Translate

Thursday, April 3, 2014

കത്തോലിക്കന്റെ ആൾദൈവങ്ങൾ


രോഗശാന്തിയും പ്രവചനങ്ങളുമാണ്‌  കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുരുപ്പുചീട്ടുകൾ. ധ്യാനങ്ങളിൽ നടക്കുന്ന രോഗശാന്തികൾ  ഫെയിത്ത് ഹീലിംഗ് ആണെന്ന് ഫാദർ  ജോസഫ്‌ കുറുപ്പംപറമ്പിലിനെ (Joseph  k bill )  നെപ്പോലെയുള്ള  ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന വചന പ്രഘോഷകർ തുറന്നുസമ്മതിച്ചിരുന്നു.  ഫെയിത്ത് ഹീലിങ്ങിന്റെ അത്ഭുത ലോകം തുറന്നു കാട്ടുന്ന ഒരു ഗ്രന്ഥമാണ് ജൊസഫ് മര്‍ഫി എഴുതിയ 'The Power of  Your Subconscious Mind' എന്ന ഗ്രന്ഥം. ബോധ മനസ്സിന്‍റെ വലയത്തില്‍ നിന്ന് അബോധമനസ്സിന്റെ അകത്തളത്തിലേക്ക് ഒരു വ്യക്തിയെ കൊണ്ടുവരുകയെന്നതാണ് ഫെയിത്ത് ഹീലിങ്ങിന്റെ ആദ്യ പടി. അതിന് പഞ്ചെന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുന്നതോ, നിർവീര്യമാക്കുന്നതോ ആയ അനുഷ്ടാനങ്ങള്‍ അനിവാര്യമാണ്. ഉറക്കെയുള്ള ശബ്ദവും കുറഞ്ഞ അളവിലുള്ള വെളിച്ചവും കൊണ്ട്  ജനക്കൂട്ടത്തെ ഹിപ്നോടൈസ് ചെയ്യുന്ന മിടുക്കരായ ധ്യാനഗുരുക്കന്മാരുമുണ്ട്. വിരൽ ഇല്ലാത്ത ആര്ക്കെങ്കിലും ധ്യാനം കൂടി വിരൽ കിളിർത്തതായി കേട്ടിട്ടുണ്ടോ? കയ്യോ കാലോ ഇല്ലാത്തവർക്ക് മുളച്ചു വന്നതായി കേട്ടിട്ടില്ല  ഇനി കേൾക്കുകയുമില്ല. നമ്മുടെ ഒരു പ്രവചനക്കാരനും കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എല്ലാ വ്യക്തികളിലും ഇത്തരം വിശിഷ്ട സിദ്ധികള്‍ ഉണ്ട്; ചിലര്‍ ബോധപൂര്‍വ്വം അവ വളര്‍ത്തിയെടുക്കാരുമുണ്ട്. അവര്‍ ആളുകളുടെ മനസ്സിലെ ചിന്തകൾ വായിച്ചെന്നുമിരിക്കും അത്യാവശ്യം പ്രവചനങ്ങള്‍ നടത്ത്ടിയെന്നുമിരിക്കും. ഈ ക്ളെയർവോയന്റ്റ്  കഴിവുകൾ ക്രിസ്ത്യന്‍ കരിസ്മാറ്റിക്ക്കാർക്ക്  മാത്രമുള്ള കഴിവുകളല്ല, മറ്റു മതങ്ങളിലും സഭാ വിഭാഗങ്ങളിലുമുള്ളവരിലും  ഈ വരങ്ങളുള്ള ധാരാളം ആളുകളുണ്ട് ,എന്നാൽ ഇപ്പോള്‍ ഇത് പ്രദർശിപ്പിക്കുകയും വ്യവസായവത്കരിക്കുകയും  ചെയ്യുന്നത് കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ഞങ്ങൾ കാണിക്കുന്ന കഴിവുകൾ ദൈവത്തിൽ നിന്നുമുള്ളതാണ് എന്നാൽ മറ്റുമതക്കാരോ  പെന്തികൊസ്തു പോലുള്ള മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോ ഇവ കാണിച്ചാൽ അത് തിന്മയിൽ നിന്നുമാണെന്ന്  എന്നാണ് കരിസ്മാറ്റിക്ക് വ്യാഖ്യാനം.

ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന ഭ്രമ വലയത്തില്‍ കുടുങ്ങിയാല്‍, എന്ത് നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കു കിട്ടിയാലും അവരുടെ മനസ്സുകള്‍ അതിനോട് പ്രതികരിക്കുകയും തത്തുല്യമായ അനുരണനങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വയം സൃഷ്ടിക്കുന്ന ഇത്തരം ഭ്രമവലയത്തില്‍ ഏതൊരാള്‍ക്കും അവരിലെ മറഞ്ഞുകിടക്കുന്ന സിദ്ധികളെ പുറത്തു കൊണ്ടുവരാനുമാകും. അവയാണ് പ്രവചനവരമായും, ഭാഷാവരമായും വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വരങ്ങള്‍ 24 മണിക്കൂറുമോ, ആയുഷ്ക്കാലം മുഴുവനുമായോ എഴുതി കിട്ടുന്നവയല്ല, മാത്രമല്ല, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ വിപരീത ഫലം തന്നെ സൃഷ്ടിക്കുന്നവയുമാണെന്ന് മിക്ക ഫെയിത്ത് ഹീലര്‍മാരും അറിയുന്നില്ല. 

(ചിന്തകൾക്ക് മാറ്റം വരുമ്പോൾ അത് ശരീരത്തിൽ പ്രതിഫലിക്കും അങ്ങനെ രോഗശാന്തി കിട്ടാം. ശരീരവും മനസ്സുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർക്ക് അത് മഹാത്ഭുതമായി തോന്നുകയും ചെയ്യും   .ശക്തിയായി കൈകൊട്ടുമ്പോൾ  കൈകളിലെ അക്യുപ്രഷർ  പൊയന്റ്സ് ഉദ്ദീപിക്കപ്പെടും (ഇത് ഇമ്മിഡിയറ്റ് ഇഫക്റ്റ് ഉണ്ടാക്കില്ല)
അങ്ങനെയും ഹീലിംഗ് കിട്ടാം .) 

സ്വയം ആലോചിച്ചു ഒരു തീരുമാനമെടുക്കനാവുന്ന എത്ര കത്തോലിക്കർ ഇന്നുണ്ട് ?  അനുദിനം പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന ന്യായ വാദങ്ങള്‍കൊണ്ട്  നാം പൂര്‍ണ്ണമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൈവം സ്നേഹമാണ്, അനന്ത സ്നേഹമാണ്ന്‍, പരിമിതികളില്ലാത്ത സ്നേഹമാണ് എന്ന് നാം പഠിക്കുന്നു. പരിമിതികളില്ലാത്ത അനന്ത സ്നേഹത്തെ എങ്ങിനെ നമുക്ക് പ്രകോപ്പിക്കാനാവും എന്ന് സ്വയം ചോദിക്കുന്ന എത്രപേരുണ്ട്? കന്യാസ്ത്രീകളും വൈദികരും വരെ ദൈവഹിതം അറിയാനായി കൗൻസിലർമാരെ തേടി നടക്കുകയാണ് . ദൈവഹിതം എന്ന പേരിൽ ഇവർ പറയുന്നത് ആരുടെ ഹിതമാണ് ? അധ്യാപക, ബാങ്ക് ജോലികൾ വരെ ഉപേക്ഷിച്ചു  കൌന്സില്ലിംഗ് തൊഴിലാക്കിയവരുടെ എണ്ണം ഒന്നുംരണ്ടുമല്ല. അടുത്ത കാലത്തു ഒരു മലയാള ദിനപ്പത്രം നടത്തിയ സര്‍വ്വേയില്‍ പരിശീലനമൊ, യോഗ്യതയോ ഇല്ലാതെ കൌന്സലിംഗ് നടത്തി അനേകരെ നശിപ്പിച്ചവരെപ്പറ്റി എഴുതിയിരുന്നു.ശ്രീ തോമസ്‌ പാലാ "ചാത്തന്മാരും സിദ്ധന്മാരും" എന്ന പുസ്തകം എഴുതിയ കാലത്ത്  വിരലിലെ ണ്ണാവുന്ന സിദ്ധന്മാരെ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ  എന്നാൽ ഇന്ന്  ഓരോ ഫൊറോനയിലും  ഒന്നിലധികം പ്രാർത്ഥനക്കാരായ സിദ്ധന്മാരുണ്ട്‌ .ഈ കഴിവുകൾ ജീവിതവിശുദ്ധിയുടെയോ  ഉയർന്നഅത്മീയതയുടെയോ  അടയാളമായികാണുന്ന വിശ്വാസികൾ പലപ്പോഴും വഞ്ചിക്കപ്പെടുന്നു.

