Translate

Monday, April 21, 2014

"മാ നിഷാദാ "

സാന്നിദ്ധ്യബോധവും ആരാധനാവിശുദ്ധിയും ഇല്ലാത്ത ജനവും പുരോഹിതരും ഒന്നിച്ചുചേർന്നു, ആർക്കാണ്ടോവേണ്ടി തട്ടിക്കൂട്ടുന്ന ഒരു "ചൊല്ലുനാടകമായി" നമ്മുടെ "കൂദാശ-കുർബാനകൾ" അധ:പതിക്കുന്നതാണ് കലികാല പളളിക്കാഴ്ച!

ഓശാനനാളിൽ കുരുത്തോലക്കുരിശുമേന്തി നാലുദിശകളിലേയ്ക്കും തിരിഞ്ഞുനിന്നു പുരോഹിതൻ കുരിശുയർത്തിപ്പിടിച്ചു "ഔവ്ദ്മ്  മാലാഖേ"എന്ന് നീട്ടിചൊല്ലുമ്പോൾ ആ സുറിയാനിഗീതവും അതിന്റെ  ഈണവും മനുഷ്യമനസിന്റെ സൂഷ്മതലങ്ങളിൽ താൻപോലും അറിയാതെ ഭക്തിയുടെ നനുത്ത കുളിർകാറ്റുവീശുമ്പോൾ, പെട്ടന്ന് ആ പട്ടക്കാരൻ കോപത്തിന്റെ കൊടുമുടിയിലെ ഉന്നതിയിലെത്തി ഏതോ അപ്ശബ്ദം ഉണ്ടാക്കിയ മുൻനിരയിലെ ചിന്നപയ്യനോട് അലറി ആക്രോശിക്കുകയായി! ജനം വിവരമരിയാതെ വിറുങ്ങലിക്കുന്നു! കണ്ടുനിന്ന മാലാഖമാർ വിരളുന്നു, അവർ  തിരികെ ഓടാൻ വെമ്പുന്നു! 

ദു:ഖവെള്ളിയാഴ്ചയിലും   ഇതേ ഗതി! രണ്ടാം എവംഗേലിയോൻ വായിക്കുന്ന അതിദയനീയ  സമയത്തും , കത്തനാർ പൊടുംന്നനെ വായനനിർത്തി ജ്വലിക്കുന്ന കോപത്തോടെ  ആക്രോശമായി Sunday school കുട്ടികളോട്!  ഹേ പുരോഹിതാ, ഹാ കഷ്ടം! "വാതാപി"യുടെ രാഗവിസ്താരസമയം സദസിലിരുന്നൊരുവൻ ചുമച്ചതിൽ ദാസേട്ടൻ കോപിച്ചു , പ്രാന്തനെപ്പോലെ  അലറിയാൽ സദസിനുണ്ടാകുന്ന ദു:ഖവും വിരസതയും, വിവരമില്ലാത്ത കത്തനാരേ, താങ്കൾക്ക് ഊഹിക്കനാകുമോ? താനും ജനവും വി.ആരാധനാക്രമത്തോട് കാണിക്കുന്ന അക്രമമല്ലേ ഇത്? ആരാധനയുടെ   രംഗവിശുദ്ധിയും, ആർദതയും മഹനീയതയും പാടേ മറന്നു;(അറിഞ്ഞുകൂടാത്തതുമാകാം) ആരാധനയിൽ മനമലിഞ്ഞു നിൽക്കുന്ന ഒരായിരം ചേതനകളിൽ പെട്ടന്നെന്തിനു വിസ്പോടനം നടത്തി ക്രൂരനാകുന്നു?

"ഞങ്ങളുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ദൈവമായ കർത്താവിങ്കൽ ഇരിക്കുന്നു" എന്നല്ലേ ഓരോ വി, കുർബാനയിലേയും തുടക്കത്തിലെ സത്യപ്രതിജ്ഞ? മറക്കരുതേ... സ്വയം മറക്കരുതേ... തനാരെന്ന അവബോധമില്ലാതാകരുതേ ഇടയാാ... ബോധവും വിചാരവും ഓരോ നല്ല പുരോഹിതനും ഇനിമുതലുണ്ടാകുവാൻ നമുക്ക് പ്രാർഥിക്കാം... (ഇതൊരു സംഭവമാണ്/ഇനിയും "അവൻ വീണ്ടും വരുവോളം" ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ ഇത് കുറിക്കുന്നു.)

