ആന്റോ മാങ്കൂട്ടം (ട്രഷറര്‍, KCRM) ഫോണ്‍: 9447136392
(ആഗസ്റ്റ് - സെപ്തംബർ ലക്കം 'സത്യജ്വാല' -യിൽ നിന്ന്)
ഇക്കഴിഞ്ഞ ഓഗസ്റ്റ് 1- ഞായറാഴ്ച, പാലാ രൂപതയുടെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ മലയാളികളെ ആകെ അമ്പരിപ്പിച്ചിരിക്കുകയാണ്. 5 കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് മാസംതോറും 1500 രൂപ ധനസഹായം; നാലാമത്തെ കുട്ടിക്ക് ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍; നാലാമത്തെ പ്രസവം മുതല്‍ മള്‍ട്ടിസ്റ്റാര്‍ സൗകര്യമുള്ള ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ സുഖകരമായ പ്രസവശുശ്രൂഷ! എന്താ, പോരേ?
അല്ല, കല്ലറങ്ങാട്ട് മെത്രാനേ, താങ്കള്‍ ഏതു ലോകത്തില്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? നിങ്ങളുടെ ഈ പ്രസവഓഫര്‍ എത്രമാത്രം അവജ്ഞയോടെയാണ് കേരളസമൂഹം ചര്‍ച്ചചെയ്തതെന്ന് ഇതിനകം സോഷ്യല്‍ മീഡിയാവഴി കണ്ടുകാണുമല്ലോ. നിങ്ങള്‍ക്കും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണോ ഉള്ളത്. 5 മക്കളില്‍ക്കൂടുതലുള്ള കുടുംബങ്ങള്‍ക്ക് മാസംതോറും 1500 ഉലുവ തരുമത്രേ! താങ്കള്‍ വസിക്കുന്ന അരമനയുള്‍പ്പെടെ രൂപതാവക സകലതിന്റെയും ഉടമകളും താങ്കളെ തീറ്റിപ്പോറ്റുന്നവരുമായ ഞങ്ങളോട്, ഒരു രാജാവിനെപ്പോലെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്കു നാണമില്ലേ?
നിങ്ങള്‍ പറയുന്നതുവച്ച് ആറ് കുട്ടികളുള്ള ഒരു വീട്ടില്‍ അവരെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കള്‍ക്കുപുറമേ ഗ്രാന്റ്‌പേരന്റ്‌സ്‌കൂടി ഉണ്ടായേ പറ്റൂ. അപ്പോള്‍ ആകെ 2+2+6= 10 അംഗങ്ങള്‍! ഇനി വല്യപ്പച്ചനമ്മമാര്‍ ഇല്ലെങ്കില്‍, കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഒരാളിനെ ജോലിക്കുവയ്‌ക്കേണ്ടിവരില്ലേ? അപ്പോള്‍ കുറഞ്ഞത് 15000 രൂപയെങ്കിലും ശമ്പളം കൊടുക്കേണ്ടിവരും. എന്തിനേറെ, ഈ കുഞ്ഞുങ്ങളുടെ വിസര്‍ജ്യം വൃത്തിയാക്കുവാനാവശ്യമായ ഡയഫര്‍ വാങ്ങിക്കുവാന്‍തന്നെ തുക എത്രയാകുമെന്നറിയാമോ മെത്രാന്‍വൈദികസംഘമേ?