 പോട്ടയുടെ നല്ലകാലത്ത് ശ്രീ അരവിന്ദാക്ഷമേനോൻ യേശുവിനെ പ്രജാപതി യാക്കിയിരുന്നു "പ്രജാപതിയാഗമെന്ന കുരിശുമരണം" എന്ന പുസ്തകം അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു .അതുപോലെ ശ്രീ ബെന്നി പുന്നത്തറ എഴുതിയ " ജീസസ് ദി പ്രാണിക് ഹീലെർ" എന്ന പുസ്തകം ഇറങ്ങിയ കാലത്ത് കുറേവിശ്വാസികളെ   ഒത്തിരി വേദനിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും  ചെയ്തതാണ് . ഇന്ന് രണ്ടുകൂട്ടരും ഈ പുസ്തകങ്ങൾവിപണിയിൽ നിന്നു പിൻവലിച്ചു.  പഴയ കോപ്പികൾ കയ്യിലുള്ളവർ ഇവയെ അമൂല്യ ഹാസ്യഗ്രന്ഥങ്ങളായി സൂക്ഷിച്ചുവെച്ചിരിക്കുന്നു.       
 
ഭയപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആത്മീയതയല്ല .തീവ്രമായ ഭക്തി പ്രകടന ങ്ങളിലൂടെ ആത്മനിന്ദയും വിഭാഗീയതയും അഹങ്കാരവും കുറ്റബോധവുമുള്ള അടിമളെ സൃഷ്ടിക്കുന്ന ഫാക്ടറികളാണ് ധ്യാനകേന്ദ്രങ്ങൾ. ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയചര്യയായി   പഴയകാലത്തെ ചില കത്തോലിക്കാ സഭാവിഭാഗങ്ങൾ   കരുതിയിരുന്നു.
താൻ ശരിയെന്നു കരുതുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളതെല്ലാം തിന്മമാത്രമാണെന്നും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന് ആത്മീയതയുടെ ആദ്യ പാഠങ്ങൾ പോലും അന്യമാനെന്നുള്ളതാണ് വാസ്തവം .( കത്തോലിക്കാ എന്ന വാക്കിന്റെയർത്ഥം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നത് എന്നാണ് )  
     

അവനവന്റെ ഉള്ളിലേയ്ക്കുറ്റുനോക്കി  സ്വന്തം ചൈതന്യം  തിരിച്ചറിയാൻ  മനുഷ്യരെ പ്രാപ്തമാക്കുന്ന  എല്ലാ വഴികളിൽ നിന്നും അവരെ തടയുക എന്ന കൊടുംപാതകവും ഈ പ്രസ്ഥാനം ആരംഭകാലം മുതൽ  വിജയകരമായി ചെയ്തു വരുന്നു   
ഒരു ജന്മം മുഴുവൻ ഒരു മനുഷ്യാത്മാവിനെ  കുടുക്കിയിടാന്മാത്രമുള്ള ലൊടുക്കുവിദ്യകളും വ്യാജ അനുഭൂതികളും നിറഞ്ഞ  പൊട്ടക്കിണറാണ്  കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ എന്ന് പറയാതെ വയ്യ. നവീകരണമെന്നത് പേരിൽ മാത്രമേയുള്ളൂ . പ്രതികരണശേഷിയില്ലാത്ത, ഒന്നിനും കൊള്ളാത്ത, മോസ്കിന്റെയോ ക്ഷേത്രത്തിന്റെയോ പരിസരത്തുകൂടെ പോലും പോകാൻ പേടിയുള്ള ,ഹിന്ദുവിന്റെയൊ മുസ്ലിമിന്റെയോ വീട്ടില്നിന്നും ഭക്ഷണം കഴിക്കാൻ പേടിയുള്ള ഭൂമിയിലും പാതാളത്തിലുമല്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു എന്നതാണ് നാം നടത്തിയ നവീകരണങ്ങളുടെ ആകെ ഫലം. Understanding, belief, faith, trust ...ഇതിനെല്ലാം കൂടി നമുക്ക് മലയാളത്തില്‍ ഉള്ളത് ഒരൊറ്റ വാക്ക് - വിശ്വാസം. ഭാഗ്യം !

anoopg@hotmail.co.uk

7 comments:

