Translate

Thursday, July 5, 2018

KCRM - North America-യുടെ ഒൻപതാമത് ടെലികോൺഫറൻസ്‌ റിപ്പോർട്ട്

ചാക്കോ കളരിക്കൽ

KCRM-North America-യുടെ ഒൻപതാമത് ടെലികോൺഫറൻസ്‌ ജൂൺ 13, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അനേകർ അതിൽ പങ്കെടുത്തു. അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ പ്രസിഡൻറ് ശ്രീ. കെ. ജോർജ് ജോസഫ് ആയിരുന്നു, ‘ചർച്ച്‌ ആക്ട് ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളും മെയ് 22, 2018-ൽ ചർച്ച്‌ ആക്‌ട്‌ നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് മാർച്ചും, ഒരു അവലോകനംഎന്ന വിഷയം അവതരിപ്പിച്ചത്.

സഭാമേലധികാരികളായ പുരോഹിതരുടെയും മെത്രാന്മാരുടെയും സമ്പത്തിനായുള്ള ആർത്തിയും സുഖജീവിതവും അധികാര ദുർവിനയോഗവുമെല്ലാം സാധാരണ വിശ്വാസികൾക്കുപോലും വലിയ ഉതപ്പാണ്‌. മാർതോമാ നസ്രാണി സഭയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള പുരാതന സഭാഭരണ പാരമ്പ ര്യത്തിന് വിരുദ്ധമായി ഇന്ന് വിശ്വാസികളെ പള്ളിഭരണത്തിൽനിന്നും പൂർണമായി മാറ്റിനിർത്തിയിരിക്കയാണ്. ഭാരതത്തിലെ ക്രൈസ്തവരുടെ, പ്രത്യേകിച്ച് മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൊതുസ്വത്ത് പുരോഹിത നിയമമായ കാനോൻ നിയമത്തിലൂടെയല്ലാ മുൻകാലങ്ങളിൽ ഭരിച്ചിരുന്നത്. പള്ളികളുടെ സാമ്പത്തീകകാര്യങ്ങൾ നിർവഹിച്ചിരുന്നത് പള്ളിപൊതുയോ ഗം വഴിയായിരുന്നു. ഈ അടുത്തകാലത്താണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ കാനോൻ നിയമം ബാധകമാക്കിയത്. അതോടെ വികാരിമാരും മെത്രാന്മാരും പള്ളിഭരണം ഏറ്റെടുത്തു. അല്മായർ അദ്ധ്വാനിച്ച് സമാഹരിച്ച പള്ളിസ്വത്തുക്കൾ സ്വേച്ഛാധിപതികളായ കുറെ വികാരിമാരും മെത്രാന്മാരും നശിപ്പിച്ചതിനുള്ള കറതീർന്ന തെളിവാണ് ഒല്ലൂർ, കൊരട്ടി, ഇരവിപേരൂർ തുടങ്ങിയ ഇടവകകളിലും, മാനന്തവാടി, കോഴിക്കോട്, കൊല്ലം തുടങ്ങിയ രൂപതകളിലും, എറണാകുളം-അങ്കമാലി അതിരൂപതയിലും നടന്ന വമ്പിച്ച സാമ്പത്തിക ക്രമക്കേടുകൾ. സഭയിൽ നട ക്കുന്ന സാമ്പത്തിക അതിക്രമങ്ങൾക്ക് തടയിടാനാണ് Kerala Catholic church Reformation

Movement (KCRM) പോലെയുള്ള സഭാനവീകരണപ്രസ്ഥാനങ്ങൾ ഒത്തുചേർന്ന് അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ എന്ന സംഘടന രൂപീകരിച്ചത്. ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുസ്വത്ത് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നപ്രകാരമുള്ള നിയമത്തിലൂടെ ആയിരിക്കണം ഭരിക്കപ്പെടേണ്ടത്. നിയമപരിഷ്‌കരണ കമ്മീഷ ൻ അധ്യക്ഷനായിരുന്ന ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ ഇതുസംബന്ധമായ ഒരു കരടുബിൽ "The Kerala Christian Church Properties and Institutions Trust Bill, 2009' എന്ന പേരിൽ കേരളസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കാബിനറ്റ് സബ്‌കമ്മിറ്റിയുടെ പ്രാഥമിക പഠനമല്ലാതെ ഇന്നുവരെ മേൽനടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസി ലിൻറെ ഏക ദൗത്യം ബിൽ അസ്സംബ്ലിയിൽ സമർപ്പിച്ച് പാസാക്കാൻ സർക്കാരിൽ സമ്മർദ്ധം ചെലുത്തുക എന്നതാണെന്ന് ജോർജ് ജോസഫ് സാർ എടുത്തുപറയുകയുണ്ടായി.

അല്മായർ കാലാകാലങ്ങളായി സമാഹരിച്ചുകൂട്ടിയ പള്ളിസ്വത്തുക്കൾ പള്ളിയോഗ നടപടിപ്രകാരം അല്മായർതന്നെ സുതാര്യമായി കൈകാര്യം ചെയ്യണം. മെത്രാൻ നിയോഗിക്കുന്ന വികാരിവന്ന് അയാൾക്ക് തോന്നുന്നപ്രകാരം പള്ളിസ്വത്തുക്കൾ നശിപ്പിക്കാൻ പാടില്ല. ഇന്ന് പള്ളികളുടെ സാമ്പത്തികഭരണം നടക്കുന്നത് റോമൻസൃഷ്ടിയായ കാനോൻ നിയമപ്രകാരമാണ്. അതിൻറെ അടിസ്ഥാനത്തിലാണ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് താൻ കണക്കുബോധിപ്പിക്കേണ്ടത് മാർപാപ്പയെയാണ് എന്നുപറയാൻ ധൈര്യം കിട്ടിയത്. ഇന്ന് നിലനില്ക്കുന്ന സ്ഥിതിമാറ്റി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സർക്കാർ നിർമ്മിതമായ സിവിൽ നിയമപ്രകാരം സഭാസ്വത്തുക്കൾ ഭരിക്കപ്പെടണം.