സാധാരണ വിശ്വാസികളായ ഞങ്ങളെപ്പറ്റി നിങ്ങള്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചുവോ? കോവിഡ് മഹാമാരി ലോകത്തെ നടുക്കി കടന്നുവന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇക്കാലഘട്ടത്തില്‍ ഞങ്ങള്‍, വിശ്വാസികള്‍ എങ്ങനെയാണ് ജീവിച്ചുപോന്നത് എന്ന കാര്യം നിങ്ങള്‍ സഭാപിതാക്കന്മാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്രയോ ആളുകള്‍, കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു! എത്ര പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി? എത്രയോ രോഗികള്‍ ചികിത്സ മുടങ്ങി മരണപ്പെട്ടു. പട്ടിണിമൂലവും ചികിത്സ ലഭിക്കാതെയും, ഒരിറ്റു സ്‌നേഹം, കരുതല്‍, കാരുണ്യം, തലോടല്‍, സ്‌നേഹസ്പര്‍ശം എന്നിവ ലഭിക്കാതെയും പതിനായിരങ്ങള്‍ മരിച്ചില്ലേ? ഇവരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ പക്കലേക്ക് നിങ്ങളില്‍ എത്രപേര്‍ കടന്നുചെന്നു? ലക്ഷങ്ങളും കോടികളും നീക്കിയിരിപ്പുള്ള പള്ളികളിലും അരമനകളിലും നിങ്ങള്‍ സുഖലോലുപതയില്‍ ആഞ്ഞമര്‍ന്നിരുന്ന് രസിച്ചുകളിച്ച് സുഖിച്ചുമദിച്ചപ്പോള്‍, ഈ പാവപ്പെട്ട വിശ്വാസിസമൂഹത്തെപ്പറ്റി നിങ്ങള്‍ ഒട്ടും ചിന്തിച്ചില്ല. അടിമവിശ്വാസികളുടെ എണ്ണം കുറയുന്നതുകണ്ടപ്പോള്‍ വിശ്വാസികളുടെ അംഗസംഖ്യകൂട്ടുവാന്‍ പുതിയ പ്രസവമത്സര പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണല്ലേ? ഇല്ല മെത്രാന്മാരേ, നിങ്ങളുടെ പ്രസവസഹായമത്സരത്തില്‍ ഒരൊറ്റ പെണ്‍കുട്ടിപോലും പങ്കെടുക്കില്ല, തീര്‍ച്ച.
അഞ്ചും ആറും പ്രസവിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ ഈ നാട്ടിലെ പെണ്‍കുട്ടികളുടെ ആരോഗ്യനിലയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചോ? ഇവിടുത്തെ പെണ്‍കുട്ടികളെന്താ പ്രസവയന്ത്രമാണോ? ഈ പെണ്‍കുട്ടികളുടെ മാനസികനിലയെപ്പറ്റി ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചോ? 'ഇടു കുടുക്കേ ചോറും കറിയും' എന്നു പറയുന്ന അമ്മൂമ്മക്കഥയിലെ നായികമാരാണോ ഞങ്ങളുടെ ഭാര്യമാരും മക്കളും സഹോദരികളുമായ സ്ത്രീസമൂഹം. ഇത് സ്ത്രീത്വത്തെ അപമാനിക്കലല്ലേ. പാലാ മെത്രാന്‍ ഇറക്കിയ ഈ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇവിടുത്തെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച സ്ത്രീസമൂഹത്തോട്, മാപ്പു പറയണമെന്നാണ് ഈയുള്ളവന്റെ പക്ഷം. KCBC യും ഈ സര്‍ക്കുലറിന് സപ്പോര്‍ട്ട് ചെയ്തതായാണ് വാര്‍ത്തകള്‍ വരുന്നത്. ഉളുപ്പുവേണം മെത്രാന്മാരേ, ഉളുപ്പ്!
