പണ്ടൊരിക്കൽ അനോനിമസ്സായി അല്മായസബ്ദം ബ്ലോഗിൽ വന്ന ഒരു കമെൻറാണ് ഈ ചെറിയ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ കമെൻറ്റിലെ പ്രധാനഭാഗം താഴെ കൊടുക്കുന്നു:
''കത്തോലിക്കാസഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മൾ. ഓരോ വ്യക്തിസഭയും ഉണ്ടാകുവാൻ കാരണം അവയുടെ തനതായ പാരമ്പര്യം കാരണമാണ്. ആ പാരമ്പര്യം അപ്പസ്തോലിക ശുശ്രൂഷയിൽ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy) സഭാഭരണത്തിലും (administration) ദൈവശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങൾ ഈ സഭകൾ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് നമ്മുടേത്. ഇതിൽ ആർക്കെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന മിഷനറി അച്ചന്മാരും വത്തിക്കാനും തമ്മിലുള്ള എഴുത്തുകുത്തുകളും അതിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളും പരിശോധിച്ച് നോക്കാവുന്നതാണ്.
ഈ സഭകളിൽ ഒന്നായ സീറോ-മലബാർ സഭക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങളും ഇല്ലെങ്കിൽ വ്യക്തി സഭയായി തുടരാൻ സാധിക്കില്ല എന്ന് വ്യക്തമാണല്ലോ. കത്തോലിക്കാ സഭ ഈ സഭകളെ വളരെ പ്രത്യേകമായി ആദരിക്കുന്നു എന്നതിൻറെ വളരെ പ്രത്യേക്ഷമായ തെളിവാണ് രണ്ടാം വത്തിക്കാൻ സുനഹദോസിൻറെ 'പൗരസ്ത്യസഭകൾ' എന്ന പ്രബോധനം. ഇതനുസരിച്ച് പൗരസ്ത്യസഭകൾ തങ്ങൾക്കുണ്ടായിരുന്ന ആദിമചൈതന്യത്തിലേക്ക് തിരിച്ചുപോകേണ്ടതും തങ്ങളുടെ വിശ്വാസികളെ അത് പഠിപ്പിക്കേണ്ടതും ആണ്. (പതിനഞ്ചാം നൂറ്റാണ്ടു മുതൽ പരസ്ത്യസഭകൾ അനുഭവിച്ച ലത്തിനീകരണത്തിൻറെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിർദേശം സിനഡുപിതാക്കന്മാർ മുന്നോട്ടുവച്ചത്) ലത്തിനീകരണത്തിൻറെ ഏറ്റവും വലിയ ഇരകളായിരുന്ന മലബാർ ക്രിസ്ത്യാനികൾക്ക് ഇത് ഏറ്റവും സന്തോഷം നല്കേണ്ടതായിരുന്നു.''
നസ്രാണി കത്തോലിക്കസഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് പ്രഫ. കെ.എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒൻപത് പ്രമുഖ സഭാംഗങ്ങൾ മെത്രാൻ സിനഡിനോടും മാർപാപ്പയോടും അഭ്യർത്ഥിച്ചതാണ്. അവർ അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ മലബാർ സഭയുടെ പൈതൃകമെന്തെന്ന് നിർണയിച്ച് നിർവചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും മാർ പവ്വത്തിലുംകൂടി മാർത്തോമ്മായാൽ ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാപിച്ച് പൗരസ്ത്യസഭകളിൽ പെടുത്തി. ആദ്യകാലങ്ങളിൽ സഭയ്ക് അഞ്ചു പേട്രിയാർക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോൻസ്റ്റൻറിനോപ്പിൾ, ജെറുശലേം, അലക്സാന്ത്രിയ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോൻസ്റ്ററ്റൈൻ ചക്രവർത്തി രണ്ടായി വിഭജിച്ചപ്പോൾ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുകൾ പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാൽ ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായതുമായ നമ്മുടെ മലങ്കരയിലെ നസ്രാണി സീറോ മലബാർ കത്തോലിക്കാസഭ എങ്ങനെ പൗരസ്ത്യസഭകളിൽ പെടും? നമ്മുടെ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിൻറേതായ പാരമ്പര്യം, ശിക്ഷണം, ഭരണസമ്പ്രദായം, ദൈവാരാധനാരീതികള്‍ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളിൽപെടാത്ത വ്യക്തിസഭയാണ് സീറോ മലബാർ സഭ.