10 comments:

  1. ഗ്രിഗോറിയാൻ കുർബ്ബാന -ഒരേ ബലി പീഠത്തിൽ ഒരേ കാർമ്മികൻ മുപ്പതുദിവസം ചൊല്ലുന്ന കുർബ്ബാന - ആർക്കുവേണ്ടി ചോല്ലപ്പെടുന്നുവോ ആ ആത്മാവിനെ നേരെ സ്വർഗത്തിൽ എത്തിക്കുമെന്നാണ് സഭ പഠിപ്പിക്കുന്നത്‌ . മുന്നൂറ്റി അറുപത്തഞ്ചുദിവസവും വർഷങ്ങളായി കുർബ്ബാന ചോല്ലുന്നവർക്ക് കരുണയോ ദയയോ ഇല്ല.മുപ്പതോ നാല്പ്പതോ വർഷം കുർബ്ബാന ചൊല്ലിക്കഴിഞ്ഞാലും അച്ചന്മാരുടെ പിടിവാശിയോ ,അസൂയയോ ,അധികാരഭ്രമമോ,സങ്കുചിത മനോഭാവമോ കുറയുന്നുണ്ടോ ?
    കരുണയല്ല ബലിയാണ് നമുക്കാവശ്യം എന്ന് എവിടെയോ പറഞ്ഞിട്ടുണ്ടല്ലോ .

    ReplyDelete
  2. ചോദ്യം :>ആരാരോടെപ്പോൾ പറഞ്ഞു; "ഒരു തക്സാ മലര്ത്തിവച്ചത് നീട്ടിച്ചൊല്ലുവാനോ കുരിശിൽ നീ ജീവൻ ത്യാഗക്കുര്ബാനയാക്കി"
    ഉത്തരം :>AK47 കൈകളിൽ വഹിച്ചുകൊണ്ട് ആലുവാ തൃക്കുന്നത്തു സെമിത്തേരി പള്ളിക്ക് ചുറ്റും കാവൽനിൽക്കുന്ന കേരളാപ്പോലിസിനെ കണ്ടയുടൻ ഭയന്ന് മാലാഖക്കുഞ്ഞുങ്ങളുമായി തിരിച്ചോടിയ മേരിമാതാ മകനോട്‌ സ്വർഗത്തിൽ ചെന്ന് അങ്കലാപ്പോടെ ചോദിച്ചു !
    (വീട്ടിൽകൊള്ളരുതാത്ത, പള്ളിക്കൂടത്തിൽ കൊള്ളരുതാത്ത, നാട്ടിൽ കൊള്ളരുതത്തവനെ തിരഞ്ഞുപിടിച്ചു കത്തനാരക്കുന്ന സഭകളാണിതിനുത്തരവാദികൾ ! ഈ കത്തനാരല്ലേ പിന്നെ കർദ്ദിനാളാകുന്നതു ? എവിടെ "നിന്റെ രാജ്യം" വരാൻ ? ഇവറ്റകൾ വി.മത്തായി 10/10 പഠിച്ചുമില്ല )

    ReplyDelete
  3. ആവത്തനവിരസതയാണ് പള്ളികളിലെ പ്രാർത്ഥനകളുടെ മടുപ്പിക്കുന്ന അവസ്തക്ക് പിന്നിൽ എന്നുവേണം പറയാൻ. പോപ്പും മെത്രാന്മാരും തൊപ്പിയും വടിയുമൊക്കെയായി, വൈദികർ കളറിലും കസവിലും പൊതിഞ്ഞ മേലങ്കികളും ഷാളുകളും ധരിച്ചും കുർബാനക്കെത്തുന്നതു ഒരു ഡ്രാമാപോലെയാണ്, അല്ലെ? കാണിക്കുന്നത് പലതും ഗോഷ്ടികളാണ് - താഴോട്ടിറങ്ങി, മേലോട്ട് കയറി, അങ്ങോട്ട്‌ തിരിഞ്ഞൊന്നു വെട്ടി, ഇങ്ങോട്ട് തിരിഞ്ഞൊന്നു വെട്ടി, മുട്ട് കുത്തി, എണീറ്റ്, അവിടെ മുത്തി, ഇവിടെ മുത്തി, ... ഈ ചട്ടവട്ടങ്ങളെല്ലാം ദൈവത്തിനു മനസ്സിലാകാനാണോ?

