Translate

Sunday, June 1, 2014

വൈദികരേ, നിങ്ങൾ ഉണരുവിൻ!



ചാക്കോ കളരിക്കൽ

ഏകദേശം മുപ്പത് വർഷങ്ങൾക്കു മുമ്പ് ചങ്ങനാശേരി മെത്രാപ്പൊലീത്ത മാർ പവ്വത്തിലിൻറെ നേതൃത്വത്തിൽ സീറോ മലബാർ കത്തോലിക്കാ സഭയെ കൽദായ സഭയുടെ ഭാഗമാക്കാനും കൽദായ ആരാധനക്രമം സഭയിൽ നടപ്പിലാക്കാനും മാർത്തോമ്മാ കുരിശ് എന്ന പേരുനല്കി പേർഷ്യൻ കുരിശിനെ പള്ളികളിൽ പ്രതിഷ്ഠിക്കാനുംവേണ്ടി ആരംഭിച്ച വിപ്ലവം റോമിലെ പൌരസ്ത്യസംഘത്തിൻറെ  പിൻബലത്താൽ ഭാഗികമായി വിജയിച്ചു. സഭയിൽ നടന്ന ഈ ആശയകലാപത്തിൻറെ പരിണതഫലമായി കുറെ മെത്രന്മാർ ഒരു ചേരിയിലും മറ്റു മെത്രാന്മാർ മറുചേരിയിലുമായി. സഭയിലെ ഈ വിഭാഗീയചിന്തയിൽ മെത്രാന്മാരും വൈദികരും അല്മായരും ഒന്നുപോലെ അകപ്പടേണ്ടിവന്നു. ഈ ദുരന്തത്തിൻറെ ഫലമായി അന്നുവരെ സഭയിൽ ഉണ്ടായിരുന്ന ഐക്യവും അച്ചടക്കമനോഭാവവും സഭക്ക് നഷ്ടപ്പെട്ടു. ഏതു മെത്രാനും എന്തു തോന്ന്യാസം കാണിക്കാനും വിളിച്ചുപറയാനും രാഷ്ട്രിയക്കളി കളിക്കാനും സഭയുടെ ഈ തകർച്ച കാരണമായി. ഈ അടുത്ത കാലത്തായി സഭയിൽ വളരെ അപലപനീയമായ പല സംഭവങ്ങളും നടക്കുകയുണ്ടായി. തലോർ ഇടവക പ്രശ്നം, ഞാറക്കൽ സ്കൂൾ പ്രശ്നം, പ്രൊഫ. ടി. ജെ. ജോസഫിൻറെ  കൈ വെട്ടിമാറ്റിയ സംഭവം, അദ്ദേഹത്തിൻറ്റെ ഭാര്യ സലോമിയുടെ ആത്മഹത്യ, വൃദ്ധരായ മോനിക്കാദമ്പതികളുടെ ഇരുപത്തഞ്ചുകോടി രൂപ വിലമതിക്കുന്ന ഭൂമി കാഞ്ഞിരപ്പള്ളി രൂപത തട്ടിയെടുത്ത അനീതി, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെതിരായി ഇടുക്കി, കാഞ്ഞിരപ്പള്ളി, താമരശേരി മെത്രാന്മാരുടെ അനാവശ്യവും നിരുത്തരവാദിത്വപരവും നിന്ദ്യവുമായ ഇടപെടൽ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മാർത്തോമ്മാ നസ്രാണികളുടെ പൂർവ പാരമ്പര്യവും പൈതൃകവുമായിരുന്ന പള്ളി പൊതുയോഗ തീരുമാനപ്രകാരമുള്ള പള്ളി സ്വയംഭരണത്തെ നിർത്തൽചെയ്ത് വികാരിയെ ഉപദേശിക്കുവാൻമാത്രം അവകാശമുള്ള പാശ്ചാത്യ രീതിയിലുള്ള പാരിഷ്കൗണ്സിൽ മെത്രന്മാർ ഏകപക്ഷിയമായി സഭയിൽ നടപ്പിലാക്കി. ഓരോ രൂപതയിലേയും കോടിക്കണക്കിനുള്ള സ്വത്തിൻറെയും അനുദിന വരവുചെലവിൻറെയും യാതൊരു കണക്കും അതിൻറെ  യഥാർത്ഥ ഉടമസ്ഥരായ സഭാപൌരരെ സഭാധികാരം അറിയിക്കുന്നില്ല. അക്ഷന്തവ്യമായ ഒരു തെറ്റാണിത്. ഇന്നുള്ള സീറോ മലബാർ മെത്രാൻ സിനഡ് സീറോ മലബാർ സഭാ സിനഡല്ല. സീറോ മലബാർ സഭാസിനഡ് എന്നു പറയുന്നത് മെത്രാന്മാരും വൈദിക-സന്യസ്ത-അല്മായ പ്രതിനിധി കളുമടങ്ങുന്ന സഭയുടെ മഹാസമ്മേളനമാണ്. നാളിതുവരെ അങ്ങനെയൊരു സീറോ മലബാർ സഭാസിനഡ് സഭ രൂപീകരിച്ചിട്ടില്ല. സഭയിലെ ഇത്തരം നീറുന്ന പ്രശ്നങ്ങളെപ്പറ്റി കൂടിയാലോചനകൾ നടത്താൻ അല്മായരും അവരുടെ സംഘടനാഭാരവാഹികളും സഭാമേലദ്ധ്യക്ഷന്മാരോട് പലവട്ടം നേരിട്ടും കത്തുവഴിയും ആവശ്യപ്പെട്ടിട്ടും അവർ ഇന്നുവരെ അതിന് മൌനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. മേൽവിവരിച്ച ദുഃഖസത്യങ്ങളെ തിരിച്ചറിയുമ്പോഴാണ് സഭാനവീകരണത്തിൽ വൈദിക പങ്കാളിത്തത്തിൻറെ  പ്രസക്തി മനസ്സിലാക്കാൻ കഴിയുന്നത്.

