Translate

Monday, April 28, 2014

വിശുദ്ധ കൊക്കനും ചില ചോദ്യങ്ങളും

                                                      

ഒമ്പതോ പത്തോ വയസുളള കുട്ടിയ്ക്ക് പത്തു കൽപ്പനകളും  അവയുടെ അർത്ഥവും ഉൽക്കൊളളാനാവുമോ ?      

പന്തക്കുസ്താ നാളിൽ ആത്മാവിന്റെ അഭിഷേകം ലഭിച്ച ശിഷ്യർക്കുണ്ടായ മാറ്റമോ അനുഭവമോ മെത്രന്മാരിൽ നിന്നും സ്ഥൈര്യലേപനം  സ്വീകരിക്കുന്നവർക്കു ലഭിക്കുന്നുണ്ടോ ?   

വെള്ളം വീഞ്ഞാക്കിയ കർത്താവ് പാപമോചനം നൽകിയതുപോലെ, വീഞ്ഞ് മൂത്രമാക്കാൻ മാത്രം കഴിവുള്ള പുരോഹിതന് പാപമോചനം നൽകാനാവുമോ ?

ക്രിസ്തു  ജീവിച്ചിരുന്നപ്പോൾ അവിവാഹിതനായിരുന്നു എന്ന് പഠിപ്പിക്കുന്ന കത്തോലിക്കാസഭ എന്തുകൊണ്ടാണ് കന്യാസ്ത്രീകളെ 'കർത്താവിന്റെ മണവാട്ടികൾ' എന്ന് വിളിക്കുന്നത്‌ ? ജീവിച്ചിരുന്നപ്പോൾ ഒരു ഭാര്യപോലും ഇല്ലാതിരുന്നയാൾക്കു മരണശേഷം എന്തിനാണ് എണ്ണിത്തീരാൻ പറ്റാത്തവിധം പൊണ്ടാട്ടിമാർ ?  

30 ദിവസം അടുപ്പിച്ചു കുർബ്ബാന ചൊല്ലിയാൽ ഏതു ആത്മാവും സ്വർഗത്തിലെത്തുമെന്നു സഭ പഠിപ്പിക്കുന്നു. ഇരുപതും മുപ്പതുംവർഷം 365 ദിവസവും കുർബ്ബാന ചൊല്ലുന്നവർ തമ്മിലടിക്കുന്നു; എന്തിന്, കൊലപാതകംവരെ നടത്തുന്നു. എന്തുകൊണ്ട് ?

വൈദികർ കുറ്റം ചെയ്യുന്നത് അല്മായരുടെ  പ്രാർത്ഥനയുടെ കുറവുകൊണ്ടാണെന്ന് ഇപ്പോൾ  വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കുറ്റബോധവും പേടിയുമുള്ള ഒത്തിരി വിശ്വാസികൾ അങ്ങനെ കരുതുകയും ചെയ്യുന്നു . നേരെ തിരിഞ്ഞല്ലേ കാര്യങ്ങളുടെ കിടപ്പ്?

മരണാനന്തരചടങ്ങുകളിൽ  പണത്തിനനുസരിച്ച് ഇത്രയേറെ വേണ്ടാതീനങ്ങൾ കാണിയ്ക്കുന്ന വേറെ ഒരു സമൂഹമുണ്ടെന്നു തോന്നുന്നില്ല. ലക്ഷങ്ങൾ വാങ്ങി കല്ലറകൾ വിൽക്കുന്നത്‌ അനീതിയാണെന്ന് ഏന്തേ ആരും കരുതുന്നില്ല.?       

ഒരു കൂദാശയ്ക്കൊപ്പം മറ്റൊരു കൂദാശയുടെ ആവശ്യമെന്ത്? ഈ വേലത്തരം ഇവിടെ മാത്രമേയുള്ളൂ എന്ന് വിശ്വാസികൾ അറിയണം . വിവാഹത്തിന്റെ കർമ്മികർ വരനും വധുവുമാണ്. കാനോനിക നിയമമനുസരിച്ച് പള്ളിയിൽ വെച്ച് വിവാഹം നടത്താൻ പോലും വൈദികന്റെ ആവശ്യമില്ല. വൈദികൻ ഇല്ലാതെ പള്ളിയിൽ നടന്ന കല്യാണങ്ങൾക്ക് പള്ളിയിൽ നിന്നു തന്നെ വിവാഹസർട്ടിഫിക്കറ്റുകൾ  ലഭിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ വേദപാഠം തിരുത്തി, വിവാഹത്തിന്റെകൂടെ കുർബ്ബാന നിര്ബന്ധമാക്കിയത് എന്തിനാവും ?       