അല്പം ചരിത്രംകൂടി പറയാതെവയ്യ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യയില്‍ 40 കോടിയാണ് ജനസംഖ്യ. അന്ന് ജനസംഖ്യയിലും ജനപ്പെരുപ്പനിരക്കിലും ലോകത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ഈ രീതിയില്‍ ജനസംഖ്യ പെരുകിയാല്‍ അപകടമാണെന്നു തിരിച്ചറിഞ്ഞ നെഹൃവിനെപ്പോലുള്ള ഭരണകര്‍ത്താക്കള്‍ 1952-ല്‍ ഒരു ദേശീയ ജനസംഖ്യനിയന്ത്രണനിയമം പാസ്സാക്കി. എന്നാല്‍ അതിനു പ്രതീക്ഷിച്ചത്ര ഫലമുണ്ടായില്ല. 1970-കളില്‍ വളരെ കാര്‍ക്കശ്യത്തോടുകൂടി സര്‍ക്കാര്‍ ഇടപെട്ടു. മുതിര്‍ന്ന തലമുറക്കാരുടെ മനസ്സുകളില്‍ അക്കാലത്തെ പല മുദ്രാവാക്യങ്ങളും ഓര്‍മ്മയില്‍ വരുന്നുണ്ടാകും: 'കുട്ടികള്‍ രണ്ടോ മൂന്നോ മതി; പിന്നീട്, 'നമ്മള്‍ രണ്ട്, നമുക്ക് രണ്ട്'; തുടര്‍ന്ന്, 'കുട്ടികള്‍ ആണായാലും പെണ്ണായാലും രണ്ടു മതി;' അവസാനം, 'നമ്മള്‍ ഒന്ന് നമുക്ക് ഒന്ന്'. ഈ മുദ്രാവാക്യങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി ജനങ്ങള്‍ സ്വീകരിച്ച കാര്യം മെത്രാന്‍സംഘം മറന്നുപോയോ? 1970-ല്‍ എറണാകുളം കളക്ടറായിരുന്നു ശ്രീ. എസ് കൃഷ്ണകുമാര്‍ (പിന്നീട് കേന്ദ്രമന്ത്രിയായി) നടപ്പിലാക്കിയ വന്ധ്യ#ംകരണശസ്ത്രക്രിയാപദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.
ഇത്രയൊക്കെ ശ്രമങ്ങളുണ്ടായിട്ടുപോലും, 2021-ലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 140 കോടിയിലേക്കെത്തിയ ഭയാനകമായ കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ വിദ്യാസമ്പന്നരായ പൊതുസമൂഹം തങ്ങളുടെ സാമ്പത്തികസൗകര്യമനുസരിച്ച് മക്കളുടെ എണ്ണം 4-ഉം 3-ഉം 2-ഉം 1-ഉം ഒക്കെയായി പരിമിതപ്പെടുത്തി. അതിലൂടെ ഇവിടെ സംഭവിച്ച ഗുണപരമായ മാറ്റം എന്തുകൊണ്ട് മെത്രാന്‍സംഘത്തിനുമാത്രം മനസ്സിലാകുന്നില്ല?
ചെറിയ കുടുംബം സന്തുഷ്ടകുടുംബമായപ്പോള്‍, ഭവനങ്ങളില്‍ സമാധാനം കൈവന്നപ്പോള്‍, വഴക്കുകളും വക്കാണങ്ങളും കുറഞ്ഞപ്പോള്‍ ഇവിടുത്തെ മതത്തിന്റെ മൊത്തവ്യാപാരികള്‍ക്ക് പണിയില്ലാതായി. കുടുംബങ്ങളില്‍ അത്യാവശ്യം പണവും സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിച്ചപ്പോള്‍ അടിമവിശ്വാസികളുടെ എണ്ണം പൊതുവെ കുറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിപ്പുറം കന്യാസ്ത്രീമഠത്തിലേക്കു പോകുന്ന പെണ്‍കുട്ടികളുടെ സംഖ്യ തീരെ ഇല്ലാതായി. അതുകൊണ്ട് ഫ്രാങ്കോ മെത്രാന്മാര്‍ക്കും ജോമോന്‍ കണ്ടത്തിന്‍കരമാര്‍ക്കും തോമസ് കോട്ടൂരാന്‍മാര്‍ക്കും റോബിന്‍ വടക്കുംചേരിമാര്‍ക്കും പൊട്ടന്‍പ്ലാവ്-വെള്ളയാംകുടി-കാ
