Translate

Wednesday, May 19, 2021

'ഫാദർ ബെനഡിക്ടും മറിയക്കുട്ടികൊലപാതകവും' എന്ന ഗ്രന്ഥത്തെപ്പറ്റി


 


ആന്റോ മാങ്കൂട്ടം, (ട്രഷറർ, KCRM), ഫോൺ: 9447136392

 ശ്രീ. പി.കെ മാത്യു ഏറ്റുമാനൂർ എഴുതിയ 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന കുറ്റാന്വേഷണ പഠനഗ്രന്ഥം ഇക്കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. അരനൂറ്റാണ്ട് മുമ്പുനടന്ന മറിയക്കുട്ടിവധം കേരളക്രൈസ്തവരെ മൊത്തത്തിലും കത്തോലിക്കരെ പ്രത്യേകിച്ചും നാണംകെടുത്തിയ ഒരു സംഭവമാണ്. ഒരുപക്ഷേ, ആധുനികകേരളസഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഹീനസംഭവമെന്ന് മറിയക്കുട്ടി കൊലപാതകത്തെ വിശേഷിപ്പിക്കാനാകും.

 മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ്, മൈനത്തരുവി കൊലക്കേസ്, മറിയക്കുട്ടി കൊലക്കേസ്, ഓണംകുളത്തിലച്ചന്റെ കൊലപാതക കേസ് എന്നിങ്ങനെ വിവിധ പേരുകളിൽ കൊലപാതകം മലയാളികളുടെ മനസ്സുകളിൽ വേലിയേറ്റമുണ്ടാക്കിയ ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസംഭവമാണ്. വേലിയേറ്റത്തിന്റെ തിരയിളക്കമിതാ, പുസ്തകത്തിന്റെ പ്രതികരണത്തോടെ വീണ്ടും ഉയരാൻപോകുന്നു!

 ഇതിലെ പ്രതി ഒരു കത്തോലിക്കാ വൈദികനായതുകൊണ്ടുമാത്രമല്ല കേസിന് ഇത്രമാത്രം വാർത്താപ്രാധാന്യം ഉണ്ടായത്; ഇന്നത്തെപ്പോലെ അക്കാലത്തും വൈദികതെറ്റുകൾ പുതപ്പിട്ടുമൂടുവാൻ സഭാനേതാക്കളും അടിമവിശ്വാസികളും വല്ലാതെ തത്രപ്പെട്ടു എന്നതാണ് അതിനെ ഇത്രയേറെ വിവാദവിഷയമാക്കിയത്. യഥാർത്ഥ കുറ്റവാളിയെന്ന് കോടതി വിധിച്ച ഫാദർ ബെനഡിക്ട് ഓണംകുളത്തെ വെള്ളപൂശി 'സഹനദാസ'നാക്കുവാൻവേണ്ടി കത്തോലിക്കാസഭയിലെ കുറെ മെത്രാന്മാരും അച്ചന്മാരും ശ്രമിച്ചതാണ് ഫാ. ബനഡിക്ട് ചെയ്തതിലും വലിയതെറ്റ്. കൊലപാതകം മറ്റാരോ ചെയ്തതാണെന്നു സ്ഥാപിക്കുവാനാവശ്യമായ കള്ളത്തെളിവുണ്ടാക്കുകയും കള്ളസാക്ഷികളെ നിരത്തുകയുംചെയ്ത സഭാനേതൃത്വത്തോട് വരുംതലമുറകളും ക്ഷമിക്കുകയില്ല. ഉന്നത സാംസ്കാരികനിലവാരവും സത്യസന്ധതയും കാത്തുസൂക്ഷിക്കേണ്ട കത്തോലിക്കാമെത്രാന്മാരും പുരോഹിതരും ഏഴാംകിട നുണക്കഥകൾ ചമച്ച് വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടത് യഥാർത്ഥ വിശ്വാസികളുടെ വിശ്വാസമാണ്.