എഴുപത്തിമൂന്ന് വയസുള്ള ഒരു സന്യാസ വൈദികൻ എനിക്ക് ഇങ്ങനെ എഴുതി: "ലോകത്തെമ്പാടുമുള്ള സീറോ മലബാർ സഭ വഞ്ചിച്ചു പണം പിടുങ്ങുന്ന ഒരു പ്രസ്ഥാനമാണ്. നിങ്ങളേപ്പോലുള്ളവർ യഥാർത്ഥ പുനരവലോകനത്തിലൂടെ മെത്രാന്മാരെയും വൈദികരെയും വെല്ലുവിളിക്കണം. വേറൊരു കുറുക്കുവഴി ഇക്കാര്യത്തിലില്ല." ആയിരക്കണക്കിന് വൈദികരും സന്യസ്തരും സീറോ മലബാർ സഭയിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ വികല വൈദികർ ഉണ്ടെന്നിരുന്നാലും ബഹുഭൂരിപക്ഷം വൈദികരും നല്ലവരും സേവനപ്രിയരുമാണ്. സാധാരണ ജനങ്ങളുടെ ഇടയിലുള്ള അവരുടെ സേവനങ്ങൾ സ്തുത്യർഹവും വിലതീരാത്തതുമാണ്. ഈ വൈദികർ പല വെല്ലുവിളികളെയും നേരിരേണ്ടിവരുന്നുണ്ട്. സീറോ മലബാർ സഭയിലെ മെത്രാന്മാർ അവരുടെ രൂപതകളിലെ കൊച്ചു കൊച്ചു ചക്രവർത്തിമാരാണ്. അവർ പൌരസ്ത്യ കാനോൻ നിയമത്തിന്റെ പിൻബലത്തിൽ നിയമ നിർമ്മാതാക്കളും അധികാര നിർവാഹകരും നീതിന്യായ പാലകരുമായി സഭയെ ഭരിക്കുന്നു. കോർപ്പറേഷൻ മോഡലിലുള്ള രൂപതാഭരണത്തിൽ സഭാശുശ്രൂഷ എന്ന കർമ്മം തമസ്ക്കരിക്കപ്പെടുന്നു. മെത്രാൻറെ കീഴിലുള്ള വൈദികരെ സഭാശുശ്രൂഷയിലെ സഹപ്രവർത്തകരായി കാണാതെ കൊർപ്പറേഷനിലെ ചോട്ടാമാനേജർന്മാരായി കാണുമ്പോൾ ധാരാളം വൈദികർ അസംതൃപ്തരാകും. മെത്രാൻ വൈദികർക്ക് സ്ഥലംമാറ്റം നല്കുമ്പോൾ അർഹതപ്പെട്ട ഇടവക കിട്ടാതെവരുകയും മെത്രാനിഷ്ടമുള്ളവർക്ക് ആ ഇടവക മെത്രാൻ നല്കുകയും ചെയ്യുമ്പോൾ വൈദികരിൽ മോഹഭംഗം ഉണ്ടാകുക വെറും സ്വാഭാവികമാണ്. സഹപുരോഹിതരുടെ തൊഴിൽപരമായ അസൂയയും മെത്രാന്റെ പാദസേവനവും ഒരു വൈദികനെ നിരുത്സാസാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. കുടുംബജീവിതംപോലെതന്നെ ഒരു വൈദികന്റെ  ഇടവകജീവിതത്തിലും ഉയർച്ചകളും താഴ്ച്ചകളുമുണ്ട്. അതിനു കാരണം ഇടവകകൾ പരിപൂർണ്ണമല്ല എന്നതുതന്നെ. നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഒരു വൈദികൻറെ ജീവിതത്തിലുണ്ട്. വെല്ലുവിളികളും അതേസമയം സാധ്യതകളും അവരുടെ ജീവിതത്തിൻറെ ഭാഗമാണ്. വിവാഹം കഴിക്കുകയില്ലന്നുള്ള പ്രതിജ്ഞയോ സഭാസിദ്ധാന്തങ്ങളോ അല്ല ഒരു പുരോഹിതനെ തളർത്തുന്നത്; മറിച്ച് , സ്വന്തം മെത്രാൻറെയും പുരോഹിതസഹോദരങ്ങളുടെയും ചതിയും വഞ്ചനയും കപടതയുമാണ്. ബഹുഭൂരിപക്ഷം വൈദികരും തങ്ങളുടെ വൈദികാന്തസ്സിൽ സന്തുഷ്ടരാണ്. വൈദികനടുത്ത ശുശ്രൂഷയിൽ അവർ അഭിമാനം കൊള്ളുന്നു. കൂദാശാപരികർമ്മത്തിലും രോഗികളെ സന്ദർശിക്കുന്നതിലും വിശ്വാസത്തെ സംരക്ഷിക്കുന്നതിലും കുട്ടികളുടെ നല്ല വളർച്ചയിലും അവർ സന്തോഷവാന്മാരാണ്. എന്നാൽ സോവിയറ്റുയൂണിയനിലെ ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവമുള്ള രൂപതാഭരണരീതിയിൽ വൈദികർ അസന്തുഷ്ടരാണ്.

