Translate

Monday, April 7, 2014

ഇവരോട് ക്ഷമിക്കണേ!


രണ്ടു മൂന്ന് ആഴ്ച മുമ്പ് എന്‍റെ തിരഞ്ഞെടുത്ത കുറെ കത്തോലിക്കാ സുഹൃത്തുക്കള്‍ക്ക് ഞാനൊരു ചോദ്യം അയച്ചുകൊടുത്തു. ഇത് ചോദ്യാവലികളുടെ സീസണ്‍ ആണല്ലോ; മാര്‍പ്പാപ്പയുടെ ചോദ്യാവലിയല്ലെ ഇവിടെ എത്താത്തതുള്ളൂ, അതിനും കൂടി കൂട്ടി ഫെയിസ് ബുക്കിന്‍റെത് ധാരാളം എത്തുന്നുണ്ടല്ലോ.
സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയിലെ “മറ്റുള്ളവര്‍ ഞങ്ങളോട് ചെയ്ത തെറ്റുകള്‍ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ.” എന്ന വാക്യത്തില്‍ നിന്ന് നിങ്ങള്‍ക്കെന്തു മനസ്സിലായി എന്ന് വിശദീകരിക്കുക?  എന്നതായിരുന്നു ചോദ്യം. ഇരുപതോളം പേര്‍ അതിനോട് പ്രതികരിച്ചു. ഒരാള്‍ മാത്രം ഇങ്ങിനെയൊരു വാചകം ശ്രദ്ധിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞു. ബാക്കിയുള്ളവരുടെ അഭിപ്രായങ്ങള്‍ ഞാനിവിടെ സംഗ്രഹിച്ചിരിക്കുന്നു.
‘അരമനകള്‍ വഴി ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്നത് സ്വര്‍ഗ്ഗത്തിലെ ഇഷ്ടങ്ങളുടെ സൂചനകള്‍ ആണോ?’ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ MP ആക്കുക, ബെനഡിക്ടച്ചനെ വിശുദ്ധനാക്കുക തുടങ്ങിയവയാണോ ദൈവേഷ്ടം? ഇങ്ങിനെ കുറെ ചോദ്യങ്ങളും, ഏതു നിമിഷവും ഹര്‍ത്താല്‍, പണിമുടക്ക്‌, കറന്റ് കട്ട്, നാമകരണം മുതലായവ ഉണ്ടാവാന്‍ കേരളത്തില്‍ ഏറെ സാധ്യതയുള്ളതുകൊണ്ട് കേരളത്തിലെ മഠങ്ങള്‍, സെമ്മിനാരികള്‍, ധ്യാന കേന്ദ്രങ്ങള്‍ ഇവകളില്‍ അന്നന്ന് വേണ്ട ആഹാരം ...... എന്നുള്ളതിന് പകരം  ‘അതാതു  മാസം വേണ്ട ആഹാരം ഒന്നാം തിയതി തന്നെ ഞങ്ങള്‍ക്ക് തരേണമേ’ എന്ന് തിരുത്തണം, ‘അപ്പം ഇവിടെ വ്യാപകമായി വീടുകളില്‍ ഉപയോഗത്തിലില്ലാത്തതുകൊണ്ട്, അപ്പത്തിന്‍റെ സ്ഥാനത്ത്  ചപ്പാത്തി/കപ്പ/ചക്ക തുടങ്ങിയ ഓപ്ഷനുകള്‍ കൂടി ഇവിടെ വേണം .... തുടങ്ങിയ പ്രായോഗിക നിര്‍ദ്ദേശങ്ങളും ചിലര്‍ അയച്ചു തന്നു. ഇതെല്ലാം പരിഗണിച്ച് ഈ പ്രാര്‍ത്ഥന പുനരാവിഷ്കരിക്കാന്‍ ചില നടപടികള്‍ ഉടന്‍ കൈക്കൊള്ളുന്നതാണ്.
ചോദ്യത്തിനുള്ള മറുപടികള്‍ ഇങ്ങിനെ:
“മറ്റുള്ളവരുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കുന്നതു പോലെ എന്നത് പരിസ്ഥിലോല പ്രദേശങ്ങളിലും നഗരങ്ങളിലും പ്രായോഗികമല്ലാത്തതുകൊണ്ട് ഇടുക്കി, താമരശ്ശേരി, മാനന്തവാടി, തൃശ്ശൂര്‍, കാഞ്ഞിരപ്പള്ളി, കോതമംഗലം, ചിക്കാഗോ, ചങ്ങനാശ്ശേരി, പാലാ മുതലായ എട്ട് രൂപതകളിലെങ്കിലും മെത്രാന്മാര്‍ക്ക് മാത്രമായി ഇതിന് സ്റ്റേ അനുവദിക്കണം.” മാണി കുര്യന്‍.