    യേശു പഠിപ്പിച്ചത് വച്ചുനോക്കുമ്പോൾ ഇതൊക്കെ വെറും നാടകങ്ങളാണ്. വ്യതിപരമായ, ധ്യാനാത്മകമായ ദൈവസാന്നിദ്ധ്യമാണ് യേശു നിർദ്ദേശിച്ചത്. എന്നിട്ടും ക്രിസ്ത്യാനികളിൽ ഏറിയ പങ്കിനും കൂട്ടപ്രാർത്ഥന മാത്രമേ അറിയൂ, അല്ലെങ്കിൽ ഇഷ്ടമുള്ളൂ. അതിഭാഷണങ്ങൾ നിറഞ്ഞ ഇത്തരം പ്രാർത്ഥനകൾക്ക് അകമ്പടിയായി ആത്മശോഷണത്തിൽ പൊതിഞ്ഞ പാട്ടുകളും സംഗീതവും വെളിച്ചവും കുന്തിരിക്കവും മൈക്കും ഒക്കെ വേണംതാനും. സ്വയം മറന്നുള്ള ഏതെങ്കിലും വിധത്തിൽ പ്രപഞ്ചവുമായി താദാത്മ്യം പ്ര്രപിക്കാനുള്ള കഴിവില്ലാത്തവരാണ് മത്തത്തിന്റെ ഇത്തരം മായാലോകത്ത് സംതൃപ്തി കണ്ടെത്തുന്നത്. പ്ളസീബോയുടെ രീതിയിൽ വേദനസംഹാരിയുടെ ഫലം ചെയ്യുന്നതിനാൽ, ഇത്തരം ഗ്രൂപ്പ് പ്രവണതകളിൽനിന്ന് വിട്ടുനില്ക്കാൻ അധ്കമാർക്കും സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ അത് കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് പള്ളികളുടെ സ്വാർത്ഥതാതപര്യങ്ങളാലാണ് എന്നതിൽ സംശയം വെണ്ടാ. വളരെ ചെറുപ്പം മുതൽ പള്ളിയിൽ കാണുന്ന കോമാളിത്തം പിടിച്ച രൂപങ്ങളും കലയില്ലാത്ത വരകളും സ്വർണ്ണം പൂശിയ മെഴുകുതിരിക്കാലുകളും എനിക്ക് തീര്ത്തും വിരസിതമായ, അറപ്പുളവാക്കുന്ന, അനുഭവങ്ങളാണ് തന്നുകൊണ്ടിരുന്നത്. ഇന്നാകട്ടെ, പള്ളിക്ക് വെളിയിലും എനണ്ണയൊഴിക്കൽ പോലുള്ള കോമാളിത്തരങ്ങൾ കാണിക്കാൻ തിങ്ങിക്കൊടുന്നവരെ കാണുമ്പോൾ തന്നെ അവജ്ഞയാണ് തോന്നുക.