  1. മനുഷ്യർ അവരുടെ ഇത്തിരി പോരുന്ന തലയിൽ വച്ചുകൊണ്ടു നടക്കുന്ന ഓരോ വിശ്വാസങ്ങൾ കേട്ടാൽ തലചുറ്റും. രണ്ടാം ക്ളാസ്സിൽ തോറ്റിട്ട് കൈനോട്ടവും ഭാവിപറച്ചിലുമായി നടക്കുന്നവരെയാണ് ക്രിസ്ത്യാനികള്ക്ക് പോലും ദൈവത്തെക്കാൾ വിശ്വാസം. എന്ത് ചെയ്യണമെങ്കിലും അവരോടാണ് ആലോചന. ഇങ്ങനെ ആലോചിക്കാൻ പോകയും അവർ പറയുന്ന ഫീ കൊടുക്കുകയും ചെയ്യുന്നവർ അഭ്യസ്ത വിദ്യരാണുതാനും. വീട്ടിലേയ്ക്ക് ഒരു വഴി വെട്ടണമെങ്കിലും ജോത്സ്യനെ തേടിപ്പോകും. ഇത്തരം ജോത്സ്യന്മാർ അഞ്ചും ആറും ലക്ഷം മുടക്കി ഓരോ ആഴ്ചയിലും മാസികളിൽ പരസ്യം കൊടുക്കുമ്പോൾ പണി ലാഭകരമാണോ എന്ന് ചോദിക്കേണ്ടതില്ലല്ലോ. ഇവരുടെ കെണിയിൽ പെടുന്നവർ നിർബന്ധമായും വായിക്കേണ്ട ഒരു പുസ്തകമാണ് ശ്രീ സി. രവിചന്ദ്രന്റെ പകിട 13.
    കത്തോലിക്കാ സഭയും കണ്ടമാനം അന്ധവിശ്വാസങ്ങൾ പരിപോഷിപ്പിച്ച്ചാണ് കാശുണ്ടാക്കുന്നത്. ഒപ്പീസുകളും വെഞ്ചരിപ്പുകളും മറ്റും ഇതിൽപ്പെടുന്നു. ചെയ്തു ശീലിച്ചവർക്ക് ഇവയൊക്കെ അത്യാവശ്യ തന്ത്രങ്ങളാണ്, ഓരോരോ ശാപങ്ങളിൽ നിന്ന് രക്ഷപ്പെടാൻ. വൈദികർ ഈ വിഡ്ഢിത്തത്തെ വളർത്തുന്നു. പിള്ളേരിൽ ഇത്തരം വിഷം കുത്തിവയ്ക്കാൻ ഞായറാഴ്ചകളിൽ സമയം പോരാഞ്ഞിട്ട്, സ്കൂൾ അവധിക്കാലത്തും അവരെ വിളിച്ച് ബൈബിൾ, വിശ്വാസ അദ്ധ്യയനം നടത്തുകയാണ് അച്ചന്മാർ. കുഞ്ഞുങ്ങള അവരുടെ അവധിക്കാലം കൂട്ടുകൂടി കളിച്ചും ഓടിനടന്നും ചെലവഴിക്കണമെന്ന് നിർബന്ധം പിടിക്കാനുള്ള വിവരം മാതാപിതാക്കൾക്ക് ഒട്ടില്ല താനും. മറ്റു മതക്കാർക്ക് തെല്ലെങ്കിലും ആശ്വാസമുണ്ട്. സത്യവും നേരും നെറിവുമുള്ള ജീവിതമര്യാദകൾ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് കഴിവുമില്ല സമയവുമില്ല. അപ്പോൾ നവീകരണം എന്നത് അസംഭവ്യമാണ്. ഒരു ധാർമികബോധവുമില്ലാത്ത ജനമായി ഇന്ത്യാക്കാർ മാറിക്കൊണ്ടിരിക്കുന്നു. ജോത്സ്യന്മാരും ആൾദൈവങ്ങളും വിവരംകെട്ട പുരോഹിതരുമാണ് ഇതിനുത്തരവാദികൾ. എല്ലാ മതസ്ഥരെയും ബാധിക്കുന്ന കാര്യമാണിത്. മതമില്ലാത്ത സമൂഹങ്ങളിൽ മനുഷ്യർ കൂടുതൽ മാന്യതയും പരസ്പര ബഹുമാനവും പ്രകടിപ്പിക്കുന്നു എന്നത് ഒരു വലിയ സത്യമാണ്. ഇന്നത്തെ അഴിമതിയുടെ സർവവ്യാപകത്വം അന്ധമായ മതവിശ്വാസങ്ങളുടെ പരിണതഫലമാണ്. കോഴകൊടുത്ത് വശീകരിക്കാവുന്ന ദൈവങ്ങളാണ് എല്ലാ മതങ്ങളിലും വച്ചുപൂജിക്കപ്പെടുന്നത്.