ചില സഭാന്യായീകരണത്തൊഴിലാളികള്‍ പറയുന്നതായി കേട്ടു, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും ആസ്‌ട്രേലിയയിലും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് പ്രോത്സാഹനം കൊടുക്കുന്നുണ്ടെന്ന്. ശരിയാണ്, പല യൂറോപ്യന്‍ രാജ്യങ്ങളും ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. അതുപക്ഷേ, പാലാ, പത്തനംതിട്ട, ഇടുക്കി മെത്രാന്മാര്‍ കൊടുക്കുന്നതുപോലെ നക്കാപ്പിച്ച തുകയല്ല എന്ന് തിരിച്ചറിയണം. ഇംഗ്ലണ്ടില്‍ ഒന്നിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പതിനായിരക്കണക്കിനു രൂപാ കൊടുക്കാറുണ്ട്. ഓസ്‌ട്രേലിയായില്‍ വിദ്യാഭ്യാസച്ചെലവ് വളരെ അധികമാണ്. അവിടെ കുട്ടികളുടെ എണ്ണമനുസരിച്ച് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാണ് (ഇംഗ്ലണ്ടിലും ആസ്‌ട്രേലിയായിലും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുണ്ട്, ഈ ലേഖകന്‍). ഇന്ത്യയുടെ രണ്ടരമടങ്ങ് വലിപ്പമുള്ള ഓസ്‌ട്രേലിയായില്‍ വെറും രണ്ടുകോടിയില്‍പ്പരം ജനങ്ങളേ അധിവസിക്കുന്നുള്ളൂ എന്നുകൂടി അറിയണം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍മൂലം ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിനു ജനങ്ങള്‍, പ്രത്യേകിച്ചു പുരുഷന്മാര്‍, മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ സിംഗിള്‍ മദര്‍ സമ്പ്രദായം ഉള്ള കാര്യവും നാം അറിഞ്ഞിരിക്കണം. ജര്‍മ്മനിയിലെ കാര്യവും ഇതുതന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അന്ധന്മാര്‍ ആനയെക്കണ്ടതുപോലെ മെത്രാന്മാര്‍ പറയരുത്. ഞങ്ങള്‍ സമാധാനമായും സന്തോഷമായും കുറച്ചുനാള്‍ ഒന്ന് ജീവിച്ചുമരിച്ചോട്ടെ. നിങ്ങള്‍ക്ക് ആര്‍ഭാടമായി കഴിയുവാനും തിന്നുതിമിര്‍ക്കുവാനും ഞങ്ങള്‍ വിശ്വാസികള്‍ വാരിക്കോരി പണം തരുന്നുണ്ടല്ലോ. അതുകൊണ്ട് ഞങ്ങളുടെ സഹോദരിമാരോട് പെറ്റുപെരുകുവാന്‍മാത്രം ഉപദേശിക്കരുത്. ഞങ്ങളുടെ ആവശ്യമനുസരിച്ച് കുട്ടികളെ ഉത്പാദിപ്പിക്കുവാന്‍ ഞങ്ങള്‍ക്കറിയാം.
ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ കുട്ടികളെ നിറയ്ക്കുന്ന ചുമതല ഞങ്ങള്‍ തല്‍ക്കാലം ഏറ്റെടുക്കുന്നില്ല. ഈ കോളേജില്‍ ആവശ്യത്തിന് കുട്ടികള്‍ എത്തുന്നില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്! അതുപോലെ കോടാനുകോടി രൂപ പിരിച്ചുണ്ടാക്കിയ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയും നഷ്ടത്തിലാണ് പോകുന്നത് എന്നാണല്ലോ ജനസംസാരം. കോവിഡ് മാഹാമാരി വന്നില്ലായിരുന്നെങ്കില്‍ ആശുപത്രി പണ്ടേ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായേനെ എന്നും പറഞ്ഞു കേള്‍ക്കുന്നു.