  കൊലപാതകവിഷയത്തിൽ വൈദികലോബി പൂഴ്ത്തിവച്ചിരുന്ന ഒത്തിരിക്കാര്യങ്ങൾ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുവാൻ ഗ്രന്ഥകർത്താവായ ശ്രീ പി.കെ. മാത്യുവിന് സാധിച്ചിട്ടുണ്ട്. അതിൽ ശ്രീ മാത്യുവിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

1966 ജൂൺ 15-ാം തീയതി റാന്നി മാടത്തരുവി തേയിലത്തോട്ടത്തിൽവച്ചാണ് മറിയക്കുട്ടി എന്ന ആരോഗ്യദൃഢഗാത്രയും സുന്ദരിയുമായിരുന്ന യുവതിയെ കൊലപ്പെടുത്തിയത്. പാതിരാത്രി നേരത്ത് ഫാദർ ബെനഡിക്ട് ലൈംഗികവേഴ്ച നടത്തിയതിനുശേഷം കൊലപ്പെടുത്തിയെന്നത് കോടതിയിൽ ശക്തമായ സാഹചര്യത്തെളിവുകളിലൂടെ തെളിയിക്കപ്പെട്ടതാണ്. വസ്തുത അക്കാലത്തെ ചങ്ങനാശ്ശേരി മെത്രാൻ മാർ മാത്യു കാവുകാട്ടിനും സഹപ്രവർത്തകർക്കും അറിവുണ്ടായിരുന്ന കാര്യവുമായിരുന്നു.  34 വർഷത്തിനുശേഷം കൊലപാതകിയായ വൈദികനെ പുണ്യവാനാക്കുവാനുള്ള സഭയിലെ ചില മുട്ടാളന്മാരുടെ ശ്രമത്തെയാണ് ശ്രീ പി.കെ. മാത്യു ചരിത്രാന്വേഷണഗ്രന്ഥത്തിലൂടെ പൊളിച്ചടുക്കുന്നത്.

 അതിരമ്പുഴയിലെ ഓണങ്കുളം കുടുംബത്തിൽ പാപ്പൂട്ടി എന്ന് വിളിക്കുന്ന ബനഡിക്ടും ഗ്രന്ഥകർത്താവായ ശ്രീ. പി. കെ. മാത്യുവും അയൽവാസികളും ഒരേ സ്കൂളിൽ പഠിച്ചുവളർന്ന സുഹൃത്തുക്കളുമായിരുന്നു. പരമഭക്തനും സൽസ്വഭാവിയും ശാന്തമായിരുന്നു പാപ്പൂട്ടി അച്ചന്മാരുടെയും അധ്യാപകരുടെയും സ്നേഹഭാജനമായിരുന്നുവെന്ന കാര്യം ഗ്രന്ഥകർത്താവ് സ്നേഹത്തോടെ സ്മരിക്കുന്നുണ്ട്. പാപ്പൂട്ടി ഫാ.ബനഡിക്ട് ആയശേഷവും അദ്ദേഹത്തിന്റെ നന്മ വശങ്ങൾക്ക് കാര്യമായ പോറൽ ഏറ്റിരുന്നില്ല എന്ന് ശ്രീ മാത്യു സാക്ഷ്യപ്പെടുത്തുന്നുണ്ട്. സത്യത്തിൽ ഒരു പരസ്യ വ്യഭിചാരിയും കൊലപാതകിയും ആകേണ്ടിവന്ന ഹതഭാഗ്യനാണ് ഫാ. ബെനഡിക്ട് ഓണങ്കുളം. വൈദികർ അവിവാഹിതരായിരിക്കണമെന്ന അന്യായമായ സഭാനിയമമാണ് സാധുമനുഷ്യനെ ഒരു പരസ്യ വ്യഭിചാരിയും  കൊലപാതകിയും ആക്കിത്തീർത്തത്.