    ReplyDelete
  4. പ്രാർത്ഥനയുടെ സാന്ത്വനം ഒരു തരാം പ്ളസീബൊ ഇഫ്ഫെക്റ്റ്‌ ആണെന്നു പറഞ്ഞത് എന്റെ ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടു. അതെപ്പറ്റി കൂടുതലെഴുതാമോ എന്നുചോദിച്ചു. ന്യൂറോതീയോളജി ഒരു പുതിയ ആശയമല്ല. Zen and Brain എന്നൊരു പുസ്തകം ജെയിംസ്‌
    എഴുതിയിട്ടുണ്ട്. ആത്മീയമെന്നും മിസ്റ്റിക്കൽ എന്നും വിളിക്കാവുന്ന അനുഭവങ്ങളെ വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് അതിൽ ഓസ്റ്റിൻ നടത്തുന്നത്. നമ്മുടെ വി. എസ്. രാമചന്ദ്രനും പി. കെ. രാജശേഖരനുമൊക്കെ ഈ ലൈനിൽ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. സമയം, ഭയം, സ്വയംബോധം എന്നിവ അലിഞ്ഞിലാതാകുന്നതരത്തിൽ തലച്ചോറിലെ ചില സർക്യൂട്ടുകൾ തടസ്സപ്പെടാം. അതോടെ നമ്മെ ചുറ്റുപാടിൽനിന്ന് വേര്തിരിച്ച് കാണാൻ സഹായിക്കുന്ന അമിഗ്ദലയുടെ പ്രവര്ത്തനം താത്ക്കാലികമായി തടസ്സപ്പെടാം. ക്ളിനിക്കൽ ആയും അത് സാദ്ധ്യമാക്കാം. സമയത്തെപ്പറ്റി ബോധം തരുന്ന ഫ്രോന്ടൽ റ്റെമ്പൊറൽ ലോബുകൾ പണിമുടക്കിയാലും അത് സംഭവിക്കാം. കറുപ്പ് പോലുള്ള ചില ഒപെയ്റ്റുകളും ലഹരിപദാർത്ഥങ്ങളും വഴിയും ഇത്തരം മറവിയുടെയും ആശ്വാസത്തിന്റെയും അനുഭവരൂപങ്ങൾ ഉണ്ടാക്കാം. മതങ്ങളുണ്ടാക്കിവച്ചിരിക്കുന്ന പല അനുഷ്ടാനങ്ങളും ആത്മീയത എന്ന അനുഭൂതികളെ സൃഷ്ടിക്കും. വേദനാസംഹാരിയാണെന്നും പറഞ്ഞ് വെറും ഉപ്പുവെള്ളം കൊടുത്താലും സംശയിക്കാത്തവരിൽ ഫലം കിട്ടും. കാട്ടുമാടം നാരായണൻ "മന്ത്രവാദം കേരളത്തിൽ" എന്ന കൃതിയിൽ പറയുന്നു: എന്തൊക്കെ ചെയ്തിട്ടും മാറാത്ത രോഗം മനോരോഗിയാക്കിയവർ മന്ത്രം ചെയ്യുന്നതിനോട് ആദ്യമൊന്നും പ്രതികരിചില്ലെങ്കിലും, സാവധാനം അത് ഫലമുണ്ടാക്കുമെന്നു ചിന്തിക്കാൻ ഇടയുണ്ട്. അപ്പോഴേയ്ക്കും ഒന്നുകിൽ ശരീരം രോഗം വിസ്മരിച്ചിരിക്കും, അല്ലെങ്കിൽ പഴയ മരുന്നുകൾ പ്രവര്ത്തിച്ചുതുടങ്ങിയിരിക്കും. അതുപോലെതന്നെ മതങ്ങളുടെ ആചാരാനുഷ്ടാനങ്ങളിൽ തീവ്ര വിശ്വാസത്തോടെ പങ്കെടുക്കുമ്പോൾ തലച്ചോറിൽ എന്ഡോര്ഫിനുകൾ (ശരീരം ഉല്പാദിപ്പിക്കുന്ന വേദനാസംഹാരികൾ ) നിറയുന്നു. പല അസുഖങ്ങളും മാറാൻ ഇത് മതിയാവും.
    നമ്മൾ നമ്മോടു തന്നെ നിരന്തരം സംഭാഷണത്തിലാണ് അത് സാദ്ധ്യമാക്കുന്നത് തലച്ചോറിലെ Broca's area ആണ്. മേല്പ്പറഞ്ഞതുപോലുള്ള തീവ്രമായ ആത്മീയാനുഭാവത്തിന്റെ സമയത്ത് ഈ സംഭാഷണം മുറിക്കപ്പെടും. അപ്പോൾ, പ്രപഞ്ചവുമായുമൊ, ദൈവവുമായുമൊ എകീകരിക്കപ്പെട്ടിരിക്കുന്ന ഒരവസ്ഥ സംജാതമാകാം. അപ്പോൾ നമ്മിൽ നിന്ന് തന്നെയുണ്ടാകുന്ന സംഭാഷണങ്ങൾ അശരീരികളിൽ നിന്നോ ദൈവത്തിൽ നിന്നോ വിശുദ്ധരിൽ നിന്നോ വരുന്നതായി വ്യാഖ്യാനിക്കപ്പെടും. മിക്കവാറും വെളിപാടുകളുടെയും പിന്നിൽ ഇതൊക്കെയാണ്. രോഗശാന്തിയും മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ശരീരം തന്നെ ഏറ്റെടുത്തെന്നിരിക്കും. അതൊക്കെ എവുപ്രാസിയമ്മയും ജോണ് പോളും ചാവറയും ചെയ്ത അത്ഭുതമാണെന്നും പറഞ്ഞ് അവരെ രൂപക്കൂട്ടുകളിലെയ്ക്ക് പൊക്കുന്നതിലെ വിഡ്ഢിത്തം മനസ്സിലാക്കുക.

