Translate

Friday, January 20, 2017

ഉല്ലാസയാത്രക്ക് എന്നപോലെ കോടതിയിൽ വന്നുപോയി ഫാ.പുതൃക്കയിലും കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും!

ഉല്ലാസയാത്രക്ക് എന്നപോലെ കോടതിയിൽ വന്നുപോയി ഫാ.പുതൃക്കയിലും കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും! ഏഴു തവണ കേസ് പരിഗണിച്ചപ്പോഴും എത്താതിരുന്ന അഭയാ കേസ് പ്രതികൾ ഒടുവിൽ കോടതി വരാന്തയിലെത്തി; കേസ് മാർച്ച് 14ലേക്ക് മാറ്റിവച്ച് പ്രത്യേക സിബിഐ കോടതിയും

January 19, 2017 | 03:46 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ സിസ്റ്റർ അഭയ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോഴും 24 വർഷം പിന്നിട്ട കൊലപാതക കേസിലെ വിചാരണാ വേളയിൽ പ്രതികൾ കോടതിയിൽ ഹാജരാകുക പോലും ചെയ്യാതെ ഉഴപ്പിനടക്കുന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. കോടതിയുടെ വിമർശനം ഉയരും വരെ മാദ്ധ്യമങ്ങൾ പോലും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, ഏഴ് തവണ കേസ് പരിഗണിക്കുമ്പോഴും ഹാജരാകാതിരുന്ന പ്രതികൾ ഒടുവിൽ കോടതിയിൽ എത്തി. മൂന്ന് പ്രതികളും ഇന്ന് പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്.

ഫാ.ജോസ് പുതൃക്കയിൽ, ഫാ. തോമസ് കോട്ടൂർ, സി.സ്‌റ്റെഫി എന്നിവരാണ് കോടതിയിൽ എത്തിയത്. മുൻപ് ഏഴു തവണയും കോടതി കേസ് പരിഗണിച്ചപ്പോൾ ഇവർ ഹാജരായിരുന്നില്ല. ഇതേതുടർന്ന് കോടതി വിമർശനവുമുന്നയിച്ചിരുന്നു. കേസ് മാർച്ച് 14ന് വീണ്ടും പരിഗണിക്കും. കോടതി വരാന്തയിൽ കാത്തു നിന്ന പ്രതികൾ കേസ് വിളിച്ച മറ്റ് ഡേറ്റ് വാങ്ങിയ ശേഷം തിരിച്ചു പോകുകയായിരുന്നു. ഭാവവ്യതാസങ്ങൾ ഏതുമില്ലാതെ ഉല്ലാസയാത്രക്കെന്ന പോലെ പ്രതികൾകോടതിയിൽ വന്നുപോയി. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഇവർ ഹാജരാകുമോ എന്നതാമ് ഇനി അറിയേണ്ടത്.

ഒന്നരവർഷമായി കേസിന്റെ വിചാരണ സിബിഐ കോടതിയിൽ നടക്കുകയാണ്. എല്ലാ മാസവും വിചാരണ സമയത്ത് പ്രതികൾ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. എന്നാൽ ഇവർ കോടതിയിൽ ഹാജരാകുന്നില്ലെന്ന കാര്യം സിബിഐ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഇന്ന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

1992 മാർച്ച് 27ന് പുലർച്ചെയാണ് സി.അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവിധ ഏജൻസികൾ അന്വേഷിച്ച കേസ് ഒടുവിൽ ആക്ഷൻ കൗൺസിലിന്റെ സമരത്തെ തുടർന്ന് 1993 മാർച്ച് 29ന് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2008ലാണ് പ്രതികൾ അറസ്റ്റിലായത്. പിന്നീട് ഇവർ ജാമ്യത്തിലിറങ്ങുകയായിരുന്നു. അഭയയുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വിവാദങ്ങൾക്ക് ചൂട് പിടിച്ചത്.

മരണം ആത്മഹത്യയാണെന്ന ലോക്കൽ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റായും ജോമോൻ പുത്തൻപുരക്കൽ കൺവീനറായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടത്തൊൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.

പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എഎസ്ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്ക്ക് സമീപം മകന്റെ വീടിന് സമീപം ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

കേസിൽ 2008 നവംബർ 18നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സിബിഐ സംഘം കസ്റ്റഡിയിൽ എടുത്ത സഞ്ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രപ്രകാരം വിചാരണ നേരിടുകയാണ് പ്രതികൾ.

സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയിൽ രണ്ടാം പ്രതിയാണ്. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു.

സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പൂതൃക്കയിലും പോയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു റവ. ജോസ് പൂതൃക്കയിൽ. സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫി സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക് കണ്ടെത്താൻ കഴിഞ്ഞത്.. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവന്റിലെ അന്തേവാസിനിയായിരുന്നു.

No comments:

Post a Comment