'ആമേൻ' മൂളുന്ന  സഹായികളെയല്ല  ഒരു മെത്രാനുവേണ്ടത്. സത്യസന്ധരും അർപ്പിതമനോഭാവമുള്ളവരും അചഞ്ചലരുമായ  ഉപദേശകരെയാണ് മെത്രാനാവശ്യം. ഒരു വികാരിക്ക് തന്റെ   മെത്രാനെ നേരിൽ കാണാൻ കഴിയണം. ഇടനിലക്കാരുടെ  ഇടപെടൽമൂലം മെത്രാന് നല്കേണ്ട സന്ദേശം നഷ്ടപ്പെടാൻ പാടില്ല. അപ്പനും മകനും പോലെയുള്ള ഒരു ബന്ധമായിരിക്കണം മെത്രാനും ക്ളെർജിയും തമ്മിലുള്ള ബന്ധം. കാരണം, വൈദികർ മെത്രാന്മാരുടെ ആത്മീയ മക്കളും സഹപ്രവർത്തകരുമാണ്. പട്ടം കിട്ടിയ, മെത്രാന്റെ ഒരു കീഴ്ജീവനക്കാരനല്ല, വൈദികൻ. കൂടുതൽ ശബളമോ അവധിയോ ബ്രഹ്മചര്യം ഇല്ലാതാക്കുന്നതോ ഹയരാർക്കി വേണ്ടന്ന് വെയ്ക്കുന്നതോ ഒന്നും ഒരു വൈദികനെ സന്തോഷവാനാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മെത്രാൻറെയും സഹപ്രവർത്തകരുടെയും വിശ്വാസികളുടെയും സ്നേഹമാണ് ഈ അജപാലകരുടെ സന്തോഷം. സഭയിലെ കീറാമുട്ടികളായ പല പ്രശ്നങ്ങളിലും ക്ളെർജി അസന്തുഷ്ടരാണ്.  ഇടവകാംഗങ്ങൾക്ക് ഇഷ്ടമില്ലെങ്കിലും കൽദായ ആരാധനക്രമവും പൌരസ്ത്യ കാനോൻനിയമവും പള്ളികളിൽ നടപ്പിലാക്കാനും പേർഷ്യൻ കുരിശ് പള്ളികളിൽ പ്രതിഷ്ഠിക്കാനും സഭാധികാരം ക്ലെർജിയോട് ആവശ്യപ്പെടുന്നത് ഇതിനുദാഹരണങ്ങളാണ്. വൈദികർ ഒരു വിശ്വാസകൂട്ടായ്മയിലാണെന്ന് തിരിച്ചരിയുന്നതിനാലാണ് അവർ ഏത് ബുദ്ധിമുട്ടുകളെയും ഇന്ന് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു മെത്രാനോട് വിയോജിക്കുകയോ അദ്ദേഹത്തിൻറെ  ഇംഗിതത്തിനും പോളിസിക്കും എതിരായി പ്രവർത്തിക്കുകയോ ചെയ്യുമ്പോഴേ സാരമായും വേഗതയിലും ഒരു വൈദികനെ ശിക്ഷിക്കുന്നത് തെറ്റാണ്. പരസ്പരധാരണ സൃഷ്ടിച്ചെടുക്കാനാണ് ഒരു മെത്രാൻ ശ്രമിക്കേണ്ടത്. അവിടെയാണ് യേശുവിന്റെ സ്നേഹചൈതന്യം വ്യക്തമാകുന്നത്. വരാനിരിക്കുന്ന ജീവിതത്തിലെ അനന്തമായ ആനന്ദത്തിനുവേണ്ടി പരിശ്രമിക്കുമ്പോഴും, ഈ ലോകത്തിലെ നീതിയെ നിഷേധിക്കുമ്പോൾ, ആർക്കാണെങ്കിലും അതൃപ്തി ഉണ്ടാകും. വികാരി നല്ലവനെങ്കിൽ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മെത്രാന് വിശ്വാസികൾ കത്തെഴുതുന്നത് വികാരിയെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമാണ്.