    ഈ വിഷയങ്ങളിൽ താത്പര്യമുള്ളവർ ജീവൻ ജോബ്‌ തോമസിന്റെ 'വിശ്വാസത്തിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകം വായിക്കുക. രാമചന്ദ്രന്റെ സംഭാഷണങ്ങൾ ശ്രദ്ധിക്കുക.

    ReplyDelete
  5. കത്തനാന്മാരുടെ വികൃതിത്തരങ്ങൾക്കെതിരെ എത്രയെഴുതിയാലും സാധാരണ തൃപ്തി വരാറില്ല. പക്ഷെ കൂടലിന്റെ ചില പദപ്രയോഗങ്ങളിൽ മിക്കപ്പോഴും മനസ് തണുക്കാറുണ്ട്.

    സലോമിയുടെ മരണത്തിന് കാരണക്കാരായ ബിഷപ്പും പുരോഹിതരും പിച്ചളക്കാടനും മനുഷ്യരെ പീഡിപ്പിച്ചിട്ടാണ് ഈ വർഷം ഉയർപ്പുദിനങ്ങൾ ആഘോഷിച്ചത്. സ്വന്തം അപ്പൻപോലും ഒരു ബിഷപ്പിനെ പിതാവെന്നു വിളിക്കുമ്പോൾ അയാളുടെ അപ്പനാര്? പിതൃരഹിതനായ അയാൾ ആദരണീയനാകുന്നത് എങ്ങനെ? നികൃഷ്ട കോതമംഗലം അഭിഷിക്തൻ പ്രൊഫ. ജോസഫിനെ അപമാനിച്ചുകൊണ്ട് ഇടയലേഖനം ഇറക്കിയതിൽ അതിശയിക്കാനുമില്ല. ഇടവകയിലെ മന്ദബുദ്ധികൾ അയാളുടെ ലേഖനം ടോയിലറ്റ് പേപ്പറായി ഉപയോഗിച്ചുകൊള്ളും. നെഹ്രുവിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച മത്തായിയെപ്പറ്റി ഫാക്റ്റിന്റെ മുൻകമ്പനി മേധാവി ശ്രീ എൻ.കെ.കെ നായർ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്, "ഉണ്ട ചോറിന് നന്ദി കാണിക്കാത്ത, ഒരിയ്ക്കൽ തെണ്ടിയായ നടന്ന മത്തായിക്ക് തറവാടിത്തമില്ലായിരുന്നു." .മലയാളത്തിൽ ഒരു ചൊല്ലുണ്ട്. "തന്തയ്ക്ക് പിറന്നവനായിരിക്കണം". അത് ഇടയലേഖനമെഴുതിയവന് ഇല്ലായിരുന്നു. അണ്ടനും അടകോടനും മെത്രാന്മാരായതാണ് നമ്മുടെ സഭ ഇത്രമാത്രം അധപതിക്കാൻ കാരണമായത്.

    പ്രശ്നങ്ങൾ ആഗോളതലത്തിലാണെങ്കിലും ചർച്ചകളിൽക്കൂടി പരിഹരിക്കാറുണ്ട്. അതിനു തയ്യാറാകാത്ത അഭിഷിക്തർ സ്വന്തം ശവക്കുഴി മാന്തുകയാണെന്നും അവർ അറിയുന്നില്ല. മണ്ണിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത ഇവരെ മനുഷ്യരായി കാണേണ്ടതുണ്ടോ? മാർപാപ്പായെപ്പോലും ധിക്കരിച്ചാണ് മാഫിയാകളായ സീറോ സുറിയാനി അഭിഷിക്ത ലോകം ആരെയും കൂസാക്കാതെ സഭയുടെ തലപ്പത്തിരിക്കുന്നത്. നായക്ക് തീറ്റി കൊടുത്താൽ വാലാട്ടി കാണിക്കും. പന്നികൾ കാണിക്കില്ല. അതുപോലെയാണ് നമ്മുടെ പൂർവികർമുതൽ ഇവരെ തീറ്റിക്കൊണ്ടിരിക്കുന്നത്. ഒറ്റയടിക്ക് കെട്ടിയിട്ട് തെരണ്ടിവാലിന് തല്ലാൻ ജനം അക്ഷമയോടെ കാത്തിരിക്കുന്ന കാര്യം ഇവരറിയുന്നില്ല.

