവും. ഒരു വിദേശരാഷ്ട്രത്തലവൻ വത്തിക്കാനിൽനിന്ന് പരമാധികാരം കല്പ്പിച്ചുകൊണ്ട് നിയമങ്ങളെഴുതിയാൽ നാം അതിന്
വിലകൽപ്പിക്കെണ്ടതുണ്ടോ? ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു
പൈസാക്കുപോലും വത്തിക്കാൻ ഭരണഘടനയ്ക്ക് അവകാശവാദമുയർത്താൻ സാധിക്കില്ല. പിന്നെ നാം
ആരെ, എന്തിന് ഭയപ്പെടണം? ലേഖകൻ എഴുതിയതുപോലെ
പരമാധികാര റിപ്പബ്ലിക്കായ
ഭാരതത്തിന്റെ മണ്ണിന്മേൽ യാതൊരു വിദേശരാജ്യത്തിനും ഭരിക്കാൻ നിയമങ്ങളില്ല. ഇന്ത്യയിലെ
സ്വത്തുകാര്യങ്ങളിൽ കാനോൻനിയമങ്ങൾ ജയിച്ചിട്ടുള്ള ഏതു കേസാണ് നിലവിലുള്ളത്? പള്ളിയുടെ
കൊടുക്കൽ വാങ്ങലിൽ, വസ്തുക്രയവിക്രയങ്ങളിൽ നാളിതുവരെയായി
ഏതെങ്കിലും മാർപാപ്പാ ഒപ്പിട്ടതായ ചരിത്രവുമില്ല.
സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്‍റെയോ പുരോഹിതന്‍റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ലന്നുള്ളതും പരിതാപകരമാണ്. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല.
സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക് സർക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാസ്വത്തുക്കൾ സർക്കാരിന്‍റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്.
ഹൈക്കോടതിയുടെ ഒരു വിധിയിൽ അല്മായന് സഭാപരമായ സ്വത്തുക്കളിൽ നിയന്ത്രണവും അവകാശവും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടവകക്കാർക്കോ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെടുന്ന പള്ളിയിലെ അല്‍മായ കമ്മിറ്റിക്കോ സഭാപരമായ സ്വത്തുക്കള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നു 2012 ഒക്റ്റോബറിൽ, ഹൈക്കോടതി ജഡ്ജി കെ. വിനോദചന്ദ്രന്‍റെ ന്യായവിധിയിലുണ്ട്. കൊല്ലം, മുക്കാട് തിരുക്കുടുംബ ദേവാലയത്തില്‍ ഇടവകക്കാരും പള്ളിയധികാരികളും തമ്മിലുള്ള കേസിന്‍റെ വിധിന്യായമാണിത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലുള്ള ഓരോ പള്ളിയിലെയും ഇടവകക്കാർ ഒത്തുചേർന്ന് പള്ളിക്കെതിരായി ഇത്തരം അനേകം വിധികള്‍ നേടിയാൽ ചർച്ച് ആക്റ്റിനു കാലക്രമത്തിൽ പുരോഹിതർ കീഴ്പ്പെടേണ്ടിവരും.
അല്മായന് അനുകൂലമായ വിധി പുരോഹിതലോകത്തെ
ഞെട്ടിച്ചിട്ടുണ്ട്.
വിധിന്യായത്തിലെ പകർപ്പുകള്‍ കണ്ടിട്ടും പുരോഹിതർ സ്വേഛ്ചാധിപത്യം തുടരാമെന്നും ചിന്തിക്കുന്നു.
ഈ വിധിന്യായത്തിലൂടെ റോമാസാമ്രാജ്യത്തിന്‍റെ നിയമങ്ങൾ
ഇനിമേൽ ഈ രാജ്യത്തു നിലനില്‍ക്കുകയില്ലെന്നും വ്യക്തമാണ്. ഭാരതത്തിലെ വായുവിനും
വെള്ളത്തിനും വസ്തുവിനും
റോമായിലിരുന്നു ഭരിക്കുന്ന
ഒരു മാർപാപ്പാക്ക് എന്തധികാരമാണ് ഇന്ത്യൻ ഭരണഘടന കല്‍പ്പിച്ചിരിക്കുന്നത്? അധികാരം
ക്രിസ്തുവിന്‍റെ ആത്മീയസാമ്രാജ്യത്തിൽമാത്രം പോരേ? അതിനുപരി
അധികാരഭ്രാന്തുപിടിച്ചു സഭാസ്വത്തുക്കള്‍ ഇന്നും കൈവശം വെച്ചുകൊണ്ടിരിക്കുന്ന പുരോഹിതർക്കു
നിയമത്തിന്‍റെ സംരക്ഷണം നല്‍കുന്നതു കുറ്റകൃത്യം തന്നെയാണ്.
സ്വാതന്ത്ര്യം കിട്ടിയ കാലംമുതൽ പുരോഹിതർക്ക് മൂക്കുകയറിടാൻ
അനേക ഭരണക്കൂടങ്ങൾ ശ്രമിച്ചു. സർ സീപ്പിയും, പനമ്പള്ളിയും
ഇ.എം.എസും ഇവരുടെ മുമ്പിൽ പരാജയപ്പെട്ടു. ജനം അന്നെല്ലാം മെത്രാന്റെ
കൂടെയുള്ളതുകൊണ്ട് മാറി മാറി വന്ന സർക്കാരുകളുടെ
പദ്ധതികളൊന്നും വിജയിച്ചില്ല.
1950ൽ പനമ്പള്ളിയുടെ വിദ്യാഭ്യാസ പരിഷ്കാര പദ്ധതി
കൊണ്ടുവന്നു. അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ സേവനവ്യവസ്ഥകൾ, സ്കൂൾഫീസ് ഏകീകരണം
, കാര്യക്ഷമമായ
അദ്ധ്യാപക നിയമനത്തിനുള്ള സർക്കാർ ചുമതലകൾ, ശമ്പളവിതരണം,
സർക്കാരിന്‍റെ നേരിട്ടുള്ള നിയമനവും എന്നിങ്ങനെ പുരോഗമനപരമായ ആശയങ്ങളായിരുന്നു ഈ ബില്ലിലും ഉണ്ടായിരുന്നത്.
കത്തോലിക്കാ പുരോഹിതലോകം അന്നും ഈ ബില്ല് ഇല്ലാതാക്കി.അങ്ങനെ നേതൃത്വവും
ഉറപ്പിക്കുവാൻ സാധിച്ചു.
ആരെങ്കിലും
കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ
കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവർഗം തോല്‍പ്പിച്ചിട്ടുണ്ട്.
കഥകൾ ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യഭിചരിച്ച കറുത്ത അധ്യായങ്ങൾ
നിറഞ്ഞതാണ്. ചരിത്രം ഇന്നും മാറ്റമില്ലാതെ
തുടരുന്നു.
No comments:
Post a Comment