Translate

Wednesday, September 1, 2021

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനും സഭവക സാമൂഹിക-സാമ്പത്തിക സർവ്വേയും

 

പാലാ രൂപത തയ്യാറാക്കിയ, A4 വലുപ്പത്തിൽ 24 പേജുള്ള ഒരു സാമ്പിൾ സർവ്വേ ചോദ്യാവലി കണ്ട് ഈയിടെ അമ്പരന്നുപോയി. 'കേരളക്രൈസ്തവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിപഠനം' സംബന്ധിച്ച ഒരു ചോദ്യാവലിയായിരുന്നു അത്. ''കേരളകത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിശ്ചിത ഇടവകകളിൽ, നിശ്ചിത വാർഡുകളിൽ സമാനസർവ്വേ നടത്തുന്നുണ്ട്'' എന്നും ഇതിൽ കുറിച്ചിട്ടുണ്ട്. 

ഇങ്ങനെ വിശ്വാസികളുടെ സാമൂഹിക-സാമ്പത്തികസ്ഥിതിപഠനം നടത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് രൂപതാതല ത്രൈമാസികയായ 'പാലാ ദൂത്' മാർച്ച്-മേയ് ലക്കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ടു സമർപ്പിക്കുന്നതിന് ജസ്റ്റീസ് ജെ.ബി. കോശി (പാറ്റ്‌നാ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്) ചെയർമാനായും, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ് (റിട്ടയേർഡ്), ശ്രീ ജേക്കബ് പുന്നൂസ് ഐ.പി.എസ് (റിട്ടയേർഡ്) അംഗങ്ങളായും, പരാമർശം (1) പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.'' 

''മേൽപ്പറഞ്ഞ വിഷയങ്ങളിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി, എല്ലാ ജില്ലകളിലും കൂടുതൽ വിഷമങ്ങളനുഭവിക്കുന്ന ക്രിസ്ത്യാനികൾ അധിവസിക്കുന്ന മേഖലകൾ സന്ദർശിച്ചും വിവിധ മാർഗ്ഗങ്ങളിലൂടെ പഠനം നടത്തിയും ഒരു വർഷത്തിനകം കമ്മീഷൻ സർക്കാരിന് വിശദമായ റിപ്പോർട്ടും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടതാണ്'' എന്നാണ് ഗവ. കോശി കമ്മീഷന് നൽകിയിരിക്കുന്ന ഉത്തരവ്. 

ഗവണ്മെന്റ് കോശി കമ്മീഷന് നൽകിയിരിക്കുന്ന ഈ ഉത്തരവിന്റെ മറവിലാണ്, പള്ളിക്കമ്മിറ്റിക്കാരുടെയും കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെയും അഗഇഇ, പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം ഉൾപ്പെടെയുള്ള സംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ ഒരു സർവ്വേ നടത്താൻ കെ.സി.ബി.സി. തലത്തിലും സീറോ-മലബാർസഭാ തലത്തിലും തീരുമാനിച്ചിരിക്കുന്നത്. പാലാ രൂപതയിൽ 12 ഇടവകകളിലായി 800-ഓളം കുടുംബങ്ങളിൽ ഈ സാമ്പിൾ സർവ്വേ നടത്തിക്കഴിഞ്ഞു. താമസിയാതെതന്നെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലേക്കും ഈ സർവ്വേ വ്യാപിപ്പിക്കുമെന്നും 'പാലാ ദൂത്' അറിയിച്ചിട്ടുണ്ട്. 

കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സ്ഥിതിയെക്കുറിച്ചു പഠിച്ച് റിപ്പോർട്ടും നിർദ്ദേശങ്ങളും നൽകാൻ ഗവണ്മെന്റ് അധികാരപ്പെടുത്തിയിരിക്കുന്നത് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ മാത്രമായിരിക്കെ എന്തധികാരത്തിലാണ്, കെ.സി.ബി.സിയും സീറോ-മലബാർസഭയും രൂപതാമെത്രാന്മാരും ഇങ്ങനെയൊരു സർവ്വേ ഇവിടുത്തെ കത്തോലിക്കാ പൗരന്മാർക്കിടയിൽ നടത്തുന്നത് എന്ന ചോദ്യമാണിവിടെ ഉയരുന്നത്. ''ഈ കമ്മീഷന് നമ്മുടെ സാമ്പത്തിക-സാമൂഹികാവസ്ഥയും കാർഷികമേഖലയിലും മറ്റും നമ്മൾ നേരിടുന്ന പ്രശ്‌നങ്ങളും കൃത്യമായും ശാസ്ത്രീയമായും പഠിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്ക് കൊടുക്കേണ്ടതായുണ്ട്'' എന്നാണ് 'പാലാ ദൂത്' എഴുതിയിരിക്കുന്നത്. ആരാണ് കൊടുക്കേണ്ടത്? കെ.സി.ബി.സി.യോ, സീറോ-മലബാർസഭയോ, രൂപതാമെത്രാന്മാരോ? ഇവരിൽനിന്നൊക്കെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനല്ലല്ലോ ഗവണ്മെന്റ് കോശി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മെത്രാന്മാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കണമെന്ന് കമ്മീഷനോടോ, വിവരശേഖരണത്തിൽ മെത്രാന്മാർ സഹായിക്കണമെന്ന് മെത്രാന്മാരോടോ ഗവണ്മെന്റ് പറഞ്ഞിട്ടില്ല. 'പരിഗണനാ വിഷയങ്ങളിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയും അവരെ  സന്ദർശിച്ചും റിപ്പോർട്ട് നൽകാ'നാണ് ഗവണ്മെന്റ് കോശി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ, കോശി കമ്മീഷന് വിവരങ്ങൾ നൽകേണ്ടത് എല്ലാ വിഭാഗങ്ങളിലുമുള്ള ക്രൈസ്തവർ നേരിട്ടാണ്. അല്ലാതെ മെത്രാന്മാർ മുഖേനയല്ല. അത്തരം വിവരശേഖരണത്തിനുള്ള സംവിധാനങ്ങൾ ഓരോ കമ്മീഷനുമുണ്ടാകും. അതിൽ ഇടനില ഏജൻസികളായി പ്രവർത്തിക്കാൻ ഒരു മെത്രാനും ഒരു സഭയ്ക്കും അധികാരമില്ല. ഇല്ലാത്ത അധികാരം എടുത്തു പ്രയോഗിക്കുന്നത് അധാർമ്മികമാണ്. അതുകൊണ്ട്, രൂപതകളുടെയും സഭകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇത്തരം സാമൂഹിക-സാമ്പത്തിക വിവരശേഖരണസംരംഭങ്ങളെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കുകയാണു വേണ്ടത്. പൗരന്മാരുടെ അത്തരം വിവരങ്ങൾ ശേഖരിക്കാൻ അവർ തിരഞ്ഞെടുത്തു നിയോഗിക്കുന്ന ഗവണ്മെന്റിനു മാത്രമാണ് അധികാരമുള്ളത്. സഭയെ ഒരു സമാന്തര ഗവണ്മെന്റായി അംഗീകരിക്കേണ്ട ആവശ്യം ക്രൈസ്തവസമൂഹത്തിനില്ല. ''സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക'' (മത്താ. 22:21) എന്ന യേശുവിന്റെ കല്പനപ്രകാരം ദൈവികകാര്യങ്ങളിൽ ദൈവജനത്തിന് ശുശ്രൂഷ നൽകാൻ നിയോഗിക്കപ്പെട്ട പുരോഹിതർക്കോ മെത്രാന്മാർക്കോ അവരുടെ സംഘങ്ങൾക്കോ സീസറിന്റെ അധികാരസംവിധാനവും ഭരണവും നിഷിദ്ധമാണ്. സഭയെ ഒരു സമാന്തരഭരണസംവിധാനമാക്കുന്നത്, ദൈവികതയുടെ മറവിലുള്ള സീസർ വിളയാട്ടമാണ്. അതിനെ ചെറുത്തുനിൽക്കാനുള്ള ധാർമ്മികമായ അവകാശവും ഉത്തരവാദിത്വവും വിശ്വാസിസമൂഹത്തിനുണ്ട്. 