മാർത്തോമ്മാ നസ്രാണികൾക്ക് എന്നും അഭിമാനമായിരുന്നത് പൊതുയോഗതീരുമാനപ്രകാരമുള്ള അവരുടെ ആഭ്യന്തര സ്വയം പള്ളിഭരണ സമ്പ്രദായമായിരുന്നു. സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാധികാരം റോമിൽനിന്ന് ലഭിച്ചപ്പോൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഈ പഴയ പാരമ്പര്യം പുന:സ്ഥാപിക്കുമെന്ന് നസ്രാണികൾ കരുതി. പക്ഷെ മെത്രാന്മാർ വികാരിയെ ഉപദേശിക്കുന്ന പാശ്ചാത്യ രീതിയിലുള്ള പാരിഷ് കൌണ്സിലാണ് നടപ്പിലാക്കിയത്. മെത്രാന്മാരുടെ ഈ നിലപാടിനോട് വിയോജിക്കുന്ന വൈദികർ സഭയിൽ ഇന്ന് ധാരാളമുണ്ട്. അതുപോലെതന്നെ ഈ അടുത്ത കാലത്ത് നടന്ന കൽദായവൽക്കരണത്തെ എതിർക്കുന്ന നല്ല ശതമാനം വൈദികർ സഭയിൽ ഇന്നുണ്ട്. തല്ഫലമായി പല രൂപതകളിലും തോന്നുന്ന രീതിയിലുള്ള ബലിയർപ്പണവും മറ്റ് ആരാധനാസമ്പ്രദായങ്ങളും ഇന്ന് നിലനില്ക്കുന്നു. നമുക്ക് സ്വന്തവും തദ്ദേശീയവുമായ ഒരു ആരാധനക്രമം രൂപപ്പെടുത്തിയെടുക്കുന്നതിന് സഭയിലെ വൈദികർ സന്നദ്ധരാണന്നുള്ളകാര്യം തീർച്ചയാണ്. ആദിമകാലങ്ങളിൽ റോമാസാമ്രാജ്യത്തിൽ രൂപംകൊണ്ട പൌരസ്ത്യസഭകൾക്കുവേണ്ടി പുതിയ കാനോൻ നിയമങ്ങൾ 1991-ൽ റോം പ്രസിദ്ധീകരിച്ചു. ചരിത്രപരമായി ചിന്തിച്ചാൽ, റോമൻ പൌരസ്ത്യസഭകളുടെ ഭാഗമല്ലാത്ത, മാർത്തോമ്മാ അപ്പോസ്തലനാൽ സ്ഥാപിതമായതുമായ നസ്രാണി സഭക്കും ബാധകമാക്കി ഈ കാനോൻ നിയമം റോം പ്രഖ്യാപിച്ചു. തല്ഫലമായി വൈദികർ രൂപതക്കുവേണ്ടി പട്ടം സ്വീകരിക്കുകയും രൂപതയുടെ അംഗമാകുകയും ചെയ്യുന്നു. രൂപതാർത്തിയിലുള്ള ഏതു് ഇടവക പള്ളിയിലും മെത്രാനദ്ദേഹത്തെ നിയമിക്കാം. ഇക്കാരണത്താൽ ഇടവകാംഗങ്ങളിൽ നിന്നും ഉത്തമരായ വൈദികാർത്ഥികളെ തെരഞ്ഞെടുത്ത് ആ ഇടവകക്കാർ പണം മുടക്കി പട്ടത്തിനു പഠിപ്പിച്ച് ആ ഇടവക്കുവേണ്ടി പട്ടം സ്വീകരിച്ച് ആ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന ദേശത്തുപട്ടക്കാർ എന്ന മാർത്തോമ്മാ പൈതൃകത്തെ നശിപ്പിച്ച് രൂപതക്കുവേണ്ടി പട്ടമേറ്റ് മെത്രാനുവേണ്ടി ജോലിചെയ്യുന്ന ഗുമസ്ഥൻ രീതിയിലേക്ക് സഭ അധ:പ്പതിച്ചുപോയി. ദേശത്തുപട്ടക്കാർ എന്നും ഇടവകാംഗങ്ങളുടെ കൂടെയായിരുന്നു. അദ്വിതീയസ്ഥാനമായിരുന്നു ഈ ദേശത്തുപട്ടക്കാർക്ക് ഇടവകയിൽ ഉണ്ടായിരുന്നത്. അപ്പോൾ മെത്രാന്റെ കീഴിൽ മെത്രാന്റെ ഇംഗിതത്തിനനുസൃതമായി വെറും അച്ചനായി ജോലി ചെയ്യുന്നതിൽ സങ്കടപ്പെടുന്ന വൈദികരും ധാരാളം കാണും. നസ്രാണി പാരമ്പര്യമനുസരിച്ച് പട്ടക്കാരും എണങ്ങരും വർഗ്ഗവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് നാം ഓർമ്മിക്കണം. ആ സ്വരുമയുടെ അഭാവമാണ് അല്മായർ ബഹുമാനരഹിതമായി വൈദികരോട് പെരുമാറുന്നതിന്റെ ഒരു കാരണം.

ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ സഭയിൽ നിലനില്ക്കുന്നത് കാണുന്ന വൈദികരും അല്മായരും സഭയുടെ നന്മയ്ക്കായി സഭയെ കാലോചിതമായി നവീകരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി മുറവിളികൂട്ടുകയും ചെയ്യുന്നത് വെറും സ്വാഭാവികമാണ്. സഭ എന്നു പറഞ്ഞാൽ അഭിഷിക്തർ മാത്രമാണന്നും അവരാണ് സഭയെ ഭരിക്കേണ്ടതെന്നും ശേഷിച്ച 99% വരുന്ന വിശ്വാസികൾ വെറും ഏഴാംകൂലികളാണന്നും അനുസരിക്കേണ്ടവരാണന്നുമുള്ള അഹങ്കാരചിന്തയുടെ ധാരാളിത്തം സീറോ മലബാർ മെത്രാന്മാരിൽ ഇന്ന് കൂടുതലായി കാണുന്നുണ്ട്. സഭയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് ചിന്തിക്കുന്നവരെ സഭാദ്രോഹികളായിട്ടാണ് മേലധ്യക്ഷന്മാർ നോക്കിക്കാണുന്നതുതന്നെ. അവരുടെ ആവലാതികൾക്കോ വേവലാതികൾക്കോ നിവേദനങ്ങൾക്കോ സഭാധികാരം യാതൊരു പരിഗണനയും നല്കാറേയില്ല. ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ  കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ മുഖത്തുനോക്കി അധിക്ഷേപിച്ചു പറഞ്ഞത് ഇതാണ്: " അധികാരം കിട്ടിയാൽ പിന്നെ തണ്ടാ......മന്ത്രി, എം. പി., എം. എൽ . എ . ഒക്കെ ആയാൽ പിന്നെ എല്ലാമായി..." ഈ മെത്രാനോട് തിരിച്ചു ചോദിക്കേണ്ടതും ഇതുതന്നെയല്ലേ? എം. പി. യെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. ഈ മെത്രാനെയൊ? ആരു  തിരഞ്ഞെടുത്തു? ഈ മെത്രാൻ 75 വയസ്സുവരെ ഒരേ ഇരുപ്പാ. വൈദികരും അല്മായരും അയാളെ സഹിച്ചേ പറ്റൂ! കേരളമെന്ന സുന്ദരമായ നാട്ടിൽ ജനിച്ച നമ്മൾ പ്രാഥമിക മര്യാദപോലും ഇല്ലാത്ത ഈ മെത്രാന്മാരെ എന്തിന് സഹിക്കണം?

