Translate

Sunday, April 6, 2014

വരട്ടു നേര്ച്ച്കള്‍

കേരളത്തിലുള്ള കത്തോലിക്കര്‍ മൂക്ക് മുട്ടെ ചിരിച്ചു മരിക്കുമ്പോള്‍, ഞങ്ങള്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങിയാലോ എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയുമോ? ഒരു രൂപതയ്ക്ക് ഒരു തമാശയെന്ന തോതില്‍ ഏതാണ്ട് 52 തമാശകള്‍; പോരേ ചിരിച്ചു മരിക്കാന്‍? ഒരിടത്ത് രാഷ്ട്രിയം കളിക്കാന്‍ മെത്രാന്‍ മുമ്പില്‍, വേറൊരിടത്ത് രാഷ്ട്രിയത്തിലിറങ്ങിയ അച്ചനെ സഭ സസ്പെന്ഡ് ചെയ്യുന്നു. ഏറണാകുളത്തു നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നുമൊക്കെ മൂളിച്ചയും മുരള്‍ച്ചയും കേള്‍ക്കുന്നുണ്ട്, ഒന്നും ആര്‍ക്കും മനസ്സിലായിട്ടില്ല. പാവം ജോയിസ്! അച്ചന്മാര് പറയുന്നത് കേള്‍ക്കാതെ അത്മായാശബ്ദം പറയുന്നത് കേട്ട് വെറുതെ വീട്ടില്‍ ഇരുന്നിരുന്നെങ്കില്‍ എട്ടേക്കര്‍ സ്ഥലത്തെ ആദായം എടുക്കാമായിരുന്നു. അത് കൊണ്ട് തീരുമോ? വാലില്‍ കൊളുത്തിയ തീ പോലെയായില്ലേ? നാട്ടുകാര്‍ക്കും, കൂടെ നിന്നവര്‍ക്കും കൂടെ പാരയായിയിപ്പോള്‍ സംഗതി. ജോയിസിനെ രക്ഷിക്കണമെന്ന് മെത്രാന്‍ ആരോട് പറയും? പല ചിത്രപ്പണികള്‍ക്കും കൂട്ടു നിന്ന പഴയ ശിങ്കിടികള്‍ക്ക് മെത്രാന്‍റെ കാര്യം പറഞ്ഞു ഡിന്‍ ഉള്ള കാലം തിരുവനന്തപുരത്തിനു പോകാന്‍ എളുപ്പമാണോ? പണ്ട് ഡിനിനോട് പറഞ്ഞതിന്‍റെ മറുപടി അവരൊക്കെ കേള്‍ക്കെണ്ടിവരുമെന്ന് മെത്രാന് അറിയാം. ഇനിയും പാര കുറെ വരാനുമുണ്ട്.  ഇലക്ഷന്‍ കഴിഞ്ഞാല്‍ മഠയ ലേഖനംകൊണ്ട് വല്യ പ്രയോജനവും ഇല്ല.
അത് പോട്ടെ; മാര്‍പ്പാപ്പാ പാലാക്കാരോട് ഈ കൊലച്ചതി ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പാലാക്ക് ചുറ്റും 6 ട്രാക്ക് ഹൈവേകള്‍ പ്ലാന്‍ ചെയ്ത് പണിയും തുടങ്ങിയതായിരുന്നു. ഒക്കെ പോയില്ലേ? ഒരു 4G സിനഡ് തന്നെ നടത്തി, എത്ര മാര്‍പ്പാപ്പാമാര്‍ക്ക് വേണമെങ്കിലും ഒരുമിച്ചു താമസിച്ചു സമ്പൂര്‍ണ്ണ സുനഹദോസ് തന്നെ നടത്താനുള്ള സര്‍വ്വസന്നാഹങ്ങളും ഒരുക്കിയത്, പലതും കണ്ടോണ്ടാണെന്ന് അങ്ങേര് അറിഞ്ഞില്ലായിരുന്നുവെന്നുണ്ടോ? പിന്നെന്തിന് വേറെ രണ്ടു പുണ്യവാന്മാരെകൂടി പ്രഖ്യാപിച്ചു?  ചങ്ങനാശ്ശേരിക്കു പുണ്യവാനെ കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ, ആര്‍ക്കാ കിട്ടിയത്? മാന്നാനത്തെ കൊവേന്തക്കാര്‍ക്ക് കിട്ടിയെന്നു പറയുന്നതല്ലേ ശരി? ഏതായാലും അടിച്ചിറ ഭാഗത്ത് രാജധാനിക്ക് ഒരു സ്റ്റോപ്പ് ഉണ്ടാകും ഉടന്‍. പണ്ട് മാര്‍പ്പാപ്പാ കോട്ടയത്തു വന്നപ്പോള്‍ ഇരുന്ന പോഡിയം മാന്നാനത്ത് ഇരിക്കേണ്ടതായിരുന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.
