Translate

Wednesday, January 4, 2017

പൗരോഹിത്യംമുതല്‍ പാത്രംകഴുകല്‍വരെ അധികാരം!


രാജഗോപാല്‍ വാകത്താനം
(2016 ഡിസംബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്)
ജോസഫ് പനമൂടന്റെ ലേഖനം (സത്യജ്വാല, സെപ്തംബര്‍-ഒക്‌ടോബര്‍ ലക്കങ്ങള്‍) ദളിതരുടെ എക്കാലത്തെയും അടിമബോധത്തിന്റെ ലക്ഷണമാണ്. ബൈബിള്‍വാക്യങ്ങള്‍ ഉദ്ധരിച്ചും, 'തിരുമേനി'പ്രീണനം നടത്തിയും സഭയുടെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണ് അത്. അവകാശത്തിന്റെ ഭാഷയല്ല അത്, ദീനാനുകമ്പയ്ക്കുവേണ്ടിയുള്ള കേഴലാണ്. ദളിതര്‍ സ്വയം തിരിച്ചറിയപ്പെടാത്തതുകൊണ്ട് അവര്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നില്ല എന്നതിന്റെ സാക്ഷ്യംകൂടിയാണ് ഈ യാചനാലേഖനം.
സവര്‍ണ്ണ ക്രൈസ്തവാധിപത്യം അതു നിലനിര്‍ത്താന്‍ ഉപയുക്തമായ ഒരു ചരിത്രം പടച്ചുവെച്ചിട്ടുണ്ട്. അതിനെ ഭേദിച്ചുകൊണ്ടല്ലാതെ ദളിതര്‍ക്ക് മുന്നോട്ടു പോകാനാവില്ല. മിഷനറി പാരമ്പര്യമെന്ന ക്രൈസ്തവതീവ്രവാദത്തെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലെ ദളിതരെ രക്ഷിച്ചെടുക്കാന്‍ വന്ന മിശിഹാമാരായിരുന്നില്ല, ഈസ്റ്റിന്ത്യാ കമ്പനിയും അവര്‍ക്കു പരവതാനി വിരിച്ച മിഷനറിമാരും. ബേക്കറും ബയ്‌ലിയുമൊക്കെ വമ്പന്‍ തോട്ടമുടമകളായിരുന്നു. അവരുടെ തോട്ടങ്ങളിലെ അടിമവേലയ്ക്കു വേണ്ടിയാണ് 'ദളിത് ക്രൈസ്തവ'രെ 'സൃഷ്ടിച്ച്' ഹൈറേഞ്ചിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോയത്. അന്നു നിലനിന്നിരുന്ന ഭീകരമായ ജാതിവ്യവസ്ഥയും അടിമത്തവും അയിത്തവും അവര്‍ക്കു വളവും വെള്ളവുമായിത്തീര്‍ന്നു. പുലയരും പറയരുമൊക്കെ വമ്പിച്ച തോതില്‍ മതപരിവര്‍ത്തനത്തിനു വിധേയരായപ്പോള്‍ തിരുവിതാംകൂറിലെ സവര്‍ണ്ണക്രിസ്ത്യാനികള്‍ പ്രതിഷേധിച്ചു. അവര്‍ക്ക് ബേക്കര്‍ സായ്പ് ഒരു ഉറപ്പു കൊടുത്തു - തലമുറകളോളം ഇവര്‍ ഇങ്ങനെതന്നെ നിലനിന്നുകൊള്ളും. നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് റോബിന്‍ ജഫ്രിയുടെ 'നായര്‍ മേധാവിത്വത്തിന്റെ പതനം' വായിക്കുക).
1935-ല്‍ 'ഇന്ത്യാ ആക്ട്' നിര്‍മ്മാണവേളയില്‍ ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ചത് ഡോ.എ.ടി. പന്നീര്‍ശൈല്‍വമാണ്. അന്നത്തെ ക്രിസ്ത്യാനികളില്‍ 90 ശതമാനവും ദളിതരായിരുന്നു; നേതാക്കള്‍ സവര്‍ണ്ണരും. ഭരണഘടനാനിര്‍മ്മാണവേളയിലും ഇതുതന്നെ ആവര്‍ത്തിച്ചു. ക്രിസ്ത്യാനികള്‍ സഹോദരങ്ങളാണെന്നും തങ്ങള്‍ക്കിടയില്‍ ജാതിഭേദമില്ലെന്നും, അതുകൊണ്ട് സംവരണം ആവശ്യമില്ല, ന്യൂനപക്ഷാവകാശം മതിയെന്നുമായിരുന്നു അവരുടെ നിലപാട്. ഈ വഞ്ചനയാണ് ഇന്നും തുടരുന്നത്. (എന്നാല്‍ വളരെ ന്യൂനപക്ഷമായ ആംഗ്ലോ, ലത്തീന്‍ വിഭാഗങ്ങള്‍ സംവരണം ഉറപ്പാക്കി!). പ്രാര്‍ത്ഥനാവേളകളില്‍ ഒഴുകിയിറങ്ങുന്ന സാഹോദര്യവും സ്വര്‍ഗ്ഗരാജ്യവും മാത്രമാണ് ഇപ്പോള്‍ ദളിതക്രിസ്ത്യാനികളുടെ ആകെമുതല്‍.
അവകാശങ്ങള്‍ ആരും ഔദാര്യമായി തരില്ല, അതു ചോദിച്ചുവാങ്ങണമെന്ന് ആദ്യം പ്രഖ്യാപിച്ചത് അയ്യന്‍കാളിയാണ്. അതൊരു രാഷ്ട്രീയപ്രശ്‌നമാണ്. ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍പോലും നേടിയെടുക്കാന്‍ ദളിത്‌ക്രൈസ്തവര്‍ക്കു കഴിയുന്നില്ല എന്നതിന്റെ ദയനീയചിത്രമാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. 1935 മുതല്‍ കേരളത്തില്‍ സംവരണമുണ്ടായിരുന്നു. 2000 എത്തുമ്പോള്‍ ഏറ്റവുമധികം തിരസ്‌കരിക്കപ്പെട്ട വിഭാഗം ദളിതക്രൈസ്തവരാണ്. പ്യൂണ്‍, വാച്ചര്‍ പോലുള്ള കാറ്റഗറി ഒന്നില്‍ നാമമാത്രമായ സാന്നിദ്ധ്യമുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരുള്ള കാറ്റഗറി 5-ലും 6-ലും ഒരു ശതമാനംപോലും പ്രാതിനിധ്യം അവര്‍ക്കില്ല. ഇതിനുവേണ്ടി സഭയോ പനമൂടനേപ്പോലുള്ളവരുടെ സംഘടനയോ നാളിതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ അതു രാഷ്ട്രീയ അജ്ഞതയാണ്.