ഈ സർവ്വേയിലൂടെ, കത്തോലിക്കാസമൂഹത്തിലെ ഓരോ കുടുംബത്തെയും അതിലെ ഓരോ അംഗത്തെയും സംബന്ധിച്ച വിപുലമായ ഡേറ്റാ കളക്ഷനാണ് കേരള കത്തോലിക്കാസഭ നടത്തുന്നത്.  പാലാ രൂപതയുടെ ചോദ്യാവലിയിൽ, കുടുംബത്തിനുള്ള ഭൂമിയുടെ വിസ്തീർണ്ണം, വാഹനങ്ങളുടെ എണ്ണം, അവയുടെ മതിപ്പുവില, വരുമാനശ്രോതസ്സുകൾ, ആകെ വരുമാനം, ഇൻഷുറൻസ് പോളിസി, ബാങ്ക് നിക്ഷേപം എന്നിങ്ങനെ കുടുംബസംബന്ധിയായി 80-ലേറെ ചോദ്യങ്ങൾക്കാണ് മറുപടി പൂരിപ്പിച്ചു നൽകേണ്ടത്! കൂടാതെ, ഓരോ കുടുംബാംഗത്തെയുംകുറിച്ച് 45-ലേറെ ചോദ്യങ്ങളുമുണ്ട്.

ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും സ്വകാര്യതകളിലേക്ക് ഇങ്ങനെ കടന്നുകയറി വിവരങ്ങൾ ശേഖരിക്കാൻ ആരാണ് മെത്രാന്മാർക്ക് അധികാരം കൊടുത്തത്? കോശി കമ്മീഷന്റെ പരിഗണനാവിഷയങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന തരത്തിൽ ഇത്ര വിപുലമായ ഒരു വിവരശേഖരണം കത്തോലിക്കാസഭ നടത്തുന്നതിന്റെ ലക്ഷ്യമെന്തായിരിക്കാം?  

ഓരോ രാജ്യത്തിലെയും വ്യക്തികളുടെ വിവരശേഖരണത്തിന് അന്താരാഷ്ട്രതലത്തിൽ നല്ല മാർക്കറ്റുണ്ടെന്നു കേൾക്കുന്നു. സമാന ആരോപണങ്ങളെത്തുടർന്ന്, 'സ്പ്രിംഗ്ലർ ഡാറ്റാ കളക്ഷൻ പ്രോജക്ട്' കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റിന് ഉപേക്ഷിക്കേണ്ടിവന്നു എന്നോർക്കുക. 40 ലക്ഷത്തിലേറെ വരുന്ന കേരളത്തിലെ കത്തോലിക്കാ സമുദായത്തിന്റെ മൊത്തം ഡേറ്റാ ബാങ്ക് സ്വരൂപിക്കുകയെന്നത് തീർച്ചയായും ഒരു ഹിമാലയൻ ടാസ്‌ക് ആണ്. സമുദായത്തിന് വളരെ ചെറിയ തോതിലുള്ള ഏതാനും ചില ആനുകൂല്യങ്ങൾമാത്രം ശിപാർശചെയ്യാൻ കഴിയുന്ന കോശി കമ്മീഷനുവേണ്ടി ഇത്ര വലിയൊരു ഭഗീരഥപ്രയത്‌നം കേരള കത്തോലിക്കാസഭ നടത്തുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കണം. ആസ്ഥാനംതന്നെ ഇന്ത്യയ്ക്കുപുറത്ത് റോമിലായിരിക്കുന്ന, ധാരാളം വിദേശ ഏജൻസികളുമായി അടുത്ത ബന്ധമുള്ള കേരളത്തിലെ കത്തോലിക്കാസഭ ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറ്റപ്പെടുകയില്ലെന്ന് ആരും വിശ്വസിക്കുകയില്ല. മറ്റൊരു ലക്ഷ്യം, കുടുംബത്തിന്റെയും വ്യക്തികളുടെയും സാമ്പത്തികനില മസ്സിലാക്കി അവരിൽനിന്ന് നിർബന്ധിതപിരിവ് വസൂലാക്കുക എന്നതായിരിക്കണം. ഇനിയിപ്പോൾ അതിനെ 'പിരിവ്' എന്നാവില്ല പറയുക; 'നികുതി' എന്നുതന്നെയാകും പുതിയ പേര്. കാരണം, പൗരസ്ത്യ കാനോൻനിയമമനുസരിച്ച് വിശ്വാസികളിൽനിന്നു നികുതി പിരിക്കാൻ രൂപതാമെത്രാന് അധികാരമുണ്ട് (വകുപ്പുകൾ :1012, 1013).  