നല്ലവരായ വൈദികരേ, നിങ്ങൾ ഉണരുവിൻ. സഭയിൽ നീതിക്കുവേണ്ടി നിങ്ങൾ പോരാടുവിൻ. നിങ്ങൾ സേവനം ചെയ്യുന്ന, നിങ്ങൾ ശുശ്രൂഷിക്കുന്ന, നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോട് ഒത്തുചേർന്ന് നമ്മുടെ സഭയുടെ നന്മക്കുവേണ്ടി നിങ്ങൾ പ്രയത്നിക്കുവിൻ.  സഭാനവീകരണത്തിനായി ആത്മാർഥമായി പരിശ്രമിക്കുന്നവരെ നിങ്ങൾ പ്രോത്സാഹിപ്പിക്കുവിൻ. സഭാനവീകരണക്കാരെ സഭാധികാരം സഭാവിരോധികളായി മുദ്രകുത്തുമ്പോൾ നിങ്ങൾ അവർക്ക് അത്താണിയാകുവിൻ. നിങ്ങളുടെ നിസംഗത സഭയുടെ പരാജയമാണന്ന് നിങ്ങൾ തിരിച്ചറിയുവിൻ. നിങ്ങളുടെ മൌനം സഭയ്ക്ക് നഷ്ടമാണ്. നിങ്ങളുടെ പ്രസംഗപീഠങ്ങളുപയോഗിച്ച് സഭയെ നേർവഴിക്കുകൊണ്ടുവരുവാൻ  അല്മായരെ നിങ്ങൾ സന്നദ്ധരാക്കുവിൻ.

നിങ്ങളിൽത്തന്നെ പേരുദോഷം കേൾപ്പിക്കുന്ന വൈദികരെ വൈദികാന്തസിൽനിന്നും പുറത്താക്കാൻ നിങ്ങളുടെ മേലധികാരികളിൽ നിങ്ങൾ സമ്മർദം  ചെലുത്തുവിൻ. 'കൊക്കന്മാർ' നിങ്ങൾക്ക് നാണക്കേടാണ് വരുത്തിവെക്കുന്നത്. മെത്രാന്മാരോട് നിങ്ങൾ വിധേയത്വം പ്രതിജ്ഞ  ചെയ്തിട്ടുണ്ടെങ്കിലും സഭയിൽ വൃത്തികേടുകൾ നടക്കുമ്പോൾ ഉറക്കെ ശബ്ദിക്കാൻ  നിങ്ങളുടെ നീതിബോധം നിങ്ങളെ പ്രാപ്തരാക്കട്ടെ.

5 comments:

  1. ശ്രി. ചാക്കോ കളരിക്കല്‍ വളരെ ശ്രദ്ധേയമായ ചില കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരള സിറോ മലബാര്‍ സഭയിലെ അത്മായരെല്ലാം ഒരേപോലെ അസ്വസ്ഥരാണ്. വിശ്വാസ ജീവിതത്തെപ്പറ്റി ഇയ്യിടെ കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങിയ ഇടയ ലേഖനത്തിലും ഉണ്ട് വീടുകളില്‍ വൈദികരെയും മേലദ്ധ്യക്ഷന്മാരെയും വിമര്‍ശിക്കരുതെന്ന്. അവരുടെ ജീവിത മാതൃക കണ്ടു പഠിക്കണമെന്നല്ല പകരം കുടുംബനാഥന്മാര്‍ മാതൃകകളാകണം എന്നുമാണ് ലേഖനം തുടര്‍ന്നു പറയുന്നത്. അനുകരണ യോഗ്യരല്ല മേലധികാരികള്‍ എന്ന് തുറന്നു സമ്മതിക്കുന്നതിന് മറ്റൊരുദാഹരണമാണ് കുര്‍ബ്ബാനക്ക് ശേഷമുള്ള വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. ഇതിന്‍പ്രകാരം, കുറ്റമെല്ലാം വൈദികരില്‍ ചാര്‍ത്തുകയുമാണ്.
    മൂന്നു വര്ഷം മുമ്പ് അത്മായാ ശബ്ദം തുടങ്ങിയപ്പോള്‍ ഒരുപാട് പോസ്റ്റുകളും കമന്‍റുകളും ഉണ്ടായിരുന്നു, കൂടുതലും അജ്ഞാതരുടെ വക. ഇന്നതല്ല സ്ഥിതി. അന്നത് വായിക്കാന്‍ ഏതാനും പേരെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് ഈ ബ്ലോഗ്‌ ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ വായിക്കുന്നു, അജ്ഞാതരും കുറവ്.. പ്രധാന പോസ്ടുകളെല്ലാം ഫെയിസ് ബുക്കിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമായി പുന:പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതായത്, ഒരു പോസ്റ്റ്‌ പതിനായിരം പേരെങ്കിലും വായിക്കുന്നു എന്നര്‍ത്ഥം. അത് ലഷങ്ങള്‍ ആവുകയും ചെയ്യാം. സഭക്ക് അനുകൂലമായ പോസ്റ്റുകള്‍ ഫെയിസ് ബുക്കില്‍ കാണാനേ ഇല്ല. ഓശാന മാസിക ഒരു മാസം രണ്ടായിരം പേര്‍ വായിച്ചിരുന്നിടത്താണ് ഈ വ്യത്യാസം.
    പണ്ട് ഏതു പ്രശ്നവും ഒതുക്കാനുള്ള സൂത്രം അരമനയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതല്ല സ്ഥിതി, ഇല മറിച്ചിട്ടാല്‍ ലോകം മുഴുവന്‍ അറിയുന്നു. അത്മായരില്‍ വളരുന്ന ഈ അസ്വസ്ഥത ഒന്നിനൊന്ന് കൂടിക്കൊണ്ടെയിരിക്കുന്നു. ഇത് പരിഹരിക്കാന്‍ സാധിക്കില്ലായെന്ന വാദം മെത്രാന്മാരുടെ ഒരു കൌശലം മാത്രം. ശ്രി. ചാക്കോ കളരിക്കലിനെ പോലുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും പറയാനും വയ്യാത്ത അവസ്ഥ. നിശ്ശബ്ദത എത്ര നാള്‍ തണലേകും? 'എന്ത് കുന്തമെങ്കിലും ആകട്ടെ, ഞാനായിട്ട് പ്രശ്നമുണ്ടാക്കി എന്തിന് ഒറ്റപ്പെടണം?' ഇങ്ങിനെ ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. ഇതുപോലുള്ള ഭൂരിപക്ഷങ്ങളാണ് പല സാമ്രാജ്യങ്ങളുടെയും അന്ത്യം കുറിക്കാന്‍ കാരണമായതെന്നതും ശ്രദ്ധിക്കാതെ വയ്യ. സഭാ സ്ഥാപനങ്ങള്‍ നടത്തുന്ന വൈദികരെല്ലാം തന്നെ തട്ടിപ്പും നടത്തുന്നുണ്ട്. ഒരിക്കല്‍ രൂപത ഒരു വലിയ കോളേജു തുടങ്ങി. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിനു വേണ്ടി നിയോഗിക്കപ്പെട്ട വൈദികന്‍റെ ബന്ധുക്കള്‍ അതിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ തുടക്കത്തില്‍ തന്നെ വാങ്ങിക്കൂട്ടി. താമരശ്ശേരി രൂപതയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കണക്ക് ഒരു വര്ഷം ഒരു കൊച്ചച്ചന് എഴുതേണ്ടി വന്നു. വര്‍ഷങ്ങളായി നഷ്ടത്തില്‍ ഓടിയിരുന്ന സ്ഥാപനത്തില്‍ 25 ലക്ഷം ലാഭം. വലിയ അധികാരി വന്ന് ഇത് തിരുത്തിയപ്പോള്‍ ലാഭം നഷ്ടമായി, കൊച്ചച്ചനെ സ്ഥലവും മാറ്റി. ഇന്ന് ഒരു പ്രസ്ഥാനത്തിന്‍റെയും ചുമതല ഏല്‍ക്കാന്‍ താനില്ലെന്ന ദൃഡ നിശ്ചയത്തിലാണ് ആ വൈദികന്‍ ഒരിടവകയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഒരു കുറ്റ കൃത്യത്തിനെങ്കിലും കൂട്ട് നില്‍ക്കാത്ത ഒരു മെത്രാന്‍ ഈ കേരളത്തില്‍ ഉണ്ടെങ്കില്‍ കാണിച്ചു തരൂ. കടന്നു പോയ പല ദിവ്യന്മാരെയും കൂട്ടിയാണ് ഞാന്‍ ഇത് ചോദിക്കുന്നത്. കാവുകാട്ട് പിതാവിനെപ്പോലെ വ്യത്യസ്ഥരായിരുന്ന പലരും ഭരിച്ച സഭക്കാണ് ഇന്ന് ഈ ദുര്‍വ്വിധി ഉണ്ടായിരിക്കുന്നത്.