എവുപ്രാസിയാമ്മ പുണ്യവതിയല്ലായെന്നൊന്നും പറയാന്‍ അവരെ എനിക്ക് പരിചയമില്ല. അവരെപ്പറ്റി ഞാന്‍ ആദ്യം കേട്ടത് ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയില്‍ നിന്നാണ്. മാര്‍പ്പാപ്പാക്ക് ഒരു അനുഭവ സാക്ഷ്യം പറയണമെന്ന് പറഞ്ഞ് എവുപ്രാസിയാമ്മയുടെ മഠംകാര്‍ അദ്ദേഹത്തിന്‍റെ പിറകെ ഒത്തിരി നടന്നപ്പോള്‍ ബ്ലാങ്ക് ലെറ്റര്‍ പാഡ്കൊടുത്തു തലയൂരിയ കാര്യം കുറ്റബോധത്തോടെ അതില്‍ അദ്ദേഹം എഴുതിയിരുന്നു. അത് പോലത്തെ സാക്ഷ്യങ്ങളാണ് പുണ്യവാനാകാന്‍ വേണ്ടതെങ്കില്‍ കോടതി ശിക്ഷിച്ച പല പ്രസിദ്ധരായ പുരോഹിതരും കോട്ടയം ജില്ലയില്‍ ഉണ്ട്. ഇപ്പന്‍ ആക്രോശിച്ചിട്ടു കാര്യമില്ല. എവുപ്രാസിയാമ്മയുടെ ഇപ്പോഴത്തെ പടം വേണമെങ്കില്‍ നോക്കി വെച്ചോ? കയ്യിലിരിക്കുന്നത്‌ ജൂണിയര്‍ ആലഞ്ചേരി പറഞ്ഞത് പോലെ വെറും കുരിശില്‍ തറച്ച യേശുവിന്‍റെ വെറും Dead body യാണ്. തൃശ്ശൂര്‍കാര് അവിടെ വന്നാല്‍ ആദ്യം ആ കുരിശു പിടിച്ചു പറിച്ചെടുത്തിട്ട് ഒരു താമര കുരിശു പിടിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. വി. കുര്യാക്കോസ് അച്ചന്‍റെ കൊവേന്തക്കാരും സൂക്ഷിക്കുക, അവിടെ വരാന്‍ സാദ്ധ്യതയുള്ളത് തൃശ്ശൂര്‍കാരെപ്പോലെ സൌമ്യന്മാര്‍  ആയിരിക്കില്ല. ഏതായാലും, പാപികള്‍ അകത്തും പുണ്യവാന്മാര്‍ പുറത്തും ചരിക്കുന്ന ഒരു സഭയായിരിക്കും നമ്മുടെ വിധി. കോട്ടയത്തിന്‍റെ ഒരു ഭാഗ്യം. ഇനി വിശുദ്ധന്മാരുടെ ജില്ല എന്ന് അതറിയപ്പെടും. മാന്നാനത്തു നിന്ന് 25 കി മീ. പോയാല്‍ ഭരണങ്ങാനം ആയി. ഇതാണ് തോതെങ്കില്‍ അടുത്ത 25 കി മീ പൂഞ്ഞാര്‍ റൂട്ടില്‍ ആയിരിക്കാം അടുത്ത പുണ്യവാന്‍. റിയാല്‍ എസ്റ്റേറ്റ്കാര് കൊയ്യും. ഉടന്‍ കാണാം ഇത്തരം പരസ്യങ്ങള്‍, ‘വില്‍ക്കാനുണ്ട്, ഭരണങ്ങാനത്തിനും മാന്നാനത്തിനും, മീനച്ചിലാറിനും ഒത്ത നടുവില്‍ യാതൊരു ആദായവുമില്ലാത്ത 5 സെന്റ്‌ പാറക്കെട്ട് വില്‍ക്കാനുണ്ട്. ബ്രോക്കര്‍ ഇല്ല.’   
യേശു കിടന്നത് രണ്ടു കള്ളന്മാരുടെ നടുവിലാണ്. പക്ഷെ, കോട്ടയത്തെ വിശുദ്ധ രൂപതകള്‍ക്ക് നടുവിലുള്ള കാഞ്ഞിരപ്പള്ളിയില്‍ ഉള്ളത് അതിവിശുദ്ധരല്ലെന്നതു കൊണ്ട് കള്ളന്മാര്‍ മാത്രമാണെന്ന് കരുതരുത്. ഒരാളെപ്പോലും ദൈവദാസനെന്നു ആരോപിക്കത്തക്ക പരുവത്തില്‍ ഒത്തു കിട്ടിയില്ലെന്നെ ഉള്ളു. ഇനി അവരും നോക്കി നില്‍ക്കും. താമസിയാതെ പഴയപള്ളി ഭാഗത്ത് നിന്ന് ഒരു കാറിച്ച കേട്ടേക്കാം. ആരും ഞെട്ടരുത്.
വിശുദ്ധരെ ചെളി വാരി എറിയുന്നതിനോട് എനിക്ക് യോജിപ്പില്ല. യേശുതന്നെ നാളെ സ്വര്‍ഗ്ഗത്തില്‍ നീയുണ്ടാകും എന്നാരോട് പറഞ്ഞോ ആ പെരുംകള്ളനാണ് എന്‍റെ എല്ലാം. ആരും മധ്യസ്ഥം തേടി അങ്ങോട്ട്‌ വരുകയില്ലെന്ന് എനിക്കുറപ്പുണ്ട്. ആ പിറകെ അധികം പേരില്ലാത്തത് കാരണം ഞാനും എന്‍റെ കുടുംബവും ക്യൂവിലല്ല, സര്‍വ്വ സന്തോഷത്തോടെ ഉദ്ദിഷ്ട കാര്യങ്ങളും സ്പീഡില്‍ സാധിച്ച് കഴിയുന്നു.

