Translate

Friday, June 6, 2014

വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല!

ഷൌക്കത്ത്
ഇന്നലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു; ആത്മീയ ലോകത്ത് ഇത്രമാത്രം ചൂഷണങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ എന്താ മിണ്ടാതിരിക്കുന്നത്? ഒരു പ്രതികരണവും കണ്ടില്ലല്ലോ?
ഞാന്‍ പറഞ്ഞു: ഒരു സംഭവം ഉണ്ടാകുമ്പോള്‍മാത്രം പ്രതികരിക്കുകയും അതിന്റെ ചൂടാറുമ്പോള്‍ അടുത്ത പ്രശ്‌നത്തിലേക്ക് തിരിയുകയും ചെയ്യുന്ന രീതിയോട് എനിക്കു താല്പര്യമില്ല. ഇതൊരു പുതിയ പ്രശ്‌നമല്ല.
ആത്മീയത തുടങ്ങിയ കാലംമുതല്‍ അതിന്റെ എല്ലാ നന്മയോടുമൊപ്പം ഈ ചൂഷണത്തിന്റെ വിളയാട്ടവുമുണ്ട്. ആത്മീയലോകത്തെന്നപോലെ മറ്റെല്ലാ മേഖലയിലും ആള്‍ദൈവങ്ങളും ആധിപത്യവും മനുഷ്യനുണ്ടായ കാലംമുതല്‍ തുടരുന്നുണ്ട്. അതിനെതിരായ ഉണര്‍വ്വുകളും കാലാകാലങ്ങളിൽ ഉണ്ടായിട്ടുമുണ്ട്.
ബുദ്ധനും യേശുവും മുഹമ്മദുനബിയും തുടങ്ങി പിന്നീടിങ്ങോട്ടു സംഭവിച്ച പലരും അറിഞ്ഞോ അറിയാതെയോ വിഭാഗീയതകള്‍ക്കു കാരണമായത് ചരിത്രമാണ്. ആ വിഭാഗങ്ങളില്‍ നിന്നു കൂണുകള്‍പോലെ പൊട്ടിമുളച്ച അനേകായിരും നാമ്പുകളാണ് ഇന്ന് യാതൊരു നീതിയുമില്ലാതെ സംഹാരതാണ്ഡ വമാടുന്നത്. 
മനുഷ്യന്‍ ഒരു ശ്രേണീബദ്ധ ജീവിയാണ്. തനിക്കു മുകളിലും താഴെയും ആരെങ്കിലും ഉണ്ടെങ്കിലേ ജീവിക്കുന്നൂ എന്ന തോന്നലുണ്ടാകൂ. അവനെപ്പോഴും ഒരു രാജാവു വേണം. ഒരു പ്രജയും വേണം. സമൂഹത്തില്‍ വളരെ സമത്വത്തോടെ പെരുമാറാന്‍ ശ്രമിക്കുന്നവര്‍ വീട്ടിലെത്തുമ്പോള്‍ സ്വഭാവം മാറുന്നത് നമ്മുടെയൊക്കെ അനുഭവമാണ്.
ഒരാള്‍ക്കുമേലെയെങ്കിലും ആധിപത്യസ്വഭാവം കാണിക്കാത്ത ആരുമുണ്ടാകില്ല. അത് അതിരുവിടുമ്പോഴാണ് അക്രമമാകുന്നത്. ആകെ ജനതയെ ചൂഷണംചെയ്യാനും തമ്മിലകറ്റാനും തമ്മിലടിപ്പിക്കാനും കാരണമാകുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നത്.
ബുദ്ധനും യേശുവും മുഹമ്മദുനബിയും തുടങ്ങി പിന്നീടിങ്ങോട്ടു സംഭവിച്ച പലരും അറിഞ്ഞോ അറിയാതെയോ വിഭാഗീയതകള്‍ക്കു കാരണമായത് ചരിത്രമാണ്. ആ വിഭാഗങ്ങളില്‍ നിന്നു കൂണുകള്‍പോലെ പൊട്ടിമുളച്ച അനേകായിരും നാമ്പുകളാണ് ഇന്ന് യാതൊരു നീതിയുമില്ലാതെ സംഹാരതാണ്ഡവമാടുന്നത്. അതിന്റെ ഹിംസാത്മക കഥകളാണ് പിന്നീടു വെളിപ്പെട്ടുവരുന്നത്.