 .ഡി 1079- ബോണിഫസ് എട്ടാമൻ മാർപാപ്പയാണ് വൈദികരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത്. അതുവരെ സഭയിലെ വൈദികർക്ക് വിവാഹം കഴിക്കാമായിരുന്നു. കേരളസഭയിൽ 1599-ലെ ഉദയംപേരൂർ സുന്നഹദോസ്വരെ വിവാഹിതർ പുരോഹിതശുശ്രൂഷ ചെയ്തിരുന്നു. (യാക്കോബായ-ഓർത്തഡോക്സ്, മാർത്തോമ്മാ, സി.എസ്.. സഭകളിലെല്ലാം ഇന്നും വൈദികർ വിവാഹം കഴിക്കുന്നു.)

പശ്ചാത്തലത്തിലാണ്, പൗരസ്ത്യസഭകളിൽപ്പെട്ട വൈദികർക്ക് വിവാഹം കഴിക്കുന്നതിനുള്ള അനുമതി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയത്. കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട കാനോൻ നിയമത്തിലെ 373, 374 വകുപ്പുകൾ അനുസരിച്ച് സീറോ-മലബാർ സഭയിലെയും മലങ്കരസഭയിലെയും വൈദികർക്ക് വിവാഹംകഴിക്കുവാനുള്ള അനുമതി നൽകാവുന്നതാണ്. അതിനാവശ്യമായ പ്രത്യേക നിയമം അതാതു സഭകളുടെ മെത്രാന്മാരുടെ സിനഡുകൂടി പാസ്സാകണമെന്നൊരു നിബന്ധന മാത്രമേയുള്ളൂ. അങ്ങനെ വിവാഹം കഴിക്കുന്ന വൈദികരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സമ്പത്തും മറ്റാനുകൂല്യങ്ങളും നൽകുവാൻ രൂപതാമെത്രാൻ ബാധ്യസ്ഥനാണെന്ന് കാനോൻ നിയമം 192-(5) വകുപ്പ് അനുശാസിക്കുന്നുണ്ട്.

കാനോൻ നിയമത്തിന്റെ അനുമതിയും പരിരക്ഷയും ഉണ്ടായിരുന്നിട്ടും വൈദികർ വിവാഹം കഴിച്ച് അന്തസ്സായി ജീവിക്കുവാൻ ശ്രമിക്കാതെ ജീവിതകാലംമുഴുവൻ 'കട്ടുതിന്നു' ലൈംഗികവിശപ്പടക്കാം എന്ന ചിന്തയിലെ ദുഷ്ടലാക്ക് നാം തിരിച്ചറിയണം. കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങൾ ഒഴിവാക്കി രതിസുഖം ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ പള്ളിയോടനുബന്ധിച്ച് വേണ്ടുവോളമുണ്ടല്ലോ. ഇക്കാര്യത്തിൽ പുരോഹിതരും കന്യാസ്ത്രീകളും അൽമായരും രഹസ്യധാരണ യിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. രതിവൈകൃതങ്ങളുടെ കെണിയിൽ അകപ്പെട്ട് കൊലപാതകങ്ങൾവരെ ചെയ്യുന്നതിന് പരിശുദ്ധരായി അഭിനയിച്ചുനടക്കുന്ന പുരോഹിതർക്ക് യാതൊരു ഭയവും മടിയുമില്ലാതെതായിരിക്കുന്നു! സഭാധികാരികൾ ശതകോടികൾ പുല്ലുപോലെ മുടക്കി പോലീസിനെയും നീതിപീഠത്തെയും വിലയ്ക്കെടുക്കുന്നു. ഏതു കൊലപാതകവും രൂപതാകേന്ദ്രങ്ങൾ ആത്മഹത്യയാക്കി മാറ്റും എന്ന ഉറപ്പ് വൈദികർക്കുണ്ട്.  ഇമ്മാതിരിയുള്ള നിരീക്ഷണങ്ങളും വിമർശനങ്ങളും പുസ്തകത്തിലെമ്പാടും വെളിച്ചംവീശി നിൽക്കുന്നു. മറിയക്കുട്ടിയുടെ കൊലപാതകവിവരണത്തോടൊപ്പം സഭാപരമായ വൈദിക-മെത്രാൻകൂട്ടുകെട്ടിന്റെ അപകടകരമായ സ്ഥിതിവിശേഷം ചർച്ച ചെയ്യുവാനും ശ്രീ മാത്യു ശ്രമിച്ചിട്ടുണ്ട്, ഇതിൽ.