വൈദികരുടെ പേരില്‍ ഒരു കൊലക്കേസെങ്കിലും വിട്ടു മാറാതെ ഉണ്ടായിരിക്കണം എന്നൊരു ഗൂഡ പദ്ധതി ആര്‍ക്കോ ഉള്ളത് പോലെ തോന്നുന്നു. അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെമ്മിനാരിയില്‍ ഇതൊക്കെ സംഭവിക്കില്ലായിരുന്നു. ഇവിടെ മാര്‍ത്തോമ്മായുടെ പാരമ്പര്യം നോക്കുമ്പോള്‍ കന്നടക്കാര്‍ അവരുടെ പാരമ്പര്യം നോക്കിയാല്‍ തെറ്റ് പറയാനാവുമോ? കോതമംഗലവും അവരുടെ പാരമ്പര്യമല്ലേ നോക്കുന്നുള്ളൂ. കോതമംഗലത്തെ മെത്രാച്ചന്‍ പ്രൊ. ജോസഫിന്‍റെ വീട്ടില്‍ ഇരുട്ടു കൂട്ടി വന്നപ്പോഴേ ഞാന്‍ പറഞ്ഞിരുന്നല്ലോ, ഇതൊക്കെ വെറും ഷോ ആണെന്ന്. ഞാന്‍ മനസ്സിലാക്കുന്നത് ആരോ എറണാകുളം ഭാഗത്ത് നിന്ന് വിളിച്ചിരുന്നു എന്നാണ്. ഇങ്ങിനെ ഒരു വിളി, അങ്കമാലിയിലെ നേഴ്സ് സമരം വന്നപ്പോഴും ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. കോളേജില്‍ അറുപതു ശതമാനം പേരും അക്രൈസ്തവര്‍, അവരുടെ വേദന ആരു കാണും? ഹോ! ഭയങ്കരം. ഇന്ത്യയില്‍ 98 ശതമാനവും അക്രൈസ്തവര്‍ ... അവരുടെ വേദന തുടച്ചു മാറ്റി മാറ്റി പലയിടത്തും കാലു കുത്താന്‍ മേലെന്നായിട്ടുണ്ട്. കേരളത്തില്‍ 80 ശതമാനം പേരുടെ കാര്യം നോക്കാന്‍ വേണ്ടി സ്കൂളുകളിലൂടെയും ആസ്പത്രികളിലൂടെയും പ്രൊഫഷണല്‍ കോളേജുകളിലൂടെയും നാം എന്ത് മാത്രം അദ്ധ്വാനിക്കുന്നുവെന്നു കേരളത്തിലുള്ള സര്‍വ്വ ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്കും അറിയാം. മെത്രാന്‍ ഇല്ലായിരുന്നെങ്കില്‍ അവരുടെ വക പാറമടകള്‍ എന്നേ പശ്ചിമ ഘട്ടത്തില്‍ നിന്ന് അപ്രത്യക്ഷമായേനെ. കോതമംഗലം മെത്രാനും അണികള്‍ക്കും ഫെയിസ് ബുക്കിനെ ലേശം പേടിയുണ്ടോ എന്ന് എനിക്ക് ഒരു സംശയം ഇല്ലാതില്ല. ഏതായാലും എല്ലാ കേരള വിശ്വാസികള്‍ക്കും ഒരു വിശുദ്ധ വര്‍ഷവും, ആണ്ടുവട്ടം മുഴുവന്‍ വല്യ പെരുന്നാളുകളും ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ.  