രൂപതാതലത്തിലുള്ള ഈ സർവ്വേക്കുപുറമേ, കോശി കമ്മീഷന് വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് വിപുലമായ നിർദ്ദേശങ്ങളുമായി പാലാ രൂപതാമെത്രാൻ വിശദമായ ഒരു സർക്കുലർതന്നെ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പറഞ്ഞിട്ടുള്ളതുപ്രകാരം, കോശി കമ്മീഷന് നൽകാനുള്ള നിവേദനങ്ങൾക്കു ചുക്കാൻ പിടിക്കാൻ സീറോ-മലബാർതലത്തിലും കെ.സി.ബി.സി. തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. പാലാ രൂപതയിൽ ബിഷപ്പ് ജേക്കബ് മുരിക്കൻ കൺവീനറായി ഒരു പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിക്കു രൂപംകൊടുത്തു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൊറോനാ വികാരിമാർ, വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും സഭാസംഘടനകളുടെയും ഡയറക്ടറച്ചന്മാർ, 100-ഓളം സമർപ്പിതർ, 100-ഓളം അത്മായസംഘടനാനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി നിവേദനസമർപ്പണപദ്ധതി ഏകോപിപ്പിക്കാൻ ഒരു സൂം കോൺഫറൻസ് നടത്തുകയുണ്ടായി. കൂടാതെ ഇതിനകംതന്നെ, വിവിധസംഘടനകളും ഫൊറോനാകളും അതാതുതലങ്ങളിൽ നിരവധി ഓൺലൈൻ മീറ്റിംഗുകൾ നടത്തിക്കഴിഞ്ഞു. 

ജൂൺ-ആഗസ്റ്റ് ലക്കം 'പാലാ ദൂതി'ൽ പ്രസിദ്ധീകരിച്ച ഇടയലേഖനത്തിൽ ഇങ്ങനെ നിർദ്ദേശിക്കുന്നു: ''രൂപതാതലത്തിലും ഫൊറോനാ, ഇടവകതലങ്ങളിലും, കുടുംബക്കൂട്ടായ്മാ യൂണിറ്റ് തലങ്ങളിലും, കൂടാതെ വ്യക്തിപരമായും നിവേദനങ്ങളും ക്ഷേമപദ്ധതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും കമ്മീഷന്റെ മുമ്പിൽ സമർപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്....'' തുടർന്ന്, എ.കെ.സി.സി. തുടങ്ങി  തിരുബാലസഖ്യംവരെ ഏതാണ്ട് 37 ആധികാരിക സഭാസംഘടനകളുടെ രൂപതാ-ഫൊറോനാ-ഇടവകഘടകങ്ങൾ ഇതെല്ലാം നടപ്പാക്കാൻ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ,് രൂപതാ ബിഷപ്പ്. സഭാസംഘടനകൾ മാത്രമല്ല, രൂപതയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ആശുപത്രികൾ, എയ്ഡഡ് & സെൽഫ് ഫിനാൻസിംഗ് കോളജുകൾ, കോർപ്പറേറ്റ് അധ്യാപകർ, സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ജീവകാരുണ്യസ്ഥാപനങ്ങൾ, സന്ന്യാസസഭകൾ മറ്റു സഭാസ്ഥാപനങ്ങൾ എന്നിവയോടും ജൂലൈ 31-നു മുമ്പ് നിവേദനങ്ങളും നിർദ്ദേശങ്ങളും കമ്മീഷന് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നൽകേണ്ട നിവേദനങ്ങളുടെയും നിർദ്ദേശങ്ങളുടെയും മാതൃകകളും വിഭാഗം തിരിച്ച് നൽകിയിട്ടുണ്ട് 'പാലാ ദൂതി'ൽ; അതിന്റെ പ്രിന്റെടുത്ത് വെറുതെ പൂരിപ്പിച്ചു നൽകിയാൽ മതിയാകും! 

