Translate

Sunday, July 1, 2018

മതവും മാനവീയതയും

റ്റി. റ്റി. മാത്യു, തകടിയേല്‍ ഫോണ്‍: 949763221
സത്യജ്വാല2018 ജൂണ്‍ 
[ഈ ലേഖനം 2 ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു]
വിശ്വാസം, ചിന്ത, ആശയങ്ങള്‍, സങ്കല്പങ്ങള്‍ എന്നീ മാനസികാവസ്ഥകള്‍ മനുഷ്യനുണ്ട്. എന്നാല്‍ സൂക്ഷ്മാംശത്തിലുള്ള ഈ അവസ്ഥകള്‍ മറ്റു ജീവികള്‍ക്കില്ല. ഇതുതന്നെയാണ് മറ്റു ജീവികളും മനുഷ്യരുമായുള്ള പ്രധാന വ്യത്യാസം. എന്നാല്‍ ജന്തുക്കള്‍ക്ക് അതിന്റെ അതിജീവനത്തിനും നിലനില്‍പ്പിനുംവേണ്ടിയുള്ള നൈസര്‍ഗികവാസനകള്‍ പ്രകൃതിദത്തമായിട്ടുണ്ട്. ഈ വാസനകളുടെ ബാഹ്യ പ്രകടനങ്ങള്‍ പലപ്പോഴും മനുഷ്യബുദ്ധിയെ അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാല്‍ മനുഷ്യനുമാത്രമുള്ള സങ്കല്പമെന്ന മാനസികാവസ്ഥയില്‍നിന്ന് വിശ്വാസം ഉണ്ടാകുന്നു. ഈ വിശ്വാസത്തില്‍നിന്നാണ് മൂര്‍ത്തനായ മനുഷ്യന്‍ അമൂര്‍ത്തനായ ദൈവത്തെ സങ്കല്പിച്ചെടുക്കുന്നത്. ഇതരജീവികള്‍ക്ക് സങ്കല്പങ്ങളും അതോടനുബന്ധിച്ച വിശ്വാസവുമില്ലാത്തതിനാല്‍ അവക്ക് ദൈവവുമില്ല. മതങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പേ മനുഷ്യനുണ്ടായിരുന്നു. മതങ്ങളെ മനുഷ്യന്‍ സൃഷ്ടിച്ചു. അമൂര്‍ത്തനായ ദൈവത്തെ മനുഷ്യനറിയുന്നത് മൂര്‍ത്തമായ ഭൗതികസാഹചര്യങ്ങളില്‍നിന്നാണ്.
ഭീകരവും ഭയാനകവുമായ പ്രകൃതിശക്തികളെ നേരിടാന്‍ പറ്റാതെവന്നപ്പോള്‍ അവയെ ഭയപ്പെട്ടും അതില്‍നിന്നു രക്ഷനേടാന്‍ അവയെ പ്രീണിപ്പിച്ചും ജീവിക്കുവാനുള്ള ചിന്ത വന്നു. അങ്ങനെ, കീഴടക്കാന്‍ വയ്യാത്തതിനെയും ഉപദ്രവിക്കുന്നതിനെയും സഹായിക്കു
ന്നതിനെയും അത്ഭുതപ്പെടുത്തുന്നതിനെയും ഭയപ്പെട്ടിരുന്നതിനെയും ദൈവം എന്നു സങ്കല്പിച്ചു. മനുഷ്യന്റെ തലച്ചോറിന് കടന്നുചെല്ലാന്‍ വയ്യാത്തതെല്ലാം ദൈവത്തിന്റെ പ്രതിഭാസമായിട്ടു കണക്കാക്കി. പ്രകൃതിശക്തികളാണ് മനുഷ്യന്റെ ആദ്യത്തെ ദൈവങ്ങള്‍. പിന്നീട് കാലവും പ്രകൃതിയും മനുഷ്യന്റെ ദൈവസങ്കല്പങ്ങളെ സ്വാധീനിച്ചുകൊണ്ടിരുന്നു. പ്രാകൃത വര്‍ഗങ്ങളുടെയും, പിന്നീടു രൂപപ്പെട്ട ഗോത്രവര്‍ഗങ്ങളുടെയും ദൈവസങ്കല്പങ്ങളല്ല ഇന്നുള്ളത്. ഓരോ കാലഘട്ടത്തിലും കാലഘട്ടത്തിന്റേതായ സാമൂഹികരീതിക്കും മനുഷ്യചിന്തയ്ക്കും അനുസൃതമായി മനുഷ്യന്റെ ദൈവവിശ്വാസവും തുടര്‍ന്നുകൊണ്ടേയിരിക്കും.