ഇനി താമസിയാതെ, കുടുംബങ്ങള്‍ക്ക് 1500 രൂപാ വച്ചുകൊടുക്കുന്ന കാര്യം പറഞ്ഞുള്ള പ്രസവപ്പിരിവ് ആരംഭിക്കുമെന്നും ഞങ്ങള്‍ക്കറിയാം. നഷ്ടത്തില്‍പോകുന്ന ചേര്‍പ്പുങ്കല്‍ ആശുപത്രി ലാഭത്തിലാക്കേണ്ടതിന്റെ ബാധ്യത ഇവിടുത്തെ ക്രിസ്ത്യാനികുടുംബങ്ങളുടെ തലയില്‍ വച്ചുകെട്ടല്ലേ, പാലാ മെത്രാനേ. ഇനി സീറോ-മലബാര്‍ മക്കളുടെ വര്‍ദ്ധനവിലൂടെ കന്യാസ്ത്രീമഠങ്ങള്‍ നിറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതും നടക്കില്ല. പകരം, പൗരസ്ത്യ കാനോന്‍ നിയമത്തിലെ 373-374 വകുപ്പുകള്‍പ്രകാരം വൈദികര്‍ക്ക് വിവാഹം കഴിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ വല്ലതും ചെയ്യാന്‍ നോക്കുക. കട്ടുതിന്നുന്ന ഈ പുരോഹിതര്‍ക്കു വിവാഹം കഴിക്കുവാനുള്ള അനുമതി മെത്രാന്‍ സിനഡിനു നല്‍കിക്കൂടേ? സന്ന്യാസസഭകളിലെ താത്പര്യമുള്ള കന്യാസ്ത്രീകള്‍ക്ക് മാന്യമായി കുടുംബജീവിതം നയിക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൂടേ? അതില്‍ ജനിക്കുന്ന വിശുദ്ധ കുഞ്ഞുങ്ങളെക്കൊണ്ട് സെമിനാരികളും മഠങ്ങളും സഭാവക എന്‍ജിനീയറിംഗ് കോളേജുകളും നിറയട്ടെ!
മേമ്പൊടി
നാലഞ്ചുവര്‍ഷം മുമ്പ് താമരശ്ശേരി രൂപതയിലെ ജോമോന്‍ കണ്ടത്തിന്‍കര എന്ന വൈദികന്‍ സ്വന്തം അര്‍ദ്ധസഹോദരിയും കന്യാസ്ത്രീയുമായിരുന്ന ഒരു എഇഇ സിസ്റ്ററിനെ ഗര്‍ഭിണിയാക്കുകയും അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്ത കാര്യം സത്യജ്വാല വായനക്കാര്‍ക്ക് അറിവുള്ളതാണല്ലോ. (കാണുക ലക്കം 2021 ഫെബ്രു. പേജ് 28) ആ കന്യാസ്ത്രീയെ സഭയില്‍നിന്നു പുറത്താക്കുകയും കുഞ്ഞിനെ അനാഥാലയത്തിലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ കുഞ്ഞിനെ ഒരു ഹൈന്ദവകുടുംബം ദത്തെടുത്ത കാര്യം പാലാ മെത്രാന്‍ അറിയണം. അങ്ങനെ, മക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നു പറയുന്ന സീറോ-മലബാര്‍ സഭയ്ക്ക് നിങ്ങളുടെ ചെയ്തികള്‍മൂലം ഒരംഗം നഷ്ടപ്പെട്ടു! ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! ആ കുഞ്ഞിനു ജന്മംകൊടുത്ത പുരോഹിതന്‍ ഇന്നു മറ്റൊരു രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി വിലസുകയാണെന്ന കാര്യവും നാം ഓര്‍ക്കണം.