ദൈവീകത അവകാശപ്പെടുന്ന അജ്ഞരായ അത്തരം ആളുകളെ ചുറ്റിപറ്റി പല താല്‍പര്യങ്ങളോടെ ഇത്തിക്കണ്ണികളായി കൂടുന്നവരാണ് പണത്തിനും അധികാരത്തിനും പ്രശസ്തിയ്ക്കും വേണ്ടി ആ ആളുകളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനത്തെയും ഉപയോഗിക്കുന്നത്.
ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ക്കും സദുദ്ദേശത്തോടെ അനുവാദം കൊടുക്കുന്നവര്‍ മെല്ലെമെല്ലെ അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇത് എന്നത്തെയും കഥയാണ്. ഇന്നു പുതുതായി പൊട്ടിമുളച്ച അപൂര്‍വ്വ സംഭവമല്ല. അടിമകളായിരിക്കാനുള്ള മനുഷ്യന്റെ ആന്തരികചോദനയെ ചൂഷണം ചെയ്യുന്നവരുടെ കഥകളാണ് മത, ആത്മീയ ലോകങ്ങളില്‍ നിന്ന് നാം കേള്‍ക്കുന്നത്. ഇനി കേള്‍ക്കാന്‍ പോകുന്നതും.
ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് എന്നപേരില്‍ ഒരു പുസ്തകമെഴുതി ഈയിടെ പ്രസിദ്ധീകരിച്ചു. എങ്ങനെയൊക്കെയാണ് ആത്മീയതയുടെയും മറ്റും പേരില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് നാം അതില്‍ വീണുപോകുന്നതെന്നും അതില്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
നാം നമ്മെ ഇത്തരം കുഴികളിലേക്ക് തള്ളിയിടാതെ സ്വയം ഉണരേണ്ടതുണ്ടെന്നും അവനവന്റെ വഴി അവനവനില്‍ നിന്നുതന്നെ കണ്ടെത്തേണ്ടതുണ്ടെന്നും അറിഞ്ഞാലേ ഇത്തരം ഇടങ്ങള്‍ അപ്രസക്തമായും അപ്രത്യക്ഷമായും തുടങ്ങുകൂകയുള്ളൂ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എഴുതുന്ന ലേഖനങ്ങളും പുസ്തകങ്ങളും കണ്ടുമുട്ടുന്ന മനുഷ്യരുമായി പങ്കുവയ്ക്കുന്ന മനസ്സിലാക്കലുകളും ഈ ചൂഷണത്തിന്റെയും അതില്‍നിന്നുള്ള ഉണരലിന്റെയും ആവശ്യകതയെ ഊന്നിക്കൊണ്ടുള്ളതായിരുന്നു.
അതത്ര എളുപ്പമുള്ള കാര്യമല്ല. വിധേയപ്പെടാനുള്ള ത്വര അത്രമാത്രം നമ്മുടെ ജീവനില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യത്തിനായുള്ള ദാഹവുമുണ്ട്. വിധേയത്വം സ്വാതന്ത്ര്യത്തെ നല്‍കില്ലെന്ന് എത്ര അറിഞ്ഞാലും വിധേയത്വമെന്ന സ്വാഭാവിക ചോദനയിലൂടെ സ്വാതന്ത്ര്യത്തിലേക്ക് ഉണരാം എന്നുതന്നെയാണ് നാം കരുതുന്നത്.
ആ ബലഹീനതയെയാണ് നാം അതിജീവിക്കേണ്ടത്. അല്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ പ്രതീക്ഷയോടെ സമര്‍പ്പിച്ച ഇടങ്ങളില്‍നിന്നും നിരാശയോടെ പടിയിറങ്ങേണ്ടി വരും. സ്നേഹത്തിന്റെ മുമ്പില്‍ വഴങ്ങിക്കൊടുത്ത് ജീവിതംതന്നെ നരകതുല്യമാക്കിയ അനുഭവം നമ്മില്‍ പലര്‍ക്കുമുണ്ട്. സ്‌നേഹത്തിനായുള്ള നമ്മുടെ ആ വിശുദ്ധ ദാഹത്തെയാണ് കാമുകര്‍ മുതല്‍ ദൈവങ്ങള്‍ വരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
അറിവില്‍ നിന്ന് മനുഷ്യനിലേക്കു മനസ്സുതിരിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഈ പ്രശ്‌നങ്ങള്‍. നമുക്ക് ആശ്രയിക്കാന്‍ ചിലതൊക്കെ വേണം. ചിലരൊക്കെ വേണം. എന്നാല്‍ അത് നമ്മെ ഉണര്‍വ്വിലേക്കു നയിക്കാന്‍ സഹായിക്കുന്നതാകണം. കൂടുതല്‍ വിധേയത്വത്തിലേക്ക് തള്ളിയിടുന്നതാകരുത്.