എന്നാല്‍ സഭയിലെ 'അധികാര'ത്തിനുവേണ്ടി(സംവരണത്തിനല്ല)യുള്ള സമരം ന്യായമാണ്. കൊളോണിയല്‍ അംഗീകാരത്തിന്‍കീഴില്‍ പിടിച്ചെടുത്ത ഭൂമിയും സ്വത്തുക്കളും സഭയെ ഈ നാട്ടിലെ വലിയ ജന്മിയാക്കി. കേരളത്തിലെ ഭൂ, നഗരസ്വത്തിന്റെ പകുതിയും സഭയുടെ കൈയിലാണ്. ന്യൂനപക്ഷാവകാശത്തിന്റെപേരില്‍ വിദ്യാഭ്യാസത്തിന്റെ ഭൂരിപക്ഷകച്ചവടവും അവര്‍തന്നെ നടത്തുന്നു. ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം പയറ്റാന്‍ 'അഭിവന്ദ്യ' പിതാക്കള്‍ക്കറിയാം. ബി.ജെ.പി. വന്നാല്‍ അവിടെയും തിരുകിക്കയറ്റാന്‍ അവര്‍ക്കു പാര്‍ട്ടിയുണ്ട്. ഇന്ത്യന്‍ കോടതികളെപോലും വരുതിക്കുനിര്‍ത്താന്‍ സഭയ്ക്കു കഴിയുമെന്നാണല്ലോ കടല്‍ കൊലക്കേസ്സിലെ പ്രതികള്‍ അനായാസം ഊരിപ്പോന്നതിലൂടെ തെളിയുന്നത്.
ഇവരുടെയൊക്കെ സേവകരും എറാന്‍മൂളികളുമായി നിന്നുകൊണ്ട് യാതൊരു അവകാശവും നേടിയെടുക്കാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. സംവരണമല്ല വേണ്ടത്, അധികാരപങ്കാളിത്തമാണ്. 60% പേര്‍ ദളിത് ക്രിസ്ത്യാനികളാണെങ്കില്‍ വേണ്ടത് 30% സംവരണമല്ല, ജനസംഖ്യാനുപാതികമായ പങ്കാളിത്തമാണ്. അത് ഔദാര്യമല്ല, അവകാശമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകണം.
അതിനുമുമ്പ് സഭാസ്ഥാപനങ്ങളിലെ ഉദ്യോഗനില എന്താണെന്നറിയണം. പൗരോഹിത്യം മുതല്‍ പാത്രം കഴുകുന്നവരുടെവരെ കണക്കു വേണം. സ്‌കൂള്‍, കോളേജ് വ്യവസായത്തിന്റെ ഔദ്യോഗിക കണക്കെടുപ്പു നടത്തണം. അവിടെയെല്ലാം ദളിതപങ്കാളിത്തം ഉറപ്പാക്കണം. സൗജന്യവിദ്യാഭ്യാസം ഭരണഘടനാപരമാകയാല്‍ അതിനുവേണ്ടി യാചനയുടെ ആവശ്യമില്ല. പക്ഷേ പള്ളി സ്ഥാപനവല്‍ക്കരണത്തിന് എക്കാലവും ഉപയോഗിച്ചത് ദളിതരെയാണെങ്കില്‍, അതിന്റെ പങ്കാളിത്തം ലഭിച്ചേ അടങ്ങാവൂ.
ഈ പങ്കാളിത്തം ഒരു രാഷ്ട്രീയപ്രശ്‌നമാണ് എന്നു തിരിച്ചറിയുമ്പോള്‍മാത്രമേ അതിന്റെ വില മനസ്സിലാവുകയുള്ളൂ. സംവരണം എന്നത് ഔദാര്യമല്ല. പൗരോഹിത്യം മുതല്‍ തുടങ്ങണം, അവകാശം സ്ഥാപിക്കല്‍. ഇന്നുവരെ ഒരു ദളിതനും (സ്ത്രീയും!) കത്തോലിക്കാസഭയില്‍ പുരോഹിതരായിട്ടില്ല. വെള്ളക്കുപ്പായത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള സ്വാധീനം എന്താണെന്ന് തിരിച്ചറിയുമ്പോള്‍മാത്രമാണ് ഈ അവകാശത്തിന്റെ വില മനസ്സിലാകുക. അതിന് രാഷ്ട്രീയമായ ഇച്ഛയും ആത്മാഭിമാനവും വേണം. ഇതിന് സഭയോടു കലഹിക്കേണ്ടിവരും. 'അവകാശങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ സഭ വേണ്ടാ' എന്നു പറയാനുള്ള ആര്‍ജ്ജവത്വം വേണം. അങ്ങനെ പ്രഖ്യാപിക്കുമ്പോള്‍മാത്രമേ സിംഹാസനങ്ങള്‍ക്ക് ഇളക്കംതട്ടുകയുള്ളൂ. മറിച്ച്, നീക്കുപോക്കുകളും അഡ്ജസ്റ്റ്‌മെന്റുകളുമാണു വേണ്ടതെങ്കില്‍ യാതൊരു അര്‍ത്ഥവുമില്ല. അതിനുള്ള തന്റേടം ദളിത്‌സംഘടനകള്‍ക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അംബേദ്ക്കറുടെ പ്രസിദ്ധമായൊരു വാക്യമുണ്ട്. ''എക്കാലവും ഞങ്ങള്‍ അടിമകളായിരിക്കണമെന്നത് ഉടമകളുടെ ആവശ്യമായിരിക്കാം. എന്നാല്‍ അടിമകളായിരിക്കുക എന്നത് ഞങ്ങളുടെ ആഗ്രഹമല്ല'' -  ഈ തിരിച്ചറിവാണ് പ്രധാനം.
ഫോണ്‍: 9447973962
സത്യജ്വാല എഡിറ്ററുടെ പ്രതികരണം:

ലേഖകന്‍ നിദ്ദേശിച്ചിരിക്കുന്നതുപോലെ,  'അവകാശങ്ങള്‍ നല്‍കന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ സഭ വേണ്ടാ' എന്നു കേരളത്തിലെ ദളിത്‌ക്രൈസ്തവര്‍ പ്രഖ്യാപിക്കുന്നപക്ഷം, അതില്‍ ഏറെ സന്തോഷിക്കന്നത് സഭാമേധാവികള്‍ തന്നെയാകും. കാരണം, 'അവരെക്കൊണ്ടുള്ള ഉപയോഗം തീര്‍ന്നു. അവരുടെ സാന്നിദ്ധ്യം ഇനി ശല്യവുമാണ്. അവരിറങ്ങിപ്പോയാല്‍ ആ ശല്യമങ്ങുതീരൂംഎന്നേ അവര്‍ കരൂതൂ. മറ്റൊന്ന്, ക്രൈസ്തവരില്‍ 60% ദളിതരുണ്ടെന്നു പറയുന്നത് അഖിലേന്ത്യാതലത്തിലാണ് എന്നതാണ്. കേരളത്തില്‍ ഈ ശതമാനം വളരെ കുറവായതുകൊണ്ട് സഭയുടെ അടിത്തറയ്‌ക്കോ അധികാരസിംഹാസനങ്ങള്‍ക്കോ അവരുടെ പുറത്തുപോകല്‍ ഇളക്കമുണ്ടാക്കുകയില്ല. അതുകൊണ്ട് അത്തരം ഒരു നീക്കം അവിവേകമായിരിക്കും. 

No comments:

Post a Comment