    ReplyDelete
  2. ശ്രീ. കളരിക്കലിന്റെ ലേഖനം നാം ജീവിക്കുന്ന ദൂരൂഹമായ ഈ കാലഘട്ടത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നു. വായിക്കുന്നവര്‍ ലിങ്ക് മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

    ഒരിക്കല്‍ തലമൂത്ത ഒരു മെത്രാന് അശുദ്ധാരൂപിയുടെ വെളിപാടുണ്ടായി. കാര്യം നിസാരം. തന്നെ കേരള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പായി നിയമിച്ചില്ലയെങ്കില്‍ പോപ്പിനെ തന്നെ ഒരു പാഠം പഠിപ്പിക്കും. കഥ ഇവിടെ ആരംഭിക്കുന്നു.....

    കേരളത്തിലെ സകല കത്തോലിക്കരും ഈ ദിവ്യപുരുഷന്റെ കക്ഷത്തിലാണെന്നും പുതിയൊരു സഭ തന്നെ ഉണ്ടാക്കുമെന്നായിരുന്നു പോപ്പിനോടുള്ള വെല്ലുവിളി.
    അന്നു കയറികൂടിയ അവിശുദ്ധബാധ ഇന്നുവരെ ഒഴിഞു പോയിട്ടില്ല.
    കര്‍ത്താവിന്റെ സഭയെ അവിശുദ്ധമാക്കാന്‍ മാമോണ്‍ കൊടുത്ത അടയാളമാണ് മാര്‍ തോമാകുരിശെന്നു പറയുന്ന പാഷാണ്ടന്‍ മാനിയുടെ കുരിശ്. (ചെകുത്താന്‍ കുരിശെന്നാണ് വിശ്വാസികളുടെ ഇടയില്‍ ഇത് ഇന്നറിയപ്പെടുന്നത്)
    ഈ അവിശുദ്ധ ചിഹ്‌നം വെച്ച് ഈ ശ്രഷ്ഠ പുരോഹിതന്‍ സഭയില്‍ നടത്തിയ കലഹങ്ങളും വഴക്കുകളും ചില്ലറയല്ല. കൗരവ പാണ്ടവയുദ്ധം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
    ഒരു പുരോഹിതന് മാമോണ്‍ ബാധയുണ്ടായാല്‍ വിശ്വാസജനം അതേറ്റുവാങ്ങുന്നത് പാപമാണെന്നും അതിനെതിരെയുള്ള സന്ധിയില്ലാ സമരമാണ് ഉത്തമമെന്ന് ബൈബിള്‍ പ്രഘോഷിക്കുന്നു. യേശുവിന്റെജീവിതം തന്നെ അതിനു സാക്ഷ്യം വഹിക്കുന്നു.