നിവേദനസമർപ്പണവുമായി ബന്ധപ്പെട്ട് അതിവിപുലമായ ഒരു ഏകോപനസംവിധാനമാണ് പാലാ രൂപത ഒരുക്കിയിരിക്കുന്നതെന്ന് 285 എന്ന് നമ്പരിട്ടിരിക്കുന്ന പാലാ ബിഷപ്പിന്റെ ഈ സർക്കുലറിൽനിന്ന് മനസ്സിലാക്കാം. പാലാ രൂപതയിലുള്ളവരെ മുഴുവൻ കോശി കമ്മീഷനിലൂടെ രക്ഷിക്കും എന്നു തോന്നത്തക്കവിധത്തിലുള്ള വൻസന്നാഹങ്ങളാണ് രൂപതാതലത്തിൽ ബിഷപ്പ് കല്ലറങ്ങാട്ട് എടുത്തിട്ടുള്ളത്. കോശി കമ്മീഷന് നിവേദനം നൽകുകയെന്നത് മതപരമായ ഒരു കാര്യമാണെന്ന മട്ടിൽ, ഫൊറോനാവികാരിമാരെയും ഇടവകവികാരിമാരെയുമൊക്കെ അതിന്റെയെല്ലാം ചുമതലക്കാരാക്കിയിരിക്കുകയാണ് മെത്രാൻ! കൂടാതെ, മുഴുവൻ നിവേദനങ്ങളുടെയും കോപ്പി, രൂപതാ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിക്ക് നൽകേണ്ടതാണ് എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്, അദ്ദേഹം. ഇങ്ങനെയൊരു നിഷ്‌കർഷ ഉള്ളതുകൊണ്ടുതന്നെ, രൂപതാധികാരികളുടെ ഇംഗിതത്തിനു ചേരാത്ത ഒരു നിവേദനമോ നിർദ്ദേശമോ ആരും, അതു വ്യക്തിയാകട്ടെ, സംഘടനയാകട്ടെ, സ്ഥാപനങ്ങളാകട്ടെ നൽകുകയില്ലെന്ന് ഉറപ്പാണ്. ഏതു സഭാസംഘടനയുടെയും തലപ്പത്ത് ഓരോ ഡയറക്ടറച്ചനെ നിയമിച്ച് സംഘടനയിലുള്ളവരുടെ സ്വതന്ത്രമായ അഭിപ്രായരൂപീകരണം തടയുന്ന അതേ തന്ത്രംതന്നെ ഇതും.  

ചുരുക്കത്തിൽ, ജെ.ബി. കോശി കമ്മീഷനിലേക്ക് നിവേദനങ്ങളുടെ ഒരു പ്രളയമാണ് പാലാ രൂപതയിൽനിന്നുമാത്രം ഉണ്ടാകുന്നത്. മറ്റു രൂപതകളുടെ നിവേദനങ്ങൾ വേറെ! ഇതെല്ലാം ഓരോന്നായി എടുത്തു പഠിച്ച് വിശകലനംചെയ്ത്, ലഭിച്ചിട്ടുള്ള ഒരു വർഷത്തെ കാലാവധിക്കുള്ളിൽ കോശി കമ്മീഷൻ ഗവണ്മെന്റിനു റിപ്പോർട്ട് സമർപ്പിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം! 