    പ്രാർഥനയെപ്പറ്റി വിവേകാനന്ദൻ വളരെയേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൂടൽ പറയുന്നതുപോലെ അദ്ദേഹവും ഗീത വായിക്കൂ, വേദങ്ങൾ വായിക്കൂവെന്ന് പലയിടത്തും ആവർത്തിക്കുന്നതു കാണാം. യേശുവിന്റെ വചനങ്ങളെപ്പോലെ മനസിന്റെ മുൾമുനയിൽനിന്നുള്ള വിവേകാനന്ദന്റെ പ്രഭാഷണങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. പ്രാർത്ഥനയെ വിലയിരുത്തിയുള്ള അദ്ദേഹത്തിൻറെ വാക്കുകൾ എന്റെ ഭാഷയിൽ ഞാൻ ഇവിടെ എഴുതുന്നു. "വിധവയുടെ കണ്ണുനീർ ഒപ്പാത്ത ഒരു മതത്തിലും ഒരു ദൈവത്തിലും ഞാൻ വിശ്വസിക്കുന്നില്ല. ദൈവത്തെ ദർശിക്കാൻ അനാഥന്റെ വായിൽ അപ്പക്കഷണം വെയ്ക്കൂ!എല്ലാ മതഗ്രന്ഥങ്ങളിലും വചനങ്ങളിലും മഹത്തായ തത്ത്വങ്ങളും ആശയങ്ങളുമുണ്ടെങ്കിലും ഞാനതൊന്നും എന്റെ മതമായി കരുതുന്നില്ല. നമ്മുടെ കണ്ണുകൾ മുന്നിലാണ്. പിന്നിലല്ലെന്നും മനസിലാക്കണം. സൽകർമ്മങ്ങളിൽക്കൂടി മുമ്പോട്ടു കുതിക്കൂ. പ്രായോഗിക ജീവിതത്തിലെ മഹത്തായ കർമ്മം എന്റെ മതമെന്ന് അഭിമാനപൂർവ്വം പറയൂ. ഇന്നോ നാളെയോ യുഗങ്ങൾ കഴിഞ്ഞാലോ സ്നേഹം പരാജയപ്പെടുകയില്ല. അന്തിമ വിജയും എന്നും സത്യത്തിനായിരിക്കും. സോദരരെ, നിനക്ക് ചുറ്റുമുള്ള സഹജീവികളെ നീ സ്നേഹിക്കുന്നുവോ? എങ്കിൽ നീ ദൈവമാണ്. നീ നിസ്വാർത്ഥനാണോ? എങ്കിൽ നീയാണ് ഞങ്ങളുടെ പ്രാർത്ഥന. ഓരോ മനുഷ്യനെയും ദൈവമായി കാണൂ. നിനക്കാരെയും സഹായിക്കാൻ സാധിക്കില്ല. സേവിക്കാനെ സാധിക്കുള്ളൂ."

    കത്തനാരെ, കൂടലു പറയുന്നപോലെ ഗീത വായിക്കൂ, മനുഷ്യരാകൂ, പ്രാർത്ഥിക്കുന്നവൻ സേവകനാകൂ. പിശാചു പൂജയെന്ന് കേട്ടിട്ടുണ്ട്. പുരോഹിതന്റെ തന്ത്രവും പിശാചിന്റെ തന്ത്രവും ഒന്നുതന്നെ. 'ഹേ, മാ നിഷാദാ ' , ഇണചേർന്നിരുന്ന പക്ഷികളെ അമ്പെയ്ത് അതിലൊരു ഇണയെ കൊന്ന കാട്ടാളാ, തന്റെ ശാപം ഇനി ഏതു ഗംഗയിൽ ഒഴുക്കിയാൽ തീരും.?