3 comments:

  1. നല്ല കള്ളനെ സ്വന്തം മദ്ധ്യസ്ഥനാക്കിയ റോഷന് അഭിനന്ദനങ്ങള്‍! പാലയിലുള്ള ഒരു സ്നേഹിതന്‍ ചരിത്രം ചികഞ്ഞ് കള്ളന്‍റെ പേരുവരെ കണ്ടുപിടിച്ചുകഴിഞ്ഞു. ഒരു സഭ തുടങ്ങുന്നതിന് ആസ്തപ്പാടായി ഒരു ബ്ലോഗുംഫേസ്ബുക്ക്പേജും താമസിയാതെ വിശ്വവ്യാപകവലയില്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. വലയില്‍ കുടുങ്ങാതെ സൂക്ഷിക്കുക.

    ReplyDelete
  2. കത്തോലിക്കാസഭയിലെ ഏറ്റവും അനുകരിക്കപ്പെടുന്ന വിശുദ്ധൻ നല്ല കള്ളനാണ്. ജീവിതകാലം മുഴുവൻ കളവുനടത്തുക, മരിക്കുമ്പോൾ എല്ലാം ക്ഷമിക്കപ്പെട്ടവരായി നേരെ സ്വർഗരാജ്യത്തെത്തുക - അതാണല്ലോ നല്ല കള്ളന്റെ കഥ? അച്ചന്മാരും കന്യാസ്ത്രീകളും നടത്തുന്ന സ്കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്ന, എനിക്കറിയാവുന്ന ഒത്തിരിപ്പേർ പറയുന്നത് അവരെക്കൊണ്ട് തങ്ങൾ വാങ്ങുന്നതായി ഒപ്പിടീക്കുന്ന തുകയുടെ പകുതിയിൽ താഴെയോ, മൂന്നിലോന്നോ മാത്രമേ അവർ കൈപറ്റുന്നുള്ളൂ എന്നാണ്. ബാക്കി മുഴുവൻ നടത്തിപ്പുകാർ കട്ടെടുക്കുകയാണ് ചെയ്യുന്നത്. യേശുവിനോടൊപ്പം ആദ്യം സ്വർഗത്തിൽ കയറിയ ഈ നല്ല കള്ളനെപ്പോലെ മാദ്ധ്യസ്ഥശക്തിയുള്ള വേറൊരു പുണ്യാളനും പുണ്യാള ത്തിയും ഇല്ല. കാരണം, ഈ കളവെല്ലാം നടത്തുന്നവർ ആരാലും പിടിക്കപ്പെടാതെ പരമസുഖമായി ഈ ലോകത്തും ജീവിക്കുന്നു. ഇവിടെയും അവിടെയും സുഖം! ഇതൊക്കെ കാണുന്ന വിശ്വാസികളും ചെയ്തുശീലിക്കുന്നത് കളവോടുകളവുതന്നെ. സൗകര്യം കിട്ടിയാൽ കക്കാൻ എല്ലാവവരും തയ്യാറാണെന്ന് നാം നിത്യവും കാണുന്നതാണല്ലോ. ക്രിസ്ത്യാനികളാണ് ഇക്കാര്യത്തിൽ ബഹുമിടുക്കർ എന്നതും സത്യംതന്നെ. റോഷന്റെ കണ്ടുപിടുത്തം ഒരു പച്ചപ്പരമാർത്ഥത്തിന്റെ നിരീക്ഷണം മാത്രമാണ്.

    ReplyDelete
  3. "നീ ഇന്നെന്നോടുകൂടി പറുദീസയിൽ ഇരിക്കും "എന്ന് വെള്ളിയാഴ്ച കള്ളനോട് ക്രിസ്തു പറഞ്ഞു! പക്ഷെ ഞായരഴ്ചയാണല്ലോ ക്രിസ്തു തന്നെ ഉയിർത്തെഴുനേട്ടതു ? പിന്നെ സ്വർഗാരോഹണം എത്രനാൾ കഴിഞ്ഞും ! കൂട്ടി വായിച്ചാലൊരു പന്തികേടില്ലേ മാളോരെ ?പറുദീസയും സ്വർഗ്ഗവും രണ്ടു സ്ഥലങ്ങളെന്നു സാരം ! കത്തനാരുടെ ഓരോ കണ്ടുപിടുത്തങ്ങളെ !"അമ്പമ്പട രാഭണാ "..ഏതായാലും അധികം വൈകാതെ സിസ്റ്റർ അഭയയെ വത്തിക്കാൻ പുണ്യവതിയാക്കി ചില്ലറ വാരാൻ തുടങ്ങും ; ആക്കൂട്ടത്തിൽ നമ്മുടെ സലോമിയും കയരിക്കൂടുന്നതും ന്യായം !

    ReplyDelete