“കുറ്റാരോപിതന് യാതൊരു ക്ഷതവും വരുരുതെന്ന് പ്രത്യേകം കരുതലോടെ കുറ്റാരോപിതനെനെതിരായി കേസും ശിക്ഷയും നടത്തി അവനെ കുളിപ്പിച്ച് കിടത്തുന്ന ഒരു സമ്പ്രദായം കോതമംഗലത്തുണ്ട്, അതിനെ ക്ഷമയുടെ ഭാഗമായി എല്ലാവരും കാണണം.” ചാക്കോ  കെ എസ്.
“മക്കളില്ലാത്തവര്‍ക്ക് സ്വത്ത് വേണ്ടെന്നുള്ള കാഞ്ഞിരപ്പള്ളി ഭാഗത്തെ നാട്ടുനടപ്പും പരദ്രോഹത്തിന്‍റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത് കൊള്ളാം.” ഉലഹന്നാന്‍ കാഞ്ഞിരപ്പള്ളി.
“വൈദികരെയോ മെത്രാനെയോ നികൃഷ്ടജീവി, ക്ഷുദ്രജീവി എന്ന് വിളിക്കുന്നവരോട് മെത്രാന്മാര്‍ ക്ഷമിക്കുന്നുണ്ടല്ലോ. അടുത്ത ദിവസം ‘ഇയ്യാളെയാരാ മെത്രാന്‍ ആക്കിയത്’ എന്ന് ചോദിച്ച MLA യുടെ കൂടെ അതേ മെത്രാന്‍ ചിരിച്ചു കളിച്ചു മെയിന്‍ റോഡില്‍ വേദി പങ്കിടുന്നത് TV യില്‍ കണ്ടിരുന്നല്ലോ. (സര്‍ക്കാര്‍ ഓഫിസിന്‍റെ മുമ്പില്‍ നടന്ന സമരത്തില്‍ ചെറുകിട കര്‍ഷകര്‍ എത്താതിരുന്നതുകൊണ്ട് ബംഗാളികള്‍ വരേണ്ടി വന്നുവെന്നുള്ളത് ആ പരിപാടിയുടെ ഒരു പോരായ്മയായി ആരും കാണരുത്).” ഗര്‍വ്വാസിസ് കപ്പാട്
“ആത്മസ്ഥിതി വിവരം നല്‍കാത്തതിന്‍റെ പേരില്‍ ദളിതനായ കുട്ടപ്പന് മാന്യമായ ശവസംസ്കാരം നിഷേധിച്ചത് പ്രതികാരമായി കാണാന്‍ പാടില്ല. ജീവിച്ചിരിക്കുന്നവരോട് ചെയ്യുന്നതല്ലേ പ്രതികാരമാവൂ.” കുട്ടിയേട്ടന്‍ പാലാ.
“ഈ വ്യവസ്ഥ വിശ്വാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല, അങ്ങിനെ ആയിപ്പോയതാണ്” (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ കന്യാസ്ത്രി)
“നമ്മളോട് തെറ്റു ചെയ്യാത്തവരോട് ക്ഷമിക്കണം എന്ന് ഈ പ്രാര്‍ത്ഥന പറയുന്നില്ല. അതുകൊണ്ട് പ്രൊ. ജോസഫിനെ പിരിച്ചു വിട്ടത് ശരിയാണ്.” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യവസായി, കോതമംഗലത്തു നിന്ന്.
“എല്ലാവരോടും ക്ഷമിക്കണം എന്ന് അസന്നിഗ്ദമായി പറയുന്ന ഈ പ്രാര്‍ത്ഥന CBI ക്കാര്‍ പഠിക്കണം എന്നാണല്ലോ ഞങ്ങള്‍ പറയുന്നത്.”  സൈമണ്‍ ചവിട്ടുവരി, കോട്ടയം.
“ലത്തിന്‍ റിത്തുകാര്‍ സിറോ മലബാറുകാരോട് ചെയ്ത ദ്രോഹങ്ങള്‍ ആര്‍ക്കു ക്ഷമിക്കാനാവും?” ജോസഫ് ചങ്ങനാശ്ശേരി.
“കപ്യാരന്മാര്‍ ശുശ്രൂഷകര്‍ ആയതു കൊണ്ട് ക്ഷമിക്കപ്പെടെണ്ടവരുടെ ഗണത്തില്‍ വരുന്നില്ല.” കുഞ്ഞപ്പി പഴയിടം.
“പകല്‍ മാത്രമേ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ പറയുന്നുള്ളൂവെന്നതിന്‍റെ പൊരുള്‍ പിടി കിട്ടി.” ത്രെസ്യാമ്മ കുര്യനാട്.  


  

No comments:

Post a Comment