Translate

Sunday, January 15, 2017

കാപട്യമേ, നിന്റെ പേരോ ആലഞ്ചേരി?Alex Kaniamparambil സഭാംഗങ്ങളായ യുവാക്കള്‍ ഇന്ത്യയില്‍ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാര്‍ സഭാ പ്രബോധനരേഖ. യുവാക്കള്‍ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം.

കാക്കനാട്ടെ കാരണവരായ ആലഞ്ചേരിയുടെ മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ വെറും ജല്പനങ്ങള്‍ ആണെന്നു പറയാന്‍ വരട്ടെ. സിറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും മലയാള മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വാര്‍ത്തയാണിത്‌.

പ്രവാസികള്‍ തിരിച്ചുവരണമെന്നും ഇനിയൊരുത്തനും വിദേശത്ത് പോകരുതെന്നും ആഹ്വാനിക്കുക മാത്രമല്ല, ലാളിത്യത്തെക്കുറിച്ച് ഒരു നെടുങ്കന്‍ "മലയിലെ പ്രസംഗവും" അദ്ദേഹം നടത്തുന്നുണ്ട്.

എന്റെ പൊന്നാലഞ്ചേരി, ഇതൊരു അധികപ്രസംഗമല്ലേ? മാമോദീസ മുങ്ങിപ്പോയി എന്നയൊറ്റ കാരണത്താല്‍ കത്തോലിക്കരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടോ? അവരെ അവരുടെ ഇഷ്ടാനുസരണം ജീവിക്കാന്‍ അനുവദിച്ചു കൂടെ?

നിങ്ങളുടെ ഊളന്‍ പ്രസ്താവനകള്‍ വായിച്ച് ഇന്നാട്ടില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സ് നാട്ടില്‍ വന്നാല്‍, ഇന്നാട്ടില്‍ കിട്ടുന്ന ശമ്പളം വേണ്ട, കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന വേതനത്തിന്റെയും, മറ്റു സൌകര്യങ്ങളുടെയും പകുതിയെങ്കിലും നല്‍കാന്‍ സഭയുടെ കീഴിലുള്ള കഴുത്തറപ്പന്‍ ആശുപത്രികള്‍ തയ്യാറാകും എന്നുറപ്പ് നല്‍കാമോ?

അതുപോലെ, ഇന്നാട്ടിലൊന്നും മക്കളുടെ പ്രവേശനത്തിനായി വിദ്യാഭാസസ്ഥാപങ്ങളില്‍ ഡോണേഷന്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൈക്കൂലി ഞങ്ങള്‍ നല്‍കാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും കനത്ത കൈക്കൂലി നല്‍കേണ്ടതില്ല. ഞങ്ങളൊക്കെ അങ്ങ് തിരിച്ചുവന്നാല്‍ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ കത്തോലിക്കാസ്ഥാപങ്ങളിലെങ്കിലും ഉറപ്പു നല്‍കാന്‍ താങ്കളെക്കൊണ്ടോ ഇപ്പറഞ്ഞ ഘടാഘടിയന്‍ എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കൊണ്ടോ സാധ്യമല്ല എന്നിരിക്കെ, ആരെ വഞ്ചിക്കാനാണ് ഇത്തരം ആത്മാര്‍ത്ഥത തൊട്ടുതീണ്ടാത്ത ജല്പനങ്ങള്‍?
Credibility. once lost, is lost for ever.

വിശ്വാസ്യതയെന്നത് പണ്ടേ നഷ്ടമായതുകൊണ്ടല്ലേ വീണ്ടുംവീണ്ടും ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചു പറയാന്‍ താങ്കള്‍ക്ക് സാധിക്കുന്നത്?

അല്ലെങ്കില്‍ ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കാന്‍ താങ്കള്‍ക്ക് എന്തവകാശം? ഫ്രാസീസ് പാപ്പ അതൊക്കെ പറയട്ടെ. താങ്കള്‍ ദയവുചെയ്ത് ഇത്തരം വിവരക്കേട് എഴുന്നെള്ളിക്കരുത്. ഇടപ്പള്ളിയിലെ ലളിതമായ പള്ളി ആശീര്‍വദിക്കുകയും, പ്രെസ്റ്റണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഞെളിഞ്ഞുനിന്ന് മെത്രാനെ വാഴിക്കുകയും ചെയ്തതോടെ, ഇത്തരം പ്രസംഗങ്ങള്‍ നടത്താനുള്ള ധാര്‍മ്മികത താങ്കള്‍ക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നോര്‍ത്താല്‍ നന്ന്.

ചങ്ങനാശ്ശേരിയില്‍ ലളിതമായ ഒരു പള്ളി നിര്‍മ്മാണത്തിലിരിക്കുന്ന കാര്യമൊന്നും താങ്കള്‍ അറിയുന്നില്ലേ?

സീറോമലബാര്‍ സഭ താങ്കളുടെ അധീനതയിലുള്ളതാണ്. അവിടെ ശുദ്ധികലശം നടത്തിയിട്ടു പോരെ അല്‍മായരെ ലാളിത്യം പഠിപ്പിക്കാന്‍?

യുവാക്കളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയുന്നതിനു മുമ്പ് സീറോയിലെ ളോഹയിട്ട ഗുണ്ടകളോട് വിദേശഭ്രമം ഉപേക്ഷിക്കാന്‍ പറയാമോ? വിളവടുക്കുമ്പോള്‍ പാടത്തുവന്നു വീഴുന്ന വെട്ടുക്കിളികളെപ്പോലെ ഇന്നാട്ടില്‍ വന്നുവീഴുന്ന കത്താനാന്മാര്‍ വിദേശത്തേയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ ലഭിക്കാനായി സകല അരമനകളിലും അവരവരുടെ മെത്രാന്മാരുടെ കാലുതിരുമ്മുന്ന വൈദികരെ താങ്കള്‍ കാണുന്നില്ലേ?

മെത്രാന്മാര്‍ തിരികെ വിളിച്ചാല്‍ ഇവിടെനിന്നും പോകാന്‍ മടിക്കുന്ന ബാബു അപ്പാടന്മാരെയും സോജി ഓലിക്കന്മാരെയും താങ്കള്‍ അറിയില്ലേ?

ഉപദേശിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് വാക്കുകളില്‍ ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥത നിറയ്ക്കാന്‍ ശ്രമിക്കുക. വാക്കുകളിലൂടെ മാത്രമായിരിക്കരുത് മാര്‍പാപ്പയെ അനുകരിക്കുന്നത്. പ്രവര്‍ത്തിയിലും അത് സ്വല്പമെങ്കിലും നിഴലിക്കണം.

മലയാള മനോരമയോട് ഒരു വാക്ക്. നിങ്ങള്‍ എത്ര പ്രായശ്ചിത്തം ചെയ്താലും ദീപിക എന്ന മാധ്യമാഭാസം സീറോമലബാറിന്റെ കൈയില്‍ ഉള്ളിടത്തോളംകാലം അവര്‍ നിങ്ങളെ സഹായിക്കുകയില്ല. എങ്കിലും, നിങ്ങള്‍ നിങ്ങളുടെ ശൈലി തുടരുക. വായനക്കാരെ വെറുപ്പിക്കുക എന്നതാണല്ലോ നിങ്ങളുടെ പ്രഖ്യാപിത ശൈലി. വെറുപ്പിക്കല്‍സ് തുടരട്ടെ.

മനോരമയില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം.


No comments:

Post a Comment