ഇത്രയെല്ലാം സന്നാഹങ്ങളുടെ ഫലമായും കോശി കമ്മീഷൻ ശിപാർശപ്രകാരവും എന്തെങ്കിലും ആനുകൂല്യങ്ങൾ ക്രൈസ്തവന്യൂനപക്ഷത്തിന് അനുവദിച്ചുകിട്ടിയാൽത്തന്നെ, സച്ചാർക്കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലീം ന്യൂനപക്ഷത്തിന് അനുവദിച്ചിരുന്ന സ്‌കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കുമായി വീതിക്കണമെന്നു വാശിപിടിച്ച നമ്മുടെ മെത്രാന്മാരുടെയും അനുചരന്മാരുടെയും അതേവാദം ഒരു 'ബൂമറാങ്' ആയി ക്രൈസ്തവന്യൂനപക്ഷത്തിനെതിരെവന്ന് അതെല്ലാം തട്ടിത്തെറിപ്പിക്കാനാണ് സാധ്യത. അല്ലെങ്കിൽത്തന്നെ, എല്ലാ ന്യൂനപക്ഷക്ഷേമപദ്ധതികളും ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷങ്ങൾക്കും പങ്കുവയ്ക്കപ്പെടണമെന്ന, ഇവരെല്ലാം ചേർന്ന് കഷ്ടപ്പെട്ടു നേടിയെടുത്ത കോടതിവിധിമാത്രം മതിയല്ലോ, എല്ലാം കൈവിട്ടുപോകാൻ! സ്‌കോളർഷിപ്പ് വിവാദച്ചൂടിൽ ക്രൈസ്തവസമുദായത്തെയും മെത്രാന്മാരെയും ഒന്നു തണുപ്പിക്കുകയെന്ന തന്ത്രപരമായ ലക്ഷ്യത്തിനപ്പുറം എന്തെങ്കിലും ആത്മാർത്ഥത കോശി കമ്മീഷൻ നിയമനത്തിൽ ഗവണ്മെന്റിനുണ്ടായിരുന്നോ എന്നതും സംശയാസ്പദമാണ്. 

ഇതെല്ലാം നമ്മുടെ മെത്രാന്മാർക്കും അറിയാം. എന്നാൽ, വിശ്വാസിസമൂഹത്തെ എങ്ങനെയും തങ്ങളുടെ പിന്നിലണിനിരത്തേണ്ടതുണ്ട്, അവർക്ക്. പ്രത്യേകിച്ചും, അവരുടെ അധാർമ്മികമുഖം കൂടുതൽ കൂടുതലായി തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ. അതിനുവേണ്ടി, തങ്ങൾ സമുദായത്തിന്റെ രക്ഷകരാണെന്ന പ്രതീതിയുണർത്തി സമുദായരാഷ്ട്രീയം കളിക്കുകയാണവർ. അതോടൊപ്പം, രൂപതയിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സകല സ്വകാര്യവിവരങ്ങളും അനധികൃതമായി ശേഖരിച്ചു നേട്ടംകൊയ്യാൻ കോശി കമ്മീഷനെ ഒരു മറയാക്കുകയും ചെയ്തിരിക്കുന്നു, അവർ. ''സർവ്വേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ പഠനാവശ്യത്തിനുമാത്രമായി ഉപയോഗപ്പെടുത്തുന്നതാണ്'' എന്ന് ഒരു മുൻകൂർജാമ്യംപോലെ ചോദ്യാവലിയിൽ എഴുതിയിരിക്കുന്നതിൽനിന്നുതന്നെ, ഈ സമാഹൃതവിവരങ്ങൾക്ക് വേറെയും സാധ്യത(ടരീുല)യുണ്ടെന്ന് അനുമാനിക്കാമല്ലോ. അതുകൊണ്ട്, സമുദായത്തിന് ഒരു ഗുണവുമുണ്ടാവുകയില്ലെങ്കിലും, മെത്രാന്മാരെയും ഇന്നത്തെ രാജകീയമെത്രാൻസംവിധാനത്തെയും സംബന്ധിച്ച് ജെ.ബി.കോശി കമ്മീഷൻ ഗുണകരമായി ഭവിച്ചിരിക്കുകയാണ്! 