എന്നാല്‍ തുടക്കത്തില്‍ ഉണര്‍വ്വു നല്‍കിയതെല്ലാം മെല്ലെമെല്ലെ നമ്മെ ഇരുളിലേക്കു ചവിട്ടുത്താഴ്ത്തുന്നത് നാം അറിയാറില്ല. അറിഞ്ഞുവരുമ്പോഴേക്കും തിരിച്ചു കയറാനാവാത്ത വിധം ആ ചതുപ്പുനിലത്തു നാം ആഴ്ന്നു തുടങ്ങിയിട്ടുണ്ടാകും. എത്ര ദയനീയമായ അനുഭവമാണത്!
നമുക്ക് നമ്മെ സ്‌നേഹിക്കാനും ആദരിക്കാനുമാകണം. എന്നാല്‍ അപ്പുറത്തുള്ളതിനെ ആദരിക്കുകയും സ്വയം താഴ്ത്തുകയും ചെയ്യുന്ന അനുഭവമാണ് ആത്മീയത പൊതുവെ നമുക്ക് നല്‍കുന്നത്. അതാണ് സംഘസ്വഭാവമുള്ള ആത്മീയതയുടെയും മറ്റേതൊരു പ്രസ്ഥാനത്തിന്റെയും ആവശ്യവും.
നമ്മെ സ്വതന്ത്രരാക്കുക എന്നതല്ല മറിച്ച് അവരുടെ നിലനില്‍പിന് നമ്മെ ഉപയോഗിക്കുക എന്ന രീതിയാണ് എല്ലാ മത, ആത്മീയ, രാഷ്ട്രീയ സ്ഥാപനങ്ങളും സംഘടനകളും അവലംബിക്കുന്നത്. അതു തിരിച്ചറിയാനും സ്വയം വിഡ്ഢികളാകാതിരിക്കാനും അവനവനു കഴിയണം.
അല്ലെങ്കില്‍ ദേവന്മാരും ദേവിമാരും ഇവിടെ വാഴും. പ്രവാചകന്റെ തിരുമുടികള്‍ ഇനിയും ഇവിടെ അവതരിക്കും. യേശുവും വിശുദ്ധമേരിയും ഇവിടെ വിഗ്രഹങ്ങളിലൂടെ തിരുരക്തമൊഴുക്കും. അതുകണ്ട് നാം കണ്ണുനീരൊഴുക്കും. അതു ചെയ്യുന്നവര്‍ തടിച്ചു കൊഴുക്കും. കഥ ഇതുപോലെ തുടരും.
പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളും അസത്യജടിലമായ അന്ധവിശ്വാസങ്ങളും പേറി കഴിയുന്ന മതവിശ്വാസികളുടെ ലോകത്തു മാത്രമല്ല ഈ അസഹിഷ്ണുതയുടെ അസഹനീയതയുള്ളത്. സ്വാതന്ത്ര്യത്തിന്റെയും നന്മയുടെയും വിപ്ലവത്തിന്റെയും പുരോഗമനാശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നവരുടെ ലോകത്തും ഇതുതന്നെയാണ് കഥ.
ഒരിക്കല്‍ വൈക്കം മുഹമ്മദു ബഷീറിനെ ആരോ വിമര്‍ശിച്ചു. അതോടെ എല്ലാവരുംകൂടി വിമർശകനുനേരെ അക്രോശിച്ചു. അദ്ദേഹം പറയാന്‍ ശ്രമിച്ച വിമര്‍ശനത്തെ പരിശോധിക്കുന്നതിനേക്കാള്‍ മലയാളസാഹിത്യ ലോകത്തെ ആള്‍ദൈവമായ ബഷീറിനെ വിമര്‍ശിച്ചതിലുള്ള അസഹിഷ്ണുതയായിരുന്നു എങ്ങും.
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തേക്കാള്‍ മനോഹരമാണ് പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവല്‍ എന്നു പറഞ്ഞപ്പോള്‍ എന്നോടു മിണ്ടാതായ സുഹൃത്തുക്കളുണ്ടായിട്ടുണ്ട്. പിന്നെ സാഹിത്യസംബന്ധിയായ ഏതു ചര്‍ച്ചവന്നാലും അവര്‍ മൗനംപാലിക്കുകയോ എഴുന്നേറ്റുപോവുകയോ ചെയ്യും.