    ReplyDelete
  6. പ്രീയ സക്കരിയാചായനും,ജോസഫ്‌ സാറും അവരുടെ കയ്യിൽ ക്രിസ്തു കൊടുത്ത പൊൻതൂവൽ കൊണ്ടൊന്നു തൊട്ടപ്പോൾ എന്റെ "മാ നിഷാദാ "എത്ര ചിന്തനീയമായി.!.ഓരോ കത്തനാരും പസ്സ്ടരും ഇന്നുമുതൽ വി.മത്തായി 5/6/7 അദ്ധ്യായങ്ങൾ നല്ലോണ്ണം വായിച്ചു പഠിച്ചിട്ടീ "ആത്മീയ തട്ടിപ്പ് നാടകം" നിറുത്താതെ ക്രിസ്തുവിന്റെ തേന്മൊഴികൾ മാനവബുദ്ധി നുകരുകില്ല ! ഈസ്റെർ ദിനത്തിൽ പള്ളിയിൽ കുര്ബാന കഴിഞ്ഞു കത്തനാർ കാച്ചി "ഈ ദുഖവെള്ളീയാഴ്ത്തെ കഞ്ഞിയും ഇന്നത്തെ പ്രഭാതഭക്ഷണവും (പേരും ,വീട്ടുപേരും) വകയായിരുന്നു ,ആ....നന്ദി അറിയിക്കുന്നു " കേട്ടുനിന്ന ഞാൻ ആ ആളിനെ വിളിച്ചു ചെവിയിൽ "മോനെ മത്തായി 6 ന്റെ ഒന്നുമുത്തൽ അഞ്ചുവരെ കുഞ്ഞു മനസിലാകുംവരെ വായിക്കൂ"എന്ന് പറഞ്ഞു.....ക്രിസ്തുവിന്റെ "കാലത്തോളം വിശുദ്ധിയുള്ള ചിന്തനങ്ങൾ" പാഴാക്കികളയുന്ന ദുഷ്ടബുദ്ധികളാണീ വർഗം ആകമാനം ! പ്രാര്ത്ഥന എന്തെന്നറിയാത്ത (മത്തായി 6/6 ) ഒരിക്കലും വായിച്ചിട്ടുകൂടിയില്ലാത്ത ഇവറ്റകൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!?

    ReplyDelete
  7. ചെണ്ടകൊട്ടി വിളംബരം ചെയ്തിട്ടു ദാനധർമ്മം ചെയ്യുന്ന അന്നത്തെ യെഹൂദ പുങ്കത്തരത്തെ വെറുത്തിട്ടാണാ മനുഷ്യപുത്രൻ "വലംകൈ ചെയ്യുന്നത് എന്തെന്ന് ഇടംകൈ അറിയരുത് "എന്ന് "ഭാരതഉപനിഷത്ചിന്ത" യഹൂദരോട് വിളമ്പിയത് ! മത്തായി ആറു കലികാലകത്തനാർക്കും ജനത്തിനും എറിക്കുമോ? ഇല്ല , ഇലില്ല ! അത് തന്നെ! ആ വിളംബരമാണ് ഓരോ പള്ളികളിലും തെല്ലും നാണമില്ലാതെ കത്തനാർ ചെണ്ടയില്ലാചെണ്ട കൊട്ടുന്നത് ... കേള്പ്പാൻ ചെവി ഒരെണ്ണം കടംവാങ്ങൂ സഹോദരാ..

    ReplyDelete
  8. ലോകഗുരുവായ ക്രിസ്തുവിന്റെ തേനൂറും വചനങ്ങൾ സത്യവേദപുസ്തകമെന്ന കിത്താബിൽ വെറും അച്ചടിമഷി പുരണ്ട വടിവുകളായി, രണ്ടായിരം കൊല്ലമായി ഉറങ്ങിക്കിടക്കുമ്പോൾ ; ഈസ്റെർ (ഉയർപ്പുപെരുന്നാൾ ) കള്ളുകുടിയും കാളേത്തീറ്റിയും കെംകേമമാക്കുന്ന മാപ്പിളയും അവന്റെ അക്ഷരം എന്തെന്നറിയാത്ത (ക്ഷരത്തെ തേടിഅലയുന്ന ),സത്യം എന്തെന്നറിയാത്ത(സത്യത്തിന്റെ സ്ഥിരംപ്രവാചകർ എന്ന് തെല്ലും നാണമില്ലാതെ വേഷംകെട്ടുന്ന പാതിരി/പാസ്ടരെന്മാരെ നിങ്ങളെ കാലം "നികൃഷ്ട ജീവികൾ " എന്നല്ലാതെ മറ്റെന്തു വിളിക്കും? ക്രിസ്തുവിന്റെ വചനപ്പൊരുൾ പുരംകാലുകൊണ്ട് തട്ടിക്കളഞ്ഞ ജനവും, അവരെ കാർന്നുതിന്നുന്ന ഇടയപ്രമുഖരും! കാലമേ,നീ ഇന്ന് ക്രിസ്തുവിൽ നിന്നും എത്രദൂരമകന്നു കഴിഞ്ഞു? നിങ്ങളെ നയിച്ച കുരുടന്മാരായ വഴികാട്ടികളെ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ സാത്താൻ നിങ്ങളെ അഭിനന്ദിക്കും ....