    ReplyDelete
  3. ദുഷ്കൃത്യങ്ങളിൽ ഇന്ത്യയിലെ മറ്റെല്ലാ സമുദായങ്ങളെയും തോല്പിചിട്ടേ ഉള്ളൂ എന്ന രീതിയിലാണ് കത്തോലിക്കാസഭയിലെ വൈദികരും കന്യാസ്ത്രീകളും ദിവസം പ്രതി ഓരോന്ന് കാട്ടിക്കൂട്ടുന്നത്. മെത്രാന്മാർ കണ്ണും ചെവിയും വായും പൊത്തി ഒളിച്ചുനടക്കുകയാണ്, അല്ലെങ്കിൽ കുറ്റക്കാരെ എങ്ങോട്ട് മാറ്റണം എന്ന തകൃതിയിൽ വ്യാപ്രുതരാണ്. അങ്ങനെ, ഒരു ശുഭപ്രതീക്ഷയും ഇല്ലാത്തിടത്താണ് ഈ നാട്ടിലെ ഒരു മതനേതാവിനും ഇല്ലാത്ത സഹിഷ്ണുതയോടെയും ചരിത്രബോധത്തോടെയും ശ്രീ ചാക്കോ കളരിക്കൽ സന്മനസ്സുള്ള വൈദികരെ കളത്തിലിറങ്ങാൻ മാടിവിളിക്കുന്നത്. അതായത് ശിഥിലമായ അധികാരത്തിനെതിരെ അണിനിരക്കാൻ. സഭയെ സ്നേഹിക്കുന്ന നല്ല വൈദികർ തീര്ച്ചയായും അങ്ങനെ ചെയ്യും. ഒരൊറ്റ മെത്രാൻ വഴിതെളിക്കാൻ മുന്നിലുണ്ടായിരുന്നെങ്കിൽ എന്നവർ ആഗ്രഹിക്കുന്നുമുണ്ടായിരിക്കും. അതാണ്‌ കേരളത്തിലെ സീറോ മലബാർ സഭക്കു സംഭവിച്ചിരിക്കുന്നത്. നന്മയുള്ള, സഭയോട് സ്നേഹമുള്ള, ഒരു മെത്രാൻ പോലുമില്ല എന്നല്ലേ അതിനർഥം? ആടുകൾ ഇതറിയുന്നുണ്ട്. അവർ ചിതറിക്കപ്പെടാൻ ഇനി അധിക കാലം വേണ്ടിവരില്ല. അവരുടെ തലയിലെന്തെങ്കിലുമുണ്ടെങ്കിൽ, മെത്രാന്മാർ ഗൌരവമായി ചിന്തിക്കേണ്ട ഒരു പ്രതിസന്ധിയിലാണ് സീറോ മലബാർ സഭ.

    ReplyDelete
  4. "ജനങ്ങൾ എന്നെ ആരെന്നു പറയുന്നു " എന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചതുപോലെ, ഓരോ മെത്രാനും പുരോഹിതനും സ്വയമറിയാൻ ആരായണം ;('ആമേൻ' മൂളുന്ന സഹായികളെയല്ല ഒരു മെത്രാനുവേണ്ടത്. സത്യസന്ധരും അർപ്പിതമനോഭാവമുള്ളവരും അചഞ്ചലരുമായ ഉപദേശകരെയാണ് മെത്രാനാവശ്യം.) എന്ന,ശ്രീ ചാക്കോ കളരിക്കലിന്റെ എക്കാലത്തേയും ക്ലാസിക്കൽ ലേഖനത്തിലെ ഈ വാചകമെങ്കിലും ഇവരൊന്നു മനസിരുത്തി വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! അവർക്കെവിടെ സമയം ? തീറ്റയും കുടിയും കുര്ബാനയും കൂദാശയും പിരിവും രാഷ്ട്രീയവും ഉലകം ചുറ്റലും എല്ലാത്തിനുംകൂടി ആകെയുള്ളത് വെറും 24 മണിക്കൂർ! പിന്നെയുമല്ല "ആനപ്പുറത്തിരിക്കുന്ന ഞങ്ങൾ എന്തിനു പട്ടിയെ പേടിക്കണം"എന്ന മനോഭാവവും ,അഹന്തയും ! ഈ കുറിപ്പുകളെല്ലാം വെറും നേരംകളയൽ ....