മോഹന്‍ലാലിനെ അഴിക്കോടുമാഷ് വിമര്‍ശിച്ചപ്പോഴുണ്ടായ പുകിലുകള്‍ നാം കണ്ടതാണ്. അഴീക്കോടുമാഷിനെ വിമര്‍ശിച്ചപ്പോഴും കലപിലകളുണ്ടായി. ശ്രീനിവാസന്‍ താരരാജാക്കന്മാരുടെ അപ്രമാദിത്തത്തെ എടുത്തുകാണിച്ച് സിനിമയെടുത്തപ്പോഴും പ്രശ്‌നങ്ങളുണ്ടായി.
മമ്മൂട്ടിയും മോഹന്‍ലാലും വിമര്‍ശനാതീതരായ ആള്‍ദൈവങ്ങളായി സിനിമാലോകത്തു നിറഞ്ഞുനിന്നു. ഇന്നതിനു മാറ്റംവന്നുതുടങ്ങിയിരിക്കുന്നു. ആശ്വാസംതന്നെ. രാഷ്ട്രീയരംഗത്തെ ആള്‍ദൈവങ്ങളുടെ പേരുകള്‍ ഞാന്‍ എടുത്തു പറയുന്നില്ല. സംഭവങ്ങള്‍ വിവരിക്കുന്നുമില്ല. സമാധാനത്തോടെ പിന്നെ ജീവിക്കാനാവില്ല.
പ്രകൃതിജീവനം, പരിസ്ഥിതി, രാഷ്ട്രീയം, സാഹിത്യം, സാംസ്‌ക്കാരികം, മതം, ആത്മീയം, എന്നുതുടങ്ങി എല്ലാ മേഖലയിലും എന്നും ഹീറോയിസത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയേ ഇവരെല്ലാം സ്വീകരിച്ചിട്ടുള്ളൂ.
എതിര്‍ക്കുന്നവരെ ചിന്തകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ഇല്ലാതാക്കുകയെന്ന അക്രമപരതയാണ് ഇവിടെയെല്ലാം കണ്ടുപോന്നിട്ടുള്ളത്. എന്നാല്‍ ഇനിയുള്ള കാലം അതിന്റെ അന്ത്യത്തിന്റേതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതാണ് നാം ലോകവ്യാപകമായി കണ്ടുപോരുന്നത്.
ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും പുതിയ മുഖങ്ങള്‍ ഉണര്‍ന്നുവരുമെന്നതു തീര്‍ച്ച. എന്നാല്‍ യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍, ജീവിതത്തെ ചൂഷണംചെയ്യുന്നവരെ അറിയാനും അകറ്റാനും നിര്‍ഭയതയോടെ വിളിച്ചുപറയാനും കഴിയുന്നവരുടെ എണ്ണം കൂടിവരികതന്നെ ചെയ്യും.
മനുഷ്യബോധം എല്ലാ പ്രാകൃതവിശ്വാസങ്ങളോടെ തുടരുമ്പോഴും പുതുവെളിച്ചങ്ങളോടെ സ്വതന്ത്രവിഹായസ്സിലേക്ക് ഉണരുകകൂടി ചെയ്യുന്നുണ്ടെന്ന് ചൂഷകര്‍ അറിഞ്ഞാല്‍ കൊള്ളാം. ഇരുളിനോടൊപ്പം വെളിച്ചവും പ്രസരിക്കുന്നുണ്ടെന്നതാണ് ആശ്വാസം.
മനുഷ്യന്‍ മുന്നോട്ടു തന്നെയാണ് ഒഴുകുന്നത്. ചെറിയ അനീതികള്‍ പോലും വാര്‍ത്തയാകുന്നത് അതുകൊണ്ടാണ്. പഴയകാലം നല്ലതും പുതിയകാലം കെട്ടതും എന്നത് പാടിപ്പതിഞ്ഞ ഒരു പൊളിയാണ്. എല്ലാ കാലത്തും എല്ലാരും പറഞ്ഞ ഒരു കാല്പനിക നുണയാണത്. മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ എന്നു പാടിയ പാട്ടുപോലെ.
അതു നമ്മുടെ ഒരു സ്വപ്‌നമാണ്. അല്‍പമെങ്കിലും മനുഷ്യത്വമുള്ളവര്‍ ഇന്നാണ് ഏറെയുള്ളത്. പണ്ട് കുറച്ചു പേര്‍ക്കു മാത്രമുള്ളതായിരുന്നു ഈ ലോകം. ബാക്കിയുള്ളവരെല്ലാം അവരുടെ അടിയാളന്മാരായിരുന്നു. ഇന്ന് ആ അനുപാതം കൂടിയിട്ടേയുള്ളൂ. നാളെ അത് ഇനിയും മാറിമറിയും, തീര്‍ച്ച.

