Translate

Wednesday, June 4, 2014

ഗാഡ്‌ഗില്‍: ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ ഭിന്നത


കോട്ടയം: ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ക്രൈസ്‌തവ സഭകള്‍ കടുത്ത ഭിന്നതയിലേക്ക്‌.
സീറോ മലബാര്‍ സഭ ഉള്‍പ്പടെയുളള കത്തോലിക്കാ സഭകള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ സി.എസ്‌.ഐ. സഭയുള്‍പ്പടെയുള്ള ക്രൈസ്‌തവ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ പരസ്യമായി രംഗത്ത്‌ വന്നുകഴിഞ്ഞു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന നിലപാടാണു ബി.ജെ.പി. നേതൃത്വത്തിനുളളത്‌. ഇതിന്റെ ഫലമായി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ചുളള നടപടി ക്രമങ്ങള്‍ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം തുടങ്ങുകയും ചെയ്‌തു.
സി.എസ്‌.ഐ. മധ്യകേരള മഹായിടവകയാണു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്ത്‌ വന്നത്‌. കഴിഞ്ഞ ഞായറാഴ്‌ച സി.എസ്‌.ഐ. പളളികളില്‍ ഇതു സംബന്ധിച്ച്‌ ഇടയലേഖനവും വായിച്ചിരുന്നു. "ജീവന്റെ നിലനില്‍പ്പിനായി നമുക്ക്‌ ശബ്‌ദം ഉയര്‍ത്താം" എന്ന പേരിലുള്ള ഇടയലേഖനത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്‌തിയും പശ്‌ചിമഘട്ടം സംരക്ഷിക്കപ്പെടാതെ പോയാലുള്ള വിപത്തും ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ത്തോമ്മാ സഭയും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന അഭിപ്രായത്തിലാണ്‌. യാക്കോബായ- ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ പരസ്യ നിലപാട്‌ സ്വീകരിച്ചിട്ടില്ലെങ്കിലും പരസ്‌ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം കൊടുക്കണമെന്നു വാദിക്കുന്നു. കര്‍ഷകര്‍ക്കു ദ്രോഹപരമായ സമീപനം ഉണ്ടാകരുതെന്നും ഇരുസഭകളും പറയുന്നു.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെതിരേ സംസ്‌ഥാനത്ത്‌ മലയോര മേഖലകളില്‍ ശക്‌തമായ എതിര്‍പ്പ്‌ ഉയര്‍ന്ന സാഹചര്യത്തിലാണു താരതമ്യേന ഇളവുകള്‍ ഉള്ള കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതിന്റെ പേരില്‍ ഉണ്ടായ കോലാഹലമാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിഷമിപ്പിച്ചത്‌.
ഇടുക്കിയില്‍ ഹൈറേഞ്ച്‌ സംരക്ഷണസമിതിയുടെ രൂപീകരണത്തിന്‌ വഴിയൊരുക്കിയതും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാനുളള തീരുമാനമായിരുന്നു.
ഷാലു മാത്യു
- See more at: http://www.mangalam.com/print-edition/keralam/190721#sthash.X8BN9jlo.dpuf
http://www.mangalam.com/print-edition/keralam/190721

No comments:

Post a Comment