നരവംശശാസ്ത്രം വളര്‍ന്നുവന്നതോടെ മനുഷ്യന്റെ പ്രാഗ്‌രൂപത്തെയും ആദിമമാനവചരിത്രത്തെയുംപറ്റി ഏറെ അറിവുകളുണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാകൃതവര്‍ഗസമൂഹത്തിലെ മാന്ത്രികവിദ്യയാണ് സമൂഹത്തില്‍ പുരോഹിതമതങ്ങളായി രൂപപ്പെട്ടതെന്നും മാന്ത്രികവിദ്യയില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണ് മതവിശ്വാസമെന്നുമൊക്കെയാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. എന്നാല്‍, മന്ത്രങ്ങളുടെ അടിവേര് ദൈവപ്രീണനത്തില്‍ നിന്നല്ലേ എന്നൊരു സംശയം ഇവിടെയുണ്ടാകാം. അതുകൊണ്ട് ദൈവവിശ്വാസത്തിനുശേഷമായിരിക്കണം മന്ത്രങ്ങളുംമറ്റും ഉണ്ടായത്.
ദൈവമെന്ന വിശ്വാസം മനുഷ്യരില്‍ ഇത്രയും സ്വാധീനം ചെലുത്തുന്നതിന്റെ കാരണങ്ങള്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ? എന്നാല്‍ പ്രാഗ് കാലഘട്ടത്തിലെപ്പോലെ ഇന്നും, ഭാവവ്യത്യാസങ്ങളോടെയാണെങ്കിലും, ഈ വിശ്വാസം നിലനില്‍ക്കുന്നതിന്റെ കാരണത്തെപ്പറ്റി ന്യൂറോ സയന്‍സ് അന്വേഷണം നടത്തിവരുകയാണ്. കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റായ വി.എസ്. രാമചന്ദ്രന്‍ പറയുന്നത്, അനുഷ്ഠാനകര്‍മങ്ങളും പ്രാര്‍ഥനകളും നടത്തുമ്പോള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ കറപ്പിന്റെയും കഞ്ചാവിന്റെയുംപോലുള്ള അനുഭവങ്ങളുണ്ടാക്കുന്നു എന്നാണ്. വേദനകളുംമറ്റും കുറയുവാനും ഇതു കാരണമാകുന്നു. മനുഷ്യന്റെ സത്യബോധത്തെ ഇതു പലപ്പോഴും ഇല്ലാതാക്കുന്നു. ധ്യാനംകൊണ്ട് ചുറ്റുപാടുകളുമായുള്ള ബന്ധങ്ങളെ അലിയിച്ചില്ലാതാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ആത്മീയാനുഭവങ്ങളെയാണ് ആത്മീയാനുഭൂതിയെന്നൊക്കെ വിശ്വാസികള്‍ പറയുന്നത്. ന്യൂറോ സയന്‍സിനെ തിയോളജിയുമായി സമന്വയിപ്പിച്ച് മത-ആത്മീയതലങ്ങളില്‍ മാനസികപ്രവര്‍ത്തനങ്ങളെ, അനുഭവാനുഭൂതികളെ, അനാവരണം ചെയ്യുന്നു. ഇങ്ങനെയൊക്കെയുള്ള ശ്രമങ്ങള്‍ ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും പരീക്ഷിക്കുന്നുണ്ട്. അനുഷ്ഠാനങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും മനുഷ്യരെ അമിതമായി സ്വാധീനിക്കാനുള്ള പ്രധാന കാരണം ഈ എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനമാണ്. എന്‍ഡോര്‍ഫിനുകള്‍ മനുഷ്യന്റെ അഹം എന്ന ബോധം ഇല്ലാതാക്കുന്നു. അതും ആകെമൊത്തം പ്രപഞ്ചവും ഒന്നാണെന്ന അനുഭവം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.'
കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചും വികസിച്ചുവരുന്ന ചിന്താലോകത്ത്, അയാഥാര്‍ഥമായ സങ്കല്പങ്ങളും സൃഷ്ടിക്കപ്പെടുമെന്നത് തലച്ചോറിന്റെ ഒരു പ്രത്യേകതയാണ്. ഈ പ്രത്യേകതയാണ് സ്വര്‍ഗം, നരകം, പിശാച്, മാലാഖാ എന്നതിനൊക്കെ മനസ്സില്‍ ഇടം കൊടുക്കുന്നത്. യഥാര്‍ഥ്യത്തെയും സങ്കല്പങ്ങളെയും തിരിച്ചറിയുവാനുള്ള കഴിവ് നശിപ്പിക്കുന്നു എന്നുള്ളതാണ് മതത്തിന്റെ ഒരു തെറ്റ്. എല്ലാം അറിഞ്ഞുകഴിഞ്ഞു, ഇനി ഒന്നും അറിയുവാനില്ല എന്നു ദൃഢപ്രതിജ്ഞചെയ്ത്, അറിവിന്റെയും അന്വേഷണങ്ങളുടേതുമായ എല്ലാ വാതായനങ്ങളും കൊട്ടിയടയ്ക്കുന്നു എന്നതാണ് മറ്റൊരു തിന്മ. സങ്കല്പമാണല്ലോ പലപ്പോഴും സത്യത്തെ തമസ്‌ക്കരിക്കുന്നത്.