2 comments:

  1. "വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല!"എന്ന
    ഷൌക്കത്ത്എഴുതിയ അതിമനോഹര ലേഖനത്തിലെ, "സ്‌നേഹത്തിനായുള്ള നമ്മുടെ ആ വിശുദ്ധ ദാഹത്തെയാണ് കാമുകര്‍ മുതല്‍ ദൈവങ്ങള്‍ വരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്".എന്ന വാക്ക് (ഒരു വലിയ സത്യം) ഓരോ ദൈവവിശ്വാസിയും സദാ മനസ്സിൽ ഓർത്തിരുന്നാൽ നന്ന് ! പുരോഹിത മതങ്ങലിൽനിന്നും മനസിനെ എന്നേക്കുമായി വെട്ടിമാറ്റാൻ , സ്വതന്ത്രരാകാൻ , ഒരുവൻ സ്വയം ആത്മീയനാകണം ! "അവനിലെ ജീവനാധാരമായ ചൈതന്യം തന്നെയാണീ വിശ്വചൈതന്യം" എന്നകമേ അറിയുവാൻ "ധ്യാനം" കുട്ടികാലം മുതല്ക്കേ മനുഷ്യനെ പരിശീലിപ്പിക്കുവാൻ, മാതാപിതാക്കൾ ഈ വിദ്യ കാലേകൂട്ടി പഠിച്ചിട്ടേ വിവാഹിതരാകാവൂ.. വിവാഹം കഴിക്കാത്ത കത്തനാരുടെ പാഴ്വാക്കും പൊട്ടപ്പരിശീലനവുമല്ല ഇനിയും തലമുറകൾക്കാവശ്യം. mr sowkath where are you ? 09447333494 ഒന്ന് വിളിക്കൂ.. ഞാൻ മോന്റെ കൂടലചായാൻ ..

    ReplyDelete
  2. കുറച്ച് ആഴ്ചകൾകുശേഷം വായനക്കാരെ ചിന്തിപിക്കുന്ന ഒരു ലേഖനം കണ്ടതിൽ സന്തോഷം. അടുത്ത കാലത്തായി അല്മായ ശബ്ദം വായിക്കുമ്പോൾ ഇടക്കാലത്ത്‌വെച്ച് നിന്ന് പോയ സിറോമലബാർ ബ്ലോഗ് ആണോ വായിക്കുന്നതെന് സംശയം തോന്നാറുണ്ട്‌. വളരെ വൈകാരികമായി വാർത്തകൾ കൈകാരിയം ചെയ്തിരുന്ന സിറോമലബാർ ബ്ലോഗിന്റെ നിലവാരമല്ല അല്മായ ശബ്ദം ബ്ലോഗിൽ നിന്ന് പ്രതീഷിചിരുന്നത്. ഇത് പറയുമ്പോൾ ദയവായി തെറ്റിദ്ധരിക്കരുത്. സിറോമലബാർ ബ്ലോഗ്‌ ഞാൻ സാധാരണയായി വായിക്കുമായിരുന്നു, പലപ്പോഴും കംമെന്റ്സ് എഴുതിയിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ മടിക്കുമ്പോൾ തീർച്ചയായും പഴയ സിറോമലബാർ ബ്ലോഗ്‌ പോലെ ഒന്ന് ആവശ്യമാണ്. ഇവിടെ ഇപ്പോൾ വരുന്ന sensational ആയ പല വാർത്ത‍കൾക്കും Facebook ലും മറ്റും ഞാനും കമന്റ്‌ ചെയ്യാറുണ്ട്. പക്ഷേ അല്മായ ശബ്ദം സിറോമലബാർ ബ്ലോഗിന്റെ നിലവാരത്തിലേക്ക്‌ മാറുന്നത്‌ കാണുമ്പോൾ കടുത്ത നിരാശയുണ്ട്. പഴയ നിലവാരത്തിലുള്ള ലേഖനങ്ങൾ വീണ്ടും അല്മായ ശബ്ദം ബ്ലോഗിൽ ഉടനെ കാണാൻ ഇടയാകും എന്ന് പ്രതീഷിക്കുന്നു.

    ReplyDelete