അനുചിന്തനം എഡിറ്റര്‍
പാലാമെത്രാന്റെ 'പ്രസവപ്രോത്സാഹന ഓഫര്‍' കേട്ട്, 'ഇല്ല; പാലാമെത്രാന്‍ അങ്ങനെയൊന്നും പറഞ്ഞിരിക്കാനിടയില്ല' എന്നു വിചാരിച്ചുനിന്ന മാധ്യമപ്രവര്‍ത്തകരോട്, 'അതു ഞാന്‍ പറഞ്ഞതുതന്നെ; അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു' എന്ന് മാര്‍ കല്ലറങ്ങാട്ട് പറയുകയുണ്ടായി. അങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ പറയാനും അതിലെല്ലാം ഉറച്ചു നില്‍ക്കാനും മറ്റാരെയുംപോലെ ഓരോ മെത്രാനുമുള്ള അവകാശത്തെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ല. കാരണം, അത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള അവരുടെ പൗരാവകാശമാണ്.
എന്നാല്‍, വ്യക്തിപരമായ ഇത്തരം അഭിപ്രായങ്ങള്‍ ഒരു സമുദായത്തെ മുഴുവന്‍ ബാധിക്കുംവിധം സര്‍ക്കുലറുകളാക്കി പ്രഖ്യാപിക്കാനോ, ആ സമുദായത്തിന്റെതന്നെ സമ്പത്തെടുത്ത് തന്നിഷ്ടപ്രകാരം ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രാജാവ്കളിക്കാനോ ഒരു മെത്രാനും അധികാരമില്ല. മെത്രാന്മാരെ വത്തിക്കാന്‍ നിയോഗിക്കുന്നത് രൂപതയിലുള്ളവരെ ആധ്യാത്മികതയിലും ധാര്‍മ്മികമൂല്യങ്ങളിലും വളര്‍ത്താനാണ്; അല്ലാതെ, രൂപതാസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനധികാരമുള്ള സമുദായനേതാവായിട്ടല്ല. വിശ്വാസിസമൂഹം അവരെ സമുദായനേതാക്കളായി തിരഞ്ഞെടുത്തിട്ടുമില്ല. പിന്നെ എന്തധികാരത്തിലാണ് പാലാമെത്രാനും മറ്റു മെത്രാന്മാരും രൂപതാ സമൂഹങ്ങള്‍ക്കുമേല്‍ രാജാവ് ചമയുന്നത്? മെത്രാന്മാരുടെ ഈ സമീപനം 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന യേശുവചനത്തെ ധിക്കരിച്ചുള്ള സീസര്‍ വിളയാട്ടമാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം.
സഭാസ്വത്തുക്കളുടെ ഉടമകളും സഭയിലെ രാജകീയപുരോഹിതഗണവുമായ വിശ്വാസികളെ, ഇത്തരം തരം താണ ഓഫറുകളും സൗജന്യങ്ങളും നല്‍കി, പ്രജകളും ആശ്രിതരും യാചകരുമാക്കുന്ന മെത്രാന്മാരുടെ നടപടി ക്രൈസ്തവവീക്ഷണത്തില്‍ എത്രയോ അപലപനീയമാണെന്നും സമുദായം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, സമുദായത്തിന്റെ നേതാവുചമഞ്ഞും സഭയിലെ സകലതിന്റെയും ഉടമചമഞ്ഞും മെത്രാന്മാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളെയും നടപടികളെയും, അതില്‍ വീണുപോകുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ മനോഭാവത്തെയും, ''വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയും ചെയ്യുന്നു....'' (മത്താ. 22:25) എന്ന യേശുവചസ്സിന്റെ വെളിച്ചത്തില്‍ വിലയിരുത്തി വ്യക്തമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ മെത്രാന്‍ രാജാക്കന്‍മാരെ ഉപകാരികളെന്നു വാഴ്ത്തി അടിമകളായിത്തീര്ന്നുകൊണ്ടിരിക്
No comments:
Post a Comment