സത്യാന്വേഷികളും പ്രവാചകന്മാരും സ്വന്തം മനസ്സില്‍ മനനംചെയ്ത് രൂപപ്പെടുത്തിയെടുക്കുന്ന ദര്‍ശനങ്ങളുടെ പേരിലും മതങ്ങളുണ്ടാകുന്നു. ഈ മതങ്ങള്‍ വ്യവസ്ഥാപിതമാകുന്നതോടുകൂടി അവയെ നിയന്ത്രിക്കുവാന്‍ അധികാരികളും അനുശാസനങ്ങളുമുണ്ടാകുന്നു. ദര്‍ശനം നഷ്ടപ്പെടുകയും, അവയും വിശ്വാസത്തില്‍മാത്രം അധിഷ്ഠിതമായ മതങ്ങളായിത്തീരുകയും ചെയ്യുന്നു. അതിന്റെ അനുശാസനങ്ങളെയും നിയമങ്ങളെയും മതാനുയായികള്‍  അന്ധമായി വിശ്വസിച്ച് അനുസരിക്കുന്നു. വെറും മനുഷ്യരായ പുരോഹിതരും മതാധികാരികളും രൂപപ്പെടുത്തുന്ന മതനിയമങ്ങള്‍ ദൈവനിവേശിതങ്ങളാണെന്ന് മതവിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. പുരോഹിതന്മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് സ്വയം പ്രഖ്യാപിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ പുരോഹിതരെ അന്ധമായി വിശ്വസിക്കുകയും അനുസരിക്കുകയുംചെയ്യുന്ന ഒരു വിശ്വാസിസമൂഹം രൂപപ്പെട്ടുവരുന്നു. ഇവരെ ഏതു പാട്ടിനും ആട്ടിത്തെളിക്കാമെന്ന് പുരോഹിതര്‍ മനസ്സിലാക്കുന്നു. ഇവിടെ മതാധിപത്യത്തിനും അതിന്റെ പേരിലുള്ള ചൂഷണത്തിനും വഴിയൊരുങ്ങുന്നു. ഇതൊക്കെത്തന്നെയാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ട എല്ലാ വ്യവസ്ഥാപിതമതങ്ങളുടെയും സ്വഭാവം.
ദൈവം തന്റെ ഇഷ്ടത്തില്‍, അല്ലെങ്കില്‍ ഭാവനയില്‍, മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന്‍ തന്റെ ഭാവനയില്‍ ദൈവത്തെയും സൃഷ്ടിച്ചു. ലോകത്ത് നൂറുകണക്കിന് മതങ്ങളുണ്ട്. ഓരോ മതവും അതാതിന്റെ ഭാവനയ്ക്കനുസരിച്ച് പ്രത്യേകംപ്രത്യേകം ദൈവങ്ങള്‍ക്ക് രൂപംനല്കുകയാണ്. ഒരു ശരാശരി മനുഷ്യന്റെ സ്വഭാവത്തിലും രീതിയിലുമല്ലാതെ അമൂര്‍ത്ത ദൈവത്തെ കാണുവാന്‍ മനുഷ്യരില്‍ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. മാനുഷിക വികാര-വിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളുമുള്ള ദൈവത്തെ അവതരിപ്പിക്കുവാനേ പുരോഹിതര്‍ക്കു കഴിയുന്നുള്ളു. അതാണവര്‍ക്കിഷ്ടവും. കാരണം, അവരുടെ തൊഴിലിനും ധനസമ്പാദനത്തിനും ആചാരാനുഷ്ഠാനങ്ങളിലും പൂജാദികര്‍മങ്ങളിലും സംതൃപ്തനാകുന്ന ഒരു ദൈവത്തെയാണ് അവര്‍ക്കു വേണ്ടത്. അത് അവരുടെ അതിജീവനത്തിന്റെ പ്രശ്‌നംകൂടിയാണ്.
(തുടരും)

No comments:

Post a Comment