    ReplyDelete
  2. ഫെയിത്ത് ഹീലിംഗിനെപ്പറ്റിയുള്ള അനൂപിന്‍റെ ലേഖനം കണ്ണു തുറപ്പിക്കേണ്ടത് തന്നെയാണ്. പ്രവചന വരം മുതല്‍ ..... പരകായ പ്രവേശം വരെ സിദ്ധികള്‍ ഏതാണ്ട് 32 എന്ന് നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെരിയൊരളവില്‍ എല്ലാവരിലും ഉണ്ട് താനും. ഇത് ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇന്ന് നമുക്കറിയാം. വിജയവാഡാക്കടുത്ത് അവിട്ടപ്പള്ളി എന്നാ സ്ഥലത്ത് ജൊസഫ് തമ്പി എന്നൊരു സാധു ജീവിച്ചിരുന്നു. അദ്ദേഹം രണ്ടാം ലോക മഹായുദ്ധ കാലത്ത് വിദേശത്തു നടന്നുകൊണ്ടിരുന്ന കാര്യങ്ങള്‍ ഇവിടിരുന്ന് അപ്പപ്പോള്‍ വിശദീകരിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. (ആ സ്ഥലം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്). അനേകം അത്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് (ഏറ്റെടുക്കാന്‍ ആളില്ലാതിരുന്നത് കൊണ്ട് അദ്ദേഹം വിശുദ്ധനായില്ല). ഇതൊന്നും പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല അദ്ദേഹം ചെതിരുന്നത്. ആടിനെ പോലും കെട്ടാന്‍ കൊള്ളില്ലാത്ത ഒരു കുടിലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. അതിപ്പോഴും അതുപോലെ അവിടെയുണ്ട്.
    ഈ സിദ്ധികളുടെ ലോകത്തുകൂടിയല്ലാതെ ആത്മീയമായ വളര്‍ച്ചയും സാദ്ധ്യമല്ല. പക്ഷെ, വളര്‍ച്ചയുടെ ഘട്ടത്തില്‍ നാം ഇതിന്‍റെ മായാ വലയത്തില്‍ പെടുകയും തുടങ്ങിയതിലും വലിയ പ്രതിസന്ധിയില്‍ ജീവിതം തുടരുകയും ചെയ്യുന്നു. ഈ മേഖലയിലൂടെ മുന്നോട്ട് പോകണമെങ്കില്‍ നമുക്ക് ഒരു ഗുരുവുണ്ടായിരിക്കണം, ആ സാഹചര്യത്തെ നേരിടാനുള്ള കരുത്തും ഉണ്ടായിരിക്കണം. അത് ആര്ജ്ജിക്കണമെങ്കില്‍ നിശ്ശബ്ദതയുടെ ആഴത്തിലൂടെ അഹം നിര്‍വീര്യമാക്കിക്കൊണ്ടേ സാധിക്കൂ.
    എന്‍റെ വിധി എന്നൊരു ലേഖനം ഇതിന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നല്ലോ. അവിടെ നാം ഉപസംഹരിച്ചത്‌, പ്രപഞ്ചം അതിന്റേതായ ഒരു പദ്ധതിയിലൂടെ നീങ്ങുന്നു; അതില്‍ നമ്മുടെ ദൌത്യം തിരിച്ചറിഞ്ഞ് അതിനെ മനോഹരമാക്കുക എന്നതാണ് ജീവിത ധര്‍മ്മം എന്നൊരു നിഗമനത്തിലാണ് നാം എത്തിയത്. അത് ശരിയായിരുന്നു താനും. പ്രവചനം വഴി (അത് ശരിയാണെങ്കിലും അല്ലെങ്കിലും) അനേകരുടെ ഗതി മാറ്റാന്‍ കഴിയും, പക്ഷെ അത് വഴി പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് ഇതിന് കാരണക്കാരന്‍ ആയവന്‍ സമാധാനം പറയേണ്ടിവരും എന്നത് പരമമായ ഒരു സത്യമാണ്. വിതക്കുന്നവന്‍ വിതച്ചത് കൊയ്യും എന്ന വാക്യം, കാരണം സൃഷ്ടിച്ചവന്‍ ഫലവും അനുഭവിക്കും എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഏതൊരു സിദ്ധിയുടെ പ്രയോഗവും ഈ തത്ത്വത്തെ മറികടക്കുന്നതല്ല. അത് കൊണ്ടാണ് അറിയുന്നവര്‍ പറയുന്നില്ല, പറയുന്നവര്‍ അറിയുന്നില്ലാ എന്ന് പറയുന്നത്.
    ഇവിടെ മറ്റൊരു കാര്യവും കൂടി നാം അനുസ്മരിക്കേണ്ടതുണ്ട്, വിശുദ്ധരായ സിദ്ധന്മാര്‍ അവരുടെ പ്രവര്‍ത്തികള്‍കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളും ഏറ്റെടുക്കാന്‍ തയ്യാറായാണ് ഇത് ചെയ്യുന്നതെന്നാണ്. യേശു അനേകരെ സുഖപ്പെടുത്തി, അവരുടെ പാപങ്ങള്‍ മോചിക്കുകയും ചെയ്തു. യേശു കുരിശു മരണം വഴി മറ്റുള്ളവര്‍ അനുഭവിക്കേണ്ട ഫലങ്ങള്‍ അവസ്ഥാന്തരം ചെയുകയും ചെയ്തു. നമ്മുടെ ചുറ്റുമുള്ള സിദ്ധന്മാര്‍ കാരണങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ അഹം കൂടുതല്‍ മനോഹരമാക്കുകയുമാണ് ചെയ്യുന്നത്, ഫലം യേശു ഏറ്റുകൊള്ളും എന്നാണ് അവര്‍ കരുതുന്നത്. അവിടെയാണ് അവര്‍ക്ക് തെറ്റുന്നത്. ലൂര്‍ദ്ദില്‍ നടന്ന ഒരത്ഭുതം ശാസ്ത്രീയമായി ഫെയിത്ത് ഹീലിംഗ് ആയിരുന്നു എന്ന് ജൊസഫ് മര്‍ഫി വിശദീകരിക്കുന്നുണ്ട്.
    ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവനും ചെറിയ അളവില്‍ ബ്രെയിന്‍ വാഷ്ട് ആണ്. ഒരു കള്ളം സത്യമാണെന്ന് ഏറെ പ്രാവശ്യം പറയുമ്പോള്‍ അത് സത്യമാണെന്ന് നാം വിശ്വസിച്ചു പോകും. ഈ ദുരന്തത്തില്‍ ഏറ്റവും ആഴത്തില്‍ പെട്ടു പോയിട്ടുള്ളത് ഈ വാഷിംഗ് നടത്തുന്നവര്‍ തന്നെയാണ്. അതുകൊണ്ടാണ് സഭ ചെയ്യുന്ന തെറ്റുകള്‍ എത്ര യുക്തി സഹമായി ചൂണ്ടിക്കാണിച്ചു കൊടുത്താലും അവര്‍ക്ക് മനസ്സിലാകാത്തത്....കൃത്യമായും അവരെ ഉദ്ദേശിച്ചു തന്നെയാണ് യേശു പറഞ്ഞത്, 'അന്ധരായ വഴികാട്ടികളെ' എന്ന്. ഒരാള്‍ ആത്മീയമായി വളരണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന്‍റെ ഉള്ളിലുള്ള programmes and conditions അപ്പാടെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയായിരിക്കാം, പക്ഷെ അത് മാത്രമാണ് ശരിയെന്ന് ഞാന്‍ ശഠിച്ചാല്‍ എന്‍റെ വളര്‍ച്ച പിന്നോട്ടാണെന്ന് ഉറപ്പിക്കാം.