ഇതുവരെ നിയമമാകാതെ മാറ്റിവെച്ചിരിക്കുന്ന 'ചർച്ച് ആക്ട്' നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടി ഗ്രന്ഥകാരൻ തന്റെ ചിന്ത തിരിച്ചിട്ടുണ്ട്. രൂപതാതലത്തിലുള്ള വരുമാനങ്ങൾക്ക് അക്കൗണ്ടബിലിറ്റി ഇല്ലാതെ അച്ചന്മാരുടെ രതിവൈകൃതങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുവാൻ പോകുന്നില്ല എന്ന് മുന്നറിയിപ്പും അദ്ദേഹം നൽകുന്നു, പുസ്തകത്തിൽ.

 39 അദ്ധ്യായങ്ങളായിട്ടാണ് കൊലപാതകക്കേസ് വിശദീകരിച്ചിരിക്കുന്നത്. KCRM-ന്റെ ഏതാനും പ്രവർത്തകരോടൊപ്പം ശ്രീ മാത്യു നടത്തിയ മാസങ്ങൾനീണ്ട അന്വേഷണത്തിലെ കണ്ടെത്തലുകളുടെകൂടി പശ്ചാത്തലം ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്.

പുസ്തക രചനയ്ക്കായി കേരളത്തിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുവാനും അനവധി ആളുകളുമായി സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുവാനും  ഗ്രന്ഥകാരൻ കാണിച്ച ശുഷ്കാന്തി അഭിലഷണീയംതന്നെ.

ചങ്ങനാശ്ശേരി അരമനതലത്തിൽ നടന്ന ഗൂഢാലോചനയുടെ പരിണിതഫലമാണ് കൊലപാതകമെന്ന് നിസ്സംശയം സമർത്ഥിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മെത്രാനായിരുന്ന മാർ കാവുകാട്ടിനെ ഒരു നോക്കുകുത്തിയാക്കുവാൻ അരമനയിലെ വൈദികഗൂഢസംഘത്തിനു സാധിച്ചുവെന്ന് പുസ്തകം പറയുന്നു.