    ReplyDelete
  9. മകരജ്യോതി അയ്യപ്പന്റെ മാസ്മരവിദ്യയല്ല, കുറേ കുറുക്കന്മാർ മനുഷ്യരെ പറ്റിക്കാൻ വർഷാവർഷം ചെയ്തുകൊണ്ടിരുന്ന തട്ടിപ്പാണെന്ന് ഔദ്യോഗികമായി അംഗീകരിച്ചിട്ടും, ഇന്നും അതുകാണാൻ ജനം തടിച്ചുകൂടുന്നു. അമൃതാനന്ദമയി വേഷംകെട്ടറിയാവുന്ന വെറും സുധാമണിയാണ്, ദേവിയോ അമ്മയോ അല്ലെന്നു കൂടെക്കഴിഞ്ഞവർ വിളിച്ചു പറഞ്ഞിട്ടും, ഭജനവും മുത്തും കെട്ടിപ്പിടുത്തവും ദാനവും തുടരുന്നു. കുര്ബാനയെന്ന ഒരു ബലിയില്ലെന്നും അങ്ങനെയൊന്ന് യേശു സ്വപനത്തില്പോലും വിചാരിച്ചതല്ലെന്നും, ദൈവത്തിനു ബലിയോ പുരോഹിതരോ ആവശ്യമില്ലന്നും, അവിടുന്ന് ആഗ്രഹിച്ചത്‌, മനുഷ്യർ തങ്ങള്ക്കുള്ളത് പങ്കിട്ട് സഹോദരബുദ്ധ്യാ കഴിയണം എന്നുമാത്രമാണെന്നും വിവരമുള്ള ചിന്തകരും ദൈവജ്ഞരും ചൂണ്ടിക്കാണിച്ചിട്ടും 'ദിവ്യബലി' 'ദിവ്യബലി' എന്നും പറഞ്ഞ് വിവരദോഷികൾ ജനത്തെ വഞ്ചിക്കുന്നു. അന്ത്യത്താഴത്തിന്റെയോ അതിന്റെ ഒർമ്മപുത്ക്കലിന്റെയൊ ശരിയായ അർത്ഥത്തിൽ അവർക്ക് താത്പര്യമില്ല, കാരണം, അതിലൂടെ ഒന്നും കിട്ടപ്പോരില്ല.

    ReplyDelete
  10. കുർബാനയിൽ ഒരു കുര്ബാനിയും (ത്യാഗവും )ഇല്ലെന്നും അവസാനാത്താഴസീൻകുറെ ജല്പനങ്ങൾചേർത്തു വിളമ്പുന്ന പുരോഹിതന്റെ കാലത്തോടുള്ള തട്ടിപ്പാണെന്നും സക്കരിയാചായന്റെ കൂട്ട് ആയിരങ്ങൾക്ക് അറിയാമെങ്കിലും നാടായനാടാകെ മുക്കിനുമുക്കിനു കര്ത്താവിനെ തഴഞ്ഞിട്ടു പുണ്യാളന്മാരുടെ നാമത്തിൽ പള്ളിയോടു പള്ളീ!പള്ളിയാകെ തമ്മിൽ കലഹത്തിനെ അപ്പം മുറിക്കുന്ന (കര്ത്താവിനെ അപമാനിക്കുന്ന) കുർബാനക്കൂദാസകൾ! കാശു വീഴാൻ ഓരോപള്ളിക്കും നാലാൾ കൂടുന്നിടത്തെല്ലാം കുരിശടികളൂം ! ഈ കുരിശദികളീലും പാവം കർത്താവ് ഔട്ട്‌!

    ReplyDelete