മമ്മോദീസയ്ക്കൊപ്പം കുർബ്ബാന മാത്രമല്ല കുർബ്ബാന സ്വീകരണവും എന്തിനാണ് ? പള്ളിയിൽ കൊച്ചുകുഞ്ഞിന്റെ വസ്ത്രം അഴിച്ചുമാറ്റി വേറെ വസ്ത്രം ഇടുവിക്കണമെന്ന ഐഡിയ ഏതു കൊക്കന്റെ മരത്തലയിലായിരിക്കും ഉദിച്ചത്?       

3 comments:

  1. അനൂപിന്റെ ചിന്തകൾ സമാനമാനസർ ഏറ്റുവാങ്ങി, അനേകർക്ക്‌ പകർന്നുകൊടുത്തീസമൂഹത്തെ പുരോഹിത/ പാസ്റെർ ഭക്തികച്ഛവടത്തിൽനിന്നും മോചിപ്പിക്കണം ...

    ReplyDelete
  2. ഇതിനുമുമ്പും അനൂപ്‌ പ്രസക്തമായ ഇത്തരം വളരെ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവയിൽ ഒന്നിനുപോലും ഉത്തരം പറയാനുള്ള ജ്ഞാനം നമ്മുടെ പുരോഹിതര്ക്കില്ല എന്നത് ഏവർക്കുമറിയാം. അതവർക്കുമറിയാം. അവരുടെ മേലാളന്മാർക്കുമറിയാം. എത്രയോ ചോദ്യങ്ങൾ ഇതിനിടെ അല്മായശബ്ദംതന്നെ മെത്രാന്മാരോട് ചോദിച്ചിട്ടുണ്ട്. ഒന്നിനുമുത്തരമില്ല. ഒന്നും പറയാൻ മേലാത്ത ഒരക്കിടിയിലാണ് അവരെല്ലാം. പൌരോഹിത്യത്തിന് സാമൂഹികവും യുക്തിപരവും ദൈവശാസ്ത്രപരവുമായ ഒരടിത്തറ ഇന്നില്ല എന്ന സത്യം അംഗീകരിച്ചാൽ മാത്രമേ ഇന്നത്തെ കത്തോലിക്കാ സഭക്ക് അസ്ഥിത്വവകാശമുള്ളൂ എന്ന പരുവത്തിലാണ് കാര്യങ്ങൾ എന്നറിഞ്ഞ്, ആകെ ഭയത്തിലാണ് പൌരോഹിത്യം. ഇന്നല്ലെങ്കിൽ നാളെ പൌരോഹിത്യമില്ലാത്തെ ഒരു സഭയോ സഭയില്ലാതെ കുറേ തെമ്മാടികളോ ബാക്കിയാവും.

    ReplyDelete
  3. അനൂപിന്റെ കുറിപ്പിനോടോപ്പമുള്ള ചിത്രം ചിന്താദ്യോതകമാണ്. കുമ്പസാരക്കൂടുകൾ ചെറുപ്പക്കാരായ അച്ചന്മാർക്ക് ഇരിക്കാനുള്ളതല്ല. കാരണം, അനുഭവം പഠിപ്പിക്കുന്നത്, അവിടെ ഇരുന്ന് അവർ പലപ്പോഴും ഇരകളെ പിടിക്കുന്നുണ്ട് എന്നാണ്. ഈ കുമ്പസാരം എന്നാ ഏർപ്പാട് വിദഗ്ദ്ധരായ കൗൻസിലെർസ് ഏറ്റെടുക്കേണ്ട ഒന്നായി മാറണം. നിങ്ങൾ ഭൂമിയിൽ കെട്ടുന്നതും അഴിക്കുന്നതും ... എന്നതൊക്കെ മിഥ്യയാണ്‌. പാപം പൊറുക്കപ്പെടുന്നത് മനസ്താപത്തിലൂടെ പാപി ദൈവത്തിലെയ്ക്ക് തിരികെപ്പോകുംപോഴാണ് , അല്ലാതെ വിവരദോഷിയായ ഒരു പട്ടക്കാരൻ മൂന്നു നമനിറഞ്ഞ മറിയം പിഴയായി തന്ന് 'ങാ,പോട്ടെ' എന്നുംപറഞ്ഞ് കൈവീശുമ്പോഴല്ല.

    ReplyDelete