ചർച്ച് പ്രോപ്പർട്ടീസ് ആക്‌ട് സംബന്ധിച്ച് വിശ്വാസികളുടെ ഇടയിൽ കാര്യമായ തെറ്റിദ്ധാരണകൾ ഉണ്ട്. ദേവസ്വം ബോർഡുപോലെ സർക്കാരിനെ പള്ളിസ്വത്തുക്കൾ ഏൽപ്പിക്കുന്ന ബില്ലാണിതെന്ന് അച്ചന്മാരും മെത്രാന്മാരും പള്ളികളിൽ പ്രസംഗിച്ചും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ചർച്ച് പ്രോപ്പർട്ടീസ് ആക്ടിനെപ്പറ്റി പാംബ്ളാനി മെത്രാൻറെ 'എലിയെ പേടിച്ച് ഇല്ലം ചുടലാണ്' എന്നുള്ള പ്രയോഗംതന്നെ അതിനുദാഹരണമാണല്ലോ. അച്ചന്മാരെയും മെത്രാന്മാരെയും ഒന്നുമല്ലാതാക്കുന്ന ഒരു ബില്ലല്ല ഇത്. ആത്‌മീയകാര്യങ്ങൾ അച്ചന്മാർ

കൈകാര്യം ചെയ്യുന്നു; ഭൗതികകാര്യങ്ങൾ അല്മായർ സിവിൽ നിയമത്തിലൂടെ സുതാര്യതയോടെ കൈകാര്യം ചെയ്യുന്നു. വൈദികരുടെ ആത്മീയ ഗുണവർദ്ധനവിന് അത് സഹായകമാകുകയും ചെയ്യും. ബില്ല് വായിച്ചുപോലും നോക്കാതെ അഭിപ്രായങ്ങൾ പറയുന്നവരാണധികവും. (ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ കേരളസർക്കാരിന് സമർപ്പിച്ച കരടുബി ല്ലിൻറെ മലയാളം പകർപ്പ് 2009-'ഓശാന' പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്). ചർച്ച്‌ ആക്ട് ക്രിസ്ത്യൻ സഭകളുടെ സ്വത്തുഭരണത്തിന് ഗുണകരമാണ് എന്നുള്ള ബോധവൽക്കരണമായിരിക്കണം സഭാനവീകരണക്കാരുടെ സമകാലിക മുഖ്യ അജണ്ട. സോഷ്യൽ മീഡിയ ഉപയോഗിച്ച് സാധാരണക്കാരെ ഈ വിഷയത്തിൽ ബോധവൽക്കരിക്കണമെന്നും അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽറെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്ത് സഹായിക്കണമെന്നും ജോർജ് ജോസഫ് സാർ എല്ലാവരെയും ഓർമ്മപ്പെടുത്തുകയുമുണ്ടായി.

പല ഇടവകകളിലും രൂപതകളിലും പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന തട്ടിപ്പിൻറെ പ്രധാന കാരണം ക്രിസ്ത്യൻ സമുദായത്തിൻറെ ഭൗതിക സ്വത്ത് അതിൻറെ യഥാർത്ഥ ഉടമകളായ വിശ്വാസികളാൽ ജനാധിപത്യപരവും സുതാര്യവുമായി ഭരിക്കപ്പെടുന്നില്ലന്നുള്ളതാണ്. ഈ സാഹചര്യത്തിൽ ചർച്ച് ആക്‌ടിൻറെ അനിവാര്യതയെ മനസ്സിലാക്കിയതുകൊണ്ടാണ് 'ചർച്ച് ആക്‌ട്‌ നടപ്പിലാക്കുക' എന്ന മുദ്രാവാക്യത്തോടെ മെയ് 22, 2018 -ൽ അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനജാഥയിലും ധർണയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തെന്നും പരിപാടി വൻ വിജയമായിരുന്നെന്നും ജോർജ് ജോസഫ് സാർ സെക്രട്ടേറിയറ്റ് മാർച്ചിനെ വിലയിരുത്തി. കൂടാതെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രണ്ടുപ്രാവശ്യം നേരിൽകണ്ട് മെമ്മോറാണ്ടം നല്‌കിയെന്നും പറയുകയുണ്ടായി.

വിഷയാവതരണത്തിനുശേഷം ദീർഘമായ ചോദ്യോത്തരചർച്ച നടക്കുകയുണ്ടായി.

വേനൽക്കാലമായതിനാൽ എല്ലാവരും വളരെ തിരക്കിലാണല്ലോ. അതുകൊണ്ട് വേറൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ KCRM-North-
America സംഘടിപ്പിക്കുന്ന ടെലികോൺഫറൻസ്‌ താൽക്കാലികമായി നിർത്തുന്നു എന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു

ചാക്കോ കളരിക്കൽ
Anyone with the link can view and edit

No comments:

Post a Comment