    ReplyDelete
  3. മലങ്കര നസ്രാണിക്ക് വീണ്ടും ലോട്ടറിയടിച്ചു ! ദാ ഒരുവെടിക്ക് രണ്ടുപക്ഷി ! പോപ്പിൻറെ കരുണ കർത്താവിനെയും തോൽപ്പിച്ചു! ഓരോ ഗ്രാമത്തിലും മുക്കിനുമുക്കിനു രണ്ടു കുരിശടികൾകൂടി ! പല പുണ്യാളന്മാരും ഒട്ടും വിറ്റുപിരിവില്ലാതെ ഓരോ രൂപക്കൂട്ടിൽ കത്തനാർക്കുവേണ്ടി ജയിൽ വാസംചെയ്യുന്ന ഈ കലികാലത്തിൽ , പുതിയവരുടെ ഗതി എന്താകുമോ? എന്തായാലും ചിന്തിക്കാത്ത ജനമുള്ളിടത്തോളം , കത്തനാര്ക്കും കർദ്ദിനാൾക്കും കൊയ്തു കാലം തന്നെ ! ഏതായാലും സ്വർഗസ്ഥനായ പിതാവിനും പുത്രനും രൂഹായിക്കും പരമസുഖം ,കാരണം കത്തനാരും അടിമജനവും പുണ്യാളന്മാരൊടു കശുപിശാ പറഞ്ഞോളുമല്ലോ ! ക്രിസ്തുവിനെ മറന്ന ക്രിസ്താനീ നീ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു !

    ReplyDelete
  4. ഒപ്പീസുകളും വെഞ്ചരിപ്പുകളും ഇന്ന് വിശ്വാസികളെ ബാധിച്ച ഒരു വൈരേൽ ഫീവരാണുപോലും ! രാഹുകാലം നോക്കുന്നതുപോലും തെറ്റെന്നു കരുതുന്ന കത്തനാർ ,ആടുകൾ വാങ്ങുന്ന നിത്യോപകരണ സാധനങ്ങളുപോലും കൂദാശ ചെയ്തു കാശീടാക്കുന്നു ! ഗ്രാമങ്ങളിൽ ,കാർ,ഇരുചക്ര വാഹനങ്ങൾ ഫ്രിഡ്ജ്‌ ,വാഷിങ്ങ്മെഷിൻ എന്ന് വേണ്ടാ എഴുതുന്ന പേന വരെ അച്ചായാൻ കത്തനാരെകൊണ്ട് കൂദാശ ചെയ്യിക്കും ! ലോഹക്കൂട്ടിൽ കയറിപ്പറ്റിയാൽ ജീവിതമേ സ്വര്ഗം എന്നപോലയി സഭയും സംഭവങ്ങളും ! ഭാഗ്യം ഉണ്ടേൽ ഒരിക്കൽ പുണ്യാളനുമാകാം !

    ReplyDelete
  5. ഇപ്പോഴത്തെ പാപ്പാ പറയുന്നതും ചെയ്യുന്നതുമൊക്കെ മിക്കവാറും വളരെ നല്ല കാര്യങ്ങളാണ്. എന്നാൽ തന്റെ ഒരു മുൻഗാമിയായിരുന്ന ജോണ്‍ പോൾ രണ്ടാമന്റെ ഒരു ബലഹീനതയായിരുന്ന പുണ്യാളനിർമാണം ഇദ്ദേദ്ദേഹവും തുടരുന്നത് വളരെ ശോചനീയമായി തോന്നുന്നു. ദൈവത്തിൽ നിന്ന് മനുഷ്യരെ അകറ്റാനല്ലാതെ വേറെന്തിനാണ് ഈ പുണ്യാളരെക്കൊണ്ട് ഉപകാരം? ഇവർ ചെയ്തെന്നു പറയുന്ന 'വല്യ'കാര്യങ്ങളൊക്കെ ദൈവത്തിനു സാധിക്കുന്നില്ല എന്നതുകൊണ്ടാല്ലേ തദേവൂസ് തൊട്ട് കുപ്രത്തീനോസ് വരെയുള്ള, നമുക്കൊരു പരിചയവുമില്ലാത്തവരുടെ പുറകേ മെഴുകുതിരിയും കത്തിച്ച് കോഴക്കാശുമായി മനുഷ്യർ ഓടിനടക്കുന്നത്? ആരോടും പ്രാർത്ഥിക്കാതെ തന്നെ ക്യാൻസർ വരെ സുഖമാകുന്നു. അപ്പോൾ ഒരു കൊച്ചിന്റെ കാഴ്ച മെച്ചപ്പെടുന്നതും വേറൊരു കുട്ടിക്ക് നടക്കാറാകുന്നതും മരിച്ചുപോയ ഓരോരുത്തരുടെ സ്വർഗീയ കഴിവുകളാണെന്നും മറ്റും ഒരു പോപ്പിനെപ്പോലും വിശ്വസിപ്പിച്ച് പുതിയ പുരോഹിതബാങ്ക് ഏജൻസികളെ നിയമിക്കുന്ന ഈ കുതന്ത്രം ഇന്നത്തെ സംസ്കാരത്തിനും മതബോധത്തിനും ഒട്ടും ചേരുന്നതല്ല. അതുപോലെതന്നെയാണ് പുതിയ കർദിനാളന്മാരെ നിയമിച്ച് ഓരോ പ്രാദേശിക സഭകളെ സുഖിപ്പിക്കുന്നതും. മാറൊരിടത്തും സ്ഥാപിക്കാൻ കൊള്ളാത്തവരെ സംസ്ഥാനങ്ങളുടെ ഗവർണരാക്കുന്ന ഇന്ത്യൻ നയം പോലെ ഖജനാവ് കാലിയാക്കാനുള്ള ഓരോരോ ഏർപ്പാടുകൾ. ഇത്രയും ബുദ്ധികൂമതയും വിശാലകാഴ്ച്ചപ്പാടുമുള്ള പോപ്‌ ഫ്രാൻസിസ് പോലും ഇതിനൊക്കെ അടിപ്പെട്ടു പോകുന്നതിൽ ദുഃഖമുണ്ട്.