മാർപാപ്പയുടെ
സ്ഥാനനാമങ്ങളിൽ ഒന്നായിരുന്ന Patriarch of the West ഏതാനും വാർഷങ്ങൾക്കുമുൻപ് ബെനഡിക്റ് പതിനാറാമൻ മാർപാപ്പ നീക്കം ചെയ്തു. അതിന് വത്തിക്കാൻ പറഞ്ഞ ന്യായം പശ്ചാത്യദേശത്തല്ലെങ്കിലും ആസ്ട്രേലിയായും ന്യൂസിലാൻഡുമൊക്കെ പാശ്ചാത്യസഭയിൽ പെട്ടതിനാൽ ഇന്നത്തെ ചുറ്റുപാടിൽ
അർത്ഥമില്ലാത്ത ഒരു സ്ഥാനനാമമാണെന്നാണ്. എങ്കിൽ റോമാ സാമ്രാജ്യത്തിലെ
അഞ്ച് പേട്രിയാക്കേറ്റുകളിൽ പെടാത്ത ഭാരത നസ്രാണിസഭയെ എന്തുകൊണ്ട് പൗരസ്ത്യസഭകളിൽ പെടുത്തി. നസ്രാണിസഭയെ പൗരസ്ത്യസഭകളിൽ നിന്ന് വിടർത്തി പാശ്ചാത്യവും പൗരസ്ത്യവുമല്ലാത്ത കത്തോലിക്കാസഭയിലെ ഒരു വ്യക്തിസഭയായി സീറോ മലബാർ സഭയെ പ്രഖ്യാപിക്കുകയായിരുന്നില്ലെ ഇന്നത്തെ ചുറ്റുപാടിൽ കരണീയമായ കാര്യം? ഈ സത്യം നാമെല്ലാം മനസ്സിലാക്കേണ്ടതാണ്.
ഓരോ വ്യക്തിസഭയും ഉണ്ടാകാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്ന് എല്ലാവർക്കും അറിയാം.
1. ലിറ്റർജി - നമ്മുടെ ലിറ്റർജി കല്ദായമാണെന്നുള്ളതിന് എന്തു തെളിവുകളാണുള്ളത്? നമ്മുടെ കത്തനാരന്മാർ കല്ദായ കുർബ്ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ. ജോസഫ് പുലിക്കുന്നേലിൻറെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം - ഒരു പഠനം' എന്ന ലഘുലേഖ കാണുക). ഫ്രാൻസീസ് റോസ് മെത്രാൻ (1599-1624) നസ്രാണികൾക്കായി കുർബ്ബാന പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയപ്പോൾ അന്നുവരെ നസ്രാണികളുടെ ആരാധനഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്ന കാരണത്താൽ നമ്മുടെ ലിറ്റർജി എങ്ങനെ കല്ദായമാകും? 16-ാം നൂറ്റാണ്ടു മുതൽ നമ്മുടെ സഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തിൻ കീഴിൽ ആയിരുന്നല്ലോ. എങ്കിൽ പിന്നെ എന്തുകൊണ്ട് നമ്മുടെ ലിറ്റർജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിൻറ്റെ ആരാധനരീതികള്‍ ആ സമൂഹത്തിൻറെ സംസ്കാരത്തിൽ അധിഷ്ഠിതമായിരിക്കണം. പൗരസ്ത്യസംഘവും മാർ പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി അങ്ങനെ ഒരു ലിറ്റർജിക്ക് സാദ്ധ്യത ഇല്ലാതാക്കി. കല്ദായ ലിറ്റർജി നമ്മുടെ സഭയിൽ അടിച്ചേൽപിച്ചു. അങ്ങനെ അവർ കുതികാലുവെട്ടിത്തരം കാണിച്ചതിൻറെ പരിണിതഫലമാണ് നമ്മുടെ സഭ ഇന്ന് നാശത്തിലേക്ക് മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്ദായ കുർബ്ബാനയും ക്ലാവർ കുരിശുമായാൽ രണ്ടാംവത്തിക്കാൻ കൗൻസിൽ നിർദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടർ ധരിച്ചുവശായിരിക്കുന്നത്. തന്നെയുമല്ലാ നമ്മുടെ പഴമയിലേക്ക് തിരിച്ചുപോയെന്നും ലത്തീനികരിക്കലിൽ നിന്ന് രക്ഷപെട്ടന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ സഭാഭരണത്തിലേക്ക് കടന്ന് ചിന്തിച്ച് എന്തുമാത്രം ലത്തീനീകരണം അവിടെ ഈ അടുത്തകാലത്തുണ്ടായിയെന്ന് നമുക്കൊന്നു നോക്കാം.