    ReplyDelete
  5. എല്ലാ ക്രിസ്ത്യാനികളും പ്രത്യേകിച്ചും സീറോ മലബാര്‍ വിശ്വാസികള്‍ താഴെ കാണുന്ന "ചാക്കോയുടെ" ലേഖനം വായിക്കണം.
    “വി. പൗലോസ്‌ പഠിപ്പിക്കുന്നു, അപ്പോളോസ് ആരാണ്? പൌലോസ് ആരാണ്? കര്ത്താണവ് നിശ്ചയിച്ചതനുസ്സരിച്ചു നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രൂഷകര്‍ മാത്രം. ഞാന്‍ നട്ടു അപ്പോളോസ് നനച്ചു എന്നാല്‍ ദൈവമാണ് വളര്ത്തിതയത്. അതുകൊണ്ട് നടുന്നവാനോ നന്ക്കുന്നവനോ അല്ല വളര്ത്തു ന്നവായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനക്കുന്നവനും തുല്യരാണ്. ജോലിക്ക് തക്ക കൂലി എല്ലാവര്ക്കും ലഭിക്കും” 1 CORI 3:5-8. സഭയില്‍ ആല്മായനെന്നോ മേത്രാനെന്നോ വ്യത്യാസം ജോലിയില്‍ മാത്രമാണ്. എനിക്കും അത് പോലെ ഓരോ സീറോ മലബാര്‍ വിശ്വാസിക്കും പിതാക്കന്മാര്ക്കൊ പ്പം തുല്ല്യ അവകാശമാണ് സഭയിലുള്ളത്. ഞങ്ങളും പിതാക്കന്മാരും തമ്മില്‍ എല്പിക്കപെട്ട ഉത്തരവാദിത്തത്തില്‍ മാത്രമേ അതും ദാനമായി കര്ത്താ വിനാല്‍ ലഭിച്ചത്. ദാനമായി ലഭിച്ചത് അവകാശമായി കരുതി തീരുമാനമെടുക്കുന്നത് ശരിയോ???
    യേശു ക്രിസ്തു പോലും പഴയനിയമ സഭയുടെ ഉന്നത അധികാരികളായിരുന്ന പുരോഹിത പ്രമുഖരെ എതിര്ത്തിത് അങ്ങ് കാണുന്നില്ലേ??? തന്റെമ പിതാവിന്‍റെ ആലയമായ ദേവാലയത്തില്‍ (സഭയില്‍) നടമാടിയിരുന്ന കച്ചവടകാരെ ചാട്ടയെടുത്തു ഓടിക്കുന്നത് നാം കാണുന്നു. അനാചാരങ്ങളെയും അനാവശ്യ നിയമങ്ങളെയും തകര്ക്കാ നാണ് കര്ത്താുവ് ഭൂമിയിലേക്ക്‌ വന്നത്. പഴയ നിയമ സഭക്ക് പിതാവായ ദൈവം നല്കിലയത് ആകെ പത്തു കല്പനകളും ചുരുക്കം ചില ഉപകല്പനകളും മാത്രമായിരുന്നു. പക്ഷെ അന്നത്തെ പുരോഹിത പ്രമാണികള്‍ താന്താങ്ങളുടെ അവകാശ അധികാരങ്ങള്‍ നില നിര്ത്താ നും മറ്റുള്ളവരെ അനുസ്സരിപ്പിക്കുവാനും തങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. അതിനെതിരെ യേശു ശക്തമായി പ്രതികരിച്ചു.
    ഇന്നും ഇതൊക്കെ തന്നെയല്ലേ സ്ഥിതി??? ലോകം മുഴുവന്‍ പോയി എന്റെത സുവിശേഷം അറിയിക്കുവിന്‍ എന്ന് പറഞ്ഞ യേശുവിന്റെഴ സ്നേഹവും സ്വാതന്ത്ര്യവും അവന്റെ് തന്നെ ഭവനമായ സഭയില്‍ ഇന്നെവിടെ??? ഒരു കൂട്ടം നിയമങ്ങള്‍ അവന്റെന സുവിശേഷവല്ക്ക രണങ്ങളെ തടയുന്നു. എത്ര വലിയ വിരോധാഭാസം. ശരിയായത് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് തീരുമാനിക്കുകയും പ്രാവര്ത്തി കമാക്കുകയും ചെയുബോഴാന്നു ഒരു നല്ല യേശുവിനെ പോലെ ശക്തനായ ഗുരുവും നായകനും ആകാന്‍ സാധിക്കുന്നത്. അത് കൂടിയാലോചനയിലൂടെയെ നടക്കൂ. യേശു നാഥന്‍ പോലും ശിഷ്യരോട് ചോദിക്കുന്നു...എന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു??? ഈ ചോദ്യം എല്ലാവരും സ്വയം ചോദിക്കുന്നത് ഇപ്പോഴും നന്നായിരിക്കും. പിതാവേ വാഴ്ത്തപെട്ട ജോണ് പോള്‍ രണ്ടാമന്‍ പാപ്പ സഭ മുഴുവനും വേണ്ടി മാപ്പ് പറഞ്ഞു. കാരണമാറിയാമോ??? അദ്ദേഹം വൈകിയാണെങ്കിലും “ നിങ്ങള്‍ പാപം ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അത് ആല്മയ വഞ്ചനയാണ്” എല്ലാ മനുഷ്യര്ക്കും തെറ്റുപറ്റുന്നു. സഭ പരിശുദ്ധമെങ്കിലും മാനുഷിക വശത്തിനു തെറ്റുപറ്റുന്നു. പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു തിരുത്തുബോഴാണ് വഴ്ത്തപെട്ടവനും വിശുദ്ധനും ആകുന്നതു. അല്ലാതെ ആരോടും ആലോചിക്കാതെ പിണഞ്ഞ ഒരു തെറ്റ് ശരിയാക്കുവാന്‍ മറ്റെല്ലാവരുടെയും അവകാശം ഞെരിക്കുബോഴാണെന്ന് ഞാന്‍ കരുതുന്നില്ല.. മുന്‍ കാലങ്ങളില്‍ ശരിയായതിനു വേണ്ടി ശബ്ധിച്ഛവരും, പലപ്പോഴും വിലക്കപെട്ടവരും പിന്നീട് വിശുദ്ധരായി എന്ന് നാം തിരിച്ചറിയണം.
    ശരിയായത് പറയാതിരിക്കുന്നത് അനുസ്സരണമല്ല ഭീരുത്വമാണ്. യേശു നാഥന്‍ ഒരിക്കലും ഭീരുവായിരുന്നില്ല. തന്റെ പിതാവിന്റെ ആലയത്തെ പ്രതി അവന്‍ ജ്വലിച്ചു. അത് കൊണ്ട് എല്ലാ ക്രിസ്ത്യാനികളും സഭയെ സ്നേഹിക്കുന്ന ഞാന്‍ ക്രിസ്തുവിനെയാണ് ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമായ ബോധ്യമുള്ള അച്ചന്മാരും ശക്തമായ ഭാഷയില്‍ പ്രതികരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ പ്രവചിക്കുന്നു "അവന്‍റെ വരവിനു അധികം സമയമില്ല!!! അവന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. സത്യമാനെന്നരിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നതും ആര് തന്നെയായാലും തെറ്റാണ്. വെറും വിരലില്‍ എന്നാവുന്ന മാസ്സങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ മറുപടി നല്‍കേണ്ടി വരും" ഇത് ഒരു മുന്നറിയിപ്പാണ്......ഒര്മയിരിക്കട്ടെ.....ഞാന്‍ ഇത് വീണ്ടും ചോദിക്കും......അന്ന് ഒഴികഴിവ് ഉണ്ടാവുകയില്ല.........കര്‍ത്താവ് പറയുന്നു........ben john

    ReplyDelete