തങ്ങളുടെ പ്രമാണിത്തം സഭയിലും സമൂഹത്തിലും നിലനിർത്തുന്നതിനുവേണ്ടി, ആരും അവർക്കു നൽകിയിട്ടില്ലാത്ത സമുദായനേതൃത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ മെത്രാന്മാർ. ഹൃദയങ്ങളിൽ ആദ്ധ്യാത്മികതയുടെയും അതുവഴി ധാർമ്മികമൂല്യങ്ങളുടെയും ഉറവുചാലുകൾ തീർത്ത് മനുഷ്യരെ വിശ്വമാനവികതയിലേക്കുയർത്തുകയെന്ന സുവിശേഷദൗത്യമേറ്റെടുത്തവർ, സാമുദായികത്വത്തിന്റെ ഇടുക്കു തൊഴുത്തിലേക്കവരെ ആട്ടിത്തെളിക്കുകയാണ്. അപരനുവേണ്ടി സ്വയം ത്യജിക്കുകയെന്ന ആധ്യാത്മികമനോഭാവത്തിൽനിന്ന് ഓരോ വ്യക്തിയെയും സമുദായത്തെയാകെയും ആർജിക്കലെന്ന ഭൗതികആർത്തിയിലേക്ക് നയിക്കുകയാണവർ. സാമുദായിക മസിൽപവർ കൂട്ടിയും ഭീതിപരത്തിയും മറ്റു സമുദായങ്ങളുമായി മത്സരിക്കാനും കലഹിക്കാനും കത്തോലിക്കാസമൂഹത്തെ ഒരുക്കിയെടുക്കുന്ന വർഗീയരാഷ്ട്രീയത്തിന്റെ തിരഞ്ഞെടുക്കപ്പെടാത്ത അനധികൃത നേതാക്കളായി മാറിയിരിക്കുന്നു, നമ്മുടെ മെത്രാന്മാർ. 

തങ്ങളുടെമേൽ അധികാരം നടത്തുന്ന രാജാക്കന്മാരെ ഉപകാരികളെന്നു കരുതിയിരുന്ന വിജാതീയ റോമൻ പ്രജകളെ (ലൂക്കാ 22: 25) അനുകരിച്ചിട്ടെന്നപോലെ, ആദ്ധ്യാത്മികാന്ധതയിലകപ്പെട്ട കത്തോലിക്കാസമൂഹവും ഈ മെത്രാൻരാജാക്കന്മാരെ ഉപകാരികളും തങ്ങളുടെ നേതാക്കന്മാരുമായി കാണുകയാണ്! യേശു ചൂണ്ടിക്കാട്ടിയ ഈ വിരോധാഭാസംമൂലമാണ് മെത്രാന്മാരുടെ സാമൂദായികാധിപത്യം ചോദ്യംചെയ്യപ്പെടാത്തതെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. 

ഇതിലെ അപകടം തിരിച്ചറിഞ്ഞ് സമുദായത്തിന്റെ കണ്ണുതുറപ്പിക്കുകയെന്നതും, സമുദായത്തെക്കൊണ്ടുതന്നെ മെത്രാന്മാരുടെ സമുദായനേതൃത്വം തള്ളിക്കളയിക്കുകയെന്നതുമാണ് കേരളകത്തോലിക്കാസമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അവശ്യം ആവശ്യമായിരിക്കുന്നത്. അതിന് സ്വതന്ത്രചിന്തയും ആദ്ധ്യാത്മികാവബോധവും ധാർമ്മികധീരതയുമുള്ള സമുദായസ്‌നേഹികൾ കൂടുതൽ കൂടുതലായി പ്രവർത്തനരംഗത്തു വരേണ്ടിയിരിക്കുന്നു. 

ജോർജ്ജ് മൂലേച്ചാലിൽ (എഡിറ്റർ)

No comments:

Post a Comment