2. സഭാഭരണം (administration) - നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങൾ (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷയോഗം) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. ആ പള്ളിയോഗത്തെ ദുർബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സിൽ നടപ്പിൽ വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവൻ മെത്രാന്റെയും പള്ളിവികാരിയുടെയും കക്ഷത്തിൻ തന്നെ വേണം. കാനോൻ നിയമമെന്ന പാശ്ചാത്യകാട്ടാളനിയമം നമ്മുടെ തലയിലും റോം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാർ അതിനെ എതിർത്ത് മാർത്തോമ്മായുടെ മാർഗ്ഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോൻ നിയമം നിർമ്മിക്കാൻ മാർപാപ്പയോട് ആവശ്യപ്പെട്ടില്ല? പട്ടക്കാരെയും മേല്പട്ടക്കാരെയുമാണ് ഇത്തരം സത്യങ്ങൽ നാം പറഞ്ഞ് മനസ്സിലാക്കേണ്ടത്. അവരാണ് നമ്മുടെ സഭയിൽ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോൻ നിയമമുപയോഗിച്ച് 1991- ൽ പള്ളിക്കാരുടെ സ്വത്തുമുഴുവൻ മെത്രാന്മാർ പിടിച്ചെടുത്തു. മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന നസ്രാണി പൈതൃകം എതിലെപോയന്ന് നാം ചിന്തിക്കണം. അതിൽ നാം സങ്കടപ്പെടുകയും വേണം.
3. ദൈവശാസ്ത്രം (theology) - എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്നേഹമാകുന്നു എന്ന നസ്രാണി സങ്കല്പത്തെ മാറ്റി ദൈവം കർക്കശമായ നിയമങ്ങളുണ്ടാക്കി, അതു പാലിക്കുന്നവനേ സ്വർഗ്ഗരാജ്യമുള്ളു എന്ന പാശ്ചാത്യ ദൈവശാസ്ത്രത്തിലേക്ക്
മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂർ സൂനഹദോസിൽ കൊണ്ടുവന്ന കുമ്പസാരം ഇന്നും തുടരുന്നത്. സ്നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളൽ' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്. അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിന്റെ എണ്ണം വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം നീതിന്യായ വിധികർത്താവായി ഇവിടെ പ്രത്യക്ഷപ്പെടുന്നു.
നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്നവർ കുമ്പസാരം നിർത്തൽ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാൽ ലിറ്റർജി കല്ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോൾ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാർത്ഥ വ്യക്തിസഭ ആകണമെങ്കിൽ ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റർജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാർതോമായുടെ മാർഗ്ഗത്തിലും വഴിപാടിലും അധിഷ്ടിതമായ പള്ളിയോഗഭരണസമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.
നസ്രാണി സഭാ നിയമങ്ങൾ പാരമ്പര്യത്തിലധിഷ്ഠിതമായി കാലദേശാനുസൃതമായിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാൻ പാടില്ല. സഭാസ്വത്തുക്കൾ ഭരിക്കാൻ ഗവൻമെൻറ് നിയമമുണ്ടാക്കിയാൽ സഭയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന കടുംപിടിക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീർച്ചയായ കാര്യമാണ്. മറിച്ച് കൽദായകുർബ്ബാനയും ക്ലാവർകുരിശും ശീലതൂക്കലും പാശ്ചാത്യപള്ളിഭരണവും കിഴക്കിൻറെ കാനോൻ നിയമവും നസ്രാണി എണങ്ങരുടെ തലയിൽ കെട്ടിയേല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ ഈ സഭ നാശത്തിലേക്കേ നീങ്ങൂ.
സീറോ മലബാർ സഭയുടെ നാശത്തിൻറെ വിത്ത് വർഷങ്ങൾക്കുമുമ്പ് ചങ്ങനാശ്ശേരിയിൽ വിതച്ചു. ഇന്നത് അമേരിക്കയിലെ സീറോ മലബാർ പള്ളിയള്ത്താരകളിൽ 1000 മേനിയായി വിളയുന്നു. ക്ളാവർ കുരിശായ ഞെരിഞ്ഞിലാണ് വിളയുന്നതെന്നുമാത്രം. അത് സീറോ-മലബാർ സഭയിലെ രണ്ടാം കെട്ടിലെ മക്കളായ വടക്കുംഭാഗക്കാർക്കേ വിളയുന്നുള്ളു. ക്നാനായക്കാരുടെ പള്ളികളിൽ തൂങ്ങപ്പെട്ട രൂപമാകാം.
No comments:
Post a Comment