കൊല്ലം സെഷൻസ് കോടതിയിൽനിന്നു 1966 നവംബർ 19-ന് ഫാ. ബെനഡിക്ടിനെ തൂക്കിക്കൊല്ലാൻ വിധിയുണ്ടായി. 1966 ജൂൺ 15-ന് നടന്ന കൊലപാതകത്തിന്റെ ശിക്ഷയാണ് വെറും 5 മാസങ്ങൾക്കുള്ളിൽ സാക്ഷിവിസ്താരവും വാദവും കേട്ട് വിധി പ്രസ്താവിച്ചത് എന്നോർക്കണം. (അഭയക്കേസ് വിധി വരാൻ 28 വർഷം വേണ്ടിവന്നു എന്നകാര്യം ഇത്തരുണത്തിൽ ഓർമിച്ചു പോകുന്നു) കാരണം, അത്യാവശ്യം നീതിബോധമുണ്ടായിരുന്ന കാവുകാട്ട് പിതാവ് മറിയക്കുട്ടി കൊലപാതകത്തിലെ പ്രതിയായ ഫാ. ബനഡിക്ടിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന ആശയക്കാരനായിരുന്നു. എന്നിരുന്നാലും ഹൈക്കോടതിയിലെത്തിയ ആപ്പിലീൽ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടതിന്റെ യഥാർത്ഥ കാരണവും ശ്രീ മാത്യു പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.  പൊതുവേ കരുതിയിരുന്നതുപോലെ, സുപ്രീംകോടതി വക്കീലായ അഡ്വക്കേറ്റ് ചാരിയുടെ വാക്സാമർത്ഥ്യമായിരുന്നില്ല ഓണങ്കുളത്തിനെ വെറുതെ വിടാൻ കാരണം. പേജ് 91- പറയുന്നു: ''കൊല്ലം സെഷൻസ് കോടതിയാണ് ദീർഘമായ വിചാരണക്കുശേഷം ബെനഡിക്ട് അച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ എതിർതെളിവുകൾക്കുള്ള പഴുതുകളടച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത വിധി. കാവുകാട്ട് പിതാവ് വ്യക്തിപരമായി ഇടപെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.റ്റി. രാമൻനായരെ സ്വാധീനിച്ചതുകൊണ്ടു മാത്രമായിരുന്നു അച്ചനെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.''

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് രാമൻനായർ കളമശ്ശേരിയിലാണ് അന്ന് താമസിച്ചിരുന്നത്. അദ്ദേഹത്തെയും മറ്റു പല പ്രമുഖരെയും വിളിച്ച് ഫാ. സാലസ് സി.എം. ഒരു വിരുന്നു നൽകിയകാര്യം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഫാസാലസ് സി.എം..യുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയായിരിക്കാം, ജസ്റ്റീസ് രാമൻനായരുടെ ബെഞ്ചാണ് അപ്പീൽ കേട്ടതും സംശയത്തിന്റെ ആനുകൂല്യംനൽകി ഫാ. ബനഡിക്ടിനെ വെറുതെവിട്ടതും. 1967 ഏപ്രിൽ 7-നായിരുന്നു വിധി. കൊലപാതകം നടന്ന് പത്തുമാസത്തിനകം തെളിവെടുപ്പും ശിക്ഷയും അപ്പീലും വെറുതെവിടലും എല്ലാം നടന്നു.

 ഫാ.ബനഡിക്ടിന് സംശയത്തിന്റെ ആനുകൂല്യംനൽകി ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, സുപ്രീംകോടതിയിൽ പോകുവാൻ അന്നത്തെ .എം.എസ്. സർക്കാർ തയ്യാറായില്ല. ഫാ. ജോസഫ് വടക്കൻ, കർഷകപാർട്ടിയായിരുന്ന കെ.റ്റി.പി.-യുടെ മന്ത്രി ബി. ബല്ലിംഗ്ടൺ മുഖേന .എം.എസ്. സർക്കാരിനെ സ്വാധീനിച്ച്, സുപ്രീം കോടതിയിൽ അപ്പീൽ പോകാതെ സഭ തടഞ്ഞു.