    ReplyDelete
  6. വെറുതെ കിടന്നു സഹിച്ചതിനു അല്ഫൊൻസാമ്മ വിശുദ്ധയായി .മരാമത്തു പണികൾ നടത്തിയും സ്കൂളുകൾ സ്ഥാപിച്ചും ചാവറയച്ചനും ലിസ്റ്റിൽ കയറിക്കൂടി .Cash Making Institutions എന്ന് വിശേഷിപ്പിക്കാവുന്ന സീഎംഐക്കാർ കോടികൾ വാരിയെറിഞ്ഞത് മുതലാക്കാൻ വേണ്ടത് ചെയ്തുകൊള്ളും .ഇപ്പൻസാർ മുൻപ് പറഞ്ഞതുപോലെ കൂടുതൽ വിശുദ്ധരെയുണ്ടാക്കി മാർക്കെറ്റ് ഇടിയ്ക്കനായിരിയ്ക്കും പാപ്പയുടെ ശ്രമം. ജീവിച്ചിരിക്കുന്ന വിശുദ്ധരെ തിരിച്ചറിയാതെ മരിച്ചു ശവക്കുഴിയിലുള്ള വിശുദ്ധർ കോങ്കണ്ണൂമാറ്റി എന്നൊക്കെ തട്ടിവിടുമ്പോൾ ലോകാത്തിനു മുൻപിൽ സഭ സ്വയം ചെറുതാവുകയാണ് . എവുപ്രാസിയമ്മ ഒരു മീഡിയം ആയിരുന്നു .ആത്മാക്കളെ കാണാനും അവയുമായി സംസാരിയ്ക്കാനും അവർക്ക് കഴിഞ്ഞിരുന്നു എന്ന് അവരുടെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൃതസന്ദേശവാഹകരെ അകറ്റി നിറുത്തണമെന്ന് പറയുന്ന സഭ അങ്ങനെയൊരാളെ വിശുദ്ധയാക്കുന്നു

    ReplyDelete
    Replies
    1. മാർക്കെറ്റ് ഇനിയെവിടെ ഇടിയാനിരിക്കുന്നു? ഒബാമക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊടുത്തതുപോലുണ്ട് JP II ന് വിശുദ്ധ പട്ടം കൊടുക്കുന്നത്. സഭാംഗങ്ങളെയെല്ലാം വിശുദ്ധർ എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ദൈവസ്നേഹവും മനുഷ്യസ്നേഹവും ജീവിതത്തിൽ പകർത്തിയവർ എന്ന അർത്ഥത്തിൽ അത് ശരിയുമായിരുന്നു. ഇന്ന് അദ്ഭുതങ്ങൾ നടത്തുന്നവർ മാത്രമാണ് വിശുദ്ധരായി അംഗീകരിക്കപ്പെടുന്നത്. ജീവിച്ചിരുന്നപ്പോൾ സ്വന്തം തലവേദന പോലും മാറ്റാൻ ഇവർക്ക് സാധിച്ചിരുന്നില്ല. JP II ആണെങ്കിൽ പാർകിൻസണ്‍സ് രോഗവുമായി എത്രയോ കാലം തന്റെ കസേരയിൽ മുറുകെപ്പിടിച്ചുകൊണ്ടിരുന്നു! ഒരു പന്ത്രണ്ടു കൊല്ലം മുമ്പ് രാജിവച്ചു പോയിരുന്നെങ്കിൽ അത്രയും നേരത്തെ പോപ്‌ ഫ്രാൻസിസ് ആ സ്ഥാനത്തു വന്നേനെ. ഇത്രയും അധികാരക്കൊതിയനായിരുന്ന ഒരു സൂത്രശാലി വിശുദ്ധനായിരുന്നുവെന്നു പറയാമെങ്കിൽ അടുത്ത ചാൻസ് എ .കെ. ആന്റണിക്കും സോണിയായ്ക്കും ആണ്. ഉമ്മനും ആന്റോ ആന്റണിയും എന്നാ മോശമാണോ? ഇവരൊക്കെ ഇന്ത്യയെയും കേരളനാടിനെയും പോന്നുപൂശുന്ന അദ്ഭുതം ചെയ്തുകൊണ്ടിരിക്കുന്നവരാണല്ലോ. അങ്ങനെ നോക്കിയാൽ ഇനിയിപ്പോൾ ഇന്ത്യക്ക് പുണ്യവാന്മാരുടെ ഒരു കൊയ്ത്തുതന്നെ നടത്താം. മാർക്കെറ്റ് ഇടിക്കാൻ തന്നെയായിരിക്കും പാപ്പയുടെ പുറപ്പാട്. മറ്റൊരു ന്യായീകരണവും ഈ പരിപാടിക്ക് ഉണ്ടെന്നു വരാൻ വഴിയില്ല. അങ്ങനെയെങ്കിൽ, അദ്ദേഹത്തിൻറെ പുത്തി സമ്മതിക്കണം.

      Delete