സഭ എല്ലാക്കാലത്തും തെറ്റിന്റെ പക്ഷത്താണല്ലോ. ''അരിയുംതിന്ന് ആചാരിച്ചിയെയും കടിച്ചിട്ട് പട്ടി പിന്നെയും മുറുമുറുക്കുകയാണെ'ന്നു പറഞ്ഞതുപോലെ, സഭാനേതൃത്വം അടങ്ങിയിരുന്നില്ല. ദീപിക പത്രത്തിൽ 'കൊച്ചേട്ടൻ' എന്ന പേരിൽ കോളമ്നിസ്റ്റും കർമ്മകുസുമം മാസികയുടെ പത്രാധിപരുമായിരുന്ന ഫാ. എം.ജെ. കളപ്പുരയ്ക്കൽ സി.എം.. എന്ന വൈദികൻ 'അഗ്നിശുദ്ധി' എന്ന പേരിൽ ഫാ. ബനഡിക്ടിനെ നിരപരാധിയാക്കിക്കൊണ്ടും മണിമേലത്തു പൗലോച്ചൻ എന്ന മുതലാളിയാണ് യഥാർത്ഥ കുറ്റവാളിയെന്ന് സ്ഥാപിച്ചുകൊണ്ടും കുറെ നുണക്കഥകൾ നിരത്തി ഒരു പുസ്തകം അടിച്ചിറക്കി. ഇതറിഞ്ഞ മണിമേലത്ത് പൗലോച്ചന്റെ  പുത്രൻ എം.പി. ജേക്കബ് മണിമലേത്ത് അച്ചനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ, താൻ വെറും കേട്ടുകേൾവിവച്ച് എഴുതിയതാണെന്ന് അച്ചന് സമ്മതിക്കേണ്ടിവന്നു. മാത്രമല്ല, പ്രമുഖപത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടിവരികയുംചെയ്തു, അദ്ദേഹത്തിന്. അത് അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. പകരം, കുറെ നിഷ്കളങ്കമനസ്സുകളെ സ്വാധീനിക്കുവാൻ പുസ്തകത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

തുടർന്ന്, 'അതിരമ്പുഴയുടെ അഗ്നിനക്ഷത്രം' എന്ന പേരിൽ ഒരു സിസ്റ്റർ പൊട്ടനാനി പൗലോച്ചൻ മുതലാളിയുടെ കഥമാത്രം ഒഴിവാക്കി, 'അഗ്നിസാക്ഷി'ക്കു സമാനമായി മറ്റൊരു പുസ്തകം ഇറക്കി. ഇപ്രകാരം ഫാ. ബെനഡിക്ടിനെ സഹനദാസനാക്കുവാൻ ചങ്ങനാശ്ശേരിയിലെ ആധുനിക വൈദികനേതൃത്വം തയ്യാറായി എന്നത് കേരളസഭയ്ക്ക് കളങ്കമാണ്. അതിരമ്പുഴയിൽ അദ്ദേഹത്തിന്റെ കബറിടത്തിനു മുകളിൽ 'സഹനദാസൻ' എന്നെഴുതി പണപ്പെട്ടിവെച്ച് പാവം വിശ്വാസികളുടെ പണം ഇപ്പോഴും പിടുങ്ങിക്കൊണ്ടിരിക്കുന്ന കാര്യം ശ്രീ പി. കെമാത്യു തന്റെ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

 ഒരു ചരിത്രവിദ്യാർത്ഥിയുടെ അന്വേഷണത്വരയോടുകൂടി നടത്തിയ നീണ്ടവർഷത്തെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ ചരിത്രവസ്തുതകൾ ശ്രീ പി.കെ മാത്യു വസ്തുനിഷ്ഠമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്വേഷണസംഘത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സർവ്വശ്രീ കെ. ജോർജ് ജോസഫ്, പ്രൊഫ. ഇപ്പൻ, ജയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, സ്റ്റീഫൻ മാത്യു വെള്ളാന്തടം, തമ്പി കരിക്കാട്ടൂർ എന്നിവരെക്കൂടി അഭിനന്ദിക്കുവാൻ അവസരം ഉപയോഗിക്കുകയാണ്.

ഗ്രന്ഥത്തിന് പ്രൗഢഗംഭീരമായ ഒരു അവതാരികയാണ് കെ.സി.ആർ.എം.  തൊടുപുഴ യൂണിറ്റ് മുൻപ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് എഴുതിയിരിക്കുന്നത്. 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന കുറ്റാന്വേഷണ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തയ്യാറായ 'സത്യജ്വാല പബ്ലിക്കേഷ'നെയും അഭിനന്ദിക്കട്ടെ! മലയാള വായനക്കാർക്ക് ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും, തീർച്ച.

No comments:

Post a Comment